ഉൽപ്പത്തി 34, 35, 36
Mp3 Audio of the talk
Download Mp3 (Only 5 mb)
Click here to Subscribe YouTube Channel
അദ്ധ്യായം 34
ദീനയുടെ മാനഹാനി
1 : യാക്കോബിനു ലെയായിലുണ്ടായ മകള്‍ ദീന ആ നാട്ടിലുള്ള സ്ത്രീകളെ സന്ദര്‍ശിക്കാന്‍ പോയി.
2 : അവിടത്തെ പ്രഭുവായിരുന്ന ഹാമോര്‍ എന്ന ഹിവ്യന്റെ മകന് ഷെക്കെം അവളെ കണ്ടപ്പോള്‍ പിടിച്ചുകൊണ്ടു പോയി ബലാല്‍സംഗം ചെയ്ത് അപമാനിച്ചു.
3 : അവന്റെ ഹൃദയം യാക്കോബിന്റെ മകളായ ദീനയില്‍ ലയിച്ചു ചേര്‍ന്നു. അവന് അവളെ അതിരറ്റു സ്നേഹിച്ചു. സ്നേഹവായ്പോടെ അവന് അവളോടു സംസാരിച്ചു.
4 : ഷെക്കെം തന്റെ പിതാവായ ഹാമോറിനോടു പറഞ്ഞു: ആ പെണ്‍കുട്ടിയെ എനിക്കു ഭാര്യയായിത്തരണം.
5 : തന്റെ മകളായ ദീനയെ ഷെക്കെം മാനഭംഗപ്പെടുത്തിയെന്ന വിവരം യാക്കോബ് അറിഞ്ഞു. പുത്രന്മാരെല്ലാവരും വയലില്‍ കാലികളുടെകൂടെ ആയിരുന്നതുകൊണ്ട് അവര്‍ തിരിച്ചെത്തുംവരെ അവന് ക്ഷമിച്ചിരുന്നു.
6 : ഷെക്കെമിന്റെ പിതാവായ ഹാമോര്‍ യാക്കോബിനോടു സംസാരിക്കാനായി വന്നു.
7 : വിവരമറിഞ്ഞ് യാക്കോബിന്റെ പുത്രന്മാര് വയലില്‍നിന്നു തിരിച്ചെത്തി. അവര്‍ക്കു രോഷവും അമര്‍ഷവുമുണ്ടായി. കാരണം, യാക്കോബിന്റെ മകളെ ബലാത്സംഗം ചെയ്തതു വഴി, ഷെക്കെം ഇസ്രായേലിനു നിഷിദ്ധമായ മ്ലേച്ഛതയാണു പ്രവര്‍ത്തിച്ചത്.
8 : എന്നാല്‍, ഹാമോര്‍ അവരോടു പറഞ്ഞു: എന്റെ മകനായ ഷെക്കെമിന്റെ ഹൃദയം നിങ്ങളുടെ മകള്‍ക്കുവേണ്ടി ദാഹിക്കുന്നു. ദയചെയ്ത് അവളെ അവനു ഭാര്യയായി നല്‍കണം.
9 : ഞങ്ങളുമായി വിവാഹബന്ധത്തിലേര്‍പ്പെടുക. നിങ്ങളുടെപെണ്‍കുട്ടികളെ ഞങ്ങള്‍ക്കു തരുക. ഞങ്ങളുടെ പെണ്‍കുട്ടികളെ നിങ്ങളും സ്വീകരിക്കുക.
10 : ഞങ്ങളുടെകൂടെ പാര്‍ക്കുക. ഈ നാട്ടില്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടായിരിക്കും. നിങ്ങള്‍ക്ക് ഇവിടെ പാര്‍ത്ത് തൊഴില്‍ ചെയ്യുകയും സമ്പാദ്യമുണ്ടാക്കുകയും ചെയ്യാം.
11 : ഷെക്കെം ദീനയുടെ പിതാവിനോടും സഹോദരന്മാരോടുമായി പറഞ്ഞു: ദയയോടെ നിങ്ങള്‍ എന്നോടു പെരുമാറണം. നിങ്ങള്‍ ചോദിക്കുന്നതു ഞാന്‍ നിങ്ങള്‍ക്കു തരാം.
12 : സ്ത്രീധനമായോ വിവാഹസമ്മാനമായോ നിങ്ങള്‍ ചോദിക്കുന്നതെന്തും തരാന്‍ ഞാന്‍ ഒരുക്കമാണ്. പെണ്‍കുട്ടിയെ എനിക്കു ഭാര്യയായി തരണം.
13 : തങ്ങളുടെ സഹോദരി ദീനയെ ഷെക്കെം മാനഭംഗപ്പെടുത്തിയതുകൊണ്ട് യാക്കോബിന്റെ മക്കള്‍ അവനോടും അവന്റെ പിതാവായ ഹാമോറിനോടും ചതിവായി സംസാരിച്ചു.
14 : അവര്‍ പറഞ്ഞു: പരിച്ഛേദനം ചെയ്യാത്ത ഒരുവന് ഞങ്ങളുടെ സഹോദരിയെ ഭാര്യയായി നല്‍കുക സാധ്യമല്ല. ഞങ്ങള്‍ക്ക് അത് അപമാനകരമാണ്.
15 : എന്നാല്‍ ഒരു വ്യവസ്ഥയില്‍ ഞങ്ങളിതിനു സമ്മതിക്കാം. നിങ്ങളുടെ പുരുഷന്മാരെല്ലാം പരിച്ഛേദനം ചെയ്ത് ഞങ്ങളെപ്പോലെയാകണം.
16 : അങ്ങനെയെങ്കില്‍ ഞങ്ങളുടെ പുത്രിമാരെ നിങ്ങള്‍ക്കു തരാം. നിങ്ങളുടെ പുത്രിമാരെ ഞങ്ങളും സ്വീകരിക്കാം. ഞങ്ങള്‍ നിങ്ങളോടൊത്തു വസിക്കുകയും നമ്മള് ഒരു ജനതയായിത്തീരുകയും ചെയ്യും.
17 : ഞങ്ങള്‍ പറയുന്നതനുസരിച്ചു പരിച്ഛേദനം ചെയ്യാന്‍ നിങ്ങള്‍ ഒരുക്കമല്ലെങ്കില്‍ ഞങ്ങളുടെ മകളെയും കൊണ്ടു ഞങ്ങള്‍ സ്ഥലം വിടും.
18 : അവരുടെ വ്യവസ്ഥ ഹാമോറിനും മകന് ഷെക്കെമിനും ഇഷ്ടപ്പെട്ടു.
19 : അങ്ങനെ ചെയ്യാന്‍ ആ ചെറുപ്പക്കാരന് ഒട്ടും മടികാണിച്ചില്ല. കാരണം, യാക്കോബിന്റെ മകളില്‍ അവന് അത്രമേല്‍ അനുരക്തനായിരുന്നു. അവന്റെ കുടുംബത്തില്‍ ഏറ്റവും മതിക്കപ്പെട്ടവനായിരുന്നു ഷെക്കെം.
20 : അതിനാല്‍, ഹാമോറും മകന് ഷെക്കെമും നഗര കവാടത്തിങ്കല്‍ച്ചെന്ന് അവരുടെ പട്ടണത്തിലെ പുരുഷന്മാരോട് ഇപ്രകാരം പറഞ്ഞു:
21 : ഈ മനുഷ്യര്‍ നമ്മോടു സൗഹാര്‍ദത്തിലാണ്. അവര്‍ ഈ നാട്ടില്‍ പാര്‍ത്ത് ഇവിടെ തൊഴില്‍ ചെയ്യട്ടെ. ഈ നാട് അവരെക്കൂടി ഉള്ക്കൊള്ളാന്മാത്രം വിശാലമാണല്ലോ. അവരുടെ പുത്രിമാരെ നമുക്കു ഭാര്യമാരായി സ്വീകരിക്കാം. നമ്മുടെ പുത്രിമാരെ അവര്‍ക്കു നല്‍കുകയും ചെയ്യാം.
22 : എന്നാല്‍, ഒരു വ്യവസ്ഥയില്‍ മാത്രമേ ഇവര്‍ നമ്മോടൊത്തു പാര്‍ത്ത് ഒരു ജനതയാകാന്‍ സമ്മതിക്കുകയുള്ളു. നമ്മുടെ പുരുഷന്മാരെല്ലാം അവരെപ്പോലെ പരിച്ഛേദനം ചെയ്യണം.
23 : അവരുടെ സമ്പത്തും കന്നുകാലികളും മറ്റു മൃഗങ്ങളുമൊക്കെ നമ്മുടേതാവില്ലേ? നമുക്കിതു സമ്മതിക്കാം. എങ്കില്‍, അവര്‍ നമ്മുടെകൂടെ താമസിക്കും.
24 : പട്ടണത്തിലെ പുരുഷന്മാരെല്ലാം ഹാമോറിന്റെയും മകന് ഷെക്കെമിന്റെയും വാക്കുകള്‍ കേട്ടു പരിച്ഛേദനം ചെയ്തു.
25 : മൂന്നാംദിവസം, അവര്‍ വേദനിച്ചിരുന്നപ്പോള്‍ ദീനയുടെ സഹോദരന്മാരും യാക്കോബിന്റെ പുത്രന്മാരുമായ ശിമയോനും ലേവിയും വാളെടുത്ത് അപ്രതീക്ഷിതമായി നഗരത്തില്‍കടന്നു പുരുഷന്മാരെയെല്ലാം വധിച്ചു.
26 : ഹാമോറിനെയും മകന് ഷെക്കെമിനെയും അവര്‍ വാളിനിരയാക്കി; ഷെക്കെമിന്റെ വീട്ടില്‍ നിന്നു ദീനയെ വീണ്ടെടുത്ത് അവര്‍ തിരിച്ചുപോയി.
27 : തങ്ങളുടെ സഹോദരിയെ മാനഭംഗപ്പെടുത്തിയതിന്റെ പേരില്‍ യാക്കോബിന്റെ മക്കള്‍, മരിച്ചുകിടന്നവരുടെ ഇടയിലൂടെചെന്നു നഗരം കൊള്ളയടിച്ചു.
28 : അവരുടെ ആടുമാടുകളെയും കഴുതകളെയും നഗരത്തിലും വയലിലുമുണ്ടായിരുന്ന സകലത്തെയും അവര്‍ അപഹരിച്ചു.
29 : അവരുടെ സ്വത്തും വീട്ടുവകകളൊക്കെയും യാക്കോബിന്റെ മക്കള്‍ കൈവശപ്പെടുത്തി. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പിടിച്ചുകൊണ്ടു പോവുകയും ചെയ്തു.
30 : അപ്പോള്‍ യാക്കോബ് ശിമയോനെയും ലേവിയെയും വിളിച്ച് ഇങ്ങനെ പറഞ്ഞു: ഇന്നാട്ടുകാരായ കാനാന്‍കാരുടെയും പെരീസ്യരുടെയും മുന്പില് നിങ്ങള്‍ എനിക്കു ദുഷ്കീര്‍ത്തി വരുത്തിയിരിക്കുന്നു. എനിക്ക് ആള്‍ബലം കുറവാണ്. അവരൊന്നിച്ചു കൂടി എന്നെ ആക്രമിച്ചാല്‍ ഞാന്‍ തകര്‍ന്നുപോകും. ഞാനും കുടുംബവും നശിക്കും.
31 : അവര്‍ ചോദിച്ചു: ഒരുവേശ്യയോടെന്നപോലെ അവന് ഞങ്ങളുടെ സഹോദരിയോടു പെരുമാറിയതെന്തിന്?
അദ്ധ്യായം 35
വീണ്ടും ബേഥേലില്‍
1 : ദൈവം യാക്കോബിനോട് അരുളിച്ചെയ്തു: ബേഥേലിലേക്കു പോയി അവിടെ പാര്‍ക്കുക. നിന്റെ സഹോദരനായ ഏസാവില്‍നിന്നു നീ ഓടി രക്ഷപെട്ടപ്പോള്‍ നിനക്കു പ്രത്യക്ഷപ്പെട്ട ദൈവത്തിന് അവിടെ ഒരു ബലിപീഠം പണിയുക.
2 : അതുകൊണ്ട്, യാക്കോബ് തന്റെ കുടുംബാംഗങ്ങളോടും കൂടെയുണ്ടായിരുന്ന എല്ലാവരോടുമായി പറഞ്ഞു: നിങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ദൂരെക്കളയുക; എല്ലാവരും ശുദ്ധിവരുത്തി വസ്ത്രങ്ങള്‍ മാറുക. നമുക്ക് ബേഥേലിലേക്കു പോകാം.
3 : എന്റെ കഷ്ടപ്പാടില്‍ എന്റെ പ്രാര്‍ഥന ചെവിക്കൊണ്ടവനും ഞാന്‍ പോയിടത്തെല്ലാം എന്റെ കൂടെ ഉണ്ടായിരുന്നവനുമായ ദൈവത്തിനു ഞാന്‍ അവിടെ ഒരു ബലിപീഠം പണിയും.
4 : തങ്ങളുടെ കൈവശമുണ്ടായിരുന്ന അന്യദേവവിഗ്രഹങ്ങളും തങ്ങളുടെ കര്‍ണാഭരണങ്ങളും അവര്‍ യാക്കോബിനെ ഏല്പിച്ചു. അവന് ഷെക്കെമിന് അടുത്തുള്ള ഓക്കുമരത്തിന്റെ ചുവട്ടില്‍ അവ കുഴിച്ചു മൂടി.
5 : അവര്‍ക്കു ചുറ്റുമുള്ള നഗരങ്ങളിലെല്ലാം ദൈവഭീതിയുണ്ടായി. അതുകൊണ്ട് അവര്‍യാത്രചെയ്തപ്പോള്‍ ആരും യാക്കോബിന്റെ മക്കളെ പീഡിപ്പിച്ചില്ല.
6 : യാക്കോബും കൂടെയുണ്ടായിരുന്നവരും കാനാന്‍ ദേശത്ത് ബേഥേല്‍, അതായത് ലൂസ് എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു.
7 : അവിടെ അവന് ഒരു ബലിപീഠം പണിയുകയും ആ സ്ഥലത്തിന് ഏല്‍ബേഥേല്‍ എന്നു പേരിടുകയും ചെയ്തു. കാരണം, സ്വന്തം സഹോദരനില്‍ നിന്ന് ഒളിച്ചോടിയപ്പോള്‍ അവിടെ വച്ചാണ് ദൈവം അവനു പ്രത്യക്ഷപ്പെട്ടത്.
8 : റബേക്കായുടെ പരിചാരികയായ ദബോറമരണമടഞ്ഞു. ബേഥേലിന്റെ താഴ്വരയില് ഒരു ഓക്കുമരത്തിന്റെ കീഴെ അവളെ അടക്കി. അതിന് അലോണ്‍ ബാക്കുത്ത് എന്നു പേരുണ്ടായി.
9 : പാദാന്‍ആരാമില്‍നിന്നു പോന്നപ്പോള്‍ദൈവം യാക്കോബിനു വീണ്ടും പ്രത്യക്ഷപ്പെട്ട്, അവനെ അനുഗ്രഹിച്ചു.
10 : ദൈവം അവനോട് അരുളിച്ചെയ്തു: യാക്കോബ് എന്നാണ് നിന്റെ പേര്. എന്നാല്‍, ഇനിമേലില്‍ യാക്കോബ് എന്നല്ല, ഇസ്രായേല്‍ എന്നായിരിക്കും നീ വിളിക്കപ്പെടുക. അതിനാല്‍ അവന് ഇസ്രായേല്‍ എന്നു വിളിക്കപ്പെട്ടു.
11 : ദൈവം അവനോടു വീണ്ടും അരുളിച്ചെയ്തു: ഞാന്‍ സര്‍വശക്തനായ ദൈവമാണ്. നീ സന്താനപുഷ്ടിയുണ്ടായി പെരുകുക. ജനതയും ജനതയുടെ ഗണങ്ങളും നിന്നില്‍നിന്ന് ഉദ്ഭവിക്കും. രാജാക്കന്മാരും നിന്നില്‍നിന്നു ജന്മമെടുക്കും.
12 : അബ്രാഹത്തിനും ഇസഹാക്കിനും ഞാന്‍ നല്കിയ നാടു നിനക്കും നിന്റെ സന്താന പരമ്പരകള്‍ക്കും ഞാന്‍ നല്‍കും.
13 : അനന്തരം, ദൈവം അവനെ വിട്ടുപോയി.
14 : അവിടുന്നു തന്നോടു സംസാരിച്ച സ്ഥലത്ത് യാക്കോബ് കല്ലുകൊണ്ട് ഒരു സ്തംഭം ഉയര്‍ത്തി.
15 : അതിന്മേല് ഒരു പാനീയബലിയര്‍പ്പിച്ച്, എണ്ണ പകര്‍ന്നു. ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന് യാക്കോബ് ബേഥേല്‍ എന്നു പേരിട്ടു.
16 : ബേഥേലില്‍നിന്ന് അവര്‍യാത്ര തുടര്‍ന്നു. എഫ്രാത്തായില്‍ എത്തുന്നതിനു കുറച്ചു മുന്‍പ് റാഹേലിനു പ്രസവവേദന തുടങ്ങി.
17 : പ്രസവക്ലേശം കഠിനമായപ്പോള്‍ സൂതികര്‍മിണി അവളോടു പറഞ്ഞു: പേടിക്കേണ്ടാ, നിനക്ക് ഇപ്രാവശ്യവും ഒരു പുത്രനെ ലഭിക്കും.
18 : എന്നാല്‍, അവള് മരിക്കുകയായിരുന്നു. ജീവന് വേര്‍പെടുന്ന സമയത്ത്, അവള് അവനെ ബനോനി എന്നു പേര് വിളിച്ചു. പക്ഷേ, അവന്റെ പിതാവ് അവനു ബഞ്ചമിന് എന്നാണു പേരിട്ടത്.
19 : റാഹേല്‍ മരിച്ചു. ബേത്ലെഹം എന്നറിയപ്പെടുന്ന എഫ്രാത്തായിലേക്കുള്ള വഴിയില്‍ അവളെ അടക്കി.
20 : അവളുടെ കല്ലറയില്‍ യാക്കോബ് ഒരു സ്തംഭം നാട്ടി. ഇന്നും അത് റാഹേലിന്റെ കല്ലറയിലെ സ്മാരകസ്തംഭമായി നില്ക്കുന്നു.
21 : ഇസ്രായേല്‍യാത്ര തുടര്‍ന്ന്, ഏദെര്‍ ഗോപുരത്തിന് അപ്പുറം കൂടാരമടിച്ചു.
22 : ഇസ്രായേല്‍ ആ നാട്ടില്‍ പാര്‍ത്തിരുന്നപ്പോള്‍ റൂബന്‍ തന്റെ പിതാവിന്റെ ഉപനാരിയായ ബില്‍ഹായുമൊത്തു ശയിച്ചു. ഇസ്രായേല്‍ അതറിയാനിടയായി.
യാക്കോബിന്റെ പുത്രന്മാര്
23 : യാക്കോബിനു പന്ത്രണ്ടു പുത്രന്മാരുണ്ടായിരുന്നു. ലെയായുടെ പുത്രന്മാര്: യാക്കോബിന്റെ കടിഞ്ഞൂല്പുത്രന് റൂബന്‍, ശിമയോന്, ലേവി, യൂദാ, ഇസ്സാക്കാര്‍, സെബുലൂണ്‍. റാഹേലിന്റെ പുത്രന്മാര്: ജോസഫ്, ബഞ്ചമിന്.
24 : ?
25 : റാഹേലിന്റെ പരിചാരികയായ ബില്‍ഹായുടെ പുത്രന്മാര്: ദാന്‍, നഫ്താലി.
26 : ലെയായുടെ പരിചാരികയായ സില്‍ഫായുടെ പുത്രന്മാര്: ഗാദ്, ആഷേര്‍. യാക്കോബിന് പാദാന്‍ആരാമില്‍വച്ചു ജനിച്ചമക്കളാണ് ഇവര്‍.
ഇസഹാക്കിന്റെ മരണം
27 : യാക്കോബ് ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത്-അര്‍ബായിലെ മാമ്രേയില്‍ തന്റെ പിതാവായ ഇസഹാക്കിന്റെ അടുത്തേക്കുപോയി. അബ്രാഹവും ഇസഹാക്കും പാര്‍ത്തിരുന്നത് അവിടെയാണ്.
28 : ഇസഹാക്കിന്റെ ആയുഷ്കാലം നൂറ്റെണ്പതു വര്‍ഷമായിരുന്നു.
29 : ഇസഹാക്ക് അന്ത്യശ്വാസം വലിച്ചു. വൃദ്ധനായ അവന് തന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മരിച്ച് സ്വന്തം ജനത്തോടു ചേര്‍ന്നു. മക്കളായ ഏസാവും യാക്കോബും അവനെ സംസ്കരിച്ചു.
അദ്ധ്യായം 36
ഏസാവ് ഏദോമ്യരുടെ പിതാവ്
1 : ഏദോം എന്നുകൂടി പേരുള്ള ഏസാവിന്റെ സന്താനപരമ്പര ഇതാണ്.
2 : കാനാന്യ സ്ത്രീകളായിരുന്നു ഏസാവിന്റെ ഭാര്യമാര്‍. ഹിത്യനായ ഏലോന്റെ മകളാണ് ആദാ. ഹിവ്യനായ സിബയോന്റെ മകളായ ആനായുടെ പുത്രിയാണ് ഒഹോലിബാമാ.
3 : ഇസ്മായേലിന്റെ മകളും നെബായോത്തിന്റെ സാഹോദരിയുമാണ് ബസ്മത്ത്.
4 : ഏസാവിന് ആദായില്‍ എലിഫാസും ബസ്മത്തില്‍ റവുവേലും ജനിച്ചു.
5 : ഒഹോലിബാമായില്‍നിന്ന് അവന്യവുഷുവുംയാലാമും കോറഹും ജനിച്ചു. കാനാന്‍ദേശത്തുവച്ച് ഏസാവിനുണ്ടായ മക്കളാണ് ഇവര്‍.
6 : ഏസാവ്, ഭാര്യമാരും പുത്രന്മാരും പുത്രിമാരും വീട്ടിലുള്ള എല്ലാവരുമൊത്ത്, തന്റെ കാലികളും മൃഗങ്ങളും കാനാന്‍ദേശത്തു താന്‍ നേടിയ സ്വത്തുമായി സഹോദരനായ യാക്കോബിനെ വിട്ട് അകലെയുള്ള ഒരു ദേശത്തേക്കു പോയി. കാരണം, ഒന്നിച്ചു പാര്‍ക്കാന്‍ വയ്യാത്തവിധം ഇരുവര്‍ക്കും അത്രയേറെ സമ്പത്തുണ്ടായിരുന്നു.
7 : അവരുടെ അധിവാസഭൂമിക്കു സംരക്ഷിക്കുവാനാവാത്തവണ്ണം അത്രയധികമായിരുന്നു ആടുമാടുകള്‍.
8 : അതുകൊണ്ട് ഏസാവ് സെയിര്‍ എന്ന മലനാട്ടില്‍ പാര്‍ത്തു. ഏസാവും ഏദോമും ഒരാള്‍തന്നെ.
9 : സെയിര്‍മലയിലെ ഏദോമ്യരുടെ പിതാവായ ഏസാവിന്റെ സന്തതിപരമ്പര:
10 : ഏസാവിന്റെ പുത്രന്മാരുടെ പേരുകള്‍: ഏസാവിന് ഭാര്യയായ ആദായിലുണ്ടായ മകന് എലിഫാസ്. ഭാര്യയായ ബസ്മത്തിലുണ്ടായ മകന് റവുവേല്‍.
11 : എലിഫാസിന്റെ പുത്രന്മാര് തേമാന്‍, ഓമര്‍, സെഫോ, ഗത്താം, കെനസ്.
12 : ഏസാവിന്റെ മകന് എലിഫാസിനു തിമ്നാ എന്നൊരു ഉപനാരിയുണ്ടായിരുന്നു. എലിഫാസിന് അവളില്‍ അമലേക്ക് എന്നൊരു പുത്രന് ജനിച്ചു. ഏസാവിന് ഭാര്യയായ ആദായിലുണ്ടായ സന്തതികളാണ് ഇവര്‍.
13 : റവുവേലിന്റെ പുത്രന്മാരാണ് നഹത്ത്, സേറഹ്, ഷമ്മാ, മിസ്സാം എന്നിവര്‍. ഏസാവിനു ഭാര്യ ബസ്മത്തിലുണ്ടായ സന്തതികളാണ് ഇവര്‍.
14 : സിബയോന്റെ പുത്രിയായ ആനായുടെ മകള്‍ ഒഹോലിബാമായില്‍ ഏസാവിനുണ്ടായ പുത്രന്മാരാണ് യവൂഷും, യാലാമും, കോറഹും.
15 : ഏസാവിന്റെ മക്കളില്‍ പ്രധാനര്‍ ഇവരായിരുന്നു: ഏസാവിന്റെ കടിഞ്ഞൂല്‍പുത്രനായ എലിഫാസിന്റെ മക്കള്‍ തേമാന്‍, ഓമര്‍, സെഫോ, കെനസ്,
16 : കോറഹ്, ഗത്താം, അമലേക്ക് എന്നിവര്‍ ഏദോം നാട്ടില്‍ എലിഫാസില്‍നിന്നുണ്ടായ നായകന്മാരാണ്. ഇവരെല്ലാം ആദായുടെ പുത്രന്മാരാണ്.
17 : ഏസാവിന്റെ മകനായ റവുവേലിന്റെ പുത്രന്മാര്: പ്രമുഖരായ നഹത്ത്, സേറഹ്, ഷമ്മാ, മിസ്സാ. ഏദോംനാട്ടില്‍ റവുവേലില്‍ നിന്നുണ്ടായ പ്രധാനപ്പെട്ടവരാണ് ഇവര്‍. ഇവര്‍ ഏസാവിന്റെ ഭാര്യ ബസ്മത്തിന്റെ സന്തതികളാണ്.
18 : ഏസാവിന്റെ ഭാര്യ ഒഹോലിബാമായുടെ പുത്രന്മാര്: പ്രമുഖരായ യവൂഷ്, യലാം, കോറഹ്. ഇവര്‍ ഏസാവിന്റെ ഭാര്യയും ആനായുടെ മകളുമായ ഒഹോലിബാമായില്‍ നിന്നുള്ള നായകന്മാരാണ്.
19 : ഇവര്‍ ഏസാവിന്റെ സന്തതികളും ഏദോമിലെ പ്രമുഖന്മാരുമാണ്.
20 : അന്നാട്ടില്‍ പാര്‍ത്തിരുന്നവരും സെയിര്‍ എന്ന ഹോര്യന്റെ പുത്രന്മാരുമാണ് ലോത്താന്‍, ഷോബാല്‍, സിബയോന്‍, ആനാ,
21 : ദീഷോന്‍, ഏസെര്‍, ദീഷാന്‍. ഇവര്‍ ഏദോം നാട്ടിലെ സെയിറിന്റെ പുത്രന്മാരും ഹോര്യയിലെ പ്രമാണികളുമാണ്.
22 : ലോത്താന്റെ പുത്രന്മാര് ഹോറി, ഹേമാ. ലോത്താന്റെ സഹോദരിയായിരുന്നു തിമ്നാ.
23 : ഷോബാലിന്റെ പുത്രന്മാര് അല്വാന്, മനഹത്ത്, ഏബാല്‍, ഷെഫോ, ഓനാം.
24 : സിബയോന്റെ പുത്രന്മാര്: ആയ്യാ, ആനാ. തന്റെ പിതാവായ സിബയോന്റെ കഴുതകളെ മേയ്ക്കുമ്പോള്‍ മരുഭൂമിയില്‍ ചൂടുറവകള്‍ കണ്ടെണ്ടത്തിയ ആനാ ഇവന്‍തന്നെയാണ്.
25 : ദീഷോന്‍ ആനായുടെ പുത്രനും ഒഹോലിബാമാ പുത്രിയുമായിരുന്നു.
26 : ഹെമ്ദാന്‍, എഷ്ബാന്‍, ഇത്രാന്‍, കെറാന്‍ എന്നിവരായിരുന്നു ദീഷോന്റെ പുത്രന്മാര്.
27 : ഏസെറിന്റെ പുത്രന്മാരായിരുന്നു ബില്‍ഹാനും സാവാനും അക്കാനും.
28 : ദീഷാന്റെ പുത്രന്മാരായിരുന്നു ഊസും അരാനും.
29 : ഹോര്യരിലെ പ്രമുഖരായിരുന്നു ലോത്താന്‍, ഷോബാന്‍, സിബയോന്‍, ആനാ എന്നിവര്‍.
30 : ദീഷോന്‍, ഏസെര്‍, ദീഷാന്‍ എന്നിവര്‍ സെയിര്‍നാട്ടില്‍ ഹോര്യരിലെ പ്രമുഖരായിരുന്നു.
31 : ഇസ്രായേല്‍ക്കാരുടെയിടയില്‍ രാജഭരണം ആരംഭിക്കുന്നതിനുമുന്പ് ഏദോം നാട്ടിലെ ഭരണാധികാരികള്‍ ഇവരായിരുന്നു;
32 : ബേയോറിന്റെ മകനായ ബേല ഏദോമില്‍ ഭരിച്ചു. അവന്റെ പട്ടണത്തിന്റെ പേര് ദിന്‍ഹാബാ എന്നായിരുന്നു.
33 : ബേല മരിച്ചപ്പോള്‍ ബൊസ്രായിലെ സേറഹിന്റെ മകനായ യോബാബ് രാജാവായി.
34 : യോബാബ് മരിച്ചപ്പോള്‍ തേമാന്യനായ ഹൂഷാം രാജാവായി.
35 : ഹൂഷാം മരിച്ചപ്പോള്‍ ബദാദിന്റെ പുത്രനായ ഹദാദ് രാജാവായി. അവന് മൊവാബുദേശത്തുവച്ച് മിദിയാനെ തോല്പിച്ചു. അവന്റെ പട്ടണത്തിന്റെ പേര് അവിത് എന്നായിരുന്നു.
36 : ഹദാദ് മരിച്ചപ്പോള്‍ മസ്റേക്കായിലെ സമ്ലാ രാജാവായി.
37 : സമ്ലാ മരിച്ചപ്പോള്‍ നദീതീരത്തുള്ള റഹോബോത്തിലെ സാവൂള്‍ രാജാവായി.
38 : സാവൂള്‍ മരിച്ചപ്പോള്‍ അക്ബോറിന്റെ മകനായ ബാല്‍ഹാനാന്‍ രാജാവായി.
39 : അക്ബോറിന്റെ മകനായ ബാല്‍ഹാനാന്‍മരിച്ചപ്പോള്‍ ഹദാറാണു തല്‍സ്ഥാനത്തു ഭരിച്ചത്. അവന്റെ പട്ടണത്തിന്റെ പേര് പാവൂ എന്നായിരുന്നു. മെസാഹാബിന്റെ പൗത്രിയും മത്രെദിന്റെ പുത്രിയുമായ മെഹേത്തബേല്‍ ആയിരുന്നു അവന്റെ ഭാര്യ.
40 : കുടുംബവും വാസസ്ഥലവും പേരുമനുസരിച്ച്, ഏസാവില്‍നിന്നുദ്ഭവിച്ച പ്രമുഖര്‍ തിമ്ന, അല്വാ, യത്തത്ത്,
41 : ഒഹോലിബാമാ, ഏലാ, പിനോന്‍,
42 : കെനസ്, തേമാന്‍, മിബ്സാര്‍,
43 : മഗ്ദിയേല്‍, ഈറാം എന്നിവരായിരുന്നു. തങ്ങള്‍ കൈയടക്കിയ നാട്ടിലെ താമസസ്ഥലമനുസരിച്ച് ഏദോംകാരുടെ പ്രമാണികള്‍ ഇവരായിരുന്നു. ഏസാവാണ് ഏദോംകാരുടെ പിതാവ്.
many thanks indeed for posting
ReplyDeleteand May God bless you with all the heavenly blessings