ബൈബിൾ പഠനം - Leviticus 2 & 3
അദ്ധ്യായം 2
ധാന്യബലി
1 : ആരെങ്കിലും കര്‍ത്താവിനു ധാന്യബലി അര്‍പ്പിക്കുന്നെങ്കില്‍ ബലിവസ്തു നേര്‍മയുള്ള മാവായിരിക്കണം. അതില്‍ എണ്ണയൊഴിക്കുകയും കുന്തുരുക്കമിടുകയും ചെയ്യണം.
2 : അത് അഹറോന്റെ പുത്രന്മാരായ പുരോഹിതരുടെ മുന്പില് കൊണ്ടുവരണം. പുരോഹിതന് ഒരു കൈ മാവും എണ്ണയും കുന്തുരുക്കം മുഴുവനും എടുത്തു സ്മരണാംശമായി ബലിപീഠത്തില്‍ ദഹിപ്പിക്കണം. അത് അഗ്നിയിലുള്ള ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും.
3 : ധാന്യബലിവസ്തുവില്‍ ശേഷിച്ച ഭാഗം അഹറോനും പുത്രന്മാര്ക്കുമുള്ളതാണ്. കര്‍ത്താവിനുള്ള ദഹനബലികളില്‍ ഏറ്റവും വിശുദ്ധമാണിത്.
4 : ധാന്യബലിക്കുള്ള കാഴ്ചവസ്തു അടുപ്പില്‍ ചുട്ടെടുത്തതാണെങ്കില്‍ അതു നേരിയമാവില്‍ എണ്ണ ചേര്‍ത്തുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പമോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത അടയോ ആയിരിക്കണം.
5 : നിന്റെ ധാന്യബലിക്കുള്ള കാഴ്ചവസ്തു വറചട്ടിയില്‍ പാകപ്പെടുത്തിയതാണെങ്കില്‍ അതു പുളിപ്പില്ലാത്ത നേരിയമാവില്‍ എണ്ണ ചേര്‍ത്തുണ്ടാക്കിയതായിരിക്കണം.
6 : കഷണങ്ങളായി മുറിച്ച് അതില്‍ എണ്ണയൊഴിക്കണം. അത് ഒരു ധാന്യബലിയാണ്.
7 : ധാന്യബലിക്കുള്ള കാഴ്ചവസ്തു ഉരുളിയില്‍ പാകപ്പെടുത്തിയതാണെങ്കില്‍ അത് നേരിയമാവില്‍ എണ്ണചേര്‍ത്ത് ഉണ്ടാക്കിയതായിരിക്കണം.
8 : ഇവകൊണ്ടുണ്ടാക്കിയ ധാന്യബലി കര്‍ത്താവിനു കൊണ്ടുവരുമ്പോള്‍ അതു പുരോഹിതനെ ഏല്പിക്കണം. അവന് അതു ബലിപീഠത്തിലേയ്ക്കു കൊണ്ടുവരണം.
9 : പുരോഹിതന് ധാന്യബലിയില്‍നിന്നു സ്മരണാംശമെടുത്ത് ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അത് അഗ്നിയിലുള്ള ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും.
10 : ധാന്യബലിവസ്തുവില്‍ ശേഷിക്കുന്നത് അഹറോനും പുത്രന്മാര്ക്കുമുള്ളതാണ്. കര്‍ത്താവിനുള്ള ദഹനബലികളില്‍ ഏറ്റവും വിശുദ്ധമാണിത്.
11 : കര്‍ത്താവിനു നിങ്ങള്‍ കൊണ്ടുവരുന്ന ധാന്യബലി പുളിപ്പു ചേര്ത്തതായിരിക്കരുത്. ദഹനബലിയായി പുളിമാവോ തേനോ അര്‍പ്പിക്കരുത്.
12 : എന്നാല്‍, അവ ആദ്യഫലങ്ങളായി കര്‍ത്താവിനു സമര്‍പ്പിക്കാം. അവ ഒരിക്കലും കര്‍ത്താവിനു സുരഭിലബലിയായി ദഹിപ്പിക്കരുത്. ധാന്യബലിക്കെല്ലാം ഉപ്പുചേര്‍ക്കണം.
13 : ധാന്യബലിയില്‍ നിന്നു നിന്റെ ദൈവത്തിന്റെ ഉടമ്പടിയുടെ ഉപ്പു നീക്കിക്കളയരുത്. എല്ലാ ധാന്യബലിയോടുംകൂടെ ഉപ്പു സമര്‍പ്പിക്കണം.
14 : ആദ്യഫലങ്ങള്‍ കര്‍ത്താവിനു ധാന്യബലിയായി സമര്‍പ്പിക്കുന്നെങ്കില്‍ പുതിയ കതിരുകളില്‍നിന്നുള്ള മണികള്‍ തീയില്‍ ഉണക്കിപ്പൊടിച്ചു സമര്‍പ്പിക്കണം.
15 : അതില്‍ എണ്ണയൊഴിക്കുകയും കുന്തുരുക്കമിടുകയും വേണം. അത് ഒരു ധാന്യബലിയാണ്.
16 : പൊടിച്ച മാവില്‍നിന്നും എണ്ണയില്‍നിന്നും സ്മരണാംശമെടുത്ത് കുന്തുരുക്കം മുഴുവനുംകൂടി പുരോഹിതന് ദഹിപ്പിക്കണം. അതു കര്‍ത്താവിനുള്ള ദഹനബലിയാണ്.
അദ്ധ്യായം 3
സമാധാനബലി
1 : സമാധാനബലിക്കായി കാലിക്കൂട്ടത്തില് നിന്നാണു കര്‍ത്താവിനു കാഴ്ചകൊണ്ടുവരുന്നതെങ്കില്‍, അത് ഊനമറ്റ കാളയോ പശുവോ ആയിരിക്കണം.
2 : ബലിമൃഗത്തിന്റെ തലയില്‍ കൈ വയ്ക്കുകയും സമാഗമകൂടാരത്തിന്റെ വാതില്ക്കല്വച്ച് അതിനെ കൊല്ലുകയും വേണം. അഹറോന്റെ പുത്രന്മാരായ പുരോഹിതന്മാര് അതിന്റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം.
3 : സമാധാന ബലിമൃഗത്തിന്റെ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്സ് കര്‍ത്താവിനു ദഹനബലിക്കായി എടുക്കണം.
4 : അതിന്റെ ഇരു വൃക്കകളും അവയോടൊപ്പം അരക്കെട്ടിലുള്ള മേദസ്സും കരളിനു മുകളിലുള്ള നെയ്വലയും എടുക്കണം.
5 : അഹറോന്റെ പുത്രന്മാര് അവ ബലിപീഠത്തില്‍ വിറകിനു മുകളില്‍വച്ച് അഗ്നിയില്‍ ദഹിപ്പിക്കണം. അത് ദഹനബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും.
6 : ആട്ടിന്‍കൂട്ടത്തില്‍നിന്നാണു സമാധാന ബലിക്കായി കര്‍ത്താവിനു കാഴ്ച കൊണ്ടുവരുന്നതെങ്കില്‍ അത് ഊനമറ്റ മുട്ടാടോ പെണ്ണാടോ ആയിരിക്കണം.
7 : ആട്ടിന്‍കുട്ടിയെയാണ് ബലിവസ്തുവായി സമര്‍പ്പിക്കുന്നതെങ്കില്‍ അതിനെ കര്‍ത്താവിന്റെ മുമ്പില്‍കൊണ്ടുവരട്ടെ.
8 : അതിന്റെ തലയില്‍ കൈ വച്ചതിനുശേഷം സമാഗമകൂടാരത്തിന്റെ മുന്പില്വച്ച് അതിനെ കൊല്ലണം. അഹറോന്റെ പുത്രന്മാര് അതിന്റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം.
9 : സമാധാന ബലിമൃഗത്തിന്റെ മേദസ്സും ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്സും, നട്ടെല്ലോടു ചേര്‍ത്തു മുറിച്ചെടുത്ത കൊഴുത്ത വാലും കര്‍ത്താവിനു ദഹന ബലിക്കായി എടുക്കണം.
10 : അതിന്റെ ഇരു വൃക്കകളും അവയിലും അരക്കെട്ടിലുമുള്ള മേദസ്സും കരളിനു മുകളിലുള്ള നെയ്വലയും എടുക്കണം.
11 : പുരോഹിതന് അവ കര്‍ത്താവിനു ഭോജനബലിയായി ബലിപീഠത്തില്‍ ദഹിപ്പിക്കണം.
12 : ബലിമൃഗം കോലാടാണെങ്കില്‍ അതിനെ കര്‍ത്താവിന്റെ മുമ്പില്‍ കൊണ്ടുവരണം.
13 : അതിന്റെ തലയില്‍ കൈ വച്ചതിനുശേഷം സമാഗമകൂടാരത്തിന്റെ മുമ്പില്‍വച്ച് അതിനെ കൊല്ലണം. അഹറോന്റെ പുത്രന്മാര് അതിന്റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം.
14 : അതിന്റെ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്സു മുഴുവനും കര്‍ത്താവിനു ദഹനബലിക്കായി എടുക്കണം.
15 : അതിന്റെ ഇരു വൃക്കകളും അവയിലും അരക്കെട്ടിലുമുള്ള മേദസ്സും കരളിനു മുകളിലുള്ള നെയ്വലയും എടുക്കണം.
16 : പുരോഹിതന് അവ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അതു കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി അഗ്നിയില്‍ സമര്‍പ്പിക്കുന്ന ഭോജനബലിയാണ്. മേദസ്സു മുഴുവന്‍ കര്‍ത്താവിനുള്ളതത്രേ.
17 : രക്തവും മേദസ്സും ഭക്ഷിച്ചുകൂടാ എന്നത് നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം തല മുറതോറും എന്നേക്കുമുള്ള ഒരു നിയമമായിരിക്കും.
0 comments:
Post a Comment