ഉൽപ്പത്തി 21
Audio Only
Download Mp3
Click here to Subscribe YouTube Channel
അദ്ധ്യായം 21
ഇസഹാക്കിന്റെ ജനനം
1 : കര്‍ത്താവു വാഗ്ദാനമനുസരിച്ച് സാറായെ അനുഗ്രഹിച്ചു.
2 : വൃദ്ധനായ അബ്രാഹത്തില്‍നിന്നു സാറാ ഗര്‍ഭം ധരിച്ച്, ദൈവം പറഞ്ഞസമയത്തുതന്നെ പുത്രനെ പ്രസവിച്ചു.
3 : സാറായില്‍ ജനിച്ച മകന് ഇസഹാക്ക് എന്ന് അബ്രാഹം പേരിട്ടു.
4 : കുഞ്ഞു പിറന്നിട്ട് എട്ടാം ദിവസം ദൈവകല്പനപ്രകാരം അബ്രാഹം അവനു പരിച്ഛേദനം നടത്തി.
5 : അബ്രാഹത്തിന് നൂറു വയസ്സുള്ളപ്പോഴാണ് ഇസഹാക്ക് ജനിച്ചത്.
6 : സാറാ പറഞ്ഞു: എനിക്കു സന്തോഷിക്കാന്‍ ദൈവം വക നല്കിയിരിക്കുന്നു. ഇതു കേള്‍ക്കുന്ന വരൊക്കെ എന്നെച്ചൊല്ലി ചിരിക്കും.
7 : അവള് തുടര്‍ന്നു: സാറാ മുലയൂട്ടുമെന്ന് ആരെങ്കിലും അബ്രാഹത്തോടു പറയുമായിരുന്നോ? എന്നിട്ടും അദ്ദേഹത്തിന്റെ വയസ്സുകാലത്ത് ഞാന്‍ അദ്ദേഹത്തിന് ഒരു മകനെ നല്കിയിരിക്കുന്നു.
8 : കുഞ്ഞു വളര്‍ന്നു മുലകുടി മാറി. അന്ന് അബ്രാഹം വലിയൊരു വിരുന്നു നടത്തി.
ഇസ്മായേല്‍ പുറന്തള്ളപ്പെടുന്നു
9 : ഈജിപ്തുകാരിയായ ഹാഗാറില്‍ അബ്രാഹത്തിനു ജനിച്ച മകന് , തന്റെ മകനായ ഇസഹാക്കിനോടുകൂടെ കളിക്കുന്നതു സാറാ കണ്ടു.
10 : അവള് അബ്രാഹത്തോടു പറഞ്ഞു: ആ അടിമപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കി വിടുക. അവളുടെ മകന് എന്റെ മകന് ഇസഹാക്കിനോടൊപ്പം അവകാശിയാകാന്‍ പാടില്ല.
11 : തന്മൂലം മകനെയോര്‍ത്ത് അബ്രാഹം വളരെ അസ്വസ്ഥനായി.
12 : എന്നാല്‍, ദൈവം അബ്രാഹത്തോട് അരുളിച്ചെയ്തു: കുട്ടിയെക്കുറിച്ചും നിന്റെ അടിമപ്പെണ്ണിനെക്കുറിച്ചും നീ ക്ലേശിക്കേണ്ട. സാറാ പറയുന്നതുപോലെ ചെയ്യുക. കാരണം, ഇസഹാക്കിലൂടെയാണു നിന്റെ സന്തതികള്‍ അറിയപ്പെടുക.
13 : അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്റെ മകനാണല്ലോ.
14 : അബ്രാഹം അതിരാവിലെ എഴുന്നേറ്റ് കുറെ അപ്പവും ഒരു തുകല്‍ സഞ്ചിയില്‍ വെള്ളവുമെടുത്ത് ഹാഗാറിന്റെ തോളില്‍ വച്ചുകൊടുത്തു. മകനെയും ഏല്പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവള് അവിടെ നിന്നുപോയി ബേര്‍ഷെബ മരുപ്രദേശത്ത് അലഞ്ഞുനടന്നു.
15 : തുകല്‍സഞ്ചിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള് കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ കിടത്തി.
16 : കുഞ്ഞു മരിക്കുന്നത് എനിക്കു കാണാന്‍ വയ്യാ എന്നുപറഞ്ഞ് അവള് കുറെഅകലെ, ഒരു അമ്പെയ്ത്തുദൂരെച്ചെന്ന് എതിര്‍വശത്തേക്കു തിരിഞ്ഞിരുന്നു. കുട്ടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.
17 : കുട്ടിയുടെ കരച്ചില് ദൈവം കേട്ടു. സ്വര്‍ഗത്തില്‍നിന്ന് ദൈവത്തിന്റെ ദൂതന് അവളെ വിളിച്ചുപറഞ്ഞു: ഹാഗാര്‍, നീ വിഷമിക്കേണ്ടാ; ഭയപ്പെടുകയും വേണ്ടാ. കുട്ടിയുടെ കരച്ചില് ദൈവം കേട്ടിരിക്കുന്നു.
18 : എഴുന്നേറ്റു കുട്ടിയെ കൈയിലെടുക്കുക. അവനില്‍നിന്ന് ഞാന്‍ വലിയൊരു ജനതയെ പുറപ്പെടുവിക്കും.
19 : ദൈവം അവളുടെ കണ്ണുതുറന്നു. അവള് ഒരു കിണര്‍ കണ്ടു. അവള് ചെന്ന് തുകല്‍ സഞ്ചി നിറച്ച്, കുട്ടിക്കു കുടിക്കാന്‍ കൊടുത്തു.
20 : ദൈവം ആ കുട്ടിയോടുകൂടെയുണ്ടായിരുന്നു. അവന് മരുഭൂമിയില്‍ പാര്‍ത്തു. അവന് വളര്‍ന്നു സമര്‍ഥനായൊരു വില്ലാളിയായിത്തീര്‍ന്നു.
21 : അവന് പാരാനിലെ മരുഭൂമിയില്‍ പാര്‍ത്തു. അവന്റെ അമ്മ ഈജിപ്തില്‍നിന്ന് അവനൊരു ഭാര്യയെ തിരഞ്ഞെടുത്തു.
അബ്രാഹവും അബിമെലക്കും
22 : അക്കാലത്ത് അബിമെലക്കും അവന്റെ സൈന്യാധിപന് ഫിക്കോളും അബ്രാഹത്തോടു പറഞ്ഞു: നിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം ദൈവം നിന്നോടുകൂടെയുണ്ട്.
23 : അതുകൊണ്ട് എന്നോടും എന്റെ സന്തതികളോടും അന്യായമായി പെരുമാറില്ലെന്ന് ദൈവത്തിന്റെ മുമ്പില്‍ ശപഥം ചെയ്യുക.
24 : ഞാന്‍ നിന്നോടു കാണിച്ച കാരുണ്യത്തിനനുസരിച്ച് എന്നോടും, നീ പാര്‍ത്തുവരുന്ന ഈ നാടിനോടും പെരുമാറണം. ഞാന്‍ ശപഥം ചെയ്യുന്നു, അബ്രാഹം പറഞ്ഞു.
25 : അബിമെലക്കിന്റെ ദാസന്മാര് തന്റെ കൈവശത്തില്‍ നിന്നു പിടിച്ചെടുത്ത കിണറിനെക്കുറിച്ച് അബ്രാഹം അവനോടു പരാതിപ്പെട്ടു.
26 : അബിമെലക്ക് മറുപടി പറഞ്ഞു: ആരാണിതു ചെയ്തതെന്ന് എനിക്കറിഞ്ഞുകൂടാ. നീ ഇക്കാര്യം എന്നോടു പറഞ്ഞിട്ടില്ല. ഇന്നുവരെ ഞാന്‍ ഇതേക്കുറിച്ചു കേട്ടിട്ടുമില്ല.
27 : അബ്രാഹം അബിമെലക്കിന് ആടുമാടുകളെ കൊടുത്തു. അവരിരുവരും തമ്മില്‍ ഒരുടമ്പടിയുണ്ടാക്കി.
28 : അബ്രാഹം ആട്ടിന്‍പറ്റത്തില്‍നിന്ന് ഏഴു പെണ്ണാട്ടിന്‍കുട്ടികളെ മാറ്റി നിര്‍ത്തി.
29 : ഈ ഏഴു പെണ്ണാട്ടിന് കുട്ടികളെ മാറ്റിനിര്‍ത്തിയതെന്തിനെന്ന് അബിമെലക്ക് അബ്രാഹത്തോടു ചോദിച്ചു.
30 : അവന് പറഞ്ഞു: ഞാനാണ് ഈ കിണര്‍ കുഴിച്ചത് എന്നതിനു തെളിവായി ഈ ഏഴുപെണ്ണാട്ടിന്‍കുട്ടികളെ സ്വീകരിക്കണം.
31 : ആ സ്ഥലത്തിനു ബേര്‍ഷെബ എന്നു പേരുണ്ടായി. കാരണം, അവിടെവച്ച് അവര്‍ രണ്ടുപേരും ശപഥംചെയ്തു.
32 : അങ്ങനെ ബേര്‍ഷെബയില്‍വച്ച് അവര്‍ ഒരുടമ്പടിയുണ്ടാക്കി. അതു കഴിഞ്ഞ് അബിമെലക്കും സേനാപതിയായ ഫിക്കോളും ഫിലിസ്ത്യരുടെ നാട്ടിലേക്കു തിരിച്ചുപോയി.
33 : അബ്രാഹം ബേര്‍ഷെബയില്‍ ഒരു ഭാനുകവൃക്ഷം നട്ടുപിടിപ്പിക്കുകയും നിത്യദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ ആരാധന നടത്തുകയുംചെയ്തു.
34 : അബ്രാഹം ഫിലിസ്ത്യരുടെ നാട്ടില്‍ വളരെക്കാലം താമസിച്ചു.
0 comments:
Post a Comment