അവൻ മരിക്കുമ്പോൾ പ്രളയം വരും
Audio Only
Download Mp3
By Fr Daniel Poovannathil
Click here to Subscribe YouTube Channel
അദ്ധ്യായം 5
ആദം മുതല്‍ നോഹവരെ
1 : ആദത്തിന്റെ വംശാവലിഗ്രന്ഥമാണിത്. ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തില്‍ സൃഷ്ടിച്ചു.
2 : സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. അവിടുന്ന് അവരെ അനുഗ്രഹിക്കുകയും മനുഷ്യന് എന്നു വിളിക്കുകയുംചെയ്തു.
3 : ആദത്തിനു നൂറ്റിമുപ്പതു വയസ്സായപ്പോള്‍ അവന്റെ സാദൃശ്യത്തിലും ഛായയിലും ഒരു പുത്രന് ജനിച്ചു. ആദം അവന് സേത്ത് എന്നു പേരിട്ടു.
4 : സേത്തിന്റെ ജനനത്തിനുശേഷം ആദം എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരും ഉണ്ടായി.
5 : ആദത്തിന്റെ ജീവിതകാലം തൊള്ളായിരത്തി മുപ്പതു വര്‍ഷമാണ്. അതിനുശേഷം അവന് മരിച്ചു.
6 : സേത്തിന് നൂറ്റഞ്ചു വയസ്സായപ്പോള്‍ എനോഷ് എന്നൊരു പുത്രനുണ്ടായി.
7 : എനോഷിന്റെ ജനനത്തിനുശേഷം സേത്ത് എണ്ണൂറ്റിയേഴു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരും ഉണ്ടായി.
8 : സേത്തിന്റെ ജീവിതകാലം തൊള്ളായിരത്തിപ്പന്ത്രണ്ടു വര്‍ഷമാണ്. അവനും മരിച്ചു.
9 : എനോഷിനു തൊണ്ണൂറു വയസ്സായപ്പോള്‍ കെയ്നാന് എന്ന പുത്രനുണ്ടായി.
10 : കെയ്നാന്റെ ജനനത്തിനുശേഷം എനോഷ് എണ്ണൂറ്റിപ്പതിനഞ്ചു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരും ഉണ്ടായി.
11 : എനോഷിന്റെ ജീവിതകാലം തൊള്ളായിരത്തിയഞ്ചു വര്‍ഷമാണ്. അവനും മരിച്ചു.
12 : കെയ്നാന് എഴുപതു വയസ്സായപ്പോള്‍ മഹലലേല്‍ എന്നൊരു മകനുണ്ടായി.
13 : മഹലലേലിന്റെ ജനനത്തിനുശേഷം കെയ്നാന് എണ്ണൂറ്റിനാല്പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരും ഉണ്ടായി.
14 : കെയ്നാന്റെ ജീവിത കാലം തൊള്ളായിരത്തിപ്പത്തു വര്‍ഷമായിരുന്നു. അവനും മരിച്ചു.
15 : മഹലലേലിന് അറുപത്തഞ്ചു വയസ്സായപ്പോള്‍ യാരെദ് എന്ന മകനുണ്ടായി.
16 : യാരെദിന്റെ ജനനത്തിനുശേഷം മഹലലേല്‍ എണ്ണൂറ്റിമുപ്പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരും ഉണ്ടായി.
17 : മഹലലേലിന്റെ ജീവിതകാലം എണ്ണൂറ്റിത്തൊണ്ണൂറ്റഞ്ചു വര്‍ഷമായിരുന്നു. അവനും മരിച്ചു.
18 : യാരെദിനു നൂറ്റിയറുപത്തിരണ്ടു വയസ്സായപ്പോള്‍ ഹെനോക്ക് എന്ന പുത്രനുണ്ടായി.
19 : ഹെനോക്കിന്റെ ജനനത്തിനുശേഷം യാരെദ് എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരും ഉണ്ടായി.
20 : യാരെദിന്റെ ജീവിതകാലം തൊള്ളായിരത്തിയറുപത്തിരണ്ടു വര്‍ഷമായിരുന്നു. അവനും മരിച്ചു.
21 : ഹെനോക്കിന് അറുപത്തഞ്ചു വയസ്സായപ്പോള്‍ മെത്തുശെലഹ് എന്ന മകനുണ്ടായി.
22 : മെത്തുശെലഹിന്റെ ജനനത്തിനുശേഷം ഹെനോക്ക് മുന്നൂറു വര്‍ഷംകൂടി ദൈവത്തിനു പ്രിയപ്പെട്ടവനായി ജീവിച്ചു; അവനു വേറേയും പുത്രന്മാരും പുത്രിമാരും ഉണ്ടായി.
23 : ഹെനോക്കിന്റെ ജീവിതകാലം മുന്നൂറ്റിയറുപത്തഞ്ചു വര്‍ഷമായിരുന്നു.
24 : ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല; ദൈവം അവനെ എടുത്തു.
25 : നൂറ്റിയെണ്‍പത്തേഴു വയസ്സായപ്പോള്‍ മെത്തുശെലഹ് ലാമെക്കിന്റെ പിതാവായി.
26 : ലാമെക്കിന്റെ ജനനത്തിനുശേഷം മെത്തുശെലഹ് എഴുനൂറ്റിയെണ്‍പത്തിരണ്ടു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരും ഉണ്ടായി.
27 : മെത്തുശെലഹിന്റെ ജീവിതകാലം തൊള്ളായിരത്തറുപത്തൊമ്പതു വര്‍ഷമായിരുന്നു. അവനും മരിച്ചു.
28 : ലാമെക്കിനു നൂറ്റിയെണ്‍പത്തിരണ്ടു വയസ്സായപ്പോള്‍ ഒരു പുത്രനുണ്ടായി.
29 : കര്‍ത്താവു ശപിച്ച ഈ ഭൂമിയിലെ ക്ലേശകരമായ അധ്വാനത്തില്‍ അവന് നമുക്ക് ആശ്വാസംനേടിത്തരും എന്നു പറഞ്ഞ് അവനെ നോഹ എന്നു വിളിച്ചു.
30 : നോഹയുടെ ജനനത്തിനുശേഷം ലാമെക്ക് അഞ്ഞൂറ്റിത്തൊണ്ണൂറ്റഞ്ചു വര്‍ഷം ജീവിച്ചു. അവനു വേറെയും പുത്രന്മാരും പുത്രിമാരും ഉണ്ടായി.
31 : ലാമെക്കിന്റെ ജീവിതകാലം എഴുനൂറ്റിയെഴുപത്തേഴു വര്‍ഷമായിരുന്നു. അവനും മരിച്ചു.
32 : നോഹയ്ക്ക് അഞ്ഞൂറു വയസ്സായതിനുശേഷം ഷേം, ഹാം, യാഫെത്ത് എന്നീ പുത്രന്മാരുണ്ടായി.
അദ്ധ്യായം 6
തിന്മ വര്‍ധിക്കുന്നു
1 : മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍ തുടങ്ങുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയും ചെയ്തപ്പോള്‍ മനുഷ്യപുത്രിമാര് അഴകുള്ളവരാണ് എന്നു കണ്ട് ദൈവപുത്രന്മാര് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു.
2 : ?
3 : അപ്പോള്‍ ദൈവമായ കര്‍ത്താവു പറഞ്ഞു: എന്റെ ചൈതന്യം മനുഷ്യനില്‍ എന്നേക്കും നിലനില്ക്കുകയില്ല. അവന് ജഡമാണ്. അവന്റെ ആയുസ്സ് നൂറ്റിയിരുപതു വര്‍ഷമായിരിക്കും.
4 : ദൈവപുത്രന്മാര് മനുഷ്യപുത്രിമാരുമായി ചേരുകയും അവര്‍ക്കു മക്കളുണ്ടാവുകയും ചെയ്തിരുന്ന അക്കാലത്തും പിന്നീടും ഭൂമിയില്‍ അതികായന്മാര് ഉണ്ടായിരുന്നു. അവരാണ് പുരാതനകാലത്തെ പ്രസിദ്ധിയാര്‍ജിച്ച പ്രബലന്മാര്.
5 : ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും കര്‍ത്താവു കണ്ടു.
6 : ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ കര്‍ത്താവു പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു.
7 : കര്‍ത്താവ് അരുളിച്ചെയ്തു: എന്റെ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാന്‍ തുടച്ചുമാറ്റും. മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയും ഞാന്‍ നാമാവശേഷമാക്കും. അവയെ സൃഷ്ടിച്ചതില്‍ ഞാന്‍ ദുഃഖിക്കുന്നു.
8 : എന്നാല്‍, നോഹ കര്‍ത്താവിന്റെ പ്രീതിക്കു പാത്രമായി.
9 : ഇതാണ് നോഹയുടെ വംശാവലി: നോഹ നീതിമാനായിരുന്നു. ആ തലമുറയിലെ കറയറ്റ മനുഷ്യന്. അവന് ദൈവത്തിന്റെ മാര്‍ഗത്തില്‍ നടന്നു.
10 : നോഹയ്ക്കു മൂന്നു പുത്രന്മാരുണ്ടായി: ഷേം, ഹാം, യാഫെത്ത്.
11 : ദൈവത്തിന്റെ ദൃഷ്ടിയില് ഭൂമിയാകെ ദുഷിച്ചതായിത്തീര്‍ന്നു. എങ്ങും അക്രമം നടമാടി.
12 : ഭൂമി ദുഷിച്ചുപോയെന്നു ദൈവം കണ്ടു. ലോകത്തില്‍ മനുഷ്യരെല്ലാം ദുര്‍മാര്‍ഗികളായി.
നോഹയുടെ പെട്ടകം
13 : ദൈവം നോഹയോട് അരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. അവര്‍മൂലം ലോകം അധര്‍മംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാന്‍ നശിപ്പിക്കും.
14 : ഗോഫെര്‍മരംകൊണ്ടു നീയൊരു പെട്ടകമുണ്ടാക്കുക. അതില്‍ മുറികള്‍ തിരിക്കുക. അതിന്റെ അകത്തും പുറത്തും കീലു തേയ്ക്കണം.
15 : ഇങ്ങനെയാണ് അതുണ്ടാക്കേണ്ടത്: മുന്നൂറുമുഴം നീളം, അമ്പതു മുഴം വീതി, മുപ്പതു മുഴം ഉയരം.
16 : മേല്‍ക്കൂരയില്‍നിന്ന് ഒരു മുഴം താഴെ പെട്ടകത്തിനൊരു ജനലും വശത്തൊരു വാതിലും വയ്ക്കണം. താഴേയും മേലേയും നടുവിലുമായി മൂന്നു തട്ടായി വേണം പെട്ടകം ഉണ്ടാക്കാന്‍.
17 : ഭൂതലത്തിലെല്ലാം ഞാനൊരു ജലപ്രളയം വരുത്താന്‍ പോകുന്നു. ആകാശത്തിനു കീഴേ ജീവശ്വാസമുള്ള എല്ലാ ജഡവും ഞാന്‍ നശിപ്പിക്കും. ഭൂമുഖത്തുള്ളതെല്ലാം നശിക്കും.
18 : എന്നാല്‍ നീയുമായി ഞാനെന്റെ ഉടമ്പടി ഉറപ്പിക്കും. നീ പെട്ടകത്തില്‍ കയറണം; നിന്റെ കൂടെ നിന്റെ ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും.
19 : എല്ലാ ജീവജാലങ്ങളിലും നിന്ന് ആണും പെണ്ണുമായി ഈരണ്ടെണ്ണത്തെയും നീ പെട്ടകത്തില്‍ കയറ്റി സൂക്ഷിക്കണം.
20 : എല്ലായിനം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും സംരക്ഷിക്കപ്പെടേണ്ടതിന് ഈരണ്ടെണ്ണം നിന്റെ കൂടെ വരട്ടെ.
21 : നിനക്കും അവയ്ക്കും ആഹാരത്തിനു വേണ്ടി എല്ലാത്തരം ഭക്ഷണവും ശേഖരിച്ചുവയ്ക്കണം.
22 : ദൈവം കല്പിച്ചതുപോലെ തന്നെ നോഹ പ്രവര്‍ത്തിച്ചു.
അദ്ധ്യായം 7
ജലപ്രളയം
1 : കര്‍ത്താവ് നോഹയോട് അരുളിച്ചെയ്തു: നീയും കുടുംബവും പെട്ടകത്തില്‍ പ്രവേശിക്കുക. ഈ തലമുറയില്‍ നിന്നെ ഞാന്‍ നീതിമാനായി കണ്ടിരിക്കുന്നു.
2 : ഭൂമുഖത്ത് അവയുടെ വംശം നിലനിര്‍ത്താന്‍വേണ്ടി ശുദ്ധിയുള്ള സര്‍വ മൃഗങ്ങളിലും നിന്ന് ആണും പെണ്ണുമായി ഏഴു ജോഡിയും ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍ നിന്ന് ആണും പെണ്ണുമായി ഒരു ജോഡിയും
3 : ആകാശത്തിലെ പറവകളില്‍നിന്ന് പൂവനും പിടയുമായി ഏഴു ജോഡിയും കൂടെ കൊണ്ടുപോവുക.
4 : ഏഴു ദിവസവുംകൂടി കഴിഞ്ഞാല്‍ നാല്പതു രാവും നാല്പതു പകലും ഭൂമുഖത്തെല്ലാം ഞാന്‍ മഴപെയ്യിക്കും; ഞാന്‍ സൃഷ്ടിച്ച സകല ജീവജാലങ്ങളെയും ഭൂതലത്തില്‍നിന്നു തുടച്ചു മാറ്റും.
5 : കര്‍ത്താവു കല്പിച്ചതെല്ലാം നോഹ ചെയ്തു.
6 : നോഹയ്ക്ക് അറുനൂറു വയസ്സുള്ളപ്പോഴാണ് ഭൂമുഖത്തു വെള്ളപ്പൊക്കമുണ്ടായത്.
7 : വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപെടാന്‍ നോഹയും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി.
8 : ദൈവം കല്പിച്ചതുപോലെ ശുദ്ധിയുള്ളവയും
9 : അല്ലാത്തവയുമായ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും, ആണും പെണ്ണുമായി ഈ രണ്ടുവീതം, നോഹയോടുകൂടെ പെട്ടകത്തില്‍ കയറി.
10 : ഏഴു ദിവസം കഴിഞ്ഞപ്പോള്‍ ഭൂമിയില്‍ വെള്ളം പൊങ്ങിത്തുടങ്ങി.
11 : നോഹയുടെ ജീവിതത്തിന്റെ അറുനൂറാം വര്‍ഷം രണ്ടാം മാസം പതിനേഴാം ദിവസം അഗാധങ്ങളിലെ ഉറവകള്‍ പൊട്ടിയൊഴുകി, ആകാശത്തിന്റെ ജാലകങ്ങള്‍ തുറന്നു.
12 : നാല്പതു രാവും നാല്പതു പകലും മഴ പെയ്തുകൊണ്ടിരുന്നു.
13 : അന്നുതന്നെ നോഹയും ഭാര്യയും അവന്റെ പുത്രന്മാരായ ഷേം, ഹാം, യാഫെത്ത് എന്നിവരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി.
14 : അവരോടൊത്ത് എല്ലായിനം വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പക്ഷികളും പെട്ടകത്തില്‍ കടന്നു.
15 : ജീവനുള്ള സകല ജഡത്തിലുംനിന്ന് ഈരണ്ടുവീതം നോഹയോടുകൂടി പെട്ടകത്തില്‍ കടന്നു.
16 : സകല ജീവജാലങ്ങളും, നോഹയോടു ദൈവം കല്പിച്ചിരുന്നതുപോലെ, ആണും പെണ്ണുമായാണ് അകത്തു കടന്നത്. കര്‍ത്താവു നോഹയെ പെട്ടകത്തിലടച്ചു.
17 : വെള്ളപ്പൊക്കം നാല്പതുനാള് തുടര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നു; പെട്ടകം പൊങ്ങി ഭൂമിക്കു മുകളിലായി.
18 : ഭൂമിയില്‍ ജലം വര്‍ധിച്ചുകൊണ്ടേയിരുന്നു. പെട്ടകം വെള്ളത്തിനു മീതേയൊഴുകി.
19 : ജലനിരപ്പ് വളരെ ഉയര്‍ന്നു; ആകാശത്തിന്‍കീഴേ തലയുയര്‍ത്തിനിന്ന സകല പര്‍വതങ്ങളും വെള്ളത്തിനടിയിലായി.
20 : പര്‍വതങ്ങള്‍ക്കു മുകളില്‍ പതിനഞ്ചു മുഴം വരെ വെള്ളമുയര്‍ന്നു.
21 : ഭൂമുഖത്തു ചരിക്കുന്ന എല്ലാ ജീവജാലങ്ങളും - പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും മനുഷ്യരും - ചത്തൊടുങ്ങി.
22 : കരയില്‍ വസിച്ചിരുന്ന പ്രാണനുള്ളവയെല്ലാം ചത്തു.
23 : ഭൂമുഖത്തുനിന്നു ജീവനുള്ളവയെയെല്ലാം - മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും - അവിടുന്നു തുടച്ചുമാറ്റി. നോഹയും അവനോടൊപ്പം പെട്ടകത്തിലുണ്ടായിരുന്നവരും മാത്രം അവശേഷിച്ചു.
24 : വെള്ളപ്പൊക്കം നൂറ്റമ്പതു ദിവസം നീണ്ടുനിന്നു.
അദ്ധ്യായം 8
ജലപ്രളയത്തിന്റെ അന്ത്യം
1 : നോഹയെയും പെട്ടകത്തിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങളെയും കന്നുകാലികളെയും ദൈവം ഓര്‍ത്തു.
2 : അവിടുന്നു ഭൂമിയില്‍ കാറ്റു വീശി; വെള്ളം ഇറങ്ങി. അഗാധങ്ങളിലെ ഉറവകള്‍ നിലച്ചു; ആകാശത്തിന്റെ ജാലകങ്ങള്‍ അടഞ്ഞു; മഴ നിലയ്ക്കുകയുംചെയ്തു.
3 : ജലം പിന്‍വാങ്ങിക്കൊണ്ടിരുന്നു. നൂറ്റമ്പതു ദിവസം കഴിഞ്ഞപ്പോള്‍ വെള്ളം വളരെ കുറഞ്ഞു.
4 : ഏഴാം മാസം പതിനേഴാം ദിവസം പെട്ടകം അറാറാത്തു പര്‍വതത്തില്‍ ഉറച്ചു.
5 : പത്തുമാസത്തേക്കു വെള്ളം കുറഞ്ഞുകൊണ്ടേയിരുന്നു. പത്താം മാസം ഒന്നാം ദിവസം പര്‍വ്വതശിഖരങ്ങള്‍ കാണാറായി.
6 : നാല്പതു ദിവസം കഴിഞ്ഞപ്പോള്‍ നോഹപെട്ടകത്തില്‍ താനുണ്ടാക്കിയിരുന്ന കിളിവാതില്‍ തുറന്ന്,
7 : ഒരു മലങ്കാക്കയെ പുറത്തു വിട്ടു. വെള്ളം വറ്റുവോളം അത് അങ്ങുമിങ്ങും പറന്നു നടന്നു.
8 : ഭൂമിയില്‍നിന്ന് വെള്ളമിറങ്ങിയോ എന്നറിയാന്‍ അവന് ഒരു പ്രാവിനെയും വിട്ടു.
9 : കാലുകുത്താന്‍ ഇടം കാണാതെ പ്രാവു പെട്ടകത്തിലേക്കുതന്നെതിരിച്ചുവന്നു. ഭൂമുഖത്തെല്ലാം അപ്പോഴും വെള്ളമുണ്ടായിരുന്നു. അവന് കൈനീട്ടി പ്രാവിനെ പിടിച്ചു പെട്ടകത്തിലാക്കി.
10 : ഏഴുദിവസംകൂടി കാത്തിട്ട് വീണ്ടും അവന് പ്രാവിനെ പെട്ടകത്തിനു പുറത്തു വിട്ടു.
11 : വൈകുന്നേരമായപ്പോള്‍ പ്രാവു തിരിച്ചുവന്നു. കൊത്തിയെടുത്ത ഒരു ഒലിവില അതിന്റെ ചുണ്ടിലുണ്ടായിരുന്നു. വെള്ളമിറങ്ങിയെന്നു നോഹയ്ക്കു മനസ്സിലായി.
12 : ഏഴുനാള്‍കൂടി കഴിഞ്ഞ് അവന് വീണ്ടും പ്രാവിനെ പുറത്തു വിട്ടു.
13 : അതു പിന്നെതിരിച്ചുവന്നില്ല. നോഹയുടെ ജീവിതത്തിന്റെ അറുനൂറ്റിയൊന്നാം വര്‍ഷം ഒന്നാം മാസം ഒന്നാം ദിവസം ഭൂമുഖത്തെ വെള്ളം വറ്റിത്തീര്‍ന്നു. നോഹ പെട്ടകത്തിന്റെ മേല്‍ക്കൂര പൊക്കി നോക്കി. ഭൂതലമെല്ലാം ഉണങ്ങിയിരുന്നു.
14 : രണ്ടാം മാസം ഇരുപത്തേഴാം ദിവസം ഭൂമി തീര്‍ത്തും ഉണങ്ങി.
15 : ദൈവം നോഹയോടു പറഞ്ഞു :
16 : ഭാര്യ, പുത്രന്മാര്, അവരുടെ ഭാര്യമാര്‍ എന്നിവരോടുകൂടി പെട്ടകത്തില്‍നിന്നു പുറത്തിറങ്ങുക.
17 : പെട്ടകത്തിലുള്ള പക്ഷികളെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും എല്ലാം പുറത്തു കൊണ്ടുവരുക. സമൃദ്ധമായി പെരുകി, അവ ഭൂമിയില്‍ നിറയട്ടെ.
18 : ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരുമൊത്ത് നോഹ പെട്ടകത്തില്‍നിന്നു പുറത്തു വന്നു.
19 : മൃഗങ്ങളും ഇഴജന്തുക്കളും പക്ഷികളും, ഭൂമുഖത്തു ചലിക്കുന്നവയൊക്കെയും, ഇനം തിരിഞ്ഞു പുറത്തേക്കു പോയി.
നോഹ ബലിയര്‍പ്പിക്കുന്നു
20 : നോഹ കര്ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും പക്ഷികളിലും നിന്ന് അവന് അവിടുത്തേക്ക് ഒരു ദഹനബലിയര്‍പ്പിച്ചു.
21 : ആ ഹൃദ്യമായ ഗന്ധം ആസ്വദിച്ചപ്പോള്‍ കര്‍ത്താവു പ്രസാദിച്ചരുളി: മനുഷ്യന് കാരണം ഭൂമിയെ ഇനിയൊരിക്കലും ഞാന്‍ ശപിക്കുകയില്ല. എന്തെന്നാല്‍ തുടക്കം മുതലേ അവന്റെ അന്തരംഗം തിന്മയിലേക്കു ചാഞ്ഞിരിക്കയാണ്. ഇപ്പോള്‍ ചെയ്തതുപോലെ ജീവജാലങ്ങളെയെല്ലാം ഇനിയൊരിക്കലും ഞാന്‍ നശിപ്പിക്കുകയില്ല.
22 : ഭൂമിയുള്ളിടത്തോളം കാലം വിതയും കൊയ്ത്തും, ചൂടും തണുപ്പും, വേനലും വര്‍ഷവും, രാവും പകലും നിലയ്ക്കുകയില്ല.
അദ്ധ്യായം 9
നോഹയുമായി ഉടമ്പടി
1 : നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: സന്താന പുഷ്ടിയുണ്ടായി, പെരുകി, ഭൂമിയില്‍ നിറയുവിന്‍.
2 : സകല ജീവികള്‍ക്കും - ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പക്ഷികള്‍ക്കും മണ്ണിലെ ഇഴജന്തുക്കള്‍ക്കും വെള്ളത്തിലെ മത്സ്യങ്ങള്‍ക്കും - നിങ്ങളെ ഭയമായിരിക്കും. അവയെല്ലാം ഞാന്‍ നിങ്ങളെ ഏല്പിച്ചിരിക്കുന്നു.
3 : ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക് ആഹാരമായിത്തീരും. ഹരിതസസ്യങ്ങള്‍ നല്കിയതുപോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു.
4 : എന്നാല്‍ ജീവനോടുകൂടിയ, അതായത്, രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്.
5 : ജീവരക്തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കു ചോദിക്കും. ഓരോരുത്തനോടും സഹോദരന്റെ ജീവനു ഞാന്‍ കണക്കു ചോദിക്കും.
6 : മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തം മനുഷ്യന്‍തന്നെ ചൊരിയും; കാരണം, എന്റെ ഛായയിലാണു ഞാന്‍ മനുഷ്യനെ സൃഷ്ടിച്ചത്.
7 : സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറയുവിന്‍.
8 : നോഹയോടും പുത്രന്മാരോടും ദൈവം വീണ്ടും അരുളിച്ചെയ്തു :
9 : നിങ്ങളോടും നിങ്ങളുടെ സന്തതികളോടും ഞാനിതാ ഒരു ഉടമ്പടി ചെയ്യുന്നു.
10 : അതോടൊപ്പം നിന്റെ കൂടെ പെട്ടകത്തില്‍നിന്നു പുറത്തുവന്ന ജീവനുള്ള സകലതിനോടും - പക്ഷികള്‍, കന്നുകാലികള്‍, കാട്ടുജന്തുക്കള്‍ എന്നിവയോടും -
11 : നിങ്ങളുമായുള്ള എന്റെ ഉടമ്പടി ഞാന്‍ ഉറപ്പിക്കുന്നു. ഇനിയൊരിക്കലും വെള്ളപ്പൊക്കം കൊണ്ട് ജീവജാലങ്ങളെല്ലാം നശിക്കാന്‍ ഇടവരുകയില്ല. ഭൂമിയെ നശിപ്പിക്കാന്‍ ഇനിയൊരു വെള്ളപ്പൊക്കമുണ്ടാവില്ല.
12 : ദൈവം തുടര്‍ന്നരുളിച്ചെയ്തു: എല്ലാ തലമുറകള്‍ക്കും വേണ്ടി നിങ്ങളും സകല ജീവജാലങ്ങളുമായി ഞാന്‍ സ്ഥാപിക്കുന്ന എന്റെ ഉടമ്പടിയുടെ അടയാളം ഇതാണ് :
13 : ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്റെ വില്ലു ഞാന്‍ സ്ഥാപിക്കുന്നു.
14 : ഞാന്‍ ഭൂമിക്കുമേലേ മേഘത്തെ അയയ്ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്ഷപ്പെടും.
15 : നിങ്ങളും സര്‍വജീവജാലങ്ങളുമായുള്ള എന്റെ ഉടമ്പടി ഞാനോര്‍ക്കും. സര്‍വജീവനെയും നശിപ്പിക്കാന്‍ പോരുന്ന ഒരു ജലപ്രളയം ഇനിയൊരിക്കലും ഉണ്ടാകയില്ല.
16 : മേഘങ്ങളില്‍ മഴവില്ലു തെളിയുമ്പോള്‍ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളുമായി ചെയ്ത എന്നേക്കുമുള്ള ഉടമ്പടി ഞാനോര്‍ക്കും. ദൈവം നോഹയോട് അരുളിച്ചെയ്തു :
17 : ഭൂമുഖത്തുള്ള സകല ജീവികളുമായി ഞാന്‍ സ്ഥാപിക്കുന്ന ഉടമ്പടിയുടെ അടയാളം ഇതായിരിക്കും.
നോഹയുടെ പുത്രന്മാര്
18 : പെട്ടകത്തില്‍നിന്നു പുറത്തിറങ്ങിയനോഹയുടെ പുത്രന്മാര് ഷേം, ഹാം, യാഫെത്ത് എന്നിവരായിരുന്നു. ഹാമായിരുന്നു കാനാന്റെ പിതാവ്.
19 : ഇവരാകുന്നു നോഹയുടെ മൂന്നു പുത്രന്മാര്. ഇവര്‍ വഴിയാണു ഭൂമി ജനങ്ങളെക്കൊണ്ടു നിറഞ്ഞത്.
20 : നോഹ ഭൂമിയില്‍ കൃഷിചെയ്യാന്‍ തുടങ്ങി. അവനൊരു മുന്തിരിത്തോട്ടം വച്ചുപിടിപ്പിച്ചു.
21 : വീഞ്ഞു കുടിച്ചു മത്തനായി നോഹ കൂടാരത്തില്‍ നഗ്നനായി കിടന്നു.
22 : കാനാന്റെ പിതാവായ ഹാം തന്റെ പിതാവിനെ നഗ്നനായി കാണുകയും അക്കാര്യം പുറത്തുണ്ടായിരുന്നതന്റെ രണ്ടു സഹോദരന്മാരോടും പറയുകയും ചെയ്തു.
23 : ഷേമുംയാഫെത്തും ഒരു തുണിയെടുത്ത് തങ്ങളുടെ തോളിലിട്ട്, പുറകോട്ടു നടന്നുചെന്ന് പിതാവിന്റെ നഗ്നത മറച്ചു. അവര്‍ മുഖം തിരിച്ചുപിടിച്ചിരുന്നതുകൊണ്ട് പിതാവിന്റെ നഗ്നത കണ്ടില്ല.
24 : ലഹരി വിട്ടുണര്‍ന്ന നോഹ തന്റെ ഇളയ മകന് ചെയ്തതെന്തെന്നറിഞ്ഞു. അവന് പറഞ്ഞു: കാനാന്‍ ശപിക്കപ്പെടട്ടെ.
25 : അവന് തന്റെ സഹോദരര്‍ക്കു ഹീനമായ ദാസ്യവേല ചെയ്യുന്നവനായിത്തീരും.
26 : അവന് തുടര്‍ന്നു പറഞ്ഞു: ഷേമിന്റെ കര്‍ത്താവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. കാനാന്‍ ഷേമിന്റെ ദാസനായിരിക്കട്ടെ.
27 : യാഫെത്തിനെ ദൈവം പുഷ്ടിപ്പെടുത്തട്ടെ. ഷേമിന്റെ കൂടാരങ്ങളില്‍ അവന് പാര്‍ക്കും. കാനാന്‍ അവനും അടിമയായിരിക്കും.
28 : വെള്ളപ്പൊക്കത്തിനുശേഷം നോഹ മുന്നൂറ്റമ്പതു വര്‍ഷം ജീവിച്ചു.
29 : നോഹയുടെ ജീവിതകാലം തൊള്ളായിരത്തിയമ്പതു കൊല്ലമായിരുന്നു; അവനും മരിച്ചു.
അദ്ധ്യായം 10
ജനതകളുടെ ഉദ്ഭവം
1 : നോഹയുടെ പുത്രന്മാരായ ഷേമിനും ഹാമിനുംയാഫെത്തിനും ജലപ്രളയാനന്തരമുണ്ടായ പുത്രന്മാരുടെ പേരുവിവരം.
2 : യാഫെത്തിന്റെ പുത്രന്മാര്: ഗോമര്‍, മാഗോഗ്, മാദായ്, യാവാന്‍, തൂബാല്‍, മെഷെക്, തീരാസ്.
3 : ഗോമറിന്റെ പുത്രന്മാര്: അഷ്ക്കെനാസ്, റീഫത്ത്, തോഗര്‍മ്മ.
4 : യാവാന്റെ പുത്രന്മാര്: എലീഷാ, താര്‍ഷീഷ്, കിത്തിം, ദോദാനീം.
5 : ഇവരുടെ സന്തതികളാണ് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങള്‍. അവര്‍ താന്താങ്ങളുടെ ദേശങ്ങളില്‍ വെവ്വേറെ ഭാഷകള്‍ സംസാരിച്ച്, വെവ്വേറെഗോത്രങ്ങളും ജനതകളുമായി പാര്‍ത്തുവരുന്നു.
6 : ഹാമിന്റെ പുത്രന്മാര്: കുഷ്, മീസ്രായിം, ഫുത്ത്, കാനാന്‍ എന്നിവര്‍.
7 : കുഷിന്റെ പുത്രന്മാര്: സേബാ, ഹവിലാ, സബ്ത്താ, റാമാ, സബ്ത്തേക്കാ. റാമായുടെ മക്കളാണ്ടഷബായും, ദദാനും.
8 : കുഷിന് നിമ്രോദ് എന്നൊരു പുത്രന് ജനിച്ചു. അവനാണ് ഭൂമിയിലെ ആദ്യത്തെ വീരപുരുഷന്.
9 : അവന് കര്‍ത്താവിന്റെ മുമ്പില്‍ ഒരു നായാട്ടുവീരനായിരുന്നു. അതുകൊണ്ട്, കര്‍ത്താവിന്റെ മുമ്പില്‍ നിമ്രോദിനെപ്പോലെ ഒരു നായാട്ടുവീരന്‍ എന്ന ചൊല്ലുണ്ടായി.
10 : ആരംഭത്തില്‍ അവന്റെ രാജ്യം ഷീനാര്‍ ദേശത്തെ ബാബേലും ഏറെക്കും അക്കാദുമടങ്ങിയതായിരുന്നു.
11 : അവിടെനിന്ന് അവന് അഷൂറിലേക്ക് കടന്ന് നിനെവേ, റേഹോബോത്ത് പട്ടണം, കാലാ എന്നിവ പണിതു.
12 : നിനെവേക്കും കാലായ്ക്കും മധ്യേ റേസന്‍ എന്ന വലിയ നഗരവും അവന് നിര്‍മിച്ചു.
13 : മിസ്രായിമിന്റെ മക്കളാണ് ലൂദിം, അനാമിം, ലഹാബിം, നഫ്ത്തുഹിം,
14 : പത്രുസിം, കസ്ലുഹിം, കഫ്ത്തോറിം എന്നിവര്‍. കസ്ലുഹിമില് നിന്നാണ് ഫിലിസ്ത്യരുടെ ഉദ്ഭവം.
15 : കാനാനു കടിഞ്ഞൂല്‍പുത്രനായി സീദോനും തുടര്‍ന്നു ഹേത്തും ജനിച്ചു.
16 : ജബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗാഷ്യര്‍,
17 : ഹിവ്യര്‍, അര്‍ക്കീയര്‍, സീന്യര്‍,
18 : അര്‍വാദീയര്‍, സെമറീയര്‍, ഹമാത്ത്യര്‍ എന്നീ വംശങ്ങളുടെ പൂര്വികനായിരുന്നു കാനാന്‍. പില്ക്കാലത്ത് കാനാന്‍ കുടുംബങ്ങള്‍ പലയിടത്തേക്കും വ്യാപിച്ചു.
19 : കാനാന്‍ വംശജരുടെ നാട് സീദോനില്‍ തുടങ്ങി ഗെരാറിന് നേര്‍ക്ക് ഗാസ വരെയുംസോദോമിനും ഗൊമോറായ്ക്കും അദ്മായ്ക്കും സെബോയിമിനും നേര്‍ക്ക് ലാഷാ വരെയും നീണ്ടുകിടന്നു.
20 : ഇതാണ് ഭാഷയും ദേശവും കുലവുമനുസരിച്ചു ഹാമിന്റെ സന്തതിപരമ്പര.
21 : യാഫെത്തിന്റെ മൂത്ത സഹോദരനായ ഷേമിനും മക്കളുണ്ടായി. അവന് ഏബറിന്റെ മക്കള്‍ക്കു പൂര്‍വപിതാവാണ്.
22 : ഷേമിന്റെ പുത്രന്മാര് ഏലാം, അഷൂര്‍, അര്‍പ്പക്ഷാദ്, ലൂദ്, ആരാം എന്നിവരും
23 : ആരാമിന്റെ പുത്രന്മാര് ഊസ്, ഹൂല്‍, ഗേതെര്‍, മാഷ് എന്നിവരുമായിരുന്നു.
24 : അര്‍പ്പക്ഷാദിന് ഷേലാഹും, ഷേലാഹിന് ഏബറും ജനിച്ചു.
25 : ഏബറിന് രണ്ടു പുത്രന്മാരുണ്ടായി. ഒരുവന്റെ പേര് പേലെഗ്. കാരണം, അവന്റെ കാലത്താണ് അവര്‍ ഭൂമി വീതിച്ചത്. അവന്റെ സഹോദരന്റെ പേര് യോക്താന്‍.
26 : യോക്താന്റെ പുത്രന്മാരായിരുന്നു അല്മോദാദ്, ഷേലെഫ്, ഹസര്‍മവെത്ത്, യാറഹ്,
27 : ഹദോറാം, ഊസാല്‍, ദിക്ലാ,
28 : ഓബാല്‍, അബിമായേല്‍, ഷെബാ,
29 : ഓഫീര്‍, ഹവില, യോബാബ് എന്നിവര്‍.
30 : അവര്‍ പാര്‍ത്തിരുന്ന നാട്സേഫാറിലെ മേഷാ മുതല്‍ കിഴക്കുള്ള മലമ്പ്രദേശം വരെ നീണ്ടുകിടന്നു.
31 : ഇതാണ്, ദേശവും ഭാഷയും കുലവുമനുസരിച്ച് ഷേമിന്റെ സന്തതിപരമ്പര.
32 : ദേശവും തലമുറയുമനുസരിച്ച് നോഹയുടെ മക്കളുടെ കുടുംബ ചരിത്രമാണ് ഇത്. ഇവരില്‍നിന്നാണ് ജലപ്രളയത്തിനുശേഷം ജനതകള്‍ ഭൂമിയിലാകെ വ്യാപിച്ചത്.
0 comments:
Post a Comment