ഉൽപ്പത്തി 27 28
Audio Only
Download Mp3 (7 mb) (Updated on 10th July with missing audio)
Click here to Subscribe YouTube Channel
അദ്ധ്യായം 27
യാക്കോബിന് അനുഗ്രഹം
1 : ഇസഹാക്കിനു പ്രായമായി. കണ്ണിനു കാഴ്ച കുറഞ്ഞു. അവന് മൂത്തമകന് ഏസാവിനെ വിളിച്ചു: എന്റെ മകനേ! ഇതാ ഞാന്‍, അവന് വിളി കേട്ടു.
2 : ഇസഹാക്ക് പറഞ്ഞു: എനിക്കു വയസ്സായി. എന്നാണു ഞാന്‍ മരിക്കുകയെന്ന് അറിഞ്ഞുകൂടാ.
3 : നിന്റെ ആയുധങ്ങളായ അമ്പും വില്ലുമെടുത്തു വയലില്‍ പോയി വേട്ടയാടി കുറെകാട്ടിറച്ചി കൊണ്ടുവരിക.
4 : എനിക്കിഷ്ടപ്പെട്ട രീതിയില്‍ രുചികരമായി പാകംചെയ്ത് എന്റെ മുന്പില് വിളമ്പുക. അതു ഭക്ഷിച്ചിട്ട് നിന്നെ ഞാന്‍ മരിക്കും മുന്‍പേ അനുഗ്രഹിക്കട്ടെ.
5 : ഇസഹാക്ക് ഏസാവിനോടു പറയുന്നതു റബേക്കാ കേള്‍ക്കുന്നുണ്ടായിരുന്നു. ഏസാവ് കാട്ടിറച്ചിതേടി വയലിലേക്കു പോയി.
6 : അപ്പോള്‍ അവള് യാക്കോബിനോടു പറഞ്ഞു: നിന്റെ പിതാവു നിന്റെ സഹോദരനായ ഏസാവിനോട്,
7 : നായാട്ടിറച്ചി കൊണ്ടുവന്നു രുചികരമായി പാകംചെയ്ത് എന്റെ മുന്പില് വിളമ്പുക. ഞാന്‍ മരിക്കുംമുമ്പ് അതു ഭക്ഷിച്ചിട്ടു ദൈവത്തിന്റെ മുന്പില് നിന്നെ അനുഗ്രഹിക്കട്ടെ എന്നു പറയുന്നതു ഞാന്‍ കേട്ടു.
8 : അതുകൊണ്ട് മകനേ, നീ ഇപ്പോള്‍ എന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കുക.
9 : ആട്ടിന്‍കൂട്ടത്തില്‍നിന്നു രണ്ടു നല്ല കുഞ്ഞാടുകളെ പിടിച്ചുകൊണ്ടുവരുക. ഞാന്‍ അവകൊണ്ടു നിന്റെ പിതാവിന് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം ഉണ്ടാക്കാം.
10 : നീ അതു പിതാവിന്റെ യടുക്കല്കൊണ്ടു ചെല്ലണം. അപ്പോള്‍ അദ്ദേഹം മരിക്കുംമുമ്പ് അതു ഭക്ഷിച്ചു നിന്നെ അനുഗ്രഹിക്കും.
11 : യാക്കോബ് അമ്മ റബേക്കായോടു പറഞ്ഞു: ഏസാവ് ശരീരമാകെ രോമമുള്ളവനാണ്, എന്നാല്‍ എന്റെ ദേഹം മിനുസമുള്ളതാണ്.
12 : പിതാവ് എന്നെ തൊട്ടുനോക്കുകയും ഞാന്‍ കബളിപ്പിക്കുകയാണെന്നു മനസ്സിലാക്കുകയും ചെയ്താല്‍ അനുഗ്രഹത്തിനു പകരം ശാപമായിരിക്കില്ലേ എനിക്കു ലഭിക്കുക?
13 : അവന്റെ അമ്മ പറഞ്ഞു: ആ ശാപം എന്റെ മേലായിരിക്കട്ടെ. മകനേ, ഞാന്‍ പറയുന്നതു കേള്‍ക്കുക. പോയി അവകൊണ്ടു വരുക.
14 : അവന് പോയി അവയെ പിടിച്ച് അമ്മയുടെ മുന്പില് കൊണ്ടുവന്നു. അവള് അവന്റെ പിതാവിന് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം തയ്യാറാക്കി.
15 : അവള് മൂത്തമകന് ഏസാവിന്റേതായി, തന്റെ പക്കല്‍ വീട്ടിലിരുന്ന ഏററവും വിലപ്പെട്ട വസ്ത്രങ്ങളെടുത്ത് ഇളയ മകന് യാക്കോബിനെ ധരിപ്പിച്ചു;
16 : ആട്ടിന്‍ തോലുകൊണ്ട് അവന്റെ കൈകളും കഴുത്തിലെ മിനുസമുളള ഭാഗവും മൂടി.
17 : പാകം ചെയ്ത രുചികരമായ മാംസവും അപ്പവും അവള് യാക്കോബിന്റെ കൈയില്‍ കൊടുത്തു.
18 : യാക്കോബ് പിതാവിന്റെയടുക്കല്‍ച്ചെന്ന് വിളിച്ചു: എന്റെ പിതാവേ! ഇതാ ഞാന്‍, അവന് വിളികേട്ടു. നീയാരാണ് മകനേ എന്ന് അവന് ചോദിച്ചു.
19 : യാക്കോബ് മറുപടി പറഞ്ഞു: അങ്ങയുടെ കടിഞ്ഞൂല്‍പ്പുത്രന്‍ ഏസാവാണു ഞാന്‍. അങ്ങ് ആവശ്യപ്പെട്ടതുപോലെ ഞാന്‍ ചെയ്തിരിക്കുന്നു. എഴുന്നേറ്റ് എന്റെ നായാട്ടിറച്ചി ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും.
20 : എന്നാല്‍ ഇസഹാക്ക് ചോദിച്ചു: എന്റെ മകനേ, നിനക്ക് ഇത് ഇത്രവേഗം എങ്ങനെ കിട്ടി? യാക്കോബു പറഞ്ഞു: അങ്ങയുടെ ദൈവമായ കര്‍ത്താവ് ഇതിനെ എന്റെ മുന്പില് കൊണ്ടുവന്നു.
21 : അപ്പോള്‍ ഇസഹാക്ക് യാക്കോബിനോടു പറഞ്ഞു: അടുത്തുവരിക മകനേ, ഞാന്‍ നിന്നെ തൊട്ടുനോക്കി നീ എന്റെ മകന് ഏസാവു തന്നെയോ എന്നറിയട്ടെ.
22 : യാക്കോബ് പിതാവായ ഇസഹാക്കിന്റെയടുത്തുചെന്നു. അവനെ തടവിനോക്കിയിട്ട് ഇസഹാക്കു പറഞ്ഞു: സ്വരം യാക്കോബിന്റെതാണ്, എന്നാല്‍ കൈകള്‍ ഏസാവിന്റെതും.
23 : ഇസഹാക്ക് അവനെ തിരിച്ചറിഞ്ഞില്ല. കാരണം, അവന്റെ കൈകള്‍ സഹോദരനായ ഏസാവിന്റെ കൈകള്‍പോലെ രോമം നിറഞ്ഞതായിരുന്നു. ഇസഹാക്ക് അവനെ അനുഗ്രഹിച്ചു.
24 : അവന് ചോദിച്ചു: സത്യമായും നീ എന്റെ മകന് ഏസാവുതന്നെയാണോ? അതേ, എന്ന് അവന് മറുപടി പറഞ്ഞു.
25 : ഇസഹാക്കു പറഞ്ഞു: എന്റെ മകനേ, നിന്റെ നായാട്ടിറച്ചി കൊണ്ടുവരുക. അതു തിന്നിട്ട് ഞാന്‍ നിന്നെ അനുഗ്രഹിക്കട്ടെ. ഇസഹാക്ക് അതു ഭക്ഷിക്കുകയും അവന് കൊണ്ടുവന്നവീഞ്ഞു കുടിക്കുകയും ചെയ്തു.
26 : ഇസഹാക്ക് അവനോടു പറഞ്ഞു: നീ അടുത്തുവന്ന് എന്നെ ചുംബിക്കുക.
27 : അവന് ചുംബിച്ചപ്പോള്‍ ഇസഹാക്ക് അവന്റെ ഉടുപ്പുമണത്തു നോക്കി, അവനെ അനുഗ്രഹിച്ചു. കര്‍ത്താവു കനിഞ്ഞ് അനുഗ്രഹിച്ചവയലിന്റെ മണമാണ് എന്റെ മകന്റേതെന്ന് അവന് പറഞ്ഞു.
28 : ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ ഫലപുഷ്ഠിയും ദൈവം നിനക്കു നല്കട്ടെ!
29 : ധാന്യവും വീഞ്ഞും സമൃദ്ധമാവട്ടെ! ജനതകള്‍ നിനക്കു സേവ ചെയ്യട്ടെ! രാജ്യങ്ങള്‍ നിന്റെ മുമ്പില്‍ തലകുനിക്കട്ടെ! നിന്റെ സഹോദരര്‍ക്കു നീ നാഥനായിരിക്കുക! നിന്റെ അമ്മയുടെ പുത്രന്മാര് നിന്റെ മുന്പില് തല കുനിക്കട്ടെ! നിന്നെ ശപിക്കുന്നവന് ശപ്തനും അനുഗ്രഹിക്കുന്നവന് അനുഗൃഹീതനുമാകട്ടെ!
ഏസാവ് അനുഗ്രഹംയാചിക്കുന്നു
30 : ഇസഹാക്ക് യാക്കോബിനെ അനുഗ്രഹിക്കുകയും യാക്കോബ് അവന്റെ മുന്പില്നിന്നു പുറത്തുകടക്കുകയും ചെയ്തപ്പോള്‍ നായാട്ടുകഴിഞ്ഞ് ഏസാവു തിരിച്ചെത്തി.
31 : അവനും പിതാവിനിഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി, പിതാവിന്റെ അടുക്കല്‍കൊണ്ടുവന്നിട്ടു പറഞ്ഞു: പിതാവേ, എഴുന്നേറ്റ് അങ്ങയുടെ മകന്റെ നായാട്ടിറച്ചി ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും.
32 : നീ ആരാണ്? ഇസഹാക്കു ചോദിച്ചു. അവന് പറഞ്ഞു: അങ്ങയുടെ കടിഞ്ഞൂല്പുത്രന് ഏസാവാണ് ഞാന്‍.
33 : ഇസഹാക്ക് അത്യധികം പരിഭ്രമിച്ചു വിറയ്ക്കാന്‍ തുടങ്ങി. അവന് ചോദിച്ചു: നായാട്ടിറച്ചിയുമായി നിനക്കുമുന്‍പ് എന്റെ മുന്പില് വന്നത് ആരാണ്? ഞാന്‍ അതു തിന്നുകയും അവനെ അനുഗ്രഹിക്കുകയും ചെയ്തല്ലോ. അവന് അനുഗ്രഹിക്കപ്പെട്ടവനായിരിക്കും.
34 : പിതാവിന്റെ വാക്കു കേട്ടപ്പോള്‍ ഏസാവ് അതീവ ദുഃഖത്തോടെ കരഞ്ഞു. പിതാവേ, എന്നെയും അനുഗ്രഹിക്കുക, അവന് അപേക്ഷിച്ചു.
35 : ഇസഹാക്കു പറഞ്ഞു: നിന്റെ സഹോദരന് എന്നെ കബളിപ്പിച്ചു നിനക്കുള്ള വരം എന്നില്‍നിന്നു തട്ടിയെടുത്തു.
36 : ഏസാവുപറഞ്ഞു: വെറുതെയാണോ അവനെ യാക്കോബ് എന്നു വിളിക്കുന്നത്? രണ്ടു തവണ അവന് എന്നെ ചതിച്ചു; കടിഞ്ഞൂലവകാശം എന്നില്‍ നിന്ന് അവന് കൈക്കലാക്കി. ഇപ്പോഴിതാ എനിക്കുള്ള അനുഗ്രഹവും അവന് തട്ടിയെടുത്തിരിക്കുന്നു. വീണ്ടും അവന് പിതാവിനോടു ചോദിച്ചു: എനിക്കുവേണ്ടി ഒരുവരം പോലും അങ്ങു നീക്കിവച്ചിട്ടില്ലേ?
37 : ഇസഹാക്കു പറഞ്ഞു: ഞാന്‍ അവനെ നിന്റെ യജമാനനാക്കി; അവന്റെ സഹോദരന്മാരെ അവന്റെ ദാസന്മാരും. ധാന്യവും വീഞ്ഞുംകൊണ്ടു ഞാന്‍ അവനെ ധന്യനാക്കി. മകനേ, നിനക്കു വേണ്ടി എന്താണ് എനിക്കിനി ചെയ്യാന്‍ കഴിയുക?
38 : എന്റെ പിതാവേ, ഒറ്റവരമേ അങ്ങയുടെ പക്കല്‍ ഉള്ളോ? എന്നെയും അനുഗ്രഹിക്കുക എന്നുപറഞ്ഞ് അവന് പൊട്ടിക്കരഞ്ഞു.
39 : അപ്പോള്‍ ഇസഹാക്ക് പറഞ്ഞു: ആകാശത്തിന്റെ മഞ്ഞില്‍നിന്നും ഭൂമിയുടെ ഫലപുഷ്ഠിയില്‍നിന്നും നീ അകന്നിരിക്കും.
40 : വാളുകൊണ്ടു നീ ജീവിക്കും. നിന്റെ സഹോദരനു നീ ദാസ്യവൃത്തി ചെയ്യും. എന്നാല്‍ സ്വതന്ത്രനാകുമ്പോള്‍ ആ നുകം നീ തകര്‍ത്തുകളയും.
യാക്കോബ് ലാബാന്റെ അടുക്കലേക്ക്
41 : പിതാവ് യാക്കോബിനു നല്കിയ അനുഗ്രഹം മൂലം ഏസാവ് യാക്കോബിനെ വെറുത്തു. അവന് ആത്മഗതം ചെയ്തു: പിതാവിനെപ്പറ്റി വിലപിക്കാനുള്ള ദിവസങ്ങള്‍ അടുത്തുവരുന്നുണ്ട്. അപ്പോള്‍ ഞാന്‍ അവനെ കൊല്ലും.
42 : മൂത്തമകനായ ഏസാവിന്റെ വാക്കുകള്‍ റബേക്കായുടെ ചെവിയിലെത്തി. അവള് ഇളയവനായ യാക്കോബിനെ വിളിച്ചു പറഞ്ഞു: നിന്നെ കൊല്ലാമെന്നോര്‍ത്ത് നിന്റെ ജ്യേഷ്ഠന് ആശ്വസിച്ചിരിക്കുകയാണ്.
43 : മകനേ, ഞാന്‍ പറയുന്നതു കേള്‍ക്കുക. ഹാരാനിലുള്ള എന്റെ സഹോദരനായ ലാബാന്റെ അടുത്തേക്ക് ഓടി രക്ഷപെടുക.
44 : നിന്റെ ജ്യേഷ്ഠന്റെ രോഷമടങ്ങുവോളം നീ അവിടെ താമസിക്കുക.
45 : ജ്യേഷ്ഠനു നിന്നോടുള്ള കോപം അടങ്ങുകയും നീ ചെയ്തതൊക്കെ മറക്കുകയും ചെയ്യട്ടെ. അപ്പോള്‍ ഞാന്‍ ആളയച്ചു നിന്നെ ഇങ്ങോട്ടു വരുത്താം.
46 : ഒരു ദിവസംതന്നെ നിങ്ങള്‍ രണ്ടുപേരും എനിക്കു നഷ്ടപ്പെടുന്നതെന്തിന്? അതു കഴിഞ്ഞ് റബേക്കാ ഇസഹാക്കിനോടു പറഞ്ഞു: ഈ ഹിത്യസ്ത്രീകള്‍മൂലം എനിക്കു ജീവിതം മടുത്തു. ഈ നാട്ടുകാരായ ഇവരെപ്പോലെയുള്ള ഹിത്യസ്ത്രീകളില്‍നിന്ന് ഒരുവളെ യാക്കോബും വിവാഹംകഴിച്ചാല്‍ പിന്നെ ഞാനെന്തിനു ജീവിക്കണം?
അദ്ധ്യായം 28
1 : ഇസഹാക്ക് യാക്കോബിനെ വിളിച്ച് അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: കാനാന്യസ്ത്രീകളില്‍ ആരെയും നീ വിവാഹം കഴിക്കരുത്.
2 : പാദാന്‍ആരാമില്‍ നിന്റെ അമ്മയുടെ പിതാവായ ബത്തുവേലിന്റെ വീട്ടിലേക്കു പോവുക. അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരിലൊരാളെ ഭാര്യയായി സ്വീകരിക്കുക.
3 : സര്‍വശക്തനായദൈവം നിന്നെ അനുഗ്രഹിച്ച്, സമൃദ്ധമായി വര്‍ധിപ്പിച്ച്, നിന്നില്‍ നിന്നു പല ജനതകളെ ഉളവാക്കട്ടെ!
4 : അബ്രാഹത്തിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതികള്‍ക്കുമായി അവിടുന്നു നല്കട്ടെ! നീ ഇപ്പോള്‍ പരദേശിയായി പാര്‍ക്കുന്നതും, ദൈവം അബ്രാഹത്തിനു നല്കിയതുമായ ഈ നാട് നീ അവകാശപ്പെടുത്തുകയും ചെയ്യട്ടെ!
5 : അങ്ങനെ ഇസഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു. അവന് പാദാന്‍ആരാമിലുള്ള, ലാബാന്റെ അടുക്കലേക്കു പോയി. അരമായനായ ബത്തുവേലിന്റെ മകനും, യാക്കോബിന്റെയും ഏസാവിന്റെയും അമ്മ റബേക്കായുടെ സഹോദരനും ആണ് ലാബാന്‍.
6 : ഇസഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചതും പാദാന്‍ആരാമില്‍ നിന്നു ഭാര്യയെ കണ്ടുപിടിക്കുന്നതിന് അങ്ങോട്ട് അവനെ പറഞ്ഞയച്ചതും ഏസാവ് അറിഞ്ഞു. അവനെ അനുഗ്രഹിച്ചപ്പോള്‍ കാനാന്യസ്ത്രീകളില്‍നിന്നു ഭാര്യയെ സ്വീകരിക്കരുത് എന്ന് അവന് യാക്കോബിനോടു കല്പിച്ചെന്നും
7 : തന്റെ മാതാപിതാക്കളെ അനുസരിച്ച് യാക്കോബ് പാദാന്‍ആരാമിലേക്കു പോയെന്നും ഏസാവ് മനസ്സിലാക്കി.
8 : കാനാന്യസ്ത്രീകളെ തന്റെ പിതാവായ ഇസഹാക്കിന് ഇഷ്ടമല്ലെന്നു മനസ്സിലായപ്പോള്‍
9 : ഏസാവ് അബ്രാഹത്തിന്റെ മകനായ ഇസ്മായേലിന്റെ അടുത്തു ചെന്ന് അവന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെ ഭാര്യയായി സ്വീകരിച്ചു. അവനുണ്ടായിരുന്ന മറ്റു ഭാര്യമാര്‍ക്ക് പുറമേയായിരുന്നു ഇവള്.
യാക്കോബിന്റെ സ്വപ്നം
10 : യാക്കോബ് ബേര്‍ഷെബായില്‍നിന്നു ഹാരാനിലേക്കു പുറപ്പെട്ടു.
11 : സൂര്യന് അസ്തമിച്ചപ്പോള്‍ അവന് വഴിക്ക് ഒരിടത്ത് തങ്ങുകയും രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. ഒരു കല്ലെടുത്തു തലയ്ക്കു കീഴേവച്ച് അവന് ഉറങ്ങാന്‍ കിടന്നു. അവന് ഒരു ദര്‍ശനം ഉണ്ടായി:
12 : ഭൂമിയില്‍ ഉറപ്പിച്ചിരുന്ന ഒരു ഗോവണി - അതിന്റെ അറ്റം ആകാശത്തു മുട്ടിയിരുന്നു. ദൈവദൂതന്മാര് അതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു.
13 : ഗോവണിയുടെ മുകളില്‍ നിന്നുകൊണ്ടു കര്‍ത്താവ് അരുളിച്ചെയ്തു: ഞാന്‍ നിന്റെ പിതാവായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ദൈവമായ കര്‍ത്താവാണ്. നീ കിടക്കുന്ന ഈ മണ്ണു നിനക്കും നിന്റെ സന്തതികള്‍ക്കും ഞാന്‍ നല്‍കും.
14 : നിന്റെ സന്തതികള്‍ ഭൂമിയിലെ പൂഴിപോലെ എണ്ണമറ്റവരായിരിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നിങ്ങള്‍ വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ ഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടും.
15 : ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും, നിന്നെ ഈ നാട്ടിലേക്കു തിരിയേ കൊണ്ടുവരും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല.
16 : അപ്പോള്‍ യാക്കോബ് ഉറക്കത്തില്‍ നിന്നുണര്‍ന്നു. അവന് പറഞ്ഞു: തീര്‍ച്ചയായും കര്‍ത്താവ് ഈ സ്ഥലത്തുണ്ട്.
17 : എന്നാല്‍, ഞാന്‍ അതറിഞ്ഞില്ല. ഭീതിപൂണ്ട് അവന് പറഞ്ഞു: ഈ സ്ഥലം എത്ര ഭയാനകമാണ്! ഇതു ദൈവത്തിന്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല. സ്വര്‍ഗത്തിന്റെ കവാടമാണിവിടം.
18 : യാക്കോബ് അതിരാവിലെ എഴുന്നേറ്റു തലയ്ക്കു കീഴേ വച്ചിരുന്ന കല്ലെടുത്ത് ഒരു തൂണായി കുത്തിനിര്‍ത്തി അതിന്മേല് എണ്ണയൊഴിച്ചു.
19 : അവന് ആ സ്ഥലത്തിനു ബഥേല്‍ എന്നുപേരിട്ടു. ലൂസ് എന്നായിരുന്നു ആ പട്ടണത്തിന്റെ ആദ്യത്തെ പേര്.
20 : അതുകഴിഞ്ഞ് യാക്കോബ് ഒരു പ്രതിജ്ഞചെയ്തു: ദൈവമായ കര്‍ത്താവ് എന്റെ കൂടെ ഉണ്ടായിരിക്കുകയും, ഈയാത്രയില്‍ എന്നെ സംരക്ഷിക്കയും,
21 : എനിക്ക് ഉണ്ണാനും ഉടുക്കാനും തരുകയും, എന്റെ പിതാവിന്റെ വീട്ടിലേക്കു സമാധാനത്തോടെ ഞാന്‍ തിരിച്ചെത്തുകയും ചെയ്താല്‍ കര്‍ത്താവായിരിക്കും എന്റെ ദൈവം.
22 : തൂണായി കുത്തിനിര്‍ത്തിയിരിക്കുന്ന ഈ കല്ലുദൈവത്തിന്റെ ഭവനമായിരിക്കും. അവിടുന്ന് എനിക്കു തരുന്നതിന്റെയെല്ലാം പത്തിലൊന്ന് ഞാന്‍ അവിടുത്തേക്കു സമര്‍പ്പിക്കുകയും ചെയ്യും.
0 comments:
Post a Comment