ബൈബിൾ പഠനം - Exodus 19 and 20
പുറപ്പാട് 19, 20
അദ്ധ്യായം 19
സീനായ് ഉടമ്പടി
1 : ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസം ഒന്നാം ദിവസം ഇസ്രായേല്‍ക്കാര്‍ സീനായ് മരുഭൂമിയിലെത്തി.
2 : അവര്‍ റഫിദീമില്‍നിന്നു പുറപ്പെട്ട് സീനായ് മരുഭൂമിയില്‍ പ്രവേശിച്ച് മലയുടെ മുന്‍വശത്തു പാളയമടിച്ചു.
3 : മോശ ദൈവസന്നിധിയിലേക്കു കയറിച്ചെന്നു. കര്‍ത്താവു മലയില്‍നിന്ന് അവനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: യാക്കോബിന്റെ ഭവനത്തോടു നീ പറയുക; ഇസ്രായേലിനെ അറിയിക്കുക.
4 : ഈജിപ്തുകാരോടു ഞാന്‍ ചെയ്തതെന്തെന്നും കഴുകന്മാരുടെ ചിറകുകളില്‍ സംവഹിച്ച് ഞാന്‍ നിങ്ങളെ എങ്ങനെ എന്റെ അടുക്കലേക്കു കൊണ്ടുവന്നുവെന്നും നിങ്ങള്‍ കണ്ടു കഴിഞ്ഞു.
5 : അതുകൊണ്ടു നിങ്ങള്‍ എന്റെ വാക്കുകേള്‍ക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തം ജനമായിരിക്കും; കാരണം, ഭൂമി മുഴുവന്‍ എന്റേതാണ്.
6 : നിങ്ങള്‍ എനിക്കു പുരോഹിത രാജ്യവും വിശുദ്ധജനവുമായിരിക്കും. ഇവയാണ് ഇസ്രായേല്‍ക്കാരോടു നീ പറയേണ്ട വാക്കുകള്‍.
7 : മോശ ചെന്നു ജനത്തിലെ ശ്രേഷ്ഠന്മാരെ വിളിച്ച് കര്‍ത്താവു കല്പിച്ച കാര്യങ്ങളെല്ലാം അവരെ അറിയിച്ചു.
8 : ജനം ഏകസ്വരത്തില്‍ പറഞ്ഞു: കര്‍ത്താവു കല്പിച്ചതെല്ലാം ഞങ്ങള്‍ ചെയ്തുകൊള്ളാം. ജനത്തിന്റെ മറുപടി മോശ കര്‍ത്താവിനെ അറിയിച്ചു.
9 : കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ജനം കേള്‍ക്കുന്നതിനും അവര്‍ നിന്നെ എപ്പോഴും വിശ്വസിക്കുന്നതിനും വേണ്ടി ഇതാ, ഞാന്‍ ഒരു കനത്ത മേഘത്തില്‍ നിന്റെ അടുക്കലേക്കു വരുന്നു. മോശ ജനത്തിന്റെ വാക്കുകള്‍ കര്‍ത്താവിനെ അറിയിച്ചു.
10 : അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: നീ ജനത്തിന്റെ അടുത്തേക്കുപോയി ഇന്നും നാളെയും അവരെ ശുദ്ധീകരിക്കുക. അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ അലക്കട്ടെ.
11 : മൂന്നാംദിവസം അവര്‍ തയ്യാറായിരിക്കണം, എന്തെന്നാല്‍, മൂന്നാം ദിവസം ജനം മുഴുവന്‍ കാണ്കേ കര്‍ത്താവു സീനായ് മലയില്‍ ഇറങ്ങിവരും.
12 : മലയ്ക്കു ചുറ്റും ജനങ്ങള്‍ക്ക് അതിര്‍ത്തി കല്പിച്ചുകൊണ്ടു പറയണം: മലയില്‍ കയറുകയോ അതിന്റെ അതിരില്‍ തൊടുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. മലയില്‍ തൊടുന്നവന് വധിക്കപ്പെടും. അവനെ ആരും സ്പര്‍ശിക്കരുത്.
13 : കല്ലെറിഞ്ഞോ അമ്പെയ്തോ കൊല്ലണം. മൃഗമായാലും മനുഷ്യനായാലും ജീവനോടെയിരിക്കരുത്. കാഹളം ദീര്‍ഘമായി മുഴങ്ങുമ്പോള്‍ അവര്‍ മലയെ സമീപിക്കട്ടെ.
14 : മോശ മലയില്‍നിന്നിറങ്ങി ജനത്തിന്റെ അടുക്കല്‍ച്ചെന്ന് അവരെ ശുദ്ധീകരിച്ചു. അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി.
15 : അവന് ജനത്തോടു പറഞ്ഞു: മൂന്നാം ദിവസത്തേക്കു നിങ്ങള്‍ ഒരുങ്ങിയിരിക്കുവിന്‍, ആരും സ്ത്രീയെ സമീപിക്കരുത്.
ദൈവം പ്രത്യക്ഷപ്പെടുന്നു
16 : മൂന്നാംദിവസം പ്രഭാതത്തില്‍ ഇടിമുഴക്കവും മിന്നല്പിണരുകളും ഉണ്ടായി. മലമുകളില്‍ കനത്ത മേഘം പ്രത്യക്ഷപ്പെട്ടു. കാഹളധ്വനി അത്യുച്ചത്തില്‍ മുഴങ്ങി. പാളയത്തിലുണ്ടായിരുന്ന ജനമെല്ലാം ഭയന്നു വിറച്ചു.
17 : ദൈവത്തെ കാണുന്നതിനു വേണ്ടി മോശ ജനത്തെ പാളയത്തിനു പുറത്തു കൊണ്ടുവന്നു; അവര്‍ മലയുടെ അടിവാരത്തില്‍ നിലയുറപ്പിച്ചു. കര്‍ത്താവ് അഗ്നിയില്‍ ഇറങ്ങി വന്നതിനാല്‍ സീനായ്മല മുഴുവന്‍ ധൂമാവൃതമായി.
18 : ചൂളയില്‍ നിന്നെന്നപോലെ അവിടെ നിന്നു പുക ഉയര്‍ന്നുകൊണ്ടിരുന്നു. മല ശക്തമായി ഇളകിവിറച്ചു.
19 : കാഹളശബ്ദം ശക്തിപ്പെട്ടുകൊണ്ടേയിരുന്നു. മോശ സംസാരിക്കുകയും ദൈവം ഇടിമുഴക്കത്താല് ഉത്തരം നല്‍കുകയും ചെയ്തു.
20 : കര്‍ത്താവു സീനായ്മലമുകളില്‍ ഇറങ്ങിവന്ന് മോശയെ മലമുകളിലേക്കു വിളിച്ചു. അവന് കയറിച്ചെന്നു.
21 : അപ്പോള്‍ അവിടുന്ന് അരുളിച്ചെയ്തു: നീ ഇറങ്ങിച്ചെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുക. അല്ലെങ്കില്‍ അവരില്‍ അനേകം പേര് കര്‍ത്താവിനെ കാണുന്നതിന് അതിര്‍ത്തി ലംഘിച്ച് അടുത്തു വരുകയും തത്ഫലമായി മരിക്കുകയും ചെയ്യും.
22 : കര്‍ത്താവിനെ സമീപിക്കുന്ന പുരോഹിതന്മാരും തങ്ങളെത്തന്നെ ശുദ്ധീകരിക്കട്ടെ. അല്ലെങ്കില്‍, കര്‍ത്താവിന്റെ കോപം അവരുടെമേല്‍ പതിക്കും.
23 : മോശ കര്‍ത്താവിനോടു പറഞ്ഞു: സീനായ്മലയിലേക്കു കയറാന്‍ ജനങ്ങള്‍ക്കു കഴിയുകയില്ല. കാരണം, ചുറ്റും അതിര്‍ത്തി നിര്‍ണയിച്ച് മലയെ വിശുദ്ധ സ്ഥലമായി പരിഗണിക്കാന്‍ അങ്ങുതന്നെ ഞങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ.
24 : അപ്പോള്‍, കര്‍ത്താവു മോശയോടു കല്പിച്ചു: നീ ഇറങ്ങിച്ചെന്ന് അഹറോനെയുംകൂട്ടി കയറിവരുക. എന്നാല്‍, പുരോഹിതന്മാരും ജനങ്ങളും അതിര്‍ത്തി ലംഘിച്ചു കര്‍ത്താവിനെ സമീപിക്കാതിരിക്കട്ടെ. സമീപിച്ചാല്‍ കര്‍ത്താവിന്റെ കോപം അവരുടെമേല്‍ പതിക്കും.
25 : മോശ ഇറങ്ങിച്ചെന്ന് ജനത്തോടു സംസാരിച്ചു.
അദ്ധ്യായം 20
പത്തു പ്രമാണങ്ങള്‍
1 : ദൈവം അരുളിച്ചെയ്ത വചനങ്ങളാണിവ:
2 : അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്.
3 : ഞാനല്ലാതെ വേറെ ദേവന്മാര് നിനക്കുണ്ടാകരുത്.
4 : മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്;
5 : അവയ്ക്കു മുന്പില് പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും.
6 : എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്റെ കല്പനകള് പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും.
7 : നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്ഷിക്കാതെ വിടുകയില്ല.
8 : സാബത്തു വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മിക്കുക.
9 : ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക.
10 : എന്നാല്‍ ഏഴാംദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാബത്താണ്. അന്ന് നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്.
11 : എന്തെന്നാല്‍, കര്‍ത്താവ് ആറുദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് സാബത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു.
12 : നിന്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
13 : കൊല്ലരുത്.
14 : വ്യഭിചാരം ചെയ്യരുത്.
15 : മോഷ്ടിക്കരുത്.
16 : അയല്ക്കാരനെതിരായി വ്യാജസാക്ഷ്യം നല്‍കരുത്.
17 : അയല്ക്കാരന്റെ ഭവനം മോഹിക്കരുത്; അയല്ക്കാരന്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്.
ജനം ഭയന്നു വിറയ്ക്കുന്നു
18 : ഇടിമുഴക്കവും കാഹളധ്വനിയും കേള്‍ക്കുകയും മിന്നല്പിണരുകളും മലയില്‍നിന്നുയര്‍ന്ന പുകയും കാണുകയും ചെയ്തപ്പോള്‍ ജനമെല്ലാം ഭയന്നു വിറച്ച് അകലെ മാറി നിന്നു.
19 : അവര്‍ മോശയോടു പറഞ്ഞു: നീതന്നെ ഞങ്ങളോടു സംസാരിച്ചാല്‍ മതി; ഞങ്ങള്‍ കേട്ടുകൊള്ളാം. ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ. അവിടുന്ന് സംസാരിച്ചാല്‍ ഞങ്ങള്‍ മരിച്ചുപോകും.
20 : അപ്പോള്‍ മോശ ജനത്തോടു പറഞ്ഞു: ഭയപ്പെടേണ്ടാ. നിങ്ങളെ പരീക്ഷിക്കുന്നതിനും പാപം ചെയ്യാതിരിക്കാന്‍വേണ്ടി നിങ്ങളില്‍ ദൈവഭയം ഉളവാക്കുന്നതിനുമായിട്ടാണ് ദൈവം വന്നിരിക്കുന്നത്.
21 : ജനം അകലെ മാറിനിന്നു. ദൈവം സന്നിഹിതനായിരുന്ന കനത്ത മേഘത്തെ മോശ സമീപിച്ചു.
22 : കര്‍ത്താവു മോശയോടു പറഞ്ഞു: ഇസ്രായേല്‍ക്കാരോടു പറയുക, ഞാന്‍ ആകാശത്തുനിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങള്‍ തന്നെ കണ്ടല്ലോ.
23 : നിങ്ങള്‍ വെള്ളികൊണ്ട് എനിക്കൊപ്പം ദേവന്മാരെ നിര്‍മിക്കരുത്. സ്വര്‍ണം കൊണ്ടും ദേവന്മാരെ ഉണ്ടാക്കരുത്.
24 : നിങ്ങള്‍ എനിക്കു മണ്ണുകൊണ്ട് ഒരു ബലിപീഠം ഉണ്ടാക്കണം. അതിന്മേല് ആടുകളെയും കാളകളെയും ദഹ നബലികളും സമാധാനബലികളുമായി അര്‍പ്പിക്കണം. എന്റെ നാമം അനുസ്മരിക്കാന്‍ ഞാന്‍ ഇടവരുത്തുന്നിടത്തെല്ലാം ഞാന്‍ നിങ്ങളുടെ അടുക്കലേക്കു വന്ന് നിങ്ങളെ അനുഗ്രഹിക്കും.
25 : കല്ലുകൊണ്ടുള്ള ബലിപീഠമാണ് എനിക്കായി ഉണ്ടാക്കുന്നതെങ്കില്‍ കൊത്തിയ കല്ലുകൊണ്ട് അതു പണിയരുത്. കാരണം, പണിയായുധം സ്പര്‍ശിച്ചാല്‍ അത് അശുദ്ധമാകും.
26 : എന്റെ ബലിപീഠത്തിന്മേല് നിന്റെ നഗ്നത കാണപ്പെടാതിരിക്കാന്‍ വേണ്ടി നീ അതിന്മേല് ചവിട്ടുപടികളിലൂടെ കയറരുത്.
0 comments:
Post a Comment