ബൈബിൾ പഠനം - Exodus 28,29,32:1-5.
അദ്ധ്യായം 28
പുരോഹിതവസ്ത്രങ്ങള്‍
1 : പുരോഹിതന്മാരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍വേണ്ടി നിന്റെ സഹോദരനായ അഹറോനെയും അവന്റെ പുത്രന്മാരായ നാദാബ്, അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവരെയും ഇസ്രായേല്‍ക്കാരുടെയിടയില്‍ നിന്നു നിന്റെയടുക്കലേക്കു വിളിക്കുക.
2 : നിന്റെ സഹോദരനായ അഹറോന് മഹിമയും അഴകും നല്‍കുന്നതിന് അവനു വേണ്ടി വിശുദ്ധവസ്ത്രങ്ങള്‍ നിര്‍മിക്കുക.
3 : അഹറോനെ എന്റെ പുരോഹിതനായി അവരോധിക്കാന്‍ വേണ്ടി അവനു സ്ഥാനവസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ഞാന്‍ നൈപുണ്യം നല്‍കിയിട്ടുള്ള എല്ലാ വിദഗ്ധന്മാരോടും നീ ആവശ്യപ്പെടുക.
4 : അവര്‍ നിര്‍മിക്കേണ്ട വസ്ത്രങ്ങള്‍ ഇവയാണ്: ഉരസ്ത്രാണം, എഫോദ്, നിലയങ്കി, ചിത്രത്തയ്യലുള്ള അങ്കി, തലപ്പാവ്, അരപ്പട്ട. എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യാന്‍ അഹറോനും പുത്രന്മാര്ക്കും വേണ്ടി അവര്‍ വിശുദ്ധ വസ്ത്രങ്ങള്‍ നിര്മിക്കട്ടെ.
5 : സ്വര്‍ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്മയായി പിരിച്ചെടുത്ത ചണം എന്നിവ അവര്‍ ഉപയോഗിക്കണം.
6 : സ്വര്‍ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്മയായി പിരിച്ചെടുത്ത ചണം എന്നിവ ഉപയോഗിച്ച് വിദഗ്ധമായി അവര്‍ എഫോദ് നിര്‍മിക്കണം.
7 : അതിന്റെ രണ്ടറ്റങ്ങള്‍ തമ്മില്‍ യോജിപ്പിക്കുന്നതിന് അതില്‍ രണ്ടു തോള്‍വാറുകള്‍ പിടിപ്പിക്കണം.
8 : എഫോദ് കെട്ടിയുറപ്പിക്കാനായി അതിന്മേലുള്ള പട്ടയും സ്വര്‍ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് നൂലുകള്‍, നേര്മയായി പിരിച്ചെടുത്ത ചണം എന്നിവകൊണ്ട് അതേ രീതിയില്‍ത്തന്നെ വിദഗ്ധമായി നിര്‍മിച്ചതായിരിക്കണം.
9 : രണ്ടു വൈഡൂര്യക്കല്ലുകളെടുത്ത് അവയില്‍ ഇസ്രായേലിന്റെ പുത്രന്മാരുടെ പേരുകള്‍ കൊത്തണം.
10 : അവരുടെ പ്രായക്രമമനുസരിച്ച് ഓരോ കല്ലിലും ആറു പേരുകള്‍വീതം കൊത്തുക.
11 : രത്ന ശില്പി മുദ്രകൊത്തുന്നതുപോലെ ഇസ്രായേലിന്റെ പുത്രന്മാരുടെ പേരുകള്‍ ആ കല്ലുകളില്‍ രേഖപ്പെടുത്തണം. കല്ലുകള്‍ സ്വര്‍ണത്തകിടില്‍ പതിക്കണം.
12 : ഇസ്രായേല്‍ പുത്രന്മാരുടെ സ്മാരകശിലകളായി അവ എഫോദിന്റെ തോള്‍വാറുകളില്‍ ഉറപ്പിക്കണം. അവരുടെ പേരുകള്‍ കര്‍ത്താവിന്റെ മുന്പില് ഒരു സ്മാരകമായി അഹറോന് തന്റെ ഇരുതോളുകളിലും വഹിക്കട്ടെ.
13 : രത്നം പതിക്കാനുള്ള തകിടുകള്‍ സ്വര്‍ണം കൊണ്ട് ഉണ്ടാക്കുക.
14 : തനി സ്വര്‍ണം കൊണ്ടു കയറുപോലെ പിണച്ചെടുത്ത രണ്ടു തുടലുകള്‍ നിര്‍മിച്ച്, അവ സ്വര്‍ണത്തകിടുകളുമായി യോജിപ്പിക്കുക.
15 : ന്യായവിധിയുടെ ഉരസ്ത്രാണം ചിത്രപ്പണികളോടെ നിര്‍മിക്കണം. അത് എഫോദെന്നപോലെ സ്വര്‍ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്മയായി പിരിച്ചെടുത്ത ചണം എന്നിവ കൊണ്ടാണ് ഉണ്ടാക്കേണ്ടത്.
16 : അതു സമചതുരത്തില്‍ രണ്ടു മടക്കുള്ളതായിരിക്കണം. അതിന് ഒരു ചാണ് നീളവും ഒരു ചാണ് വീതിയും വേണം.
17 : അതിനുമേല്‍ നാലു നിര രത്നങ്ങള്‍ പതിക്കണം. ആദ്യത്തെ നിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം;
18 : രണ്ടാമത്തെ നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം;
19 : മൂന്നാമത്തെ നിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം;
20 : നാലാമത്തെ നിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം. രത്നങ്ങളെല്ലാം സ്വര്‍ണത്തകിടിലാണ് പതിക്കേണ്ടത്.
21 : ഇസ്രായേലിന്റെ പുത്രന്മാരുടെ പേരുകളനുസരിച്ച് പന്ത്രണ്ടു രത്നങ്ങളുണ്ടായിരിക്കണം. ഓരോ ഗോത്രത്തിന്റെയും പേര് ഓരോ രത്നത്തിലും മുദ്രപോലെ, കൊത്തിയിരിക്കണം.
22 : ഉരസ്ത്രാണത്തിനു വേണ്ടി തനി സ്വര്‍ണംകൊണ്ട് കയറുപോലെ പിണച്ചെടുത്ത തുടലുകള്‍ പണിയണം.
23 : സ്വര്‍ണംകൊണ്ടു രണ്ടു വളയങ്ങള്‍ നിര്‍മിച്ച് ഉരസ്ത്രാണത്തിന്റെ മുകളിലത്തെ രണ്ടു മൂലകളില്‍ ഘടിപ്പിക്കണം.
24 : ഉരസ്ത്രാണത്തിന്റെ മൂലകളിലുള്ള രണ്ടു വളയങ്ങളിലൂടെ രണ്ടു സ്വര്‍ണത്തുടലുകളിടണം.
25 : തുടലുകളുടെ മറ്റേയറ്റങ്ങള്‍ രത്നംപതിച്ച സ്വര്‍ണത്തകിടുകളില്‍ ഘടിപ്പിച്ച എഫോദിന്റെ തോള്‍വാറിന്റെ മുന്‍ഭാഗവുമായി ബന്ധിക്കണം.
26 : രണ്ടു സ്വര്‍ണവളയങ്ങള്‍ പണിത് അവ ഉരസ്ത്രാണത്തിന്റെ താഴത്തെ കോണുകളില്‍ അവയുടെ ഉള്‍ഭാഗത്ത്, എഫോദിനോടു ചേര്‍ത്ത് ബന്ധിക്കണം.
27 : രണ്ടു സ്വര്‍ണവളയങ്ങള്‍കൂടി നിര്‍മിച്ച്, അവ എഫോദിന്റെ തോള്‍വാറുകളുടെ താഴത്തെ അറ്റങ്ങള്‍ക്കു മുന്‍ഭാഗത്ത് അവയുടെ തുന്നലിനോടടുത്ത്, എഫോദിന്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളിലായി ബന്ധിക്കണം.
28 : ഉരസ്ത്രാണത്തിന്റെയും എഫോദിന്റെയും വളയങ്ങള്‍ ഒരു നീലച്ചരടുകൊണ്ടു ബന്ധിക്കണം. അപ്പോള്‍ ഉരസ്ത്രാണം എഫോദിന്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളില്‍നിന്ന് ഇളകിപ്പോവുകയില്ല.
29 : അഹറോന് വിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോള്‍ ഇസ്രായേലിന്റെ പുത്രന്മാരുടെ പേരുകള്‍ കൊത്തിയിട്ടുള്ള ന്യായവിധിയുടെ ഉരസ്ത്രാണം ധരിക്കണം. അങ്ങനെ, കര്‍ത്താവിന്റെ സന്നിധിയില്‍ അവര്‍ നിരന്തരം സ്മരിക്കപ്പെടും.
30 : ന്യായവിധിയുടെ ഉരസ്ത്രാണത്തില്‍ ഉറീം, തുമ്മീം എന്നിവ നിക്ഷേപിക്കുക. അഹറോന് കര്‍ത്താവിന്റെ മുന്പില് പ്രവേശിക്കുമ്പോള്‍ അവ അവന്റെ മാറിലുണ്ടായിരിക്കണം. അങ്ങനെ അഹറോന് തന്റെ മാറില്‍ ഇസ്രായേലിന്റെ ന്യായവിധി കര്‍ത്താവിന്റെ സന്നിധിയില്‍ നിരന്തരം വഹിക്കട്ടെ.
31 : എഫോദിന്റെ നിലയങ്കി നീല നിറമായിരിക്കണം.
32 : തല കടത്താന്‍ അതിനു നടുവില്‍ ദ്വാരമുണ്ടായിരിക്കണം. ധരിക്കുമ്പോള്‍ കീറിപ്പോകാതിരിക്കാന്‍ ഉടുപ്പുകള്‍ക്കു ചെയ്യാറുള്ളതുപോലെ, നെയ്തെടുത്ത ഒരു നാട, ദ്വാരത്തിനു ചുറ്റും തുന്നിച്ചേര്‍ക്കണം.
33 : നിലയങ്കിയുടെ വിളുമ്പിനു ചുറ്റും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളില്‍ മാതളനാരങ്ങകളും തുന്നിച്ചേര്‍ക്കണം. അവയ്ക്കിടയില്‍ സ്വര്‍ണമണികള്‍ ബന്ധിക്കണം.
34 : ഒന്നിടവിട്ടായിരിക്കണം സ്വര്‍ണമണികളും മാതളനാരങ്ങകളും തുന്നിച്ചേര്‍ക്കുന്നത്.
35 : അഹറോന് പുരോഹിതശുശ്രൂഷ ചെയ്യുമ്പോള്‍ ഇതു ധരിക്കണം. അവന് വിശുദ്ധ സ്ഥലത്ത് കര്‍ത്താവിന്റെ സന്നിധിയില്‍ പ്രവേശിക്കുമ്പോഴും അവിടെനിന്നു പുറത്തുവരുമ്പോഴും അതിന്റെ ശബ്ദം കേള്‍ക്കട്ടെ. ഇല്ലെങ്കില്‍ അവന് മരിക്കും.
36 : തനി സ്വര്‍ണംകൊണ്ട് ഒരു തകിടുണ്ടാക്കി അതിന്മേല് ഒരു മുദ്രയെന്നപോലെ കര്‍ത്താവിനു സമര്പ്പിതന് എന്നു കൊത്തിവയ്ക്കുക.
37 : ഒരു നീലച്ചരടുകൊണ്ട് അത് തലപ്പാവിന്റെ മുന്‍വശത്ത് ബന്ധിക്കണം. അഹറോന് അതു നെറ്റിയില്‍ ധരിക്കണം.
38 : അങ്ങനെ ഇസ്രായേല്‍ക്കാര്‍ വിശുദ്ധവസ്തുക്കള്‍ കാഴ്ച സമര്‍പ്പിക്കുന്നതില്‍ വരുത്തുന്ന വീഴ്ചകള്‍ അവന് വഹിക്കട്ടെ. കാണിക്കകള്‍ കര്‍ത്താവിന്റെ സന്നിധിയില്‍ സ്വീകാര്യമാകേണ്ടതിന് ആ തകിട് അഹറോന്റെ നെറ്റിയില്‍ എപ്പോഴും ഉണ്ടായിരിക്കണം.
39 : നേര്മയായി പിരിച്ചെടുത്ത ചണംകൊണ്ട് ഒരു അങ്കിയുണ്ടാക്കി അതു ചിത്രത്തുന്നലാല്‍ അലങ്കരിക്കണം. നേര്മയായി പിരിച്ചെടുത്ത ചണംകൊണ്ട് തലപ്പാവും ചിത്രാലംകൃതമായ അരപ്പട്ടയും ഉണ്ടാക്കണം.
40 : അഹറോന്റെ പുത്രന്മാര്ക്കു മഹിമയും അഴകും ഉണ്ടാകേണ്ടതിന് അവര്‍ക്കായി അങ്കികളും അരപ്പട്ടകളും തൊപ്പികളും നിര്‍മിക്കണം.
41 : ഇവയെല്ലാം നിന്റെ സഹോദരനായ അഹറോനെയും അവന്റെ പുത്രന്മാരെയും നീ അണിയിക്കുക. അവര്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് നീ അവരെ അഭിഷേചിച്ചു നിയോഗിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുക.
42 : അവരുടെ നഗ്നത മറയ്ക്കാന്‍ ചണത്തുണികൊണ്ട് അരമുതല്‍ തുടവരെയെത്തുന്ന കാല്‍ച്ചട്ടകളുണ്ടാക്കണം.
43 : അഹറോനും പുത്രന്മാരും സമാഗമ കൂടാരത്തില്‍ പ്രവേശിക്കുകയോ വിശുദ്ധസ്ഥലത്തു ശുശ്രൂഷചെയ്യുന്നതിന് ബലിപീഠത്തെ സമീപിക്കുകയോ ചെയ്യുമ്പോള്‍ ഇവ ധരിക്കണം. ഇല്ലെങ്കില്‍ അവര്‍ കുറ്റക്കാരായിത്തീരുകയും മരിക്കുകയും ചെയ്യും. ഇത് അഹറോനും സന്തതികള്‍ക്കും എന്നേക്കുമുള്ള നിയമമാണ്.
---------------------------------------------------------------------------------------------
അദ്ധ്യായം 29
അഭിഷേകക്രമം
1 : എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യുന്നതിന് അവരെ നിയോഗിക്കാന്‍ നീ ചെയ്യേണ്ടതിതാണ്: ഒരു കാളക്കുട്ടിയെയും ഊനമറ്റ രണ്ടു മുട്ടാടിനെയും തിരഞ്ഞെടുക്കുക.
2 : പുളിപ്പില്ലാത്ത അപ്പം, എണ്ണചേര്‍ത്ത് മയം വരുത്തിയ പുളിപ്പില്ലാത്ത അപ്പം, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത നേര്‍ത്ത അപ്പം ഇവ സജ്ജമാക്കുക. ഇവയെല്ലാം ഗോതമ്പു മാവുകൊണ്ട് ഉണ്ടാക്കണം.
3 : അവ ഒരു കുട്ടയിലാക്കി കാളക്കുട്ടിയോടും മുട്ടാടുകളോടുമൊപ്പം കൊണ്ടുവരുക.
4 : നീ അഹറോനെയും അവന്റെ പുത്രന്മാരെയും സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍കൊണ്ടുവന്ന് അവരെ വെള്ളം കൊണ്ടു കഴുകുക.
5 : അങ്കി, എഫോദിന്റെ നിലയങ്കി, എഫോദ്, ഉരസ്ത്രാണം, എഫോദിന്റെ ചിത്രത്തയ്യലുള്ള അരപ്പട്ട എന്നിവ അഹറോനെ അണിയിക്കണം.
6 : അവന്റെ തലയില്‍ തലപ്പാവും തലപ്പാവിന്മേല് വിശുദ്ധ കിരീടവും വയ്ക്കണം.
7 : അനന്തരം, തൈലം തലയിലൊഴിച്ച് അവനെ അഭിഷേചിക്കുക.
8 : അവന്റെ പുത്രന്മാരെ കൊണ്ടുവന്ന് അങ്കികള്‍ ധരിപ്പിക്കുക.
9 : നീ അവരെ അരപ്പട്ടകളും തൊപ്പികളും അണിയിക്കണം. ശാശ്വതമായ നിയമമനുസരിച്ച് പൗരോഹിത്യം അവരുടേതായിരിക്കും. നീ അഹറോനെയും അവന്റെ പുത്രന്മാരെയും പുരോഹിതരായി അവരോധിക്കണം.
10 : അനന്തരം, കാളക്കുട്ടിയെ സമാഗമകൂടാരത്തിനു മുന്‍പില്‍കൊണ്ടുവരണം. അഹറോനും പുത്രന്മാരും അതിന്റെ തലയില്‍ കൈകള്‍ വയ്ക്കണം.
11 : കര്‍ത്താവിന്റെ സന്നിധിയില്‍ സമാഗമകൂടാരത്തിന്റെ വാതില്ക്കല്വച്ചു കാളക്കുട്ടിയെ കൊല്ലണം.
12 : അതിന്റെ രക്തത്തില്‍നിന്നു കുറെയെടുത്ത് വിരല്‍കൊണ്ടു ബലിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ബാക്കി രക്തം ബലിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം.
13 : കുടല് പൊതിഞ്ഞുള്ള മേദസ്സും കരളിന്മേലുള്ള കൊഴുപ്പും ഇരു വൃക്കകളും അവയിന്മേലുള്ള മേദസ്സുമെടുത്ത് ബലിപീഠത്തിന്‍മേല്‍വച്ച് ദഹിപ്പിക്കണം.
14 : എന്നാല്‍, കാളക്കുട്ടിയുടെ മാംസവും തോലും ചാണകവും പാളയത്തിനു വെളിയില്‍ വച്ച് അഗ്നിയില്‍ ദഹിപ്പിക്കണം. ഇത് പാപപരിഹാര ബലിയാണ്.
15 : മുട്ടാടുകളില്‍ ഒന്നിനെ മാറ്റി നിര്‍ത്തണം. അഹറോനും പുത്രന്മാരും അതിന്റെ തലയില്‍ കൈകള്‍ വയ്ക്കട്ടെ.
16 : അതിനെ കൊന്ന് രക്തമെടുത്ത് ബലിപീഠത്തിനു ചുറ്റും ഒഴിക്കണം.
17 : അതിനെ കഷണങ്ങളായി മുറിച്ചതിനുശേഷം അതിന്റെ ആന്തരികാവയവങ്ങളും കാലുകളും കഴുകണം. ഇവ മറ്റു കഷണങ്ങളുടെയും തലയുടെയും കൂടെ വയ്ക്കണം.
18 : മുട്ടാടിനെ മുഴുവന്‍ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു കര്‍ത്താവിനുള്ള ദഹനബലിയാണ് - കര്‍ത്താവിനു പ്രസാദകരമായ സുഗന്ധം.
19 : അനന്തരം, അടുത്ത മുട്ടാടിനെയും കൊണ്ടുവരണം. അഹറോനും പുത്രന്മാരും അതിന്റെ തലയില്‍ കൈകള്‍ വയ്ക്കണം.
20 : അതിനെ കൊന്ന് രക്തത്തില്‍ കുറച്ചെടുത്ത് അഹറോന്റെയും പുത്രന്മാരുടെയും വലത്തു ചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിന്റെ പെരുവിരലിലും പുരട്ടുകയും ബാക്കി ബലിപീഠത്തിനു ചുറ്റും ഒഴിക്കുകയും വേണം.
21 : ബലിപീഠത്തിലുള്ള രക്തത്തില്‍നിന്നും അഭിഷേകതൈലത്തില്‍ നിന്നും കുറച്ചെടുത്ത് അഹറോന്റെ മേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കണം. അങ്ങനെ അവനും പുത്രന്മാരും അവരുടെ വസ്ത്രങ്ങളും ശുദ്ധീകരിക്കപ്പെടും.
22 : അതിനുശേഷം നീ മുട്ടാടിന്റെ മേദസ്സും കൊഴുത്ത വാലും കുടല് പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള കൊഴുപ്പും ഇരു വൃക്കകളും അതിന്മേലുള്ള മേദസ്സും വലത്തെ കുറകും എടുക്കണം. കാരണം, അത് അഭിഷേകത്തിനുള്ള മുട്ടാടാണ്.
23 : കര്‍ത്താവിന്റെ സന്നിധിയില്‍ വച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കുട്ടയില്‍നിന്ന് ഒരപ്പവും എണ്ണ ചേര്‍ത്തു മയം വരുത്തിയ ഒരപ്പവും നേര്‍ത്ത ഒരപ്പവും എടുക്കണം.
24 : ഇവയെല്ലാം അഹറോന്റെയും പുത്രന്മാരുടെയും കരങ്ങളില്‍ വച്ചു കര്‍ത്താവിന്റെ സന്നിധിയില്‍ നീരാജനം ചെയ്യണം.
25 : അനന്തരം, അത് അവരുടെ കൈകളില്‍ നിന്നു വാങ്ങി ദഹനബലിയോടൊന്നിച്ച് ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു കര്‍ത്താവിനുള്ള ദഹനബലിയാണ്; കര്‍ത്താവിനു പ്രസാദകരമായ സുഗന്ധം.
26 : അഹറോന്റെ അഭിഷേകത്തിനായി അര്‍പ്പിച്ച മുട്ടാടിന്റെ നെഞ്ചെടുത്ത് കര്‍ത്താവിന്റെ സന്നിധിയില്‍ നീരാജനം ചെയ്യുക. ഇത് നിന്റെ ഓഹരിയായിരിക്കും.
27 : അഭിഷേകത്തിനായി അര്‍പ്പിക്കുന്ന മുട്ടാടില്‍നിന്ന് നീരാജനം ചെയ്ത നെഞ്ചും കുറകും വിശുദ്ധീകരിച്ച് അഹറോനും പുത്രന്മാര്ക്കുമായി മാറ്റിവയ്ക്കണം.
28 : ഇസ്രായേല്‍ജനത്തില്‍ നിന്ന് അഹറോനും പുത്രന്മാര്ക്കും നിയമപ്രകാരം എന്നും ലഭിക്കേണ്ട അവകാശമാണിത്; ഇസ്രായേല്‍ജനം സമാധാനബലിയില്‍നിന്നു നീരാജനംചെയ്തു കര്‍ത്താവിനു സമര്‍പ്പിക്കുന്ന കാഴ്ചയും.
29 : അഹറോന്റെ വിശുദ്ധ വസ്ത്രങ്ങള്‍ അവനുശേഷം അവന്റെ പുത്രന്മാര്ക്കുള്ളതായിരിക്കും. അവര്‍ പുരോഹിതരായി അഭിഷിക്തരാകുന്നതും നിയോഗിക്കപ്പെടുന്നതും അവ ധരിച്ചുകൊണ്ടായിരിക്കണം.
30 : അവന്റെ സ്ഥാനത്തു പുരോഹിതനാകുന്ന അവന്റെ പുത്രന് വിശുദ്ധ സ്ഥലത്ത് ശുശ്രൂഷചെയ്യുന്നതിന് സമാഗമകൂടാരത്തില്‍ വരുമ്പോള്‍ ഏഴുദിവസം അതു ധരിക്കണം.
31 : അഭിഷേകത്തിനര്‍പ്പിക്കുന്ന മുട്ടാടിന്റെ മാംസമെടുത്ത് വിശുദ്ധമായ ഒരു സ്ഥലത്തുവച്ച് വേവിക്കണം.
32 : മുട്ടാടിന്റെ മാംസവും കുട്ടയിലുള്ള അപ്പവും അഹറോനും പുത്രന്മാരും സമാഗമകൂടാരത്തിന്റെ വാതില്ക്കല്വച്ചു ഭക്ഷിക്കണം.
33 : തങ്ങളുടെ അഭിഷേ കത്തിന്റെയും വിശുദ്ധീകരണത്തിന്റെയും വേളയില്‍ പാപപരിഹാരത്തിനായി അര്‍പ്പിക്കപ്പെട്ട വസ്തുക്കള്‍ അവര്‍ മാത്രം ഭക്ഷിക്കട്ടെ. അവ വിശുദ്ധമാകയാല്‍ അന്യര്‍ ഭക്ഷിക്കരുത്.
34 : അഭിഷേകത്തിനു വേണ്ടിയുള്ള മാംസമോ അപ്പമോ പ്രഭാതത്തില്‍ അവശേഷിക്കുന്നെങ്കില്‍, അഗ്നിയില്‍ ദഹിപ്പിച്ചുകളയണം. അതു വിശുദ്ധമാകയാല്‍ ഭക്ഷിക്കരുത്.
35 : ഞാന്‍ നിന്നോടു കല്പിച്ചിട്ടുള്ളതുപോലെ അഹറോനോടും പുത്രന്മാരോടും അനുവര്‍ത്തിക്കുക. അവരുടെ അഭിഷേകകര്‍മം ഏഴുദിവസം നീണ്ടുനില്ക്കണം.
36 : പാപപരിഹാരബലിയായി ഓരോ ദിവസവും ഓരോ കാളക്കുട്ടിയെ അര്‍പ്പിക്കണം. ബലിപീഠത്തില്‍ പരിഹാരബലി അര്‍പ്പിക്കുകവഴി അതില്‍നിന്നു പാപം തുടച്ചുനീക്കപ്പെടും. അനന്തരം, അതിനെ അഭിഷേചിച്ചു വിശുദ്ധീകരിക്കുക.
37 : ഏഴുദിവസം പരിഹാരബലി നടത്തി ബലിപീഠത്തെ ശുദ്ധീകരിക്കുക. അപ്പോള്‍ ബലിപീഠം അതിവിശുദ്ധമാകും. ബലിപീഠത്തെ സ്പര്‍ശിക്കുന്നതെന്തും വിശുദ്ധമാകും.
അനുദിനബലികള്‍
38 : ബലിപീഠത്തില്‍ അര്‍പ്പിക്കേണ്ടത് ഇവയാണ്: ഒരു വയസ്സുള്ള രണ്ട് ആട്ടിന്‍കുട്ടികളെ വീതം എല്ലാദിവസവും അര്‍പ്പിക്കണം.
39 : ഒന്നിനെ പ്രഭാതത്തിലും മറ്റേതിനെ സായാഹ്നത്തിലുമാണ് അര്‍പ്പിക്കേണ്ടത്.
40 : ഒന്നാമത്തെ ആട്ടിന്‍കുട്ടിയോടൊപ്പം നാലിലൊന്നു ഹിന് ശുദ്ധമായ ഒലിവെണ്ണയില്‍ കുഴച്ച പത്തിലൊന്ന് ഏഫാ മാവും പാനീയബലിയായി നാലിലൊന്നു ഹിന് വീഞ്ഞും സമര്‍പ്പിക്കണം.
41 : പ്രഭാതത്തിലെന്നപോലെ സായാഹ്നത്തില്‍ രണ്ടാമത്തെ ആട്ടിന്‍കുട്ടിയെ ധാന്യബലിയോടും പാനീയബലിയോടുമൊത്ത് സുഗന്ധവാഹിയായ ദഹനബലിയായി കര്ത്താവിന് അര്‍പ്പിക്കണം.
42 : ഞാന്‍ നിങ്ങളെ കാണുകയും നിങ്ങളോടു സംസാരിക്കുകയും ചെയ്യുന്ന സമാഗമകൂടാരത്തിന്റെ വാതില്ക്കല് കര്‍ത്താവിന്റെ സന്നിധിയില്‍, തലമുറതോറും നിങ്ങള്‍ അനുദിനം അര്‍പ്പിക്കേണ്ട ദഹനബലിയാണിത്.
43 : അവിടെവച്ചു ഞാന്‍ ഇസ്രായേല്‍ജനത്തെ സന്ദര്‍ശിക്കും; എന്റെ മഹത്വത്താല്‍ അവിടം വിശുദ്ധീകരിക്കുകയും ചെയ്യും.
44 : സമാഗമകൂടാരവും ബലിപീഠവും ഞാന്‍ വിശുദ്ധീകരിക്കും. എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുന്നതിനായി അഹറോനെയും പുത്രന്മാരെയും ഞാന്‍ വിശുദ്ധീകരിക്കും.
45 : ഞാന്‍ ഇസ്രായേല്‍ജനത്തിന്റെ മധ്യേ വസിക്കും; അവരുടെ ദൈവമായിരിക്കുകയും ചെയ്യും.
46 : അവരുടെയിടയില്‍ വസിക്കാന്‍വേണ്ടി അവരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന അവരുടെ ദൈവമായ കര്‍ത്താവു ഞാനാണെന്ന് അവര്‍ അറിയും. ഞാനാണ് അവരുടെ ദൈവമായ കര്‍ത്താവ്.
---------------------------------------------------------------------------------------------
അദ്ധ്യായം 32
സ്വര്‍ണംകൊണ്ടുള്ള കാളക്കുട്ടി
1 : മോശ മലയില്‍ നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍, ജനം അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്മാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിവില്ല.
2 : അഹറോന് പറഞ്ഞു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലുള്ള സ്വര്‍ണവളയങ്ങള്‍ ഊരിയെടുത്ത് എന്റെ അടുത്തു കൊണ്ടുവരുവിന്‍.
3 : ജനം തങ്ങളുടെ കാതുകളില്‍നിന്നു സ്വര്‍ണ വളയങ്ങളൂരി അഹറോന്റെ മുന്പില് കൊണ്ടുചെന്നു.
4 : അവന് അവ വാങ്ങി മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു. അപ്പോള്‍ അവര്‍ വിളിച്ചുപറഞ്ഞു: ഇസ്രായേലേ, ഇതാ ഈജിപ്തില്‍നിന്നു നിന്നെ കൊണ്ടുവന്ന ദേവന്മാര്.
5 : അതു കണ്ടപ്പോള്‍ അഹറോന് കാളക്കുട്ടിയുടെ മുന്പില് ഒരു ബലിപീഠം പണിതിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു: നാളെ കര്‍ത്താവിന്റെ ഉത്സവദിനമായിരിക്കും.
6 : അവര്‍ പിറ്റേന്ന് അതിരാവിലെ ഉണര്‍ന്ന് ദഹനയാഗങ്ങളും അനുരഞ്ജനയാഗങ്ങളും അര്‍പ്പിച്ചു; ജനം തീനും കുടിയും കഴിഞ്ഞ് വിനോദങ്ങളിലേര്‍പ്പെട്ടു.
7 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഉടനെ താഴേക്കുചെല്ലുക. നീ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു.
8 : ഞാന്‍ നിര്‍ദേശിച്ച മാര്‍ഗത്തില്‍നിന്ന് അവര്‍ പെട്ടെന്നു വ്യതിചലിച്ചിരിക്കുന്നു. അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത് അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇസ്രായേലേ, നിന്നെ ഈ ജിപ്തില്‍നിന്നു കൊണ്ടുവന്ന ദേവന്മാര് ഇതാ എന്ന് അവര്‍ പറഞ്ഞിരിക്കുന്നു.
9 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇവര്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണെന്ന് ഞാന്‍ കണ്ടുകഴിഞ്ഞു.
10 : അതിനാല്‍, എന്നെതടയരുത്; എന്റെ ക്രോധം ആളിക്കത്തി അവരെ വിഴുങ്ങിക്കളയട്ടെ. എന്നാല്‍, നിന്നില്‍നിന്ന് ഒരു വലിയ ജനതയെ ഞാന്‍ പുറപ്പെടുവിക്കും.
11 : മോശ ദൈവമായ കര്‍ത്താവിനോടു കാരുണ്യംയാചിച്ചുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, വലിയ ശക്തിയോടും കരബലത്തോടുംകൂടെ അങ്ങുതന്നെ ഈജിപ്തില്‍നിന്നു പുറത്തു കൊണ്ടുവന്ന അങ്ങയുടെ ജനത്തിനെതിരേ അവിടുത്തെ ക്രോധം ജ്വലിക്കുന്നതെന്ത്?
12 : മലകളില്‍വച്ചു കൊന്നുകളയുന്നതിനും ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നതിനുമുള്ള ദുരുദ്ദേശ്യത്തോടുകൂടിയാണ് അവന് അവരെ കൊണ്ടുപോയത് എന്ന് ഈജിപ്തുകാര്‍ പറയാനിടവരുത്തുന്നതെന്തിന്? അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ! അങ്ങയുടെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്നു പിന്മാറണമേ!
13 : അവിടുത്തെ ദാസന്മാരായ അബ്രാഹത്തെയും ഇസഹാക്കിനെയും ഇസ്രായേലിനെയും ഓര്‍ക്കണമേ! നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഞാന്‍ വര്‍ധിപ്പിക്കും, ഞാന്‍ വാഗ്ദാനംചെയ്തിട്ടുള്ള ഈ നാടു മുഴുവന്‍ നിങ്ങളുടെ സന്തതികള്‍ക്കു ഞാന്‍ നല്‍കും, അവര്‍ അത് എന്നേക്കും കൈവശമാക്കുകയും ചെയ്യും എന്ന് അവിടുന്നുതന്നെ ശപഥം ചെയ്തു പറഞ്ഞിട്ടുണ്ടല്ലോ. കര്‍ത്താവു ശാന്തനായി.
14 : തന്റെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്ന് അവിടുന്നു പിന്മാറി.
15 : മോശ കൈകളില്‍ രണ്ട് ഉടമ്പടിപ്പത്രികകളുമായി താഴേക്കിറങ്ങി. പലകകളുടെ ഇരുവശങ്ങളിലും എഴുത്തുണ്ടായിരുന്നു.
16 : പലകകള്‍ ദൈവത്തിന്റെ കൈവേലയും അവയില്‍ കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തുമായിരുന്നു.
17 : ജനങ്ങള്‍ അട്ടഹസിക്കുന്ന സ്വരം കേട്ടപ്പോള്‍ ജോഷ്വ മോശയോടു പറഞ്ഞു: പാളയത്തില്‍ യുദ്ധത്തിന്റെ ശബ്ദം മുഴങ്ങുന്നു.
18 : എന്നാല്‍, മോശ പറഞ്ഞു: ഞാന്‍ കേള്‍ക്കുന്നത് വിജയത്തിന്റെ അട്ടഹാസമോ പരാജയത്തിന്റെ മുറവിളിയോ അല്ല; പാട്ടുപാടുന്ന ശബ്ദമാണ്.
19 : മോശ പാളയത്തിനടുത്തെത്തിയപ്പോള്‍ കാളക്കുട്ടിയെ കണ്ടു; അവര്‍ നൃത്തം ചെയ്യുന്നതും കണ്ടു; അവന്റെ കോപം ആളിക്കത്തി. അവന് കല്പലകകള് വലിച്ചെറിഞ്ഞ് മലയുടെ അടിവാരത്തില്‍ വച്ച് അവ തകര്‍ത്തുകളഞ്ഞു.
20 : അവന് കാളക്കുട്ടിയെ എടുത്തു തീയിലിട്ടുചുട്ടു; അത് ഇടിച്ചുപൊടിച്ചു പൊടി വെള്ളത്തില്‍ക്കലക്കി ഇസ്രായേല്‍ ജനത്തെക്കൊണ്ടു കുടിപ്പിച്ചു:
21 : മോശ അഹറോനോടു ചോദിച്ചു: നീ ഈ ജനത്തിന്റെ മേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാന് അവര്‍ നിന്നോട് എന്തുചെയ്തു?
22 : അഹറോന് പറഞ്ഞു: അങ്ങയുടെ കോപം ജ്വലിക്കാതിരിക്കട്ടെ. ഈ ജനത്തിന് തിന്മയിലേക്കുള്ള ചായ്വ് അങ്ങേക്കറിവുള്ളതാണല്ലോ.
23 : അവര്‍ എന്നോടു പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ ഞങ്ങള്‍ക്കു ദേവന്മാരെ ഉണ്ടാക്കിത്തരുക. എന്തെന്നാല്‍, ഈജിപ്തില്‍നിന്നു ഞങ്ങളെ കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തുസംഭവിച്ചു എന്നു ഞങ്ങള്‍ക്കറിവില്ല.
24 : ഞാന്‍ പറഞ്ഞു: സ്വര്‍ണം കൈവശമുള്ളവര്‍ അതു കൊണ്ടുവരട്ടെ. അവര്‍ കൊണ്ടുവന്നു. ഞാന്‍ അതു തീയിലിട്ടു. അപ്പോള്‍ ഈ കാളക്കുട്ടി പുറത്തുവന്നു.
25 : ജനത്തിന്റെ അഴിഞ്ഞാട്ടം മോശ കണ്ടു. ശത്രുക്കളുടെയിടയില്‍ സ്വയം ലജ്ജിതരാകത്തക്കവിധം അഴിഞ്ഞാടുന്നതിന് അഹറോന് അവരെ അനുവദിച്ചിരുന്നു.
26 : മോശ പാളയത്തിന്റെ വാതില്ക്കല് നിന്നുകൊണ്ടു പറഞ്ഞു: കര്‍ത്താവിന്റെ പക്ഷത്തുള്ളവര്‍ എന്റെ അടുത്തേക്കു വരട്ടെ. ലേവിയുടെ പുത്രന്മാരെല്ലാവരും അവന്റെ അടുക്കല്‍ ഒന്നിച്ചുകൂടി.
27 : അവന് അവരോടു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു. ഓരോ മനുഷ്യനും തന്റെ വാള് പാര്‍ശ്വത്തില്‍ ധരിക്കട്ടെ. പാളയത്തിലുടനീളം കവാടംതോറും ചെന്ന് ഓരോരുത്തനും തന്റെ സഹോദരനെയും സ്നേഹിതനെയും അയല്‍ക്കാരനെയും നിഗ്രഹിക്കട്ടെ.
28 : ലേവിയുടെ പുത്രന്മാര് മോശയുടെ കല്പനയനുസരിച്ചു പ്രവര്‍ത്തിച്ചു. അന്നേദിവസം മൂവായിരത്തോളം പേര് മരിച്ചു വീണു.
29 : മോശ പറഞ്ഞു: കര്‍ത്താവിന്റെ ശുശ്രൂഷയ്ക്കായി ഇന്നു നിങ്ങള്‍ നിങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നു. ഓരോരുത്തനും തന്റെ പുത്രനും സഹോദരനുമെതിരായി നിന്നതുകൊണ്ട് കര്‍ത്താവ് നിങ്ങള്‍ക്ക് ഇന്ന് ഒരനുഗ്രഹം തരും.
30 : പിറേറദിവസം മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ കഠിനപാപം ചെയ്തിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ കര്‍ത്താവിന്റെ അടുത്തേക്കു കയറിച്ചെല്ലാം; നിങ്ങളുടെ പാപത്തിനു പരിഹാരംചെയ്യാന്‍ എനിക്ക് കഴിഞ്ഞേക്കും.
31 : മോശ കര്‍ത്താവിന്റെയടുക്കല്‍ തിരിച്ചു ചെന്നു പറഞ്ഞു: ഈ ജനം ഒരു വലിയ പാപം ചെയ്തുപോയി. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണംകൊണ്ടു ദേവന്മാരെ നിര്‍മിച്ചു.
32 : അവിടുന്നു കനിഞ്ഞ് അവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കില്‍, അവിടുന്ന് എഴുതിയിട്ടുള്ള പുസ്തകത്തില്‍ നിന്ന് എന്റെ പേരു മായിച്ചു കളഞ്ഞാലും.
33 : അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: എനിക്കെതിരായി പാപം ചെയ്തവനെയാണ് എന്റെ പുസ്തകത്തില്‍ നിന്നും ഞാന്‍ തുടച്ചുനീക്കുക.
34 : നീ പോയി ഞാന്‍ നിന്നോടു പറഞ്ഞിട്ടുള്ള സ്ഥലത്തേക്കു ജനത്തെ നയിക്കുക. എന്റെ ദൂതന് നിന്റെ മുന്‍പേ പോകും. എങ്കിലും ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന ദിവസം അവരുടെ പാപങ്ങളെ പ്രതി അവരെ ശിക്ഷിക്കും.
35 : കാളക്കുട്ടിയെ നിര്‍മിക്കാന്‍ അവര്‍ അഹറോനെ നിര്‍ബന്ധിച്ചതിനാല്‍ കര്‍ത്താവ് അവരുടെ മേല്‍ മഹാമാരി അയച്ചു.
0 comments:
Post a Comment