ഉൽപ്പത്തി 18
Audio Only
Download Mp3
Click here to Subscribe YouTube Channel
അദ്ധ്യായം 18
ദൈവം സന്ദര്‍ശിക്കുന്നു
1 : മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി. വെയില് മൂത്ത സമയത്ത് അബ്രാഹം തന്റെ കൂടാരത്തിന്റെ വാതില്ക്കല് ഇരിക്കുകയായിരുന്നു.
2 : അവന് തലയുയര്ത്തിനോക്കിയപ്പോള് മൂന്നാളുകള്‍ തനിക്കെതിരേ നില്ക്കുന്നതുകണ്ടു. അവരെക്കണ്ട് അവന് കൂടാരവാതില്ക്കല് നിന്നെഴുന്നേറ്റ് അവരെ എതിരേല്ക്കാന് ഓടിച്ചെന്ന്, നിലംപറ്റെതാണ്, അവരെ വണങ്ങി.
3 : അവന് പറഞ്ഞു: യജമാനനേ, അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍ അങ്ങയുടെ ദാസനെ കടന്നുപോകരുതേ!
4 : കാലുകഴുകാന്‍ കുറച്ചുവെള്ളം കൊണ്ടുവരട്ടെ. മരത്തണലിലിരുന്നു വിശ്രമിക്കുക.
5 : നിങ്ങള്‍ ഈ ദാസന്റെയടുക്കല്‍ വന്ന നിലയ്ക്ക് ഞാന്‍ കുറേഅപ്പം കൊണ്ടുവരാം. വിശപ്പടക്കിയിട്ടു യാത്ര തുടരാം. നീ പറഞ്ഞതുപോലെ ചെയ്യുക എന്ന് അവര്‍ പറഞ്ഞു.
6 : അബ്രാഹം പെട്ടെന്നു കൂടാരത്തിലെത്തി സാറായോടു പറഞ്ഞു: വേഗം മൂന്നിടങ്ങഴി മാവെടുത്തു കുഴച്ച് അപ്പമുണ്ടാക്കുക.
7 : അവന് ഓടിച്ചെന്നു കാലിക്കൂട്ടത്തില് നിന്നു കൊഴുത്ത ഒരു ഇളം കാളക്കുട്ടിയെ പിടിച്ചു വേലക്കാരനെ ഏല്പിച്ചു. ഉടനെ അവന് അതു പാകംചെയ്യാന്‍ തുടങ്ങി.
8 : അബ്രാഹം വെണ്ണയും പാലും, പാകം ചെയ്ത മൂരിയിറച്ചിയും അവരുടെ മുമ്പില്‍ വിളമ്പി. അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കേ അവന് മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടു നിന്നു.
9 : അവര്‍ അവനോടു ചോദിച്ചു: നിന്റെ ഭാര്യ സാറായെവിടെ? കൂടാരത്തിലുണ്ട്, അവന് മറുപടി പറഞ്ഞു.
10 : കര്‍ത്താവു പറഞ്ഞു: വസന്തത്തില്‍ ഞാന്‍ തീര്‍ച്ചയായും തിരിയേ വരും. അപ്പോള്‍ നിന്റെ ഭാര്യ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും. അവന്റെ പിറകില്‍ കൂടാരവാതില്ക്കല് നിന്നു സാറാ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു.
11 : അബ്രാഹവും സാറായും വൃദ്ധരായിരുന്നു. അവള്‍ക്കു ഗര്‍ഭധാരണപ്രായം കഴിഞ്ഞിരുന്നു.
12 : അതിനാല്‍, സാറാ ഉള്ളില്‍ ചിരിച്ചുകൊണ്ടുപറഞ്ഞു: എനിക്കു പ്രായമേറെയായി; ഭര്‍ത്താവും വൃദ്ധനായി. എനിക്കിനി സന്താനസൗഭാഗ്യം ഉണ്ടാകുമോ?
13 : കര്‍ത്താവ് അബ്രാഹത്തോടു ചോദിച്ചു: വൃദ്ധയായ തനിക്കിനി കുഞ്ഞുണ്ടാകുമോ എന്നു ചോദിച്ചു സാറാ ചിരിച്ചതെന്തുകൊണ്ട്?
14 : കര്‍ത്താവിനു കഴിയാത്തത് എന്തെങ്കിലുമുണ്ടോ? നിശ്ചിതസമയത്ത് വസന്തത്തില്‍ ഞാന്‍ നിന്റെ അടുത്തു തിരിച്ചുവരും. അപ്പോള്‍ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും.
15 : സാറാ നിഷേധിച്ചുപറഞ്ഞു: ഞാന്‍ ചിരിച്ചില്ല. എന്തെന്നാല്‍, അവള് ഭയപ്പെട്ടു. അവിടുന്നുപറഞ്ഞു: അല്ല, നീ ചിരിക്കുകതന്നെ ചെയ്തു.
സോദോം-ഗൊമോറാ
16 : അവര്‍ അവിടെനിന്നെഴുന്നേറ്റു സോദോമിനു നേരേ തിരിച്ചു. വഴിയിലെത്തുന്നതുവരെ അബ്രാഹം അവരെ അനുയാത്ര ചെയ്തു.
17 : കര്‍ത്താവ് ആലോചിച്ചു:
18 : അബ്രാഹം മഹത്തും ശക്തവുമായ ഒരു ജനതയായിത്തീരുമെന്നും ഭൂമിയിലെ ജനപദങ്ങളെല്ലാം അവനിലൂടെ അനുഗ്രഹിക്കപ്പെടുമെന്നും അറിഞ്ഞിരിക്കേ, ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യം അവനില്‍നിന്നു മറച്ചുവയ്ക്കണമോ?
19 : ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നത്, നീതിയും ന്യായവും പ്രവര്‍ത്തിച്ച കര്‍ത്താവിന്റെ വഴിയിലൂടെ നടക്കാന്‍ തന്റെ മക്കളോടും പിന്മുറക്കാരോടും അവന് കല്പിക്കുന്നതിനും അങ്ങനെ കര്‍ത്താവ് അവനോടു ചെയ്ത വാഗ്ദാനം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ്.
20 : കര്‍ത്താവു പറഞ്ഞു: സോദോമിനും ഗൊമോറായ്ക്കുമെതിരേയുള്ള മുറവിളി വളരെ വലുതാണ്.
21 : അവരുടെ പാപം ഗുരുതരവുമാണ്. അതിനാല്‍, അവരുടെ പ്രവൃത്തികള്‍ എന്റെ സന്നിധിയിലെത്തിയിട്ടുള്ള വിലാപങ്ങളെ സാധൂകരിക്കുന്നോ ഇല്ലയോ എന്നറിയാന്‍ ഞാന്‍ അവിടംവരെ പോകുകയാണ്.
22 : അവര്‍ അവിടെനിന്നു സോദോമിനു നേരേ നടന്നു. അബ്രാഹം അപ്പോഴും കര്‍ത്താവിന്റെ മുമ്പില്‍ത്തന്നെ നിന്നു.
23 : അബ്രാഹം അവിടുത്തെ സമീപിച്ചു ചോദിച്ചു: ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങു നശിപ്പിക്കുമോ?
24 : നഗരത്തില്‍ അന്‍പതു നീതിമാന്മാരുണ്ടെങ്കില് അങ്ങ് അതിനെ നശിപ്പിച്ചുകളയുമോ? അവരെ പ്രതി ആ സ്ഥലത്തെ ശിക്ഷയില്‍ നിന്നൊഴിവാക്കില്ലേ?
25 : ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും സംഹരിക്കുക-അത് അങ്ങില്‍നിന്ന് ഉണ്ടാകാതിരിക്കട്ടെ. ദുഷ്ടന്മാരുടെ ഗതി തന്നെ നീതിമാന്മാര്ക്കും സംഭവിക്കാതിരിക്കട്ടെ. ഭൂമി മുഴുവന്റെയും വിധികര്‍ത്താവു നീതി പ്രവര്‍ത്തിക്കാതിരിക്കുമോ?
26 : കര്‍ത്താവ് അരുളിച്ചെയ്തു: സോദോം നഗരത്തില്‍ അമ്പതു നീതിമാന്മാരെ ഞാന്‍ കണ്ടെണ്ടത്തുന്നപക്ഷം അവരെപ്രതി ഞാന്‍ ആ സ്ഥലത്തോടു മുഴുവന്‍ ക്ഷമിക്കും.
27 : അബ്രാഹം വീണ്ടും പറഞ്ഞു: പൊടിയും ചാരവുമായ ഞാന്‍ കര്‍ത്താവിനോടു സംസാരിക്കുവാന്‍ തുനിഞ്ഞല്ലോ.
28 : നീതിമാന്മാര് അമ്പതിന് അഞ്ചു കുറവാണെന്നു വന്നാലോ? അഞ്ചുപേര്‍ കുറഞ്ഞാല്‍ നഗരത്തെ മുഴുവന്‍ അങ്ങു നശിപ്പിക്കുമോ? അവിടുന്നു പറഞ്ഞു: നാല്‍പ്പത്തഞ്ചുപേരെ കണ്ടെണ്ടത്തിയാല്‍ ഞാനതിനെ നശിപ്പിക്കുകയില്ല. അവന് വീണ്ടും ചോദിച്ചു: നാല്‍പ്പതുപേരേയുള്ളുവെങ്കിലോ?
29 : അവിടുന്നു പ്രതിവചിച്ചു: ആ നാല്‍പ്പതുപേരെ പ്രതി നഗരം ഞാന്‍ നശിപ്പിക്കുകയില്ല.
30 : അവന് പറഞ്ഞു: ഞാന്‍ വീണ്ടും സംസാരിക്കുന്നതുകൊണ്ടു കര്‍ത്താവു കോപിക്കരുതേ! ഒരുപക്ഷേ, മുപ്പതുപേരെയുള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: മുപ്പതുപേരെ കണ്ടെണ്ടത്തുന്നെങ്കില്‍ ഞാനതു നശിപ്പിക്കുകയില്ല.
31 : അവന് പറഞ്ഞു: കര്‍ത്താവിനോടു സംസാരിക്കാന്‍ ഞാന്‍ തുനിഞ്ഞല്ലോ. ഇരുപതുപേരെയുള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: ഇരുപതുപേരെ പ്രതി ഞാനതു നശിപ്പിക്കുകയില്ല.
32 : അവന് പറഞ്ഞു: കര്‍ത്താവേ, കോപിക്കരുതേ! ഒരു തവണകൂടി മാത്രം ഞാന്‍ സംസാരിക്കട്ടെ. പത്തുപേരെ അവിടെയുള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: ആ പത്തുപേരെപ്രതി ഞാന്‍ അതു നശിപ്പിക്കുകയില്ല.
33 : അബ്രാഹത്തോടു സംസാരിച്ചുകഴിഞ്ഞപ്പോള്‍ കര്‍ത്താവ് അവിടെനിന്നുപോയി. അബ്രാഹവും സ്വന്തം സ്ഥലത്തേക്കു മടങ്ങി.
0 comments:
Post a Comment