ഉൽപ്പത്തി 43, 44, 45, 46 & 47
Mp3 Audio of the talk
Download Mp3 (Only 5 mb)
Click here to Subscribe YouTube Channel
അദ്ധ്യായം 43
ബഞ്ചമിനും ഈജിപ്തിലേക്ക്
1 : നാട്ടില്‍ ക്ഷാമം കൊടുമ്പിരിക്കൊണ്ടു.
2 : ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ധാന്യം തീര്‍ന്നപ്പോള്‍ അവരുടെ പിതാവു പറഞ്ഞു: നിങ്ങള്‍ വീണ്ടും പോയി കുറച്ചു ധാന്യംകൂടി വാങ്ങിക്കൊണ്ടുവരുവിന്‍.
3 : അപ്പോള്‍ യൂദാ പറഞ്ഞു: അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്കെന്നെ കാണാന്‍ സാധിക്കയില്ല എന്ന് അവന് ഞങ്ങളോടു തീര്‍ത്തു പറഞ്ഞിട്ടുണ്ട്.
4 : ഞങ്ങളുടെ സഹോദരനെക്കൂടെ അയയ്ക്കാമെങ്കില്‍, ഞങ്ങള്‍പോയി ധാന്യം വാങ്ങിക്കൊണ്ടുവരാം.
5 : അങ്ങ് അവനെ അയയ്ക്കുന്നില്ലെങ്കില്, ഞങ്ങള്‍ പോകുന്നില്ല. കാരണം, അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്ക് എന്നെ കാണാന്‍ സാധിക്കയില്ല എന്ന് അവന് പറഞ്ഞിട്ടുണ്ട്.
6 : ഇസ്രായേല്‍ ചോദിച്ചു: നിങ്ങള്‍ക്ക് ഒരു സഹോദരന്‍കൂടിയുണ്ടെന്ന് അവനോടു പറഞ്ഞ് എന്നെ ദ്രോഹിച്ചതെന്തിന്?
7 : അവര്‍ മറുപടി പറഞ്ഞു: അവന് ഞങ്ങളെയും ബന്ധുക്കളെയുംകുറിച്ചു വളരെ വിശദമായി അന്വേഷിച്ചു: നിങ്ങളുടെ പിതാവ് ജീവിച്ചിരിക്കുന്നോ? നിങ്ങള്‍ക്കു വേറെസഹോദരനുണ്ടോ? അവനു ഞങ്ങള്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍, സഹോദരനെയും കൂട്ടിക്കൊണ്ടു വരുവിന്‍ എന്ന് അവന് പറയുമെന്ന് ഞങ്ങള്‍ക്ക് ഊഹിക്കുവാന്‍ കഴിയുമായിരുന്നോ?
8 : അപ്പോള്‍, യൂദാ പിതാവായ ഇസ്രായേലിനോടു പറഞ്ഞു: നമ്മള്, അങ്ങും ഞങ്ങളും നമ്മുടെ കുഞ്ഞുങ്ങളും, മരിക്കാതെ ജീവനോടെയിരിക്കണമെങ്കില്‍ അവനെ എന്റെ കൂടെ അയയ്ക്കുക. ഞങ്ങള്‍ ഉടനെ പുറപ്പെടാം.
9 : അവന്റെ ചുമതല ഞാന്‍ ഏറ്റുകൊള്ളാം. എന്റെ കൈയില്‍നിന്ന് അങ്ങേക്ക് അവനെ ആവശ്യപ്പെടാം. അവനെ അങ്ങയുടെ മുന്പില് തിരിയേ കൊണ്ടുവരുന്നില്ലെങ്കില്‍ ആ കുറ്റം എന്നും എന്റെ മേല്‍ ആയിരിക്കട്ടെ.
10 : നമ്മള് ഇത്രയും താമസിക്കാതിരുന്നെങ്കില്‍, ഇതിനകം രണ്ടാം പ്രാവശ്യം പോയി തിരിച്ചുവരാമായിരുന്നു.
11 : അപ്പോള്‍ അവരുടെ പിതാവായ ഇസ്രായേല്‍ പറഞ്ഞു: കൂടിയേതീരൂ എങ്കില്‍ അപ്രകാരം ചെയ്യുക. നാട്ടിലെ വിശിഷ്ടോത്പന്നങ്ങള്‍ കുറേശ്ശെയെടുത്ത് അവനു സമ്മാനമായി കൊണ്ടുപോവുക - തൈലം, തേന്‍, സുഗന്ധദ്രവ്യങ്ങള്‍, മീറാ, ബോട നണ്ടി, ബദാംപരിപ്പ് എന്നിവയെല്ലാം.
12 : പണം ഇരട്ടി എടുത്തുകൊള്ളണം, നിങ്ങളുടെ ചാക്കുകളില്‍ വച്ചു തിരിച്ചയച്ച പണവും കൊണ്ടുപോവുക. അതൊരു നോട്ടപ്പിശകായിരുന്നിരിക്കാം.
13 : നിങ്ങളുടെ സഹോദരനെയും കൂട്ടിക്കൊണ്ട് അവന്റെ അടുത്തേക്കു പൊയ്ക്കൊള്ളുക.
14 : സര്‍വശക്തനായദൈവം അവന്റെ മുന്പില് നിങ്ങളോടു കാരുണ്യംകാണിക്കട്ടെ. അവന് നിങ്ങളുടെ സഹോദരനെയും ബഞ്ചമിനെയും തിരിച്ചയയ്ക്കട്ടെ. മക്കള്‍ എനിക്കു നഷ്ടപ്പെടണമെന്നാണെങ്കില്‍ അങ്ങനെയുമാവട്ടെ!
15 : സമ്മാനവും ഇരട്ടിത്തുകയുമെടുത്ത് ബഞ്ചമിനോടുകൂടി അവര്‍ ഈജിപ്തിലെത്തി ജോസഫിന്റെ മുന്പില് ഹാജരായി.
16 : അവരുടെകൂടെ ബഞ്ചമിനെ കണ്ടപ്പോള്‍ ജോസഫ് വീട്ടുകാര്യസ്ഥനെ വിളിച്ചുപറഞ്ഞു: ഇവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുക. ഒരു മൃഗത്തെക്കൊന്നു സദ്യയൊരുക്കുക. ഇവര്‍ ഇന്നുച്ചയ്ക്ക് എന്റെ കൂടെയായിരിക്കും ഭക്ഷണം കഴിക്കുക.
17 : ജോസഫ് പറഞ്ഞതുപോലെ അവന് അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
18 : വീട്ടിലെത്തിയപ്പോള്‍ അവര്‍ക്കു പേടിയായി. അവര്‍ പറഞ്ഞു: കഴിഞ്ഞതവണ ചാക്കില്‍ തിരിയേ വച്ചിരുന്ന പണം കാരണമാണ് അവന് നമ്മെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്.
19 : അവസരമുണ്ടാക്കി നമ്മെ കീഴ്പ്പെടുത്തി അടിമകളാക്കുകയും നമ്മുടെ കഴുതകളെ പിടിച്ചെടുക്കുകയുമാണ് അവന്റെ ഉദ്ദേശ്യം.
20 : അതുകൊണ്ട്, അവര്‍ വീട്ടുവാതില്ക്കല്വച്ച് ജോസഫിന്റെ കാര്യസ്ഥനെ സമീപിച്ചു സംസാരിച്ചു. അവര്‍ പറഞ്ഞു: യജമാനനേ, മുന്‍പൊരിക്കല്‍ ധാന്യം വാങ്ങുന്നതിനു ഞങ്ങള്‍ ഇവിടെ വന്നിരുന്നു.
21 : മടക്കയാത്രയില്‍ വഴിയമ്പലത്തില്‍ വച്ചു ചാക്കഴിച്ചപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും കൊടുത്തപണം ഞങ്ങളുടെ ചാക്കില്‍ത്തന്നെ ഇരിക്കുന്നു. ഞങ്ങള്‍ അതു തിരിയേക്കൊണ്ടു വന്നിട്ടുണ്ട്.
22 : ധാന്യം വാങ്ങാന്‍ ഞങ്ങള്‍ വേറെ പണവും കൊണ്ടുവന്നിട്ടുണ്ട്. പണം ചാക്കില്‍ തിരിയേവച്ചത് ആരെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
23 : അവന് പറഞ്ഞു: ശാന്തരായിരിക്കുവിന്‍, ഭയപ്പെടേണ്ടാ. നിങ്ങളുടെയും നിങ്ങളുടെ പിതാവിന്റെയും ദൈവമാണു നിങ്ങളുടെ ചാക്കുകളില്‍ നിധി നിക്ഷേപിച്ചത്. നിങ്ങളുടെ പണം ഞാന്‍ കൈപ്പറ്റിയതാണ്. അവന് ശിമയോനെ അവരുടെയടുത്തേക്ക് കൊണ്ടുവന്നു.
24 : അനന്തരം അവരെ ജോസഫിന്റെ വീട്ടിനുള്ളില്‍കൊണ്ടുചെന്ന് അവര്‍ക്കു വെള്ളം കൊടുത്തു. അവര്‍ കാല്‍കഴുകി.
25 : കഴുതകള്‍ക്കും തീറ്റികൊടുത്തു. ഉച്ചയ്ക്ക് ജോസഫ് വരുന്നതിനുമുന്പ് അവര്‍ സമ്മാനം ഒരുക്കിവച്ചു. കാരണം, അവിടെയായിരിക്കും തങ്ങള്‍ ഭക്ഷണം കഴിക്കുകയെന്ന് അവര്‍ അറിഞ്ഞിരുന്നു.
26 : ജോസഫ് വീട്ടില്‍ വന്നപ്പോള്‍ അവര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന സമ്മാനം അവന്റെയടുത്തു കൊണ്ടുചെന്നു. അവര്‍ അവനെ താണുവീണു വണങ്ങി. അവന് അവരോട് കുശലം ചോദിച്ചു:
27 : നിങ്ങളുടെ പിതാവിനു സുഖം തന്നെയോ? നിങ്ങള്‍ പറഞ്ഞ ആ വൃദ്ധന് ഇപ്പോഴും ജീവിച്ചിരിക്കുന്നോ?
28 : അവര്‍ പറഞ്ഞു: അങ്ങയുടെ ദാസനായ, ഞങ്ങളുടെ പിതാവിനു സുഖം തന്നെ. അദ്ദേഹം ജീവനോടിരിക്കുന്നു. അവര്‍ കുനിഞ്ഞ് അവനെ വണങ്ങി.
29 : അവന് തലയുയര്‍ത്തി നോക്കിയപ്പോള്‍ തന്റെ സഹോദരന് ബഞ്ചമിനെകണ്ടു - തന്റെ അമ്മയുടെ മകന് . അവന് പറഞ്ഞു: ഇവനാണോ നിങ്ങള്‍ പറഞ്ഞ ഇളയ സഹോദരന്? മകനേ, ദൈവം നിന്നോടു കരുണ കാണിക്കട്ടെ.
30 : തന്റെ സഹോദരനെപ്രതി ഹൃദയം തേങ്ങിയപ്പോള്‍ ജോസഫ് കരയാനൊരിടം നോക്കി. കിടപ്പറയില്‍ പ്രവേശിച്ച് അവന് കരഞ്ഞു.
31 : അവന് മുഖം കഴുകി പുറത്തുവന്ന്, തന്നെത്തന്നെ നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു: ഭക്ഷണം വിളമ്പുക.
32 : അവനും അവര്‍ക്കും അവന്റെ കൂടെയുള്ള ഈജിപ്തുകാര്‍ക്കും അവര്‍ വേറെവേറെയാണ് വിളമ്പിയത്. കാരണം, ഈജിപ്തുകാര്‍ യഹൂദരുടെകൂടെ ഭക്ഷണം കഴിക്കാറില്ല. അത് ഈജിപ്തുകാര്‍ക്കു നിഷിദ്ധമായിരുന്നു.
33 : മൂത്തവന്‍മുതല്‍ ഇളയവന് വരെ മൂപ്പനുസരിച്ച് അവര്‍ അവന്റെ മുന്പില് ഇരുന്നു. അവര്‍ അമ്പരന്ന് അന്യോന്യംനോക്കി.
34 : ജോസഫ് തന്റെ ആഹാരത്തില്‍നിന്ന് ഓരോ പങ്ക് അവര്‍ക്കു കൊടുത്തു. എന്നാല്‍ ബഞ്ചമിന്റെ പങ്ക് മറ്റുള്ളവരുടേ തിന്റെ അഞ്ചിരട്ടിയായിരുന്നു. അവര്‍ കുടിച്ച് അവനോടൊപ്പം ഉല്ലസിച്ചു.
അദ്ധ്യായം 44
ജോസഫ് സഹോദരന്മാരെ പരീക്ഷിക്കുന്നു
1 : ജോസഫ് വീട്ടുകാര്യസ്ഥനെ വിളിച്ചുപറഞ്ഞു: അവരുടെ ചാക്കുകളിലെല്ലാം അവര്‍ക്കു കൊണ്ടുപോകാവുന്നിടത്തോളം ധാന്യം നിറയ്ക്കുക. ഓരോരുത്തരുടെയും പണം അവരവരുടെ ചാക്കിന്റെ മുകള്‍ഭാഗത്തു വയ്ക്കണം.
2 : ഇളയവന്റെ ചാക്കിന്റെ മുകള്‍ഭാഗത്തു ധാന്യവിലയായ പണത്തിന്റെ കൂടെ എന്റെ വെള്ളിക്കപ്പും വയ്ക്കുക. അവന് ജോസഫ് പറഞ്ഞതുപോലെ ചെയ്തു.
3 : നേരം പുലര്‍ന്നപ്പോള്‍ അവന് അവരെ തങ്ങളുടെ കഴുതകളോടുകൂടി യാത്രയാക്കി.
4 : അവര്‍ നഗരംവിട്ട് അധികം കഴിയുംമുന്പ് ജോസഫ് കാര്യസ്ഥനെ വിളിച്ചുപറഞ്ഞു: ഉടനെ അവരുടെ പുറകേയെത്തുക. അവരുടെ അടുത്തെത്തുമ്പോള്‍ അവരോടു പറയുക: നിങ്ങള്‍ നന്മയ്ക്കു പകരം തിന്മ ചെയ്തത് എന്തുകൊണ്ട്? നിങ്ങള്‍ എന്റെ വെള്ളിക്കപ്പു കട്ടെടുത്തത് എന്തിന്?
5 : ഇതില്‍ നിന്നല്ലേ, എന്റെ യജമാനന് പാനംചെയ്യുന്നത്? ഇതുപയോഗിച്ചല്ലേ, അദ്ദേഹം പ്രവചനംനടത്തുന്നത്? നിങ്ങള്‍ ചെയ്തതു തെറ്റായിപ്പോയി.
6 : അവരുടെ ഒപ്പമെത്തിയപ്പോള്‍ അവന് അവരോട് അപ്രകാരംതന്നെ പറഞ്ഞു.
7 : അവര്‍ അവനോടു പറഞ്ഞു: യജമാനന് എന്താണ് ഇങ്ങനെ സംസാരിക്കുന്നത്? അങ്ങയുടെ ദാസന്മാര് ഇത്തരമൊരു കാര്യം ഒരിക്കലും ചെയ്യാന്‍ ഇടയാകാതിരിക്കട്ടെ!
8 : ഞങ്ങളുടെ ചാക്കില്‍ കണ്ട പണം കാനാന്‍ദേശത്തുനിന്നു ഞങ്ങള്‍ അങ്ങയുടെ അടുത്തു തിരിയേ കൊണ്ടുവന്നല്ലോ? അപ്പോള്‍ പിന്നെ ഞങ്ങള്‍ അങ്ങയുടെ യജമാനന്റെ വീട്ടില്‍നിന്നു പൊന്നും വെള്ളിയും മോഷ്ടിക്കുമോ?
9 : അത് അങ്ങയുടെ ദാസരില്‍ ആരുടെ പക്കല്‍കാണുന്നുവോ അവന് മരിക്കണം. ഞങ്ങളെല്ലാവരും യജമാനന് അടിമകളുമായിക്കൊള്ളാം.
10 : അവന് പറഞ്ഞു: നിങ്ങള്‍ പറയുന്നതുപോലെയാവട്ടെ, അത് ആരുടെ കൈയില്‍ കാണുന്നുവോ അവന് എന്റെ അടിമയാകും. മറ്റുള്ളവര്‍ നിരപരാധരായിരിക്കും.
11 : ഉടന്‍തന്നെ ഓരോരുത്തരും താന്താങ്ങളുടെ ചാക്ക് താഴെയിറക്കി കെട്ടഴിച്ചു.
12 : മൂത്തവന്‍മുതല്‍ ഇളയവന് വരെ എല്ലാവരെയും അവന് പരിശോധിച്ചു.
13 : ബഞ്ചമിന്റെ ചാക്കില്‍ കപ്പു കണ്ടെത്തി. അവര്‍ തങ്ങളുടെ വസ്ത്രം വലിച്ചുകീറി, ഓരോരുത്തനും ചുമടു കഴുതപ്പുറത്ത് കയറ്റി, പട്ടണത്തിലേക്കുതന്നെ മടങ്ങി.
14 : യൂദായും സഹോദരന്മാരും ജോസഫിന്റെ വീട്ടിലെത്തി. അവന് അപ്പോഴും അവിടെ ഉണ്ടായിരുന്നു. അവര്‍ അവന്റെ മുന്പില് കമിഴ്ന്നു വീണു.
15 : ജോസഫ് അവരോടു ചോദിച്ചു: എന്തു പ്രവൃത്തിയാണു നിങ്ങള്‍ ചെയ്തത്? എന്നെപ്പോലൊരുവന് ഊഹിച്ചറിയാന്‍ കഴിയുമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടെ?
16 : യൂദാ അവനോടു പറഞ്ഞു: ഞങ്ങള്‍ എന്താണ് യജമാനനോടു പറയുക? ഞങ്ങള്‍ നിരപരാധരാണെന്ന് എങ്ങനെ തെളിയിക്കും? ദൈവം അങ്ങയുടെ ദാസരുടെ കുറ്റം കണ്ടുപിടിച്ചിരിക്കുന്നു. ഇതാ, ഞങ്ങള്‍ അവിടുത്തെ അടിമകളാണ് - ഞങ്ങളും കപ്പു കൈവശമുണ്ടായിരുന്നവനും.
17 : എന്നാല്‍, അവന് പറഞ്ഞു: ഞാനൊരിക്കലും അങ്ങനെ ചെയ്യുകയില്ല. കപ്പു കൈവശമിരുന്നവന്‍ മാത്രം എനിക്ക് അടിമയായിരുന്നാല്‍ മതി. മറ്റുള്ളവര്‍ക്കു സമാധാനമായി പിതാവിന്റെ അടുത്തേക്കു പോകാം.
18 : അപ്പോള്‍ യൂദാ അവന്റെ അടുത്തുചെന്നു പറഞ്ഞു: എന്റെ യജമാനനേ, ഒരു വാക്കുകൂടി പറഞ്ഞുകൊള്ളട്ടെ! എന്റെ നേരേ അങ്ങു കോപിക്കരുതേ. അങ്ങു ഫറവോയ്ക്കു സമനാണല്ലോ.
19 : യജമാനനായ അങ്ങ് ദാസന്മാരോട്, നിങ്ങള്‍ക്കു പിതാവോ സഹോദരനോ ഉണ്ടോ? എന്നു ചോദിച്ചു.
20 : അപ്പോള്‍, ഞങ്ങള്‍ യജമാനനോടു പറഞ്ഞു: ഞങ്ങള്‍ക്കു വൃദ്ധനായ പിതാവും പിതാവിന്റെ വാര്‍ധക്യത്തിലെ മകനായ ഒരു കൊച്ചു സഹോദരനുമുണ്ട്. അവന്റെ സഹോദരന് മരിച്ചു പോയി. അവന്റെ അമ്മയുടെ മക്കളില്‍ അവന് മാത്രമേ ശേഷിച്ചിട്ടുള്ളു. പിതാവിന് അവന് വളരെ പ്രിയപ്പെട്ടവനാണ്.
21 : അപ്പോള്‍ അങ്ങ് അങ്ങയുടെ ദാസരോട്, അവനെ എന്റെയടുത്തുകൂട്ടിക്കൊണ്ടു വരുക. എനിക്കവനെ കാണണം എന്നുപറഞ്ഞു.
22 : ഞങ്ങള്‍ അങ്ങയോടുണര്‍ത്തിച്ചു: ബാലനു പിതാവിനെ വിട്ടുപോരാന്‍ വയ്യാ. കാരണം, അവന് പോന്നാല്‍ പിതാവു മരിച്ചുപോകും.
23 : നിങ്ങളുടെ സഹോദരന് കൂടെ വരുന്നില്ലെങ്കില്‍ നിങ്ങള്‍ ഇനി എന്നെ കാണുകയില്ല എന്ന് അങ്ങു പറഞ്ഞു.
24 : അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവിന്റെ അടുത്തെത്തിയപ്പോള്‍ അങ്ങു പറഞ്ഞതെല്ലാം ഞങ്ങള്‍ അവനെ അറിയിച്ചു.
25 : പിതാവ് ഞങ്ങളോട്, വീണ്ടും പോയി കുറെധാന്യംകൂടി വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
26 : ഞങ്ങള്‍ക്കു പോകാന്‍ വയ്യാ; എന്നാല്‍, ഇളയ സഹോദരനെക്കൂടി അയയ്ക്കുന്നപക്ഷം ഞങ്ങള്‍പോകാം. ബാലന് കൂടെയില്ലെങ്കില്‍ ഞങ്ങള്‍ക്ക് അവനെ കാണാന്‍ സാധിക്കയില്ല എന്നു ഞങ്ങള്‍ പിതാവിനോടു പറഞ്ഞു.
27 : അപ്പോള്‍ അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവു പറഞ്ഞു: എന്റെ ഭാര്യ രണ്ടു പുത്രന്മാരെ എനിക്കുനല്കി എന്നു നിങ്ങള്‍ക്കറിയാമല്ലോ.
28 : ഒരുവന് എന്നെ വിട്ടുപോയി. അപ്പോള്‍ ഞാന്‍ പറഞ്ഞു: തീര്‍ച്ചയായും അവനെ വന്യമൃഗം ചീന്തിക്കീറിക്കാണും. പിന്നെ അവനെ ഞാന്‍ കണ്ടിട്ടില്ല.
29 : ഇവനെയും കൊണ്ടുപോയിട്ട് ഇവനെന്തെങ്കിലും പിണഞ്ഞാല്‍ വൃദ്ധനായ എന്നെ ദുഃഖത്തോടെ നിങ്ങള്‍ പാതാളത്തിലാഴ്ത്തുകയായിരിക്കും ചെയ്യുക.
30 : അവന്റെ ജീവന് ബാലന്റെ ജീവനുമായി ബന്ധിക്കപ്പെട്ടിരിക്കകൊണ്ട്
31 : ഞാന്‍ അവനെക്കൂടാതെ പിതാവിന്റെ അടുത്തുചെന്നാല്‍ ബാലന് ഇല്ലെന്നു കാണുമ്പോള്‍ അവന് മരിക്കും. വൃദ്ധനായ പിതാവിനെ ദുഃഖത്തോടെ ഞങ്ങള്‍ പാതാളത്തിലാഴ്ത്തുകയായിരിക്കുംചെയ്യുക.
32 : കൂടാതെ, ഞാന്‍ അവനെ അങ്ങയുടെ പക്കല്‍ തിരിച്ചെത്തിക്കുന്നില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയുടെ സമക്ഷം കുറ്റക്കാരനായിരിക്കും എന്നുപറഞ്ഞ് അങ്ങയുടെ ദാസനായ ഞാന്‍ ബാലനെക്കുറിച്ചു പിതാവിന്റെ മുന്പില് ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
33 : അതിനാല്‍ ബാലനുപകരം അങ്ങയുടെ അടിമയായി നില്ക്കാന് എന്നെ അനുവദിക്കണമെന്നു ഞാന്‍ അപേക്ഷിക്കുന്നു. ബാലന് സഹോദരന്മാരുടെ കൂടെ തിരിച്ചു പൊയ്ക്കൊള്ളട്ടെ.
34 : അവനെക്കൂടാതെ ഞാന്‍ എങ്ങനെ പിതാവിന്റെ അടുത്തുചെല്ലും? അവനു സംഭവിക്കുന്ന ദുരന്തം ഞാന്‍ എങ്ങനെ സഹിക്കും?
അദ്ധ്യായം 45
ജോസഫ് തന്നെത്തന്നെ വെളിപ്പെടുത്തുന്നു
1 : തന്റെ അടുത്തുനിന്നിരുന്ന ഈജിപ്തുകാരുടെയെല്ലാം മുന്പില് വികാരമടക്കാന്‍ ജോസഫിനു കഴിഞ്ഞില്ല. അവരെയെല്ലാം പുറത്താക്കാന്‍ അവന് ആജ്ഞാപിച്ചു. അതിനാല്‍ ജോസഫ് സഹോദരന്മാര്ക്കു തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോള്‍ മറ്റാരും അടുത്തുണ്ടായിരുന്നില്ല. അവന് ഉറക്കെക്കരഞ്ഞു.
2 : ഈജിപ്തുകാരും ഫറവോയുടെ വീട്ടുകാരും അതു കേട്ടു.
3 : ജോസഫ് സഹോദരന്മാരോടു പറഞ്ഞു: ഞാന്‍ ജോസഫാണ്. എന്റെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? അവരാകെ സ്തംഭിച്ചുപോയി. അവര്‍ക്കു സംസാരിക്കാന്‍ കഴിഞ്ഞില്ല.
4 : അവന് അവരോട്, എന്റെ അടുത്തേക്കു വരുക എന്നുപറഞ്ഞു. അവര്‍ അടുത്തുചെന്നപ്പോള്‍ അവന് പറഞ്ഞു: നിങ്ങള്‍ ഈജിപ്തുകാര്‍ക്കു വിറ്റ നിങ്ങളുടെ സഹോദരന് ജോസഫാണു ഞാന്‍.
5 : എന്നെ ഇവിടെ വിറ്റതോര്‍ത്ത് നിങ്ങള്‍ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ടാ. കാരണം, ജീവന് നിലനിര്‍ത്താന്‍ വേണ്ടി ദൈവമാണ് എന്നെ നിങ്ങള്ക്കുമുന്പേ ഇങ്ങോട്ടയച്ചത്.
6 : നാട്ടിലാകെ ക്ഷാമം തുടങ്ങിയിട്ടു രണ്ടുകൊല്ലമായി. ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചുവര്‍ഷം ഇനിയുമുണ്ട്.
7 : നിങ്ങള്‍ക്കു ഭൂമിയില്‍ സന്തതികളെ നിലനിര്‍ത്താനും വിസ്മയകരമായ രീതിയില്‍ രക്ഷ നല്‍കാനും വേണ്ടി ദൈവം എന്നെ നിങ്ങള്‍ക്കു മുന്‍പേ ഇങ്ങോട്ടയച്ചതാണ്.
8 : അതുകൊണ്ട് നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ടയച്ചത്. അവിടുന്ന് എന്നെ ഫറവോയ്ക്കു പിതാവും അവന്റെ വീടിനു നാഥനും ഈജിപ്തുദേശത്തിന് അധിപനുമാക്കിയിരിക്കുന്നു.
9 : നിങ്ങള്‍ തിടുക്കത്തില്‍ പിതാവിന്റെയടുത്തുചെന്ന് അവനോടു പറയുക: ദൈവം എന്നെ ഈജിപ്തിനു മുഴുവന്‍ നാഥനാക്കിയിരിക്കുന്നു. എന്റെ യടുത്തു വരണം, ഒട്ടും താമസിക്കരുത്, എന്ന് അങ്ങയുടെ മകന് ജോസഫ് പറയുന്നു.
10 : അങ്ങേക്കു ഗോഷെനില്‍ പാര്‍ക്കാം. അങ്ങ് എന്റെ അടുത്തായിരിക്കും; അങ്ങയോടൊപ്പം അങ്ങയുടെ മക്കളും മക്കളുടെ മക്കളും ആടുമാടുകളും അങ്ങേയ്ക്കുള്ള സകലതും.
11 : അവിടെ അങ്ങയെ ഞാന്‍ പോറ്റിക്കൊള്ളാം. ക്ഷാമം അഞ്ചുകൊല്ലംകൂടി നീണ്ടുനില്‍ക്കും. അങ്ങും കുടുംബവും അങ്ങേയ്ക്കുള്ളവരും പട്ടിണിയിലകപ്പെടാതിരിക്കും.
12 : ഞാനാണു നിങ്ങളോടു സംസാരിക്കുന്നതെന്നു നിങ്ങളും എന്റെ സഹോദരനായ ബഞ്ചമിനും നേരില്‍ കാണുന്നുണ്ടല്ലോ.
13 : ഈജിപ്തിലെ എന്റെ പ്രതാപത്തെപ്പറ്റിയും നിങ്ങള്‍ കണ്ടതിനെക്കുറിച്ചും പിതാവിനോടു പറയുക. വേഗം ചെന്ന് അവനെ കൂട്ടിക്കൊണ്ടുവരുക. ജോസഫ് ബഞ്ചമിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
14 : ബഞ്ചമിനും അവന്റെ തോളില്‍ തലചായ്ച്ചു കരഞ്ഞു.
15 : അവന് തന്റെ സഹോദരന്മാരെല്ലാവരെയും ചുംബിക്കുകയും കെട്ടിപ്പിടിച്ചു കരയുകയും ചെയ്തു. അപ്പോള്‍ അവര്‍ അവനോടു സംസാരിച്ചു.
16 : ജോസഫിന്റെ സഹോദരന്മാര് വന്നിട്ടുണ്ട് എന്ന വാര്‍ത്ത ഫറവോയുടെ വീട്ടിലെത്തിയപ്പോള്‍ ഫറവോയും ദാസന്മാരും സന്തോഷിച്ചു.
17 : ഫറവോ ജോസഫിനോടു പറഞ്ഞു: നിന്റെ സഹോദരന്മാരോട് ഇപ്രകാരം ചെയ്യാന്‍ പറയുക:
18 : മൃഗങ്ങളുടെമേല്‍ ചുമടുകയറ്റി കാനാന്‍ദേശത്തുചെന്നു പിതാവിനെയും വീട്ടുകാരെയും കൂട്ടി എന്റെയടുത്തു വരുക. ഈജിപ്തിലെ ഏറ്റവും നല്ല ഭൂമി നിങ്ങള്‍ക്കു ഞാന്‍ തരാം. മണ്ണിന്റെ ഫലസമൃദ്ധി നിങ്ങള്‍ക്ക് അനുഭവിക്കുകയും ചെയ്യാം.
19 : അവരോടു പറയുക: നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും ഭാര്യമാര്‍ക്കുംവേണ്ടി ഈജിപ്തില്‍നിന്നു രഥങ്ങള്‍ കൊണ്ടുപോകുക. നിങ്ങളുടെ പിതാവിനെ കൂട്ടിക്കൊണ്ടുവരുക.
20 : നിങ്ങളുടെ വസ്തുവകകളെപ്പറ്റി ഉത്കണ്ഠ വേണ്ടാ; ഈജിപ്തിലെ ഏറ്റവും നല്ലതൊക്കെ നിങ്ങളുടേതായിരിക്കും.
21 : ഇസ്രായേലിന്റെ മക്കള്‍ അങ്ങനെ ചെയ്തു. ഫറവോയുടെ കല്പനയനുസരിച്ചു ജോസഫ് അവര്‍ക്കു രഥങ്ങളും യാത്രയ്ക്കു വേണ്ട വകകളും കൊടുത്തു.
22 : അവന് അവര്‍ക്കോരോരുത്തര്‍ക്കും പുതിയ വസ്ത്രങ്ങള്‍ നല്കി. ബഞ്ചമിനാകട്ടെ മുന്നൂറുവെള്ളിനാണയവും അഞ്ചുവസ്ത്രവും കൊടുത്തു.
23 : അവന് പത്തു കഴുതകളുടെ പുറത്ത് ഈജിപ്തിലെ വിശിഷ്ട വസ്തുക്കളും, പത്തു പെണ്‍കഴുതകളുടെ പുറത്തു ധാന്യവും അപ്പവും യാത്രയ്ക്കുവേണ്ട വകകളും തന്റെ പിതാവിനു കൊടുത്തയച്ചു.
24 : അങ്ങനെ അവന് സഹോദരന്മാരെ യാത്രയാക്കി. അവര്‍ പുറപ്പെട്ടപ്പോള്‍ അവന് പറഞ്ഞു: വഴിക്കുവച്ചു ശണ്ഠകൂടരുത്.
25 : ഈജിപ്തില്‍നിന്നു പുറപ്പെട്ട് അവര്‍ കാനാന്‍ദേശത്ത് തങ്ങളുടെ പിതാവായ യാക്കോബിന്റെ അടുത്തെത്തി.
26 : അവര്‍ അവനോടു പറഞ്ഞു: ജോസഫ് ജീവിച്ചിരിക്കുന്നു. അവന് ഈജിപ്തു മുഴുവന്റെയും ഭരണാധികാരിയാണ്. അവന് സ്തബ്ധനായിപ്പോയി. അവന് അവരെ വിശ്വസിച്ചില്ല.
27 : എന്നാല്‍, ജോസഫ് പറഞ്ഞതൊക്കെ അവരില്‍ നിന്നു കേള്‍ക്കുകയും തന്നെ കൊണ്ടുപോകാന്‍ ജോസഫ് അയച്ച രഥങ്ങള്‍ കാണുകയും ചെയ്തപ്പോള്‍ അവരുടെ പിതാവായ യാക്കോബിന് ഉന്മേഷം വീണ്ടുകിട്ടി. അവന് പറഞ്ഞു:
28 : എനിക്കു തൃപ്തിയായി. എന്റെ മകന് ജോസഫ് ജീവിച്ചിരിപ്പുണ്ട്; മരിക്കുംമുന്പു ഞാന്‍ പോയി അവനെ കാണും.
അദ്ധ്യായം 46
യാക്കോബ് ഈജിപ്തില്‍
1 : തന്റെ സ്വത്തുക്കളെല്ലാം ശേഖരിച്ച് ഇസ്രായേല്‍യാത്രതിരിച്ചു. ബേര്‍ഷെബായിലെത്തിയപ്പോള്‍ അവന് തന്റെ പിതാവായ ഇസഹാക്കിന്റെ ദൈവത്തിനു ബലികളര്‍പ്പിച്ചു.
2 : രാത്രിയിലുണ്ടായ ദര്‍ശനങ്ങളിലൂടെ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. യാക്കോബേ, യാക്കോബേ, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന് വിളി കേട്ടു.
3 : അവിടുന്നു പറഞ്ഞു: ഞാന്‍ ദൈവമാണ്, നിന്റെ പിതാവിന്റെ ദൈവം. ഈജിപ്തിലേക്കു പോകാന്‍ ഭയപ്പെടേണ്ടാ. കാരണം, അവിടെ ഞാന്‍ നിന്നെ വലിയൊരു ജനമാക്കി വളര്‍ത്തും.
4 : ഞാന്‍ നിന്റെ കൂടെ ഈജിപ്തിലേക്കു വരും. നിന്നെ തിരിയേ കൊണ്ടുവരുകയും ചെയ്യും. മരണസമയത്തു ജോസഫ് നിന്നെ ശുശ്രൂഷിക്കും.
5 : യാക്കോബ് ബേര്‍ഷെബായില്‍നിന്നു യാത്രയായി. ഫറവോ കൊടുത്തയച്ചിരുന്ന രഥങ്ങളില്‍ ഇസ്രായേലിന്റെ മക്കള്‍ പിതാവായ യാക്കോബിനെയും തങ്ങളുടെ കുഞ്ഞുങ്ങളെയും ഭാര്യമാരെയും കയറ്റിക്കൊണ്ടുപോയി.
6 : തങ്ങളുടെ കന്നുകാലികളും കാനാന്‍ നാട്ടില്‍ തങ്ങള്‍ക്കുണ്ടായിരുന്ന വസ്തുവകകളും അവര്‍ കൂടെ കൊണ്ടുപോയി.
7 : യാക്കോബും സന്തതികളും ഈജിപ്തിലെത്തി പുത്രന്മാരെയും, അവരുടെ പുത്രന്മാരെയും, പുത്രിമാരെയും, പുത്രന്മാരുടെ പുത്രിമാരെയും, തന്റെ സന്തതികള്‍ എല്ലാവരെയും അവന് ഈജിപ്തിലേക്കുകൊണ്ടുപോയി.
8 : ഈജിപ്തിലേക്കുവന്ന ഇസ്രായേലിന്റെ മക്കളുടെ പേരുവിവരം: യാക്കോബും അവന്റെ പുത്രന്മാരും: യാക്കോബിന്റെ കടിഞ്ഞൂല്‍ സന്താനമായ റൂബന്‍.
9 : റൂബന്റെ പുത്രന്മാര്: ഹനോക്ക്, പല്ലു, ഹെസ്രോന്, കര്‍മി.
10 : ശിമയോന്റെ പുത്രന്മാര്: യെമൂവേല്‍, യാമീന്, ഓഹദ്, യാക്കിന്, സോഹാര്‍, കാനാന്യ സ്ത്രീയില്‍ അവനുജനിച്ച സാവൂള്‍.
11 : ലേവിയുടെ പുത്രന്മാര്: ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി.
12 : യൂദായുടെ പുത്രന്മാര്: ഏര്, ഓനാന്‍, ഷേലാഹ്, പേരെസ്, സോഹ്. ഏറും, ഓനാനും കാനാന്‍ദേശത്തുവച്ചുമരിച്ചു. പേരെസിന്റെ പുത്രന്മാര്: ഹെസ്രോന്, ഹാമൂല്‍.
13 : ഇസാക്കറിന്റെ പുത്രന്മാര്: തോലാ, ഫൂവ്വാ, യോബ്, ഷിമ്റോന്‍.
14 : സെബുലൂണിന്റെ പുത്രന്മാര്: സേരെദ്, ഏലോന്‍, യഹ്ലേല്‍.
15 : പാദാന്‍ആരാമില്‍ വച്ചു യാക്കോബിനുലെയായില്‍ ജനിച്ച പുത്രന്മാരാണ് ഇവര്‍. അവളില്‍ അവനു ദീന എന്ന പുത്രിയും ജനിച്ചു. അവന്റെ സന്താനങ്ങളുടെ ആകെ എണ്ണം മുപ്പത്തിമൂന്നായിരുന്നു.
16 : ഗാദിന്റെ പുത്രന്മാര്: സിഫിയോന്‍, ഹഗ്ഗി, ഷൂനി, എസ്ബോന്‍, ഏരി, അരോദി, അരേലി.
17 : ആഷേറിന്റെ പുത്രന്മാര്: ഇമ്നാ, ഇഷ്വാ, ഇഷ്വി, ബറിയാ, അവരുടെ സഹോദരി സേറഹ്. ബറിയായുടെ പുത്രന്മാര്: ഹേബര്‍, മല്ക്കിയേല്.
18 : ലാബാന്‍ തന്റെ മകളായ ലെയായ്ക്കു പരിചാരികയായിക്കൊടുത്ത സില്‍ഫയുടെ മക്കളാണിവര്‍. യാക്കോബിനു സില്‍ഫയില്‍ പതിനാറു മക്കളുണ്ടായി.
19 : യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ മക്കള്‍: ജോസഫ്, ബഞ്ചമിന്.
20 : ജോസഫിന് ഈജിപ്തില്‍വെച്ച് ഓനിലെ പുരോഹിതനായ പൊത്തിഫെറായുടെ പുത്രി അസ്നത്തില്‍ മനാസ്സെയും എഫ്രായിമും ജനിച്ചു.
21 : ബഞ്ചമിന്റെ പുത്രന്മാര് ബേലാ, ബേക്കെര്‍, അഷ്ബേല്‍, ഗേരാ, നാമാന്, ഏഹിറോഷ്, മുപ്പീം, ഹുപ്പീം, ആരെദ്.
22 : യാക്കോബിന് റാഹേലില്‍ ജനിച്ച മക്കളാണ് ഈ പതിനാലുപേരും.
23 : ദാനിന്റെ പുത്രന്: ഹുഷിം.
24 : നഫ്ത്താലിയുടെ പുത്രന്മാര്: യഹ്സേല്‍, ഗൂനി, യേസെര്‍, ഷില്ലെം.
25 : ലാബാന്‍ തന്റെ മകളായ റാഹേലിനു കൊടുത്ത ബില്‍ഹാ എന്ന പരിചാരികയില്‍ യാക്കോബിനുണ്ടായ പുത്രന്മാരാണ് ഈ ഏഴു പേര്.
26 : പുത്രന്മാരുടെ ഭാര്യമാരെക്കൂടാതെ യാക്കോബിന്റെ കൂടെ ഈജിപ്തിലേക്കു വന്ന അവന്റെ സന്താനങ്ങള്‍ അറുപത്താറുപേരാണ്.
27 : ഈജിപ്തില്‍വച്ചു ജോസഫിനു രണ്ടു പുത്രന്മാര് ജനിച്ചു. അങ്ങനെ ഈജിപ്തിലേക്കു വന്ന യാക്കോബിന്റെ കുടുംബക്കാര് ആകെ എഴുപതു പേരാണ്.
28 : ഗോഷെനിലേക്കുള്ള വഴി കാണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യാക്കോബ് ജോസഫിന്റെ യടുത്തേക്കു യൂദായെ മുന്‍കൂട്ടി അയച്ചു. അവര്‍ ഗോഷെനിലെത്തിച്ചേര്‍ന്നു.
29 : ജോസഫ് തന്റെ പിതാവായ ഇസ്രായേലിനെ എതിരേല്ക്കാന് രഥമൊരുക്കി ഗോഷെ നിലെത്തി. അവന് പിതാവിനെ കെട്ടിപ്പിടിച്ചു ദീര്‍ഘനേരം കരഞ്ഞു.
30 : ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു: ഇനി ഞാന്‍ മരിച്ചുകൊള്ളട്ടെ! എന്തെന്നാല്‍, ഞാന്‍ നിന്റെ മുഖം കാണുകയും നീ ജീവനോടെയിരിക്കുന്നു എന്ന് അറിയുകയും ചെയ്തിരിക്കുന്നു.
31 : ജോസഫ് തന്റെ സഹോദരന്മാരോടും പിതൃകുടുംബത്തോടുമായിപ്പറഞ്ഞു: ഞാന്‍ പോയി ഫറവോയോടു പറയട്ടെ; കാനാന്‍ദേശത്തായിരുന്ന എന്റെ സഹോദരന്മാരും പിതൃകുടുംബം മുഴുവനും എന്റെയടുത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു.
32 : ഇവര്‍ ഇടയന്മാരാണ്; കാലിമേയ്ക്കലാണ് ഇവരുടെ തൊഴില്‍: ആടും മാടും അവര്‍ക്കുള്ളതൊക്കെയും അവര്‍ കൂടെ കൊണ്ടുവന്നിട്ടുണ്ട്.
33 : ഫറവോ നിങ്ങളെ വിളിച്ചു നിങ്ങളുടെ തൊഴില്‍ എന്താണെന്നു ചോദിക്കുമ്പോള്‍,
34 : അങ്ങയുടെ ദാസന്മാര് ചെറുപ്പംമുതല്‍ ഇന്നുവരെയും കാലിമേയ്ക്കുന്നവരാണ്. ഞങ്ങളുടെ പിതാക്കന്മാരും അങ്ങനെയായിരുന്നു എന്നുപറയണം. അങ്ങനെ പറഞ്ഞെങ്കിലേ ഗോഷെന്‍ നാട്ടില്‍ നിങ്ങള്‍ക്കു പാര്‍ക്കാനൊക്കൂ. കാരണം ഇടയന്മാരോട് ഈജിപ്തുകാര്‍ക്ക് അവജ്ഞയാണ്.
അദ്ധ്യായം 47
യാക്കോബ് ഗോഷെനില്‍
1 : ജോസഫ് ഫറവോയുടെ അടുത്തുചെന്നു പറഞ്ഞു: കാനാന്‍ദേശത്തുനിന്ന് എന്റെ പിതാവും സഹോദരന്മാരും വന്നിട്ടുണ്ട്. അവരുടെ ആടുമാടുകളും അവര്‍ക്കുള്ള സകലതും കൂടെ കൊണ്ടുവന്നിട്ടുണ്ട്. അവരിപ്പോള്‍ ഗോഷെന്‍ ദേശത്താണ്.
2 : തന്റെ സഹോദരന്മാരില് അഞ്ചുപേരെ അവന് ഫറവോയുടെ മുന്പില് കൊണ്ടുചെന്നു.
3 : അവന്റെ സഹോദരന്മാരോടു ഫറവോ ചോദിച്ചു: നിങ്ങളുടെ തൊഴില്‍ എന്താണ്? അവര്‍ പറഞ്ഞു: അങ്ങയുടെ ദാസര്‍ ഇടയന്മാരാണ്; ഞങ്ങളുടെ പിതാക്കന്മാരും അങ്ങനെയായിരുന്നു.
4 : അവര്‍ തുടര്‍ന്നു പറഞ്ഞു: ഇവിടെ താമസിക്കാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. കാനാന്‍ദേശത്തു ക്ഷാമം രൂക്ഷമായതുകൊണ്ട് അങ്ങയുടെ ദാസരുടെ കാലികള്‍ക്ക് അവിടെ തീറ്റിയില്ല. ദയചെയ്തു ഗോഷെന്‍ ദേശത്തു താമസിക്കാന്‍ ഞങ്ങളെ അനുവദിക്കണം.
5 : അപ്പോള്‍ ഫറവോ ജോസഫിനോടു പറഞ്ഞു: നിന്റെ പിതാവും സഹോദരന്മാരും നിന്റെയടുത്തേക്കു വന്നിരിക്കുന്നു.
6 : ഈജിപ്തുദേശം മുഴുവനും നിനക്കധീനമാണ്. നാട്ടില്‍ ഏറ്റവും നല്ല സ്ഥലത്തു നിന്റെ പിതാവിനെയും സഹോദരന്മാരെയും പാര്‍പ്പിക്കുക. അവര്‍ ഗോഷെന്‍ദേശത്തു താമസിക്കട്ടെ. അവരില്‍ കാര്യശേഷിയുള്ളവരെ നിനക്കറിയാമെങ്കില്‍ എന്റെ കാലികളെ അവരെ ഭരമേല്പിക്കുക.
7 : അതിനുശേഷം ജോസഫ് തന്റെ പിതാവായ യാക്കോബിനെ ഫറവോയുടെ മുന്പില് കൊണ്ടുചെന്നു.
8 : യാക്കോബ് ഫറവോയെ അനുഗ്രഹിച്ചു. നിങ്ങള്‍ക്കു വയസ്സെത്രയായി? ഫറവോ ചോദിച്ചു.
9 : എന്റെ ദേശാന്തരവാസകാലം നൂറ്റിമുപ്പതു വര്‍ഷമായിരിക്കുന്നു. അത് ഹ്രസ്വവും കഷ്ടപ്പാടുകള്‍ നിറഞ്ഞതുമായിരുന്നു. എന്റെ പിതാക്കന്മാരുടെ ദേശാന്തരവാസകാലത്തോളം ആയിട്ടില്ല അത്.
10 : ഫറവോയെ അനുഗ്രഹിച്ചതിനുശേഷം യാക്കോബ് അവന്റെ അടുത്തുനിന്നു പോയി.
11 : ഫറവോ കല്പിച്ചതുപോലെ ജോസഫ് തന്റെ പിതാവിനും സഹോദരന്മാര്ക്കും ഈജിപ്തിലെ ഒരു ദേശം, അവകാശമായി നല്കി, അവരെ അവിടെ പാര്‍പ്പിച്ചു. നാട്ടിലെ ഏറ്റവും നല്ല ദേശമായ റമ്സേസ് ആണ് അവന് അവര്‍ക്കു കൊടുത്തത്.
12 : ജോസഫ് തന്റെ പിതാവിനും സഹോദരന്മാര്ക്കും പിതാവിന്റെ വീട്ടുകാര്‍ക്കുമെല്ലാം അംഗസംഖ്യയനുസരിച്ച് ആഹാരം കൊടുത്തുപോന്നു.
ക്ഷാമം രൂക്ഷമാകുന്നു
13 : ഒരു ദേശത്തും ആഹാരം കിട്ടാനില്ലായിരുന്നു. ക്ഷാമം അത്ര രൂക്ഷമായി. ഈജിപ്തും കാനാന്‍ദേശവും ക്ഷാമം മൂലം കഷ്ടപ്പെട്ടു.
14 : ഈജിപ്തിലെയും കാനാന്‍ദേശത്തിലെയും പണം മുഴുവന്‍ ആളുകള്‍ വാങ്ങിയ ധാന്യത്തിന്റെ വിലയായി ജോസഫ് ശേഖരിച്ചു; അതു ഫറവോയുടെ ഭവനത്തിലെത്തിച്ചു.
15 : ഈജിപ്തിലും കാനാനിലുമുള്ള പണമൊക്കെയും തീര്‍ന്നപ്പോള്‍ ഈജിപ്തുകാര്‍ ജോസഫിന്റെയടുത്തു വന്നു പറഞ്ഞു: ഞങ്ങള്‍ക്ക് ആഹാരം തരുക. അങ്ങയുടെ മുന്‍പില്‍ക്കിടന്നു ഞങ്ങള്‍ മരിക്കാന്‍ ഇടയാക്കരുത്. ഞങ്ങളുടെ പണമെല്ലാം തീര്‍ന്നുപോയി.
16 : ജോസഫ് പറഞ്ഞു: പണം തീര്‍ന്നെങ്കില്‍ കന്നുകാലികളെ തരുക; കാലികള്‍ക്കു പകരമായി ഞാന്‍ ആഹാരം തരാം.
17 : തങ്ങളുടെ കന്നുകാലികളെ അവര്‍ ജോസഫിന്റെയടുത്തു കൊണ്ടു വന്നു. കുതിരകള്‍ക്കും ആടുമാടുകള്‍ക്കും കഴുതകള്‍ക്കും പകരമായി അവന് അവര്‍ക്ക് ആഹാരം കൊടുത്തു. അവന് അവരുടെ കന്നുകാലികള്‍ക്കെല്ലാം പകരമായി അവര്‍ക്ക് ഒരുവര്‍ഷത്തേക്ക് ആഹാരം നല്കി.
18 : അടുത്ത വര്‍ഷം അവര്‍ ജോസഫിന്റെയടുത്തുചെന്നു പറഞ്ഞു: പണം തീര്‍ന്ന കാര്യം യജമാനനില്‍ നിന്നു ഞങ്ങള്‍ ഒളിച്ചുവയ്ക്കുന്നില്ല. ഞങ്ങളുടെ കന്നുകാലികളും അങ്ങയുടേതായി; ഞങ്ങളുടെ ദേഹവും നിലവുമല്ലാതെ ഞങ്ങള്‍ക്കിനി ഒന്നും ബാക്കിയില്ലെന്ന് അങ്ങേക്കു കാണാമല്ലോ.
19 : ഞങ്ങളും ഞങ്ങളുടെ നിലവും അങ്ങയുടെ കണ്മുന്പില് നശിക്കാതിരിക്കാന്‍ ഞങ്ങളെയും നിലത്തെയും വാങ്ങി പകരം ഞങ്ങള്‍ക്ക് ആഹാരം തരുക. ഞങ്ങളും നിലവും ഫറവോയ്ക്ക് അടിമകളായിരുന്നുകൊള്ളാം. ഞങ്ങള്‍ മരിച്ചുപോകാതിരിക്കാനും നിലം ശൂന്യമാകാതിരിക്കാനും വേണ്ടി ഞങ്ങള്‍ക്കു ധാന്യം നല്‍കുക.
20 : അതുകൊണ്ട് ജോസഫ് ഈജിപ്തിലെ നിലംമുഴുവന്‍ ഫറവോയ്ക്കുവേണ്ടി വാങ്ങി. ക്ഷാമം വളരെ കഠിനമായിത്തീര്‍ന്നതിനാല്‍ ഈജിപ്തുകാരെല്ലാവരും തങ്ങളുടെ നിലം വിറ്റു. അങ്ങനെ നിലമെല്ലാം ഫറവോയുടേതായി.
21 : ഈജിപ്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയുള്ള സകലരും അടിമകളായി.
22 : പുരോഹിതന്മാരുടെ നിലം മാത്രം അവന് വാങ്ങിയില്ല. പുരോഹിതന്മാര്ക്ക് ഉപജീവനത്തിനായി ഫറവോ ഒരു വിഹിതം നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍, അവര്‍ തങ്ങളുടെ നിലം വിറ്റില്ല.
23 : ജോസഫ് ജനങ്ങളോടു പറഞ്ഞു: ഇന്നു ഞാന്‍ നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോയ്ക്കായി വാങ്ങിയിരിക്കുന്നു. ഇതാ വിത്ത്, കൊണ്ടുപോയി വിതച്ചുകൊള്ളുവിന്‍.
24 : കൊയ്യുമ്പോള്‍ അഞ്ചിലൊന്നു ഫറവോയ്ക്കുകൊടുക്കണം. അഞ്ചില്‍ നാലും നിങ്ങളുടേതായിരിക്കും. വിത്തിനായും നിങ്ങള്‍ക്കും വീട്ടുകാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള ആഹാരത്തിനായും അതെടുത്തു കൊള്ളുക.
25 : അവര്‍ പറഞ്ഞു: അങ്ങ് ഞങ്ങളുടെ ജീവന് രക്ഷിച്ചു. യജമാനനു ഞങ്ങളില്‍ കൃപയുണ്ടാകണം. ഞങ്ങള്‍ ഫറവോയുടെ അടിമകളായിരുന്നു കൊള്ളാം.
26 : അങ്ങനെ ജോസഫ് ഈജിപ്തിലെ നിലത്തെ സംബന്ധിച്ച്, അഞ്ചിലൊന്നു ഫറവോയ്ക്ക് എന്നൊരു നിയമം ഉണ്ടാക്കി. അത് ഇന്നും നിലനില്ക്കുന്നു. പുരോഹിതന്മാരുടെ നിലംമാത്രം ഫറവോയുടേതായില്ല.
യാക്കോബിന്റെ അന്ത്യാഭിലാഷം
27 : ഇസ്രായേല്‍ ഈജിപ്തിലെ ഗോഷെന്‍ദേശത്തു പാര്‍ത്തു. അവര്‍ക്ക് അവിടെ ധാരാളം സ്വത്തുണ്ടായി. അവര്‍ സന്താന സമൃദ്ധിയുള്ളവരായി പെരുകി.
28 : യാക്കോബ് ഈജിപ്തില്‍ പതിനേഴുവര്‍ഷം ജീവിച്ചു. യാക്കോബിന്റെ ആയുഷ്കാലം നൂറ്റിനാല്പത്തിയേഴു വര്‍ഷമായിരുന്നു.
29 : മരണസമയമടുത്തപ്പോള്‍ ഇസ്രായേല്‍ ജോസഫിനെ വിളിച്ചു പറഞ്ഞു: നിനക്ക് എന്നില്‍ പ്രീതിയുണ്ടെങ്കില്‍ എന്നോടു വിശ്വസ്തമായും സത്യസന്ധമായും പ്രവര്‍ത്തിക്കാമെന്ന്, എന്റെ തുടയ്ക്കുകീഴെ കൈവച്ച് സത്യംചെയ്യുക. എന്നെ ഈജിപ്തില്‍ സംസ്കരിക്കരുത്.
30 : എനിക്ക് എന്റെ പിതാക്കന്മാരോടൊപ്പം വിശ്രമിക്കുന്നതിന് എന്നെ ഈജിപ്തില്‍നിന്നു കൊണ്ടുപോയി അവരുടെ ശ്മശാനത്തില്‍ അടക്കുക. ജോസഫ് സമ്മതിച്ചു: അങ്ങു പറഞ്ഞതുപോലെ ഞാന്‍ ചെയ്യാം.
31 : എന്നോടു സത്യം ചെയ്യുക; അവന് ആവശ്യപ്പെട്ടു. ജോസഫ് സത്യം ചെയ്തു. അപ്പോള്‍ ഇസ്രായേല്‍ കട്ടില്‍ത്തലയ്ക്കല്‍ ശിരസ്സു നമിച്ചു.
0 comments:
Post a Comment