ബൈബിൾ പഠനം - Exodus 32-40
അദ്ധ്യായം 32
സ്വര്‍ണംകൊണ്ടുള്ള കാളക്കുട്ടി
1 : മോശ മലയില്‍ നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍, ജനം അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്മാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിവില്ല.
2 : അഹറോന് പറഞ്ഞു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലുള്ള സ്വര്‍ണവളയങ്ങള്‍ ഊരിയെടുത്ത് എന്റെ അടുത്തു കൊണ്ടുവരുവിന്‍.
3 : ജനം തങ്ങളുടെ കാതുകളില്‍നിന്നു സ്വര്‍ണ വളയങ്ങളൂരി അഹറോന്റെ മുന്പില് കൊണ്ടുചെന്നു.
4 : അവന് അവ വാങ്ങി മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു. അപ്പോള്‍ അവര്‍ വിളിച്ചുപറഞ്ഞു: ഇസ്രായേലേ, ഇതാ ഈജിപ്തില്‍നിന്നു നിന്നെ കൊണ്ടുവന്ന ദേവന്മാര്.
5 : അതു കണ്ടപ്പോള്‍ അഹറോന് കാളക്കുട്ടിയുടെ മുന്പില് ഒരു ബലിപീഠം പണിതിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു: നാളെ കര്‍ത്താവിന്റെ ഉത്സവദിനമായിരിക്കും.
6 : അവര്‍ പിറ്റേന്ന് അതിരാവിലെ ഉണര്‍ന്ന് ദഹനയാഗങ്ങളും അനുരഞ്ജനയാഗങ്ങളും അര്‍പ്പിച്ചു; ജനം തീനും കുടിയും കഴിഞ്ഞ് വിനോദങ്ങളിലേര്‍പ്പെട്ടു.
7 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഉടനെ താഴേക്കുചെല്ലുക. നീ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു.
8 : ഞാന്‍ നിര്‍ദേശിച്ച മാര്‍ഗത്തില്‍നിന്ന് അവര്‍ പെട്ടെന്നു വ്യതിചലിച്ചിരിക്കുന്നു. അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത് അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇസ്രായേലേ, നിന്നെ ഈ ജിപ്തില്‍നിന്നു കൊണ്ടുവന്ന ദേവന്മാര് ഇതാ എന്ന് അവര്‍ പറഞ്ഞിരിക്കുന്നു.
9 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇവര്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണെന്ന് ഞാന്‍ കണ്ടുകഴിഞ്ഞു.
10 : അതിനാല്‍, എന്നെതടയരുത്; എന്റെ ക്രോധം ആളിക്കത്തി അവരെ വിഴുങ്ങിക്കളയട്ടെ. എന്നാല്‍, നിന്നില്‍നിന്ന് ഒരു വലിയ ജനതയെ ഞാന്‍ പുറപ്പെടുവിക്കും.
11 : മോശ ദൈവമായ കര്‍ത്താവിനോടു കാരുണ്യംയാചിച്ചുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, വലിയ ശക്തിയോടും കരബലത്തോടുംകൂടെ അങ്ങുതന്നെ ഈജിപ്തില്‍നിന്നു പുറത്തു കൊണ്ടുവന്ന അങ്ങയുടെ ജനത്തിനെതിരേ അവിടുത്തെ ക്രോധം ജ്വലിക്കുന്നതെന്ത്?
12 : മലകളില്‍വച്ചു കൊന്നുകളയുന്നതിനും ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നതിനുമുള്ള ദുരുദ്ദേശ്യത്തോടുകൂടിയാണ് അവന് അവരെ കൊണ്ടുപോയത് എന്ന് ഈജിപ്തുകാര്‍ പറയാനിടവരുത്തുന്നതെന്തിന്? അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ! അങ്ങയുടെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്നു പിന്മാറണമേ!
13 : അവിടുത്തെ ദാസന്മാരായ അബ്രാഹത്തെയും ഇസഹാക്കിനെയും ഇസ്രായേലിനെയും ഓര്‍ക്കണമേ! നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഞാന്‍ വര്‍ധിപ്പിക്കും, ഞാന്‍ വാഗ്ദാനംചെയ്തിട്ടുള്ള ഈ നാടു മുഴുവന്‍ നിങ്ങളുടെ സന്തതികള്‍ക്കു ഞാന്‍ നല്‍കും, അവര്‍ അത് എന്നേക്കും കൈവശമാക്കുകയും ചെയ്യും എന്ന് അവിടുന്നുതന്നെ ശപഥം ചെയ്തു പറഞ്ഞിട്ടുണ്ടല്ലോ. കര്‍ത്താവു ശാന്തനായി.
14 : തന്റെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്ന് അവിടുന്നു പിന്മാറി.
15 : മോശ കൈകളില്‍ രണ്ട് ഉടമ്പടിപ്പത്രികകളുമായി താഴേക്കിറങ്ങി. പലകകളുടെ ഇരുവശങ്ങളിലും എഴുത്തുണ്ടായിരുന്നു.
16 : പലകകള്‍ ദൈവത്തിന്റെ കൈവേലയും അവയില്‍ കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തുമായിരുന്നു.
17 : ജനങ്ങള്‍ അട്ടഹസിക്കുന്ന സ്വരം കേട്ടപ്പോള്‍ ജോഷ്വ മോശയോടു പറഞ്ഞു: പാളയത്തില്‍ യുദ്ധത്തിന്റെ ശബ്ദം മുഴങ്ങുന്നു.
18 : എന്നാല്‍, മോശ പറഞ്ഞു: ഞാന്‍ കേള്‍ക്കുന്നത് വിജയത്തിന്റെ അട്ടഹാസമോ പരാജയത്തിന്റെ മുറവിളിയോ അല്ല; പാട്ടുപാടുന്ന ശബ്ദമാണ്.
19 : മോശ പാളയത്തിനടുത്തെത്തിയപ്പോള്‍ കാളക്കുട്ടിയെ കണ്ടു; അവര്‍ നൃത്തം ചെയ്യുന്നതും കണ്ടു; അവന്റെ കോപം ആളിക്കത്തി. അവന് കല്പലകകള് വലിച്ചെറിഞ്ഞ് മലയുടെ അടിവാരത്തില്‍ വച്ച് അവ തകര്‍ത്തുകളഞ്ഞു.
20 : അവന് കാളക്കുട്ടിയെ എടുത്തു തീയിലിട്ടുചുട്ടു; അത് ഇടിച്ചുപൊടിച്ചു പൊടി വെള്ളത്തില്‍ക്കലക്കി ഇസ്രായേല്‍ ജനത്തെക്കൊണ്ടു കുടിപ്പിച്ചു:
21 : മോശ അഹറോനോടു ചോദിച്ചു: നീ ഈ ജനത്തിന്റെ മേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാന് അവര്‍ നിന്നോട് എന്തുചെയ്തു?
22 : അഹറോന് പറഞ്ഞു: അങ്ങയുടെ കോപം ജ്വലിക്കാതിരിക്കട്ടെ. ഈ ജനത്തിന് തിന്മയിലേക്കുള്ള ചായ്വ് അങ്ങേക്കറിവുള്ളതാണല്ലോ.
23 : അവര്‍ എന്നോടു പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ ഞങ്ങള്‍ക്കു ദേവന്മാരെ ഉണ്ടാക്കിത്തരുക. എന്തെന്നാല്‍, ഈജിപ്തില്‍നിന്നു ഞങ്ങളെ കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തുസംഭവിച്ചു എന്നു ഞങ്ങള്‍ക്കറിവില്ല.
24 : ഞാന്‍ പറഞ്ഞു: സ്വര്‍ണം കൈവശമുള്ളവര്‍ അതു കൊണ്ടുവരട്ടെ. അവര്‍ കൊണ്ടുവന്നു. ഞാന്‍ അതു തീയിലിട്ടു. അപ്പോള്‍ ഈ കാളക്കുട്ടി പുറത്തുവന്നു.
25 : ജനത്തിന്റെ അഴിഞ്ഞാട്ടം മോശ കണ്ടു. ശത്രുക്കളുടെയിടയില്‍ സ്വയം ലജ്ജിതരാകത്തക്കവിധം അഴിഞ്ഞാടുന്നതിന് അഹറോന് അവരെ അനുവദിച്ചിരുന്നു.
26 : മോശ പാളയത്തിന്റെ വാതില്ക്കല് നിന്നുകൊണ്ടു പറഞ്ഞു: കര്‍ത്താവിന്റെ പക്ഷത്തുള്ളവര്‍ എന്റെ അടുത്തേക്കു വരട്ടെ. ലേവിയുടെ പുത്രന്മാരെല്ലാവരും അവന്റെ അടുക്കല്‍ ഒന്നിച്ചുകൂടി.
27 : അവന് അവരോടു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു. ഓരോ മനുഷ്യനും തന്റെ വാള് പാര്‍ശ്വത്തില്‍ ധരിക്കട്ടെ. പാളയത്തിലുടനീളം കവാടംതോറും ചെന്ന് ഓരോരുത്തനും തന്റെ സഹോദരനെയും സ്നേഹിതനെയും അയല്‍ക്കാരനെയും നിഗ്രഹിക്കട്ടെ.
28 : ലേവിയുടെ പുത്രന്മാര് മോശയുടെ കല്പനയനുസരിച്ചു പ്രവര്‍ത്തിച്ചു. അന്നേദിവസം മൂവായിരത്തോളം പേര് മരിച്ചു വീണു.
29 : മോശ പറഞ്ഞു: കര്‍ത്താവിന്റെ ശുശ്രൂഷയ്ക്കായി ഇന്നു നിങ്ങള്‍ നിങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നു. ഓരോരുത്തനും തന്റെ പുത്രനും സഹോദരനുമെതിരായി നിന്നതുകൊണ്ട് കര്‍ത്താവ് നിങ്ങള്‍ക്ക് ഇന്ന് ഒരനുഗ്രഹം തരും.
30 : പിറേറദിവസം മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ കഠിനപാപം ചെയ്തിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ കര്‍ത്താവിന്റെ അടുത്തേക്കു കയറിച്ചെല്ലാം; നിങ്ങളുടെ പാപത്തിനു പരിഹാരംചെയ്യാന്‍ എനിക്ക് കഴിഞ്ഞേക്കും.
31 : മോശ കര്‍ത്താവിന്റെയടുക്കല്‍ തിരിച്ചു ചെന്നു പറഞ്ഞു: ഈ ജനം ഒരു വലിയ പാപം ചെയ്തുപോയി. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണംകൊണ്ടു ദേവന്മാരെ നിര്‍മിച്ചു.
32 : അവിടുന്നു കനിഞ്ഞ് അവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കില്‍, അവിടുന്ന് എഴുതിയിട്ടുള്ള പുസ്തകത്തില്‍ നിന്ന് എന്റെ പേരു മായിച്ചു കളഞ്ഞാലും.
33 : അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: എനിക്കെതിരായി പാപം ചെയ്തവനെയാണ് എന്റെ പുസ്തകത്തില്‍ നിന്നും ഞാന്‍ തുടച്ചുനീക്കുക.
34 : നീ പോയി ഞാന്‍ നിന്നോടു പറഞ്ഞിട്ടുള്ള സ്ഥലത്തേക്കു ജനത്തെ നയിക്കുക. എന്റെ ദൂതന് നിന്റെ മുന്‍പേ പോകും. എങ്കിലും ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന ദിവസം അവരുടെ പാപങ്ങളെ പ്രതി അവരെ ശിക്ഷിക്കും.
35 : കാളക്കുട്ടിയെ നിര്‍മിക്കാന്‍ അവര്‍ അഹറോനെ നിര്‍ബന്ധിച്ചതിനാല്‍ കര്‍ത്താവ് അവരുടെ മേല്‍ മഹാമാരി അയച്ചു.
അദ്ധ്യായം 33
സീനായ് വിടാന്‍ കല്പന
1 : കര്‍ത്താവു മോശയോടു കല്പിച്ചു: നീയും ഈജിപ്തില്‍ നിന്നു നീ കൂട്ടിക്കൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ട്, അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും അവരുടെ സന്തതികള്‍ക്കായി നല്കുമെന്നു ഞാന്‍ ശപഥം ചെയ്തിട്ടുള്ള നാട്ടിലേക്കു പോവുക.
2 : ഞാന്‍ നിങ്ങള്‍ക്കു മുന്‍പേ ഒരു ദൂതനെ അയയ്ക്കും. കാനാന്‍കാരെയും അമോര്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ ഓടിച്ചുകളയും.
3 : തേനും പാലുമൊഴുകുന്ന നാട്ടിലേക്കു പോകുവിന്‍. ഞാന്‍ നിങ്ങളുടെകൂടെ വരുന്നില്ല; വന്നാല്‍ നിങ്ങളുടെ ദുശ്ശാഠ്യം നിമിത്തം വഴിയില്‍വച്ചു നിങ്ങളെ നശിപ്പിച്ചുകളയും.
4 : അശുഭമായ ഈ വാര്‍ത്തകേട്ട് അവര്‍ വിലപിച്ചു. ആരും ആഭരങ്ങളണിഞ്ഞില്ല.
5 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തിരുന്നു: നീ ഇസ്രായേല്‍ക്കാരോടു പറയുക; നിങ്ങള്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണ്. ഒരു നിമിഷത്തേക്കു നിങ്ങളുടെകൂടെ സഞ്ചരിച്ചാല്‍മതി നിങ്ങളെ ഞാന്‍ നശിപ്പിച്ചുകളയും. നിങ്ങളുടെ ആഭരണങ്ങള്‍ അഴിച്ചുമാറ്റുവിന്‍. നിങ്ങളോടെന്തു ചെയ്യണമെന്നു ഞാന്‍ നിശ്ചയിക്കും.
6 : ഹോറെബുമലയുടെ സമീപത്തുവച്ച് ഇസ്രായേല്‍ജനം ആഭരണങ്ങള്‍ അഴിച്ചു മാറ്റി.
സമാഗമകൂടാരം
7 : പാളയത്തിനു പുറത്ത് അകലെയായി മോശ ഒരു കൂടാരമടിക്കുക പതിവായിരുന്നു. അവന് അതിനെ സമാഗമകൂടാരമെന്നു വിളിച്ചു. കര്‍ത്താവിന്റെ ഹിതം അറിയാന്‍ ആഗ്രഹിച്ചവരൊക്കെ പാളയത്തിനു വെളിയിലുള്ള ഈ കൂടാരത്തിലേക്കു പോയിരുന്നു.
8 : മോശ ഈ കൂടാരത്തിലേക്കു പോകുന്ന അവസരങ്ങളിലൊക്കെ ജനം എഴുന്നേറ്റ് ഓരോരുത്തനും സ്വന്തം കൂടാരത്തിന്റെ വാതില്ക്കല് നിന്നുകൊണ്ട്, മോശ കൂടാരത്തിനുള്ളില്‍ കടക്കുന്നതുവരെ അവനെ വീക്ഷിച്ചിരുന്നു.
9 : മോശ കൂടാരത്തില്‍ പ്രവേശിക്കുമ്പോള്‍ മേഘസ്തംഭം ഇറങ്ങിവന്നു കൂടാരവാതില്ക്കല് നില്ക്കും. അപ്പോള്‍ കര്‍ത്താവു മോശയോടു സംസാരിക്കും.
10 : മേഘസ്തംഭം കൂടാരവാതില്ക്കല് നില്ക്കുന്നതു കാണുമ്പോള്‍ ജനം എഴുന്നേറ്റ് ഓരോരുത്തനും സ്വന്തം കൂടാരത്തിന്റെ വാതില്ക്കല് കുമ്പിട്ടാരാധിച്ചിരുന്നു.
11 : സ്നേഹിതനോടെന്നപോലെ കര്‍ത്താവു മോശയോടു മുഖാഭിമുഖം സംസാരിച്ചിരുന്നു. അതിനുശേഷം, മോശ പാളയത്തിലേക്കു മടങ്ങിപ്പോകും. എന്നാല്‍ അവന്റെ സേവകനും നൂനിന്റെ പുത്രനുമായ ജോഷ്വ എന്നയുവാവ് കൂടാരത്തെ വിട്ടു പോയിരുന്നില്ല.
കര്‍ത്താവ് ജനത്തോടുകൂടെ
12 : മോശ കര്‍ത്താവിനോടു പറഞ്ഞു: ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോട് ആജ്ഞാപിക്കുന്നു. എന്നാല്‍, ആരെയാണ് എന്റെ കൂടെ അയയ്ക്കുക എന്ന് അറിയിച്ചിട്ടില്ല. എന്നിട്ടും, എനിക്കു നിന്നെ നന്നായിട്ടറിയാം, നീ എന്റെ പ്രീതി നേടിയിരിക്കുന്നു എന്ന് അവിടുന്നു പറയുന്നു.
13 : അങ്ങ് എന്നില്‍ സംപ്രീതനാണെങ്കില്‍ അങ്ങയുടെ വഴികള്‍ എനിക്കു കാണിച്ചുതരുക. അങ്ങനെ, ഞാന്‍ അങ്ങയെ അറിയുകയും പ്രീതിപ്പെടുത്തുകയും ചെയ്യട്ടെ. ഈ ജനത അങ്ങയുടെ സ്വന്തം ജനമാണെന്ന് ഓര്‍മിച്ചാലും.
14 : കര്‍ത്താവു പറഞ്ഞു: ഞാന്‍ തന്നെ നിന്നോടുകൂടെ വരുകയും നിനക്ക് ആശ്വാസം നല്‍കുകയും ചെയ്യും.
15 : മോശ പറഞ്ഞു: അങ്ങു ഞങ്ങളോടുകൂടെ വരുകയില്ലെങ്കില്‍, ഞങ്ങളെ ഇവിടെനിന്നു പറഞ്ഞയയ്ക്കരുത്.
16 : അങ്ങു പോരുന്നില്ലെങ്കില്‍, അങ്ങ് എന്നിലും അങ്ങയുടെ ജനത്തിലും സംപ്രീതനാണെന്ന് എങ്ങനെ വെളിപ്പെടും? അങ്ങു ഞങ്ങളോടൊത്തു യാത്ര ചെയ്യുമെങ്കില്‍, ഞാനും അങ്ങയുടെ ജനവും ഭൂമുഖത്തുള്ള എല്ലാ ജനതകളിലും നിന്നു വ്യത്യസ്തരായിരിക്കും.
17 : കര്‍ത്താവു മോശയോടു പറഞ്ഞു: നീ ആവശ്യപ്പെട്ട ഈ കാര്യവും ഞാന്‍ ചെയ്യും. എന്തെന്നാല്‍, നീ എന്റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്കു നന്നായി അറിയാം.
18 : മോശ പറഞ്ഞു: അങ്ങയുടെ മഹത്വം എനിക്കു കാണിച്ചുതരണമെന്നു ഞാന്‍ അപേക്ഷിക്കുന്നു.
19 : അവിടുന്ന് അരുളിച്ചെയ്തു: എന്റെ മഹത്വം നിന്റെ മുന്‍പിലൂടെ കടന്നുപോകും. കര്‍ത്താവ് എന്ന എന്റെ നാമം നിന്റെ മുന്പില് ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്യും. എനിക്ക് ഇഷ്ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും. എനിക്ക് ഇഷ്ടമുള്ളവനോടു ഞാന്‍ കരുണ കാണിക്കും.
20 : അവിടുന്നു തുടര്‍ന്നു: നീ എന്റെ മുഖം കണ്ടുകൂടാ; എന്തെന്നാല്‍, എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല.
21 : കര്‍ത്താവു പറഞ്ഞു: ഇതാ എന്റെ അടുത്തുള്ള ഈ പാറമേല്‍ നീ നില്ക്കുക.
22 : എന്റെ മഹത്വം കടന്നു പോകുമ്പോള്‍ നിന്നെ ഈ പാറയുടെ ഒരിടുക്കില്‍ ഞാന്‍ നിര്‍ത്തും. ഞാന്‍ കടന്നുപോകുമ്പോള്‍ എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും.
23 : അതിനുശേഷം ഞാന്‍ കൈ മാറ്റും. അപ്പോള്‍ നിനക്ക് എന്റെ പിന്‍ഭാഗം കാണാം. എന്നാല്‍ എന്റെ മുഖം നീ കാണുകയില്ല.
അദ്ധ്യായം 34
വീണ്ടും ഉടമ്പടിപ്പത്രിക
1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ആദ്യത്തേതുപോലുള്ള രണ്ടു കല്പലക ചെത്തിയെടുക്കുക. നീ ഉടച്ചുകളഞ്ഞ പലകകളിലുണ്ടായിരുന്ന വാക്കുകള്‍ തന്നെ ഞാന്‍ അതില്‍ എഴുതാം.
2 : പ്രഭാതത്തില്‍ത്തന്നെ തയ്യാറായി, സീനായ്മലമുകളില്‍ എന്റെ മുന്പില് നീ സന്നിഹിതനാകണം.
3 : ആരും നിന്നോടൊന്നിച്ചു കയറിവരരുത്. മലയിലെങ്ങും ആരും ഉണ്ടായിരിക്കുകയുമരുത്. മലയുടെ അടുത്തെങ്ങും ആടുകളോ മാടുകളോ മേയരുത്.
4 : ആദ്യത്തേതുപോലുളള രണ്ടു കല്പലക മോശ ചെത്തിയെടുത്തു. കര്‍ത്താവു കല്പിച്ചതനുസരിച്ച് അവന് അതിരാവിലെ എഴുന്നേറ്റു കല്പലകകള് കൈയിലെടുത്ത് സീനായ്മലയിലേക്കു കയറിപ്പോയി.
5 : കര്‍ത്താവു മേഘത്തില്‍ ഇറങ്ങി വന്ന് അവന്റെ അടുക്കല്‍ നില്‍ക്കുകയും കര്‍ത്താവ് എന്നതന്റെ നാമം പ്രഖ്യാപിക്കുകയും ചെയ്തു.
6 : അവിടുന്ന് ഇപ്രകാരം ഉദ്ഘോഷിച്ചുകൊണ്ട് അവന്റെ മുന്‍പിലൂടെ കടന്നു പോയി: കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍;
7 : തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കരുണ കാണിക്കുന്നവന്; എന്നാല്‍, കുറ്റവാളിയുടെനേരേ കണ്ണടയ്ക്കാതെ പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്കു മക്കളെയും മക്കളുടെ മക്കളെയും മൂന്നും നാലും തലമുറയോളം ശിക്ഷിക്കുന്നവന്.
8 : മോശ ഉടനെ നിലംപറ്റെ കുമ്പിട്ടാരാധിച്ചു.
9 : അവന് പറഞ്ഞു: അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍, കര്‍ത്താവേ, അങ്ങയോടു ഞാന്‍ അപേക്ഷിക്കുന്നു: ഞങ്ങള്‍ ദുശ്ശാഠ്യക്കാരാണെങ്കിലും അങ്ങു ഞങ്ങളോടുകൂടെ വരണമേ! ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കുകയും ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിക്കുകയും ചെയ്യണമേ!
10 : അവിടുന്ന് അരുളിച്ചെയ്തു: ഇതാ, ഞാന്‍ ഒരു ഉടമ്പടിചെയ്യുന്നു. ലോകത്തിലൊരിടത്തും ഒരു ജനതയുടെയിടയിലും നടന്നിട്ടില്ലാത്ത തരം അദ്ഭുതങ്ങള്‍ നിന്റെ ജനത്തിന്റെ മുന്പില് ഞാന്‍ പ്രവര്‍ത്തിക്കും; നിന്റെ ചുറ്റുമുള്ള ജനതകള്‍ കര്‍ത്താവിന്റെ പ്രവൃത്തി കാണും. നിനക്കുവേണ്ടി ഞാന്‍ ചെയ്യാന്‍ പോകുന്നത് ഭയാനകമായ ഒരു കാര്യമാണ്.
11 : ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്നതു നീ അനുസരിക്കണം. നിന്റെ മുന്പില് നിന്ന് അമോര്യരെയും കാനാന്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ ഓടിക്കും.
12 : നിങ്ങള്‍ പ്രവേശിക്കുന്ന ദേശത്തെ നിവാസികളുമായി ഒരുടമ്പടിയിലുമേര്‍പ്പെടരുത്. ഏര്‍പ്പെട്ടാല്‍, അതു നിങ്ങള്‍ക്ക് ഒരു കെണിയായിത്തീരും.
13 : നിങ്ങള്‍ അവരുടെ ബലിപീഠങ്ങളും വിശുദ്ധ സ്തംഭങ്ങളും തകര്‍ക്കുകയും അഷേരാദേവതയുടെ പ്രതിഷ്ഠകള്‍ നശിപ്പിക്കുകയും ചെയ്യണം.
14 : മറ്റൊരു ദൈവത്തെയും ആരാധിക്കരുത്. എന്തെന്നാല്‍, അസഹിഷ്ണു എന്നു പേരുള്ള കര്‍ത്താവ് അസഹിഷ്ണുവായ ദൈവം തന്നെ.
15 : ആ ദേശത്തെനിവാസികളുമായി നിങ്ങള്‍ ഉടമ്പടിചെയ്യരുത്. ചെയ്താല്‍, തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും അവര്‍ക്കു ബലിയര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ക്ഷണിക്കുകയും അവരുടെ ബലിവസ്തു ഭക്ഷിക്കാന്‍ നിങ്ങള്‍ക്കിടവരുകയും ചെയ്തേക്കാം.
16 : അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാരെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും ആ പുത്രിമാര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും നിങ്ങളുടെ പുത്രന്മാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തെന്നുവരാം.
17 : നിങ്ങള്‍ക്കായി ദേവന്മാരെ വാര്‍ത്തുണ്ടാക്കരുത്.
18 : പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ നിങ്ങള്‍ ആചരിക്കണം. ഞാന്‍ കല്പിച്ചിട്ടുള്ളതുപോലെ അബീബുമാസത്തില്‍ ഏഴു നിശ്ചിത ദിവസങ്ങളില്‍ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. കാരണം, അബീബു മാസത്തിലാണ് നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടത്.
19 : ആദ്യജാതരെല്ലാം എനിക്കുള്ളതാണ്; ആടുമാടുകളുടെ കടിഞ്ഞൂലുകളും എന്റേതാണ്.
20 : കഴുതയുടെ കടിഞ്ഞൂലിനെ ഒരാട്ടിന്‍കുട്ടിയെ നല്കി വീണ്ടെടുക്കാം. വീണ്ടെടുക്കുന്നില്ലെങ്കില്‍, അതിനെ കഴുത്തുഞെരിച്ചു കൊല്ലണം. നിങ്ങളുടെ പുത്രന്മാരില് എല്ലാ ആദ്യജാതരെയും വീണ്ടടുക്കണം. വെറുംകൈയോടെ ആരും എന്റെ മുന്പില് വന്നുകൂടാ. ആറുദിവസം നിങ്ങള്‍ ജോലി ചെയ്യുക.
21 : ഏഴാംദിവസം വിശ്രമിക്കണം; ഉഴവുകാലത്തോകൊയ്ത്തുകാലത്തോ ആയാലും വിശ്രമിക്കണം.
22 : ഗോതമ്പുവിളയുടെ ആദ്യഫലങ്ങള്‍കൊണ്ട് നിങ്ങള്‍ വാരോത്സവം ആഘോഷിക്കണം; വര്‍ഷാവസാനം സംഭരണത്തിരുന്നാളും.
23 : വര്‍ഷത്തില്‍ മൂന്നു തവണ നിങ്ങളുടെ പുരുഷന്മാരെല്ലാവരും ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ മുന്പില് ഹാജരാകണം.
24 : ഞാന്‍ നിങ്ങളുടെ മുന്പില് നിന്നു ജനതകളെ നിഷ്കാസനം ചെയ്യും. നിങ്ങളുടെ അതിര്‍ത്തികള്‍ ഞാന്‍ വിപുലമാക്കും. വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മുമ്പില്‍ ഹാജരാകാന്‍വേണ്ടി നിങ്ങള്‍ പോകുമ്പോള്‍ ആരും നിങ്ങളുടെ ഭൂമി കൈയടക്കാന്‍ ശ്രമിക്കുകയില്ല.
25 : പുളിപ്പുള്ള അപ്പത്തോടൊപ്പം എനിക്കു രക്തബലിയര്‍പ്പിക്കരുത്. പെസഹാത്തിരുനാളിലെ ബലിവസ്തു പ്രഭാതംവരെ അവശേഷിക്കുകയുമരുത്.
26 : ഭൂമിയുടെ ആദ്യഫലങ്ങളില്‍ ഏറ്റവും മികച്ചത് നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തില്‍ കൊണ്ടുവരണം. ആട്ടിന്‍കുട്ടിയെ അതിന്റെ തള്ളയുടെ പാലില്‍ വേവിക്കരുത്.
27 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഈ വചനങ്ങള്‍ രേഖപ്പെടുത്തുക. നിന്നോടും ഇസ്രായേല്‍ ജനത്തോടും ഞാന്‍ ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥകളാണിവ.
28 : മോശ നാല്പതു പകലും നാല്പതു രാവും കര്‍ത്താവിനോടുകൂടെ അവിടെ ചെലവഴിച്ചു. അവന് ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്തില്ല. ഉടമ്പടിയുടെ വചനങ്ങളായ പത്തു പ്രമാണങ്ങള്‍ അവന് പലകകളില്‍ എഴുതി.
29 : രണ്ടു സാക്ഷ്യഫലകങ്ങളും വഹിച്ചുകൊണ്ട് മോശ സീനായ് മലയില്‍നിന്നു താഴേക്കു വന്നു. ദൈവവുമായി സംസാരിച്ചതിനാല്‍ തന്റെ മുഖം തേജോമയമായി എന്നകാര്യം അവന് അറിഞ്ഞില്ല.
30 : അഹറോനും ഇസ്രായേല്‍ജനവും മോശയുടെ മുഖം പ്രശോഭിക്കുന്നതു കണ്ടു. അവനെ സമീപിക്കാന്‍ അവര്‍ ഭയപ്പെട്ടു.
31 : മോശ അവരെ വിളിച്ചു. അഹറോനും സമൂഹനേതാക്കന്മാരും അടുത്തുചെന്നു.
32 : മോശ അവരോടു സംസാരിച്ചു. അനന്തരം, ജനം അടുത്തുചെന്നു. സീനായ്മലയില്‍വച്ചു കര്‍ത്താവു തന്നോടു സംസാരിച്ചതെല്ലാം അവന് അവര്‍ക്കു കല്പനയായി നല്കി.
33 : സംസാരിച്ചു തീര്‍ന്നപ്പോള്‍ മോശ ഒരു മൂടുപടംകൊണ്ടു മുഖം മറച്ചു.
34 : അവന് കര്‍ത്താവിനോടു സംസാരിക്കാന്‍ തിരുമുന്പില് ചെല്ലുമ്പോഴോ, അവിടെനിന്നു പുറത്തുവരുന്നതുവരെയോ മൂടുപടം ധരിച്ചിരുന്നില്ല. അവന് പുറത്തുവന്ന് അവിടുന്ന് തന്നോടു കല്പിച്ചവയെല്ലാം ഇസ്രായേല്‍ ജനത്തോടു പറഞ്ഞിരുന്നു.
35 : ഇസ്രായേല്‍ജനം മോശയുടെ മുഖം കണ്ടു; മോശയുടെ മുഖം പ്രകാശിച്ചിരുന്നു. കര്‍ത്താവിനോടു സംസാരിക്കാന്‍ അകത്തു പ്രവേശിക്കുന്നതുവരെ മോശ മുഖം മറച്ചിരുന്നു.
അദ്ധ്യായം 35
സാബത്തു വിശ്രമം
1 : മോശ ഇസ്രായേല്‍ സമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: നിങ്ങള്‍ അനുഷ്ഠിക്കണമെന്നു കര്‍ത്താവു കല്പിച്ചിട്ടുള്ളത് ഇവയാണ്:
2 : ആറു ദിവസം ജോലിചെയ്യുക. ഏഴാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധ ദിനമായിരിക്കണം - കര്‍ത്താവിനു സമര്‍പ്പിതവും വിശ്രമത്തിനുള്ളതുമായ സാബത്തുദിനം. അന്നു ജോലി ചെയ്യുന്ന ഏവനും വധിക്കപ്പെടണം.
3 : നിങ്ങളുടെ വസതികളില്‍ അന്നു തീ കത്തിക്കരുത്.
കൂടാരനിര്‍മാണത്തിനു കാഴ്ചകള്‍
4 : ഇസ്രായേല്‍ സമൂഹത്തോടു മോശ പറഞ്ഞു: ഇതാണ് കര്‍ത്താവു കല്പിച്ചിരിക്കുന്നത്.
5 : നിങ്ങള്‍ കര്‍ത്താവിനു കാണിക്കകൊണ്ടുവരുവിന്‍. ഉദാരമനസ്കര്‍ കര്‍ത്താവിനു കാഴ്ചകൊണ്ടുവരട്ടെ: സ്വര്‍ണം, വെള്ളി, ഓട്,
6 : നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളിലുള്ള നൂലുകള്‍, നേര്‍മയില്‍ നെയ്തെടുത്ത ചണവസ്ത്രം, കോലാട്ടിന്‍രോമം;
7 : ഊറയ്ക്കിട്ട മുട്ടാടിന്‍തോല്, നിലക്കരടിത്തോല്, കരുവേലത്തടി,
8 : വിളക്കിനുള്ള എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനുമുള്ള സുഗന്ധവസ്തുക്കള്‍;
9 : ഗോമേദകരത്നങ്ങള്‍, എഫോദിനും ഉര സ്ത്രാണത്തിനുമുള്ള രത്നങ്ങള്‍.
10 : നിങ്ങളില്‍ ശില്പവൈദഗ്ധ്യമുള്ളവര്‍ മുന്പോട്ടുവന്ന് കര്‍ത്താവ് ആജ്ഞാപിച്ചിരിക്കുന്നവയെല്ലാം നിര്മിക്കട്ടെ: വിശുദ്ധ കൂടാരം,
11 : അതിന്റെ വിരികള്‍, കൊളുത്തുകള്‍, ചട്ടങ്ങള്‍, അഴികള്‍, തൂണുകള്‍, അവയുടെ പാദകുടങ്ങള്‍;
12 : പേടകം, അതിന്റെ തണ്ടുകള്‍, കൃപാസനം, തിരശ്ശീല;
13 : മേശ, അതിന്റെ തണ്ടുകള്‍, ഉപകരണങ്ങള്‍, തിരുസാന്നിധ്യത്തിന്റെ അപ്പം;
14 : വിളക്കുകാല്, അതിന്റെ ഉപകരണങ്ങള്‍, വിളക്കുകള്‍, എണ്ണ,
15 : ധൂപപീഠം, അതിന്റെ തണ്ടുകള്‍, അഭിഷേകതൈലം, ധൂപത്തിനുള്ള സുഗന്ധദ്രവ്യം, കൂടാരവാതിലിനു വേണ്ട യവനിക;
16 : ദഹന ബലിപീഠം, ഓടുകൊണ്ടുള്ള അതിന്റെ ചട്ടക്കൂട്, തണ്ടുകള്‍, മറ്റുപകരണങ്ങള്‍, ക്ഷാളനപാത്രം, അതിന്റെ പീഠം;
17 : അങ്കണത്തെ മറയ്ക്കുന്ന വിരികള്‍, അവയ്ക്കുള്ള തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, അങ്കണ കവാടത്തിന്റെ യവനിക;
18 : കൂടാരത്തിനും അങ്കണത്തിനും വേണ്ട കുറ്റികള്‍, കയറുകള്‍;
19 : വിശുദ്ധ സ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ട തിരുവസ്ത്രങ്ങള്‍, പുരോഹിതനായ അഹറോനും പുരോഹിതശുശ്രൂഷ ചെയ്യുന്ന അവന്റെ പുത്രന്മാര്ക്കും അണിയാനുള്ള വിശുദ്ധ വസ്ത്രങ്ങള്‍.
20 : ഇസ്രായേല്‍സമൂഹം മോശയുടെ മുന്പില്നിന്നു പിരിഞ്ഞുപോയി.
21 : ആന്തരിക പ്രചോദനം ലഭിച്ച ഉദാരമനസ്കര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ കാഴ്ചകള്‍ കൊണ്ടുവന്നു. അതു സമാഗമകൂടാരത്തിനും അതിലെ ശുശ്രൂഷയ്ക്കും വിശുദ്ധ വസ്ത്രങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു.
22 : ഉദാരമന സ്കരായ സ്ത്രീപുരുഷന്മാര് കാഴ്ചകളുമായിവന്നു. അവര്‍ സൂചിപ്പതക്കങ്ങളും കര്‍ണവളയങ്ങളും അംഗുലീയങ്ങളും തോള്‍വളകളും എല്ലാത്തരം സ്വര്‍ണാഭരണങ്ങളും കൊണ്ടുവന്നു. അങ്ങനെ, ഓരോരുത്തരും കര്‍ത്താവിനു സ്വര്‍ണം കൊണ്ടുള്ള കാഴ്ച സമര്‍പ്പിച്ചു.
23 : ഓരോരുത്തരും കൈവശം ഉണ്ടായിരുന്ന നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകളും നേര്‍മയുള്ള ചണത്തുണിയും കോലാട്ടിന്‍ രോമവും ഊറയ്ക്കിട്ട മുട്ടാടിന്‍തോലും നിലക്കരടിത്തോലും കൊണ്ടുവന്നു.
24 : വെള്ളിയോ, ഓടോ അര്‍പ്പിക്കാന്‍ കഴിവുണ്ടായിരുന്നവര്‍ അതു കൊണ്ടുവന്നു കര്‍ത്താവിനു കാഴ്ചവെച്ചു. ഏതെങ്കിലും പണിക്കുതകുന്ന കരുവേലത്തടി കൈവശമുണ്ടായിരുന്നവര്‍ അതുകൊണ്ടുവന്നു.
25 : കരവിരുതുള്ള സ്ത്രീകള്‍ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളില്‍ സ്വന്തം കൈകൊണ്ടു പിരിച്ചെടുത്ത നൂലുകളും നേര്‍മയില്‍ നെയ്ത ചണത്തുണിയും കൊണ്ടുവന്നു.
26 : നൈപുണ്യവും സന്നദ്ധതയുമുണ്ടായിരുന്ന സ്ത്രീകള്‍ കോലാട്ടിന്‍ രോമംകൊണ്ടു നൂലുണ്ടാക്കി.
27 : നേതാക്കന്മാര് എഫോദിനും ഉരസ്ത്രാണത്തിനും വേണ്ട ഗോമേദകങ്ങളും മറ്റുരത്നങ്ങളും,
28 : വിളക്കിനും അഭിഷേകതൈലത്തിനും ധൂപത്തിനും ആവശ്യമായ സുഗന്ധദ്രവ്യങ്ങളും എണ്ണയും കൊണ്ടുവന്നു.
29 : കര്‍ത്താവു മോശവഴി ആജ്ഞാപിച്ച ജോലികളുടെ നിര്‍വഹണത്തിന് ഇസ്രായേലിലെ സ്ത്രീപുരുഷന്മാരോരുത്തരും തങ്ങളുടെ ഉള്‍പ്രേരണയനുസരിച്ച് ഓരോ സാധനം കൊണ്ടുവന്ന് സ്വമേധയാ കര്‍ത്താവിനു കാഴ്ചവച്ചു.
30 : മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: യൂദാഗോത്രത്തിലെ ഹൂറിന്റെ പുത്രനായ ഊറിയുടെ മകന് ബസാലേലിനെ കര്‍ത്താവു പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു.
31 : അവിടുന്ന് അവനില്‍ ദൈവിക ചൈതന്യം നിറച്ചിരിക്കുന്നു. സാമര്‍ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുമുള്ള വൈദഗ്ധ്യവും നല്കി അവനെ അനുഗ്രഹിച്ചിരിക്കുന്നു.
32 : കലാരൂപങ്ങള്‍ ആസൂത്രണം ചെയ്യുക, സ്വര്‍ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക,
33 : പതിക്കാനുള്ള രത്നങ്ങള്‍ ചെത്തിമിനുക്കുക, തടിയില്‍ കൊത്തുപണി ചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്ക്കും വേണ്ടിയാണിത്.
34 : അവിടുന്ന് അവനും ദാന്‍ഗോത്രത്തിലെ അഹിസാമാക്കിന്റെ പുത്രന് ഒഹോലിയാബിനും മറ്റുള്ളവരെ പഠിപ്പിക്കാന്‍ തക്ക കഴിവു നല്കിയിരിക്കുന്നു.
35 : കൊത്തുപണിക്കാരനോ രൂപസംവിധായകനോ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളിലുള്ള നൂലുകൊണ്ടോ നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണിയിലോ ചിത്രത്തുന്നല്‍ നടത്തുന്നവനോ നെയ്ത്തുകാരനോ മറ്റേതെങ്കിലും തൊഴില്‍ക്കാരനോ ശില്‍പകലാവിദഗ്ധനോ ചെയ്യുന്ന ഏതുതരം ജോലിയിലുമേര്‍പ്പെടുന്നതിനും വേണ്ട തികഞ്ഞകഴിവ് അവിടുന്ന് അവര്‍ക്കു നല്കി.
അദ്ധ്യായം 36
വിശുദ്ധ കൂടാരത്തിന്റെ നിര്‍മാണം
1 : വിശുദ്ധ സ്ഥലത്തിന്റെ നിര്‍മാണത്തിനായി ഏതു ജോലിയും ചെയ്യാന്‍പോന്ന അറിവും സാമര്‍ഥ്യവുംനല്‍കി കര്‍ത്താവ് അനുഗ്രഹിച്ച ബസാലേലും ഒഹോലിയാബും കരവിരുതുള്ള മറ്റാളുകളും അവിടുന്നു കല്പിച്ചതനുസരിച്ചു ജോലിചെയ്യണം.
2 : ബസാലേലിനെയും, ഒഹോലിയാബിനെയും, കര്‍ത്താവ് അറിവും സാമര്‍ഥ്യവും നല്കി അനുഗ്രഹിച്ചവരും ജോലിചെയ്യാന്‍ ഉള്‍പ്രേരണ ലഭിച്ചവരുമായ എല്ലാവരെയും മോശ വിളിച്ചുകൂട്ടി.
3 : വിശുദ്ധ കൂടാരത്തിന്റെ പണിക്കുവേണ്ടി ഇസ്രായേല്‍ജനം കൊണ്ടുവന്ന കാഴ്ചകളെല്ലാം മോശയുടെ അടുക്കല്‍ നിന്ന് അവര്‍ സ്വീകരിച്ചു. എല്ലാ പ്രഭാതത്തിലും ജനങ്ങള്‍ സ്വമേധയാ കാഴ്ചകള്‍ കൊണ്ടുവന്നിരുന്നു.
4 : അതിനാല്‍, വിശുദ്ധ കൂടാരത്തിന്റെ വിവിധതരം പണികളിലേര്‍പ്പെട്ടിരുന്ന വിദഗ്ധന്‍മാരെല്ലാവരും ജോലിനിര്‍ത്തി മോശയുടെയടുത്തു വന്നു.
5 : അവര്‍ മോശയോടു പറഞ്ഞു: കര്‍ത്താവു നമ്മോടു കല്പിച്ചിട്ടുള്ള ജോലിക്കാവശ്യമായതില്‍ കൂടുതല്‍ വസ്തുക്കള്‍ ജനങ്ങള്‍ കൊണ്ടുവരുന്നു.
6 : ഉടനെ മോശ പാളയത്തിലെങ്ങും ഒരു കല്പന വിളംബരം ചെയ്തു. വിശുദ്ധ കൂടാരത്തിനു വേണ്ടി പുരുഷനോ, സ്ത്രീയോ ആരും ഇനി കാണിക്ക കൊണ്ടുവരേണ്ടതില്ല. അങ്ങനെ, ജനങ്ങള്‍ കാണിക്ക കൊണ്ടുവരുന്നത് അവന് നിയന്ത്രിച്ചു.
7 : എല്ലാ പണികള്‍ക്കും ആവശ്യമായതില്‍ക്കവിഞ്ഞ വസ്തുക്കള്‍ അവര്‍ക്കു ലഭിച്ചിരുന്നു.
8 : പണിയില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ വിദഗ്ധരായവര്‍ പത്തു വിരികള്‍കൊണ്ടു കൂടാരമുണ്ടാക്കി. അവനീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍നെയ്തെടുത്ത ചണത്തുണിയും കൊണ്ടു നിര്‍മിച്ചവയും കെരൂബുകളുടെ ചിത്രം തുന്നിയലങ്കരിച്ചവയുമായിരുന്നു.
9 : ഓരോ വിരിയുടെയും നീളം ഇരുപത്തെട്ടു മുഴവും വീതി നാലു മുഴവുമായിരുന്നു. എല്ലാ വിരികളും ഒരേ അളവിലുള്ളതായിരുന്നു.
10 : അവര്‍ അഞ്ചു വിരികള്‍ ഒന്നിനൊന്നു യോജിപ്പിച്ചു; അതുപോലെ മറ്റേ അഞ്ചു വിരികളും.
11 : ആദ്യഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കില്‍ നീല നൂല്കൊണ്ട് അവര്‍ വളയങ്ങള്‍ നിര്‍മിച്ചു; അപ്രകാരംതന്നെ രണ്ടാം ഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കിലും.
12 : ഒന്നാമത്തേതിലും രണ്ടാമത്തേതിലും അന്‍പതു വളയങ്ങള്‍ വീതമുണ്ടാക്കി. ഒന്നിനുനേരേ ഒന്നു വരത്തക്കവിധത്തിലാണ് വളയങ്ങള്‍ നിര്‍മിച്ചത്.
13 : അന്‍പതു സ്വര്‍ണക്കൊളുത്തുകളുണ്ടാക്കി, വിരികള്‍ പരസ്പരം ബന്ധിച്ചു. അങ്ങനെ, കൂടാരം ഒന്നായിത്തീര്‍ന്നു.
14 : കൂടാരത്തിന്റെ മുകള്ഭാഗം മൂടുന്നതിന് കോലാട്ടിന്‍രോമംകൊണ്ട് അവര്‍ പതിനൊന്നു വിരികളുണ്ടാക്കി.
15 : ഓരോ വിരിയുടെയും നീളം മുപ്പതു മുഴവും വീതി നാലു മുഴവുമായിരുന്നു. പതിനൊന്നു വിരികള്‍ക്കും ഒരേ അളവുതന്നെ.
16 : അവര്‍ അഞ്ചു വിരികള്‍ ഒന്നോടൊന്നു തുന്നിച്ചേര്‍ത്തു; അതുപോലെ മറ്റേ ആറുവിരികളും.
17 : ഇരുഗണത്തെയും തമ്മില്‍ യോജിപ്പിക്കുന്ന വിരികളുടെ വിളുമ്പുകളില്‍ അന്‍പതു വളയങ്ങള്‍വീതം നിര്‍മിച്ചു.
18 : കൂടാരം കൂട്ടിയോജിപ്പിക്കാന്‍ ഓടുകൊണ്ട് അന്‍പതുകൊളുത്തുകളുമുണ്ടാക്കി.
19 : കൂടാരത്തിന് ഊറയ്ക്കിട്ട മുട്ടാടിന്‍തോലുകൊണ്ട് ഒരാവരണവും അതിനുമീതേ നിലക്കരടിത്തോലുകൊണ്ട് വേറൊരാവരണവും നിര്‍മിച്ചു.
20 : കൂടാരത്തിന് കരുവേലപ്പലകകള്‍കൊണ്ടു നിവര്‍ന്നു നില്ക്കുന്ന ചട്ടങ്ങളുമുണ്ടാക്കി.
21 : ഓരോ പലകയുടെയും നീളം പത്തു മുഴമായിരുന്നു; വീതി ഒന്നര മുഴവും.
22 : പലകകളെ തമ്മില്‍ച്ചേര്‍ക്കുന്നതിന് ഓരോ പലകയിലും ഈരണ്ടു കുടുമകള് ഉണ്ടായിരുന്നു. എല്ലാ പലകകളും ഇങ്ങനെതന്നെയാണുണ്ടാക്കിയത്.
23 : അവര്‍ കൂടാരത്തിനുള്ള ചട്ടപ്പലകകള്‍ ഇപ്രകാരമാണുണ്ടാക്കിയത്: തെക്കുവശത്ത് ഇരുപതു പലകകള്‍;
24 : ഇരുപതു പലകകളുടെ അടിയില്‍ വെള്ളികൊണ്ട് നാല്പതു പാദകുടങ്ങള്‍ - ഓരോ പലകയുടെയും അടിയില്‍ കുടുമയ്ക്ക് ഒന്നുവീതം രണ്ടു പാദകുടങ്ങള്‍.
25 : കൂടാരത്തിന്റെ വടക്കുവശത്ത് അവര്‍ ഇരുപതു പലകകളുണ്ടാക്കി.
26 : ഓരോ പലകയ്ക്കുമടിയില്‍ രണ്ടുവീതം വെള്ളികൊണ്ടുള്ള നാല്പതു പാദകുടങ്ങളും ഉണ്ടാക്കി.
27 : കൂടാരത്തിന്റെ പിന്‍ഭാഗമായ പടിഞ്ഞാറുവശത്ത് ആറു പലകകളുണ്ടാക്കി;
28 : കൂടാരത്തിന്റെ പിന്‍ഭാഗത്തെ രണ്ടു മൂലകള്‍ക്കായി രണ്ടു പലകകളും.
29 : അവയുടെ ചുവടുകള്‍ അകത്തിയും മുകള്ഭാഗം ഒരു വളയംകൊണ്ടു യോജിപ്പിച്ചും നിര്‍ത്തി. ഇരുമൂലകളിലുമുള്ള രണ്ടു പലകകള്‍ക്കും ഇപ്രകാരം ചെയ്തു.
30 : അങ്ങനെ, എട്ടു പലകകളും, ഒരു പലകയുടെ അടിയില്‍ രണ്ടുവീതം വെള്ളികൊണ്ടുള്ള പതിനാറു പാദകുടങ്ങളുമുണ്ടായിരുന്നു.
31 : കരുവേലത്തടികൊണ്ട് അവര്‍ അഴികള്‍ നിര്‍മിച്ചു. കൂടാരത്തിന്റെ ഒരുവശത്തെ പലകകള്‍ക്ക് അഞ്ച് അഴികള്‍.
32 : മറുവശത്തുള്ള പലകകള്‍ക്കും അഞ്ച് അഴികള്‍. കൂടാരത്തിന്റെ പിന്‍ഭാഗമായ പടിഞ്ഞാറുവശത്തെ പലകകള്‍ക്കും അഞ്ച് അഴികള്‍.
33 : നടുവിലുള്ള അഴി പലകയുടെ പകുതി ഉയരത്തില്‍ വച്ച് ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കടത്തിവിട്ടു.
34 : അവര്‍ പലകകളും അഴികളും സ്വര്‍ണംകൊണ്ടു പൊതിയുകയും അഴികള്‍ കടത്താനുള്ള വളയങ്ങള്‍ സ്വര്‍ണംകൊണ്ടു നിര്‍മിക്കുകയും ചെയ്തു.
35 : നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ് തെടുത്ത ചണത്തുണിയുമുപയോഗിച്ച് തിരശ്ശീലയുണ്ടാക്കി. കെരൂബുകളുടെ ചിത്രം വിദഗ്ധമായി തുന്നിച്ചേര്‍ത്ത് അതലങ്കരിച്ചു.
36 : അവര്‍ കരുവേലത്തടികൊണ്ടു നാലു തൂണുകളുണ്ടാക്കി, സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. അവയ്ക്കു സ്വര്‍ണംകൊണ്ടു കൊളുത്തുകളും വെള്ളികൊണ്ടു നാലു പാദകുടങ്ങളും പണിതു.
37 : നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്ത് ചിത്രത്തുന്നല്‍കൊണ്ട് അലങ്കരിച്ച ചണത്തുണിയുമുപയോഗിച്ച് കൂടാര വാതിലിന് അവര്‍ യവനികയുണ്ടാക്കി.
38 : അതിനായി അഞ്ചു തൂണുകളും അവയില്‍ കൊളുത്തുകളുമുണ്ടാക്കി. തൂണുകളുടെ ശീര്ഷങ്ങള് സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. പട്ടകള് സ്വര്‍ണം കൊണ്ടും അവയുടെ അഞ്ചു പാദകുടങ്ങള്‍ ഓടുകൊണ്ടും നിര്‍മിച്ചു.
അദ്ധ്യായം 37
സാക്ഷ്യപേടകം
1 : ബസാലേല്‍ കരുവേലത്തടികൊണ്ടു പേടകമുണ്ടാക്കി. അതിന്റെ നീളം രണ്ടര മുഴം ആയിരുന്നു; വീതിയും ഉയരവും ഒന്നര മുഴം വീതവും.
2 : തനി സ്വര്‍ണം കൊണ്ട് അതിന്റെ അകവും പുറവും പൊതിഞ്ഞു. അതിനുചുറ്റും സ്വര്‍ണം കൊണ്ടുള്ള ഒരു അരികുപാളി പിടിപ്പിച്ചു.
3 : നാലു സ്വര്‍ണവളയങ്ങളുണ്ടാക്കി, നാലു മൂലകളില്‍ ഘടിപ്പിച്ചു; ഒരുവശത്തു രണ്ടും മറുവശത്തു രണ്ടും.
4 : അവന് കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.
5 : പേടകം വഹിക്കുന്നതിന് അതിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ തണ്ടുകള്‍ കടത്തി.
6 : തനി സ്വര്‍ണംകൊണ്ട് കൃപാസനം നിര്‍മിച്ചു. അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവുമായിരുന്നു.
7 : കൃപാസനത്തിന്റെ രണ്ടഗ്രങ്ങളില്‍ സ്ഥാപിക്കാന്‍ സ്വര്‍ണത്തകിടുകൊണ്ട് രണ്ടു കെരൂബുകളെ നിര്‍മിച്ചു.
8 : രണ്ടഗ്രങ്ങളിലും ഒന്നുവീതം കൃപാസനത്തോട് ഒന്നായിച്ചേര്‍ത്താണ് അവയെ നിര്‍മിച്ചത്.
9 : കെരൂബുകള്‍ മുകളിലേക്കു ചിറകുകള് വിരിച്ച് കൃപാസനത്തെ മൂടിയിരുന്നു. കൃപാസനത്തിലേക്കു തിരിഞ്ഞ് അവ മുഖാഭിമുഖം നിലകൊണ്ടു.
തിരുസാന്നിദ്ധ്യ അപ്പത്തിന്റെ മേശ
10 : കരുവേലത്തടികൊണ്ട് അവന് മേശയുണ്ടാക്കി. അതിനു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നരമുഴം ഉയരവുമുണ്ടായിരുന്നു.
11 : തനി സ്വര്‍ണംകൊണ്ട് അതു പൊതിയുകയും മുകള്‍ഭാഗത്തു ചുറ്റിലും സ്വര്‍ണംകൊണ്ട് അരികുപാളി പിടിപ്പിക്കുകയും ചെയ്തു.
12 : അതിനുചുറ്റും കൈപ്പത്തിയുടെ വീതിയില്‍ ഒരു ചട്ടവും ചട്ടത്തിനു ചുറ്റും സ്വര്‍ണംകൊണ്ട് അരികുപാളിയും പിടിപ്പിച്ചു.
13 : അവന് നാലു സ്വര്‍ണവളയങ്ങള്‍ നിര്‍മിച്ച് അവ മേശയുടെ നാലു കാലുകളില്‍ ഘടിപ്പിച്ചു.
14 : മേശ വഹിക്കാനുള്ള തണ്ടുകള്‍ കടത്തിയിരുന്ന വളയങ്ങള്‍ ചട്ടത്തോടു ചേര്‍ന്നതായിരുന്നു.
15 : ഈ തണ്ടുകള്‍ അവന് കരുവേലത്തടികൊണ്ടുണ്ടാക്കി, സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.
16 : മേശപ്പുറത്തേക്കുള്ള ഉപകരണങ്ങള്‍ - താലങ്ങള്‍, തട്ടങ്ങള്‍, കലശങ്ങള്‍, പാനീയബലിക്കുള്ള ചഷകങ്ങള്‍ എന്നിവ - തനി സ്വര്‍ണം കൊണ്ടു നിര്‍മിച്ചു.
വിളക്കുകാല്
17 : തനി സ്വര്‍ണംകൊണ്ടു വിളക്കുകാല് ഉണ്ടാക്കി. അതിന്റെ അടിത്തട്ട്, തണ്ട്, ചഷകങ്ങള്‍, മുകുളങ്ങള്‍, പുഷ്പങ്ങള്‍ എന്നിവ ഒരേ സ്വര്‍ണത്തകിടിലാണ് പണിതത്.
18 : വിളക്കുകാലിന് ഓരോ വശത്തും മൂന്നുവീതം രണ്ടു വശങ്ങളിലായി ആറു ശാഖകളുണ്ടായിരുന്നു.
19 : വിളക്കുകാലിന്റെ ആറു ശാഖകളിലോരോന്നിലും ബദാംപൂവിന്റെ ആകൃതിയിലുളളതും മുകുളങ്ങളോടും പുഷ്പദലങ്ങളോടും കൂടിയതുമായ മൂന്നു ചഷകങ്ങള്‍വീതം ഉണ്ടായിരുന്നു.
20 : വിളക്കുകാലിന്റെ തണ്ടിന്മേല് ബദാംപൂവിന്റെ ആകൃതിയിലുള്ളതും മുകുളങ്ങളോടും പുഷ്പദലങ്ങളോടും കൂടിയതുമായ നാലു ചഷകങ്ങള്‍ ഉണ്ടായിരുന്നു.
21 : വിളക്കുകാലില്‍നിന്നു പുറപ്പെടുന്ന ഓരോ ജോടി ശാഖകളുടെയും ചുവട്ടില്‍ വിളക്കുകാലിന്റെ തണ്ടിനോട് ഒന്നായിച്ചേര്‍ന്ന് ഒരു മുകുളം വീതമുണ്ടായിരുന്നു.
22 : മുകുളങ്ങളും ശാഖകളും വിളക്കുകാലിനോട് ഒന്നായിച്ചേര്‍ന്നിരുന്നു. എല്ലാം തനി സ്വര്‍ണത്തകിടുകൊണ്ട് പണിതതായിരുന്നു.
23 : അവന് അതിന്റെ ഏഴു വിളക്കുകളും തിരിയണയ്ക്കാനുപയോഗിക്കുന്ന കത്രികകളും തട്ടങ്ങളും തനി സ്വര്‍ണംകൊണ്ടു നിര്‍മിച്ചു.
24 : വിളക്കുകാലും അതിന്റെ എല്ലാ ഉപകരണങ്ങളും ഒരു താലന്ത് തനി സ്വര്‍ണംകൊണ്ടാണു നിര്‍മിച്ചത്.
ധൂപപീഠം
25 : കരുവേലത്തടികൊണ്ട് അവന് ഒരു ധൂപപീഠം പണിതു. അത് ഒരു മുഴം നീളവും ഒരു മുഴം വീതിയുമുള്ള സമചതുരമായിരുന്നു; ഉയരം രണ്ടു മുഴം. അതിന്റെ കൊമ്പുകള്‍ അതിനോട് ഒന്നായിച്ചേര്‍ന്നിരുന്നു.
26 : തനി സ്വര്‍ണംകൊണ്ട് അവന് അതിന്റെ മുകള്‍ഭാഗവും വശങ്ങളും കൊമ്പുകളും പൊതിഞ്ഞു. അതിനു മുകള്‍വശത്തായി ചുറ്റും സ്വര്‍ണംകൊണ്ടുള്ള അരികുപാളി പിടിപ്പിച്ചു.
27 : അതു വഹിക്കുന്നതിനുള്ള തണ്ടുകള്‍ കടത്തുന്നതിന് അരികുപാളിയുടെ താഴെ മൂലകളിലായി ഒരു വശത്തു രണ്ടും മറുവശത്തു രണ്ടും സ്വര്‍ണവളയങ്ങള്‍ ഘടിപ്പിച്ചു.
28 : കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി, സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.
29 : സുഗന്ധതൈലങ്ങള്‍ നിര്‍മിക്കുന്ന വിദഗ്ധനെപ്പോലെ അവന് വിശുദ്ധമായ അഭിഷേകതൈലവും ധൂപത്തിനുള്ള പരിമളവസ്തുക്കളും സജ്ജീകരിച്ചു.
അദ്ധ്യായം 38
ദഹനബലിപീഠം
1 : ബസാലേല്‍ കരുവേലത്തടികൊണ്ട് ദഹനബലിപീഠം നിര്‍മിച്ചു. അത് അഞ്ചു മുഴം നീളവും വീതിയുമുള്ള സമചതുരമായിരുന്നു; അതിന്റെ ഉയരം മൂന്നു മുഴവും.
2 : അതിന്റെ നാലു മൂലകളിലും അതിനോട് ഒന്നായിച്ചേര്‍ത്തു നാലു കൊമ്പുകള്‍ നിര്‍മിച്ച് ഓടുകൊണ്ടു പൊതിഞ്ഞു.
3 : ബലിപീഠത്തിന്റെ ഉപകരണങ്ങളെല്ലാം - പാത്രങ്ങള്‍, കോരികകള്‍, താലങ്ങള്‍, മുള്‍ക്കരണ്ടികള്‍, അഗ്നികലശങ്ങള്‍ എന്നിവ - ഓടുകൊണ്ടു നിര്‍മിച്ചു.
4 : അവന് ബലിപീഠത്തിന്റെ മുകളിലെ അരികുപാളിക്കു കീഴില്‍ ബലിപീഠത്തിന്റെ മധ്യഭാഗംവരെ ഇറങ്ങിനില്ക്കുന്ന ഒരു ചട്ടക്കൂട് ഓടുകൊണ്ടുള്ള അഴികളുപയോഗിച്ച് വലയുടെ രൂപത്തില്‍ നിര്‍മിച്ചു.
5 : തണ്ടുകള്‍ കടത്തുന്നതിന് ഓടുകൊണ്ടുള്ള ചട്ടക്കൂടിന്റെ നാലുമൂലകളില്‍ നാലു വളയങ്ങള്‍ ഘടിപ്പിച്ചു.
6 : അവന് കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി ഓടുകൊണ്ടു പൊതിഞ്ഞു.
7 : ബലിപീഠം വഹിച്ചുകൊണ്ടു പോകുന്നതിന് അതിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ തണ്ടുകള്‍ കടത്തി. ബലിപീഠം പലകകള്‍ കൊണ്ടാണു നിര്‍മിച്ചത്; അതിന്റെ അകം പൊള്ളയായിരുന്നു.
8 : സമാഗമകൂടാരത്തിന്റെ വാതില്ക്കല് ശുശ്രൂഷ ചെയ്തിരുന്ന സ്ത്രീകളുടെ ഓട്ടുകണ്ണാടിയുപയോഗിച്ച് ക്ഷാളനപാത്രവും അതിന്റെ പീഠവും നിര്‍മിച്ചു.
കൂടാരാങ്കണം
9 : അവന് അങ്കണവും നിര്‍മിച്ചു. അതിന്റെ തെക്കുവശത്തെ മറനേര്‍മയില്‍ നെയ്തെടുത്ത ചണത്തുണികൊണ്ടുള്ളതും നൂറു മുഴം നീളമുള്ളതുമായിരുന്നു.
10 : അതിന് ഇരുപതു തൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള ഇരുപതു പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടു നിര്‍മിച്ചവയായിരുന്നു.
11 : വടക്കുവശത്തെ മറനൂറു മുഴം നീളമുള്ളതായിരുന്നു. അതിന് ഇരുപതു തൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള ഇരുപതു പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടുള്ളവയായിരുന്നു.
12 : പടിഞ്ഞാറുവശത്തെ മറയ്ക്ക് അന്‍പതുമുഴം നീളമുണ്ടായിരുന്നു. അതിനു പത്തുതൂണുകളും അവയ്ക്ക് പത്ത് പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെളളികൊണ്ടുള്ളവയായിരുന്നു.
13 : കിഴക്കുവശത്ത് അന്‍പതു മുഴം.
14 : അങ്കണ കവാടത്തിന്റെ ഒരുവശത്തെ മറകള്‍ക്ക് പതിനഞ്ചു മുഴം നീളമുണ്ടായിരുന്നു. അവയ്ക്ക് മൂന്നു തൂണുകളും തൂണുകള്‍ക്ക് മൂന്നു പാദകുടങ്ങളുമുണ്ടായിരുന്നു.
15 : അങ്കണ കവാടത്തിന്റെ മറുവശത്തും അപ്രകാരംതന്നെ പതിനഞ്ചു മുഴം നീളത്തില്‍ മറയും അവയ്ക്കു മൂന്നു തൂണുകളും തൂണുകള്‍ക്ക് മൂന്നു പാദകുടങ്ങളുമുണ്ടായിരുന്നു.
16 : അങ്കണത്തെ ചുറ്റിയുള്ള മറകളെല്ലാം നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണി കൊണ്ടുള്ളതായിരുന്നു.
17 : തൂണുകളുടെ പാദകുടങ്ങള്‍ ഓടുകൊണ്ടും അവയുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടും ഉള്ളതായിരുന്നു. അവയുടെ ശീര്ഷങ്ങള് വെള്ളികൊണ്ടു പൊതിഞ്ഞിരുന്നു. അങ്കണത്തൂണുകള്‍ക്കെല്ലാം വെള്ളികൊണ്ടുള്ള പട്ടകളുണ്ടായിരുന്നു.
18 : അങ്കണവാതിലിന്റെ യവനിക നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണിയുപയോഗിച്ചുള്ള ചിത്രത്തുന്നല്‍കൊണ്ട് അലംകൃതമായിരുന്നു. അത് അങ്കണത്തിന്റെ മറകള്‍ക്കനുസൃതമായി ഇരുപതു മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളതായിരുന്നു.
19 : അതിനു നാലു തൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള നാല് പാദകുടങ്ങളും ഉണ്ടായിരുന്നു. തൂണുകള്‍ക്ക് വെള്ളികൊണ്ടുള്ള കൊളുത്തുകളും വെള്ളിപൊതിഞ്ഞ ശീര്‍ഷങ്ങളും വെള്ളിപ്പട്ടകളും ഉണ്ടായിരുന്നു.
20 : കൂടാരത്തിന്റെയും ചുറ്റുമുള്ള അങ്കണത്തിന്റെയും കുറ്റികളെല്ലാം ഓടുകൊണ്ടുള്ളവയായിരുന്നു.
ഉപയോഗിച്ച ലോഹം
21 : സാക്ഷ്യകൂടാരം നിര്‍മിക്കാന്‍ ഉപയോഗിച്ച വസ്തുക്കളുടെ കണക്കു കാണിക്കുന്ന പട്ടികയാണിത്. മോശയുടെ കല്പനയനുസരിച്ചു പുരോഹിതനായ അഹറോന്റെ പുത്രന് ഇത്താമറിന്റെ നേതൃത്വത്തില്‍ ലേവ്യരാണ് ഇതു തയ്യാറാക്കിയത്.
22 : യൂദാഗോത്രത്തില്‍പ്പട്ട ഹൂറിന്റെ പുത്രന് ഊറിയുടെ മകനായ ബസാലേല്‍, കര്‍ത്താവു മോശയോടു കല്പിച്ചവയെല്ലാം നിര്‍മിച്ചു.
23 : ദാന്‍ഗോത്രത്തില്‍പ്പെട്ട അഹിസാമാക്കിന്റെ പുത്രന് ഒഹോലിയാബ് അവനു സഹായത്തിനുണ്ടായിരുന്നു. ഒഹോലിയാബ് കൊത്തുപണിക്കാരനും ശില്‍പവിദഗ്ധനും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണിയുമുപയോഗിച്ച് ചിത്രത്തുന്നല്‍ നടത്തുന്നവനുമായിരുന്നു.
24 : വിശുദ്ധകൂടാരത്തിന്റെ എല്ലാ പണികള്‍ക്കുമായി ചെലവാക്കിയ കാണിക്കസ്വര്‍ണം, വിശുദ്ധമന്ദിരത്തിലെ തോതനുസരിച്ച് ആകെ ഇരുപത്തൊന്പതു താലന്തും എഴുന്നൂറ്റിമുപ്പതു ഷെക്കലുമാകുന്നു.
25 : ജനസംഖ്യാക്കണക്കിലുള്‍പ്പെട്ടവരില്‍ നിന്നു ലഭിച്ചവെള്ളി വിശുദ്ധമന്ദിരത്തിലെ തോതനുസരിച്ച് നൂറു താലന്തും ആയിരത്തിയെഴുന്നൂറ്റിയെഴുപത്തഞ്ച് ഷെക്കലുമാകുന്നു.
26 : ജനസംഖ്യക്കണക്കിലുള്‍പ്പെട്ടവരില്‍ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ളവര്‍ ആളൊന്നിന് ഒരു ബക്കാ - വിശുദ്ധ മന്ദിരത്തിലെ തോതനുസരിച്ച് അര ഷെക്കല്‍ - കൊടുക്കേണ്ടിയിരുന്നു. അവരുടെ സംഖ്യ ആറുലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റിയന്‍പതായിരുന്നു.
27 : വിശുദ്ധകൂടാരത്തിനും തിരശ്ശീലയ്ക്കുംവേണ്ടി പാദകുടങ്ങള്‍ വാര്‍ക്കുന്നതിന് പാദകുടമൊന്നിന് ഒരു താലന്തുവീതം നൂറു താലന്തു വെള്ളി ഉപയോഗിച്ചു.
28 : ആയിരത്തിയെഴുന്നൂറ്റിയെഴുപത്തഞ്ചു ഷെക്കല്‍ വെള്ളികൊണ്ട് തൂണുകളുടെ കൊളുത്തുകളും പട്ടകളുമുണ്ടാക്കുകയും ശീര്ഷങ്ങള് പൊതിയുകയും ചെയ്തു.
29 : കാണിക്കയായി ലഭിച്ച ഓട് എഴുപതു താലന്തും രണ്ടായിരത്തിനാനൂറു ഷെക്കലുമാണ്.
30 : അവന് അതുപയോഗിച്ച് സമാഗമകൂടാരത്തിന്റെ വാതിലിന് പാദകുടങ്ങളും ഓടുകൊണ്ടുള്ള ബലിപീഠവും അതിന്റെ അഴിക്കൂടും ബലിപീഠത്തിലെ ഉപകരണങ്ങളും
31 : കൂടാരാങ്കണത്തിനു ചുററുമുള്ള പാദകുടങ്ങളും അങ്കണകവാടത്തിന്റെ പാദകുടങ്ങളും കൂടാരത്തിന്റെയും ചുറ്റുമുള്ള അങ്കണത്തിന്റെയും കുറ്റികളും നിര്‍മിച്ചു.
അദ്ധ്യായം 39
പുരോഹിതവസ്ത്രങ്ങള്‍
1 : മോശയ്ക്കു കര്‍ത്താവു നല്കിയ കല്പനയനുസരിച്ച് അവര്‍ വിശുദ്ധകൂടാരത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ടി നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലൂകളുപയോഗിച്ച് നേര്‍മയുള്ള വസ്ത്രങ്ങള്‍ നിര്‍മിച്ചു; അഹറോനുവേണ്ടിയുള്ള വിശുദ്ധ വസ്ത്രങ്ങളുമുണ്ടാക്കി.
2 : സ്വര്‍ണവും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണിയും ഉപയോഗിച്ച് അവര്‍ എഫോദ് ഉണ്ടാക്കി.
3 : അവര്‍ സ്വര്‍ണം തല്ലിപ്പരത്തി നേരിയ നൂലുകളായി വെട്ടിയെടുത്ത് നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളിലും നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണികളിലും വിദഗ്ധമായി ഇണക്കിച്ചേര്‍ത്തു.
4 : എഫോദിന് തോള്‍വാറുകളുണ്ടാക്കി, അതിന്റെ രണ്ടറ്റങ്ങളിലും യോജിപ്പിച്ചു.
5 : എഫോദിനെ ചുറ്റിയിരുന്ന പട്ട എഫോദുപോലെതന്നെ, സ്വര്‍ണവും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍നെയ്തെടുത്ത ചണത്തുണിയും ചേര്‍ത്ത്, കര്‍ത്താവു മോശയോടു കല്പിച്ച പ്രകാരമാണ് ഉണ്ടാക്കിയത്.
6 : ചെത്തിയൊരുക്കിയ വൈഡൂര്യക്കല്ലുകളില്‍ മുദ്രപോലെ ഇസ്രായേലിന്റെ പുത്രന്മാരുടെ പേരുകള്‍ കൊത്തി; കല്ലുകള്‍ സ്വര്‍ണത്തകിടുകളില്‍ പതിച്ചു.
7 : കര്‍ത്താവ് മോശയോടു കല്പിച്ചതനുസരിച്ച് ഇസ്രായേല്‍ പുത്രന്മാരുടെ സ്മാരകശിലകളായി അവ എഫോദിന്റെ തോള്‍വാറുകളില്‍ ഉറപ്പിച്ചു.
8 : അവര്‍ എഫോദിന്റേതുപോലെയുള്ള ചിത്രപ്പണികളോടുകൂടിയ ഉരസ്ത്രാണവും നിര്‍മിച്ചു. സ്വര്ണനൂലുകള്, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണി എന്നിവ ഉപയോഗിച്ചാണ് അതു നിര്‍മിച്ചത്.
9 : ഉരസ്ത്രാണം സമചതുരത്തില്‍ രണ്ടുമടക്കുള്ളതായിരുന്നു. അതിന് ഒരു ചാണ് നീളവും ഒരു ചാണ് വീതിയുമുണ്ടായിരുന്നു. അതിന്മേല് അവര്‍ നാലു നിര രത്നങ്ങള്‍ പതിച്ചു.
10 : ആദ്യത്തെ നിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം;
11 : രണ്ടാമത്തെ നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം;
12 : മൂന്നാമത്തെ നിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം;
13 : നാലാമത്തെ നിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം. അലങ്കാരപ്പണി ചെയ്ത സ്വര്‍ണത്തകിടിലാണ് ഈ രത്നങ്ങള്‍ പതിച്ചത്.
14 : ഇസ്രായേലിന്റെ പന്ത്രണ്ടു പുത്രന്മാരുടെ പേരുകളനുസരിച്ച് പന്ത്രണ്ടു രത്നങ്ങളുണ്ടായിരുന്നു. ഓരോ ഗോത്രത്തിന്റെയും പേര് ഓരോ രത്നത്തിന്മേല്, മുദ്രപോലെ ആലേഖനം ചെയ്തു.
15 : അവര്‍ ഉരസ്ത്രാണത്തിനുവേണ്ടി തനി സ്വര്‍ണംകൊണ്ട് കയറുപോലെ പിണച്ചെടുത്ത തുടലുകള്‍ പണിതു;
16 : രണ്ടു സ്വര്‍ണത്തകിടുകളും രണ്ടു സ്വര്‍ണ വളയങ്ങളും ഉണ്ടാക്കി. വളയങ്ങള്‍ ഉരസ്ത്രാണത്തിന്റെ മുകളിലത്തെ രണ്ടു മൂലകളില്‍ ഘടിപ്പിച്ചു.
17 : രണ്ടു സ്വര്‍ണത്തുടലുകള്‍ ഉരസ്ത്രാണത്തിന്റെ മൂലകളിലുള്ള വളയങ്ങളില്‍ കൊളുത്തി.
18 : സ്വര്‍ണത്തുടലുകളുടെ മറ്റേ അറ്റങ്ങള്‍ സ്വര്‍ണത്തകിടുകളില്‍ ഘടിപ്പിച്ച്, എഫോദിന്റെ മുന്‍ഭാഗത്ത് അതിന്റെ തോള്‍വാറുകളില്‍ ബന്ധിച്ചു.
19 : രണ്ടു സ്വര്‍ണവളയങ്ങളുണ്ടാക്കി അവ ഉരസ്ത്രാണത്തിന്റെ താഴത്തെകോണുകളില്‍ അവയുടെ ഉള്‍ഭാഗത്ത് എഫോദിനോടു ചേര്‍ത്തു ബന്ധിച്ചു.
20 : രണ്ടു സ്വര്‍ണവളയങ്ങള്‍കൂടി നിര്‍മിച്ച് അവ എഫോദിന്റെ തോള്‍വാറുകളുടെ താഴത്തെ അറ്റങ്ങള്‍ക്കു മുന്‍ഭാഗത്ത്, അവയുടെ തുന്നലിനോടടുത്ത്, എഫോദിന്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളിലായി ബന്ധിച്ചു.
21 : കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, ഉരസ്ത്രാണം എഫോദിന്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളില്‍നിന്ന് ഇളകിപ്പോകാതിരിക്കാന്‍ അവയുടെ വളയങ്ങള്‍ ഒരു നീലച്ചരടുകൊണ്ടു ബന്ധിച്ചു.
22 : എഫോദിന്റെ നിലയങ്കി നീലനിറത്തില്‍ നെയ്തെടുത്തു;
23 : തല കടത്താന്‍ അതിന്റെ നടുവില്‍ ഒരു ദ്വാരമുണ്ടായിരുന്നു. ധരിക്കുമ്പോള്‍ കീറിപ്പോകാതിരിക്കാന്‍ ഉടുപ്പുകള്‍ക്കു ചെയ്യാറുള്ളതുപോലെ, ദ്വാരത്തിനു ചുറ്റും ഒരു നാട തുന്നിച്ചേര്‍ത്തു.
24 : നിലയങ്കിയുടെ വിളുമ്പിനുചുറ്റും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളുള്ള പിരിച്ച ചണ നൂലുകൊണ്ട് മാതളനാരങ്ങകള്‍ തുന്നിച്ചേര്‍ത്തു.
25 : അവര്‍ തനി സ്വര്‍ണംകൊണ്ട് മണികളുണ്ടാക്കി, നിലയങ്കിയുടെ വിളുമ്പിനു ചുറ്റും മാതളനാരങ്ങകളുടെ ഇടയില്‍ ബന്ധിച്ചു.
26 : കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, ശുശ്രൂഷയ്ക്കുള്ള നിലയങ്കിയുടെ വിളുമ്പിനുചുറ്റും ഒന്നിടവിട്ടു മണികളും മാതളനാരങ്ങകളും ഉണ്ടായിരുന്നു.
27 : അവര്‍ അഹറോനും അവന്റെ പുത്രന്മാര്ക്കും വേണ്ടി നേര്‍ത്ത ചണംകൊണ്ടു അങ്കികള്‍ നെയ്തു.
28 : നേരിയ ചണംകൊണ്ട് തലപ്പാവും തൊപ്പികളും, നേരിയ ചണച്ചരടുകൊണ്ട് കാല്‍ച്ചട്ടയും ഉണ്ടാക്കി.
29 : കര്‍ത്താവു മോശയോടു കല്പിച്ചതു പോലെ, അവര്‍ നേര്‍ത്ത ചണത്തുണിയും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളുള്ള നൂലുകളും ഉപയോഗിച്ച് ചിത്രത്തയ്യലില്‍ അരപ്പട്ടയുണ്ടാക്കി.
30 : വിശുദ്ധ കിരീടത്തിന്റെ തകിട് അവര്‍ തനി സ്വര്‍ണംകൊണ്ട് നിര്‍മിച്ച് അതിന്മേല് ഒരു മുദ്രയെന്നപോലെ കര്‍ത്താവിനു സമര്പ്പിതന് എന്നു കൊത്തിവച്ചു.
31 : കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, തലപ്പാവിന്റെ മുന്‍വശത്തു ബന്ധിക്കാന്‍ തകിടിന്മേല് ഒരു നീലച്ചരടു പിടിപ്പിച്ചു.
32 : ഇങ്ങനെ, സമാഗമകൂടാരത്തിന്റെ പണികളെല്ലാം അവസാനിച്ചു. കര്‍ത്താവു മോശയോടു കല്പിച്ചതനുസരിച്ച് ഇസ്രായേല്‍ ജനം എല്ലാക്കാര്യങ്ങളും ചെയ്തു.
33 : അവര്‍ കൂടാരം അതിന്റെ എല്ലാ ഉപകരണങ്ങളോടുംകൂടി മോശയുടെ അടുക്കല്‍കൊണ്ടുവന്നു: കൊളുത്തുകള്‍, പലകകള്‍, അഴികള്‍, തൂണുകള്‍, പാദകുടങ്ങള്‍;
34 : ഊറയ്ക്കിട്ട മുട്ടാടിന് തോലുകൊണ്ടുള്ള വിരി, നിലക്കരടിത്തോലുകൊണ്ടുള്ള വിരി, തിരശ്ശീല;
35 : സാക്ഷ്യപേടകം, അതിന്റെ തണ്ടുകള്‍, കൃപാസനം;
36 : മേശ, അതിന്റെ ഉപകരണങ്ങള്‍, തിരുസാന്നിധ്യത്തിന്റെ അപ്പം;
37 : തനി സ്വര്‍ണംകൊണ്ടു നിര്‍മിച്ചവിളക്കുകാല്‍, അതിലെ ദീപനിര, അതിന്റെ ഉപകരണങ്ങള്‍, വിളക്കിനുള്ള എണ്ണ;
38 : സ്വര്‍ണബലിപീഠം, അഭിഷേകതൈലം, പരിമളധൂപത്തിനുള്ള സുഗന്ധദ്രവ്യങ്ങള്‍, കൂടാരവാതിലിന്റെ യവനിക;
39 : ഓടുകൊണ്ടുള്ള ബലിപീഠം, ചട്ടക്കൂട്, തണ്ടുകള്‍, ഉപകരണങ്ങള്‍, ക്ഷാളനപാത്രം, അതിന്റെ പീഠം;
40 : അങ്കണത്തിന്റെ മറകള്‍, തൂണുകള്‍, പാദകുടങ്ങള്‍, അങ്കണകവാടത്തിന്റെ യവനിക, കയറുകള്‍, കുറ്റികള്‍, സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുള്ള പാത്രങ്ങള്‍;
41 : വിശുദ്ധ സ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ട വിശുദ്ധ വസ്ത്രങ്ങള്‍, പുരോഹിതനായ അഹറോന്റെ വിശുദ്ധ വസ്ത്രങ്ങള്‍, അവന്റെ പുത്രന്മാര് പുരോഹിത ശുശ്രൂഷയ്ക്കണിയേണ്ട വസ്ത്രങ്ങള്‍.
42 : കര്‍ത്താവു മോശയോടു കല്പിച്ചതുപോലെതന്നെ, ഇസ്രായേല്‍ ജനം ഇവയെല്ലാം ഉണ്ടാക്കി.
43 : അവര്‍ ചെയ്ത ജോലികളെല്ലാം മോശ പരിശോധിച്ചു. കര്‍ത്താവു കല്പിച്ചതുപോലെ തന്നെ അവര്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. മോശ അവരെ അനുഗ്രഹിച്ചു.
അദ്ധ്യായം 40
കൂടാരപ്രതിഷ്ഠ
1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
2 : ഒന്നാം മാസത്തിന്റെ ഒന്നാം ദിവസം നീ സമാഗമകൂടാരം സ്ഥാപിക്കണം.
3 : സാക്ഷ്യപേടകം അതിനുള്ളില്‍ പ്രതിഷ്ഠിച്ച് തിരശ്ശീലകൊണ്ടു മറയ്ക്കണം.
4 : മേശ കൊണ്ടുവന്ന് അതിന്റെ ഉപകരണങ്ങളെല്ലാം അതിന്മേല് ക്രമപ്പെടുത്തിവയ്ക്കണം. വിളക്കുകാല് കൊണ്ടുവന്ന് അതിന്മേല് വിളക്കുകള്‍ ഉറപ്പിക്കുക.
5 : ധൂപാര്ച്ചനയ്ക്കുള്ള സ്വര്‍ണപീഠം സാക്ഷ്യപേടകത്തിന്റെ മുന്പില് സ്ഥാപിക്കുകയും കൂടാരവാതിലിന് യവനിക ഇടുകയും വേണം.
6 : സമാഗമകൂടാരത്തിന്റെ വാതിലിനു മുന്പില് നീ ദഹനബലിപീഠം സ്ഥാപിക്കണം.
7 : സമാഗമ കൂടാരത്തിന്റെയും ബലിപീഠത്തിന്റെയും മധ്യേ ക്ഷാളനപാത്രംവച്ച് അതില്‍ വെള്ളമൊഴിക്കുക.
8 : ചുറ്റും അങ്കണമൊരുക്കി അങ്കണകവാടത്തില്‍ യവനിക തൂക്കിയിടണം.
9 : അതിനുശേഷം അഭിഷേക തൈലമെടുത്ത് കൂടാരവും അതിലുള്ള സകലതും അഭിഷേചിക്കുക. അങ്ങനെ കൂടാരവും അതിലെ ഉപകരണങ്ങളും ശുദ്ധീകരിക്കുക. അവ വിശുദ്ധമാകും.
10 : ദഹനബലിപീഠവും അതിലെ ഉപകരണങ്ങളും അഭിഷേചിച്ചു ശുദ്ധീകരിക്കുക.
11 : ബലിപീഠം അതിവിശുദ്ധമാകും. ക്ഷാളനപാത്രവും അതിന്റെ പീഠവും അഭിഷേചിച്ചു ശുദ്ധീകരിക്കണം.
12 : അനന്തരം, അഹറോനെയും അവന്റെ പുത്രന്മാരെയും സമാഗമകൂടാരത്തിന്റെ വാതില്ക്കല് കൊണ്ടുവന്ന് വെള്ളംകൊണ്ടു കഴുകണം.
13 : അഹറോനെ നീ വിശുദ്ധ വസ്ത്രങ്ങളണിയിക്കുകയും അഭിഷേചിച്ചു ശുദ്ധീകരിക്കുകയും വേണം. അങ്ങനെ അവന് പുരോഹിത പദവിയില്‍ എന്നെ ശുശ്രൂഷിക്കട്ടെ.
14 : അവന്റെ പുത്രന്മാരെ കൊണ്ടുവന്ന് അങ്കികളണിയിക്കണം.
15 : അവരുടെ പിതാവിനെ അഭിഷേചിച്ചതുപോലെ അവരെയും അഭിഷേകം ചെയ്യണം. പുരോഹിതരെന്ന നിലയില്‍ അവര്‍ എനിക്കു ശുശ്രൂഷ ചെയ്യട്ടെ. അവരുടെ ഈ അഭിഷേകം അവരെ തലമുറകളിലൂടെ നിലനില്‍ക്കുന്ന നിത്യപൗരോഹിത്യത്തില്‍ ഭാഗഭാക്കുകളാക്കും.
16 : മോശ അപ്രകാരം പ്രവര്‍ത്തിച്ചു; കര്‍ത്താവു തന്നോടു കല്പിച്ചതെല്ലാം അവന് അനുഷ്ഠിച്ചു.
17 : രണ്ടാംവര്‍ഷം ഒന്നാംമാസം ഒന്നാം ദിവസം കൂടാരം സ്ഥാപിക്കപ്പെട്ടു.
18 : മോശ കൂടാരമുയര്‍ത്തി; അതിന്റെ പാദകുടങ്ങളുറപ്പിച്ചു; പലകകള്‍ പിടിപ്പിച്ചു; അഴികള്‍ നിരത്തി, തൂണുകള്‍ നാട്ടി.
19 : കര്‍ത്താവു കല്പിച്ചതുപോലെ, മോശ കൂടാരത്തിന്റെ വിതാനം ഒരുക്കി, വിരികള്‍ നിരത്തി.
20 : അവന് ഉടമ്പടിപ്പത്രികയെടുത്തു പേടകത്തില്‍ വച്ചു. തണ്ടുകള്‍ പേടകത്തോടു ഘടിപ്പിച്ചു. പേടകത്തിനുമീതേ കൃപാസനം സ്ഥാപിക്കുകയും ചെയ്തു.
21 : കര്‍ത്താവു കല്പിച്ചതുപോലെ, മോശ സാക്ഷ്യപേടകം കൂടാരത്തിനുള്ളിലേക്കു കൊണ്ടുവന്നു. അതു തിരശ്ശീലകൊണ്ടു മറച്ചു.
22 : അവന് സമാഗമകൂടാരത്തില്‍ ശ്രീകോവിലിന്റെ വടക്കുവശത്തായി യവനികയ്ക്കു വെളിയില്‍ മേശ സ്ഥാപിച്ചു.
23 : അതിന്മേല് കര്‍ത്താവു കല്പിച്ചതുപോലെ അവിടുത്തെ മുന്പില്, ക്രമപ്രകാരം അപ്പവും വച്ചു.
24 : സമാഗമകൂടാരത്തില്‍ മേശയ്ക്കെതിരായി ശ്രീകോവിലിന്റെ തെക്കുവശത്തു വിളക്കുകാല് സ്ഥാപിച്ചു.
25 : കര്‍ത്താവു കല്പിച്ചതുപോലെ, മോശ കര്‍ത്താവിന്റെ മുന്പില് വിളക്കുകള്‍ വച്ചു.
26 : സമാഗമകൂടാരത്തില്‍ തിരശ്ശീലയുടെ മുന്പില് ധൂപാര്ച്ചനയ്ക്കുള്ള സ്വര്‍ണപീഠം സ്ഥാപിച്ചു.
27 : കര്‍ത്താവു കല്പിച്ചതുപോലെ, മോശ അതിന്മേല് പരിമളദ്രവ്യങ്ങള് പുകച്ചു.
28 : കൂടാരത്തിന്റെ വാതില്ക്കല് തിരശ്ശീല തൂക്കിയിട്ടു.
29 : കര്‍ത്താവു കല്പിച്ചതുപോലെ സമാഗമകൂടാരത്തിന്റെ വാതില്ക്കല് ദഹനബലിപീഠം സ്ഥാപിക്കുകയും അതിന്മേല് ദഹനബലിയും ധാന്യബലിയും അര്‍പ്പിക്കുകയും ചെയ്തു.
30 : സമാഗമകൂടാരത്തിനും ബലിപീഠത്തിനും മധ്യേ ക്ഷാളനപാത്രം വച്ച് അതില്‍ ക്ഷാളനത്തിനുള്ള വെള്ളമൊഴിച്ചു.
31 : ഈ വെള്ളംകൊണ്ടു മോശയും അഹറോനും അഹറോന്റെ പുത്രന്മാരും കൈകാലുകള്‍ കഴുകി.
32 : കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, അവര്‍ സമാഗമകൂടാരത്തില്‍ പ്രവേശിക്കുമ്പോഴും ബലിപീഠത്തെ സമീപിക്കുമ്പോഴും ക്ഷാളന കര്‍മം അനുഷ്ഠിച്ചുപോന്നു.
33 : അവന് കൂടാരത്തിനും ബലിപീഠത്തിനും ചുറ്റും അങ്കണമുണ്ടാക്കി. അങ്കണകവാടത്തില്‍ യവനികയിട്ടു. അങ്ങനെ, മോശ ജോലി ചെയ്തുതീര്‍ത്തു.
കര്‍ത്താവിന്റെ സാന്നിധ്യം
34 : അപ്പോള്‍ ഒരു മേഘം സമാഗമകൂടാരത്തെ ആവരണംചെയ്തു. കര്‍ത്താവിന്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നു.
35 : മോശയ്ക്കു സമാഗമകൂടാരത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല; കാരണം, മേഘം അതിനെ ആവരണം ചെയ്തിരുന്നു. കര്‍ത്താവിന്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നിരുന്നു.
36 : മേഘം കൂടാരത്തില്‍നിന്ന് ഉയരുമ്പോഴാണ് ഇസ്രായേല്‍ ജനം യാത്രപുറപ്പെട്ടിരുന്നത്.
37 : മേഘം ഉയര്‍ന്നില്ലെങ്കില്‍, അതുയരുന്ന ദിവസം വരെ അവര്‍ പുറപ്പെട്ടിരുന്നില്ല.
38 : കര്‍ത്താവിന്റെ മേഘം പകല്‍സമയത്ത് കൂടാരത്തിനു മുകളില്‍ നിലകൊണ്ടിരുന്നു; രാത്രിസമയത്ത് മേഘത്തില്‍ അഗ്നി ജ്വലിച്ചിരുന്നു. ഇസ്രായേല്‍ ജനം യാത്രയുടെ ഓരോ ഘട്ടത്തിലും ഇതു ദര്‍ശിച്ചു.
0 comments:
Post a Comment