ബൈബിൾ പഠനം - Exodus 21 to 23
അദ്ധ്യായം 21 - 23
അടിമകളെ സംബന്ധിച്ച നിയമങ്ങള്‍
1 : നീ അവരെ അറിയിക്കേണ്ട നിയമങ്ങള്‍ ഇവയാണ്:
2 : ഹെബ്രായനായ ഒരു അടിമയെ വിലയ്ക്കു വാങ്ങിയാല്‍ അവന് നിന്നെ ആറുവര്‍ഷം സേവിച്ചു കൊള്ളട്ടെ. ഏഴാം വര്‍ഷം നീ അവനെ സൗജന്യമായി സ്വതന്ത്രനാക്കണം.
3 : അവന് തനിച്ചാണ് വന്നതെങ്കില്‍ തനിച്ചു പൊയ്ക്കൊള്ളട്ടെ.
4 : ഭാര്യയോടുകൂടിയെങ്കില്‍ അവളും കൂടെപ്പോകട്ടെ. യജമാനന് അവനു ഭാര്യയെ നല്‍കുകയും അവന് അവളില്‍ പുത്രന്മാരോ പുത്രിമാരോ ജനിക്കുകയും ചെയ്താല്‍ അവളും കുട്ടികളും യജമാനന്റെ വകയായിരിക്കും. ആകയാല്‍, അവന് തനിയെ പോകണം.
5 : എന്നാല്‍ ഞാന്‍ എന്റെ യജമാനനെയും എന്റെ ഭാര്യയെയും കുട്ടികളെയും സ്നേഹിക്കുന്നു; ഞാന്‍ സ്വതന്ത്രനായി പോകുന്നില്ല എന്ന് ദാസന് തീര്‍ത്തു പറഞ്ഞാല്‍
6 : യജമാനന് അവനെ ദൈവസമക്ഷം കൊണ്ടു ചെന്ന് കതകിന്റെയോ കട്ടിളയുടെയോ അടുക്കല്‍ നിര്‍ത്തി അവന്റെ കാത് തോലുളി കൊണ്ട് തുളയ്ക്കണം. അവന് എന്നേക്കും അവന്റെ അടിമയായിരിക്കും.
7 : ഒരുവന് തന്റെ പുത്രിയെ അടിമയായി വിറ്റാല്‍ പുരുഷന്മാരായ അടിമകള്‍ സ്വതന്ത്രരായി പോകുന്നതുപോലെ അവള് പോകാന്‍ പാടില്ല.
8 : എന്നാല്‍, യജമാനന് അവള്‍ക്ക് വിവാഹ വാഗ്ദാനം നല്‍കിയശേഷം അവന് അവളില്‍ അതൃപ്തി തോന്നിയാല്‍ അവള് വീണ്ടെടുക്കപ്പെടാന് അനുവദിക്കണം. അവളെ വഞ്ചിച്ചതിനാല്‍ അന്യര്‍ക്ക് അവളെ വില്ക്കാന് അവന് അവകാശമുണ്ടായിരിക്കുകയില്ല.
9 : അവന് അവളെ തന്റെ പുത്രനു ഭാര്യയായി നിശ്ചയിച്ചാല്‍ പുത്രിമാരോടെന്നപോലെ അവളോടു പെരുമാറണം.
10 : അവന് മറ്റൊരുവളെ ഭാര്യയായി സ്വീകരിക്കുന്നുവെങ്കില്‍ ഇവള്‍ക്കുള്ള ഭക്ഷണം, വസ്ത്രം, വൈവാഹികാവകാശം എന്നിവയില്‍ കുറവുവരുത്തരുത്.
11 : ഇവ മൂന്നും അവന് അവള്‍ക്കു നല്കുന്നില്ലെങ്കില് വിലയൊടുക്കാതെ അവള്‍ക്കു സ്വതന്ത്രയായിപ്പോകാം.
ദേഹോപദ്രവത്തിനു ശിക്ഷ
12 : മനുഷ്യനെ അടിച്ചു കൊല്ലുന്നവന് വധിക്കപ്പെടണം.
13 : എന്നാല്‍, കരുതിക്കൂട്ടിയല്ലാതെ അവന്റെ കൈയാല്‍ അങ്ങനെ സംഭവിക്കാന്‍ ദൈവം ഇടവരുത്തിയാല്‍ അവന് ഓടിയൊളിക്കാന്‍ ഞാന്‍ ഒരു സ്ഥലം നിശ്ചയിക്കും.
14 : ഒരുവന് തന്റെ അയല്‍ക്കാരനെ ചതിയില്‍ കൊല്ലാന്‍ ധൈര്യപ്പെടുന്നുവെങ്കില്‍ അവനെ എന്റെ ബലിപീഠത്തിങ്കല്‍ നിന്നുപോലും പിടിച്ചുകൊണ്ടുപോയി വധിക്കണം.
15 : പിതാവിനെയോ മാതാവിനെയോ അടിക്കുന്നവന് വധിക്കപ്പെടണം.
16 : മനുഷ്യനെ മോഷ്ടിച്ചു വില്‍്ക്കുകയോ തന്റെയടുക്കല്‍ സൂക്ഷിക്കുകയോ ചെയ്യുന്നവന് വധിക്കപ്പെടണം.
17 : പിതാവിനെയോ മാതാവിനെയോ ശപിക്കുന്നവന് വധിക്കപ്പെടണം.
18 : ആളുകള്‍ തമ്മിലുള്ള കലഹത്തിനിടയില്‍ ഒരുവന് മറ്റൊരുവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ ഇടിക്കുകയും, ഇടികൊണ്ടവന് മരിച്ചില്ലെങ്കിലും കിടപ്പിലാവുകയും ചെയ്തെന്നിരിക്കട്ടെ;
19 : പിന്നീട് അവന് എഴുന്നേറ്റ് വടിയുടെ സഹായത്തോടെയെങ്കിലും നടക്കാന്‍ സാധിച്ചാല്‍ ഇടിച്ചവന്‍ ശിക്ഷാര്‍ഹനല്ല; എങ്കിലും അവനു സമയ നഷ്ടത്തിനു പരിഹാരം നല്‍കുകയും പൂര്ണസുഖമാകുന്നതു വരെ അവന്റെ കാര്യം ശ്രദ്ധിക്കുകയും വേണം.
20 : ഒരുവന് തന്റെ ദാസനെയോ ദാസിയെയോ വടികൊണ്ടടിക്കുകയും അടി കൊണ്ടയാള്‍ അവന്റെയടുക്കല്‍തന്നെ വീണു മരിക്കുകയും ചെയ്താല്‍ അവന് ശിക്ഷിക്കപ്പെടണം.
21 : എന്നാല്‍, അടികൊണ്ട ആള് ഒന്നോ രണ്ടോ ദിവസംകൂടി ജീവിക്കുന്നെങ്കില്‍ അടിച്ചവന് ശിക്ഷിക്കപ്പെടരുത്. കാരണം, അടിമ അവന്റെ സ്വത്താണ്.
22 : ആളുകള്‍ കലഹിക്കുന്നതിനിടയില്‍ ഒരു ഗര്‍ഭിണിക്കു ദേഹോപദ്രവമേല്ക്കുകയാല് ഗര്‍ഭച്ഛിദ്രത്തിനിടയാവുകയും, എന്നാല്‍ മറ്റപകടമൊന്നും സംഭവിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം അവളുടെ ഭര്‍ത്താവ് ആവശ്യപ്പെടുകയും ന്യായാധിപന്മാര് നിശ്ചയിക്കുകയും ചെയ്യുന്ന തുക അവളെ ഉപദ്രവിച്ച ആള് പിഴയായി നല്‍കണം.
23 : എന്നാല്‍ മറ്റെന്തെങ്കിലും അപകടം സംഭവിക്കുന്നെങ്കില്‍ ജീവനു പകരം ജീവന് കൊടുക്കണം.
24 : കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ; കാലിനു പകരം കാല്.
25 : പൊള്ളലിനു പകരം പൊള്ളല്‍. മുറിവിനു പകരം മുറിവ്, പ്രഹരത്തിനു പകരം പ്രഹരം.
26 : ഒരുവന് തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണ് അടിച്ചു പൊട്ടിച്ചാല്‍ അതിനു പകരം ആ അടിമയ്ക്ക് സ്വാതന്ത്ര്യം നല്‍കണം.
27 : ഒരുവന് തന്റെ ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചു പറിച്ചാല്‍ അതിനു പകരം ആ അടിമയ്ക്കു സ്വാതന്ത്ര്യം നല്‍കണം.
ഉടമസ്ഥന്റെ ഉത്തരവാദിത്വം
28 : ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊലപ്പെടുത്തിയാല്‍, അതിനെ കല്ലെറിഞ്ഞു കൊല്ലണം. ആരും അതിന്റെ മാംസം ഭക്ഷിക്കരുത്; കാളയുടെ ഉടമസ്ഥന് നിരപരാധനായിരിക്കും.
29 : എന്നാല്‍, കാള പതിവായി ആളുകളെ കുത്തി മുറിവേല്പിക്കുകയും അതിന്റെ ഉടമസ്ഥനെ വിവരമറിയിച്ചിട്ടും അവന് അതിനെ കെട്ടിയിടായ്കയാല്‍ അത് ആരെയെങ്കിലും കുത്തിക്കൊല്ലുകയും ചെയ്താല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലണം; അതിന്റെ ഉടമസ്ഥനും വധിക്കപ്പെടണം.
30 : മോചനദ്രവ്യം നിശ്ചയിക്കപ്പെട്ടാല്‍ നിശ്ചയിച്ച തുകകൊടുത്ത് അവന് ജീവന് വീണ്ടെടുക്കാം.
31 : കാള ഒരു ബാലനെയോ ബാലികയെയോ കുത്തിമുറിവേല്പിച്ചാലും ഇതേ നിയമം ബാധകമാണ്;
32 : ദാസനേയോ ദാസിയേയോ കുത്തി മുറിവേല്പിക്കുകയാണെങ്കില് അവരുടെ യജമാനന് കാളയുടെ ഉടമസ്ഥന് മുപ്പതു ഷെക്കല്‍ വെള്ളി കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലുകയും വേണം.
33 : ഒരുവന് കിണര്‍ തുറന്നിടുകയോ അതു കുഴിച്ചതിനുശേഷം
34 : അടയ്ക്കാതിരിക്കുകയോ ചെയ്തതുകൊണ്ട് അതില്‍ കാളയോ കഴുതയോ വീഴാനിടയായാല്‍, കിണറിന്റെ ഉടമസ്ഥന് മ്യഗത്തിന്റെ ഉടമസ്ഥനു നഷ്ട പരിഹാരം ചെയ്യണം. എന്നാല്‍, ചത്ത മൃഗം അവനുള്ളതായിരിക്കും.
35 : ഒരുവന്റെ കാള മറ്റൊരുവന്റെ കാളയെ കുത്തിമുറിവേല്പിക്കുകയും അതു ചാകുകയും ചെയ്താല്‍, അവര്‍ ജീവനുള്ള കാളയെ വില്‍ക്കുകയും കിട്ടുന്ന പണം പങ്കിട്ടെടുക്കുകയും വേണം; ചത്ത കാളയെയും പങ്കിട്ടെടുക്കണം.
36 : എന്നാല്‍, തന്റെ കാള കുത്തുന്നതാണെന്നറിഞ്ഞിട്ടും അതിനെ കെട്ടിനിര്‍ത്തുന്നില്ലെങ്കില്‍ അവന് കാളയ്ക്കു പകരം കാളയെ കൊടുക്കണം; ചത്ത കാള അവനുള്ളതായിരിക്കും.
അദ്ധ്യായം 22
നഷ്ടപരിഹാരം
1 : ഒരുവന് കാളയേയോ ആടിനേയോ മോഷ്ടിച്ചു കൊല്ലുകയോ വില്ക്കുകയോ ചെയ്താല്‍, അവന് ഒരു കാളയ്ക്കു പകരം അഞ്ചു കാളയെയും ഒരാടിനു പകരം നാല് ആടിനെയും കൊടുക്കണം.
2 : ഭവനഭേദനത്തിനിടയില്‍ പിടിക്കപ്പെടുന്ന കള്ളന് അടിയേറ്റു മരിച്ചാല്‍ അവന്റെ രക്തത്തിനു പ്രതികാരം ചെയ്യേണ്ടതില്ല.
3 : എന്നാല്‍, സൂര്യോദയത്തിനു ശേഷമാണ് ഇതു സംഭവിക്കുന്നതെങ്കില്‍, അവന്റെ രക്തത്തിനു പ്രതികാരംചെയ്യണം.
4 : മോഷ്ടിച്ച വസ്തു മുഴുവന്‍ മോഷ്ടാവു തിരിച്ചു കൊടുക്കണം. അവന്റെ കൈവശം ഒന്നുമില്ലെങ്കില്‍ അവനെ വിറ്റ് നഷ്ടം ഈടാക്കണം. മോഷ്ടിക്കപ്പെട്ട കാളയോ കഴുതയോ ആടോ അവന്റെ പക്കല്‍ ജീവനോടെ കാണപ്പെടുന്നെങ്കില്‍ മോഷ്ടിച്ചതിന്റെ ഇരട്ടി അവന് തിരികെ കൊടുക്കണം.
5 : ഒരുവന് മറ്റൊരുവന്റെ വയലിലോ മുന്തിരിത്തോട്ടത്തിലോ തന്റെ കന്നുകാലികളെ മേയിക്കുകയോ, അവയെ അഴിച്ചുവിട്ടു മറ്റൊരുവന്റെ വയലില്‍ മേയാനിടയാക്കുകയോ ചെയ്താല്‍, അവന് തന്റെ വയലിലും മുന്തിരിത്തോട്ടത്തിലും നിന്നുള്ള ഏറ്റവും നല്ല വിളവ് നഷ്ടപരിഹാരമായി കൊടുക്കണം.
6 : മുള്‍പ്പടര്‍പ്പിനു തീ പടര്‍ന്നു പിടിച്ചിട്ട് കൊയ്തുകൂട്ടിയ ധാന്യമോ കൊയ്യാത്ത ധാന്യമോ വയലോ കത്തിനശിക്കാനിടയായാല്‍, തീ കത്തിച്ചയാള്‍ നഷ്ടപരിഹാരം ചെയ്യണം.
7 : അയല്ക്കാരന് സൂക്ഷിക്കാനേല്പിച്ച പണമോ സാധനങ്ങളോ ഒരു വീട്ടില്‍നിന്നു മോഷ്ടിക്കപ്പെടുകയും കള്ളനെ പിടികൂടുകയും ചെയ്താല്‍, മോഷ്ടിച്ചതിന്റെ ഇരട്ടി അവന് തിരികെക്കൊടുക്കണം.
8 : കള്ളനെ പിടികിട്ടിയില്ലെങ്കില്‍, താന്‍ അയല്ക്കാരന്റെ വസ്തുക്കളിന്മേല് കൈവച്ചിട്ടില്ലെന്ന് വീട്ടുടമസ്ഥന് ദൈവതിരുമുന്പില് സത്യം ചെയ്യണം.
9 : കാള, കഴുത, ആട്, വസ്ത്രം നഷ്ടപ്പെട്ട മറ്റെന്തെങ്കിലും വസ്തു ഇവയെപ്പറ്റി തര്‍ക്കമുണ്ടാകുകയും, ഇതെന്റേതാണ് എന്നു രണ്ടുപേര്‍ അവകാശപ്പെടുകയും ചെയ്താല്‍, ഇരുവരും ദൈവസന്നിധിയില്‍ വരട്ടെ. കുറ്റക്കാരനെന്നു ദൈവം വിധിക്കുന്ന ആള് തന്റെ അയല്ക്കാരന് ഇരട്ടി തിരികെക്കൊടുക്കണം.
10 : ഒരുവന് അയല്ക്കാരന്റെ പക്കല്‍ സൂക്ഷിക്കാനേല്പിച്ച കാളയോ കഴുതയോ ആടോ മറ്റേതെങ്കിലും മൃഗമോ പരുക്കേല്‍ക്കുകയോ ചത്തുപോവുകയോ നഷ്ടപ്പെടുകയോ ചെയ്യുകയും അതിനു സാക്ഷിയില്ലാതിരിക്കുകയും ചെയ്താല്‍,
11 : ആ അയല്ക്കാരന് കര്‍ത്താവിന്റെ നാമത്തില്‍ സത്യം ചെയ്തു തന്റെ നിരപരാധത തെളിയിക്കണം. ഉടമസ്ഥന് സത്യപ്രതിജ്ഞ അംഗീകരിക്കണം. മുതല്‍ തിരിച്ചു കൊടുക്കാന്‍ അപരനു കടമയുണ്ടായിരിക്കുകയില്ല.
12 : എന്നാല്‍, അതു തന്റെ പക്കല്‍നിന്നു മോഷ്ടിക്കപ്പെട്ടാല്‍, അവന് അതിന്റെ ഉടമസ്ഥനു നഷ്ടപരിഹാരം ചെയ്യണം.
13 : വന്യമൃഗങ്ങള്‍ അതിനെ കടിച്ചുകീറിയെങ്കില്‍ തെളിവിനായി അവശിഷ്ടങ്ങള്‍ ഹാജരാക്കട്ടെ. കടിച്ചുകീറപ്പെട്ടതിനു നഷ്ടപരിഹാരം ചെയ്യേണ്ടതില്ല.
14 : ഒരുവന് തന്റെ അയല്ക്കാരനില്നിന്ന് ഏതെങ്കിലും മൃഗത്തെ വായ്പ വാങ്ങിയിട്ട്, ഉടമസ്ഥന്റെ അസാന്നിധ്യത്തില്‍ അതു ചാകുന്നതിനോ അതിനു മുറിവേല്ക്കുന്നതിനോ ഇടയായാല്‍ അവന് നഷ്ടപരിഹാരം ചെയ്യണം.
15 : എന്നാല്‍, അതു സംഭവിക്കുന്നത് ഉടമസ്ഥന്റെ സാന്നിധ്യത്തിലാണെങ്കില്‍ നഷ്ടപരിഹാരം ചെയ്യേണ്ടാ. അതു കൂലിക്കെടുത്തതാണെങ്കില്‍ കൂലികൊണ്ടു നഷ്ടം പരിഹരിക്കപ്പെടും.
വിവിധ നിയമങ്ങള്‍
16 : വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു കന്യകയെ വശീകരിച്ച് അവളോടൊത്തു ശയിക്കുന്നവന് വിവാഹത്തുക നല്കി അവളെ ഭാര്യയായി സ്വീകരിക്കണം.
17 : അവളെ അവനു ഭാര്യയായി കൊടുക്കാന്‍ അവളുടെ പിതാവു തീര്‍ത്തും വിസമ്മതിച്ചാല്‍, കന്യകകള്‍ക്കുള്ള വിവാഹത്തുക അവന് കൊടുക്കണം.
18 : മന്ത്രവാദിനിയെ ജീവിക്കാനനുവദിക്കരുത്.
19 : മൃഗത്തോടു സംഗമിക്കുന്നവന്‍ വധിക്കപ്പെടണം.
20 : കര്‍ത്താവിനു മാത്രമല്ലാതെ മറ്റു ദേവന്മാര്ക്കു ബലിയര്‍പ്പിക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം.
21 : നിങ്ങള്‍ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങള്‍ ഈജിപ്തില്‍ പരദേശികളായിരുന്നല്ലോ.
22 : വിധവയെയോ, അനാഥനെയോ നിങ്ങള്‍ പീഡിപ്പിക്കരുത്.
23 : നിങ്ങള്‍ അവരെ ഉപദ്രവിക്കുകയും അവര്‍ എന്നെ വിളിച്ചുകരയുകയും ചെയ്താല്‍ നിശ്ചയമായും ഞാന്‍ അവരുടെ നിലവിളി കേള്‍ക്കും.
24 : എന്റെ കോപം ജ്വലിക്കുകയും നിങ്ങളെ ഞാന്‍ വാള് കൊണ്ടു വധിക്കുകയും ചെയ്യും. അപ്പോള്‍ നിങ്ങളുടെ ഭാര്യമാര്‍ വിധവകളും നിങ്ങളുടെ മക്കള്‍ അനാഥരുമായിത്തീരും.
25 : നിന്നോടൊന്നിച്ചു വസിക്കുന്ന, എന്റെ ജനത്തില്‍ ദരിദ്രരായ ആര്‍ക്കെങ്കിലും നീ വായ്പ കൊടുത്താല്‍, പലിശയ്ക്കു കടം കൊടുക്കുന്നവനെപ്പോലെ പെരുമാറരുത്. അവരില്‍നിന്നു പലിശ ഈടാക്കുകയുമരുത്.
26 : അയല്ക്കാരന്റെ മേലങ്കി പണയം വാങ്ങിയാല്‍ സൂര്യാസ്തമയത്തിനു മുന്‍പ് അതു തിരിയെക്കൊടുക്കണം.
27 : എന്തെന്നാല്‍, അതു മാത്രമാണ് അവനുള്ള പുതപ്പ്. തന്റെ ശരീരത്തിലണിയുന്ന ആ ഉടുപ്പല്ലാതെ അവനുറങ്ങുമ്പോള്‍ പുതയ്ക്കാന്‍ മറ്റെന്തുണ്ട്? അവന് എന്നെ വിളിച്ചു കരഞ്ഞാല്‍ ഞാന്‍ അതുകേള്‍ക്കും; ഞാന്‍ കരുണയുള്ളവനാണ്.
28 : നീ ദൈവത്തെ നിന്ദിക്കുകയോ നിന്റെ ജനത്തിന്റെ ഭരണാധികാരിയെ ശപിക്കുകയോ അരുത്.
29 : നിന്റെ മെതിക്കളത്തിലെയും ചക്കുകളിലെയും ഫലസമൃദ്ധിയില്‍ നിന്ന് കാഴ്ച സമര്‍പ്പിക്കാന്‍ വൈകരുത്. നിന്റെ പുത്രന്മാരില് ആദ്യജാതനെ എനിക്കു നല്‍കണം.
30 : നിന്റെ കാളകളെയും ആടുകളെയും സംബന്ധിച്ചും ഇപ്രകാരം തന്നെ ചെയ്യണം. അവയുടെ കടിഞ്ഞൂല്‍ ഏഴുദിവസം തള്ളയുടെ കൂടെ കഴിയട്ടെ. എട്ടാം ദിവസം നീ അതിനെ എനിക്കു തരണം.
31 : നിങ്ങള്‍ എനിക്കു സമര്‍പ്പിക്കപ്പെട്ട വിശുദ്ധ ജനമായിരിക്കണം. വന്യമൃഗങ്ങള്‍ കടിച്ചു കീറിയ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. അതു നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കണം.
അദ്ധ്യായം 23
തുല്യമായ നീതി
1 : വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്; കള്ള സാക്ഷ്യം നല്കി കുറ്റക്കാരനു കൂട്ടുനില്‍ക്കരുത്.
2 : ഭൂരിപക്ഷത്തോടു ചേര്‍ന്നു തിന്മ ചെയ്യരുത്. ഭൂരിപക്ഷത്തോടു ചേര്‍ന്ന് നീതിക്കെതിരായി കോടതിയില്‍ സാക്ഷ്യം നില്‍ക്കരുത്.
3 : വ്യവഹാരത്തില്‍ ദരിദ്രനു പ്രത്യേക പരിഗണന നല്‍കരുത്.
4 : ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിപ്പോകുന്നതു കണ്ടാല്‍ അതിനെ അവന്റെ അടുക്കല്‍ തിരിച്ചെത്തിക്കണം.
5 : നിന്നെ വെറുക്കുന്നവന്റെ കഴുത, ചുമടിനു കീഴെ വീണു കിടക്കുന്നതു കണ്ടാല്‍, നീ കടന്നു പോകരുത്; അതിനെ എഴുന്നേല്പിക്കാന് അവനെ സഹായിക്കണം.
6 : വ്യവഹാരത്തില്‍ ദരിദ്രനു നീതി നിഷേധിക്കരുത്.
7 : തെറ്റായ കുറ്റാരോപണത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക. നിഷ്കളങ്കരെയും നീതിമാന്മാരെയും വധിക്കരുത്. ദുഷ്ടനെ ഞാന്‍ വെറുതെ വിടുകയില്ല.
8 : കൈക്കൂലി വാങ്ങരുത്; അത് വിജ്ഞനെ അന്ധനാക്കുകയും നീതിമാനെ കള്ളം പറയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
9 : നിങ്ങള്‍ പരദേശികളെ പീഡിപ്പിക്കരുത്. ഈജിപ്തില്‍ പരദേശികളായിരുന്ന നിങ്ങള്‍ക്ക് പരദേശികളുടെ ഹൃദയവികാരങ്ങള്‍ അറിയാമല്ലോ.
സാബത്തു വര്‍ഷം
10 : നീ നിന്റെ വയലില്‍ ആറുവര്‍ഷം വിതച്ചു വിളവെടുത്തുകൊള്ളുക.
11 : ഏഴാം വര്‍ഷം അതു വിതയ്ക്കാതെ വെറുതെ കിടക്കട്ടെ. നിന്റെ ജനത്തിലെ ദരിദ്രര്‍ അതില്‍ നിന്നു ഭക്ഷ്യം ശേഖരിക്കട്ടെ. പിന്നെയും അവശേഷിക്കുന്നതു വന്യമൃഗങ്ങള്‍ തിന്നുകൊള്ളട്ടെ. മുന്തിരിത്തോട്ടവും ഒലിവുതോട്ടവും സംബന്ധിച്ചും ഇപ്രകാരം തന്നെ ചെയ്യണം.
12 : ആറുദിവസം ജോലി ചെയ്യുക. ഏഴാംദിവസം വിശ്രമിക്കണം. നിന്റെ കാളയും കഴുതയും വിശ്രമിക്കട്ടെ. നിന്റെ ദാസിയുടെ പുത്രനും പരദേശിയും ക്ഷീണം തീര്‍ക്കട്ടെ.
13 : ഞാന്‍ നിങ്ങളോടു പറഞ്ഞകാര്യങ്ങളിലെല്ലാം ശ്രദ്ധ വയ്ക്കണം. അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്.
മൂന്നു മഹോത്സവങ്ങള്‍
14 : എന്റെ ബഹുമാനത്തിനായി വര്‍ഷംതോറും മൂന്നു തവണ നിങ്ങള്‍ ഉത്സവമാഘോഷിക്കണം.
15 : പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ ആചരിക്കണം. ഞാന്‍ കല്പിച്ചിട്ടുള്ളതു പോലെ അബീബു മാസത്തിലെ ഏഴു നിശ്ചിത ദിവസങ്ങളില്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. എന്തെന്നാല്‍, ആ മാസത്തിലാണ് നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറത്തുവന്നത്. എന്റെ മുന്പില് വെറും കൈയോടെ വരരുത്.
16 : വയലില്‍ നിന്ന് ആദ്യ ഫലങ്ങള്‍ കൊയ്തെടുക്കുമ്പോള്‍ പുത്തരിപ്പെരുനാളും വര്‍ഷാവസാനം പ്രയത്നഫലം ശേഖരിച്ചു കഴിയുമ്പോള്‍ സംഭരണത്തിരുനാളും ആഘോഷിക്കണം.
17 : പുരുഷന്മാരെല്ലാവരും വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം ദൈവമായ കര്‍ത്താവിന്റെ സന്നിധിയില്‍ ഹാജരാവണം.
18 : ബലിമൃഗത്തിന്റെ രക്തം പുളിപ്പുള്ള അപ്പത്തോടൊന്നിച്ച് എനിക്കര്‍പ്പിക്കരുത്. ഉത്സവദിനത്തിലര്‍പ്പിക്കുന്ന ബലിയുടെ കൊഴുപ്പ് പ്രഭാതംവരെ സൂക്ഷിക്കുകയുമരുത്.
19 : വയലിലെ ആദ്യവിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ കര്‍ത്താവിന്റെ ഭവനത്തിലേക്കു കൊണ്ടുവരണം. ആട്ടിന്‍കുട്ടിയെ അതിന്റെ തള്ളയുടെ പാലില്‍ വേവിക്കരുത്.
വാഗ്ദാനങ്ങള്‍
20 : ഇതാ, ഒരു ദൂതനെ നിനക്കുമുന്പേ ഞാന്‍ അയയ്ക്കുന്നു. അവന് നിന്റെ വഴിയില്‍ നിന്നെ കാത്തുകൊള്ളും; ഞാന്‍ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും.
21 : അവന് പറയുന്നതെല്ലാം ആദരപൂര്‍വം അനുസരിക്കണം. അവനെ പ്രകോപിപ്പിക്കരുത്. എന്റെ നാമം അവനിലുള്ളതു നിമിത്തം നിന്റെ അതിക്രമങ്ങള്‍ അവന് ക്ഷമിക്കുകയില്ല.
22 : അവന്റെ വാക്കു കേള്‍ക്കുകയും ഞാന്‍ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്യുമെങ്കില്‍ നിന്റെ ശത്രുക്കള്‍ക്കു ഞാന്‍ ശത്രുവായിരിക്കും. നിന്റെ എതിരാളികള്‍ക്കു ഞാന്‍ എതിരാളിയുമായിരിക്കും.
23 : എന്റെ ദൂതന് നിനക്കുമുന്പേ പോയി നിന്നെ അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, കാനാന്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ ഇടയിലേക്കു നയിക്കും. അപ്പോള്‍ ഞാന്‍ അവരെ നിശ്ശേഷം നശിപ്പിക്കും.
24 : നീ അവരുടെ ദേവന്മാരെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യരുത്. അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത്. അവരുടെ ദേവന്മാരെ നശിപ്പിക്കുകയും ആരാധനാസ്തംഭങ്ങള്‍ തകര്‍ക്കുകയും ചെയ്യണം.
25 : നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ ആരാധിക്കണം. അപ്പോള്‍ ഞാന്‍ നിങ്ങളുടെ ഭക്ഷ്യവും പാനീയവും ആശീര്‍വദിക്കും; നിങ്ങളുടെ ഇടയില്‍ നിന്നു രോഗം നിര്‍മാര്‍ജനം ചെയ്യും.
26 : ഗര്‍ഭച്ഛിദ്രമോ വന്ധ്യതയോ നാട്ടില്‍ ഉണ്ടാവുകയില്ല; നിനക്കു ഞാന്‍ ദീര്‍ഘായുസ്സു തരും.
27 : നീ ചെന്നെത്തും മുന്‍പേ നിനക്ക് ഏറ്റുമുട്ടേണ്ടി വരുന്ന ജനങ്ങള്‍ എന്നെ ഭയപ്പെടുന്നതിനു ഞാന്‍ ഇടയാക്കും. അവരില്‍ സംഭ്രമം ജനിപ്പിക്കും. നിന്റെ ശത്രുക്കള്‍ പിന്തിരിഞ്ഞോടും.
28 : നിനക്കു മുന്‍പേ ഞാന്‍ കടന്നലുകളെ അയയ്ക്കും. അവ ഹിവ്യര്‍, കാനാന്യര്‍, ഹിത്യര്‍ എന്നിവരെ നിന്റെ മുന്പില്നിന്നു തുരത്തും.
29 : എന്നാല്‍ ഒറ്റ വര്‍ഷം കൊണ്ട് അവരെ നിന്റെ മുന്പില് നിന്നു തുടച്ചുമാറ്റുകയില്ല. അങ്ങനെ ചെയ്താല്‍ നാടു വിജനമാകുകയും നിനക്ക് ഉപദ്രവകാരികളായ വന്യമൃഗങ്ങള്‍ പെരുകുകയും ചെയ്യും.
30 : നീ വര്‍ധിച്ച് നാടു കൈവശപ്പെടുത്തുന്നതനുസരിച്ച് അവരെ നിന്റെ മുന്‍പില്‍നിന്ന് ഞാന്‍ പുറന്തള്ളിക്കൊണ്ടിരിക്കും.
31 : നിന്റെ അതിര്‍ത്തികള്‍ ചെങ്കടല്‍ മുതല്‍ ഫിലിസ്ത്യാക്കടല്‍വരെയും മരുഭൂമി മുതല്‍ യൂഫ്രട്ടീസ് നദിവരെയുമായി ഞാന്‍ നിശ്ചയിക്കും. തദ്ദേശവാസികളെ ഞാന്‍ നിന്റെ കൈയിലേല്പിക്കും. നീ അവരെ നിന്റെ മുന്പില്നിന്നു തുരത്തണം.
32 : അവരോടോ അവരുടെ ദേവന്മാരോടോ നീ ഉടമ്പടി ചെയ്യരുത്.
33 : അവര്‍ നിന്റെ നാട്ടില്‍ വസിച്ചുകൂടാ. വസിച്ചാല്, എനിക്കെതിരായി പാപം ചെയ്യാന്‍ അവര്‍ നിന്നെ പ്രേരിപ്പിക്കും. നീ അവരുടെ ദേവന്മാരെ ആരാധിച്ചാല്‍ അതു നിനക്കൊരു കെണിയായിരിക്കുകയും ചെയ്യും.
0 comments:
Post a Comment