അദ്ധ്യായം 1
ജനസംഖ്യ
1 : ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ രണ്ടാംവര്‍ഷം രണ്ടാംമാസം ഒന്നാം ദിവസം സീനായ്മരുഭൂമിയില്‍ സമാഗമകൂടാരത്തില്‍വച്ച് കര്‍ത്താവ് മോശയോടു കല്പിച്ചു:
2 : ഗോത്രവും കുടുംബവും തിരിച്ച് ഇസ്രായേല്‍ സമൂഹത്തിലെ സകല പുരുഷന്മാരുടെയും കണക്കെടുക്കുക.
3 : ഇരുപതും അതിനുമേലും വയസ്സും യുദ്ധം ചെയ്യാന്‍ കഴിവുമുള്ള ഇസ്രായേലിലെ സകലരെയും ഗണം തിരിച്ചെണ്ണുക. നീയും അഹറോനും കൂടിയാണ് കണക്കെടുക്കേണ്ടത്.
4 : ഓരോ ഗോത്രത്തിലും നിന്ന് ഒരു തലവനെക്കൂടെ കൊണ്ടുപോകണം.
5 : നിങ്ങളെ സഹായിക്കാന്‍ വരേണ്ടവര്‍ ഇവരാണ്: റൂബനില്‍നിന്ന് ഷെദെയൂറിന്റെ പുത്രന് എലിസൂര്‍.
6 : ശിമയോനില്‍നിന്ന് സുരിഷദായിയുടെ പുത്രന് ഷെലൂമിയേല്‍.
7 : യൂദായില്‍നിന്ന് അമീനാദാബിന്റെ പുത്രന് നഹ്ഷോന്‍.
8 : ഇസാക്കറില്‍ നിന്ന് സൂവാറിന്റെ പുത്രന് നെത്താനേല്‍.
9 : സെബുലൂണില്‍നിന്ന് ഹേലോനിന്റെ പുത്രന് എലിയാബ്.
10 : ജോസഫിന്റെ പുത്രന്മാരായ എഫ്രായിം, മനാസ്സെ എന്നിവരില്‍ നിന്ന് യഥാക്രമം അമ്മിഹൂദിന്റെ പുത്രന് എലിഷാമാ, പെദഹ്സൂറിന്റെ പുത്രന് ഗമാലിയേല്‍;
11 : ബഞ്ചമിനില്‍നിന്ന് ഗിദയോനിന്റെ പുത്രന് അബിദാന്‍;
12 : ദാനില്‍നിന്ന് അമ്മിഷദ്ദായിയുടെ പുത്രന് അഹിയേസെര്‍;
13 : ആഷേറില്‍നിന്ന് ഒക്രാന്റെ പുത്രന് പഗിയേല്‍;
14 : ഗാദില്‍നിന്ന് റവുവേലിന്റെ പുത്രന് എലിയാസാഫ്;
15 : നഫ്താലിയില്‍നിന്ന് ഏതാനിന്റെ പുത്രന് അഹിറാ.
16 : ഇവരാണ് ഇസ്രായേല്‍വംശത്തിന്റെ നേതാക്കന്മാരായി തിരഞ്ഞെടുക്കപ്പെട്ട ഗോത്രത്തലവന്മാര്.
17 : മോശയും അഹറോനും ഇവരെ സ്വീകരിച്ചു.
18 : രണ്ടാംമാസം ഒന്നാംദിവസം അവര്‍ ജനത്തെ മുഴുവന്‍ ഒരുമിച്ചു കൂട്ടി. ഓരോരുത്തരുടെയും കുടുംബം, ഗോത്രം ഇവയനുസരിച്ച് ഇരുപതും അതില്‍ക്കൂടുതലും വയസ്സുള്ളവരെ ആളാംപ്രതി പട്ടികയില്‍ ചേര്‍ത്തു.
19 : അങ്ങനെ കര്‍ത്താവു കല്പിച്ചതുപോലെ സീനായ്മരുഭൂമിയില്‍ വച്ച് മോശ ഇസ്രായേല്‍ജനത്തിന്റെ കണക്കെടുത്തു.
20 : ഇസ്രായേലിന്റെ ആദ്യജാതനായ റൂബന്റെ
21 : ഗോത്രത്തില്പെട്ടവര് തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ നാല്പത്താറായിരത്തിയഞ്ഞൂറ്.
22 : ശിമയോന്റെ ഗോത്രത്തില്പെട്ടവര്
23 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ അന്‍പത്തൊമ്പതിനായിരത്തിമുന്നൂറ്.
24 : ഗാദിന്റെ ഗോത്രത്തില്പെട്ടവര്
25 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ നാല്പത്തയ്യായിരത്തിയറുനൂറ്റമ്പത്.
26 : യൂദായുടെ ഗോത്രത്തില്പെട്ടവര്
27 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍
28 : ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ എഴുപത്തിനാലായിരത്തിയറുന്നൂറ്.
29 : ഇസാക്കറിന്റെ ഗോത്രത്തില്‍ പെട്ടവര്‍ തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തിനാലായിരത്തിനാനൂറ്.
30 : സെബുലൂണ്‍ ഗോത്രത്തില്പെട്ടവര്
31 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തേഴായിരത്തിനാനൂറ്.
32 : ജോസഫിന്റെ മക്കളായ എഫ്രായിമിന്റെയും
33 : മനാസ്സെയുടെയും ഗോത്രത്തില്പെട്ടവര്
34 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍
35 : ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ യഥാക്രമം നാല്പതിനായിരത്തിയഞ്ഞൂറും മുപ്പത്തീരായിരത്തിയിരുനൂറും.
36 : ബഞ്ചമിന്റെ ഗോത്രത്തില്പെട്ടവര്
37 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ മുപ്പത്തയ്യായിരത്തിനാനൂറ്.
38 : ദാനിന്റെ ഗോത്രത്തില്പെട്ടവര്
39 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ അറുപത്തീരായിരത്തിഎഴുനൂറ്.
40 : ആഷേറിന്റെ ഗോത്രത്തില്പെട്ടവര്
41 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ നാല്പത്തോരായിരത്തിയഞ്ഞൂറ്.
42 : നഫ്താലി ഗോത്രത്തില്പെട്ടവര്
43 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തിമൂവായിരത്തിനാനൂറ്.
44 : ഇസ്രായേലിലെ ഗോത്രപ്രതിനിധികളായ പന്ത്രണ്ടു നേതാക്കളും മോശയും അഹറോനും ചേര്‍ന്നെടുത്ത കണക്കില്‍പെട്ടവരാണിവര്‍.
45 : ഗോത്രം ഗോത്രമായി ഇരുപതും അതിനുമേലും വയസ്സു പ്രായത്തില്‍ ഇസ്രായേലിലെ യുദ്ധശേഷിയുള്ള പുരുഷന്മാര്
46 : ആകെ ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പത് ആയിരുന്നു.
47 : ലേവിഗോത്രത്തെ ജനസംഖ്യയില്‍ പെടുത്തിയില്ല.
48 : കാരണം, കര്‍ത്താവ് മോശയോട് അരുളിച്ചെയ്തിരുന്നു:
49 : ലേവ്യരെ നീ എണ്ണരുത്; ഇസ്രായേല്യരുടെ ജനസംഖ്യയില്‍ അവരുടെ എണ്ണം ചേര്‍ക്കുകയുമരുത്.
50 : എന്നാല്‍, സാക്ഷ്യകൂടാരവും അതിലെ ഉപകരണങ്ങളും അതുമായി ബന്ധപ്പെട്ട സകലതും ലേവ്യരുടെ മേല്‍നോട്ടത്തിലായിരിക്കണം; അവര്‍ കൂടാരവും അതിലെ ഉപകരണങ്ങളും വഹിക്കുകയും അതില്‍ ശുശ്രൂഷചെയ്യുകയും വേണം. കൂടാരത്തിനു ചുറ്റും അവര്‍ താവളമടിക്കട്ടെ.
51 : കൂടാരവുമായി പുറപ്പെടേണ്ടിവരുമ്പോള്‍ ലേവ്യര്‍ അത് അഴിച്ചിറക്കുകയും കൂടാരമടിക്കേണ്ടിവരുമ്പോള്‍ അവര്‍ തന്നെ അതു സ്ഥാപിക്കുകയും വേണം. മറ്റാരെങ്കിലും അതിനെ സമീപിച്ചാല്‍ അവനെ വധിക്കണം.
52 : ഇസ്രായേല്‍ജനം ഗണങ്ങളായിത്തിരിഞ്ഞ് ഓരോരുത്തരും താന്താങ്ങളുടെ പാളയത്തിലും സ്വന്തം കൊടിക്കീഴിലും താവളമടിക്കണം.
53 : ഇസ്രായേല്‍ സമൂഹത്തിന്റെ നേരേ ദൈവകോപം ഉണ്ടാകാതിരിക്കേണ്ടതിന് ലേവ്യര്‍ സാക്ഷ്യകൂടാരത്തിനുചുറ്റും പാളയമടിക്കണം. സാക്ഷ്യകൂടാരത്തിന്റെ ചുമതല അവര്‍ വഹിക്കുകയും വേണം.
54 : ഇസ്രായേല്‍ജനം അപ്രകാരം ചെയ്തു. കര്‍ത്താവ് മോശയോടു കല്പിച്ചതുപോലെ അവര്‍ പ്രവര്‍ത്തിച്ചു.
അദ്ധ്യായം 2
പാളയമടിക്കേണ്ട ക്രമം
1 : കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:
2 : ഇസ്രായേല്‍ ജനം അവരവരുടെ ഗോത്രമുദ്രയോടുകൂടിയ പതാകകള്‍ക്കു കീഴില്‍ പാളയമടിക്കണം. സമാഗമ കൂടാരത്തിനഭിമുഖമായി ചുറ്റും താവളമുറപ്പിക്കുകയും വേണം.
3 : അമ്മിനാദാബിന്റെ മകന് നഹ്ഷോന്റെ നേതൃത്വത്തിലുള്ള യൂദാഗോത്രം സൂര്യനുദിക്കുന്ന കിഴക്കുദിക്കില്‍ സ്വന്തം പതാകയ്ക്കുകീഴില്‍ പാളയമടിക്കണം.
4 : അവന്റെ സൈന്യത്തില്‍ എഴുപത്തിനാലായിരത്തിയറുനൂറുപേര്‍.
5 : അതിനടുത്ത് സുവാറിന്റെ മകന് നെത്താനേലിന്റെ നേതൃത്വത്തിലുള്ള ഇസാക്കര്‍ഗോത്രം.
6 : അവന്റെ സൈന്യത്തില്‍ അന്‍പത്തിനാലായിരത്തിനാനൂറുപേര്‍.
7 : അതിനപ്പുറം ഹേലോന്റെ പുത്രന് എലിയാബിന്റെ നേതൃത്വത്തിലുള്ള സെബുലൂണ്‍ഗോത്രം.
8 : അവന്റെ സൈന്യത്തില്‍ അന്‍പത്തേഴായിരത്തിനാനൂറുപേര്‍.
9 : യൂദായുടെ പാളയത്തിലെ സൈന്യത്തില്‍ ആകെ ഒരു ലക്ഷത്തിയെണ്‍പത്താറായിരത്തിനാനൂറുപേര്‍. അവരാണ് ആദ്യം പുറപ്പെടേണ്ടത്.
10 : ഷെദയൂറിന്റെ മകന് എലിസൂറിന്റെ നേതൃത്വത്തിലുള്ള റൂബന്‍ഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്കു കീഴില്‍ തെക്കുഭാഗത്തു പാളയമടിക്കണം.
11 : അവന്റെ സൈന്യത്തില്‍ നാല്പത്താറായിരത്തിയഞ്ഞൂറുപേര്.
12 : അതിനടുത്ത് സുരിഷദായിയുടെ പുത്രന് ഷെലൂമിയേലിന്റെ നേതൃത്വത്തിലുള്ള ശിമയോന്‍ഗോത്രം.
13 : അവന്റെ സൈന്യത്തില്‍ അമ്പത്തൊമ്പതിനായിരിത്തിമുന്നൂറുപേര്‍.
14 : അതിനപ്പുറം റവുവേലിന്റെ പുത്രന് എലിയാസാഫിന്റെ നേതൃത്വത്തിലുള്ള ഗാദ്ഗോത്രം.
15 : അവന്റെ സൈന്യത്തില്‍ നാല്പത്തയ്യായിരത്തിയറുനൂറ്റമ്പതുപേര്.
16 : റൂബന്‍പാളയത്തില്‍ ആകെ ഒരു ലക്ഷത്തിയെണ്‍പത്തോരായിരത്തിനാനൂറ്റിയമ്പതുപേര്‍. അവരാണ് രണ്ടാമതു പുറപ്പെടേണ്ടത്.
17 : അനന്തരം, പാളയങ്ങളുടെ മധ്യത്തിലായി ലേവ്യരുടെ പാളയത്തോടൊപ്പം സമാഗമ കൂടാരം കൊണ്ടുപോകണം. കൂടാരമടിക്കുമ്പോഴെന്നപോലെ തന്നെ പതാകയോടൊത്ത് ക്രമമനുസരിച്ച് ഓരോരുത്തരും പുറപ്പെടണം.
18 : അമ്മിഹൂദിന്റെ മകന് എലിഷാമായുടെ നേതൃത്വത്തിലുള്ള എഫ്രായിംഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്കുകീഴില്‍ പടിഞ്ഞാറുഭാഗത്ത് താവളമടിക്കണം.
19 : അവന്റെ സൈന്യത്തില്‍ നാല്പതിനായിരത്തിയഞ്ഞൂറുപേര്.
20 : അതിനടുത്ത് പെദഹ്സൂറിന്റെ പുത്രന് ഗമാലിയേലിന്റെ നേതൃത്വത്തിലുള്ള മനാസ്സെഗോത്രം.
21 : അവന്റെ സൈന്യത്തില്‍ മുപ്പത്തീരായിരത്തിയിരുനൂറുപേര്‍.
22 : അതിനപ്പുറം ഗിദയോനിയുടെ പുത്രന് അബിദാന്റെ നേതൃത്വത്തിലുള്ള ബഞ്ചമിന് ഗോത്രം.
23 : അവന്റെ സൈന്യത്തില്‍ മുപ്പത്തയ്യായിരത്തിനാനൂറുപേര്‍.
24 : എഫ്രായിം പാളയത്തില്‍ ആകെ ഒരുലക്ഷത്തിയെണ്ണായിരത്തിയൊരുനൂറുപേര്‍. അവരാണ് മൂന്നാമതു പുറപ്പെടേണ്ടത്.
25 : അമ്മിഷദ്ദായിയുടെ മകന് അഹിയേസറിന്റെ നേതൃത്വത്തിലുള്ള ദാന്‍ഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്കു കീഴില്‍ വടക്കുഭാഗത്തു പാളയമടിക്കണം.
26 : അവന്റെ സൈന്യത്തില്‍ അറുപത്തീരായിരത്തിയെഴുനൂറുപേര്‍.
27 : അതിനടുത്ത് ഒക്രാന്റെ മകന് പഗിയേലിന്റെ നേതൃത്വത്തിലുള്ള ആഷേര്‍ഗോത്രം.
28 : അവന്റെ സൈന്യത്തില്‍ നാല്പത്തോരായിരത്തിയഞ്ഞൂറുപേര്.
29 : അതിനപ്പുറം ഏനാന്റെ മകന് അഹീറയുടെ നേതൃത്വത്തിലുള്ള നഫ്താലിഗോത്രം.
30 : അവന്റെ സൈന്യത്തില്‍ അമ്പത്തിമൂവായിരത്തിനാനൂറുപേര്‍.
31 : ദാനിന്റെ പാളയത്തില്‍ ആകെ ഒരു ലക്ഷത്തിയമ്പത്തിയേഴായിരത്തിയറുനൂറുപേര്‍. സ്വന്തം പതാകകളോടുകൂടി അവരാണ് ഏറ്റവും അവസാനം പുറപ്പെടേണ്ടത്.
32 : ഗോത്രക്രമമനുസരിച്ചു ജനസംഖ്യയില്‍പ്പെട്ട ഇസ്രായേല്‍ ജനം ഇവരാണ്. പാളയത്തിലുണ്ടായിരുന്നവരും ഗണമനുസരിച്ചു കണക്കെടുക്കപ്പെട്ടവരുമായ ആളുകള്‍ ആകെ ആറുലക്ഷത്തിമൂവായിരത്തിയഞ്ഞൂറ്റമ്പത്.
33 : കര്‍ത്താവ് മോശയോടു കല്പിച്ചതനുസരിച്ച് ഇസ്രായേല്‍ ജനത്തിന്റെ കൂടെ ലേവ്യരെ എണ്ണിയില്ല.
34 : കര്‍ത്താവു മോശയോടു കല്പിച്ച പ്രകാരം ഇസ്രായേല്‍ പ്രവര്‍ത്തിച്ചു. അവര്‍ സ്വന്തം പതാകകള്‍ക്കുകീഴേ പാളയമടിക്കുകയും ഗോത്രവും കുടുംബവുമനുസരിച്ചു യാത്ര പുറപ്പെടുകയും ചെയ്തു.
അദ്ധ്യായം 3
അഹറോന്റെ പുത്രന്മാര്
1 : സീനായ് മലമുകളില്‍വച്ച് ദൈവം മോശയോടു സംസാരിക്കുമ്പോള്‍ അഹറോന്റെയും മോശയുടെയും വംശാവലി ഇപ്രകാരമായിരുന്നു.
2 : അഹറോന്റെ പുത്രന്മാരുടെ പേരുകള്‍: ആദ്യജാതനായ നാദാബും അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവരും.
3 : ഇവര്‍ പൗരോഹിത്യശുശ്രൂഷ ചെയ്യാന്‍ അഭിഷിക്തരായ അഹറോന്റെ പുത്രന്മാരാണ്.
4 : ഇവരില്‍ നാദാബും അബിഹുവും സീനായ്മരുഭൂമിയില്‍ കര്‍ത്താവിന്റെ മുന്പില് അവിശുദ്ധമായ അഗ്നി അര്‍പ്പിച്ചപ്പോള്‍ അവിടെവച്ചു മരിച്ചു. അവര്‍ക്കു സന്താനങ്ങളില്ലായിരുന്നു. അതിനാല്‍, എലെയാസറും ഇത്താമറും തങ്ങളുടെ പിതാവായ അഹറോന്റെ ജീവിതകാലത്തുതന്നെ പുരോഹിതന്മാരായി സേവനമനുഷ്ഠിച്ചു.
ലേവ്യരുടെ കടമകള്‍
5 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
6 : ലേവിഗ്രോത്രത്തെ കൊണ്ടുവന്ന് അഹറോന്റെ ശുശ്രൂഷയ്ക്കു നിയോഗിക്കുക.
7 : അവര്‍ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം സമാഗമകൂടാരത്തിനു മുമ്പില്‍ അഹറോനും സമൂഹത്തിനും വേണ്ടി സേവനമനുഷ്ഠിക്കട്ടെ.
8 : സമാഗമകൂടാരത്തിലെ വസ്തുക്കളുടെ മേല്‍നോട്ടവും അവര്‍ക്കായിരിക്കും. കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം ഇസ്രായേല്‍ ജനത്തിനും അവര്‍ സേവനം ചെയ്യണം.
9 : ലേവ്യരെ അഹറോനും പുത്രന്മാര്ക്കും വേണ്ടി നിയോഗിക്കുക. ഇസ്രായേല്‍ ജനത്തില്‍ നിന്ന് അഹറോന് പൂര്‍ണ്ണമായും നല്കപ്പെട്ടവരാണിവര്.
10 : നീ അഹറോനെയും പുത്രന്മാരെയും പൗരോഹിത്യശുശ്രൂഷയ്ക്കായി അധികാരപ്പെടുത്തുകയും അവര്‍ അത് അനുഷ്ഠിക്കുകയും ചെയ്യണം. മറ്റാരെങ്കിലും വിശുദ്ധവസ്തുക്കളെ സമീപിച്ചാല്‍ അവരെ വധിക്കണം.
11 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
12 : ഇസ്രായേലിലെ ആദ്യജാതന്മാര്ക്കുപകരം ഞാന്‍ ലേവ്യരെ തിരഞ്ഞെടുത്തിരിക്കുന്നു. അവര്‍ എനിക്കുള്ളവരാണ്.
13 : എന്തെന്നാല്‍, കടിഞ്ഞൂല്‍ പുത്രന്മാരെല്ലാം എന്റേതാണ്. ഈജിപ്തുകാരുടെ ആദ്യജാതന്മാരെ നിഗ്രഹിച്ചപ്പോള്‍ ഇസ്രായേലിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂല്‍ സന്താനങ്ങളെ എനിക്കായി ഞാന്‍ മാറ്റിനിര്‍ത്തി; അവര്‍ എന്റെ സ്വന്തമാണ്; ഞാനാണു കര്‍ത്താവ്.
ലേവ്യരുടെ ജനസംഖ്യ
14 : സീനായ്മരുഭൂമിയില്‍വച്ചു കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
15 : ഒരു മാസവും അതിനുമേലും പ്രായമുള്ള ലേവിപുത്രന്മാരുടെ കണക്ക് ഗോത്രവും കുടുംബവും അനുസരിച്ച് എടുക്കുക.
16 : കര്‍ത്താവു കല്പിച്ചതുപോലെ മോശ അവരുടെ കണക്കെടുത്തു.
17 : ലേവിയുടെ പുത്രന്മാര് ഇവരായിരുന്നു: ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി.
18 : കുടുംബമനുസരിച്ച് ഗര്‍ഷോന്റെ പുത്രന്മാരുടെ പേരുകള്‍: ലിബ്നി, ഷിമെയി.
19 : കുടുംബമനുസരിച്ച് കൊഹാത്തിന്റെ പുത്രന്മാര് ഇവരാണ്: അമ്രാം, യിസ്ഹാര്‍, ഹെബ്രോണ്‍, ഉസ്സിയേല്‍.
20 : കുടുംബമനുസരിച്ച് മെറാറിയുടെ പുത്രന്മാര്: മഹ്ലി, മൂഷി. ഇവയാണ് പിതൃഗോത്രപ്രകാരം ലേവ്യരുടെ കുടുംബങ്ങള്‍.
21 : ലിബ്നിയരുടെയും ഷിമെയിയരുടെയും കുടുംബങ്ങളുടെ ഉദ്ഭവം ഗര്‍ഷോനില്‍ നിന്നാണ്. ഇവയാണ് ഗര്‍ഷോന്യകുടുംബങ്ങള്‍.
22 : ഒരു മാസവും അതില്‍ക്കൂടുതലുംപ്രായമുള്ള പുരുഷന്മാര് ഏഴായിരത്തിയഞ്ഞൂറ്.
23 : ഗര്‍ഷോന്‍കുടുംബക്കാര്‍ കൂടാരത്തിന്റെ
24 : പിറകില്‍ പടിഞ്ഞാറുവശത്ത് ലായേലിന്റെ മകന് എലിഫാസിന്റെ നേതൃത്വത്തില്‍ പാളയമടിക്കണം.
25 : ഗര്‍ഷോന്‍കുടുംബക്കാര്‍ സമാഗമകൂടാരത്തില്‍ പെട്ടകം, കൂടാരം, അതിന്റെ
26 : ആവരണം, വാതിലിന്റെ തിരശ്ശീല, കൂടാരത്തിനും ബലിപീഠത്തിനും ചുറ്റുമുള്ള അങ്കണത്തിന്റെ വിരികള്‍, അങ്കണവാതിലിന്റെ യവനിക, അവയുടെ ചരടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സകല ജോലികളും ചെയ്യണം.
27 : അമ്രാമ്യര്‍, യിസ്ഹാര്യര്‍, ഹെബ്രോണ്യര്‍, ഉസ്സിയേല്യര്‍ എന്നിവര്‍ കൊഹാത്തില്‍നിന്നു ജനിച്ച കുടുംബങ്ങളാകുന്നു.
28 : ഒരു മാസവും അതിനുമേലും പ്രായമുള്ള പുരുഷന്മാര് എണ്ണായിരത്തിയറുനൂറ്. വിശുദ്ധസ്ഥലത്ത് ശുശ്രൂഷചെയ്യാനുള്ള കടമ അവരുടേതാണ്.
29 : കൊഹാത്തുകുടുംബങ്ങള്‍ കൂടാരത്തിന്റെ തെക്കുവശത്താണ് പാളയമടിക്കേണ്ടത്.
30 : അവരുടെ നേതാവ് ഉസ്സിയേലിന്റെ മകന് എലിസാഫാന്‍ ആണ്.
31 : പേടകം, മേശ, വിളക്കുകാല്, ബലിപീഠങ്ങള്‍, വിശുദ്ധസ്ഥലത്തു പുരോഹിതന് ശുശ്രൂഷയ്ക്കുപയോഗിക്കുന്ന പാത്രങ്ങള്‍, തിരശ്ശീല എന്നിവയും അവയെ സംബന്ധിക്കുന്ന ജോലികളും ഇവരുടെ ചുമതലയാണ്.
32 : പുരോഹിതനായ അഹറോന്റെ പുത്രന് എലെയാസറിന് ലേവ്യരുടെ നേതാക്കളുടെ നേതൃത്വവും വിശുദ്ധസ്ഥലവിചാരിപ്പുകാരുടെ മേല്‍നോട്ടവും ഉണ്ടായിരിക്കും.
33 : മഹ്ലി, മൂഷി എന്നീ കുടുംബങ്ങള്‍ മെറാറിയില്‍ നിന്ന് ഉണ്ടായി.
34 : ഇവയാണ്ടമറാറിക്കുടുംബങ്ങള്‍. അവയില്‍ ഒരു മാസവും അതിനുമേലും പ്രായമുള്ള പുരുഷന്മാര് ആറായിരത്തിയിരുനൂറ്.
35 : മെറാറിഗോത്രത്തിന്റെ തലവന്‍ അബിഹയിലിന്റെ മകന് സൂരിയേല്‍ ആയിരുന്നു. കൂടാരത്തിനു വടക്കുഭാഗത്താണ് അവര്‍ പാളയമടിക്കേണ്ടത്.
36 : മെറാറിയുടെ പുത്രന്മാര് കൂടാരത്തിന്റെ ചട്ടക്കൂട്, അഴികള്‍, തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, മറ്റുപകരണങ്ങള്‍ ഇവയുമായി ബന്ധപ്പെടുന്ന എല്ലാ ജോലികളും ചെയ്യണം.
37 : അങ്കണത്തിന്റെ തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, കുറ്റികള്‍, ചരടുകള്‍ ഇവയുടെ മേല്‍നോട്ടവും അവര്‍ വഹിക്കണം.
38 : സമാഗമകൂടാരത്തിനു മുമ്പില്‍ കിഴക്കുവശത്ത് പാളയമടിക്കേണ്ടത് മോശയും, അഹറോനും അവന്റെ പുത്രന്മാരുമാണ്. വിശുദ്ധസ്ഥലത്ത് ഇസ്രായേല്‍ ജനത്തിനുവേണ്ടി നിര്‍വഹിക്കേണ്ട എല്ലാ ആരാധനയുടെയും ചുമതല അവര്‍ക്കാണ്. മറ്റാരെങ്കിലും അതിനു മുതിര്‍ന്നാല്‍ അവനെ വധിക്കണം.
39 : കര്‍ത്താവു കല്പിച്ചതനുസരിച്ച് മോശയും അഹറോനും കൂടി ഒരു മാസവും അതിനുമേലും പ്രായമുള്ള ലേവ്യരുടെ എണ്ണമെടുത്തപ്പോള്‍ സംഖ്യ ഇരുപത്തീരായിരമായിരുന്നു.
ലേവ്യര്‍ ആദ്യജാതര്‍ക്കു പകരം
40 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ജനങ്ങളില്‍ ഒരു മാസവും അതിനുമേലും പ്രായമുള്ള എല്ലാ കടിഞ്ഞൂല്പുത്രന്മാരെയും പേര് വിളിച്ച് എണ്ണുക.
41 : ഇസ്രായേലിലെ ആദ്യജാതന്മാര്ക്കു പകരംലേവ്യരെ എനിക്കായി മാറ്റിനിര്‍ത്തുക. അതുപോലെ, ഇസ്രായേല്യരുടെ മൃഗങ്ങളുടെ കടിഞ്ഞൂലുകള്‍ക്കു പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായി മാറ്റിനിര്‍ത്തുക. ഞാനാണ് കര്‍ത്താവ്.
42 : കര്‍ത്താവു കല്പിച്ചതുപോലെ മോശ ഇസ്രായേല്യരുടെ ആദ്യജാതന്മാരെയെല്ലാം എണ്ണിത്തിട്ടപ്പെടുത്തി.
43 : ഒരു മാസവും അതിനുമേലും പ്രായമുള്ള ആദ്യജാതരായ എല്ലാ പുരുഷസന്താനങ്ങളെയും വേര്‍തിരിച്ച് എണ്ണിയപ്പോള്‍ ഇരുപത്തീരായിരത്തിയിരുനൂറ്റിയെഴുപത്തിമൂന്നു പേര് ഉണ്ടായിരുന്നു.
44 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
45 : ഇസ്രായേല്യരുടെ ആദ്യജാതന്മാര്ക്കുപകരം ലേവ്യരെ എടുക്കുക; അവരുടെ കന്നുകാലികള്‍ക്കു പകരം ലേവ്യരുടെ കന്നുകാലികളെയും.
46 : ലേവ്യര്‍ എനിക്കുള്ളവരാണ്.
47 : ഞാനാണു കര്‍ത്താവ്.
48 : ലേവ്യപുരുഷന്മാരുടെ എണ്ണത്തില്‍ കവിഞ്ഞുള്ള ഇരുനൂറ്റിയെഴുപത്തിമൂന്ന് ഇസ്രായേല്ആദ്യജാതന്മാരുടെ വീണ്ടെടുപ്പിന്, ആളൊന്നിന് അഞ്ചു ഷെക്കല്‍വീതം എടുത്ത് അധികം വരുന്നവരുടെ വീണ്ടെടുപ്പിനുവേണ്ടി അഹറോനെയും മക്കളെയും ഏല്പിക്കുക. വിശുദ്ധസ്ഥലത്തെനിരക്കനുസരിച്ച് ഇരുപതുഗേരായാണ് ഒരു ഷെക്കല്‍.
49 : ലേവ്യരാല്‍ വീണ്ടെടുക്കപ്പെടാതെ അവശേഷിച്ചവരുടെ വീണ്ടെടുപ്പുവില മോശ ശേഖരിച്ചു.
50 : ഇസ്രായേലിലെ ആദ്യജാതരില്‍നിന്ന് വിശുദ്ധ സ്ഥലത്തെ ഷെക്കലിന്റെ കണക്കനുസരിച്ച് ആയിരത്തിമുന്നൂറ്ററുപത്തഞ്ചു ഷെക്കല്‍ മോശ പിരിച്ചെടുത്തു.
51 : കര്‍ത്താവിന്റെ കല്പനയനുസരിച്ച് മോശ വീണ്ടെടുപ്പുവില അഹറോനെയും മക്കളെയും ഏല്പിച്ചു.
0 comments:
Post a Comment