പുറപ്പാട് 25 - 39
ബൈബിൾ പഠനം - Exodus 25 - 39
ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ ഇന്നലത്തെ(24/11/2018) ക്ലാസ് ഒരു സ്പെഷ്യൽ ക്ലാസ്സ് ആയിരുന്നു സമാഗമന കൂടാരത്തിൽ പറ്റി ഇത്രയും വ്യക്തതയോടെ വീഡിയോ ഡെമോൺസ്ട്രേഷനോടുകൂടി ഒരു ബൈബിൾ ക്ലാസ്സ് നമുക്ക് ലഭിക്കുവാൻ ദൈവം അനുവദിച്ചു അതിനെ ഓർത്ത് ദൈവത്തിന് കോടാനുകോടി നന്ദി അർപ്പിക്കുന്നു....
മറ്റുള്ളവർക്കായി ഷെയർ ചെയ്യാൻ കഴിയുമെങ്കിൽ നന്നായിരിക്കും. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
The Tabernacle of Moses. This is a must watch Bible class with video demonstration by Father Daniel Poovannathil. Please Share
NB: പുറപ്പാട് ബൈബിൾ ക്ലാസ്സ് വലുതായിരുന്നു അതുകൊണ്ട് മത്തായി പുതിയ നിയമ പഠനം ഉണ്ടായിരുന്നില്ല
ഡാനിയേൽ അച്ചൻ കാണിച്ച ഡെമോ വീഡിയോയുടെ HD വീഡിയോ
Video presentation on the holy vessels of the Tabernacle of Moses and the 5 Levitical Sacrifices.
അദ്ധ്യായം 25
കൂടാരനിര്‍മാണത്തിന് കാണിക്ക
1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
2 : എനിക്ക് ഒരു കാണിക്ക സമര്‍പ്പിക്കണമെന്ന് നീ ഇസ്രായേല്‍ക്കാരോടു പറയുക. സ്വമനസ്സാ തരുന്നവരില്‍നിന്നെല്ലാം എനിക്കുള്ള കാണിക്ക നീ സ്വീകരിക്കുക.
3 : അവരില്‍നിന്നു സ്വീകരിക്കേണ്ട കാഴ്ചദ്രവ്യങ്ങള്‍ ഇവയാണ്: സ്വര്‍ണം, വെള്ളി, ഓട്,
4 : നീലയും ധൂമ്രവും അരുണവുമായ നൂലുകള്‍, നേര്‍ത്ത ചണത്തുണി, കോലാട്ടിന്‍ രോമം,
5 : ഊറയ്ക്കിട്ട മുട്ടാടിന്‍തോല്, നിലക്കരടിത്തോല്, കരുവേലത്തടി,
6 : വിളക്കുകള്‍ക്കുള്ള എണ്ണ, അഭിഷേക തൈലത്തിനുള്ള സുഗന്ധദ്രവ്യങ്ങള്‍, ധൂപത്തിനുള്ള സുഗന്ധ വസ്തുക്കള്‍,
7 : എഫോദും ഉരസ്ത്രാണവും അലങ്കരിക്കാനുള്ള ഗോമേദക - വൈഡൂര്യ രത്നങ്ങള്‍.
8 : ഞാന്‍ അവരുടെയിടയില്‍ വസിക്കാന്‍ അവര്‍ എനിക്ക് ഒരു വിശുദ്ധകൂടാരം സജ്ജമാക്കണം.
9 : ഞാന്‍ കാണിച്ചുതരുന്ന മാതൃകയനുസരിച്ചായിരിക്കണം കൂടാരവും അതിലെ ഉപകരണങ്ങളും നിര്‍മിക്കുന്നത്.
സാക്ഷ്യപേടകം
10 : കരുവേലമരം കൊണ്ട് ഒരു പേടകം നിര്‍മിക്കണം. അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരിക്കണം.
11 : ശുദ്ധിചെയ്ത സ്വര്‍ണംകൊണ്ട് അതിന്റെ അകവും പുറവും പൊതിയണം. അതിനു മീതേ ചുറ്റും സ്വര്‍ണം കൊണ്ടുള്ള ഒരരികുപാളി ഉറപ്പിക്കണം.
12 : നാലു സ്വര്‍ണ വളയങ്ങളുണ്ടാക്കി പേടകത്തിന്റെ ചുവട്ടിലെ നാലു മൂലകളില്‍ ഘടിപ്പിക്കണം. രണ്ടെണ്ണം ഒരു വശത്തും രണ്ടെണ്ണം മറുവശത്തും ആയിരിക്കണം.
13 : കരുവേലമരം കൊണ്ടു തണ്ടുകളുണ്ടാക്കി അവയും സ്വര്‍ണം കൊണ്ടു പൊതിയണം.
14 : പേടകം വഹിച്ചുകൊണ്ടു പോകാന്‍ പാര്‍ശ്വവളയങ്ങളിലൂടെ തണ്ടുകള്‍ ഇടണം.
15 : തണ്ടുകള്‍ എപ്പോഴും പേടകത്തിന്റെ വളയങ്ങളില്‍ത്തന്നെ ഉണ്ടായിരിക്കണം. അവയില്‍ നിന്നെടുത്തു മാറ്റരുത്.
16 : ഞാന്‍ നിനക്കു തരാന്‍ പോകുന്ന ഉടമ്പടിപ്പത്രിക പേടകത്തില്‍ നിക്ഷേപിക്കണം.
17 : ശുദ്ധിചെയ്ത സ്വര്‍ണംകൊണ്ട് ഒരു കൃപാസനം നിര്‍മിക്കണം. അതിന്റെ നീളം രണ്ടരമുഴവും വീതി ഒന്നര മുഴവും ആയിരിക്കണം.
18 : കൃപാസനത്തിന്റെ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ട് രണ്ടു കെരൂബുകളെ നിര്‍മിക്കണം.
19 : കൃപാസനത്തിന്റെ രണ്ടറ്റത്തും അതിനോട് ഒന്നായിച്ചേര്‍ന്നിരിക്കത്തക്ക വണ്ണം വേണം കെരൂബുകളെ നിര്‍മിക്കാന്‍.
20 : കൃപാസനം മൂടത്തക്കവിധം കെരൂബുകള്‍ ചിറകുകള് മുകളിലേക്കു വിരിച്ചു പിടിച്ചിരിക്കണം. കെരൂബുകള്‍ കൃപാസനത്തിലേക്കു തിരിഞ്ഞ് മുഖാഭിമുഖം നിലകൊള്ളണം.
21 : കൃപാസനം പേടകത്തിനു മുകളില്‍ സ്ഥാപിക്കണം. ഞാന്‍ നിനക്കു തരാന്‍പോകുന്ന ഉടമ്പടിപ്പത്രിക പേടകത്തിനുള്ളില്‍ നിക്ഷേപിക്കണം.
22 : അവിടെവച്ചു ഞാന്‍ നിന്നെ കാണും. കൃപാസനത്തിനു മുകളില്‍ നിന്ന്, സാക്ഷ്യപേടകത്തിനു മീതേയുള്ള കെരൂബുകളുടെ നടുവില്‍നിന്നു ഞാന്‍ നിന്നോടു സംസാരിക്കും. ഇസ്രായേലിനു വേണ്ടിയുള്ള എന്റെ കല്പനകളെല്ലാം ഞാന്‍ നിന്നെ അറിയിക്കും.
തിരുസാന്നിധ്യ അപ്പത്തിന്റെ മേശ
23 : കരുവേലമരംകൊണ്ട് രണ്ടുമുഴം നീളവും ഒരു മുഴം വീതിയും ഒന്നരമുഴം ഉയരവുമുള്ള ഒരു മേശ ഉണ്ടാക്കണം.
24 : തനി സ്വര്‍ണം കൊണ്ട് അതു പൊതിയുകയും സ്വര്‍ണം കൊണ്ടുതന്നെ അതിന് അരികുപാളി പിടിപ്പിക്കുകയും വേണം.
25 : അതിനു ചുറ്റും കൈപ്പത്തിയുടെ വീതിയിലുള്ള ഒരു ചട്ടമുണ്ടാക്കുകയും ചട്ടത്തിനു ചുറ്റും സ്വര്‍ണംകൊണ്ടുള്ള അരികുപാളി പിടിപ്പിക്കുകയും വേണം.
26 : സ്വര്‍ണംകൊണ്ടുള്ള നാലുവളയങ്ങളുണ്ടാക്കി, മേശയുടെ നാലു മൂലകളിലുള്ള നാലു കാലുകളില്‍ ഘടിപ്പിക്കുക.
27 : വളയങ്ങളിലൂടെ തണ്ടുകളിട്ട്, മേശ ചുമന്നുകൊണ്ടുപോകത്തക്ക വിധം വളയങ്ങള്‍ ചട്ടത്തോടു ചേര്‍ന്നിരിക്കണം.
28 : മേശ ചുമന്നുകൊണ്ടു പോകാനായി കരുവേലമരം കൊണ്ടു തണ്ടുകളുണ്ടാക്കി സ്വര്‍ണം കൊണ്ടു പൊതിയണം.
29 : താലങ്ങളും തളികകളും കലശങ്ങളും പാനീയബലിക്കുള്ള ചഷകങ്ങളും തനി സ്വര്‍ണം കൊണ്ടുണ്ടാക്കണം.
30 : തിരുസാന്നിധ്യത്തിന്റെ അപ്പം എപ്പോഴും എന്റെ മുന്‍പാകെ മേശപ്പുറത്തു വച്ചിരിക്കണം.
വിളക്കുകാല്
31 : തനി സ്വര്‍ണംകൊണ്ട് ഒരു വിളക്കുകാലുണ്ടാക്കണം. അതിന്റെ ചുവടും തണ്ടും ചഷകങ്ങളും മുകുളങ്ങളും പുഷ്പങ്ങളും ഒരേ സ്വര്‍ണത്തകിടില്‍ തീര്‍ത്തതായിരിക്കണം.
32 : ഒരു വശത്തു നിന്നു മൂന്ന്, മറുവശത്തുനിന്ന് മൂന്ന് എന്ന കണക്കില്‍ വിളക്കുകാലിന്റെ ഇരുവശത്തുമായി ആറു ശാഖകളുണ്ടായിരിക്കണം.
33 : ഓരോ ശാഖയിലും ബദാംപൂവിന്റെ ആകൃതിയില്‍ മുകുളങ്ങളോടും പുഷ്പദലങ്ങളോടും കൂടിയ മൂന്നു ചഷകങ്ങളുണ്ടായിരിക്കണം.
34 : വിളക്കുതണ്ടിന്മേല് ബദാംപൂവിന്റെ ആകൃതിയില്‍ മുകുളങ്ങളും പുഷ്പദലങ്ങളും ചേര്‍ന്ന നാലു ചഷകങ്ങള്‍ ഉണ്ടായിരിക്കണം.
35 : വിളക്കുകാലില്‍നിന്നു പുറപ്പെടുന്ന ആറു ശാഖകളില്‍ ഓരോ ജോടിയുടെയും അടിയില്‍ ഓരോ മുകുളം എന്ന കണക്കില്‍ മൂന്നു മുകുളങ്ങളുണ്ടായിരിക്കണം.
36 : അടിച്ചു പരത്തിയ തനി സ്വര്‍ണത്തിന്റെ ഒരേ തകിടിലായിരിക്കണം മുകുളങ്ങളും ശാഖകളുമെല്ലാം നിര്‍മിക്കുന്നത്.
37 : വിളക്കുതണ്ടിന്മേലും അതിന്റെ ശാഖകളിന്മേലും വയ്ക്കാന്‍വേണ്ടി ഏഴു വിളക്കുകള്‍ ഉണ്ടാക്കണം. അവ വിളക്കുകാലിനു മുന്പില് പ്രകാശം വീശത്തക്കവിധം സ്ഥാപിക്കണം.
38 : തിരിയണയ്ക്കാനുപയോഗിക്കുന്ന കത്രികകളും തട്ടങ്ങളും തനി സ്വര്‍ണംകൊണ്ടുള്ള വയായിരിക്കണം.
39 : വിളക്കുകാലും ഉപകരണങ്ങളുമെല്ലാം കൂടി ഒരു താലന്തു തനി സ്വര്‍ണം കൊണ്ടു വേണം നിര്‍മിക്കാന്‍.
40 : മലയില്‍വച്ചു നിന്നെ ഞാന്‍ കാണിച്ച മാതൃകയില്‍ ഇവയെല്ലാം നിര്‍മിക്കാന്‍ ശ്രദ്ധിക്കണം.
--------------------------------------------------
അദ്ധ്യായം 26
സാക്ഷ്യകൂടാരം
1 : പത്തു വിരികള്‍കൊണ്ടു നീ വിശുദ്ധകൂടാരം നിര്‍മിക്കണം. നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളോടുകൂടി നെയ്തെടുത്ത നേര്‍ത്ത ചണവസ്ത്രം കൊണ്ടായിരിക്കണം വിരികള്‍: കെരൂബുകളെക്കൊണ്ടു വിദഗ്ധമായി അലങ്കരിച്ചതുമായിരിക്കണം.
2 : ഒരു വിരിയുടെ നീളം ഇരുപത്തെട്ടു മുഴവും വീതി നാലു മുഴവുമായിരിക്കണം: എല്ലാ വിരികളും ഒരേ അളവിലുള്ളതായിരിക്കണം.
3 : അഞ്ചു വിരികള്‍ ഒന്നോടൊന്നു ചേര്‍ത്തുതുന്നണം. അതുപോലെ മറ്റേ അഞ്ചു വിരികളും.
4 : ആദ്യഗണം വിരികളില്‍ ഒടുവിലത്തേതിന്റെ വക്കില്‍ നീല നൂല് കൊണ്ടു വളയങ്ങള്‍ തുന്നിച്ചേര്‍ക്കണം; അപ്രകാരംതന്നെ, രണ്ടാംഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കിലും.
5 : ആദ്യത്തെ വിരിയില്‍ അന്‍പതു വളയങ്ങള്‍ ഉണ്ടാക്കണം. രണ്ടാം ഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കിലും അന്‍പതു വളയങ്ങള്‍ ഉണ്ടാക്കണം. വളയങ്ങള്‍ ഒന്നിനുനേരേ ഒന്നു വരത്തക്ക വിധത്തിലായിരിക്കണം.
6 : സ്വര്‍ണം കൊണ്ട് അന്‍പതു കൊളുത്തുകള്‍ ഉണ്ടാക്കണം. ഇരുഗണം വിരികളും കൊളുത്തു കൊണ്ടു യോജിപ്പിക്കുമ്പോള്‍ അതൊരു കൂടാരമാകും.
7 : കൂടാരത്തിന്റെ മുകള്ഭാഗം മൂടുന്നതിനായി ആട്ടിന്‍രോമം കൊണ്ടു പതിനൊന്നു വിരികള്‍ ഉണ്ടാക്കണം.
8 : ഓരോ വിരിക്കും മുപ്പതുമുഴം നീളവും നാലുമുഴം വീതിയുമുണ്ടായിരിക്കണം. പതിനൊന്നു വിരികളും ഒരേ അളവിലായിരിക്കണം.
9 : അഞ്ചു വിരികള്‍ യോജിപ്പിച്ച് ഒരു ഗണവും ആറു വിരികള്‍ യോജിപ്പിച്ച് വേറൊരു ഗണവും ഉണ്ടാക്കുക. ആറാമത്തെ വിരി കൂടാരത്തിന്റെ മുന്‍ഭാഗത്തു മടക്കിയിടുക.
10 : ഒന്നാമത്തെ ഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കില്‍ അന്‍പതു വളയങ്ങളും രണ്ടാംഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കില്‍ അന്‍പതു വളയങ്ങളും തുന്നിച്ചേര്‍ക്കുക.
11 : ഓടുകൊണ്ടുള്ള അന്‍പതു കൊളുത്തുകളുണ്ടാക്കി, അവ വളയങ്ങളിലൂടെ ഇട്ട് കൂടാരം ഒന്നായി യോജിപ്പിക്കുക.
12 : അവശേഷിക്കുന്ന ഒരു പകുതിവിരി കൂടാരത്തിന്റെ പിന്നില്‍ തൂക്കിയിടണം.
13 : മേല്‍വിരിയുടെ നീളത്തില്‍ ഓരോ വശത്തും അവശേഷിക്കുന്ന ഓരോ മുഴം ഇരുവശങ്ങളും മറയ്ക്കാനായി തൂക്കിയിടണം.
14 : ഊറയ്ക്കിട്ട മുട്ടാടിന് തോലുകൊണ്ടു കൂടാരത്തിനു മൂടി ഉണ്ടാക്കണം. മൃദുലമായ തോലുകൊണ്ടു വേറൊരു ആവരണവും ഉണ്ടാക്കണം.
15 : കരുവേല മരത്തിന്റെ പലകകള്‍കൊണ്ടു കൂടാരത്തിനു നിവര്‍ന്നു നില്ക്കുന്ന ചട്ടങ്ങള്‍ ഉണ്ടാക്കണം.
16 : ഓരോ പലകയുടെയും നീളം പത്തുമുഴവും വീതി ഒന്നരമുഴവും ആയിരിക്കണം.
17 : പലകകളെ തമ്മില്‍ച്ചേര്‍ക്കുന്നതിനു ഓരോ പലകയിലും രണ്ടു കുടുമകള്‍വീതം വേണം. എല്ലാ പലകകളും ഇങ്ങനെതന്നെ ഉണ്ടാക്കണം.
18 : കൂടാരത്തിനു ചട്ടപ്പലകകള്‍ ഉണ്ടാക്കണം; തെക്കുവശത്ത് ഇരുപതു പലകകള്‍.
19 : ഇരുപതു പലകകളുടെ അടിയിലായി വെള്ളികൊണ്ടു നാല്പതു പാദകുടങ്ങള്‍ ഉണ്ടാക്കണം; ഓരോ പലകയുടെയും അടിയിലുള്ള രണ്ടു കുടുമകള്‍ക്ക് രണ്ടു പാദകുടങ്ങള്‍ വീതം.
20 : കൂടാരത്തിന്റെ രണ്ടാംവശമായ വടക്കുവശത്തേക്കായി ഇരുപതു പലകകള്‍ നിര്‍മിക്കണം.
21 : ഓരോ പലകയ്ക്കുമിടയില്‍ രണ്ടുവീതം വെള്ളികൊണ്ട് നാല്പതു പാദകുടങ്ങള്‍ ഉണ്ടായിരിക്കണം.
22 : കൂടാരത്തിന്റെ പിന്‍ഭാഗമായ പടിഞ്ഞാറുവശത്തേക്കായി ആറു പലകകള്‍ നിര്‍മിക്കണം.
23 : കൂടാരത്തിന്റെ പിന്‍ഭാഗത്തെ രണ്ടു മൂലകള്‍ക്കായി രണ്ടു പലകകള്‍ ഉണ്ടാക്കണം.
24 : അവയുടെ ചുവടുകള്‍ അകന്നു നില്‍ക്കണം; മുകളില്‍ അവ ഒരു വളയംകൊണ്ടു യോജിപ്പിക്കണം. രണ്ടു പലകകള്‍ക്കും ഇപ്രകാരംതന്നെ. അവ രണ്ടും മൂലപ്പലകകളായിരിക്കും.
25 : അങ്ങനെ എട്ടു പലകകളും ഓരോ പലകയുടെയും അടിയില്‍ രണ്ടുവീതം വെള്ളി കൊണ്ടുള്ള പതിനാറു പാദകുടങ്ങളുമുണ്ടായിരിക്കണം.
26 : കരുവേലമരം കൊണ്ട് അഴികള്‍ ഉണ്ടാക്കണം. കൂടാരത്തിന്റെ ആദ്യവശത്തെ പലകകള്‍ക്ക് അഞ്ച് അഴികള്‍ വേണം.
27 : കൂടാരത്തിന്റെ രണ്ടാമത്തെ വശത്തുള്ള പലകകള്‍ക്ക് അഞ്ച് അഴികളും പിന്‍ഭാഗമായ പടിഞ്ഞാറു വശത്തുള്ള പലകകള്‍ക്ക് അഞ്ച് അഴികളും ഉണ്ടാക്കണം.
28 : നടുവിലെ അഴി പലകകളുടെ മധ്യത്തിലൂടെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ എത്തണം.
29 : പലകകള്‍ സ്വര്‍ണം കൊണ്ടു പൊതിയണം. അഴികള്‍ കടത്തുന്നതിന് അവയില്‍ സ്വര്‍ണം കൊണ്ടു വളയങ്ങള്‍ നിര്‍മിക്കണം. അഴികളും സ്വര്‍ണംകൊണ്ടു പൊതിയണം.
30 : മലയില്‍വച്ചു കാണിച്ചുതന്ന മാതൃകയനുസരിച്ചാണ് കൂടാരം പണിയേണ്ടത്.
31 : പിരിച്ച നൂല്‍കൊണ്ടു നെയ്തതും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ളതുമായ നേര്‍ത്ത ചണത്തുണികൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കണം. അതില്‍ കെരൂബുകളെ തുന്നിച്ചേര്‍ക്കണം.
32 : കരുവേലമരം കൊണ്ടു പണിതു സ്വര്‍ണം പൊതിഞ്ഞനാലു തൂണുകളില്‍ അതു തൂക്കിയിടണം. തൂണുകളുടെ കൊളുത്തുകള്‍ സ്വര്‍ണംകൊണ്ടും പാദകുടങ്ങള്‍ വെള്ളികൊണ്ടും നിര്‍മിക്കണം.
33 : തിരശ്ശീല കൊളുത്തുകളില്‍ തൂക്കിയിട്ടതിനുശേഷം സാക്ഷ്യപേടകം അതിനുള്ളിലേക്കു കൊണ്ടുവരണം. ഈ തിരശ്ശീല വിശുദ്ധസ്ഥലത്തു നിന്നു ശ്രീകോവിലിനെ വേര്‍തിരിക്കും.
34 : ശ്രീകോവിലില്‍ സാക്ഷ്യ പേടകത്തിനു മുകളില്‍ കൃപാസനം സ്ഥാപിക്കണം.
35 : തിരശ്ശീലയ്ക്കു വെളിയില്‍ മേശയും മേശയ്ക്കെതിരേ കൂടാരത്തിന്റെ തെക്കുവശത്തു വിളക്കുകാലും സ്ഥാപിക്കണം. മേശ കൂടാരത്തിന്റെ വടക്കുവശത്തായിരിക്കണം.
36 : നേര്‍മയില്‍ നെയ്തതും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ളതും ചിത്രത്തുന്നലാല്‍ അലംകൃതവുമായ ചണവസ്ത്രം കൊണ്ട് കൂടാരവാതിലിന് ഒരുയവനിക ഉണ്ടാക്കണം.
37 : ഈയവനിക തൂക്കിയിടുന്നതിന് കരുവേലമരം കൊണ്ട് അഞ്ചു തൂണുകള്‍ ഉണ്ടാക്കണം. അവ സ്വര്‍ണത്തില്‍ പൊതിയണം. അവയ്ക്കു സ്വര്‍ണക്കൊളുത്തുകളും ഓടുകൊണ്ടുള്ള അഞ്ചു പാദകുടങ്ങളുമുണ്ടായിരിക്കണം.
------------------------------------------
അദ്ധ്യായം 27
ബലിപീഠം
1 : കരുവേലമരം കൊണ്ട് ഒരു ബലിപീഠം പണിയണം. അതു സമചതുരമായിരിക്കണം. നീളവും വീതിയും അഞ്ചുമുഴം, ഉയരം മൂന്നുമുഴം.
2 : ബലിപീഠത്തിന്റെ നാലു മൂലകളിലും അതോട് ഒന്നായിച്ചേര്‍ന്നു നില്ക്കുന്ന നാലു കൊമ്പുകള്‍ നിര്‍മിച്ച് ഓടുകൊണ്ടു പൊതിയണം.
3 : ചാരപ്പാത്രങ്ങള്‍, കോരികകള്‍, താലങ്ങള്‍, മുള്‍ക്കരണ്ടികള്‍, അഗ്നികലശങ്ങള്‍ എന്നിങ്ങനെ ബലിപീഠത്തിങ്കല്‍ ആവശ്യമുള്ള ഉപകരണങ്ങളെല്ലാം ഓടുകൊണ്ടു നിര്‍മിക്കണം.
4 : ബലിപീഠത്തിനു വേണ്ടി ഓടുകൊണ്ടുള്ള അഴികളുപയോഗിച്ച് വലയുടെ രൂപത്തില്‍ ഒരു ചട്ടക്കൂടുണ്ടാക്കണം. അതിന്റെ നാലു മൂലയിലും ഓരോ ഓട്ടുവളയം ഘടിപ്പിക്കണം.
5 : ചട്ടക്കൂടു ബലിപീഠത്തിന്റെ മുകളിലത്തെ അരികുപാളിക്കു കീഴില്‍ ഉറപ്പിക്കണം. അതു ബലിപീഠത്തിന്റെ മധ്യഭാഗം വരെ ഇറങ്ങി നില്‍ക്കണം.
6 : കരുവേലമരം കൊണ്ടു ബലിപീഠത്തിനു തണ്ടുകള്‍ നിര്‍മിച്ച് ഓടുകൊണ്ടു പൊതിയണം.
7 : ബലിപീഠം വഹിച്ചുകൊണ്ടു പോകാനായി അതിന്റെ ഇരുവശങ്ങളിലും വളയങ്ങള്‍ ഘടിപ്പിച്ച് അവയിലൂടെ തണ്ടുകള്‍ ഇടണം.
8 : പലകകള്‍ കൊണ്ട്, അകം പൊള്ളയായി, ബലിപീഠം പണിയണം; മലയില്‍വച്ച് കാണിച്ചുതന്നതു പോലെയാണ് പണിയേണ്ടത്.
കൂടാരാങ്കണം
9 : കൂടാരത്തിന് ഒരു അങ്കണം ഉണ്ടാക്കണം. അങ്കണത്തിന്റെ തെക്കുഭാഗത്ത് നേര്മയായി നെയ്തെടുത്ത ചണത്തുണി കൊണ്ട് നൂറുമുഴം നീളത്തില്‍ ഒരു മറ ഉണ്ടാക്കിയിരിക്കണം.
10 : അതിന് ഇരുപതു തൂണുകള്‍വേണം. തൂണുകളുടെ പാദകുടങ്ങള്‍ ഓടുകൊണ്ടുള്ളതായിരിക്കണം. തൂണുകള്‍ക്ക് വെള്ളികൊണ്ടുള്ള കൊളുത്തുകളും പട്ടകളും ഉണ്ടായിരിക്കണം.
11 : അപ്രകാരം തന്നെ, വടക്കുഭാഗത്ത് നെടുകെ നൂറുമുഴം നീളമുള്ള മറയും മറതൂക്കുന്നതിന് ഇരുപത് തൂണുകളും അവയ്ക്ക് ഇരുപത് ഓട്ടുപാദകുടങ്ങളും വെള്ളികൊണ്ടുള്ള കൊളുത്തുകളും പട്ടകളും ഉണ്ടായിരിക്കണം.
12 : പടിഞ്ഞാറു ഭാഗത്തെ മുറ്റത്തിന്റെ വീതിക്കൊത്ത് അന്‍പതുമുഴം നീളമുള്ള മറയും പത്തു തൂണുകളും അവയ്ക്ക് പത്തു പാദകുടങ്ങളും ഉണ്ടായിരിക്കണം.
13 : കിഴക്കുഭാഗത്തെ മുറ്റത്തിന്റെ വീതി അന്‍പതു മുഴമായിരിക്കണം.
14 : കവാടത്തിന്റെ ഒരു വശത്ത് പതിനഞ്ചു മുഴം നീളമുള്ള മറയും മൂന്നു തൂണുകളും അവയ്ക്ക് മൂന്നു പാദകുടങ്ങളും ഉണ്ടായിരിക്കണം.
15 : കവാടത്തിന്റെ മറുവശത്തും പതിനഞ്ചു മുഴം നീളമുള്ള മറയും, മൂന്നു തൂണുകളും അവയ്ക്ക് മൂന്നു പാദകുടങ്ങളും വേണം.
16 : അങ്കണ കവാടത്തിന് ഇരുപതുമുഴം നീളമുള്ള ഒരുയവനിക ഉണ്ടായിരിക്കണം. നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ളതും നേര്മയായി നെയ്തെടുത്തതും ചിത്രത്തയ്യല്‍കൊണ്ട് അലങ്കരിച്ചതുമായ ചണ വസ്ത്രം കൊണ്ടാണ് യവനിക നിര്‍മിക്കേണ്ടത്. അതിനു നാലു തൂണുകളും അവയ്ക്കു നാലു പാദകുടങ്ങളും ഉണ്ടായിരിക്കണം.
17 : അങ്കണത്തിനു ചുറ്റുമുള്ള തൂണുകള്‍ക്കെല്ലാം വെള്ളികൊണ്ടുള്ള പട്ടകളും കൊളുത്തുകളും ഓട്ടുപാദകുടങ്ങളും ഉണ്ടായിരിക്കണം.
18 : അങ്കണത്തിന്റെ നീളം നൂറുമുഴവും വീതി അന്‍പതു മുഴവും ആയിരിക്കണം. അതിനു ചുറ്റും അഞ്ചുമുഴം ഉയരത്തില്‍ നേര്മയായി നെയ്തെടുത്ത് ചണത്തുണികൊണ്ടുള്ള മറയും തൂണുകള്‍ക്ക് ഓടുകൊണ്ടുള്ള പാദകുടങ്ങളും ഉണ്ടായിരിക്കണം.
19 : കൂടാരത്തിലെ ഉപയോഗത്തിനുള്ള എല്ലാ ഉപകരണങ്ങളും കൂടാരത്തിന്റെയും അങ്കണത്തിന്റെയും മറകള്‍ക്കുവേണ്ട കുറ്റികളും ഓടുകൊണ്ടു നിര്‍മിച്ചവയായിരിക്കണം.
20 : വിളക്ക് എപ്പോഴും കത്തിനില്ക്കുന്നതിന്, ആട്ടിയെടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടുവരാന്‍ ഇസ്രായേല്‍ക്കാരോടു പറയണം.
21 : സമാഗമകൂടാരത്തിനുള്ളില്‍ സാക്ഷ്യപേടകത്തിനു മുന്‍പിലുള്ള തിരശ്ശീലയ്ക്കു വെളിയില്‍ വിളക്ക് സന്ധ്യ മുതല്‍ പ്രഭാതം വരെ കര്‍ത്താവിന്റെ മുന്പില് കത്തിനില്‍ക്കാന്‍ അഹറോനും അവന്റെ പുത്രന്മാരും ശ്രദ്ധിക്കട്ടെ. ഇസ്രായേല്‍ക്കാര്‍ തലമുറതോറും അനുഷ്ഠിക്കേണ്ട ശാശ്വത നിയമമാണിത്.
----------------------------------------
അദ്ധ്യായം 28
പുരോഹിതവസ്ത്രങ്ങള്‍
1 : പുരോഹിതന്മാരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍വേണ്ടി നിന്റെ സഹോദരനായ അഹറോനെയും അവന്റെ പുത്രന്മാരായ നാദാബ്, അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവരെയും ഇസ്രായേല്‍ക്കാരുടെയിടയില്‍ നിന്നു നിന്റെയടുക്കലേക്കു വിളിക്കുക.
2 : നിന്റെ സഹോദരനായ അഹറോന് മഹിമയും അഴകും നല്‍കുന്നതിന് അവനു വേണ്ടി വിശുദ്ധവസ്ത്രങ്ങള്‍ നിര്‍മിക്കുക.
3 : അഹറോനെ എന്റെ പുരോഹിതനായി അവരോധിക്കാന്‍ വേണ്ടി അവനു സ്ഥാനവസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ഞാന്‍ നൈപുണ്യം നല്‍കിയിട്ടുള്ള എല്ലാ വിദഗ്ധന്മാരോടും നീ ആവശ്യപ്പെടുക.
4 : അവര്‍ നിര്‍മിക്കേണ്ട വസ്ത്രങ്ങള്‍ ഇവയാണ്: ഉരസ്ത്രാണം, എഫോദ്, നിലയങ്കി, ചിത്രത്തയ്യലുള്ള അങ്കി, തലപ്പാവ്, അരപ്പട്ട. എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യാന്‍ അഹറോനും പുത്രന്മാര്ക്കും വേണ്ടി അവര്‍ വിശുദ്ധ വസ്ത്രങ്ങള്‍ നിര്മിക്കട്ടെ.
5 : സ്വര്‍ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്മയായി പിരിച്ചെടുത്ത ചണം എന്നിവ അവര്‍ ഉപയോഗിക്കണം.
6 : സ്വര്‍ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്മയായി പിരിച്ചെടുത്ത ചണം എന്നിവ ഉപയോഗിച്ച് വിദഗ്ധമായി അവര്‍ എഫോദ് നിര്‍മിക്കണം.
7 : അതിന്റെ രണ്ടറ്റങ്ങള്‍ തമ്മില്‍ യോജിപ്പിക്കുന്നതിന് അതില്‍ രണ്ടു തോള്‍വാറുകള്‍ പിടിപ്പിക്കണം.
8 : എഫോദ് കെട്ടിയുറപ്പിക്കാനായി അതിന്മേലുള്ള പട്ടയും സ്വര്‍ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് നൂലുകള്‍, നേര്മയായി പിരിച്ചെടുത്ത ചണം എന്നിവകൊണ്ട് അതേ രീതിയില്‍ത്തന്നെ വിദഗ്ധമായി നിര്‍മിച്ചതായിരിക്കണം.
9 : രണ്ടു വൈഡൂര്യക്കല്ലുകളെടുത്ത് അവയില്‍ ഇസ്രായേലിന്റെ പുത്രന്മാരുടെ പേരുകള്‍ കൊത്തണം.
10 : അവരുടെ പ്രായക്രമമനുസരിച്ച് ഓരോ കല്ലിലും ആറു പേരുകള്‍വീതം കൊത്തുക.
11 : രത്ന ശില്പി മുദ്രകൊത്തുന്നതുപോലെ ഇസ്രായേലിന്റെ പുത്രന്മാരുടെ പേരുകള്‍ ആ കല്ലുകളില്‍ രേഖപ്പെടുത്തണം. കല്ലുകള്‍ സ്വര്‍ണത്തകിടില്‍ പതിക്കണം.
12 : ഇസ്രായേല്‍ പുത്രന്മാരുടെ സ്മാരകശിലകളായി അവ എഫോദിന്റെ തോള്‍വാറുകളില്‍ ഉറപ്പിക്കണം. അവരുടെ പേരുകള്‍ കര്‍ത്താവിന്റെ മുന്പില് ഒരു സ്മാരകമായി അഹറോന് തന്റെ ഇരുതോളുകളിലും വഹിക്കട്ടെ.
13 : രത്നം പതിക്കാനുള്ള തകിടുകള്‍ സ്വര്‍ണം കൊണ്ട് ഉണ്ടാക്കുക.
14 : തനി സ്വര്‍ണം കൊണ്ടു കയറുപോലെ പിണച്ചെടുത്ത രണ്ടു തുടലുകള്‍ നിര്‍മിച്ച്, അവ സ്വര്‍ണത്തകിടുകളുമായി യോജിപ്പിക്കുക.
15 : ന്യായവിധിയുടെ ഉരസ്ത്രാണം ചിത്രപ്പണികളോടെ നിര്‍മിക്കണം. അത് എഫോദെന്നപോലെ സ്വര്‍ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്മയായി പിരിച്ചെടുത്ത ചണം എന്നിവ കൊണ്ടാണ് ഉണ്ടാക്കേണ്ടത്.
16 : അതു സമചതുരത്തില്‍ രണ്ടു മടക്കുള്ളതായിരിക്കണം. അതിന് ഒരു ചാണ് നീളവും ഒരു ചാണ് വീതിയും വേണം.
17 : അതിനുമേല്‍ നാലു നിര രത്നങ്ങള്‍ പതിക്കണം. ആദ്യത്തെ നിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം;
18 : രണ്ടാമത്തെ നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം;
19 : മൂന്നാമത്തെ നിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം;
20 : നാലാമത്തെ നിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം. രത്നങ്ങളെല്ലാം സ്വര്‍ണത്തകിടിലാണ് പതിക്കേണ്ടത്.
21 : ഇസ്രായേലിന്റെ പുത്രന്മാരുടെ പേരുകളനുസരിച്ച് പന്ത്രണ്ടു രത്നങ്ങളുണ്ടായിരിക്കണം. ഓരോ ഗോത്രത്തിന്റെയും പേര് ഓരോ രത്നത്തിലും മുദ്രപോലെ, കൊത്തിയിരിക്കണം.
22 : ഉരസ്ത്രാണത്തിനു വേണ്ടി തനി സ്വര്‍ണംകൊണ്ട് കയറുപോലെ പിണച്ചെടുത്ത തുടലുകള്‍ പണിയണം.
23 : സ്വര്‍ണംകൊണ്ടു രണ്ടു വളയങ്ങള്‍ നിര്‍മിച്ച് ഉരസ്ത്രാണത്തിന്റെ മുകളിലത്തെ രണ്ടു മൂലകളില്‍ ഘടിപ്പിക്കണം.
24 : ഉരസ്ത്രാണത്തിന്റെ മൂലകളിലുള്ള രണ്ടു വളയങ്ങളിലൂടെ രണ്ടു സ്വര്‍ണത്തുടലുകളിടണം.
25 : തുടലുകളുടെ മറ്റേയറ്റങ്ങള്‍ രത്നംപതിച്ച സ്വര്‍ണത്തകിടുകളില്‍ ഘടിപ്പിച്ച എഫോദിന്റെ തോള്‍വാറിന്റെ മുന്‍ഭാഗവുമായി ബന്ധിക്കണം.
26 : രണ്ടു സ്വര്‍ണവളയങ്ങള്‍ പണിത് അവ ഉരസ്ത്രാണത്തിന്റെ താഴത്തെ കോണുകളില്‍ അവയുടെ ഉള്‍ഭാഗത്ത്, എഫോദിനോടു ചേര്‍ത്ത് ബന്ധിക്കണം.
27 : രണ്ടു സ്വര്‍ണവളയങ്ങള്‍കൂടി നിര്‍മിച്ച്, അവ എഫോദിന്റെ തോള്‍വാറുകളുടെ താഴത്തെ അറ്റങ്ങള്‍ക്കു മുന്‍ഭാഗത്ത് അവയുടെ തുന്നലിനോടടുത്ത്, എഫോദിന്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളിലായി ബന്ധിക്കണം.
28 : ഉരസ്ത്രാണത്തിന്റെയും എഫോദിന്റെയും വളയങ്ങള്‍ ഒരു നീലച്ചരടുകൊണ്ടു ബന്ധിക്കണം. അപ്പോള്‍ ഉരസ്ത്രാണം എഫോദിന്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളില്‍നിന്ന് ഇളകിപ്പോവുകയില്ല.
29 : അഹറോന് വിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോള്‍ ഇസ്രായേലിന്റെ പുത്രന്മാരുടെ പേരുകള്‍ കൊത്തിയിട്ടുള്ള ന്യായവിധിയുടെ ഉരസ്ത്രാണം ധരിക്കണം. അങ്ങനെ, കര്‍ത്താവിന്റെ സന്നിധിയില്‍ അവര്‍ നിരന്തരം സ്മരിക്കപ്പെടും.
30 : ന്യായവിധിയുടെ ഉരസ്ത്രാണത്തില്‍ ഉറീം, തുമ്മീം എന്നിവ നിക്ഷേപിക്കുക. അഹറോന് കര്‍ത്താവിന്റെ മുന്പില് പ്രവേശിക്കുമ്പോള്‍ അവ അവന്റെ മാറിലുണ്ടായിരിക്കണം. അങ്ങനെ അഹറോന് തന്റെ മാറില്‍ ഇസ്രായേലിന്റെ ന്യായവിധി കര്‍ത്താവിന്റെ സന്നിധിയില്‍ നിരന്തരം വഹിക്കട്ടെ.
31 : എഫോദിന്റെ നിലയങ്കി നീല നിറമായിരിക്കണം.
32 : തല കടത്താന്‍ അതിനു നടുവില്‍ ദ്വാരമുണ്ടായിരിക്കണം. ധരിക്കുമ്പോള്‍ കീറിപ്പോകാതിരിക്കാന്‍ ഉടുപ്പുകള്‍ക്കു ചെയ്യാറുള്ളതുപോലെ, നെയ്തെടുത്ത ഒരു നാട, ദ്വാരത്തിനു ചുറ്റും തുന്നിച്ചേര്‍ക്കണം.
33 : നിലയങ്കിയുടെ വിളുമ്പിനു ചുറ്റും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളില്‍ മാതളനാരങ്ങകളും തുന്നിച്ചേര്‍ക്കണം. അവയ്ക്കിടയില്‍ സ്വര്‍ണമണികള്‍ ബന്ധിക്കണം.
34 : ഒന്നിടവിട്ടായിരിക്കണം സ്വര്‍ണമണികളും മാതളനാരങ്ങകളും തുന്നിച്ചേര്‍ക്കുന്നത്.
35 : അഹറോന് പുരോഹിതശുശ്രൂഷ ചെയ്യുമ്പോള്‍ ഇതു ധരിക്കണം. അവന് വിശുദ്ധ സ്ഥലത്ത് കര്‍ത്താവിന്റെ സന്നിധിയില്‍ പ്രവേശിക്കുമ്പോഴും അവിടെനിന്നു പുറത്തുവരുമ്പോഴും അതിന്റെ ശബ്ദം കേള്‍ക്കട്ടെ. ഇല്ലെങ്കില്‍ അവന് മരിക്കും.
36 : തനി സ്വര്‍ണംകൊണ്ട് ഒരു തകിടുണ്ടാക്കി അതിന്മേല് ഒരു മുദ്രയെന്നപോലെ കര്‍ത്താവിനു സമര്പ്പിതന് എന്നു കൊത്തിവയ്ക്കുക.
37 : ഒരു നീലച്ചരടുകൊണ്ട് അത് തലപ്പാവിന്റെ മുന്‍വശത്ത് ബന്ധിക്കണം. അഹറോന് അതു നെറ്റിയില്‍ ധരിക്കണം.
38 : അങ്ങനെ ഇസ്രായേല്‍ക്കാര്‍ വിശുദ്ധവസ്തുക്കള്‍ കാഴ്ച സമര്‍പ്പിക്കുന്നതില്‍ വരുത്തുന്ന വീഴ്ചകള്‍ അവന് വഹിക്കട്ടെ. കാണിക്കകള്‍ കര്‍ത്താവിന്റെ സന്നിധിയില്‍ സ്വീകാര്യമാകേണ്ടതിന് ആ തകിട് അഹറോന്റെ നെറ്റിയില്‍ എപ്പോഴും ഉണ്ടായിരിക്കണം.
39 : നേര്മയായി പിരിച്ചെടുത്ത ചണംകൊണ്ട് ഒരു അങ്കിയുണ്ടാക്കി അതു ചിത്രത്തുന്നലാല്‍ അലങ്കരിക്കണം. നേര്മയായി പിരിച്ചെടുത്ത ചണംകൊണ്ട് തലപ്പാവും ചിത്രാലംകൃതമായ അരപ്പട്ടയും ഉണ്ടാക്കണം.
40 : അഹറോന്റെ പുത്രന്മാര്ക്കു മഹിമയും അഴകും ഉണ്ടാകേണ്ടതിന് അവര്‍ക്കായി അങ്കികളും അരപ്പട്ടകളും തൊപ്പികളും നിര്‍മിക്കണം.
41 : ഇവയെല്ലാം നിന്റെ സഹോദരനായ അഹറോനെയും അവന്റെ പുത്രന്മാരെയും നീ അണിയിക്കുക. അവര്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് നീ അവരെ അഭിഷേചിച്ചു നിയോഗിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുക.
42 : അവരുടെ നഗ്നത മറയ്ക്കാന്‍ ചണത്തുണികൊണ്ട് അരമുതല്‍ തുടവരെയെത്തുന്ന കാല്‍ച്ചട്ടകളുണ്ടാക്കണം.
43 : അഹറോനും പുത്രന്മാരും സമാഗമ കൂടാരത്തില്‍ പ്രവേശിക്കുകയോ വിശുദ്ധസ്ഥലത്തു ശുശ്രൂഷചെയ്യുന്നതിന് ബലിപീഠത്തെ സമീപിക്കുകയോ ചെയ്യുമ്പോള്‍ ഇവ ധരിക്കണം. ഇല്ലെങ്കില്‍ അവര്‍ കുറ്റക്കാരായിത്തീരുകയും മരിക്കുകയും ചെയ്യും. ഇത് അഹറോനും സന്തതികള്‍ക്കും എന്നേക്കുമുള്ള നിയമമാണ്.
-----------------------------------
അദ്ധ്യായം 29
അഭിഷേകക്രമം
1 : എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യുന്നതിന് അവരെ നിയോഗിക്കാന്‍ നീ ചെയ്യേണ്ടതിതാണ്: ഒരു കാളക്കുട്ടിയെയും ഊനമറ്റ രണ്ടു മുട്ടാടിനെയും തിരഞ്ഞെടുക്കുക.
2 : പുളിപ്പില്ലാത്ത അപ്പം, എണ്ണചേര്‍ത്ത് മയം വരുത്തിയ പുളിപ്പില്ലാത്ത അപ്പം, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത നേര്‍ത്ത അപ്പം ഇവ സജ്ജമാക്കുക. ഇവയെല്ലാം ഗോതമ്പു മാവുകൊണ്ട് ഉണ്ടാക്കണം.
3 : അവ ഒരു കുട്ടയിലാക്കി കാളക്കുട്ടിയോടും മുട്ടാടുകളോടുമൊപ്പം കൊണ്ടുവരുക.
4 : നീ അഹറോനെയും അവന്റെ പുത്രന്മാരെയും സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍കൊണ്ടുവന്ന് അവരെ വെള്ളം കൊണ്ടു കഴുകുക.
5 : അങ്കി, എഫോദിന്റെ നിലയങ്കി, എഫോദ്, ഉരസ്ത്രാണം, എഫോദിന്റെ ചിത്രത്തയ്യലുള്ള അരപ്പട്ട എന്നിവ അഹറോനെ അണിയിക്കണം.
6 : അവന്റെ തലയില്‍ തലപ്പാവും തലപ്പാവിന്മേല് വിശുദ്ധ കിരീടവും വയ്ക്കണം.
7 : അനന്തരം, തൈലം തലയിലൊഴിച്ച് അവനെ അഭിഷേചിക്കുക.
8 : അവന്റെ പുത്രന്മാരെ കൊണ്ടുവന്ന് അങ്കികള്‍ ധരിപ്പിക്കുക.
9 : നീ അവരെ അരപ്പട്ടകളും തൊപ്പികളും അണിയിക്കണം. ശാശ്വതമായ നിയമമനുസരിച്ച് പൗരോഹിത്യം അവരുടേതായിരിക്കും. നീ അഹറോനെയും അവന്റെ പുത്രന്മാരെയും പുരോഹിതരായി അവരോധിക്കണം.
10 : അനന്തരം, കാളക്കുട്ടിയെ സമാഗമകൂടാരത്തിനു മുന്‍പില്‍കൊണ്ടുവരണം. അഹറോനും പുത്രന്മാരും അതിന്റെ തലയില്‍ കൈകള്‍ വയ്ക്കണം.
11 : കര്‍ത്താവിന്റെ സന്നിധിയില്‍ സമാഗമകൂടാരത്തിന്റെ വാതില്ക്കല്വച്ചു കാളക്കുട്ടിയെ കൊല്ലണം.
12 : അതിന്റെ രക്തത്തില്‍നിന്നു കുറെയെടുത്ത് വിരല്‍കൊണ്ടു ബലിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ബാക്കി രക്തം ബലിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം.
13 : കുടല് പൊതിഞ്ഞുള്ള മേദസ്സും കരളിന്മേലുള്ള കൊഴുപ്പും ഇരു വൃക്കകളും അവയിന്മേലുള്ള മേദസ്സുമെടുത്ത് ബലിപീഠത്തിന്‍മേല്‍വച്ച് ദഹിപ്പിക്കണം.
14 : എന്നാല്‍, കാളക്കുട്ടിയുടെ മാംസവും തോലും ചാണകവും പാളയത്തിനു വെളിയില്‍ വച്ച് അഗ്നിയില്‍ ദഹിപ്പിക്കണം. ഇത് പാപപരിഹാര ബലിയാണ്.
15 : മുട്ടാടുകളില്‍ ഒന്നിനെ മാറ്റി നിര്‍ത്തണം. അഹറോനും പുത്രന്മാരും അതിന്റെ തലയില്‍ കൈകള്‍ വയ്ക്കട്ടെ.
16 : അതിനെ കൊന്ന് രക്തമെടുത്ത് ബലിപീഠത്തിനു ചുറ്റും ഒഴിക്കണം.
17 : അതിനെ കഷണങ്ങളായി മുറിച്ചതിനുശേഷം അതിന്റെ ആന്തരികാവയവങ്ങളും കാലുകളും കഴുകണം. ഇവ മറ്റു കഷണങ്ങളുടെയും തലയുടെയും കൂടെ വയ്ക്കണം.
18 : മുട്ടാടിനെ മുഴുവന്‍ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു കര്‍ത്താവിനുള്ള ദഹനബലിയാണ് - കര്‍ത്താവിനു പ്രസാദകരമായ സുഗന്ധം.
19 : അനന്തരം, അടുത്ത മുട്ടാടിനെയും കൊണ്ടുവരണം. അഹറോനും പുത്രന്മാരും അതിന്റെ തലയില്‍ കൈകള്‍ വയ്ക്കണം.
20 : അതിനെ കൊന്ന് രക്തത്തില്‍ കുറച്ചെടുത്ത് അഹറോന്റെയും പുത്രന്മാരുടെയും വലത്തു ചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിന്റെ പെരുവിരലിലും പുരട്ടുകയും ബാക്കി ബലിപീഠത്തിനു ചുറ്റും ഒഴിക്കുകയും വേണം.
21 : ബലിപീഠത്തിലുള്ള രക്തത്തില്‍നിന്നും അഭിഷേകതൈലത്തില്‍ നിന്നും കുറച്ചെടുത്ത് അഹറോന്റെ മേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കണം. അങ്ങനെ അവനും പുത്രന്മാരും അവരുടെ വസ്ത്രങ്ങളും ശുദ്ധീകരിക്കപ്പെടും.
22 : അതിനുശേഷം നീ മുട്ടാടിന്റെ മേദസ്സും കൊഴുത്ത വാലും കുടല് പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള കൊഴുപ്പും ഇരു വൃക്കകളും അതിന്മേലുള്ള മേദസ്സും വലത്തെ കുറകും എടുക്കണം. കാരണം, അത് അഭിഷേകത്തിനുള്ള മുട്ടാടാണ്.
23 : കര്‍ത്താവിന്റെ സന്നിധിയില്‍ വച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കുട്ടയില്‍നിന്ന് ഒരപ്പവും എണ്ണ ചേര്‍ത്തു മയം വരുത്തിയ ഒരപ്പവും നേര്‍ത്ത ഒരപ്പവും എടുക്കണം.
24 : ഇവയെല്ലാം അഹറോന്റെയും പുത്രന്മാരുടെയും കരങ്ങളില്‍ വച്ചു കര്‍ത്താവിന്റെ സന്നിധിയില്‍ നീരാജനം ചെയ്യണം.
25 : അനന്തരം, അത് അവരുടെ കൈകളില്‍ നിന്നു വാങ്ങി ദഹനബലിയോടൊന്നിച്ച് ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു കര്‍ത്താവിനുള്ള ദഹനബലിയാണ്; കര്‍ത്താവിനു പ്രസാദകരമായ സുഗന്ധം.
26 : അഹറോന്റെ അഭിഷേകത്തിനായി അര്‍പ്പിച്ച മുട്ടാടിന്റെ നെഞ്ചെടുത്ത് കര്‍ത്താവിന്റെ സന്നിധിയില്‍ നീരാജനം ചെയ്യുക. ഇത് നിന്റെ ഓഹരിയായിരിക്കും.
27 : അഭിഷേകത്തിനായി അര്‍പ്പിക്കുന്ന മുട്ടാടില്‍നിന്ന് നീരാജനം ചെയ്ത നെഞ്ചും കുറകും വിശുദ്ധീകരിച്ച് അഹറോനും പുത്രന്മാര്ക്കുമായി മാറ്റിവയ്ക്കണം.
28 : ഇസ്രായേല്‍ജനത്തില്‍ നിന്ന് അഹറോനും പുത്രന്മാര്ക്കും നിയമപ്രകാരം എന്നും ലഭിക്കേണ്ട അവകാശമാണിത്; ഇസ്രായേല്‍ജനം സമാധാനബലിയില്‍നിന്നു നീരാജനംചെയ്തു കര്‍ത്താവിനു സമര്‍പ്പിക്കുന്ന കാഴ്ചയും.
29 : അഹറോന്റെ വിശുദ്ധ വസ്ത്രങ്ങള്‍ അവനുശേഷം അവന്റെ പുത്രന്മാര്ക്കുള്ളതായിരിക്കും. അവര്‍ പുരോഹിതരായി അഭിഷിക്തരാകുന്നതും നിയോഗിക്കപ്പെടുന്നതും അവ ധരിച്ചുകൊണ്ടായിരിക്കണം.
30 : അവന്റെ സ്ഥാനത്തു പുരോഹിതനാകുന്ന അവന്റെ പുത്രന് വിശുദ്ധ സ്ഥലത്ത് ശുശ്രൂഷചെയ്യുന്നതിന് സമാഗമകൂടാരത്തില്‍ വരുമ്പോള്‍ ഏഴുദിവസം അതു ധരിക്കണം.
31 : അഭിഷേകത്തിനര്‍പ്പിക്കുന്ന മുട്ടാടിന്റെ മാംസമെടുത്ത് വിശുദ്ധമായ ഒരു സ്ഥലത്തുവച്ച് വേവിക്കണം.
32 : മുട്ടാടിന്റെ മാംസവും കുട്ടയിലുള്ള അപ്പവും അഹറോനും പുത്രന്മാരും സമാഗമകൂടാരത്തിന്റെ വാതില്ക്കല്വച്ചു ഭക്ഷിക്കണം.
33 : തങ്ങളുടെ അഭിഷേ കത്തിന്റെയും വിശുദ്ധീകരണത്തിന്റെയും വേളയില്‍ പാപപരിഹാരത്തിനായി അര്‍പ്പിക്കപ്പെട്ട വസ്തുക്കള്‍ അവര്‍ മാത്രം ഭക്ഷിക്കട്ടെ. അവ വിശുദ്ധമാകയാല്‍ അന്യര്‍ ഭക്ഷിക്കരുത്.
34 : അഭിഷേകത്തിനു വേണ്ടിയുള്ള മാംസമോ അപ്പമോ പ്രഭാതത്തില്‍ അവശേഷിക്കുന്നെങ്കില്‍, അഗ്നിയില്‍ ദഹിപ്പിച്ചുകളയണം. അതു വിശുദ്ധമാകയാല്‍ ഭക്ഷിക്കരുത്.
35 : ഞാന്‍ നിന്നോടു കല്പിച്ചിട്ടുള്ളതുപോലെ അഹറോനോടും പുത്രന്മാരോടും അനുവര്‍ത്തിക്കുക. അവരുടെ അഭിഷേകകര്‍മം ഏഴുദിവസം നീണ്ടുനില്ക്കണം.
36 : പാപപരിഹാരബലിയായി ഓരോ ദിവസവും ഓരോ കാളക്കുട്ടിയെ അര്‍പ്പിക്കണം. ബലിപീഠത്തില്‍ പരിഹാരബലി അര്‍പ്പിക്കുകവഴി അതില്‍നിന്നു പാപം തുടച്ചുനീക്കപ്പെടും. അനന്തരം, അതിനെ അഭിഷേചിച്ചു വിശുദ്ധീകരിക്കുക.
37 : ഏഴുദിവസം പരിഹാരബലി നടത്തി ബലിപീഠത്തെ ശുദ്ധീകരിക്കുക. അപ്പോള്‍ ബലിപീഠം അതിവിശുദ്ധമാകും. ബലിപീഠത്തെ സ്പര്‍ശിക്കുന്നതെന്തും വിശുദ്ധമാകും.
അനുദിനബലികള്‍
38 : ബലിപീഠത്തില്‍ അര്‍പ്പിക്കേണ്ടത് ഇവയാണ്: ഒരു വയസ്സുള്ള രണ്ട് ആട്ടിന്‍കുട്ടികളെ വീതം എല്ലാദിവസവും അര്‍പ്പിക്കണം.
39 : ഒന്നിനെ പ്രഭാതത്തിലും മറ്റേതിനെ സായാഹ്നത്തിലുമാണ് അര്‍പ്പിക്കേണ്ടത്.
40 : ഒന്നാമത്തെ ആട്ടിന്‍കുട്ടിയോടൊപ്പം നാലിലൊന്നു ഹിന് ശുദ്ധമായ ഒലിവെണ്ണയില്‍ കുഴച്ച പത്തിലൊന്ന് ഏഫാ മാവും പാനീയബലിയായി നാലിലൊന്നു ഹിന് വീഞ്ഞും സമര്‍പ്പിക്കണം.
41 : പ്രഭാതത്തിലെന്നപോലെ സായാഹ്നത്തില്‍ രണ്ടാമത്തെ ആട്ടിന്‍കുട്ടിയെ ധാന്യബലിയോടും പാനീയബലിയോടുമൊത്ത് സുഗന്ധവാഹിയായ ദഹനബലിയായി കര്ത്താവിന് അര്‍പ്പിക്കണം.
42 : ഞാന്‍ നിങ്ങളെ കാണുകയും നിങ്ങളോടു സംസാരിക്കുകയും ചെയ്യുന്ന സമാഗമകൂടാരത്തിന്റെ വാതില്ക്കല് കര്‍ത്താവിന്റെ സന്നിധിയില്‍, തലമുറതോറും നിങ്ങള്‍ അനുദിനം അര്‍പ്പിക്കേണ്ട ദഹനബലിയാണിത്.
43 : അവിടെവച്ചു ഞാന്‍ ഇസ്രായേല്‍ജനത്തെ സന്ദര്‍ശിക്കും; എന്റെ മഹത്വത്താല്‍ അവിടം വിശുദ്ധീകരിക്കുകയും ചെയ്യും.
44 : സമാഗമകൂടാരവും ബലിപീഠവും ഞാന്‍ വിശുദ്ധീകരിക്കും. എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുന്നതിനായി അഹറോനെയും പുത്രന്മാരെയും ഞാന്‍ വിശുദ്ധീകരിക്കും.
45 : ഞാന്‍ ഇസ്രായേല്‍ജനത്തിന്റെ മധ്യേ വസിക്കും; അവരുടെ ദൈവമായിരിക്കുകയും ചെയ്യും.
46 : അവരുടെയിടയില്‍ വസിക്കാന്‍വേണ്ടി അവരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന അവരുടെ ദൈവമായ കര്‍ത്താവു ഞാനാണെന്ന് അവര്‍ അറിയും. ഞാനാണ് അവരുടെ ദൈവമായ കര്‍ത്താവ്.

അദ്ധ്യായം 30
ധൂപപീഠം
1 : ധൂപാര്‍പ്പണത്തിനായി കരുവേലമരം കൊണ്ട് ഒരു ബലിപീഠം പണിയണം. അതു സമചതുരമായിരിക്കണം.
2 : നീളവും വീതിയും ഒരു മുഴം, ഉയരം രണ്ടു മുഴം; കൊമ്പുകള്‍ അതിനോട് ഒന്നായി ചേര്‍ന്നിരിക്കണം.
3 : മുകള്‍ഭാഗവും വശങ്ങളും കൊമ്പുകളും തങ്കംകൊണ്ട് പൊതിയണം; മുകള്‍വശത്തു ചുറ്റിലും സ്വര്‍ണംകൊണ്ടുള്ള അരികുപാളി പിടിപ്പിക്കണം.
4 : അതിനു കീഴേ രണ്ടു മൂലകളിലും ഓരോ സ്വര്‍ണ വളയം പിടിപ്പിക്കണം. മറുവശത്തും ഇപ്രകാരം ചെയ്യണം; അവ പീഠത്തെ വഹിക്കാനുള്ള തണ്ടുകളിടുന്നതിനാണ്.
5 : തണ്ടുകള്‍ കരുവേലമരം കൊണ്ടുണ്ടാക്കി സ്വര്‍ണം കൊണ്ടു പൊതിയണം.
6 : ഞാന്‍ നിന്നെ സന്ദര്‍ശിക്കുന്ന സ്ഥലമായ സാക്ഷ്യപേടകത്തിനു മുകളിലുള്ള കൃപാസനത്തിന്റെയും സാക്ഷ്യപേടകത്തെ മറയ്ക്കുന്ന തിരശ്ശീലയുടെയും മുന്പില് അതു സ്ഥാപിക്കണം.
7 : ഓരോ പ്രഭാതത്തിലും വിളക്കുകളൊരുക്കുമ്പോള് അഹറോന് പീഠത്തിന്മേല് പരിമളദ്രവ്യങ്ങള് പുകയ്ക്കണം.
8 : സായാഹ്നത്തില്‍ ദീപം കൊളുത്തുമ്പോഴും അവന് അതിന്മേല് പരിമളദ്രവ്യങ്ങള് പുകയ്ക്കട്ടെ. തലമുറതോറും എന്നേക്കും കര്‍ത്താവിന്റെ മുന്പില് ഈ ധൂപാര്‍പ്പണം നടക്കണം.
9 : അവിശുദ്ധ ധൂപമോ ദഹനബലിയോ ധാന്യബലിയോ അതിന്മേല് നീ അര്‍പ്പിക്കരുത്.
10 : ദ്രാവക നൈവേദ്യവും ഒഴിക്കരുത്. പാപപരിഹാരബലിയുടെ രക്തംകൊണ്ട് വര്‍ഷത്തിലൊരിക്കല്‍ അഹറോന് അതിന്റെ കൊമ്പുകളില്‍ പരിഹാര കര്‍മം അനുഷ്ഠിക്കണം. തലമുറതോറും ഇപ്രകാരം ചെയ്യണം. ഇത് കര്ത്താവിന് അതി വിശുദ്ധമാണ്.
11 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
12 : ഇസ്രായേലില്‍ ജനസംഖ്യക്കണക്കെടുക്കുമ്പോള്‍ തങ്ങളുടെയിടയില്‍ മഹാമാരി ഉണ്ടാകാതിരിക്കാന്‍ ഓരോരുത്തരും തങ്ങളുടെ ജീവനുവേണ്ടി കര്‍ത്താവിനു മോചനദ്രവ്യം കൊടുക്കണം.
13 : ജനസംഖ്യക്കണക്കില്‍ ഉള്‍പ്പെടുന്ന ഓരോ വ്യക്തിയും വിശുദ്ധ മന്ദിരത്തില്‍ നിലവിലുള്ള കണക്കനുസരിച്ച് അര ഷെക്കല്‍ വീതം കര്‍ത്താവിനു കാണിക്കയായി കൊടുക്കണം. ഒരു ഷെക്കല്‍ ഇരുപത് ഗേരാ.
14 : ജനസംഖ്യക്കണക്കില്‍ ഉള്‍പ്പെടുന്ന ഇരുപത് വയസ്സും അതിനുമേലും പ്രായമുള്ള ഓരോ വ്യക്തിയും ഈ കാണിക്ക കര്‍ത്താവിനു നല്‍കണം.
15 : പാപപരിഹാരത്തിനായി കര്ത്താവിന് ഈ കാണിക്ക നല്കുമ്പോള് അര ഷെക്കല്‍ മാത്രമേ നല്‍കാവൂ; ധനികന് കൂടുതലോ ദരിദ്രന് കുറവോ കൊടുക്കാന്‍ പാടില്ല.
16 : ഇസ്രായേല്‍ജനത്തില്‍നിന്നു പാപപരിഹാരത്തുക സ്വീകരിച്ച് സമാഗമ കൂടാരത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കണം. അങ്ങനെ നിങ്ങള്‍ക്കു പാപപരിഹാരത്തിനുതകുംവിധം അത് ഇസ്രായേല്‍ ജനത്തെ കര്‍ത്താവിന്റെ സ്മരണയില്‍ കൊണ്ടുവരും.
17 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :
18 : ഓടുകൊണ്ട് ഒരു ക്ഷാളനപാത്രം നിര്‍മിക്കണം. അതിന്റെ പീഠവും ഓടുകൊണ്ടുള്ളതായിരിക്കണം. അതു സമാഗമകൂടാരത്തിനും ബലിപീഠത്തിനുമിടയ്ക്കു വയ്ക്കണം. അതില്‍ വെള്ളമൊഴിക്കണം.
19 : അഹറോനും പുത്രന്മാര്ക്കും കൈകാലുകള്‍ കഴുകുന്നതിനു വേണ്ടിയാണത്.
20 : അവര്‍ സമാഗമകൂടാരത്തില്‍ പ്രവേശിക്കുകയോ ശുശ്രൂഷയ്ക്കായി ബലിപീഠത്തെ സമീപിച്ച് കര്ത്താവിന് ദഹനബലിയര്‍പ്പിക്കുകയോ ചെയ്യുമ്പോള്‍ കൈകാലുകള്‍ കഴുകണം. അല്ലെങ്കില്‍ അവര്‍ മരിക്കും.
21 : മരിക്കാതിരിക്കുന്നതിന് അവര്‍ കൈകാലുകള്‍ കഴുകണം. ഇത് അവര്‍ക്ക് എന്നേക്കുമുള്ള ഒരു കല്പനയാണ്; അവനും അവന്റെ സന്തതികള്‍ക്കും തലമുറതോറുമുള്ള കല്പന.
അഭിഷേകതൈലം
22 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
23 : മികച്ച സുഗന്ധദ്രവ്യങ്ങള്‍ എടുക്കുക. വിശുദ്ധ മന്ദിരത്തില്‍ നിലവിലിരിക്കുന്ന ഷെക്കലിന്റെ കണക്കനുസരിച്ച് അഞ്ഞൂറു ഷെക്കല്‍ ശുദ്ധമായ മീറയും ഇരുനൂറ്റന്‍പതു ഷെക്കല്‍ സുഗന്ധമുള്ള കറുവാപ്പട്ടയും, ഇരുനൂറ്റന്‍പതു ഷെക്കല്‍ സുഗന്ധ സസ്യവും,
24 : അഞ്ഞൂറു ഷെക്കല്‍ അമരിപ്പട്ടയും, ഒരു ഹിന് ഒലിവെണ്ണയും എടുക്കുക.
25 : സുഗന്ധ തൈലങ്ങള്‍ നിര്‍മിക്കുന്ന വിദഗ്ധനെപ്പോലെ ഇവയെല്ലാം കൂട്ടിക്കലര്‍ത്തി ഒരു വിശുദ്ധതൈലമുണ്ടാക്കണം. അതു വിശുദ്ധമായ അഭിഷേകതൈലമായിരിക്കും.
26 : സമാഗമകൂടാരവും സാക്ഷ്യപേടകവും അതുകൊണ്ട് അഭിഷേകം ചെയ്യണം.
27 : മേശയും വിളക്കുകാലും അവയുടെ ഉപകരണങ്ങളും, ധൂപപീഠവും
28 : ദഹന ബലിപീഠവും ഉപകരണങ്ങളും, ക്ഷാളനപാത്രവും അതിന്റെ പീഠവും നീ അഭിഷേചിക്കണം.
29 : ഏറ്റവും പരിശുദ്ധമാകേണ്ടതിന് അവയെ നീ വിശുദ്ധീകരിക്കണം. അവയെ സ്പര്‍ശിക്കുന്നതെല്ലാം വിശുദ്ധമാകും.
30 : പുരോഹിതരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍ വേണ്ടി അഹറോനെയും പുത്രന്മാരെയും അഭിഷേകം ചെയ്യുകയും വേര്‍തിരിച്ചു നിര്‍ത്തുകയും ചെയ്യുക.
31 : നീ ഇസ്രായേല്‍ക്കാരോടു പറയണം: ഇതു തലമുറതോറും എനിക്കായുള്ള അഭിഷേക തൈലമായിരിക്കും.
32 : ഇതു സാധാരണക്കാരുടെമേല്‍ ഒഴിക്കരുത്. കൂട്ടുവസ്തുക്കള്‍ ഈ കണക്കില്‍ ചേര്‍ത്ത് മറ്റൊരു തൈലമുണ്ടാക്കുകയുമരുത്. ഇതു വിശുദ്ധമാണ്. നീ ഇതിനെ വിശുദ്ധമായി കരുതണം.
33 : ആരെങ്കിലും ഇതുപോലൊരു ചേരുവ ഉണ്ടാക്കുകയോ സാധാരണക്കാരന്റെ മേല്‍ ഒഴിക്കുകയോ ചെയ്താല്‍ അവന് തന്റെ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
34 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ദേവദാരുതൈലം, നറുമ്പശ, ഗുല്ഗുലു, കുന്തുരുക്കം എന്നീ സുഗന്ധദ്രവ്യങ്ങള്‍ സമമായി എടുക്കുക.
35 : സുഗന്ധതൈലം നിര്‍മിക്കുന്ന വിദഗ്ധനെപ്പോലെ ഇവയെല്ലാം കൂട്ടിക്കലര്‍ത്തി ഉപ്പും ചേര്‍ത്ത് ധൂപാര്‍പ്പണത്തിനുള്ള വിശുദ്ധമായ സുഗന്ധദ്രവ്യ മുണ്ടാക്കുക.
36 : അതില്‍നിന്നു കുറെയെടുത്ത് നേര്മയായി പൊടിച്ച് ഒരു ഭാഗം ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുന്ന സമാഗമകൂടാരത്തിലെ സാക്ഷ്യപേടകത്തിന്റെ മുന്പില് വയ്ക്കുക. അതിനെ ഏറ്റവും പവിത്രമായി കരുതണം.
37 : നിങ്ങള്‍ക്കുവേണ്ടി ഈ ചേരുവക്കണക്കനുസരിച്ച് സുഗന്ധദ്രവ്യം ഉണ്ടാക്കരുത്; കര്‍ത്താവിനു വിശുദ്ധമായ ഒന്നായി ഇതിനെ കരുതണം.
38 : പരിമളത്തിനുവേണ്ടി ആരെങ്കിലും അതുണ്ടാക്കിയാല്‍ അവന് തന്റെ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
-----------------------------------------------
അദ്ധ്യായം 31
ശില്പികള്
1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: യൂദാഗോത്രത്തില്പെട്ട ഹൂറിന്റെ പുത്രനായ ഊറിയുടെ മകന് ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു.
2 : ?
3 : ഞാന്‍ അവനില്‍ ദൈവിക ചൈതന്യം നിറച്ചിരിക്കുന്നു; സാമര്‍ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുമുള്ള വൈദഗ്ധ്യവും അവനു ഞാന്‍ നല്കിയിരിക്കുന്നു.
4 : കലാരൂപങ്ങള്‍ ആസൂത്രണംചെയ്യുക, സ്വര്‍ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക.
5 : പതിക്കാനുള്ള രത്നങ്ങള്‍ ചെത്തി മിനുക്കുക, തടിയില്‍ കൊത്തുപണി ചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്ക്കും വേണ്ടിയാണിത്.
6 : അവനെ സഹായിക്കാനായി ദാന്‍ഗോത്രത്തില്‍പെട്ട അഹിസാമാക്കിന്റെ പുത്രന് ഓഹോലിയാബിനെ ഞാന്‍ നിയോഗിച്ചിരിക്കുന്നു. ഞാന്‍ നിന്നോടു കല്പിച്ചതെല്ലാം നിര്‍മിക്കുന്നതിന് എല്ലാ ശില്പ വിദഗ്ധന്മാര്ക്കും പ്രത്യേക സാമര്‍ഥ്യം കൊടുത്തിട്ടുണ്ട്.
7 : സമാഗമകൂടാരം, സാക്ഷ്യപേടകം, അതിന്മേലുള്ള കൃപാസനം, കൂടാരത്തിലെ ഉപകരണങ്ങള്‍
8 : മേശയും അതിന്റെ ഉപകരണങ്ങളും, വിളക്കുകാലും അതിന്റെ ഉപകരണങ്ങളും, ധൂപപീഠം,
9 : ദഹന ബലിപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും, ക്ഷാളനപാത്രവും അതിന്റെ പീഠവും,
10 : ചിത്രത്തുന്നലാല്‍ അലംകൃതമായ വസ്ത്രങ്ങള്‍, പുരോഹിതനായ അഹറോന്റെ വിശുദ്ധവസ്ത്രങ്ങള്‍, അവന്റെ പുത്രന്മാര് പുരോഹിതശുശ്രൂഷ ചെയ്യുമ്പോള്‍ അണിയേണ്ട വസ്ത്രങ്ങള്‍,
11 : അഭിഷേകതൈലം, വിശുദ്ധ സ്ഥലത്തു ധൂപാര്‍പ്പണത്തിനുപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ ഇവയെല്ലാം ഞാന്‍ നിന്നോടു കല്പിച്ച പ്രകാരം അവര്‍ നിര്‍മിക്കണം.
സാബത്താചരണം
12 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :
13 : ഇസ്രായേല്‍ ജനത്തോടു പറയുക, നിങ്ങള്‍ എന്റെ സാബത്ത് സൂക്ഷ്മമായി ആചരിക്കണം. എന്തെന്നാല്‍, കര്‍ത്താവായ ഞാനാണ് നിങ്ങളെ വിശുദ്ധീകരിക്കുന്നതെന്നു നിങ്ങള്‍ അറിയാന്‍വേണ്ടി ഇത് എനിക്കും നിങ്ങള്‍ക്കും മധ്യേ തലമുറതോറും അടയാളമായിരിക്കും.
14 : നിങ്ങള്‍ സാബത്ത് ആചരിക്കണം. കാരണം, അതു നിങ്ങള്‍ക്കു വിശുദ്ധമായ ഒരു ദിവസമാണ്. അതിനെ അശുദ്ധമാക്കുന്നവന് വധിക്കപ്പെടണം. അന്നു ജോലി ചെയ്യുന്നവന് ജനത്തില്‍ നിന്നു വിച്ഛേദിക്കപ്പെടണം. ആറു ദിവസം ജോലി ചെയ്യണം.
15 : എന്നാല്‍ ഏഴാം ദിവസം സാബത്താണ്; കര്‍ത്താവിനു വിശുദ്ധമായ വിശ്രമദിനം. സാബത്തുദിവസം ജോലിചെയ്യുന്നവന് വധിക്കപ്പെടണം.
16 : ഇസ്രായേല്‍ ജനം ശാശ്വതമായ ഒരുടമ്പടിയായി തലമുറതോറും സാബത്താചരിക്കണം.
17 : ഇത് എനിക്കും ഇസ്രായേല്‍ ജനത്തിനും മധ്യേ ശാശ്വതമായ ഒരടയാളമാണ്; കര്‍ത്താവ് ആറു ദിവസംകൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിക്കുകയും ഏഴാം ദിവസം ജോലിയില്‍നിന്നു വിരമിച്ചു വിശ്രമിക്കുകയും ചെയ്തതിന്റെ അടയാളം.
ഉടമ്പടിപ്പത്രിക നല്കുന്നു
18 : സീനായ് മലയില്‍ വച്ചു മോശയോടു സംസാരിച്ചതിനുശേഷം ഉടമ്പടിയുടെ രണ്ടു പ്രതികള്‍ - തന്റെ വിരല്‍കൊണ്ടെഴുതിയ രണ്ടു കല്പലകകള് - ദൈവം അവനു നല്കി.
-------------------------------------------
അദ്ധ്യായം 32
സ്വര്‍ണംകൊണ്ടുള്ള കാളക്കുട്ടി
1 : മോശ മലയില്‍ നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍, ജനം അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്മാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിവില്ല.
2 : അഹറോന് പറഞ്ഞു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലുള്ള സ്വര്‍ണവളയങ്ങള്‍ ഊരിയെടുത്ത് എന്റെ അടുത്തു കൊണ്ടുവരുവിന്‍.
3 : ജനം തങ്ങളുടെ കാതുകളില്‍നിന്നു സ്വര്‍ണ വളയങ്ങളൂരി അഹറോന്റെ മുന്പില് കൊണ്ടുചെന്നു.
4 : അവന് അവ വാങ്ങി മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു. അപ്പോള്‍ അവര്‍ വിളിച്ചുപറഞ്ഞു: ഇസ്രായേലേ, ഇതാ ഈജിപ്തില്‍നിന്നു നിന്നെ കൊണ്ടുവന്ന ദേവന്മാര്.
5 : അതു കണ്ടപ്പോള്‍ അഹറോന് കാളക്കുട്ടിയുടെ മുന്പില് ഒരു ബലിപീഠം പണിതിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു: നാളെ കര്‍ത്താവിന്റെ ഉത്സവദിനമായിരിക്കും.
6 : അവര്‍ പിറ്റേന്ന് അതിരാവിലെ ഉണര്‍ന്ന് ദഹനയാഗങ്ങളും അനുരഞ്ജനയാഗങ്ങളും അര്‍പ്പിച്ചു; ജനം തീനും കുടിയും കഴിഞ്ഞ് വിനോദങ്ങളിലേര്‍പ്പെട്ടു.
7 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഉടനെ താഴേക്കുചെല്ലുക. നീ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു.
8 : ഞാന്‍ നിര്‍ദേശിച്ച മാര്‍ഗത്തില്‍നിന്ന് അവര്‍ പെട്ടെന്നു വ്യതിചലിച്ചിരിക്കുന്നു. അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത് അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇസ്രായേലേ, നിന്നെ ഈ ജിപ്തില്‍നിന്നു കൊണ്ടുവന്ന ദേവന്മാര് ഇതാ എന്ന് അവര്‍ പറഞ്ഞിരിക്കുന്നു.
9 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇവര്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണെന്ന് ഞാന്‍ കണ്ടുകഴിഞ്ഞു.
10 : അതിനാല്‍, എന്നെതടയരുത്; എന്റെ ക്രോധം ആളിക്കത്തി അവരെ വിഴുങ്ങിക്കളയട്ടെ. എന്നാല്‍, നിന്നില്‍നിന്ന് ഒരു വലിയ ജനതയെ ഞാന്‍ പുറപ്പെടുവിക്കും.
11 : മോശ ദൈവമായ കര്‍ത്താവിനോടു കാരുണ്യംയാചിച്ചുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, വലിയ ശക്തിയോടും കരബലത്തോടുംകൂടെ അങ്ങുതന്നെ ഈജിപ്തില്‍നിന്നു പുറത്തു കൊണ്ടുവന്ന അങ്ങയുടെ ജനത്തിനെതിരേ അവിടുത്തെ ക്രോധം ജ്വലിക്കുന്നതെന്ത്?
12 : മലകളില്‍വച്ചു കൊന്നുകളയുന്നതിനും ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നതിനുമുള്ള ദുരുദ്ദേശ്യത്തോടുകൂടിയാണ് അവന് അവരെ കൊണ്ടുപോയത് എന്ന് ഈജിപ്തുകാര്‍ പറയാനിടവരുത്തുന്നതെന്തിന്? അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ! അങ്ങയുടെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്നു പിന്മാറണമേ!
13 : അവിടുത്തെ ദാസന്മാരായ അബ്രാഹത്തെയും ഇസഹാക്കിനെയും ഇസ്രായേലിനെയും ഓര്‍ക്കണമേ! നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഞാന്‍ വര്‍ധിപ്പിക്കും, ഞാന്‍ വാഗ്ദാനംചെയ്തിട്ടുള്ള ഈ നാടു മുഴുവന്‍ നിങ്ങളുടെ സന്തതികള്‍ക്കു ഞാന്‍ നല്‍കും, അവര്‍ അത് എന്നേക്കും കൈവശമാക്കുകയും ചെയ്യും എന്ന് അവിടുന്നുതന്നെ ശപഥം ചെയ്തു പറഞ്ഞിട്ടുണ്ടല്ലോ. കര്‍ത്താവു ശാന്തനായി.
14 : തന്റെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്ന് അവിടുന്നു പിന്മാറി.
15 : മോശ കൈകളില്‍ രണ്ട് ഉടമ്പടിപ്പത്രികകളുമായി താഴേക്കിറങ്ങി. പലകകളുടെ ഇരുവശങ്ങളിലും എഴുത്തുണ്ടായിരുന്നു.
16 : പലകകള്‍ ദൈവത്തിന്റെ കൈവേലയും അവയില്‍ കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തുമായിരുന്നു.
17 : ജനങ്ങള്‍ അട്ടഹസിക്കുന്ന സ്വരം കേട്ടപ്പോള്‍ ജോഷ്വ മോശയോടു പറഞ്ഞു: പാളയത്തില്‍ യുദ്ധത്തിന്റെ ശബ്ദം മുഴങ്ങുന്നു.
18 : എന്നാല്‍, മോശ പറഞ്ഞു: ഞാന്‍ കേള്‍ക്കുന്നത് വിജയത്തിന്റെ അട്ടഹാസമോ പരാജയത്തിന്റെ മുറവിളിയോ അല്ല; പാട്ടുപാടുന്ന ശബ്ദമാണ്.
19 : മോശ പാളയത്തിനടുത്തെത്തിയപ്പോള്‍ കാളക്കുട്ടിയെ കണ്ടു; അവര്‍ നൃത്തം ചെയ്യുന്നതും കണ്ടു; അവന്റെ കോപം ആളിക്കത്തി. അവന് കല്പലകകള് വലിച്ചെറിഞ്ഞ് മലയുടെ അടിവാരത്തില്‍ വച്ച് അവ തകര്‍ത്തുകളഞ്ഞു.
20 : അവന് കാളക്കുട്ടിയെ എടുത്തു തീയിലിട്ടുചുട്ടു; അത് ഇടിച്ചുപൊടിച്ചു പൊടി വെള്ളത്തില്‍ക്കലക്കി ഇസ്രായേല്‍ ജനത്തെക്കൊണ്ടു കുടിപ്പിച്ചു:
21 : മോശ അഹറോനോടു ചോദിച്ചു: നീ ഈ ജനത്തിന്റെ മേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാന് അവര്‍ നിന്നോട് എന്തുചെയ്തു?
22 : അഹറോന് പറഞ്ഞു: അങ്ങയുടെ കോപം ജ്വലിക്കാതിരിക്കട്ടെ. ഈ ജനത്തിന് തിന്മയിലേക്കുള്ള ചായ്വ് അങ്ങേക്കറിവുള്ളതാണല്ലോ.
23 : അവര്‍ എന്നോടു പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ ഞങ്ങള്‍ക്കു ദേവന്മാരെ ഉണ്ടാക്കിത്തരുക. എന്തെന്നാല്‍, ഈജിപ്തില്‍നിന്നു ഞങ്ങളെ കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തുസംഭവിച്ചു എന്നു ഞങ്ങള്‍ക്കറിവില്ല.
24 : ഞാന്‍ പറഞ്ഞു: സ്വര്‍ണം കൈവശമുള്ളവര്‍ അതു കൊണ്ടുവരട്ടെ. അവര്‍ കൊണ്ടുവന്നു. ഞാന്‍ അതു തീയിലിട്ടു. അപ്പോള്‍ ഈ കാളക്കുട്ടി പുറത്തുവന്നു.
25 : ജനത്തിന്റെ അഴിഞ്ഞാട്ടം മോശ കണ്ടു. ശത്രുക്കളുടെയിടയില്‍ സ്വയം ലജ്ജിതരാകത്തക്കവിധം അഴിഞ്ഞാടുന്നതിന് അഹറോന് അവരെ അനുവദിച്ചിരുന്നു.
26 : മോശ പാളയത്തിന്റെ വാതില്ക്കല് നിന്നുകൊണ്ടു പറഞ്ഞു: കര്‍ത്താവിന്റെ പക്ഷത്തുള്ളവര്‍ എന്റെ അടുത്തേക്കു വരട്ടെ. ലേവിയുടെ പുത്രന്മാരെല്ലാവരും അവന്റെ അടുക്കല്‍ ഒന്നിച്ചുകൂടി.
27 : അവന് അവരോടു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു. ഓരോ മനുഷ്യനും തന്റെ വാള് പാര്‍ശ്വത്തില്‍ ധരിക്കട്ടെ. പാളയത്തിലുടനീളം കവാടംതോറും ചെന്ന് ഓരോരുത്തനും തന്റെ സഹോദരനെയും സ്നേഹിതനെയും അയല്‍ക്കാരനെയും നിഗ്രഹിക്കട്ടെ.
28 : ലേവിയുടെ പുത്രന്മാര് മോശയുടെ കല്പനയനുസരിച്ചു പ്രവര്‍ത്തിച്ചു. അന്നേദിവസം മൂവായിരത്തോളം പേര് മരിച്ചു വീണു.
29 : മോശ പറഞ്ഞു: കര്‍ത്താവിന്റെ ശുശ്രൂഷയ്ക്കായി ഇന്നു നിങ്ങള്‍ നിങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നു. ഓരോരുത്തനും തന്റെ പുത്രനും സഹോദരനുമെതിരായി നിന്നതുകൊണ്ട് കര്‍ത്താവ് നിങ്ങള്‍ക്ക് ഇന്ന് ഒരനുഗ്രഹം തരും.
30 : പിറേറദിവസം മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ കഠിനപാപം ചെയ്തിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ കര്‍ത്താവിന്റെ അടുത്തേക്കു കയറിച്ചെല്ലാം; നിങ്ങളുടെ പാപത്തിനു പരിഹാരംചെയ്യാന്‍ എനിക്ക് കഴിഞ്ഞേക്കും.
31 : മോശ കര്‍ത്താവിന്റെയടുക്കല്‍ തിരിച്ചു ചെന്നു പറഞ്ഞു: ഈ ജനം ഒരു വലിയ പാപം ചെയ്തുപോയി. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണംകൊണ്ടു ദേവന്മാരെ നിര്‍മിച്ചു.
32 : അവിടുന്നു കനിഞ്ഞ് അവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കില്‍, അവിടുന്ന് എഴുതിയിട്ടുള്ള പുസ്തകത്തില്‍ നിന്ന് എന്റെ പേരു മായിച്ചു കളഞ്ഞാലും.
33 : അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: എനിക്കെതിരായി പാപം ചെയ്തവനെയാണ് എന്റെ പുസ്തകത്തില്‍ നിന്നും ഞാന്‍ തുടച്ചുനീക്കുക.
34 : നീ പോയി ഞാന്‍ നിന്നോടു പറഞ്ഞിട്ടുള്ള സ്ഥലത്തേക്കു ജനത്തെ നയിക്കുക. എന്റെ ദൂതന് നിന്റെ മുന്‍പേ പോകും. എങ്കിലും ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന ദിവസം അവരുടെ പാപങ്ങളെ പ്രതി അവരെ ശിക്ഷിക്കും.
35 : കാളക്കുട്ടിയെ നിര്‍മിക്കാന്‍ അവര്‍ അഹറോനെ നിര്‍ബന്ധിച്ചതിനാല്‍ കര്‍ത്താവ് അവരുടെ മേല്‍ മഹാമാരി അയച്ചു.
-----------------------------------
അദ്ധ്യായം 33
സീനായ് വിടാന്‍ കല്പന
1 : കര്‍ത്താവു മോശയോടു കല്പിച്ചു: നീയും ഈജിപ്തില്‍ നിന്നു നീ കൂട്ടിക്കൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ട്, അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും അവരുടെ സന്തതികള്‍ക്കായി നല്കുമെന്നു ഞാന്‍ ശപഥം ചെയ്തിട്ടുള്ള നാട്ടിലേക്കു പോവുക.
2 : ഞാന്‍ നിങ്ങള്‍ക്കു മുന്‍പേ ഒരു ദൂതനെ അയയ്ക്കും. കാനാന്‍കാരെയും അമോര്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ ഓടിച്ചുകളയും.
3 : തേനും പാലുമൊഴുകുന്ന നാട്ടിലേക്കു പോകുവിന്‍. ഞാന്‍ നിങ്ങളുടെകൂടെ വരുന്നില്ല; വന്നാല്‍ നിങ്ങളുടെ ദുശ്ശാഠ്യം നിമിത്തം വഴിയില്‍വച്ചു നിങ്ങളെ നശിപ്പിച്ചുകളയും.
4 : അശുഭമായ ഈ വാര്‍ത്തകേട്ട് അവര്‍ വിലപിച്ചു. ആരും ആഭരങ്ങളണിഞ്ഞില്ല.
5 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തിരുന്നു: നീ ഇസ്രായേല്‍ക്കാരോടു പറയുക; നിങ്ങള്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണ്. ഒരു നിമിഷത്തേക്കു നിങ്ങളുടെകൂടെ സഞ്ചരിച്ചാല്‍മതി നിങ്ങളെ ഞാന്‍ നശിപ്പിച്ചുകളയും. നിങ്ങളുടെ ആഭരണങ്ങള്‍ അഴിച്ചുമാറ്റുവിന്‍. നിങ്ങളോടെന്തു ചെയ്യണമെന്നു ഞാന്‍ നിശ്ചയിക്കും.
6 : ഹോറെബുമലയുടെ സമീപത്തുവച്ച് ഇസ്രായേല്‍ജനം ആഭരണങ്ങള്‍ അഴിച്ചു മാറ്റി.
സമാഗമകൂടാരം
7 : പാളയത്തിനു പുറത്ത് അകലെയായി മോശ ഒരു കൂടാരമടിക്കുക പതിവായിരുന്നു. അവന് അതിനെ സമാഗമകൂടാരമെന്നു വിളിച്ചു. കര്‍ത്താവിന്റെ ഹിതം അറിയാന്‍ ആഗ്രഹിച്ചവരൊക്കെ പാളയത്തിനു വെളിയിലുള്ള ഈ കൂടാരത്തിലേക്കു പോയിരുന്നു.
8 : മോശ ഈ കൂടാരത്തിലേക്കു പോകുന്ന അവസരങ്ങളിലൊക്കെ ജനം എഴുന്നേറ്റ് ഓരോരുത്തനും സ്വന്തം കൂടാരത്തിന്റെ വാതില്ക്കല് നിന്നുകൊണ്ട്, മോശ കൂടാരത്തിനുള്ളില്‍ കടക്കുന്നതുവരെ അവനെ വീക്ഷിച്ചിരുന്നു.
9 : മോശ കൂടാരത്തില്‍ പ്രവേശിക്കുമ്പോള്‍ മേഘസ്തംഭം ഇറങ്ങിവന്നു കൂടാരവാതില്ക്കല് നില്ക്കും. അപ്പോള്‍ കര്‍ത്താവു മോശയോടു സംസാരിക്കും.
10 : മേഘസ്തംഭം കൂടാരവാതില്ക്കല് നില്ക്കുന്നതു കാണുമ്പോള്‍ ജനം എഴുന്നേറ്റ് ഓരോരുത്തനും സ്വന്തം കൂടാരത്തിന്റെ വാതില്ക്കല് കുമ്പിട്ടാരാധിച്ചിരുന്നു.
11 : സ്നേഹിതനോടെന്നപോലെ കര്‍ത്താവു മോശയോടു മുഖാഭിമുഖം സംസാരിച്ചിരുന്നു. അതിനുശേഷം, മോശ പാളയത്തിലേക്കു മടങ്ങിപ്പോകും. എന്നാല്‍ അവന്റെ സേവകനും നൂനിന്റെ പുത്രനുമായ ജോഷ്വ എന്നയുവാവ് കൂടാരത്തെ വിട്ടു പോയിരുന്നില്ല.
കര്‍ത്താവ് ജനത്തോടുകൂടെ
12 : മോശ കര്‍ത്താവിനോടു പറഞ്ഞു: ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോട് ആജ്ഞാപിക്കുന്നു. എന്നാല്‍, ആരെയാണ് എന്റെ കൂടെ അയയ്ക്കുക എന്ന് അറിയിച്ചിട്ടില്ല. എന്നിട്ടും, എനിക്കു നിന്നെ നന്നായിട്ടറിയാം, നീ എന്റെ പ്രീതി നേടിയിരിക്കുന്നു എന്ന് അവിടുന്നു പറയുന്നു.
13 : അങ്ങ് എന്നില്‍ സംപ്രീതനാണെങ്കില്‍ അങ്ങയുടെ വഴികള്‍ എനിക്കു കാണിച്ചുതരുക. അങ്ങനെ, ഞാന്‍ അങ്ങയെ അറിയുകയും പ്രീതിപ്പെടുത്തുകയും ചെയ്യട്ടെ. ഈ ജനത അങ്ങയുടെ സ്വന്തം ജനമാണെന്ന് ഓര്‍മിച്ചാലും.
14 : കര്‍ത്താവു പറഞ്ഞു: ഞാന്‍ തന്നെ നിന്നോടുകൂടെ വരുകയും നിനക്ക് ആശ്വാസം നല്‍കുകയും ചെയ്യും.
15 : മോശ പറഞ്ഞു: അങ്ങു ഞങ്ങളോടുകൂടെ വരുകയില്ലെങ്കില്‍, ഞങ്ങളെ ഇവിടെനിന്നു പറഞ്ഞയയ്ക്കരുത്.
16 : അങ്ങു പോരുന്നില്ലെങ്കില്‍, അങ്ങ് എന്നിലും അങ്ങയുടെ ജനത്തിലും സംപ്രീതനാണെന്ന് എങ്ങനെ വെളിപ്പെടും? അങ്ങു ഞങ്ങളോടൊത്തു യാത്ര ചെയ്യുമെങ്കില്‍, ഞാനും അങ്ങയുടെ ജനവും ഭൂമുഖത്തുള്ള എല്ലാ ജനതകളിലും നിന്നു വ്യത്യസ്തരായിരിക്കും.
17 : കര്‍ത്താവു മോശയോടു പറഞ്ഞു: നീ ആവശ്യപ്പെട്ട ഈ കാര്യവും ഞാന്‍ ചെയ്യും. എന്തെന്നാല്‍, നീ എന്റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്കു നന്നായി അറിയാം.
18 : മോശ പറഞ്ഞു: അങ്ങയുടെ മഹത്വം എനിക്കു കാണിച്ചുതരണമെന്നു ഞാന്‍ അപേക്ഷിക്കുന്നു.
19 : അവിടുന്ന് അരുളിച്ചെയ്തു: എന്റെ മഹത്വം നിന്റെ മുന്‍പിലൂടെ കടന്നുപോകും. കര്‍ത്താവ് എന്ന എന്റെ നാമം നിന്റെ മുന്പില് ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്യും. എനിക്ക് ഇഷ്ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും. എനിക്ക് ഇഷ്ടമുള്ളവനോടു ഞാന്‍ കരുണ കാണിക്കും.
20 : അവിടുന്നു തുടര്‍ന്നു: നീ എന്റെ മുഖം കണ്ടുകൂടാ; എന്തെന്നാല്‍, എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല.
21 : കര്‍ത്താവു പറഞ്ഞു: ഇതാ എന്റെ അടുത്തുള്ള ഈ പാറമേല്‍ നീ നില്ക്കുക.
22 : എന്റെ മഹത്വം കടന്നു പോകുമ്പോള്‍ നിന്നെ ഈ പാറയുടെ ഒരിടുക്കില്‍ ഞാന്‍ നിര്‍ത്തും. ഞാന്‍ കടന്നുപോകുമ്പോള്‍ എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും.
23 : അതിനുശേഷം ഞാന്‍ കൈ മാറ്റും. അപ്പോള്‍ നിനക്ക് എന്റെ പിന്‍ഭാഗം കാണാം. എന്നാല്‍ എന്റെ മുഖം നീ കാണുകയില്ല.
-------------------------------
അദ്ധ്യായം 34
വീണ്ടും ഉടമ്പടിപ്പത്രിക
1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ആദ്യത്തേതുപോലുള്ള രണ്ടു കല്പലക ചെത്തിയെടുക്കുക. നീ ഉടച്ചുകളഞ്ഞ പലകകളിലുണ്ടായിരുന്ന വാക്കുകള്‍ തന്നെ ഞാന്‍ അതില്‍ എഴുതാം.
2 : പ്രഭാതത്തില്‍ത്തന്നെ തയ്യാറായി, സീനായ്മലമുകളില്‍ എന്റെ മുന്പില് നീ സന്നിഹിതനാകണം.
3 : ആരും നിന്നോടൊന്നിച്ചു കയറിവരരുത്. മലയിലെങ്ങും ആരും ഉണ്ടായിരിക്കുകയുമരുത്. മലയുടെ അടുത്തെങ്ങും ആടുകളോ മാടുകളോ മേയരുത്.
4 : ആദ്യത്തേതുപോലുളള രണ്ടു കല്പലക മോശ ചെത്തിയെടുത്തു. കര്‍ത്താവു കല്പിച്ചതനുസരിച്ച് അവന് അതിരാവിലെ എഴുന്നേറ്റു കല്പലകകള് കൈയിലെടുത്ത് സീനായ്മലയിലേക്കു കയറിപ്പോയി.
5 : കര്‍ത്താവു മേഘത്തില്‍ ഇറങ്ങി വന്ന് അവന്റെ അടുക്കല്‍ നില്‍ക്കുകയും കര്‍ത്താവ് എന്നതന്റെ നാമം പ്രഖ്യാപിക്കുകയും ചെയ്തു.
6 : അവിടുന്ന് ഇപ്രകാരം ഉദ്ഘോഷിച്ചുകൊണ്ട് അവന്റെ മുന്‍പിലൂടെ കടന്നു പോയി: കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍;
7 : തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കരുണ കാണിക്കുന്നവന്; എന്നാല്‍, കുറ്റവാളിയുടെനേരേ കണ്ണടയ്ക്കാതെ പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്കു മക്കളെയും മക്കളുടെ മക്കളെയും മൂന്നും നാലും തലമുറയോളം ശിക്ഷിക്കുന്നവന്.
8 : മോശ ഉടനെ നിലംപറ്റെ കുമ്പിട്ടാരാധിച്ചു.
9 : അവന് പറഞ്ഞു: അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍, കര്‍ത്താവേ, അങ്ങയോടു ഞാന്‍ അപേക്ഷിക്കുന്നു: ഞങ്ങള്‍ ദുശ്ശാഠ്യക്കാരാണെങ്കിലും അങ്ങു ഞങ്ങളോടുകൂടെ വരണമേ! ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കുകയും ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിക്കുകയും ചെയ്യണമേ!
10 : അവിടുന്ന് അരുളിച്ചെയ്തു: ഇതാ, ഞാന്‍ ഒരു ഉടമ്പടിചെയ്യുന്നു. ലോകത്തിലൊരിടത്തും ഒരു ജനതയുടെയിടയിലും നടന്നിട്ടില്ലാത്ത തരം അദ്ഭുതങ്ങള്‍ നിന്റെ ജനത്തിന്റെ മുന്പില് ഞാന്‍ പ്രവര്‍ത്തിക്കും; നിന്റെ ചുറ്റുമുള്ള ജനതകള്‍ കര്‍ത്താവിന്റെ പ്രവൃത്തി കാണും. നിനക്കുവേണ്ടി ഞാന്‍ ചെയ്യാന്‍ പോകുന്നത് ഭയാനകമായ ഒരു കാര്യമാണ്.
11 : ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്നതു നീ അനുസരിക്കണം. നിന്റെ മുന്പില് നിന്ന് അമോര്യരെയും കാനാന്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ ഓടിക്കും.
12 : നിങ്ങള്‍ പ്രവേശിക്കുന്ന ദേശത്തെ നിവാസികളുമായി ഒരുടമ്പടിയിലുമേര്‍പ്പെടരുത്. ഏര്‍പ്പെട്ടാല്‍, അതു നിങ്ങള്‍ക്ക് ഒരു കെണിയായിത്തീരും.
13 : നിങ്ങള്‍ അവരുടെ ബലിപീഠങ്ങളും വിശുദ്ധ സ്തംഭങ്ങളും തകര്‍ക്കുകയും അഷേരാദേവതയുടെ പ്രതിഷ്ഠകള്‍ നശിപ്പിക്കുകയും ചെയ്യണം.
14 : മറ്റൊരു ദൈവത്തെയും ആരാധിക്കരുത്. എന്തെന്നാല്‍, അസഹിഷ്ണു എന്നു പേരുള്ള കര്‍ത്താവ് അസഹിഷ്ണുവായ ദൈവം തന്നെ.
15 : ആ ദേശത്തെനിവാസികളുമായി നിങ്ങള്‍ ഉടമ്പടിചെയ്യരുത്. ചെയ്താല്‍, തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും അവര്‍ക്കു ബലിയര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ക്ഷണിക്കുകയും അവരുടെ ബലിവസ്തു ഭക്ഷിക്കാന്‍ നിങ്ങള്‍ക്കിടവരുകയും ചെയ്തേക്കാം.
16 : അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാരെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും ആ പുത്രിമാര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും നിങ്ങളുടെ പുത്രന്മാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തെന്നുവരാം.
17 : നിങ്ങള്‍ക്കായി ദേവന്മാരെ വാര്‍ത്തുണ്ടാക്കരുത്.
18 : പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ നിങ്ങള്‍ ആചരിക്കണം. ഞാന്‍ കല്പിച്ചിട്ടുള്ളതുപോലെ അബീബുമാസത്തില്‍ ഏഴു നിശ്ചിത ദിവസങ്ങളില്‍ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. കാരണം, അബീബു മാസത്തിലാണ് നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടത്.
19 : ആദ്യജാതരെല്ലാം എനിക്കുള്ളതാണ്; ആടുമാടുകളുടെ കടിഞ്ഞൂലുകളും എന്റേതാണ്.
20 : കഴുതയുടെ കടിഞ്ഞൂലിനെ ഒരാട്ടിന്‍കുട്ടിയെ നല്കി വീണ്ടെടുക്കാം. വീണ്ടെടുക്കുന്നില്ലെങ്കില്‍, അതിനെ കഴുത്തുഞെരിച്ചു കൊല്ലണം. നിങ്ങളുടെ പുത്രന്മാരില് എല്ലാ ആദ്യജാതരെയും വീണ്ടടുക്കണം. വെറുംകൈയോടെ ആരും എന്റെ മുന്പില് വന്നുകൂടാ. ആറുദിവസം നിങ്ങള്‍ ജോലി ചെയ്യുക.
21 : ഏഴാംദിവസം വിശ്രമിക്കണം; ഉഴവുകാലത്തോകൊയ്ത്തുകാലത്തോ ആയാലും വിശ്രമിക്കണം.
22 : ഗോതമ്പുവിളയുടെ ആദ്യഫലങ്ങള്‍കൊണ്ട് നിങ്ങള്‍ വാരോത്സവം ആഘോഷിക്കണം; വര്‍ഷാവസാനം സംഭരണത്തിരുന്നാളും.
23 : വര്‍ഷത്തില്‍ മൂന്നു തവണ നിങ്ങളുടെ പുരുഷന്മാരെല്ലാവരും ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ മുന്പില് ഹാജരാകണം.
24 : ഞാന്‍ നിങ്ങളുടെ മുന്പില് നിന്നു ജനതകളെ നിഷ്കാസനം ചെയ്യും. നിങ്ങളുടെ അതിര്‍ത്തികള്‍ ഞാന്‍ വിപുലമാക്കും. വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മുമ്പില്‍ ഹാജരാകാന്‍വേണ്ടി നിങ്ങള്‍ പോകുമ്പോള്‍ ആരും നിങ്ങളുടെ ഭൂമി കൈയടക്കാന്‍ ശ്രമിക്കുകയില്ല.
25 : പുളിപ്പുള്ള അപ്പത്തോടൊപ്പം എനിക്കു രക്തബലിയര്‍പ്പിക്കരുത്. പെസഹാത്തിരുനാളിലെ ബലിവസ്തു പ്രഭാതംവരെ അവശേഷിക്കുകയുമരുത്.
26 : ഭൂമിയുടെ ആദ്യഫലങ്ങളില്‍ ഏറ്റവും മികച്ചത് നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തില്‍ കൊണ്ടുവരണം. ആട്ടിന്‍കുട്ടിയെ അതിന്റെ തള്ളയുടെ പാലില്‍ വേവിക്കരുത്.
27 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഈ വചനങ്ങള്‍ രേഖപ്പെടുത്തുക. നിന്നോടും ഇസ്രായേല്‍ ജനത്തോടും ഞാന്‍ ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥകളാണിവ.
28 : മോശ നാല്പതു പകലും നാല്പതു രാവും കര്‍ത്താവിനോടുകൂടെ അവിടെ ചെലവഴിച്ചു. അവന് ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്തില്ല. ഉടമ്പടിയുടെ വചനങ്ങളായ പത്തു പ്രമാണങ്ങള്‍ അവന് പലകകളില്‍ എഴുതി.
29 : രണ്ടു സാക്ഷ്യഫലകങ്ങളും വഹിച്ചുകൊണ്ട് മോശ സീനായ് മലയില്‍നിന്നു താഴേക്കു വന്നു. ദൈവവുമായി സംസാരിച്ചതിനാല്‍ തന്റെ മുഖം തേജോമയമായി എന്നകാര്യം അവന് അറിഞ്ഞില്ല.
30 : അഹറോനും ഇസ്രായേല്‍ജനവും മോശയുടെ മുഖം പ്രശോഭിക്കുന്നതു കണ്ടു. അവനെ സമീപിക്കാന്‍ അവര്‍ ഭയപ്പെട്ടു.
31 : മോശ അവരെ വിളിച്ചു. അഹറോനും സമൂഹനേതാക്കന്മാരും അടുത്തുചെന്നു.
32 : മോശ അവരോടു സംസാരിച്ചു. അനന്തരം, ജനം അടുത്തുചെന്നു. സീനായ്മലയില്‍വച്ചു കര്‍ത്താവു തന്നോടു സംസാരിച്ചതെല്ലാം അവന് അവര്‍ക്കു കല്പനയായി നല്കി.
33 : സംസാരിച്ചു തീര്‍ന്നപ്പോള്‍ മോശ ഒരു മൂടുപടംകൊണ്ടു മുഖം മറച്ചു.
34 : അവന് കര്‍ത്താവിനോടു സംസാരിക്കാന്‍ തിരുമുന്പില് ചെല്ലുമ്പോഴോ, അവിടെനിന്നു പുറത്തുവരുന്നതുവരെയോ മൂടുപടം ധരിച്ചിരുന്നില്ല. അവന് പുറത്തുവന്ന് അവിടുന്ന് തന്നോടു കല്പിച്ചവയെല്ലാം ഇസ്രായേല്‍ ജനത്തോടു പറഞ്ഞിരുന്നു.
35 : ഇസ്രായേല്‍ജനം മോശയുടെ മുഖം കണ്ടു; മോശയുടെ മുഖം പ്രകാശിച്ചിരുന്നു. കര്‍ത്താവിനോടു സംസാരിക്കാന്‍ അകത്തു പ്രവേശിക്കുന്നതുവരെ മോശ മുഖം മറച്ചിരുന്നു.
------------------------
അദ്ധ്യായം 35
സാബത്തു വിശ്രമം
1 : മോശ ഇസ്രായേല്‍ സമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: നിങ്ങള്‍ അനുഷ്ഠിക്കണമെന്നു കര്‍ത്താവു കല്പിച്ചിട്ടുള്ളത് ഇവയാണ്:
2 : ആറു ദിവസം ജോലിചെയ്യുക. ഏഴാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധ ദിനമായിരിക്കണം - കര്‍ത്താവിനു സമര്‍പ്പിതവും വിശ്രമത്തിനുള്ളതുമായ സാബത്തുദിനം. അന്നു ജോലി ചെയ്യുന്ന ഏവനും വധിക്കപ്പെടണം.
3 : നിങ്ങളുടെ വസതികളില്‍ അന്നു തീ കത്തിക്കരുത്.
കൂടാരനിര്‍മാണത്തിനു കാഴ്ചകള്‍
4 : ഇസ്രായേല്‍ സമൂഹത്തോടു മോശ പറഞ്ഞു: ഇതാണ് കര്‍ത്താവു കല്പിച്ചിരിക്കുന്നത്.
5 : നിങ്ങള്‍ കര്‍ത്താവിനു കാണിക്കകൊണ്ടുവരുവിന്‍. ഉദാരമനസ്കര്‍ കര്‍ത്താവിനു കാഴ്ചകൊണ്ടുവരട്ടെ: സ്വര്‍ണം, വെള്ളി, ഓട്,
6 : നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളിലുള്ള നൂലുകള്‍, നേര്‍മയില്‍ നെയ്തെടുത്ത ചണവസ്ത്രം, കോലാട്ടിന്‍രോമം;
7 : ഊറയ്ക്കിട്ട മുട്ടാടിന്‍തോല്, നിലക്കരടിത്തോല്, കരുവേലത്തടി,
8 : വിളക്കിനുള്ള എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനുമുള്ള സുഗന്ധവസ്തുക്കള്‍;
9 : ഗോമേദകരത്നങ്ങള്‍, എഫോദിനും ഉര സ്ത്രാണത്തിനുമുള്ള രത്നങ്ങള്‍.
10 : നിങ്ങളില്‍ ശില്പവൈദഗ്ധ്യമുള്ളവര്‍ മുന്പോട്ടുവന്ന് കര്‍ത്താവ് ആജ്ഞാപിച്ചിരിക്കുന്നവയെല്ലാം നിര്മിക്കട്ടെ: വിശുദ്ധ കൂടാരം,
11 : അതിന്റെ വിരികള്‍, കൊളുത്തുകള്‍, ചട്ടങ്ങള്‍, അഴികള്‍, തൂണുകള്‍, അവയുടെ പാദകുടങ്ങള്‍;
12 : പേടകം, അതിന്റെ തണ്ടുകള്‍, കൃപാസനം, തിരശ്ശീല;
13 : മേശ, അതിന്റെ തണ്ടുകള്‍, ഉപകരണങ്ങള്‍, തിരുസാന്നിധ്യത്തിന്റെ അപ്പം;
14 : വിളക്കുകാല്, അതിന്റെ ഉപകരണങ്ങള്‍, വിളക്കുകള്‍, എണ്ണ,
15 : ധൂപപീഠം, അതിന്റെ തണ്ടുകള്‍, അഭിഷേകതൈലം, ധൂപത്തിനുള്ള സുഗന്ധദ്രവ്യം, കൂടാരവാതിലിനു വേണ്ട യവനിക;
16 : ദഹന ബലിപീഠം, ഓടുകൊണ്ടുള്ള അതിന്റെ ചട്ടക്കൂട്, തണ്ടുകള്‍, മറ്റുപകരണങ്ങള്‍, ക്ഷാളനപാത്രം, അതിന്റെ പീഠം;
17 : അങ്കണത്തെ മറയ്ക്കുന്ന വിരികള്‍, അവയ്ക്കുള്ള തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, അങ്കണ കവാടത്തിന്റെ യവനിക;
18 : കൂടാരത്തിനും അങ്കണത്തിനും വേണ്ട കുറ്റികള്‍, കയറുകള്‍;
19 : വിശുദ്ധ സ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ട തിരുവസ്ത്രങ്ങള്‍, പുരോഹിതനായ അഹറോനും പുരോഹിതശുശ്രൂഷ ചെയ്യുന്ന അവന്റെ പുത്രന്മാര്ക്കും അണിയാനുള്ള വിശുദ്ധ വസ്ത്രങ്ങള്‍.
20 : ഇസ്രായേല്‍സമൂഹം മോശയുടെ മുന്പില്നിന്നു പിരിഞ്ഞുപോയി.
21 : ആന്തരിക പ്രചോദനം ലഭിച്ച ഉദാരമനസ്കര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ കാഴ്ചകള്‍ കൊണ്ടുവന്നു. അതു സമാഗമകൂടാരത്തിനും അതിലെ ശുശ്രൂഷയ്ക്കും വിശുദ്ധ വസ്ത്രങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു.
22 : ഉദാരമന സ്കരായ സ്ത്രീപുരുഷന്മാര് കാഴ്ചകളുമായിവന്നു. അവര്‍ സൂചിപ്പതക്കങ്ങളും കര്‍ണവളയങ്ങളും അംഗുലീയങ്ങളും തോള്‍വളകളും എല്ലാത്തരം സ്വര്‍ണാഭരണങ്ങളും കൊണ്ടുവന്നു. അങ്ങനെ, ഓരോരുത്തരും കര്‍ത്താവിനു സ്വര്‍ണം കൊണ്ടുള്ള കാഴ്ച സമര്‍പ്പിച്ചു.
23 : ഓരോരുത്തരും കൈവശം ഉണ്ടായിരുന്ന നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകളും നേര്‍മയുള്ള ചണത്തുണിയും കോലാട്ടിന്‍ രോമവും ഊറയ്ക്കിട്ട മുട്ടാടിന്‍തോലും നിലക്കരടിത്തോലും കൊണ്ടുവന്നു.
24 : വെള്ളിയോ, ഓടോ അര്‍പ്പിക്കാന്‍ കഴിവുണ്ടായിരുന്നവര്‍ അതു കൊണ്ടുവന്നു കര്‍ത്താവിനു കാഴ്ചവെച്ചു. ഏതെങ്കിലും പണിക്കുതകുന്ന കരുവേലത്തടി കൈവശമുണ്ടായിരുന്നവര്‍ അതുകൊണ്ടുവന്നു.
25 : കരവിരുതുള്ള സ്ത്രീകള്‍ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളില്‍ സ്വന്തം കൈകൊണ്ടു പിരിച്ചെടുത്ത നൂലുകളും നേര്‍മയില്‍ നെയ്ത ചണത്തുണിയും കൊണ്ടുവന്നു.
26 : നൈപുണ്യവും സന്നദ്ധതയുമുണ്ടായിരുന്ന സ്ത്രീകള്‍ കോലാട്ടിന്‍ രോമംകൊണ്ടു നൂലുണ്ടാക്കി.
27 : നേതാക്കന്മാര് എഫോദിനും ഉരസ്ത്രാണത്തിനും വേണ്ട ഗോമേദകങ്ങളും മറ്റുരത്നങ്ങളും,
28 : വിളക്കിനും അഭിഷേകതൈലത്തിനും ധൂപത്തിനും ആവശ്യമായ സുഗന്ധദ്രവ്യങ്ങളും എണ്ണയും കൊണ്ടുവന്നു.
29 : കര്‍ത്താവു മോശവഴി ആജ്ഞാപിച്ച ജോലികളുടെ നിര്‍വഹണത്തിന് ഇസ്രായേലിലെ സ്ത്രീപുരുഷന്മാരോരുത്തരും തങ്ങളുടെ ഉള്‍പ്രേരണയനുസരിച്ച് ഓരോ സാധനം കൊണ്ടുവന്ന് സ്വമേധയാ കര്‍ത്താവിനു കാഴ്ചവച്ചു.
30 : മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: യൂദാഗോത്രത്തിലെ ഹൂറിന്റെ പുത്രനായ ഊറിയുടെ മകന് ബസാലേലിനെ കര്‍ത്താവു പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു.
31 : അവിടുന്ന് അവനില്‍ ദൈവിക ചൈതന്യം നിറച്ചിരിക്കുന്നു. സാമര്‍ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുമുള്ള വൈദഗ്ധ്യവും നല്കി അവനെ അനുഗ്രഹിച്ചിരിക്കുന്നു.
32 : കലാരൂപങ്ങള്‍ ആസൂത്രണം ചെയ്യുക, സ്വര്‍ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക,
33 : പതിക്കാനുള്ള രത്നങ്ങള്‍ ചെത്തിമിനുക്കുക, തടിയില്‍ കൊത്തുപണി ചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്ക്കും വേണ്ടിയാണിത്.
34 : അവിടുന്ന് അവനും ദാന്‍ഗോത്രത്തിലെ അഹിസാമാക്കിന്റെ പുത്രന് ഒഹോലിയാബിനും മറ്റുള്ളവരെ പഠിപ്പിക്കാന്‍ തക്ക കഴിവു നല്കിയിരിക്കുന്നു.
35 : കൊത്തുപണിക്കാരനോ രൂപസംവിധായകനോ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളിലുള്ള നൂലുകൊണ്ടോ നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണിയിലോ ചിത്രത്തുന്നല്‍ നടത്തുന്നവനോ നെയ്ത്തുകാരനോ മറ്റേതെങ്കിലും തൊഴില്‍ക്കാരനോ ശില്‍പകലാവിദഗ്ധനോ ചെയ്യുന്ന ഏതുതരം ജോലിയിലുമേര്‍പ്പെടുന്നതിനും വേണ്ട തികഞ്ഞകഴിവ് അവിടുന്ന് അവര്‍ക്കു നല്കി.

അദ്ധ്യായം 36
വിശുദ്ധ കൂടാരത്തിന്റെ നിര്‍മാണം
1 : വിശുദ്ധ സ്ഥലത്തിന്റെ നിര്‍മാണത്തിനായി ഏതു ജോലിയും ചെയ്യാന്‍പോന്ന അറിവും സാമര്‍ഥ്യവുംനല്‍കി കര്‍ത്താവ് അനുഗ്രഹിച്ച ബസാലേലും ഒഹോലിയാബും കരവിരുതുള്ള മറ്റാളുകളും അവിടുന്നു കല്പിച്ചതനുസരിച്ചു ജോലിചെയ്യണം.
2 : ബസാലേലിനെയും, ഒഹോലിയാബിനെയും, കര്‍ത്താവ് അറിവും സാമര്‍ഥ്യവും നല്കി അനുഗ്രഹിച്ചവരും ജോലിചെയ്യാന്‍ ഉള്‍പ്രേരണ ലഭിച്ചവരുമായ എല്ലാവരെയും മോശ വിളിച്ചുകൂട്ടി.
3 : വിശുദ്ധ കൂടാരത്തിന്റെ പണിക്കുവേണ്ടി ഇസ്രായേല്‍ജനം കൊണ്ടുവന്ന കാഴ്ചകളെല്ലാം മോശയുടെ അടുക്കല്‍ നിന്ന് അവര്‍ സ്വീകരിച്ചു. എല്ലാ പ്രഭാതത്തിലും ജനങ്ങള്‍ സ്വമേധയാ കാഴ്ചകള്‍ കൊണ്ടുവന്നിരുന്നു.
4 : അതിനാല്‍, വിശുദ്ധ കൂടാരത്തിന്റെ വിവിധതരം പണികളിലേര്‍പ്പെട്ടിരുന്ന വിദഗ്ധന്‍മാരെല്ലാവരും ജോലിനിര്‍ത്തി മോശയുടെയടുത്തു വന്നു.
5 : അവര്‍ മോശയോടു പറഞ്ഞു: കര്‍ത്താവു നമ്മോടു കല്പിച്ചിട്ടുള്ള ജോലിക്കാവശ്യമായതില്‍ കൂടുതല്‍ വസ്തുക്കള്‍ ജനങ്ങള്‍ കൊണ്ടുവരുന്നു.
6 : ഉടനെ മോശ പാളയത്തിലെങ്ങും ഒരു കല്പന വിളംബരം ചെയ്തു. വിശുദ്ധ കൂടാരത്തിനു വേണ്ടി പുരുഷനോ, സ്ത്രീയോ ആരും ഇനി കാണിക്ക കൊണ്ടുവരേണ്ടതില്ല. അങ്ങനെ, ജനങ്ങള്‍ കാണിക്ക കൊണ്ടുവരുന്നത് അവന് നിയന്ത്രിച്ചു.
7 : എല്ലാ പണികള്‍ക്കും ആവശ്യമായതില്‍ക്കവിഞ്ഞ വസ്തുക്കള്‍ അവര്‍ക്കു ലഭിച്ചിരുന്നു.
8 : പണിയില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ വിദഗ്ധരായവര്‍ പത്തു വിരികള്‍കൊണ്ടു കൂടാരമുണ്ടാക്കി. അവനീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍നെയ്തെടുത്ത ചണത്തുണിയും കൊണ്ടു നിര്‍മിച്ചവയും കെരൂബുകളുടെ ചിത്രം തുന്നിയലങ്കരിച്ചവയുമായിരുന്നു.
9 : ഓരോ വിരിയുടെയും നീളം ഇരുപത്തെട്ടു മുഴവും വീതി നാലു മുഴവുമായിരുന്നു. എല്ലാ വിരികളും ഒരേ അളവിലുള്ളതായിരുന്നു.
10 : അവര്‍ അഞ്ചു വിരികള്‍ ഒന്നിനൊന്നു യോജിപ്പിച്ചു; അതുപോലെ മറ്റേ അഞ്ചു വിരികളും.
11 : ആദ്യഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കില്‍ നീല നൂല്കൊണ്ട് അവര്‍ വളയങ്ങള്‍ നിര്‍മിച്ചു; അപ്രകാരംതന്നെ രണ്ടാം ഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കിലും.
12 : ഒന്നാമത്തേതിലും രണ്ടാമത്തേതിലും അന്‍പതു വളയങ്ങള്‍ വീതമുണ്ടാക്കി. ഒന്നിനുനേരേ ഒന്നു വരത്തക്കവിധത്തിലാണ് വളയങ്ങള്‍ നിര്‍മിച്ചത്.
13 : അന്‍പതു സ്വര്‍ണക്കൊളുത്തുകളുണ്ടാക്കി, വിരികള്‍ പരസ്പരം ബന്ധിച്ചു. അങ്ങനെ, കൂടാരം ഒന്നായിത്തീര്‍ന്നു.
14 : കൂടാരത്തിന്റെ മുകള്ഭാഗം മൂടുന്നതിന് കോലാട്ടിന്‍രോമംകൊണ്ട് അവര്‍ പതിനൊന്നു വിരികളുണ്ടാക്കി.
15 : ഓരോ വിരിയുടെയും നീളം മുപ്പതു മുഴവും വീതി നാലു മുഴവുമായിരുന്നു. പതിനൊന്നു വിരികള്‍ക്കും ഒരേ അളവുതന്നെ.
16 : അവര്‍ അഞ്ചു വിരികള്‍ ഒന്നോടൊന്നു തുന്നിച്ചേര്‍ത്തു; അതുപോലെ മറ്റേ ആറുവിരികളും.
17 : ഇരുഗണത്തെയും തമ്മില്‍ യോജിപ്പിക്കുന്ന വിരികളുടെ വിളുമ്പുകളില്‍ അന്‍പതു വളയങ്ങള്‍വീതം നിര്‍മിച്ചു.
18 : കൂടാരം കൂട്ടിയോജിപ്പിക്കാന്‍ ഓടുകൊണ്ട് അന്‍പതുകൊളുത്തുകളുമുണ്ടാക്കി.
19 : കൂടാരത്തിന് ഊറയ്ക്കിട്ട മുട്ടാടിന്‍തോലുകൊണ്ട് ഒരാവരണവും അതിനുമീതേ നിലക്കരടിത്തോലുകൊണ്ട് വേറൊരാവരണവും നിര്‍മിച്ചു.
20 : കൂടാരത്തിന് കരുവേലപ്പലകകള്‍കൊണ്ടു നിവര്‍ന്നു നില്ക്കുന്ന ചട്ടങ്ങളുമുണ്ടാക്കി.
21 : ഓരോ പലകയുടെയും നീളം പത്തു മുഴമായിരുന്നു; വീതി ഒന്നര മുഴവും.
22 : പലകകളെ തമ്മില്‍ച്ചേര്‍ക്കുന്നതിന് ഓരോ പലകയിലും ഈരണ്ടു കുടുമകള് ഉണ്ടായിരുന്നു. എല്ലാ പലകകളും ഇങ്ങനെതന്നെയാണുണ്ടാക്കിയത്.
23 : അവര്‍ കൂടാരത്തിനുള്ള ചട്ടപ്പലകകള്‍ ഇപ്രകാരമാണുണ്ടാക്കിയത്: തെക്കുവശത്ത് ഇരുപതു പലകകള്‍;
24 : ഇരുപതു പലകകളുടെ അടിയില്‍ വെള്ളികൊണ്ട് നാല്പതു പാദകുടങ്ങള്‍ - ഓരോ പലകയുടെയും അടിയില്‍ കുടുമയ്ക്ക് ഒന്നുവീതം രണ്ടു പാദകുടങ്ങള്‍.
25 : കൂടാരത്തിന്റെ വടക്കുവശത്ത് അവര്‍ ഇരുപതു പലകകളുണ്ടാക്കി.
26 : ഓരോ പലകയ്ക്കുമടിയില്‍ രണ്ടുവീതം വെള്ളികൊണ്ടുള്ള നാല്പതു പാദകുടങ്ങളും ഉണ്ടാക്കി.
27 : കൂടാരത്തിന്റെ പിന്‍ഭാഗമായ പടിഞ്ഞാറുവശത്ത് ആറു പലകകളുണ്ടാക്കി;
28 : കൂടാരത്തിന്റെ പിന്‍ഭാഗത്തെ രണ്ടു മൂലകള്‍ക്കായി രണ്ടു പലകകളും.
29 : അവയുടെ ചുവടുകള്‍ അകത്തിയും മുകള്ഭാഗം ഒരു വളയംകൊണ്ടു യോജിപ്പിച്ചും നിര്‍ത്തി. ഇരുമൂലകളിലുമുള്ള രണ്ടു പലകകള്‍ക്കും ഇപ്രകാരം ചെയ്തു.
30 : അങ്ങനെ, എട്ടു പലകകളും, ഒരു പലകയുടെ അടിയില്‍ രണ്ടുവീതം വെള്ളികൊണ്ടുള്ള പതിനാറു പാദകുടങ്ങളുമുണ്ടായിരുന്നു.
31 : കരുവേലത്തടികൊണ്ട് അവര്‍ അഴികള്‍ നിര്‍മിച്ചു. കൂടാരത്തിന്റെ ഒരുവശത്തെ പലകകള്‍ക്ക് അഞ്ച് അഴികള്‍.
32 : മറുവശത്തുള്ള പലകകള്‍ക്കും അഞ്ച് അഴികള്‍. കൂടാരത്തിന്റെ പിന്‍ഭാഗമായ പടിഞ്ഞാറുവശത്തെ പലകകള്‍ക്കും അഞ്ച് അഴികള്‍.
33 : നടുവിലുള്ള അഴി പലകയുടെ പകുതി ഉയരത്തില്‍ വച്ച് ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കടത്തിവിട്ടു.
34 : അവര്‍ പലകകളും അഴികളും സ്വര്‍ണംകൊണ്ടു പൊതിയുകയും അഴികള്‍ കടത്താനുള്ള വളയങ്ങള്‍ സ്വര്‍ണംകൊണ്ടു നിര്‍മിക്കുകയും ചെയ്തു.
35 : നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ് തെടുത്ത ചണത്തുണിയുമുപയോഗിച്ച് തിരശ്ശീലയുണ്ടാക്കി. കെരൂബുകളുടെ ചിത്രം വിദഗ്ധമായി തുന്നിച്ചേര്‍ത്ത് അതലങ്കരിച്ചു.
36 : അവര്‍ കരുവേലത്തടികൊണ്ടു നാലു തൂണുകളുണ്ടാക്കി, സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. അവയ്ക്കു സ്വര്‍ണംകൊണ്ടു കൊളുത്തുകളും വെള്ളികൊണ്ടു നാലു പാദകുടങ്ങളും പണിതു.
37 : നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്ത് ചിത്രത്തുന്നല്‍കൊണ്ട് അലങ്കരിച്ച ചണത്തുണിയുമുപയോഗിച്ച് കൂടാര വാതിലിന് അവര്‍ യവനികയുണ്ടാക്കി.
38 : അതിനായി അഞ്ചു തൂണുകളും അവയില്‍ കൊളുത്തുകളുമുണ്ടാക്കി. തൂണുകളുടെ ശീര്ഷങ്ങള് സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. പട്ടകള് സ്വര്‍ണം കൊണ്ടും അവയുടെ അഞ്ചു പാദകുടങ്ങള്‍ ഓടുകൊണ്ടും നിര്‍മിച്ചു.
----------------------------------
അദ്ധ്യായം 37
സാക്ഷ്യപേടകം
1 : ബസാലേല്‍ കരുവേലത്തടികൊണ്ടു പേടകമുണ്ടാക്കി. അതിന്റെ നീളം രണ്ടര മുഴം ആയിരുന്നു; വീതിയും ഉയരവും ഒന്നര മുഴം വീതവും.
2 : തനി സ്വര്‍ണം കൊണ്ട് അതിന്റെ അകവും പുറവും പൊതിഞ്ഞു. അതിനുചുറ്റും സ്വര്‍ണം കൊണ്ടുള്ള ഒരു അരികുപാളി പിടിപ്പിച്ചു.
3 : നാലു സ്വര്‍ണവളയങ്ങളുണ്ടാക്കി, നാലു മൂലകളില്‍ ഘടിപ്പിച്ചു; ഒരുവശത്തു രണ്ടും മറുവശത്തു രണ്ടും.
4 : അവന് കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.
5 : പേടകം വഹിക്കുന്നതിന് അതിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ തണ്ടുകള്‍ കടത്തി.
6 : തനി സ്വര്‍ണംകൊണ്ട് കൃപാസനം നിര്‍മിച്ചു. അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവുമായിരുന്നു.
7 : കൃപാസനത്തിന്റെ രണ്ടഗ്രങ്ങളില്‍ സ്ഥാപിക്കാന്‍ സ്വര്‍ണത്തകിടുകൊണ്ട് രണ്ടു കെരൂബുകളെ നിര്‍മിച്ചു.
8 : രണ്ടഗ്രങ്ങളിലും ഒന്നുവീതം കൃപാസനത്തോട് ഒന്നായിച്ചേര്‍ത്താണ് അവയെ നിര്‍മിച്ചത്.
9 : കെരൂബുകള്‍ മുകളിലേക്കു ചിറകുകള് വിരിച്ച് കൃപാസനത്തെ മൂടിയിരുന്നു. കൃപാസനത്തിലേക്കു തിരിഞ്ഞ് അവ മുഖാഭിമുഖം നിലകൊണ്ടു.
തിരുസാന്നിദ്ധ്യ അപ്പത്തിന്റെ മേശ
10 : കരുവേലത്തടികൊണ്ട് അവന് മേശയുണ്ടാക്കി. അതിനു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നരമുഴം ഉയരവുമുണ്ടായിരുന്നു.
11 : തനി സ്വര്‍ണംകൊണ്ട് അതു പൊതിയുകയും മുകള്‍ഭാഗത്തു ചുറ്റിലും സ്വര്‍ണംകൊണ്ട് അരികുപാളി പിടിപ്പിക്കുകയും ചെയ്തു.
12 : അതിനുചുറ്റും കൈപ്പത്തിയുടെ വീതിയില്‍ ഒരു ചട്ടവും ചട്ടത്തിനു ചുറ്റും സ്വര്‍ണംകൊണ്ട് അരികുപാളിയും പിടിപ്പിച്ചു.
13 : അവന് നാലു സ്വര്‍ണവളയങ്ങള്‍ നിര്‍മിച്ച് അവ മേശയുടെ നാലു കാലുകളില്‍ ഘടിപ്പിച്ചു.
14 : മേശ വഹിക്കാനുള്ള തണ്ടുകള്‍ കടത്തിയിരുന്ന വളയങ്ങള്‍ ചട്ടത്തോടു ചേര്‍ന്നതായിരുന്നു.
15 : ഈ തണ്ടുകള്‍ അവന് കരുവേലത്തടികൊണ്ടുണ്ടാക്കി, സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.
16 : മേശപ്പുറത്തേക്കുള്ള ഉപകരണങ്ങള്‍ - താലങ്ങള്‍, തട്ടങ്ങള്‍, കലശങ്ങള്‍, പാനീയബലിക്കുള്ള ചഷകങ്ങള്‍ എന്നിവ - തനി സ്വര്‍ണം കൊണ്ടു നിര്‍മിച്ചു.
വിളക്കുകാല്
17 : തനി സ്വര്‍ണംകൊണ്ടു വിളക്കുകാല് ഉണ്ടാക്കി. അതിന്റെ അടിത്തട്ട്, തണ്ട്, ചഷകങ്ങള്‍, മുകുളങ്ങള്‍, പുഷ്പങ്ങള്‍ എന്നിവ ഒരേ സ്വര്‍ണത്തകിടിലാണ് പണിതത്.
18 : വിളക്കുകാലിന് ഓരോ വശത്തും മൂന്നുവീതം രണ്ടു വശങ്ങളിലായി ആറു ശാഖകളുണ്ടായിരുന്നു.
19 : വിളക്കുകാലിന്റെ ആറു ശാഖകളിലോരോന്നിലും ബദാംപൂവിന്റെ ആകൃതിയിലുളളതും മുകുളങ്ങളോടും പുഷ്പദലങ്ങളോടും കൂടിയതുമായ മൂന്നു ചഷകങ്ങള്‍വീതം ഉണ്ടായിരുന്നു.
20 : വിളക്കുകാലിന്റെ തണ്ടിന്മേല് ബദാംപൂവിന്റെ ആകൃതിയിലുള്ളതും മുകുളങ്ങളോടും പുഷ്പദലങ്ങളോടും കൂടിയതുമായ നാലു ചഷകങ്ങള്‍ ഉണ്ടായിരുന്നു.
21 : വിളക്കുകാലില്‍നിന്നു പുറപ്പെടുന്ന ഓരോ ജോടി ശാഖകളുടെയും ചുവട്ടില്‍ വിളക്കുകാലിന്റെ തണ്ടിനോട് ഒന്നായിച്ചേര്‍ന്ന് ഒരു മുകുളം വീതമുണ്ടായിരുന്നു.
22 : മുകുളങ്ങളും ശാഖകളും വിളക്കുകാലിനോട് ഒന്നായിച്ചേര്‍ന്നിരുന്നു. എല്ലാം തനി സ്വര്‍ണത്തകിടുകൊണ്ട് പണിതതായിരുന്നു.
23 : അവന് അതിന്റെ ഏഴു വിളക്കുകളും തിരിയണയ്ക്കാനുപയോഗിക്കുന്ന കത്രികകളും തട്ടങ്ങളും തനി സ്വര്‍ണംകൊണ്ടു നിര്‍മിച്ചു.
24 : വിളക്കുകാലും അതിന്റെ എല്ലാ ഉപകരണങ്ങളും ഒരു താലന്ത് തനി സ്വര്‍ണംകൊണ്ടാണു നിര്‍മിച്ചത്.
ധൂപപീഠം
25 : കരുവേലത്തടികൊണ്ട് അവന് ഒരു ധൂപപീഠം പണിതു. അത് ഒരു മുഴം നീളവും ഒരു മുഴം വീതിയുമുള്ള സമചതുരമായിരുന്നു; ഉയരം രണ്ടു മുഴം. അതിന്റെ കൊമ്പുകള്‍ അതിനോട് ഒന്നായിച്ചേര്‍ന്നിരുന്നു.
26 : തനി സ്വര്‍ണംകൊണ്ട് അവന് അതിന്റെ മുകള്‍ഭാഗവും വശങ്ങളും കൊമ്പുകളും പൊതിഞ്ഞു. അതിനു മുകള്‍വശത്തായി ചുറ്റും സ്വര്‍ണംകൊണ്ടുള്ള അരികുപാളി പിടിപ്പിച്ചു.
27 : അതു വഹിക്കുന്നതിനുള്ള തണ്ടുകള്‍ കടത്തുന്നതിന് അരികുപാളിയുടെ താഴെ മൂലകളിലായി ഒരു വശത്തു രണ്ടും മറുവശത്തു രണ്ടും സ്വര്‍ണവളയങ്ങള്‍ ഘടിപ്പിച്ചു.
28 : കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി, സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.
29 : സുഗന്ധതൈലങ്ങള്‍ നിര്‍മിക്കുന്ന വിദഗ്ധനെപ്പോലെ അവന് വിശുദ്ധമായ അഭിഷേകതൈലവും ധൂപത്തിനുള്ള പരിമളവസ്തുക്കളും സജ്ജീകരിച്ചു.
------------------------------
അദ്ധ്യായം 38
ദഹനബലിപീഠം
1 : ബസാലേല്‍ കരുവേലത്തടികൊണ്ട് ദഹനബലിപീഠം നിര്‍മിച്ചു. അത് അഞ്ചു മുഴം നീളവും വീതിയുമുള്ള സമചതുരമായിരുന്നു; അതിന്റെ ഉയരം മൂന്നു മുഴവും.
2 : അതിന്റെ നാലു മൂലകളിലും അതിനോട് ഒന്നായിച്ചേര്‍ത്തു നാലു കൊമ്പുകള്‍ നിര്‍മിച്ച് ഓടുകൊണ്ടു പൊതിഞ്ഞു.
3 : ബലിപീഠത്തിന്റെ ഉപകരണങ്ങളെല്ലാം - പാത്രങ്ങള്‍, കോരികകള്‍, താലങ്ങള്‍, മുള്‍ക്കരണ്ടികള്‍, അഗ്നികലശങ്ങള്‍ എന്നിവ - ഓടുകൊണ്ടു നിര്‍മിച്ചു.
4 : അവന് ബലിപീഠത്തിന്റെ മുകളിലെ അരികുപാളിക്കു കീഴില്‍ ബലിപീഠത്തിന്റെ മധ്യഭാഗംവരെ ഇറങ്ങിനില്ക്കുന്ന ഒരു ചട്ടക്കൂട് ഓടുകൊണ്ടുള്ള അഴികളുപയോഗിച്ച് വലയുടെ രൂപത്തില്‍ നിര്‍മിച്ചു.
5 : തണ്ടുകള്‍ കടത്തുന്നതിന് ഓടുകൊണ്ടുള്ള ചട്ടക്കൂടിന്റെ നാലുമൂലകളില്‍ നാലു വളയങ്ങള്‍ ഘടിപ്പിച്ചു.
6 : അവന് കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി ഓടുകൊണ്ടു പൊതിഞ്ഞു.
7 : ബലിപീഠം വഹിച്ചുകൊണ്ടു പോകുന്നതിന് അതിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ തണ്ടുകള്‍ കടത്തി. ബലിപീഠം പലകകള്‍ കൊണ്ടാണു നിര്‍മിച്ചത്; അതിന്റെ അകം പൊള്ളയായിരുന്നു.
8 : സമാഗമകൂടാരത്തിന്റെ വാതില്ക്കല് ശുശ്രൂഷ ചെയ്തിരുന്ന സ്ത്രീകളുടെ ഓട്ടുകണ്ണാടിയുപയോഗിച്ച് ക്ഷാളനപാത്രവും അതിന്റെ പീഠവും നിര്‍മിച്ചു.
കൂടാരാങ്കണം
9 : അവന് അങ്കണവും നിര്‍മിച്ചു. അതിന്റെ തെക്കുവശത്തെ മറനേര്‍മയില്‍ നെയ്തെടുത്ത ചണത്തുണികൊണ്ടുള്ളതും നൂറു മുഴം നീളമുള്ളതുമായിരുന്നു.
10 : അതിന് ഇരുപതു തൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള ഇരുപതു പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടു നിര്‍മിച്ചവയായിരുന്നു.
11 : വടക്കുവശത്തെ മറനൂറു മുഴം നീളമുള്ളതായിരുന്നു. അതിന് ഇരുപതു തൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള ഇരുപതു പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടുള്ളവയായിരുന്നു.
12 : പടിഞ്ഞാറുവശത്തെ മറയ്ക്ക് അന്‍പതുമുഴം നീളമുണ്ടായിരുന്നു. അതിനു പത്തുതൂണുകളും അവയ്ക്ക് പത്ത് പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെളളികൊണ്ടുള്ളവയായിരുന്നു.
13 : കിഴക്കുവശത്ത് അന്‍പതു മുഴം.
14 : അങ്കണ കവാടത്തിന്റെ ഒരുവശത്തെ മറകള്‍ക്ക് പതിനഞ്ചു മുഴം നീളമുണ്ടായിരുന്നു. അവയ്ക്ക് മൂന്നു തൂണുകളും തൂണുകള്‍ക്ക് മൂന്നു പാദകുടങ്ങളുമുണ്ടായിരുന്നു.
15 : അങ്കണ കവാടത്തിന്റെ മറുവശത്തും അപ്രകാരംതന്നെ പതിനഞ്ചു മുഴം നീളത്തില്‍ മറയും അവയ്ക്കു മൂന്നു തൂണുകളും തൂണുകള്‍ക്ക് മൂന്നു പാദകുടങ്ങളുമുണ്ടായിരുന്നു.
16 : അങ്കണത്തെ ചുറ്റിയുള്ള മറകളെല്ലാം നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണി കൊണ്ടുള്ളതായിരുന്നു.
17 : തൂണുകളുടെ പാദകുടങ്ങള്‍ ഓടുകൊണ്ടും അവയുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടും ഉള്ളതായിരുന്നു. അവയുടെ ശീര്ഷങ്ങള് വെള്ളികൊണ്ടു പൊതിഞ്ഞിരുന്നു. അങ്കണത്തൂണുകള്‍ക്കെല്ലാം വെള്ളികൊണ്ടുള്ള പട്ടകളുണ്ടായിരുന്നു.
18 : അങ്കണവാതിലിന്റെ യവനിക നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണിയുപയോഗിച്ചുള്ള ചിത്രത്തുന്നല്‍കൊണ്ട് അലംകൃതമായിരുന്നു. അത് അങ്കണത്തിന്റെ മറകള്‍ക്കനുസൃതമായി ഇരുപതു മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളതായിരുന്നു.
19 : അതിനു നാലു തൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള നാല് പാദകുടങ്ങളും ഉണ്ടായിരുന്നു. തൂണുകള്‍ക്ക് വെള്ളികൊണ്ടുള്ള കൊളുത്തുകളും വെള്ളിപൊതിഞ്ഞ ശീര്‍ഷങ്ങളും വെള്ളിപ്പട്ടകളും ഉണ്ടായിരുന്നു.
20 : കൂടാരത്തിന്റെയും ചുറ്റുമുള്ള അങ്കണത്തിന്റെയും കുറ്റികളെല്ലാം ഓടുകൊണ്ടുള്ളവയായിരുന്നു.
ഉപയോഗിച്ച ലോഹം
21 : സാക്ഷ്യകൂടാരം നിര്‍മിക്കാന്‍ ഉപയോഗിച്ച വസ്തുക്കളുടെ കണക്കു കാണിക്കുന്ന പട്ടികയാണിത്. മോശയുടെ കല്പനയനുസരിച്ചു പുരോഹിതനായ അഹറോന്റെ പുത്രന് ഇത്താമറിന്റെ നേതൃത്വത്തില്‍ ലേവ്യരാണ് ഇതു തയ്യാറാക്കിയത്.
22 : യൂദാഗോത്രത്തില്‍പ്പട്ട ഹൂറിന്റെ പുത്രന് ഊറിയുടെ മകനായ ബസാലേല്‍, കര്‍ത്താവു മോശയോടു കല്പിച്ചവയെല്ലാം നിര്‍മിച്ചു.
23 : ദാന്‍ഗോത്രത്തില്‍പ്പെട്ട അഹിസാമാക്കിന്റെ പുത്രന് ഒഹോലിയാബ് അവനു സഹായത്തിനുണ്ടായിരുന്നു. ഒഹോലിയാബ് കൊത്തുപണിക്കാരനും ശില്‍പവിദഗ്ധനും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണിയുമുപയോഗിച്ച് ചിത്രത്തുന്നല്‍ നടത്തുന്നവനുമായിരുന്നു.
24 : വിശുദ്ധകൂടാരത്തിന്റെ എല്ലാ പണികള്‍ക്കുമായി ചെലവാക്കിയ കാണിക്കസ്വര്‍ണം, വിശുദ്ധമന്ദിരത്തിലെ തോതനുസരിച്ച് ആകെ ഇരുപത്തൊന്പതു താലന്തും എഴുന്നൂറ്റിമുപ്പതു ഷെക്കലുമാകുന്നു.
25 : ജനസംഖ്യാക്കണക്കിലുള്‍പ്പെട്ടവരില്‍ നിന്നു ലഭിച്ചവെള്ളി വിശുദ്ധമന്ദിരത്തിലെ തോതനുസരിച്ച് നൂറു താലന്തും ആയിരത്തിയെഴുന്നൂറ്റിയെഴുപത്തഞ്ച് ഷെക്കലുമാകുന്നു.
26 : ജനസംഖ്യക്കണക്കിലുള്‍പ്പെട്ടവരില്‍ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ളവര്‍ ആളൊന്നിന് ഒരു ബക്കാ - വിശുദ്ധ മന്ദിരത്തിലെ തോതനുസരിച്ച് അര ഷെക്കല്‍ - കൊടുക്കേണ്ടിയിരുന്നു. അവരുടെ സംഖ്യ ആറുലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റിയന്‍പതായിരുന്നു.
27 : വിശുദ്ധകൂടാരത്തിനും തിരശ്ശീലയ്ക്കുംവേണ്ടി പാദകുടങ്ങള്‍ വാര്‍ക്കുന്നതിന് പാദകുടമൊന്നിന് ഒരു താലന്തുവീതം നൂറു താലന്തു വെള്ളി ഉപയോഗിച്ചു.
28 : ആയിരത്തിയെഴുന്നൂറ്റിയെഴുപത്തഞ്ചു ഷെക്കല്‍ വെള്ളികൊണ്ട് തൂണുകളുടെ കൊളുത്തുകളും പട്ടകളുമുണ്ടാക്കുകയും ശീര്ഷങ്ങള് പൊതിയുകയും ചെയ്തു.
29 : കാണിക്കയായി ലഭിച്ച ഓട് എഴുപതു താലന്തും രണ്ടായിരത്തിനാനൂറു ഷെക്കലുമാണ്.
30 : അവന് അതുപയോഗിച്ച് സമാഗമകൂടാരത്തിന്റെ വാതിലിന് പാദകുടങ്ങളും ഓടുകൊണ്ടുള്ള ബലിപീഠവും അതിന്റെ അഴിക്കൂടും ബലിപീഠത്തിലെ ഉപകരണങ്ങളും
31 : കൂടാരാങ്കണത്തിനു ചുററുമുള്ള പാദകുടങ്ങളും അങ്കണകവാടത്തിന്റെ പാദകുടങ്ങളും കൂടാരത്തിന്റെയും ചുറ്റുമുള്ള അങ്കണത്തിന്റെയും കുറ്റികളും നിര്‍മിച്ചു.
--------------------------------------------
അദ്ധ്യായം 39
പുരോഹിതവസ്ത്രങ്ങള്‍
1 : മോശയ്ക്കു കര്‍ത്താവു നല്കിയ കല്പനയനുസരിച്ച് അവര്‍ വിശുദ്ധകൂടാരത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ടി നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലൂകളുപയോഗിച്ച് നേര്‍മയുള്ള വസ്ത്രങ്ങള്‍ നിര്‍മിച്ചു; അഹറോനുവേണ്ടിയുള്ള വിശുദ്ധ വസ്ത്രങ്ങളുമുണ്ടാക്കി.
2 : സ്വര്‍ണവും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണിയും ഉപയോഗിച്ച് അവര്‍ എഫോദ് ഉണ്ടാക്കി.
3 : അവര്‍ സ്വര്‍ണം തല്ലിപ്പരത്തി നേരിയ നൂലുകളായി വെട്ടിയെടുത്ത് നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളിലും നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണികളിലും വിദഗ്ധമായി ഇണക്കിച്ചേര്‍ത്തു.
4 : എഫോദിന് തോള്‍വാറുകളുണ്ടാക്കി, അതിന്റെ രണ്ടറ്റങ്ങളിലും യോജിപ്പിച്ചു.
5 : എഫോദിനെ ചുറ്റിയിരുന്ന പട്ട എഫോദുപോലെതന്നെ, സ്വര്‍ണവും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍നെയ്തെടുത്ത ചണത്തുണിയും ചേര്‍ത്ത്, കര്‍ത്താവു മോശയോടു കല്പിച്ച പ്രകാരമാണ് ഉണ്ടാക്കിയത്.
6 : ചെത്തിയൊരുക്കിയ വൈഡൂര്യക്കല്ലുകളില്‍ മുദ്രപോലെ ഇസ്രായേലിന്റെ പുത്രന്മാരുടെ പേരുകള്‍ കൊത്തി; കല്ലുകള്‍ സ്വര്‍ണത്തകിടുകളില്‍ പതിച്ചു.
7 : കര്‍ത്താവ് മോശയോടു കല്പിച്ചതനുസരിച്ച് ഇസ്രായേല്‍ പുത്രന്മാരുടെ സ്മാരകശിലകളായി അവ എഫോദിന്റെ തോള്‍വാറുകളില്‍ ഉറപ്പിച്ചു.
8 : അവര്‍ എഫോദിന്റേതുപോലെയുള്ള ചിത്രപ്പണികളോടുകൂടിയ ഉരസ്ത്രാണവും നിര്‍മിച്ചു. സ്വര്ണനൂലുകള്, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണി എന്നിവ ഉപയോഗിച്ചാണ് അതു നിര്‍മിച്ചത്.
9 : ഉരസ്ത്രാണം സമചതുരത്തില്‍ രണ്ടുമടക്കുള്ളതായിരുന്നു. അതിന് ഒരു ചാണ് നീളവും ഒരു ചാണ് വീതിയുമുണ്ടായിരുന്നു. അതിന്മേല് അവര്‍ നാലു നിര രത്നങ്ങള്‍ പതിച്ചു.
10 : ആദ്യത്തെ നിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം;
11 : രണ്ടാമത്തെ നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം;
12 : മൂന്നാമത്തെ നിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം;
13 : നാലാമത്തെ നിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം. അലങ്കാരപ്പണി ചെയ്ത സ്വര്‍ണത്തകിടിലാണ് ഈ രത്നങ്ങള്‍ പതിച്ചത്.
14 : ഇസ്രായേലിന്റെ പന്ത്രണ്ടു പുത്രന്മാരുടെ പേരുകളനുസരിച്ച് പന്ത്രണ്ടു രത്നങ്ങളുണ്ടായിരുന്നു. ഓരോ ഗോത്രത്തിന്റെയും പേര് ഓരോ രത്നത്തിന്മേല്, മുദ്രപോലെ ആലേഖനം ചെയ്തു.
15 : അവര്‍ ഉരസ്ത്രാണത്തിനുവേണ്ടി തനി സ്വര്‍ണംകൊണ്ട് കയറുപോലെ പിണച്ചെടുത്ത തുടലുകള്‍ പണിതു;
16 : രണ്ടു സ്വര്‍ണത്തകിടുകളും രണ്ടു സ്വര്‍ണ വളയങ്ങളും ഉണ്ടാക്കി. വളയങ്ങള്‍ ഉരസ്ത്രാണത്തിന്റെ മുകളിലത്തെ രണ്ടു മൂലകളില്‍ ഘടിപ്പിച്ചു.
17 : രണ്ടു സ്വര്‍ണത്തുടലുകള്‍ ഉരസ്ത്രാണത്തിന്റെ മൂലകളിലുള്ള വളയങ്ങളില്‍ കൊളുത്തി.
18 : സ്വര്‍ണത്തുടലുകളുടെ മറ്റേ അറ്റങ്ങള്‍ സ്വര്‍ണത്തകിടുകളില്‍ ഘടിപ്പിച്ച്, എഫോദിന്റെ മുന്‍ഭാഗത്ത് അതിന്റെ തോള്‍വാറുകളില്‍ ബന്ധിച്ചു.
19 : രണ്ടു സ്വര്‍ണവളയങ്ങളുണ്ടാക്കി അവ ഉരസ്ത്രാണത്തിന്റെ താഴത്തെകോണുകളില്‍ അവയുടെ ഉള്‍ഭാഗത്ത് എഫോദിനോടു ചേര്‍ത്തു ബന്ധിച്ചു.
20 : രണ്ടു സ്വര്‍ണവളയങ്ങള്‍കൂടി നിര്‍മിച്ച് അവ എഫോദിന്റെ തോള്‍വാറുകളുടെ താഴത്തെ അറ്റങ്ങള്‍ക്കു മുന്‍ഭാഗത്ത്, അവയുടെ തുന്നലിനോടടുത്ത്, എഫോദിന്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളിലായി ബന്ധിച്ചു.
21 : കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, ഉരസ്ത്രാണം എഫോദിന്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളില്‍നിന്ന് ഇളകിപ്പോകാതിരിക്കാന്‍ അവയുടെ വളയങ്ങള്‍ ഒരു നീലച്ചരടുകൊണ്ടു ബന്ധിച്ചു.
22 : എഫോദിന്റെ നിലയങ്കി നീലനിറത്തില്‍ നെയ്തെടുത്തു;
23 : തല കടത്താന്‍ അതിന്റെ നടുവില്‍ ഒരു ദ്വാരമുണ്ടായിരുന്നു. ധരിക്കുമ്പോള്‍ കീറിപ്പോകാതിരിക്കാന്‍ ഉടുപ്പുകള്‍ക്കു ചെയ്യാറുള്ളതുപോലെ, ദ്വാരത്തിനു ചുറ്റും ഒരു നാട തുന്നിച്ചേര്‍ത്തു.
24 : നിലയങ്കിയുടെ വിളുമ്പിനുചുറ്റും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളുള്ള പിരിച്ച ചണ നൂലുകൊണ്ട് മാതളനാരങ്ങകള്‍ തുന്നിച്ചേര്‍ത്തു.
25 : അവര്‍ തനി സ്വര്‍ണംകൊണ്ട് മണികളുണ്ടാക്കി, നിലയങ്കിയുടെ വിളുമ്പിനു ചുറ്റും മാതളനാരങ്ങകളുടെ ഇടയില്‍ ബന്ധിച്ചു.
26 : കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, ശുശ്രൂഷയ്ക്കുള്ള നിലയങ്കിയുടെ വിളുമ്പിനുചുറ്റും ഒന്നിടവിട്ടു മണികളും മാതളനാരങ്ങകളും ഉണ്ടായിരുന്നു.
27 : അവര്‍ അഹറോനും അവന്റെ പുത്രന്മാര്ക്കും വേണ്ടി നേര്‍ത്ത ചണംകൊണ്ടു അങ്കികള്‍ നെയ്തു.
28 : നേരിയ ചണംകൊണ്ട് തലപ്പാവും തൊപ്പികളും, നേരിയ ചണച്ചരടുകൊണ്ട് കാല്‍ച്ചട്ടയും ഉണ്ടാക്കി.
29 : കര്‍ത്താവു മോശയോടു കല്പിച്ചതു പോലെ, അവര്‍ നേര്‍ത്ത ചണത്തുണിയും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളുള്ള നൂലുകളും ഉപയോഗിച്ച് ചിത്രത്തയ്യലില്‍ അരപ്പട്ടയുണ്ടാക്കി.
30 : വിശുദ്ധ കിരീടത്തിന്റെ തകിട് അവര്‍ തനി സ്വര്‍ണംകൊണ്ട് നിര്‍മിച്ച് അതിന്മേല് ഒരു മുദ്രയെന്നപോലെ കര്‍ത്താവിനു സമര്പ്പിതന് എന്നു കൊത്തിവച്ചു.
31 : കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, തലപ്പാവിന്റെ മുന്‍വശത്തു ബന്ധിക്കാന്‍ തകിടിന്മേല് ഒരു നീലച്ചരടു പിടിപ്പിച്ചു.
32 : ഇങ്ങനെ, സമാഗമകൂടാരത്തിന്റെ പണികളെല്ലാം അവസാനിച്ചു. കര്‍ത്താവു മോശയോടു കല്പിച്ചതനുസരിച്ച് ഇസ്രായേല്‍ ജനം എല്ലാക്കാര്യങ്ങളും ചെയ്തു.
33 : അവര്‍ കൂടാരം അതിന്റെ എല്ലാ ഉപകരണങ്ങളോടുംകൂടി മോശയുടെ അടുക്കല്‍കൊണ്ടുവന്നു: കൊളുത്തുകള്‍, പലകകള്‍, അഴികള്‍, തൂണുകള്‍, പാദകുടങ്ങള്‍;
34 : ഊറയ്ക്കിട്ട മുട്ടാടിന് തോലുകൊണ്ടുള്ള വിരി, നിലക്കരടിത്തോലുകൊണ്ടുള്ള വിരി, തിരശ്ശീല;
35 : സാക്ഷ്യപേടകം, അതിന്റെ തണ്ടുകള്‍, കൃപാസനം;
36 : മേശ, അതിന്റെ ഉപകരണങ്ങള്‍, തിരുസാന്നിധ്യത്തിന്റെ അപ്പം;
37 : തനി സ്വര്‍ണംകൊണ്ടു നിര്‍മിച്ചവിളക്കുകാല്‍, അതിലെ ദീപനിര, അതിന്റെ ഉപകരണങ്ങള്‍, വിളക്കിനുള്ള എണ്ണ;
38 : സ്വര്‍ണബലിപീഠം, അഭിഷേകതൈലം, പരിമളധൂപത്തിനുള്ള സുഗന്ധദ്രവ്യങ്ങള്‍, കൂടാരവാതിലിന്റെ യവനിക;
39 : ഓടുകൊണ്ടുള്ള ബലിപീഠം, ചട്ടക്കൂട്, തണ്ടുകള്‍, ഉപകരണങ്ങള്‍, ക്ഷാളനപാത്രം, അതിന്റെ പീഠം;
40 : അങ്കണത്തിന്റെ മറകള്‍, തൂണുകള്‍, പാദകുടങ്ങള്‍, അങ്കണകവാടത്തിന്റെ യവനിക, കയറുകള്‍, കുറ്റികള്‍, സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുള്ള പാത്രങ്ങള്‍;
41 : വിശുദ്ധ സ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ട വിശുദ്ധ വസ്ത്രങ്ങള്‍, പുരോഹിതനായ അഹറോന്റെ വിശുദ്ധ വസ്ത്രങ്ങള്‍, അവന്റെ പുത്രന്മാര് പുരോഹിത ശുശ്രൂഷയ്ക്കണിയേണ്ട വസ്ത്രങ്ങള്‍.
42 : കര്‍ത്താവു മോശയോടു കല്പിച്ചതുപോലെതന്നെ, ഇസ്രായേല്‍ ജനം ഇവയെല്ലാം ഉണ്ടാക്കി.
43 : അവര്‍ ചെയ്ത ജോലികളെല്ലാം മോശ പരിശോധിച്ചു. കര്‍ത്താവു കല്പിച്ചതുപോലെ തന്നെ അവര്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. മോശ അവരെ അനുഗ്രഹിച്ചു.