അദ്ധ്യായം 14
ജനം പരാതിപ്പെടുന്നു
1 : രാത്രി മുഴുവന്‍ ജനം ഉറക്കെ നിലവിളിച്ചു.
2 : അവര്‍ മോശയ്ക്കും അഹറോനുമെതിരായി പിറുപിറുത്തു. അവര്‍ പറഞ്ഞു: ഈജിപ്തില്‍വച്ചു ഞങ്ങള്‍ മരിച്ചിരുന്നെങ്കില്‍! ഈ മരുഭൂമിയില്‍വച്ചു ഞങ്ങള്‍ മരിച്ചെങ്കില്‍!
3 : വാളിന് ഇരയാകാന്‍ കര്‍ത്താവു ഞങ്ങളെ ഈ ദേശത്തേക്കു കൊണ്ടുവന്നതെന്തിന്? ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും ശത്രുക്കള്‍ക്ക് ഇരയായിത്തീരുമല്ലോ? ഈജിപ്തിലേക്കു തിരികെ പോകുന്നതല്ലേ നല്ലത്?
4 : അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒരു തലവനെ തിരഞ്ഞെടുത്ത് അവന്റെ കീഴില്‍ ഈജിപ്തിലേക്കു തിരികെ പോകാം.
5 : അപ്പോള്‍ മോശയും അഹറോനും അവിടെ ഒന്നിച്ചുകൂടിയിരുന്ന ഇസ്രായേല്‍ ജനത്തിന്റെ മുമ്പില്‍ കമിഴ്ന്നു വീണു.
6 : ദേശം ഒറ്റുനോക്കാന്‍ പോയവരില്‍ പെട്ട നൂനിന്റെ മകന് ജോഷ്വയും യഫുന്നയുടെ മകന് കാലെബും തങ്ങളുടെ വസ്ത്രം കീറി.
7 : അവര്‍ ഇസ്രായേല്‍ സമൂഹത്തോടു പറഞ്ഞു: ഞങ്ങള്‍ ഒറ്റുനോക്കാന്‍ പോയ ദേശം അതിവിശിഷ്ടമാണ്.
8 : കര്‍ത്താവു നമ്മില്‍ സംപ്രീതനാണെങ്കില്‍ അവിടുന്നു നമ്മെ അങ്ങോട്ടു നയിക്കുകയും തേനും പാലും ഒഴുകുന്ന ആ ദേശം നമുക്കു തരുകയും ചെയ്യും.
9 : നിങ്ങള്‍ കര്‍ത്താവിനോടു മറുതലിക്കരുത്; ആ ദേശത്തെ ജനങ്ങളെ ഭയപ്പെടുകയുമരുത്. അവര്‍ നമുക്ക് ഇരയാണ്. ഇനി അവര്‍ക്കു രക്ഷയില്ല. കര്‍ത്താവു നമ്മോടുകൂടെയാണ്; അവരെ ഭയപ്പെടേണ്ടതില്ല.
10 : എന്നാല്‍ ജോഷ്വയെയും കാലെബിനെയും കല്ലെറിയണമെന്നു സമൂഹം ഒറ്റസ്വരത്തില്‍ പറഞ്ഞു: അപ്പോള്‍ സമാഗമകൂടാരത്തില്‍ കര്‍ത്താവിന്റെ മഹത്വം ഇസ്രായേലിനു പ്രത്യക്ഷമായി.
മോശയുടെ മാധ്യസ്ഥ്യം
11 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ഈ ജനം എത്രത്തോളം എന്നെ പ്രകോപിപ്പിക്കും? അവരുടെ മധ്യേ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ള അടയാളങ്ങള്‍ കണ്ടിട്ടും എത്രനാള്‍ എന്നെ അവര്‍ വിശ്വസിക്കാതിരിക്കും?
12 : ഞാന്‍ അവരെ മഹാമാരികൊണ്ടു പ്രഹരിച്ചു നിര്‍മൂലനം ചെയ്യും. എന്നാല്‍, അവരെക്കാള്‍ വലുതും ശക്തവുമായ ഒരു ജനതയെ നിന്നില്‍ നിന്നു പുറപ്പെടുവിക്കും.
13 : മോശ കര്‍ത്താവിനോടു പറഞ്ഞു: ഈജിപ്തുകാര്‍ ഇതേപ്പറ്റി കേള്‍ക്കും. അവിടുത്തെ ശക്തമായ കരമാണല്ലോ ഈ ജനത്തെ അവരുടെ ഇടയില്‍നിന്നു കൊണ്ടുപോന്നത്.
14 : ഈ ദേശത്തു വസിക്കുന്നവരോടും അവര്‍ ഇക്കാര്യം പറയും. കര്‍ത്താവേ, അങ്ങ് ഈ ജനത്തിന്റെ മധ്യേയുണ്ടെന്ന് അവര്‍ കേട്ടിട്ടുണ്ട്. കാരണം, ഈ ജനം അങ്ങയെ അഭിമുഖം കാണുന്നു; അവിടുത്തെ മേഘം ഇവരുടെ മുകളില്‍ എപ്പോഴും നില്ക്കുന്നു. പകല്‍ മേഘസ്തംഭവും രാത്രിയില്‍ അഗ്നിസ്തംഭവും കൊണ്ട് അവിടുന്ന് ഇവര്‍ക്കു വഴികാട്ടുന്നു.
15 : അതിനാല്‍ ഒരൊറ്റയാളെ എന്ന പോലെ അങ്ങ് ഈ ജനത്തെ സംഹരിച്ചു കളഞ്ഞാല്‍ അങ്ങയുടെ പ്രശസ്തി കേട്ടിട്ടുള്ള ജനതകള്‍ പറയും :
16 : അവര്‍ക്കു കൊടുക്കാമെന്നു സത്യംചെയ്ത ദേശത്ത് അവരെ എത്തിക്കാന്‍ കര്‍ത്താവിനു കഴിവില്ലാത്തതു കൊണ്ടു മരുഭൂമിയില്‍വച്ച് അവന് അവരെ കൊന്നുകളഞ്ഞു.
17 : കര്‍ത്താവേ, അങ്ങ് അരുളിച്ചെയ്തിട്ടുള്ളതു പോലെ അങ്ങയുടെ ശക്തി വലുതാണെന്നു പ്രകടമാക്കണമേ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
18 : കര്‍ത്താവു ക്ഷമാശീലനും അചഞ്ചല സ്നേഹം കവിഞ്ഞൊഴുകുന്നവനുമാണ്. അവിടുന്ന് അകൃത്യവും അപരാധങ്ങളും ക്ഷമിക്കുന്നവനാണ്. എന്നാല്‍ കുറ്റക്കാരനെ വെറുതെ വിടാതെ, പിതാക്കന്മാരുടെ അകൃത്യങ്ങള്‍ക്കു മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനുമാണെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.
19 : അങ്ങയുടെ കാരുണ്യാതിരേകത്തിനു യോജിച്ചവിധം ഈജിപ്തു മുതല്‍ ഇവിടം വരെ ഈ ജനത്തോടു ക്ഷമിച്ചതുപോലെ ഇപ്പോഴും ഇവരുടെ അപരാധം പൊറുക്കണമെന്ന് അങ്ങയോടു ഞാന്‍ യാചിക്കുന്നു.
20 : അപ്പോള്‍ കര്‍ത്താവ് അരുളിച്ചെയ്തു: നിന്റെ അപേക്ഷ സ്വീകരിച്ചു ഞാന്‍ ക്ഷമിച്ചിരിക്കുന്നു.
21 : എന്നാല്‍ ഞാനാണേ, ഭൂമി നിറഞ്ഞിരിക്കുന്ന എന്റെ മഹത്വമാണേ, കര്‍ത്താവായ ഞാന്‍ പറയുന്നു :
22 : എന്റെ മഹത്വവും, ഈജിപ്തിലും മരുഭൂമിയിലും വച്ചു ഞാന്‍ ചെയ്ത അടയാളങ്ങളും കണ്ടിട്ടും എന്നെ പത്തു പ്രാവശ്യം പരീക്ഷിക്കുകയും എന്റെ സ്വരം അവഗണിക്കുകയും ചെയ്ത ഈ ജനത്തിലാരും,
23 : അവരുടെ പിതാക്കന്മാര്ക്കു ഞാന്‍ വാഗ്ദാനം ചെയ്ത ദേശം കാണുകയില്ല.
24 : എന്നെ നിന്ദിച്ചവരാരും അതു കാണുകയില്ല. എന്നാല്‍ എന്റെ ദാസനായ കാലെബിനെ അവന് ഒറ്റുനോക്കിയ ദേശത്തേക്കു ഞാന്‍ കൊണ്ടുപോകും; അവന്റെ സന്തതികള്‍ അതു കൈവശമാക്കും. എന്തെന്നാല്‍, അവനെ നയിച്ച ചൈതന്യം വ്യത്യസ്തമാണ്. അവന് എന്നെ പൂര്‍ണമായി അനുഗമിക്കുകയും ചെയ്തു.
25 : താഴ്വരയില് അമലേക്യരും കാനാന്യരും പാര്‍ക്കുന്നതു കൊണ്ടു നാളെ ചെങ്കടലിലേക്കുള്ള വഴിയിലൂടെ മരുഭൂമിയിലേക്കു പിന്തിരിയുക.
26 : കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു:
27 : വഴിപിഴച്ച ഈ സമൂഹം എത്രനാള്‍ എനിക്കെതിരേ പിറുപിറുക്കും. എനിക്കെതിരേ ഇസ്രായേല്‍ ജനം പിറുപിറുക്കുന്നതു ഞാന്‍ കേട്ടിരിക്കുന്നു.
28 : അവരോടു പറയുക: ജീവിക്കുന്നവനായ ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ കേള്‍ക്കെ നിങ്ങള്‍ പിറുപിറുത്തതു പോലെ ഞാന്‍ നിങ്ങളോടു ചെയ്യും.
29 : നിങ്ങളുടെ ശവങ്ങള് ഈ മരുഭൂമിയില്‍ വീഴും.
30 : നിങ്ങളില്‍ ഇരുപതും അതിലേറെയും വയസ്സുള്ളവരില്‍, എനിക്കെതിരായി പിറുപിറുത്ത ഒരാള്‍പോലും, നിങ്ങളെ പാര്‍പ്പിക്കാമെന്നു ഞാന്‍ വാഗ്ദാനം ചെയ്ത ദേശത്തു പ്രവേശിക്കുകയില്ല. യഫുന്നയുടെ മകന് കാലെബും നൂനിന്റെ മകന് ജോഷ്വയും മാത്രം അവിടെ പ്രവേശിക്കും.
31 : എന്നാല്‍, ശത്രുക്കള്‍ക്ക് ഇരയാകുമെന്നു നിങ്ങള്‍ ഭയപ്പെട്ട നിങ്ങളുടെ മക്കളെ ഞാന്‍ അവിടെ പ്രവേശിപ്പിക്കും. നിങ്ങള്‍ തിരസ്കരിച്ച ആ ദേശം അവര്‍ അനുഭവിക്കും.
32 : നിങ്ങളുടെ ശവങ്ങള് ഈ മരുഭൂമിയില്‍ വീഴും.
33 : നിങ്ങളില്‍ അവസാനത്തെ ആള് ഈ മരുഭൂമിയില്‍ വീഴുന്നതുവരെ നിങ്ങളുടെ അവിശ്വസ്തതയ്ക്കു പ്രായശ്ചിത്തം ചെയ്തുകൊണ്ട് നിങ്ങളുടെ മക്കള്‍ നാല്പതു വര്‍ഷം ഈ മരുഭൂമിയില്‍ നാടോടികളായി അലഞ്ഞു തിരിയും.
34 : നാല്പതു ദിവസം നിങ്ങള്‍ ആ ദേശം രഹസ്യ നിരീക്ഷണം നടത്തി. ഒരു ദിവസത്തിന് ഒരു വര്‍ഷം വീതം നാല്പതു വര്‍ഷത്തേക്കു നിങ്ങളുടെ അകൃത്യത്തിനു നിങ്ങള്‍ പ്രായശ്ചിത്തം ചെയ്യണം. എന്നോടു കാട്ടിയ അവിശ്വസ്തതയുടെ രൂക്ഷത അങ്ങനെ നിങ്ങള്‍ അറിയും.
35 : കര്‍ത്താവായ ഞാനാണു പറയുന്നത്: എനിക്കെതിരേ ഒത്തുചേര്‍ന്ന ദുഷ്ടന്മാരുടെ ഈ കൂട്ടത്തോടു തീര്‍ച്ചയായും ഞാന്‍ ഇതു ചെയ്യും. അവരില്‍ അവസാനത്തെ മനുഷ്യന്‍വരെ ഈ മരുഭൂമിയില്‍ മരിച്ചുവീഴും.
36 : ദേശം ഒറ്റുനോക്കാന്‍ മോശ അയയ്ക്കുകയും
37 : മടങ്ങിവന്നു തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു മോശയ്ക്കെതിരേ ജനം മുഴുവന്‍ പിറുപിറുക്കാന്‍ ഇടയാക്കുകയും ചെയ്തവര്‍ മഹാമാരി ബാധിച്ചു കര്‍ത്താവിന്റെ മുമ്പില്‍ മരിച്ചുവീണു.
38 : ഒറ്റുനോക്കാന്‍ പോയവരില്‍ നൂനിന്റെ മകനായ ജോഷ്വയും യഫുന്നയുടെ മകന് കാലെബും മരിച്ചില്ല.
39 : മോശ ഇക്കാര്യം ഇസ്രായേല്‍ ജനത്തോടു പറഞ്ഞു. അവര്‍ ഏറെ വിലപിച്ചു.
40 : പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് അവര്‍ മലമുകളിലേക്കു പോകാനൊരുങ്ങി. അവര്‍ പറഞ്ഞു: ഞങ്ങള്‍ പാപം ചെയ്തുപോയി! എന്നാല്‍, കര്‍ത്താവു വാഗ്ദാനം ചെയ്ത ദേശത്തേക്കു പോകാന്‍ ഇപ്പോഴിതാ ഞങ്ങള്‍ തയ്യാറാണ്.
41 : അപ്പോള്‍ മോശ പറഞ്ഞു: നിങ്ങള്‍ എന്തിനു കര്‍ത്താവിന്റെ കല്പന ലംഘിക്കുന്നു? അതൊരിക്കലും വിജയിക്കുകയില്ല.
42 : ശത്രുക്കളുടെ മുമ്പില്‍ തോല്‍ക്കാതിരിക്കാന്‍ നിങ്ങളിപ്പോള്‍ മുകളിലേക്കു കയറരുത്. എന്തെന്നാല്‍ കര്‍ത്താവു നിങ്ങളുടെകൂടെയില്ല.
43 : അമലേക്യരും കാനാന്യരും നിങ്ങള്‍ക്കെതിരേ നില്ക്കും. നിങ്ങള്‍ അവരുടെ വാളിനിരയാകും. കര്‍ത്താവിനു പുറംതിരിഞ്ഞിരിക്കുന്നതിനാല്‍ അവിടുന്നു നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.
44 : കര്‍ത്താവിന്റെ വാഗ്ദാന പേടകമോ മോശയോ പാളയത്തില്‍നിന്ന് ഇറങ്ങിച്ചെല്ലാതിരുന്നിട്ടും അവര്‍ ധിക്കാരപൂര്‍വം മലയിലേക്കു കയറി.
45 : മലയില്‍ പാര്‍ത്തിരുന്ന അമലേക്യരും കാനാന്യരും ഇറങ്ങിവന്ന് അവരെ ഹോര്‍മാ വരെ തോല്പിച്ചോടിച്ചു.
0 comments:
Post a Comment