ബൈബിൾ പഠനം - Exodus 15 - 17
പുറപ്പാട് 15 - 17
അദ്ധ്യായം 15
മോശയുടെ കീര്‍ത്തനം
1 : മോശയും ഇസ്രായേല്‍ക്കാരും കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് ഈ ഗാനം ആലപിച്ചു: കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും. എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.
2 : കര്‍ത്താവ് എന്റെ ശക്തിയും സംരക്ഷകനുമാകുന്നു; അവിടുന്ന് എനിക്കു രക്ഷയായി ഭവിച്ചിരിക്കുന്നു. അവിടുന്നാണ് എന്റെ ദൈവം; ഞാന്‍ അവിടുത്തെ സ്തുതിക്കും. അവിടുന്നാണ് എന്റെ പിതാവിന്റെ ദൈവം; ഞാന്‍ അവിടുത്തെ കീര്‍ത്തിക്കും.
3 : കര്‍ത്താവു യോദ്ധാവാകുന്നു; കര്‍ത്താവ് എന്നാകുന്നു അവിടുത്തെ നാമം.
4 : ഫറവോയുടെ രഥങ്ങളെയും സൈന്യത്തെയും അവിടുന്നു കടലിലാഴ്ത്തി; അവന്റെ ധീരരായ സൈന്യാധിപര്‍ ചെങ്കടലില്‍ മുങ്ങിമരിച്ചു.
5 : ആഴമേറിയ ജലം അവരെ മൂടി, അഗാധതയിലേക്കു കല്ലുപോലെ അവര്‍ താണു.
6 : കര്‍ത്താവേ, അങ്ങയുടെ വലത്തുകൈ ശക്തിയാല്‍ മഹത്വമാര്‍ന്നിരിക്കുന്നു; കര്‍ത്താവേ, അങ്ങയുടെ വലത്തുകൈ ശത്രുവിനെ ചിതറിച്ചിരിക്കുന്നു.
7 : അനന്തമഹിമയാല്‍ അങ്ങ് എതിരാളികളെ തകര്‍ക്കുന്നു; കോപാഗ്നി അയച്ച് വയ്ക്കോലെന്ന പോലെ അവരെ ദഹിപ്പിക്കുന്നു.
8 : അങ്ങയുടെ നിശ്വാസത്താല്‍ ജലം കുന്നുകൂടി; പ്രവാഹങ്ങള്‍ നിശ്ചലമായി; കടലിന്റെ ആഴങ്ങള്‍ ഉറഞ്ഞു കട്ടയായി.
9 : ശത്രു പറഞ്ഞു: ഞാന്‍ അവരെ പിന്തുടര്ന്നു പിടികൂടും; അവരുടെ വസ്തുക്കള്‍ ഞാന്‍ കൊള്ളയടിച്ചു പങ്കുവയ്ക്കും; എന്റെ അഭിലാഷം ഞാന്‍ പൂര്‍ത്തിയാക്കും; ഞാന്‍ വാളൂരും; എന്റെ കരം അവരെ സംഹരിക്കും.
10 : നിന്റെ കാററു നീ വീശി; കടല്‍ അവരെ മൂടി; ഈയക്കട്ടകള്‍പോലെ അവര്‍ ആഴിയുടെ ആഴത്തിലേക്കു താണു.
11 : കര്‍ത്താവേ, ദേവന്മാരില് അങ്ങേക്കുതുല്യനായി ആരുണ്ട്? കര്‍ത്താവേ, വിശുദ്ധിയാല്‍ മഹത്വപൂര്‍ണനും, ശക്തമായ പ്രവര്‍ത്തനങ്ങളില്‍ ഭീതിദനും, അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനുമായ അങ്ങേക്കു തുല്യനായി ആരുണ്ട്?
12 : അങ്ങു വലത്തുകൈ നീട്ടി; ഭൂമി അവരെ വിഴുങ്ങി.
13 : അങ്ങു വീണ്ടെടുത്ത ജനത്തെ കാരുണ്യത്തോടെ അങ്ങു നയിച്ചു; അങ്ങയുടെ വിശുദ്ധ വസതിയിലേക്ക് ശക്തിയാല്‍ അവിടുന്ന് അവരെ നയിച്ചു.
14 : ഇതുകേട്ട ജനതകള്‍ ഭയന്നുവിറച്ചു. ഫിലിസ്ത്യര്‍ ആകുലരായി. ഏദോം പ്രഭുക്കന്മാര് പരിഭ്രാന്തരായി.
15 : മൊവാബിലെ പ്രബലന്മാര് കിടിലംകൊണ്ടു. കാനാന്‍നിവാസികള്‍ മൃതപ്രായരായി.
16 : അങ്ങയുടെ ജനം കടന്നുപോകുന്നതുവരെ, കര്‍ത്താവേ അങ്ങു വീണ്ടെടുത്ത ജനം കടന്നു പോകുന്നതുവരെ, ഭീതിയും പരിഭ്രാന്തിയും അവരെ കീഴ്പെടുത്തുന്നു; അങ്ങയുടെ കരത്തിന്റെ ശക്തി അവരെ ശിലാതുല്യം നിശ്ചലരാക്കുന്നു.
17 : കര്‍ത്താവേ, അങ്ങ് അവരെ കൊണ്ടുവന്ന് അങ്ങയുടെ വിശുദ്ധ മലയില്‍, അങ്ങേക്കു വസിക്കാനായി ഒരുക്കിയിരിക്കുന്ന സ്ഥലത്ത്, അങ്ങയുടെ കരങ്ങള്‍ സ്ഥാപിച്ചവിശുദ്ധ മന്ദിരത്തില്‍ അവരെ നട്ടുപിടിപ്പിക്കും.
18 : കര്‍ത്താവ്, എന്നേക്കും രാജാവായി ഭരിക്കും.
19 : ഫറവോയുടെ കുതിരകള്‍ തേരുകളോടും പടയാളികളോടുമൊന്നിച്ചു കടലിലേക്കിറങ്ങിച്ചെന്നപ്പോള്‍, കര്‍ത്താവു കടല്‍വെള്ളം അവരുടെ മേല്‍ തിരികെപ്പായിച്ചു. എന്നാല്‍, ഇസ്രായേല്‍ജനം കടലിന്റെ നടുവേ വരണ്ട ഭൂമിയിലൂടെ കടന്നുപോയി.
20 : അപ്പോള്‍ പ്രവാചികയും അഹറോന്റെ സഹോദരിയുമായ മിരിയാം തപ്പു കൈയിലെടുത്തു; സ്ത്രീകളെല്ലാവരും തപ്പുകളെടുത്തു നൃത്തംചെയ്തുകൊണ്ട് അവളെ അനുഗമിച്ചു.
21 : മിരിയാം അവര്‍ക്കു പാടിക്കൊടുത്തു: കര്‍ത്താവിനെ പാടിസ്തുതിക്കുവിന്‍; എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.
മാറായിലെ ജലം
22 : മോശ ഇസ്രായേല്‍ക്കാരെ ചെങ്കടലില്‍നിന്നു മുന്‍പോട്ടു നയിച്ചു. അവര്‍ ഷൂര്‍മരുഭൂമിയില്‍ പ്രവേശിച്ചു. മരുഭൂമിയിലൂടെ മൂന്നു ദിവസംയാത്ര ചെയ്തിട്ടും ഒരിടത്തും വെള്ളം കണ്ടെണ്ടത്തിയില്ല.
23 : അവര്‍ മാറാ എന്ന സ്ഥലത്തു വന്നുചേര്‍ന്നു. അവിടത്തെ വെള്ളം അവര്‍ക്കു കുടിക്കാന്‍ കഴിഞ്ഞില്ല; അതു കയ്പുള്ളതായിരുന്നു. അക്കാരണത്താല്‍ ആ സ്ഥലത്തിനു മാറാ എന്നു പേരു നല്കപ്പെട്ടു.
24 : ജനം മോശയ്ക്കെതിരേ പിറുപിറുത്തു: ഞങ്ങള്‍ എന്തു കുടിക്കും?
25 : അവന് കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് അവന് ഒരു തടിക്കഷണം കാണിച്ചു കൊടുത്തു. അത് വെള്ളത്തിലിട്ടപ്പോള്‍ വെള്ളം മധുരിച്ചു. അവിടെ വച്ച് അവിടുന്ന് അവര്‍ക്ക് ഒരു നിയമം നല്കി.
26 : അവിടുന്ന് അവരെ പരീക്ഷിച്ചു. അവിടുന്ന് അരുളിച്ചെയ്തു: നീ നിന്റെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രദ്ധാപൂര്‍വം ശ്രവിക്കുകയും അവിടുത്തെ ദൃഷ്ടിയില് ശരിയായതു പ്രവര്‍ത്തിക്കുകയും അവിടുത്തെ കല്പനകള് അനുസരിക്കുകയും ചട്ടങ്ങള്‍ പാലിക്കുകയും ചെയ്താല്‍ ഞാന്‍ ഈജിപ്തുകാരുടെമേല്‍ വരുത്തിയ മഹാമാരികളിലൊന്നും നിന്റെ മേല്‍ വരുത്തുകയില്ല; ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്.
27 : അതിനുശേഷം, അവര്‍ ഏലിംദേശത്തു വന്നു. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു. അവിടെ ജലാശയത്തിനു സമീപം അവര്‍ പാളയമടിച്ചു.
അദ്ധ്യായം 16
മന്നായും കാടപ്പക്ഷിയും
1 : ഇസ്രായേല്‍സമൂഹം ഏലിമില്‍ നിന്നു പുറപ്പെട്ട് ഏലിമിനും സീനായ്ക്കുമിടയ്ക്കുള്ള സീന്‍മരുഭൂമിയിലെത്തി. ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിന്റെ രണ്ടാം മാസം പതിനഞ്ചാം ദിവസമായിരുന്നു അത്.
2 : മരുഭൂമിയില്‍ വച്ച് ഇസ്രായേല്‍ സമൂഹം ഒന്നടങ്കം മോശയ്ക്കും അഹറോനും എതിരായി പിറുപിറുത്തു.
3 : ഇസ്രായേല്‍ക്കാര്‍ അവരോടു പറഞ്ഞു: ഈജിപ്തില്‍ ഇറച്ചിപ്പാത്രത്തിനടുത്തിരുന്നു തൃപ്തിയാവോളം അപ്പം തിന്നുകൊണ്ടിരുന്നപ്പോള്‍ കര്‍ത്താവിന്റെ കരത്താല്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ എത്രനന്നായിരുന്നു! എന്നാല്‍, സമൂഹം മുഴുവനെയും പട്ടിണിയിട്ടു കൊല്ലാനായി ഞങ്ങളെ ഈ മരുഭൂമിയിലേക്കു നിങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു.
4 : കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന് അപ്പം വര്‍ഷിക്കും. ജനങ്ങള്‍ പുറത്തിറങ്ങി ഓരോ ദിവസത്തേക്കും ആവശ്യമുള്ളത് ശേഖരിക്കട്ടെ. അങ്ങനെ അവര്‍ എന്റെ നിയമമനുസരിച്ചു നടക്കുമോ ഇല്ലയോ എന്നു ഞാന്‍ പരീക്ഷിക്കും.
5 : ആറാം ദിവസം നിങ്ങള്‍ ശേഖരിക്കുന്നത് അകത്തു കൊണ്ടുവന്ന് ഒരുക്കിവയ്ക്കുമ്പോള്‍ അതു ദിനംപ്രതി ശേഖരിക്കുന്നതിന്റെ ഇരട്ടിയുണ്ടായിരിക്കും.
6 : മോശയും അഹറോനും എല്ലാ ഇസ്രായേല്‍ക്കാരോടുമായി പറഞ്ഞു: കര്‍ത്താവാണു നിങ്ങളെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നതെന്ന് സന്ധ്യയാകുമ്പോള്‍ നിങ്ങള്‍ ഗ്രഹിക്കും.
7 : പ്രഭാതമാകുമ്പോള്‍ നിങ്ങള്‍ കര്‍ത്താവിന്റെ മഹത്വം ദര്‍ശിക്കും. കാരണം, തനിക്കെതിരായ നിങ്ങളുടെ പിറുപിറുപ്പുകള്‍ കര്‍ത്താവു കേട്ടിരിക്കുന്നു. ഞങ്ങള്‍ക്കെതിരായി നിങ്ങള്‍ ആവലാതിപ്പെടാന്‍ ഞങ്ങളാരാണ്?
8 : മോശ പറഞ്ഞു: നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ വൈകുന്നേരം മാംസവും രാവിലെ വേണ്ടുവോളം അപ്പവും കര്‍ത്താവു തരും. എന്തെന്നാല്‍, അവിടുത്തേക്കെതിരായുള്ള നിങ്ങളുടെ ആവലാതികള്‍ അവിടുന്നു കേട്ടിരിക്കുന്നു. ഞങ്ങളാരാണ്? നിങ്ങളുടെ ആവലാതികള്‍ ഞങ്ങള്‍ക്കെതിരായിട്ടല്ല, കര്‍ത്താവിനെതിരായിട്ടാണ്.
9 : അനന്തരം, മോശ അഹറോനോടു പറഞ്ഞു: ഇസ്രയേല്‍ സമൂഹത്തോടു പറയുക: നിങ്ങള്‍ കര്‍ത്താവിന്റെ സന്നിധിയിലേക്കടുത്തു വരുവിന്‍. എന്തെന്നാല്‍, കര്‍ത്താവു നിങ്ങളുടെ ആവലാതികള്‍ കേട്ടിരിക്കുന്നു.
10 : അഹറോന് ഇസ്രായേല്‍ സമൂഹത്തോടു സംസാരിച്ചപ്പോള്‍ അവര്‍ മരുഭൂമിയിലേക്കു നോക്കി. അപ്പോള്‍ കര്‍ത്താവിന്റെ മഹത്വം മേഘത്തില്‍ പ്രത്യക്ഷപ്പെട്ടു.
11 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
12 : ഇസ്രായേല്‍ക്കാരുടെ പരാതികള്‍ ഞാന്‍ കേട്ടു. അവരോടു പറയുക: സായംകാലത്തു നിങ്ങള്‍ മാംസം ഭക്ഷിക്കും; പ്രഭാതത്തില്‍ തൃപ്തിയാവോളം അപ്പവും. കര്‍ത്താവായ ഞാനാണു നിങ്ങളുടെ ദൈവമെന്ന് അപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കും.
13 : വൈകുന്നേരമായപ്പോള്‍ കാടപ്പക്ഷികള്‍ വന്ന് പാളയം മൂടി. രാവിലെ പാളയത്തിനു ചുററും മഞ്ഞുവീണുകിടന്നിരുന്നു.
14 : മഞ്ഞുരുകിയപ്പോള്‍ മരുഭൂമിയുടെ ഉപരിതലത്തില്‍ പൊടിമഞ്ഞുപോലെ വെളുത്തുരുണ്ടു ലോലമായ ഒരു വസ്തു കാണപ്പെട്ടു.
15 : ഇസ്രായേല്‍ക്കാര്‍ ഇതു കണ്ടപ്പോള്‍ പരസ്പരം ചോദിച്ചു: ഇതെന്താണ്? അതെന്താണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. അപ്പോള്‍ മോശ അവരോടു പറഞ്ഞു: കര്‍ത്താവു നിങ്ങള്‍ക്കു ഭക്ഷണമായി തന്നിരിക്കുന്ന അപ്പമാണിത്.
16 : കര്‍ത്താവു കല്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്: ഓരോരുത്തനും തന്റെ കൂടാരത്തിലുള്ള ആളുകളുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഒരു ഓമെര്‍വീതം ശേഖരിക്കട്ടെ.
17 : ഇസ്രായേല്‍ക്കാര്‍ അപ്രകാരം ചെയ്തു; ചിലര്‍ കൂടുതലും ചിലര്‍ കുറവും ശേഖരിച്ചു.
18 : പിന്നീട് ഓമെര്‍കൊണ്ട് അളന്നുനോക്കിയപ്പോള്‍ കൂടുതല്‍ ശേഖരിച്ചവര്‍ക്ക് കൂടുതലോ, കുറവു ശേഖരിച്ചവര്‍ക്കു കുറവോ ഉണ്ടായിരുന്നില്ല. ഓരോരുത്തനും ശേഖരിച്ചത് അവനു ഭക്ഷിക്കാന്‍ മാത്രമുണ്ടായിരുന്നു.
19 : മോശ അവരോടു പറഞ്ഞു: ആരും അതില്‍നിന്ന് അല്പം പോലും പ്രഭാതത്തിലേക്കു നീക്കിവയ്ക്കരുത്.
20 : എന്നാല്‍, അവര്‍ മോശയെ അനുസരിച്ചില്ല. ചിലര്‍ അതില്‍ നിന്നും ഒരു ഭാഗം പ്രഭാതത്തിലേക്കു നീക്കിവച്ചു. അത് പുഴുത്തു മോശമായി. മോശ അവരോടു കോപിച്ചു.
21 : പ്രഭാതം തോറും ഓരോരുത്തരും തങ്ങള്‍ക്കു ഭക്ഷിക്കാവുന്നിടത്തോളം ശേഖരിച്ചു കൊണ്ടിരുന്നു. ബാക്കിയുള്ളത് സൂര്യന് ഉദിച്ചുയരുമ്പോള്‍ ഉരുകിപ്പോയിരുന്നു.
22 : ആറാംദിവസം ഒരാള്‍ക്കു രണ്ട് ഓമെര്‍ വീതം ഇരട്ടിയായി അപ്പം അവര്‍ ശേഖരിച്ചു; സമൂഹനേതാക്കള്‍ വന്നു വിവരം മോശയെ അറിയിച്ചു.
23 : അപ്പോള്‍ അവന് അവരോടു പറഞ്ഞു: കര്‍ത്താവിന്റെ കല്പനയിതാണ്, നാളെ പരിപൂര്‍ണ വിശ്രമത്തിന്റെ ദിവസമാണ് - കര്‍ത്താവിന്റെ വിശുദ്ധമായ സാബത്തുദിനം. വേണ്ടത്ര അപ്പം ഇന്നു ചുട്ടെടുക്കുവിന്‍. വേവിക്കേണ്ടത് വേവിക്കുകയും ചെയ്യുവിന്‍. ബാക്കി വരുന്നത് അടുത്ത പ്രഭാതത്തിലേക്കു സൂക്ഷിക്കുവിന്‍.
24 : മോശ കല്പിച്ചതുപോലെ, മിച്ചം വന്നത് അവര്‍ പ്രഭാതത്തിലേക്കു മാററിവച്ചു. അതു ചീത്തയായിപ്പോയില്ല. അതില്‍ പുഴുക്കള്‍ ഉണ്ടായതുമില്ല.
25 : മോശ പറഞ്ഞു: ഇന്നു കര്‍ത്താവിന്റെ വിശ്രമദിനമാകയാല്‍ നിങ്ങള്‍ അതു ഭക്ഷിച്ചുകൊള്ളുവിന്‍, പാളയത്തിനു വെളിയില്‍ ഇന്ന് അപ്പം കാണുകയില്ല.
26 : ആറു ദിവസം നിങ്ങള്‍ അതുശേഖരിക്കണം. ഏഴാംദിവസം സാബത്താകയാല്‍ അതുണ്ടായിരിക്കുകയില്ല.
27 : ഏഴാംദിവസം ജനങ്ങളില്‍ ചിലര്‍ അപ്പം ശേഖരിക്കാനായി പുറത്തിറങ്ങി.
28 : എന്നാല്‍ ഒന്നും കണ്ടില്ല. അപ്പോള്‍ കര്‍ത്താവ് മോശയോടു ചോദിച്ചു: നിങ്ങള്‍ എത്രനാള്‍ എന്റെ കല്പനകളും നിയമങ്ങളും പാലിക്കാതിരിക്കും?
29 : കര്‍ത്താവ് നിങ്ങള്‍ക്കു സാബത്തു നിശ്ചയിച്ചിരിക്കുന്നു. അതുകൊണ്ടാണ്, ആറാം ദിവസം അവിടുന്ന് രണ്ടു ദിവസത്തേക്കുള്ള അപ്പം നിങ്ങള്‍ക്കു തരുന്നത്. ഏഴാംദിവസം ഓരോരുത്തനും തന്റെ വസതിയില്‍തന്നെ കഴിയട്ടെ; ആരും പുറത്തു പോകരുത്.
30 : അതനുസരിച്ച് ഏഴാംദിവസം ജനം വിശ്രമിച്ചു.
31 : ഇസ്രായേല്‍ക്കാര്‍ അതിനു മന്നാ എന്നു പേരു നല്കി. അതു കൊത്തമ്പാലരി പോലെയിരുന്നു. വെളുത്തതും തേന്‍ ചേര്‍ത്ത അപ്പത്തിന്റെ രുചിയുള്ളതുമായിരുന്നു.
32 : മോശ പറഞ്ഞു: കര്‍ത്താവിന്റെ കല്പന ഇതാണ്: ഈജിപ്തില്‍ നിന്നു ഞാന്‍ നിങ്ങളെ കൊണ്ടുപോരുമ്പോള് മരുഭൂമിയില്‍ വച്ചു നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ തന്ന അപ്പം നിങ്ങളുടെ പിന്തലമുറകള് കാണുന്നതിനുവേണ്ടി അതില്‍നിന്ന് ഒരു ഓമെര്‍ എടുത്ത് സൂക്ഷിച്ചു വയ്ക്കുവിന്.
33 : മോശ അഹറോനോടു പറഞ്ഞു: ഒരു പാത്രത്തില്‍ ഒരു ഓമെര്‍ മന്നാ എടുത്ത് നിങ്ങളുടെ പിന്തല മുറകള്‍ക്കുവേണ്ടി കര്‍ത്താവിന്റെ സന്നിധിയില്‍ സൂക്ഷിച്ചു വയ്ക്കുക.
34 : കര്‍ത്താവ് മോശയോട് കല്പിച്ചതുപോലെ അഹറോന് അതു സാക്ഷ്യപേടകത്തിനു മുന്പില് സൂക്ഷിച്ചുവച്ചു.
35 : ഇസ്രായേല്‍ക്കാര്‍ മനുഷ്യവാസമുള്ള സ്ഥലത്തെത്തുന്നതുവരെ നാല്പതു വര്‍ഷത്തേക്കു മന്നാ ഭക്ഷിച്ചു. കാനാന്‍ ദേശത്തിന്റെ അതിര്‍ത്തിയിലെത്തുന്നതുവരെ മന്നായാണ് അവര്‍ ഭക്ഷിച്ചത്.
36 : ഒരു ഓമെര്‍ ഒരു എഫായുടെ പത്തിലൊന്നാണ്.
അദ്ധ്യായം 17
പാറയില്‍നിന്നു ജലം
1 : ഇസ്രായേല്‍ സമൂഹം മുഴുവന്‍ സീന്‍മരുഭൂമിയില്‍ നിന്നു പുറപ്പെട്ടു കര്‍ത്താവിന്റെ നിര്‍ദേശമനുസരിച്ച് പടിപടിയായി യാത്ര ചെയ്ത് റഫിദീമില്‍ എത്തി പാളയമടിച്ചു. അവിടെ അവര്‍ക്കു കുടിക്കാന്‍ വെള്ള മുണ്ടായിരുന്നില്ല.
2 : ജനം മോശയെ കുററപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ക്കു കുടിക്കാന്‍വെള്ളം തരിക എന്നു പറഞ്ഞു. മോശ അവരോടു പറഞ്ഞു: നിങ്ങള്‍ എന്തിന് എന്നെ കുററപ്പെടുത്തുന്നു?എന്തിനു കര്‍ത്താവിനെ പരീക്ഷിക്കുന്നു?
3 : ദാഹിച്ചു വലഞ്ഞ ജനം മോശയ്ക്കെതിരേ ആവലാതിപ്പെട്ടു ചോദിച്ചു: നീ എന്തിനാണു ഞങ്ങളെ ഈജിപ്തില്‍ നിന്നു പുറത്തേക്കു കൊണ്ടുവന്നത്? ഞങ്ങളും കുട്ടികളും കന്നുകാലികളും ദാഹിച്ചു ചാകട്ടെ എന്നു കരുതിയാണോ?
4 : മോശ കര്‍ത്താവിനോടു നിലവിളിച്ചു പറഞ്ഞു: ഈ ജനത്തോടു ഞാന്‍ എന്താണു ചെയ്യുക? ഏറെത്താമസിയാതെ അവര്‍ എന്നെ കല്ലെറിയും.
5 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഏതാനും ഇസ്രായേല്‍ ശ്രേഷ്ഠന്മാരുമൊത്ത് നീ ജനത്തിന്റെ മുന്‍പേ പോകുക. നദിയുടെമേല്‍ അടിക്കാന്‍ ഉപയോഗിച്ച വടിയും കൈയിലെടുത്തുകൊള്ളുക.
6 : ഇതാ, നിനക്കു മുന്പില് ഹോറെബിലെ പാറമേല്‍ ഞാന്‍ നില്ക്കും. നീ ആ പാറയില്‍ അടിക്കണം. അപ്പോള്‍ അതില്‍നിന്നു ജനത്തിനു കുടിക്കാന്‍ വെള്ളം പുറപ്പെടും. ഇസ്രായേല്‍ ശ്രേഷ്ഠന്മാരുടെ സാന്നിധ്യത്തില്‍ മോശ അങ്ങനെ ചെയ്തു.
7 : ഇസ്രായേല്‍ക്കാര്‍ അവിടെവച്ചു കലഹിച്ചതിനാലും കര്‍ത്താവു ഞങ്ങളുടെ ഇടയില്‍ ഉണ്ടോ ഇല്ലയോ എന്നു ചോദിച്ചുകൊണ്ട് കര്‍ത്താവിനെ പരീക്ഷിച്ചതിനാലും മോശ ആ സ്ഥലത്തിനു മാസാ എന്നും മെറീബാ എന്നും പേരിട്ടു.
അമലേക്യരുമായിയുദ്ധം
8 : അമലേക്യര്‍ റഫിദീമില്‍ വന്ന് ഇസ്രായേല്‍ക്കാരെ ആക്രമിച്ചു.
9 : അപ്പോള്‍ മോശ ജോഷ്വയോടു പറഞ്ഞു: ആളുകളെ തിരഞ്ഞെടുത്ത് അമലേക്യരുമായി യുദ്ധത്തിനു പുറപ്പെടുക. ഞാന്‍ നാളെ ദൈവത്തിന്റെ വടി കൈയിലെടുത്തു മലമുകളില്‍ നില്ക്കും.
10 : മോശ പറഞ്ഞതനുസരിച്ച് ജോഷ്വ അമലേക്യരുമായിയുദ്ധം ചെയ്തു. മോശ, അഹറോന്, ഹൂര്‍ എന്നിവര്‍ മലമുകളില്‍ കയറിനിന്നു.
11 : മോശ കരങ്ങളുയര്‍ത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേല്‍ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങള്‍ താഴ്ത്തിയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം.
12 : മോശയുടെ കൈകള്‍ കുഴഞ്ഞു. അപ്പോള്‍ അവര്‍ ഒരു കല്ലു നീക്കിയിട്ടു കൊടുത്തു. മോശ അതിന്മേല് ഇരുന്നു. അഹറോനും ഹൂറും അവന്റെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. സൂര്യാസ്തമയം വരെ അവന്റെ കൈകള്‍ ഉയര്‍ന്നുതന്നെ നിന്നു.
13 : ജോഷ്വ അമലേക്കിനെയും അവന്റെ ആളുകളെയും വാളുകൊണ്ട് അരിഞ്ഞു വീഴ്ത്തി.
14 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇതിന്റെ ഓര്മ നിലനിര്‍ത്താനായി നീ ഇത് ഒരു പുസ്തകത്തിലെഴുതി, ജോഷ്വയെ വായിച്ചു കേള്‍പ്പിക്കുക. ആകാശത്തിന് കീഴില്‍ നിന്ന് അമലേക്കിന്റെ സ്മരണ ഞാന്‍ നിശ്ശേഷം മായിച്ചുകളയും.
15 : മോശ അവിടെ ഒരു ബലിപീഠം നിര്‍മിച്ച് അതിനു യാഹ്വെനിസ്സി എന്നു പേരു നല്കി.
16 : എന്തെന്നാല്‍, അവന് പറഞ്ഞു: കര്‍ത്താവിന്റെ പതാക കൈയിലെടുക്കുവിന്‍. തലമുറതോറും കര്‍ത്താവ് അമലേക്കിനെതിരായി യുദ്ധം ചെയ്തുകൊണ്ടിരിക്കും.
0 comments:
Post a Comment