അദ്ധ്യായം 10
കാഹളം
1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :
2 : അടിച്ചുപരത്തിയ വെള്ളികൊണ്ട് രണ്ടു കാഹളം നിര്‍മിക്കുക. സമൂഹത്തെ വിളിച്ചുകൂട്ടാനും പാളയത്തില്‍നിന്നു പുറപ്പെടാനും അവ മുഴക്കണം.
3 : അവ രണ്ടും ഒന്നിച്ചു മുഴക്കുമ്പോള്‍ സമൂഹം മുഴുവനും സമാഗമ കൂടാരവാതില്ക്കല് നിന്റെ മുമ്പില്‍ സമ്മേളിക്കണം.
4 : ഒരു കാഹളം മാത്രം ഊതിയാല്‍ ഇസ്രായേലിലെ ഗോത്രത്തലവന്മാരായ നായകന്മാര് മാത്രം നിന്റെ മുമ്പില്‍ ഒന്നിച്ചുകൂടണം.
5 : സന്നാഹത്തിനുള്ള ആദ്യ കാഹളം മുഴങ്ങുമ്പോള്‍ കിഴക്കുവശത്തുള്ള പാളയങ്ങള്‍ പുറപ്പെടണം.
6 : അതു രണ്ടാം പ്രാവശ്യം മുഴങ്ങുമ്പോള്‍ തെക്കുവശത്തുള്ള പാളയങ്ങള്‍ പുറപ്പെടണം. യാത്ര പുറപ്പെടേണ്ടപ്പോഴൊക്കെ സന്നാഹധ്വനി ഉയര്‍ത്തണം.
7 : സമൂഹം ഒന്നിച്ചു കൂടാന്‍ കാഹളമൂതുമ്പോള്‍ സന്നാഹധ്വനി മുഴക്കരുത്.
8 : അഹറോന്റെ പുത്രന്മാരാണു കാഹളം മുഴക്കേണ്ടത്. ഇതു നിങ്ങള്‍ക്കു തലമുറതോറും എന്നേക്കുമുള്ള നിയമം ആയിരിക്കും.
9 : നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിനെതിരേ യുദ്ധത്തിനു പോകുമ്പോള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ ഓര്‍ക്കുന്നതിനും ശത്രുവില്‍നിന്നു നിങ്ങള്‍ രക്ഷിക്കപ്പെടുന്നതിനും കാഹളങ്ങള്‍ സന്നാഹ ധ്വനി മുഴക്കണം.
10 : നിങ്ങളുടെ സന്തോഷത്തിന്റെ ദിനങ്ങളിലും നിര്‍ദിഷ്ടമായ ഉത്സവങ്ങളിലും മാസാരംഭങ്ങളിലും ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കുമ്പോഴും കാഹളം ഊതണം. അപ്പോള്‍ നിങ്ങളുടെ ദൈവം നിങ്ങളെ ഓര്‍മിക്കും. ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്.
സീനായില്‍നിന്നു പുറപ്പെടുന്നു
11 : രണ്ടാം വര്‍ഷം രണ്ടാം മാസം ഇരുപതാം ദിവസം സാക്ഷ്യകൂടാരത്തിനു മുകളില്‍നിന്നു മേഘം ഉയര്‍ന്നു.
12 : അപ്പോള്‍ ഇസ്രായേല്‍ ജനം ഗണങ്ങളായി സീനായ് മരുഭൂമിയില്‍നിന്നു പുറപ്പെട്ടു. മേഘം പാരാന്‍ മരുഭൂമിയില്‍ ചെന്നു നിന്നു.
13 : മോശവഴി കര്‍ത്താവു നല്കിയ കല്പനയനുസരിച്ച് അവര്‍ ആദ്യമായി യാത്ര പുറപ്പെട്ടു.
14 : യൂദാഗോത്രം ഗണങ്ങളായി പതാകയു മേന്തി ആദ്യം പുറപ്പെട്ടു. അമ്മിനാദാബിന്റെ മകന് നഹ്ഷോനായിരുന്നു അവരുടെ നായകന്.
15 : ഇസാക്കര്‍ ഗോത്രത്തിന്റെ മുമ്പില്‍ നടന്നതു സുവാറിന്റെ മകന് നെത്തനേല്‍ ആണ്.
16 : സെബുലൂണ്‍ ഗോത്രത്തെ നയിച്ചത് ഹേലോനിന്റെ പുത്രന് എലിയാബ് ആകുന്നു.
17 : കൂടാരം അഴിച്ചിറക്കിയപ്പോള്‍ ഗര്‍ഷോന്റെയും മെറാറിയുടെയും പുത്രന്മാര് അതു വഹിച്ചുകൊണ്ടു പുറപ്പെട്ടു.
18 : അനന്തരം, റൂബന്‍ ഗോത്രം ഗണങ്ങളായി പതാകയേന്തി പുറപ്പെട്ടു. ഷെദെയൂറിന്റെ മകന് എലിസൂര്‍ അവരുടെ മുമ്പില്‍ നടന്നു.
19 : ശിമയോന് ഗോത്രത്തിന്റെ മുമ്പില്‍ നടന്നത് സുരിഷദ് ദായിയുടെ മകന് ഷെലൂമിയേല്‍ ആണ്.
20 : ഗാദ് ഗോത്രത്തെ നയിച്ചത് റവുവേലിന്റെ മകന് എലിയാസാഫ് അത്രേ.
21 : അതിനുശേഷം, വിശുദ്ധ വസ്തുക്കള്‍ വഹിച്ചുകൊണ്ടു കൊഹാത്തിന്റെ പുത്രന്മാര് പുറപ്പെട്ടു. അവര്‍ എത്തുന്നതിനുമുമ്പ് സാക്ഷ്യകൂടാരം സ്ഥാപിക്കപ്പെട്ടു.
22 : തുടര്‍ന്ന് എഫ്രായിം ഗോത്രം ഗണങ്ങളായി പതാകയേന്തി പുറപ്പെട്ടു. അവരുടെ നായകന് അമ്മിഹൂദിന്റെ മകന് എലിഷാമ ആയിരുന്നു.
23 : മനാസ്സെ ഗോത്രത്തിന്റെ മുമ്പില്‍ നടന്നത് പെദാഹ്സൂറിന്റെ മകന് ഗമാലിയേല്‍ ആണ്.
24 : ബഞ്ചമിന് ഗോത്രത്തെ നയിച്ചത് ഗിദെയോനിയുടെ മകന് അബിദാന്‍.
25 : ദാന്‍ ഗോത്രം അണികളായി പതാകയേന്തി എല്ലാ സംഘങ്ങളുടെയും പിന്‍നിരയായി പുറപ്പെട്ടു. അമ്മിഷദ്ദായിയുടെ മകന് അഹിയേസര്‍ അവരുടെ മുമ്പില്‍ നടന്നു.
26 : ആഷേര്‍ ഗോത്രത്തിന്റെ മുമ്പില്‍ നടന്നത് ഒക്രാന്റെ മകന് പഗിയേല്‍ ആണ്.
27 : നഫ്താലി ഗോത്രത്തെനയിച്ചത് ഏനാന്റെ മകന് അഹീറ.
28 : അണികളായി യാത്ര പുറപ്പെട്ടപ്പോള്‍ ഇസ്രായേല്‍ ഈ ക്രമത്തിലാണ് നീങ്ങിയിരുന്നത്.
29 : തന്റെ അമ്മായിയപ്പനായ മിദിയാന്‍കാരന്‍ റവുവേലിന്റെ മകന് ഹോബാബിനോടു മോശ പറഞ്ഞു: കര്‍ത്താവു ഞങ്ങള്‍ക്കു നല്‍കുമെന്ന് അരുളിച്ചെയ്ത സ്ഥലത്തേക്കു ഞങ്ങള്‍ പുറപ്പെടുകയാണ്. ഞങ്ങളുടെ കൂടെ വരുക. നിനക്കു നന്മയുണ്ടാകും.
30 : കാരണം, കര്‍ത്താവ് ഇസ്രായേലിനു നന്മ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവന് പറഞ്ഞു: ഞാന്‍ വരുന്നില്ല; എന്റെ ദേശത്തേക്കും ബന്ധുക്കളുടെ അടുത്തേക്കും ഞാന്‍ മടങ്ങിപ്പോകുന്നു.
31 : അപ്പോള്‍ മോശ പറഞ്ഞു: ഞങ്ങളെ വിട്ടുപോകരുതെന്നു ഞാനപേക്ഷിക്കുന്നു. കാരണം, മരുഭൂമിയില്‍ പാളയമടിക്കേണ്ടതെങ്ങനെയെന്നു നിനക്കറിയാം. നീ ഞങ്ങള്‍ക്കു മാര്‍ഗദര്‍ശിയായിരിക്കും.
32 : നീ ഞങ്ങളോടുകൂടെ വരുകയാണെങ്കില്‍ കര്‍ത്താവു ഞങ്ങള്‍ക്കു നല്കുന്ന സമൃദ്ധിയില്‍ നിനക്കു പങ്കു ലഭിക്കും.
33 : അവര്‍ കര്‍ത്താവിന്റെ പര്‍വതത്തില്‍നിന്നു പുറപ്പെട്ടു മൂന്നു ദിവസംയാത്ര ചെയ്തു. അവര്‍ക്ക് ഒരു വിശ്രമസ്ഥലം ആരാഞ്ഞുകൊണ്ടു കര്‍ത്താവിന്റെ വാഗ്ദാനപേടകം അവരുടെ മുമ്പില്‍ പോയിരുന്നു.
34 : അവര്‍ പാളയത്തില്‍നിന്നു പുറപ്പെട്ടുയാത്ര ചെയ്തപ്പോഴെല്ലാം കര്‍ത്താവിന്റെ മേഘം പകല്‍സമയം അവര്‍ക്കു മീതേയുണ്ടായിരുന്നു.
35 : പേടകം പുറപ്പെട്ടപ്പോഴെല്ലാം മോശ പ്രാര്‍ഥിച്ചു: കര്‍ത്താവേ, ഉണരുക; അങ്ങയുടെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ; അങ്ങയെ ദ്വേഷിക്കുന്നവര്‍ പലായനം ചെയ്യട്ടെ!
36 : പേടകം നിശ്ചലമായപ്പോള്‍ അവന് പ്രാര്‍ഥിച്ചു: കര്‍ത്താവേ, അവിടുന്ന് ഇസ്രായേലിന്റെ പതിനായിരങ്ങളിലേക്കു തിരിച്ചു വന്നാലും.
അദ്ധ്യായം 11
ജനം പരാതിപ്പെടുന്നു
1 : കര്ത്താവിന് അനിഷ്ടമാകത്തക്ക വിധം ജനം പിറുപിറുത്തു. അതു കേട്ടപ്പോള്‍ കര്‍ത്താവിന്റെ കോപം ജ്വലിച്ചു. അവിടുത്തെ അഗ്നി അവരുടെയിടയില്‍ പടര്‍ന്നു കത്തി. അതു പാളയത്തിന്റെ ചില ഭാഗങ്ങള്‍ ദഹിപ്പിച്ചുകളഞ്ഞു.
2 : ജനം മോശയോടു നിലവിളിച്ചു. അവന് കര്‍ത്താവിനോടു പ്രാര്‍ഥിച്ചു. അഗ്നി ശമിക്കുകയും ചെയ്തു.
3 : കര്‍ത്താവിന്റെ കോപാഗ്നി അവരുടെയിടയില്‍ ജ്വലിച്ചതിനാല്‍ ആ സ്ഥലത്തിനു തബേരാ എന്നു പേരായി.
4 : ഇസ്രായേല്യരുടെ ഇടയില്‍ ഉണ്ടായിരുന്ന അന്യവര്‍ഗക്കാര്‍ ദുരാഗ്രഹങ്ങള്‍ക്കടിമകളായി. ഇസ്രായേല്യരും സങ്കടം പറച്ചില് തുടര്‍ന്നു.
5 : ആരാണു ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം തരുക? ഈജിപ്തില്‍ വെറുതെ കിട്ടിയിരുന്ന മത്സ്യം, വെള്ളരിക്ക, മത്തങ്ങ, സവോള, ചെമന്നുള്ളി, വെള്ളുള്ളി ഇവയൊക്കെ ഞങ്ങള്‍ ഓര്‍ക്കുന്നു.
6 : ഇവിടെ ഞങ്ങളുടെ പ്രാണന് പോകുന്നു. ഈ മന്നായല്ലാതെ മറ്റൊന്നും കാണാനില്ല.
7 : മന്നായ്ക്കു കൊത്തമ്പാലരിയുടെ ആകൃതിയും ഗുല്ഗുലുവിന്റെ നിറവുമായിരുന്നു.
8 : ജനം ചുറ്റിനടന്ന് അതു ശേഖരിച്ച് തിരികല്ലിലോ ഉരലിലോ ഇട്ടു പൊടിച്ചു കലത്തില്‍ വേവിച്ച് അപ്പം ഉണ്ടാക്കിപ്പോന്നു. എണ്ണ ചേര്‍ത്തു ചുട്ട അപ്പത്തിന്റേതുപോലെയായിരുന്നു അതിന്റെ രുചി.
9 : രാത്രി പാളയത്തിനുമേല്‍ മഞ്ഞു പെയ്യുമ്പോള്‍ മന്നായും പൊഴിയും.
10 : ഇസ്രായേല്‍ കുടുംബങ്ങള്‍ ഓരോന്നും സ്വന്തം കൂടാരവാതില്ക്കല് ഇരുന്നു വിലപിക്കുന്നതു മോശ കേട്ടു. കര്‍ത്താവിന്റെ കോപം ആളിക്കത്തി; മോശയ്ക്കു നീരസം ജനിച്ചു.
11 : മോശ കര്‍ത്താവിനോടു പറഞ്ഞു: അങ്ങയുടെ ദാസനോട് ഇത്ര കഠിനമായി വര്‍ത്തിക്കുന്നതെന്തുകൊണ്ട്? അങ്ങ് എന്നോടു കൃപ കാട്ടാത്തതെന്തുകൊണ്ട്? ഈ ജനത്തിന്റെ ഭാരമെല്ലാം എന്തേ എന്റെ മേല്‍ ചുമത്തിയിരിക്കുന്നു?
12 : ഞാനാണോ ഈ ജനത്തെ ഗര്‍ഭം ധരിച്ചത്? അവരുടെ പിതാക്കന്മാര്ക്ക് അവിടുന്നു വാഗ്ദാനം ചെയ്ത ദേശത്തേക്കു മുലകുടിക്കുന്ന കുഞ്ഞിനെ ധാത്രിയെന്നപോലെ, മാറില്‍ വഹിച്ചുകൊണ്ടു പോകുക എന്ന് എന്നോടു പറയുവാന്‍ ഞാനാണോ അവരെ പ്രസവിച്ചത്?
13 : ഈ ജനത്തിനെല്ലാം നല്കാന് എവിടെ നിന്നു മാംസം കിട്ടും? ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം തരുക എന്നു പറഞ്ഞ് അവര്‍ കരയുന്നു.
14 : ഈ ജനത്തെ മുഴുവന്‍ താങ്ങാന്‍ ഞാന്‍ ശക്തനല്ല; അത് എന്റെ കഴിവിനതീതമാണ്.
15 : ഇപ്രകാരമാണ് അവിടുന്ന് എന്നോടു വര്‍ത്തിക്കുന്നതെങ്കില്‍, കൃപ തോന്നി എന്നെ ഉടനെ കൊന്നുകളയണം. ഈ കഷ്ടത ഞാന്‍ കാണാതിരിക്കട്ടെ.
എഴുപതു നേതാക്കന്മാര്
16 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ജനത്തിലെ ശ്രേഷ്ഠന്മാരിലും പ്രമാണികളിലും നിന്ന് എഴുപതുപേരെ വിളിച്ചു കൂട്ടുക. അവരെ സമാഗമ കൂടാരത്തിങ്കല്‍ കൊണ്ടുവരുക. അവര്‍ അവിടെ നിന്നോടൊപ്പം നില്ക്കട്ടെ.
17 : ഞാന്‍ ഇറങ്ങിവന്ന് നിന്നോടു സംസാരിക്കും. നിന്റെ മേലുള്ള ചൈതന്യത്തില്നിന്ന് ഒരു ഭാഗം അവരിലേക്കു ഞാന്‍ പകരും. ജനത്തിന്റെ ചുമതല നിന്നോടൊപ്പം അവരും വഹിക്കും;
18 : നീ ഒറ്റയ്ക്കു വഹിക്കേണ്ടാ. ജനത്തോടു പറയുക: നാളത്തേക്കു നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക. നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം ലഭിക്കും. ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം ആരു തരും? ഈജിപ്തില്‍ ഞങ്ങള്‍ സന്തുഷ്ടരായിരുന്നു എന്നു കര്‍ത്താവിനോടു നിങ്ങള്‍ പരാതിപ്പെട്ടു. അതിനാല്‍, കര്‍ത്താവു നിങ്ങള്‍ക്കു മാംസം തരും, നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യും.
19 : ഒന്നോ രണ്ടോ അഞ്ചോ പത്തോ ഇരുപതോ ദിവസത്തേക്കല്ല നിങ്ങള്‍ അതു തിന്നുക.
20 : നിങ്ങളുടെ മൂക്കിലൂടെ പുറത്തു വന്ന് ഓക്കാനം വരുന്നതുവരെ ഒരു മാസത്തേക്ക് നിങ്ങള്‍ അതു ഭക്ഷിക്കും. എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെ ഇടയില്‍ വസിക്കുന്ന കര്‍ത്താവിനെ നിങ്ങള്‍ ഉപേക്ഷിക്കുകയും ഈജിപ്തില്‍നിന്നു പോന്നത് ബുദ്ധിമോശമായിപ്പോയി എന്നു വിലപിക്കുകയും ചെയ്തു.
21 : മോശ കര്‍ത്താവിനോടു പറഞ്ഞു: എന്നോടൊത്ത് ആറു ലക്ഷം യോദ്ധാക്കള്‍ തന്നെയുണ്ട്. എന്നിട്ടും അങ്ങു പറയുന്നു, ഒരു മാസത്തേക്ക് അവര്‍ക്കു ഭക്ഷിക്കാന്‍ മാംസം നല്‍കാമെന്ന്.
22 : ആടുകളെയും കാളകളെയും അവര്‍ക്കു മതിയാവോളം അറക്കുമോ? അവര്‍ക്കു തൃപ്തിയാവോളം കടലിലെ മത്സ്യത്തെ ഒരുമിച്ചുകൂട്ടുമോ?
23 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: എന്റെ കൈക്കു നീളം കുറഞ്ഞുപോയോ? എന്റെ വാക്കു നിറവേറുമോ ഇല്ലയോ എന്നു നീ കാണും.
24 : മോശ പുറത്തു ചെന്നു കര്‍ത്താവിന്റെ വാക്കുകള്‍ ജനത്തെ അറിയിച്ചു. അവരുടെ നേതാക്കളില്‍നിന്ന് എഴുപതുപേരെ ഒരുമിച്ചുകൂട്ടി കൂടാരത്തിനു ചുറ്റും നിറുത്തി.
25 : കര്‍ത്താവ് മേഘത്തില്‍ ഇറങ്ങിവന്ന് അവനോടു സംസാരിച്ചു. അവിടുന്നു മോശയുടെ മേലുണ്ടായിരുന്ന ചൈതന്യത്തില്‍ ഒരു ഭാഗം എഴുപതു നേതാക്കന്മാരുടെമേല്‍ പകര്‍ന്നു. അപ്പോള്‍ അവര്‍ പ്രവചിച്ചു. പിന്നീട് അവര്‍ പ്രവചിച്ചിട്ടില്ല.
26 : എല്‍ദാദ്, മെദാദ് എന്നീ രണ്ടുപേര്‍ പാളയത്തിനുള്ളില്‍ത്തന്നെ കഴിഞ്ഞു. അവര്‍ക്കും ചൈതന്യം ലഭിച്ചു. അവര്‍ പട്ടികയിലുള്‍പ്പെട്ടിരുന്നെങ്കിലും കൂടാരത്തിന്റെ സമീപത്തേക്കു പോയിരുന്നില്ല. അവര്‍ പാളയത്തിനുള്ളില്‍വച്ചു തന്നെ പ്രവചിച്ചു.
27 : എല്‍ദാദും മെദാദും പാളയത്തില്‍വച്ചു പ്രവചിക്കുന്നുവെന്ന് ഒരുയുവാവ് ഓടിച്ചെന്നു മോശയോടു പറഞ്ഞു.
28 : ഇതു കേട്ട് നൂനിന്റെ മകനും മോശയുടെ തിരഞ്ഞെടുക്കപ്പെട്ട ശുശ്രൂഷകരില്‍ ഒരുവനുമായ ജോഷ്വ പറഞ്ഞു: പ്രഭോ, അവരെ വിലക്കുക.
29 : മോശ ജോഷ്വയോടു പറഞ്ഞു: എന്നെ പ്രതി നീ അസൂയപ്പെടുന്നുവോ? കര്‍ത്താവിന്റെ ജനം മുഴുവന്‍ പ്രവാചകന്മാരാവുകയും അവിടുന്നു തന്റെ ആത്മാവിനെ അവര്‍ക്കു നല്‍കുകയും ചെയ്തിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു.
30 : മോശയും ഇസ്രായേലിലെ നേതാക്കന്മാരും പാളയത്തിലേക്കു മടങ്ങി.
കാടപ്പക്ഷി
31 : പെട്ടെന്ന് കര്‍ത്താവ് ഒരു കാറ്റയച്ചു. ആ കാറ്റ് കടലില്‍നിന്നു കാടപ്പക്ഷികളെ കൊണ്ടുവന്നു. ഒരു ദിവസത്തെ യാത്രയുടെ ദൂരം വ്യാസാര്‍ധത്തില്‍ കൂടാരത്തിനുചുറ്റും രണ്ടു മുഴം ഘനത്തില്‍ മൂടിക്കിടക്കത്തക്ക വിധം അതു വീണു.
32 : ജനം അന്നു പകലും രാത്രിയും പിറ്റേന്നും കാടപ്പക്ഷികളെ ശേഖരിച്ചു. ഏറ്റവും കുറച്ചു ശേഖരിച്ചവനുപോലും പത്തു ഹോമര്‍ കിട്ടി. അവര്‍ അതു പാളയത്തിനു ചുറ്റും ഉണങ്ങാനിട്ടു.
33 : എന്നാല്‍, ഇറച്ചി ഭക്ഷിച്ചുകൊണ്ടിരിക്കെത്തന്നെ കര്‍ത്താവിന്റെ കോപം ജനത്തിനെതിരേ ആളിക്കത്തി. ഒരു മഹാമാരി അയച്ച് അവിടുന്ന് അവരെ ശിക്ഷിച്ചു.
34 : അത്യാഗ്രഹികളെ സംസ്കരിച്ചതുകൊണ്ട് ആ സ്ഥലത്തിനു കിബ്രോത്ത് ഹത്താവ എന്നുപേരിട്ടു.
35 : കിബ്രോത്ത് ഹത്താവയില്‍നിന്നു ജനം ഹസേറോത്തില്‍ ചെന്നു താമസിച്ചു.
0 comments:
Post a Comment