ബൈബിൾ പഠനം - Leviticus 1
അദ്ധ്യായം 1
ദഹനബലി
1 : കര്‍ത്താവു മോശയെ വിളിച്ച് സമാഗമകൂടാരത്തില്‍ നിന്നു പറഞ്ഞു:
2 : ഇസ്രായേല്‍ജനത്തോടു പറയുക: നിങ്ങളില്‍ ആരെങ്കിലും കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍ കാലിക്കൂട്ടത്തില്‍നിന്നോ ആട്ടിന്‍കൂട്ടത്തില്‍ നിന്നോ ബലിമൃഗത്തെ കൊണ്ടുവരണം.
3 : ദഹനബലിക്കുള്ള മൃഗം കാലിക്കൂട്ടത്തില്‍നിന്നാണെങ്കില്‍ ഊനമറ്റ ഒരു കാളയെ സമര്‍പ്പിക്കട്ടെ. കര്‍ത്താവിനു സ്വീകാര്യമാകാന്‍ അതിനെ സമാഗമകൂടാരത്തിന്റെ വാതില്ക്കല് സമര്‍പ്പിക്കട്ടെ.
4 : അവന് ബലിമൃഗത്തിന്റെ തലയില്‍ കൈകള്‍ വയ്ക്കണം. അത് അവന്റെ പാപങ്ങളുടെ പരിഹാരത്തിനായി സ്വീകരിക്കപ്പെടും.
5 : അവന് കര്‍ത്താവിന്റെ മുന്‍പില്‍വച്ചു കാളക്കുട്ടിയെ കൊല്ലണം. അഹറോന്റെ പുത്രന്മാരായ പുരോഹിതന്മാര് അതിന്റെ രക്തമെടുത്തു സമാഗമകൂടാരത്തിന്റെ വാതില്ക്കലുള്ള ബലിപീഠത്തിനു ചുറ്റും തളിക്കണം.
6 : അതിനുശേഷം ബലിമൃഗത്തെ തോലുരിഞ്ഞ് കഷണങ്ങളായി മുറിക്കണം.
7 : പുരോഹിതരായ അഹറോന്റെ പുത്രന്മാര് ബലിപീഠത്തില്‍ തീ കൂട്ടി അതിനു മുകളില്‍ വിറക് അടുക്കണം.
8 : അവര്‍ മൃഗത്തിന്റെ കഷണങ്ങളും തലയും മേദസ്സും ബലിപീഠത്തില്‍ തീയ്ക്കു മുകളിലുള്ള വിറകിനുമീതേ അടുക്കിവയ്ക്കണം.
9 : എന്നാല്‍, അതിന്റെ അന്തര്‍ഭാഗങ്ങളും കാലുകളും വെള്ളത്തില്‍ കഴുകണം. പുരോഹിതന് എല്ലാം ദഹനബലിയായി, കര്‍ത്താവിനു പ്രീതികരമായ സൗരഭ്യമായി, ബലിപീഠത്തിലെ അഗ്നിയില്‍ ദഹിപ്പിക്കണം.
10 : ദഹനബലിക്കായുള്ള കാഴ്ചമൃഗം ചെമ്മരിയാടോ കോലാടോ ആണെങ്കില്‍ അത് ഊനമറ്റ മുട്ടാടായിരിക്കണം.
11 : ബലിപീഠത്തിനു വടക്കുവശത്ത്, കര്‍ത്താവിന്റെ സന്നിധിയില്‍വച്ച് അതിനെ കൊല്ലണം. അതിന്റെ രക്തം അഹറോന്റെ പുത്രന്മാരായ പുരോഹിതന്മാര് ബലിപീഠത്തിനു ചുറ്റും തളിക്കണം.
12 : അതിനെ തലയും മേദസ്സും ഉള്‍പ്പെടെ കഷണങ്ങളായി മുറിക്കണം; പുരോഹിതന്മാര് അവ ബലിപീഠത്തില്‍ തീയ്ക്കു മുകളിലുള്ള വിറകിന്മേല് അടുക്കിവയ്ക്കണം.
13 : എന്നാല്‍, അതിന്റെ അന്തര്‍ഭാഗങ്ങളും കാലുകളും വെള്ളംകൊണ്ടു കഴുകണം. പുരോഹിതന് അതു മുഴുവന്‍ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അതൊരു ദഹനബലിയാണ് - അഗ്നിയിലുള്ള ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവും.
14 : ദഹനബലിയായി പക്ഷിയെയാണര്‍പ്പിക്കുന്നതെങ്കില്‍, അതു ചെങ്ങാലിയോ പ്രാവിന്‍കുഞ്ഞോ ആയിരിക്കണം.
15 : പുരോഹിതന് അതിനെ ബലിപീഠത്തില്‍ കൊണ്ടുവന്നു കഴുത്തു പിരിച്ചു മുറിച്ച്, ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. രക്തം ബലിപീഠത്തിന്റെ പാര്‍ശ്വത്തില്‍ ഒഴുക്കിക്കളയണം.
16 : അതിന്റെ ആമാശയവും തൂവലുകളും ബലിപീഠത്തിനു കിഴക്കുവശത്ത്, ചാരം ശേഖരിക്കുന്ന സ്ഥലത്തിടണം.
17 : അതിനെ ചിറകുകളില്‍ പിടിച്ച് വലിച്ചുകീറണം. എന്നാല്‍, രണ്ടായി വേര്‍പെടുത്തരുത്. പുരോഹിതന് അതിനെ ബലിപീഠത്തില്‍ തീയുടെ മുകളിലുള്ള വിറകിനുമീതേ വച്ചു ദഹിപ്പിക്കണം. അതൊരു ദഹനബലിയാണ്. അഗ്നിയിലുള്ള ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവും.
0 comments:
Post a Comment