ബൈബിൾ പഠനം - Exodus 12, 13
പുറപ്പാട് 12 - 13
അദ്ധ്യായം 12
പെസഹാ ആചരിക്കുക
1 : കര്‍ത്താവ് ഈജിപ്തില്‍ വച്ചു മോശയോടും അഹറോനോടും അരുളിച്ചെയ്തു:
2 : ഈ മാസം നിങ്ങള്‍ക്കു വര്‍ഷത്തിന്റെ ആദ്യമാസമായിരിക്കണം.
3 : ഇസ്രായേല്‍ സമൂഹത്തോടു മുഴുവന്‍ പറയുവിന്‍: ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ കരുതിവയ്ക്കണം; ഒരു വീടിന് ഒരാട്ടിന്‍കുട്ടി വീതം.
4 : ഏതെങ്കിലും കുടുംബം ഒരാട്ടിന്‍കുട്ടിയെ മുഴുവന്‍ ഭക്ഷിക്കാന്‍മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണം നോക്കി അയല്‍ക്കുടുംബത്തെയും പങ്കുചേര്‍ക്കട്ടെ. ഭക്ഷിക്കാനുള്ള കഴിവു പരിഗണിച്ചുവേണം ഒരാടിനു വേണ്ട ആളുകളുടെ എണ്ണം നിശ്ചയിക്കാന്‍.
5 : കോലാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍നിന്നോ ആട്ടിന്‍കുട്ടിയെ തിരഞ്ഞെടുത്തുകൊള്ളുക: എന്നാല്‍, അത് ഒരു വയസ്സുള്ളതും ഊനമററതുമായ മുട്ടാട് ആയിരിക്കണം.
6 : ഈ മാസം പതിന്നാലാം ദിവസംവരെ അതിനെ സൂക്ഷിക്കണം. ഇസ്രായേല്‍ സമൂഹം മുഴുവന്‍ തങ്ങളുടെ ആട്ടിന്‍കുട്ടികളെ അന്നു സന്ധ്യയ്ക്കു കൊല്ലണം.
7 : അതിന്റെ രക്തത്തില്‍ നിന്നു കുറച്ചെടുത്ത് ആടിനെ ഭക്ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്റെ രണ്ടു കട്ടിളക്കാലുകളിലും മേല്പടിയിലും പുരട്ടണം.
8 : അവര്‍ അതിന്റെ മാംസം തീയില്‍ ചുട്ട് പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലകളും കൂട്ടി അന്നു രാത്രി ഭക്ഷിക്കണം.
9 : ചുട്ടല്ലാതെ പച്ചയായോ വെള്ളത്തില്‍ വേവിച്ചോ ഭക്ഷിക്കരുത്. അതിനെ മുഴുവനും, തലയും കാലും ഉള്‍ഭാഗവുമടക്കം ചുട്ട് ഭക്ഷിക്കണം.
10 : പ്രഭാതമാകുമ്പോള്‍ അതില്‍യാതൊന്നും അവശേഷിക്കരുത്. എന്തെങ്കിലും മിച്ചം വന്നാല്‍ തീയില്‍ ദഹിപ്പിക്കണം.
11 : ഇപ്രകാരമാണ് അതു ഭക്ഷിക്കേണ്ടത്: അരമുറുക്കി ചെരുപ്പുകളണിഞ്ഞ് വടികൈയിലേന്തി തിടുക്കത്തില്‍ ഭക്ഷിക്കണം. കാരണം, അതു കര്‍ത്താവിന്റെ പെസഹായാണ്.
12 : ആ രാത്രി ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാന്‍ സംഹരിക്കും. ഈജിപ്തിലെ ദേവന്മാര്ക്കെല്ലാം എതിരായി ഞാന്‍ ശിക്ഷാവിധി നടത്തും. ഞാനാണ് കര്‍ത്താവ്.
13 : കട്ടിളയിലുള്ള രക്തം നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്റെ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ ഈജിപ്തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്ഷ നിങ്ങളെ ബാധിക്കുകയില്ല.
14 : ഈ ദിവസം നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും കര്‍ത്താവിന്റെ തിരുനാളായി നിങ്ങള്‍ ആചരിക്കണം. ഇതു നിങ്ങള്‍ക്ക് എന്നേക്കും ഒരു കല്പനയായിരിക്കും.
പുളിപ്പില്ലാത്ത അപ്പം
15 : നിങ്ങള്‍ ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസംതന്നെ നിങ്ങളുടെ വീടുകളില്‍ നിന്ന് പുളിമാവു നീക്കം ചെയ്യണം. ഒന്നുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ ആരെങ്കിലും പുളിച്ച അപ്പം ഭക്ഷിച്ചാല്‍ അവന് ഇസ്രായേലില്‍ നിന്നു വിച്ഛേദിക്കപ്പെടണം.
16 : ഒന്നാം ദിവസവും ഏഴാംദിവസവും നിങ്ങള്‍ വിശുദ്ധ സമ്മേളനം വിളിച്ചുകൂട്ടണം. ആദിവസങ്ങളില്‍ വേല ചെയ്യരുത്. എന്നാല്‍, ഭക്ഷിക്കാനുള്ളതു പാകം ചെയ്യാം.
17 : പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ നിങ്ങള്‍ ആചരിക്കണം. കാരണം, ഈ ദിവസമാണ് ഞാന്‍ നിങ്ങളുടെ വ്യൂഹങ്ങളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നത്. നിങ്ങള്‍ തലമുറതോറും ഈ ദിവസം ആചരിക്കണം. ഇത് എന്നേക്കുമുള്ള കല്പനയാണ്.
18 : ആദ്യ മാസത്തിലെ പതിനാലാം ദിവസം സന്ധ്യ മുതല്‍ ഇരുപത്തൊന്നാം ദിവസം സന്ധ്യവരെ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
19 : നിങ്ങളുടെ വീടുകളില്‍ ഏഴു ദിവസത്തേക്കു പുളിമാവു കാണരുത്. ആരെങ്കിലും പുളിപ്പുള്ള അപ്പം ഭക്ഷിച്ചാല്‍ അവന് , വിദേശിയോ സ്വദേശിയോ ആകട്ടെ, ഇസ്രായേല്‍ സമൂഹത്തില്‍ നിന്നു വിച്ഛേദിക്കപ്പെടണം.
20 : പുളിപ്പിച്ചയാതൊന്നും നിങ്ങള്‍ ഭക്ഷിക്കരുത്. നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം പുളിപ്പില്ലാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ.
ആദ്യത്തെ പെസഹാ
21 : മോശ ഇസ്രായേല്‍ ശ്രേഷ്ഠന്മാരെ വിളിച്ചു പറഞ്ഞു: കുടുംബങ്ങളുടെ കണക്കനുസരിച്ച് നിങ്ങള്‍ പെസഹാ - ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്തു കൊല്ലുവിന്‍.
22 : പാത്രത്തിലുള്ള രക്തത്തില്‍ ഹിസ്സോപ്പുകമ്പു മുക്കി രണ്ടു കട്ടിളക്കാലുകളിലും മേല്പടിയിലും തളിക്കുവിന്‍. പ്രഭാതമാകുന്നതുവരെ ആരും വീട്ടിനു പുറത്തു പോകരുത്.
23 : എന്തെന്നാല്‍, ഈജിപ്തുകാരെ സംഹരിക്കുന്നതിനുവേണ്ടി കര്‍ത്താവു കടന്നുപോകും. എന്നാല്‍, നിങ്ങളുടെ മേല്പടിയിലും രണ്ടു കട്ടിളക്കാലുകളിലും രക്തം കാണുമ്പോള്‍ കര്‍ത്താവു നിങ്ങളുടെ വാതില്‍ പിന്നിട്ടു കടന്നുപോകും; സംഹാരദൂതന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിച്ചു നിങ്ങളെ വധിക്കാന്‍ അവിടുന്ന് അനുവദിക്കുകയില്ല.
24 : ഇതു നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്പനയായി ആചരിക്കണം.
25 : കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന സ്ഥലത്ത് ചെന്നു ചേര്‍ന്നതിനു ശേഷവും ഈ കര്‍മം ആചരിക്കണം.
26 : ഇതിന്റെ അര്‍ഥമെന്താണെന്നു നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം:
27 : ഇത് കര്‍ത്താവിനര്‍പ്പിക്കുന്ന പെസഹാബലിയാണ്. അവിടുന്ന് ഈജിപ്തിലുണ്ടായിരുന്ന ഇസ്രായേല്‍ക്കാരുടെ ഭവനങ്ങള്‍ കടന്നുപോയി, ഈജിപ്തുകാരെ സംഹരിച്ചപ്പോള്‍ അവിടുന്ന് ഇസ്രായേല്‍ക്കാരെ രക്ഷിച്ചു. അപ്പോള്‍ ജനം കുമ്പിട്ട് ദൈവത്തെ ആരാധിച്ചു.
28 : അനന്തരം ഇസ്രായേല്‍ക്കാര്‍ അവിടം വിട്ടുപോയി. കര്‍ത്താവു മോശയോടും അഹറോനോടും കല്പിച്ചതു പോലെ ജനം പ്രവര്‍ത്തിച്ചു.
ആദ്യജാതര്‍ വധിക്കപ്പെടുന്നു
29 : സിംഹാസനത്തിലിരുന്ന ഫറവോമുതല്‍ കാരാഗൃഹത്തില്‍ കഴിഞ്ഞിരുന്ന തടവുകാരന് വരെ ഈജിപ്തിലുണ്ടായിരുന്ന എല്ലാവരുടെയും ആദ്യജാതരെ അര്‍ധരാത്രിയില്‍ കര്‍ത്താവു സംഹരിച്ചു. കന്നുകാലികളുടെ കടിഞ്ഞൂലുകളും കൊല്ലപ്പെട്ടു.
30 : ഫറവോയും അവന്റെ സേവകരും ഈജിപ്തുകാര്‍ മുഴുവനും രാത്രിയില്‍ ഉണര്‍ന്നു; ഈജിപ്തില്‍ നിന്നു വലിയ നിലവിളി ഉയര്‍ന്നു. കാരണം, ഒരാളെങ്കിലും മരിക്കാത്തതായി ഒരു വീടും അവിടെ ഉണ്ടായിരുന്നില്ല.
31 : ഫറവോ രാത്രിയില്‍തന്നെ മോശയെയും അഹറോനെയും വിളിച്ചുപറഞ്ഞു: നിങ്ങള്‍ എന്റെ ജനത്തിന്റെ ഇടയില്‍ നിന്നു പോകുവിന്‍. നിങ്ങളും ഇസ്രായേല്‍ക്കാര്‍ മുഴുവനും നിങ്ങള്‍ പറഞ്ഞതുപോലെ പോയി കര്‍ത്താവിനെ ആരാധിക്കുവിന്‍.
32 : നിങ്ങള്‍ ആവശ്യപ്പെട്ടതുപോലെ നിങ്ങളുടെ ആടുമാടുകളെയും കൊണ്ടുപോകുവിന്‍; എന്നെ അനുഗ്രഹിക്കുകയും ചെയ്യുവിന്‍.
33 : കഴിവതും വേഗം രാജ്യത്തിനു പുറത്തു കടക്കാന്‍ ഈജിപ്തുകാര്‍ ജനത്തെനിര്‍ബന്ധിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്.
34 : കുഴച്ചമാവു പുളിപ്പിക്കുന്നതിനു മുന്‍പുതന്നെ പാത്രത്തോടെ എടുത്തു ജനം തങ്ങളുടെ തോള്‍മുണ്ടില്‍ പൊതിഞ്ഞു.
35 : മോശ പറഞ്ഞതുപോലെ ഇസ്രായേല്‍ക്കാര്‍ പ്രവര്‍ത്തിച്ചു. അവര്‍ ഈജിപ്തുകാരോടു പൊന്നും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.
36 : കര്‍ത്താവ് ഈജിപ്തുകാര്‍ക്ക് ഇസ്രായേല്‍ക്കാരോട് ആദരം തോന്നിച്ചതിനാല്‍ അവര്‍ ചോദിച്ചതൊക്കെ ഈജിപ്തുകാര്‍ കൊടുത്തു. അങ്ങനെ അവര്‍ ഈജിപ്തുകാരെ കൊള്ളയടിച്ചു.
ഇസ്രായേല്‍ക്കാര്‍ പുറപ്പെടുന്നു
37 : ഇസ്രായേല്‍ക്കാര്‍ റമ്സേസില്‍ നിന്നു സുക്കോത്തിലേക്കു കാല്‍നടയായിയാത്ര തിരിച്ചു. അവര്‍ സ്ത്രീകളെയും കുട്ടികളെയും കൂടാതെ ഏകദേശം ആറു ലക്ഷം പുരുഷന്മാരുണ്ടായിരുന്നു.
38 : ഇതരവിഭാഗത്തില്‍പ്പെട്ട വലിയൊരു ജനസമൂഹവും അവരോടൊപ്പം പുറപ്പെട്ടു. വളരെ ആടുകളും കന്നുകാലികളും അവരോടുകൂടെ ഉണ്ടായിരുന്നു.
39 : ഈജിപ്തില്‍നിന്നു കൊണ്ടുപോന്ന മാവു പുളിപ്പിക്കാത്തതായിരുന്നതിനാല്‍ , അവര്‍ പുളിപ്പില്ലാത്ത അപ്പം ചുട്ടു. തിടുക്കത്തില്‍ പുറത്താക്കപ്പെട്ടതിനാല്‍ യാത്രയ്ക്കായി ആഹാരമൊരുക്കാന്‍ അവര്‍ക്കു സമയം ലഭിച്ചില്ല.
40 : ഇസ്രായേല്‍ക്കാരുടെ ഈജിപ്തിലെ വാസകാലം നാനൂററിമുപ്പതു വര്‍ഷമായിരുന്നു.
41 : നാനൂററിമുപ്പതു വത്സരം പൂര്‍ത്തിയായ അന്നുതന്നെ കര്‍ത്താവിന്റെ ജനസമൂഹം മുഴുവന്‍ ഈജിപ്തില്‍ നിന്നു പുറപ്പെട്ടു.
42 : അവരെ ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ വേണ്ടി കര്‍ത്താവു ജാഗ്രത്തായി വര്‍ത്തിച്ച രാത്രിയാണത്. അക്കാരണത്താല്‍, തലമുറതോറും ഇസ്രായേല്‍ക്കാര്‍ ഉറക്കമിളച്ചിരുന്ന്, ആ രാത്രി കര്‍ത്താവിന്റെ ബഹുമാനാര്‍ഥം ആചരിക്കണം.
പെസഹാ ആചരിക്കേണ്ട വിധം
43 : കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു: പെസഹാ ആചരിക്കേണ്ട ചട്ടം ഇതാണ് പരദേശിയായ ഒരുവനും പെസഹാ ഭക്ഷിക്കരുത്.
44 : എന്നാല്‍, വിലയ്ക്കു വാങ്ങപ്പെട്ട അടിമ പരിച്ഛേദിതനെങ്കില്‍ അവന് ഭക്ഷിക്കാം.
45 : പരദേശിയും കൂലിക്കാരനും അതു ഭക്ഷിക്കരുത്.
46 : പാകം ചെയ്ത വീട്ടില്‍ വച്ചുതന്നെ പെസഹാ ഭക്ഷിക്കണം. മാംസത്തില്‍ നിന്ന് അല്പം പോലും പുറത്തുകൊണ്ടു പോകരുത്. ആടിന്റെ അസ്ഥിയൊന്നും ഒടിക്കുകയുമരുത്.
47 : ഇസ്രായേല്‍ സമൂഹം മുഴുവന്‍ ഇത് ആചരിക്കണം.
48 : നിങ്ങളുടെയിടയില്‍ പാര്‍ക്കുന്ന പരദേശി കര്‍ത്താവിന്റെ പെസഹാ ആചരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്റെ വീട്ടിലുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദനം സ്വീകരിക്കണം. അതിനുശേഷം പെസഹാ ആചരിക്കാം; അപ്പോള്‍ അവന് സ്വദേശിയെപ്പോലെയാണ്. അപരിച്ഛേദിതരാരും പെസഹാ ഭക്ഷിക്കരുത്.
49 : സ്വദേശിക്കും നിങ്ങളുടെയിടയില്‍ പാര്‍ക്കുന്ന പരദേശിക്കും ഒരു നിയമമേ ഉണ്ടാകാവൂ.
50 : ഇസ്രായേല്‍ക്കാര്‍ എല്ലാവരും അപ്രകാരം പ്രവര്‍ത്തിച്ചു. കര്‍ത്താവു മോശയോടും അഹറോനോടും പറഞ്ഞതുപോലെ അവര്‍ ചെയ്തു.
51 : ആദിവസംതന്നെ കര്‍ത്താവ് ഇസ്രായേല്‍ ജനത്തെ നിരനിരയായി ഈജിപ്തില്‍ നിന്നു പുറത്തേക്കു കൊണ്ടുവന്നു.
അദ്ധ്യായം 13
ആദ്യജാതര്‍ ദൈവത്തിന്
1 : കര്‍ത്താവു മോശയോടു കല്പിച്ചു:
2 : ഇസ്രായേലിലെ ആദ്യജാതരെയെല്ലാം എനിക്കായി സമര്‍പ്പിക്കുക. മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകള്‍ എനിക്കുള്ളതാണ്.
പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍
3 : മോശ ജനത്തോടു പറഞ്ഞു: അടിമ ത്തത്തിന്റെ നാടായ ഈജിപ്തില്‍നിന്നു പുറത്തുവന്ന ഈ ദിവസം നിങ്ങള്‍ അനുസ്മരിക്കണം; കര്‍ത്താവാണു തന്റെ ശക്തമായ കരത്താല്‍ നിങ്ങളെ അവിടെനിന്നു മോചിപ്പിച്ചത്. ഈ ദിവസം ആരും പുളിപ്പുള്ള അപ്പം ഭക്ഷിക്കരുത്.
4 : ആബീബു മാസത്തിലെ ഈ ദിവസമാണ് നിങ്ങള്‍ പുറപ്പെട്ടത്.
5 : കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ നാട്ടിലേക്ക് - നിങ്ങള്‍ക്കു നല്‍കാമെന്നു കര്‍ത്താവു നിങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്ത, തേനും പാലും ഒഴുകുന്ന ദേശത്തേക്ക് - അവിടുന്നു നിങ്ങളെ പ്രവേശിപ്പിച്ചു കഴിയുമ്പോള്‍, ഈ മാസത്തില്‍ ഈ കര്‍മം നിങ്ങള്‍ അനുഷ്ഠിക്കണം.
6 : നിങ്ങള്‍ ഏഴു ദിവസത്തേക്ക് പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴാം ദിവസം കര്‍ത്താവിന്റെ തിരുനാളായി ആചരിക്കണം.
7 : ഏഴു ദിവസത്തേക്ക് പുളിപ്പില്ലാത്ത അപ്പമേ ഭക്ഷിക്കാവൂ. പുളിപ്പുള്ള അപ്പം നിങ്ങളുടെ പക്കല്‍ കാണരുത്. പുളിമാവ് നിങ്ങളുടെ നാട്ടിലെങ്ങും ഉണ്ടായിരിക്കരുത്.
8 : ആദിവസം നിന്റെ മകനോടു പറയണം: ഈജിപ്തില്‍ നിന്നു ഞാന്‍ പുറത്തുപോന്നപ്പോള്‍ കര്‍ത്താവ് എനിക്കുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഓര്‍മയ്ക്കായിട്ടാണിത്.
9 : ഇതു നിന്റെ ഭുജത്തില്‍ ഒരടയാളവും നെററിയില്‍ ഒരു സ്മാരകവുമെന്നപോലെ ആയിരിക്കണം. അങ്ങനെ കര്‍ത്താവിന്റെ നിയമം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കട്ടെ. എന്തെന്നാല്‍, ശക്തമായ കരത്താലാണു കര്‍ത്താവു നിങ്ങളെ ഈജിപ്തില്‍ നിന്നു മോചിപ്പിച്ചത്.
10 : വര്‍ഷംതോറും നിശ്ചിതസമയത്ത് ഇത് ആചരിക്കണം.
ആദ്യജാതരുടെ സമര്‍പ്പണം
11 : നിങ്ങളോടും നിങ്ങളുടെ പിതാക്കന്മാരോടും വാഗ്ദാനം ചെയ്തതുപോലെ കര്‍ത്താവു നിങ്ങളെ കാനാന്‍ദേശത്തു പ്രവേശിപ്പിക്കുകയും അവിടം നിങ്ങള്‍ക്കു നല്‍കുകയും ചെയ്യുമ്പോള്‍
12 : നിങ്ങളുടെ എല്ലാ ആദ്യജാതരെയും കര്‍ത്താവിനു സമര്‍പ്പിക്കണം. മൃഗങ്ങളുടെ കടിഞ്ഞൂലുകളിലും ആണ്‍കുട്ടികള്‍ കര്‍ത്താവിനുള്ളവയായിരിക്കും.
13 : എന്നാല്‍, ഒരു ആട്ടിന്‍കുട്ടിയെ പകരം കൊടുത്തു കഴുതയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കാം. വീണ്ടെടുക്കുന്നില്ലെങ്കില്‍ അതിന്റെ കഴുത്തു ഞെരിച്ചു കൊന്നു കളയണം. നിങ്ങളുടെ മക്കളില്‍ ആദ്യജാതരെയെല്ലാം വീണ്ടെടുക്കണം.
14 : ഇതിന്റെ അര്‍ഥമെന്താണെന്ന് പില്ക്കാലത്ത് നിന്റെ മകന് ചോദിച്ചാല്‍ നീ പറയണം: അടിമത്തത്തിന്റെ നാടായ ഈജിപ്തില്‍നിന്ന് കര്‍ത്താവു തന്റെ ശക്തമായ കരത്താല്‍ നമ്മെ മോചിപ്പിച്ചു.
15 : നമ്മെ വിട്ടയയ്ക്കാന് ഫറവോ വിസമ്മതിച്ചപ്പോള്‍ ഈജിപ്തിലെ ആദ്യജാതരെ - മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയെല്ലാം - കര്‍ത്താവു സംഹരിച്ചു. അതിനാലാണ്, മൃഗങ്ങളുടെ കടിഞ്ഞൂലുകളില്‍ ആണ്‍കുട്ടികളെയെല്ലാം ഞാന്‍ കര്‍ത്താവിനു ബലിയര്‍പ്പിക്കുന്നത്. എന്നാല്‍ എന്റെ കടിഞ്ഞൂല്പുത്രന്മാരെ ഞാന്‍ വീണ്ടെടുക്കുന്നു.
16 : ഇതു നിന്റെ ഭുജത്തില്‍ ഒരടയാളവും നെററിയില്‍ ഒരു സ്മാരകവുമെന്ന പോലെയായിരിക്കണം. എന്തെന്നാല്‍, തന്റെ ശക്തമായ കരത്താല്‍ കര്‍ത്താവു നമ്മെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നു.
മേഘസ്തംഭവും അഗ്നിസ്തംഭവും
17 : ഫറവോ ജനത്തെ വിട്ടയച്ചപ്പോള്‍ ഫിലിസ്ത്യരുടെ ദേശത്തുകൂടിയുള്ള വഴിയായിരുന്നു എളുപ്പമെങ്കിലും അതിലെയല്ല ദൈവം അവരെ നയിച്ചത്. കാരണം, യുദ്ധം ചെയ്യേണ്ടിവരുമോ എന്നു ഭയപ്പെട്ട്, മനസ്സുമാറി, ജനം ഈജിപ്തിലേക്കു മടങ്ങിയേക്കുമെന്ന് അവിടുന്ന് വിചാരിച്ചു.
18 : ദൈവം ജനത്തെ മരുഭൂമിയിലുള്ള വഴിയിലേക്കു തിരിച്ചുവിട്ട് ചെങ്കടലിനു നേരേ നയിച്ചു. അവര്‍ ഈജിപ്തില്‍നിന്നു പുറത്തേക്കു പോയത് ആയുധധാരികളായിട്ടാണ്.
19 : ജോസഫ് ഇസ്രായേല്‍ക്കാരെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതനുസരിച്ചു മോശ ജോസഫിന്റെ അസ്ഥികളും കൂടെക്കൊണ്ടുപോയി. ജോസഫ് അവരോടു പറഞ്ഞിരുന്നു: ദൈവം തീര്‍ച്ചയായും നിങ്ങളെ സന്ദര്‍ശിക്കും. അപ്പോള്‍ എന്റെ അസ്ഥികള്‍ ഇവിടെനിന്നു നിങ്ങളുടെകൂടെ കൊണ്ടുപോകണം.
20 : അവര്‍ സുക്കോത്തില്‍ നിന്നു മുന്‍പോട്ടു നീങ്ങി മരുഭൂമിയുടെ അരികിലുള്ള ഏത്താമില്‍ കൂടാരമടിച്ചു.
21 : അവര്‍ക്കു രാവും പകലും യാത്ര ചെയ്യാനാവും വിധം പകല്‍ വഴികാട്ടാന്‍ ഒരു മേഘസ്തംഭത്തിലും, രാത്രിയില്‍ പ്രകാശം നല്കാന് ഒരു അഗ്നിസ്തംഭത്തിലും കര്‍ത്താവ് അവര്‍ക്കു മുന്‍പേ പോയിരുന്നു.
22 : പകല്‍ മേഘസ്തംഭമോ, രാത്രി അഗ്നിസ്തംഭമോ അവരുടെ മുന്പില് നിന്നു മാറിയില്ല.
0 comments:
Post a Comment