ബൈബിൾ പഠനം - Leviticus 4 to 10
അദ്ധ്യായം 4
പാപപരിഹാരബലി
1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
2 : ഇസ്രായേല്‍ജനത്തോടു പറയുക, ചെയ്യരുത് എന്നു കര്‍ത്താവ് വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്നിനെതിരായി ആരെങ്കിലും അറിവില്ലായ്മമൂലം പാപം ചെയ്യുന്നുവെന്നിരിക്കട്ടെ.
3 : ഇങ്ങനെ പാപം ചെയ്ത് ജനങ്ങളുടെമേല്‍ കുറ്റം വരുത്തിവയ്ക്കുന്നത് അഭിഷിക്തനായ പുരോഹിതനാണെങ്കില്‍ അവന് ഊനമറ്റ ഒരു കാളക്കുട്ടിയെ കര്‍ത്താവിനു പാപപരിഹാരബലിയായി സമര്‍പ്പിക്കണം.
4 : അതിനെ സമാഗമകൂടാരത്തിന്റെ വാതില്ക്കല് അവിടുത്തെ സന്നിധിയില്‍ കൊണ്ടുവന്ന് അതിന്റെ തലയില്‍ കൈവച്ചതിനുശേഷം അതിനെ കൊല്ലണം.
5 : അഭിഷിക്ത പുരോഹിതന് കാളക്കുട്ടിയുടെ കുറെരക്തമെടുത്ത് സമാഗമകൂടാരത്തിലേക്കു കൊണ്ടുവരണം.
6 : അവന് തന്റെ വിരല്‍ രക്തത്തില്‍ മുക്കി അതില്‍ ഒരു ഭാഗം കര്‍ത്താവിന്റെ സന്നിധിയില്‍ ശ്രീകോവിലിന്റെ തിരശ്ശീലയുടെ മുന്പില് ഏഴു പ്രാവശ്യം തളിക്കണം.
7 : പിന്നീട് രക്തത്തില്‍ കുറച്ചെടുത്തു സമാഗമകൂടാരത്തില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ധൂപപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിച്ച രക്തം സമാഗമകൂടാരത്തിന്റെ വാതില്ക്കലുള്ള ദഹനബലിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം.
8 : പാപപരിഹാരബലിക്കുള്ള കാളക്കുട്ടിയുടെ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്സു മുഴുവനും എടുക്കണം.
9 : അതിന്റെ ഇരു വൃക്കകളും അവയിലും അരക്കെട്ടിലുമുള്ള മേദസ്സും കരളിനു മുകളിലുള്ള നെയ്വലയും എടുക്കണം.
10 : സമാധാനബലിക്കുള്ള കാളയില്‍നിന്നെന്നപോലെ പുരോഹിതന് അവയെടുത്ത് ദഹനബലിപീഠത്തില്‍ വച്ചു ദഹിപ്പിക്കണം.
11 : എന്നാല്‍, കാളക്കുട്ടിയുടെ തോലും മാംസം മുഴുവനും തലയും കാലുകളും ആന്തരികാവയവങ്ങളും ചാണ കവും -
12 : കാളയെ മുഴുവനും - പാളയത്തിനു വെളിയില്‍ ചാരമിടുന്ന വൃത്തിയുള്ള സ്ഥലത്തുകൊണ്ടുചെന്ന് കത്തുന്ന വിറകിന്മേല് വച്ചു ദഹിപ്പിക്കണം. ചാരം ഇടുന്ന സ്ഥലത്തുതന്നെ അതിനെ ദഹിപ്പിക്കണം.
13 : ഇസ്രായേല്‍സമൂഹം മുഴുവന്‍ അറിവില്ലായ്മ മൂലം പാപം ചെയ്യുകയും കര്‍ത്താവു വിലക്കിയിരിക്കുന്നതില്‍ ഏതെങ്കിലുമൊന്നു ചെയ്തു കുറ്റക്കാരാകുകയും അക്കാര്യം അവരുടെ ശ്രദ്ധയില്‍ പെടാതിരിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ;
14 : എന്നാല്‍, തങ്ങളുടെ പാപത്തെക്കുറിച്ചറിയുമ്പോള്‍ പാപപരിഹാരബലിക്കായി സമൂഹം മുഴുവന്‍ ഒരു കാളക്കുട്ടിയെ കാഴ്ചവയ്ക്കുകയും അതിനെ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍കൊണ്ടുവരുകയും വേണം.
15 : സമൂഹത്തിലെശ്രേഷ്ഠന്‍മാര്‍ കര്‍ത്താവിന്റെ സന്നിധിയില്‍വച്ച് കാളക്കുട്ടിയുടെ തലയില്‍ കൈകള്‍ വയ്ക്കണം; അതിനെ അവിടുത്തെ മുന്‍പില്‍വച്ചു കൊല്ലണം.
16 : അഭിഷിക്തനായ പുരോഹിതന് കാളക്കുട്ടിയുടെ കുറെരക്തം സമാഗമകൂടാരത്തിലേക്കു കൊണ്ടുവരണം.
17 : അവന് രക്തത്തില്‍ വിരല്‍ മുക്കി കര്‍ത്താവിന്റെ സന്നിധിയില്‍ തിരശ്ശീലയ്ക്കു മുന്പില് ഏഴു പ്രാവശ്യം തളിക്കണം.
18 : കുറെരക്തമെടുത്ത് സമാഗമകൂടാരത്തില്‍ കര്‍ത്താവിന്റെ സന്നിധിയിലുള്ള ബലിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ബാക്കി രക്തം സമാഗമകൂടാരത്തിന്റെ വാതില്ക്കലുള്ള ദഹനബലിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം.
19 : അതിന്റെ മേദസ്സു മുഴുവനുമെടുത്ത് ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം.
20 : പാപപരിഹാരബലിക്കുള്ള കാളക്കുട്ടിയെയെന്നപോലെ ഈ കാളക്കുട്ടിയെയും ദഹിപ്പിക്കണം. അങ്ങനെ അവര്‍ക്കുവേണ്ടി പുരോഹിതന് പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവരുടെ കുറ്റം ക്ഷമിക്കപ്പെടും.
21 : അനന്തരം കാളയെ കൂടാരത്തിനു വെളിയില്‍ കൊണ്ടുപോയി ആദ്യത്തെ കാളയെ ദഹിപ്പിച്ചതുപോലെ ദഹിപ്പിക്കണം. ഇത് സമൂഹത്തിനു വേണ്ടിയുള്ള പാപപരിഹാര ബലിയാണ്.
22 : ഒരു ഭരണാധികാരി തന്റെ ദൈവമായ കര്‍ത്താവ് വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്ന് അറിവില്ലായ്മമൂലം ചെയ്തു കുറ്റക്കാരനാകുന്നു വെന്നിരിക്കട്ടെ.
23 : അവന് തന്റെ തെറ്റു മനസ്സിലാക്കുമ്പോള്‍ ഊനമറ്റ ഒരു കോലാട്ടിന്‍മുട്ടനെ കര്‍ത്താവിനു ബലിയര്‍പ്പിക്കണം.
24 : അവന് അതിന്റെ തലയില്‍ കൈവയ്ക്കുകയും കര്‍ത്താവിന്റെ സന്നിധിയില്‍ ദഹനബലിക്കായി മൃഗങ്ങളെ കൊല്ലുന്ന സ്ഥലത്തുവച്ച് അതിനെ കൊല്ലുകയും വേണം. ഇത് ഒരു പാപപരിഹാരബലിയാണ്.
25 : പുരോഹിതന് കുറച്ചു രക്തമെടുത്ത് അതില്‍ വിരല്‍ മുക്കി ദഹനബലിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിച്ചത് ബലിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം.
26 : അതിന്റെ മേദസ്സു മുഴുവനും സമാധാന ബലിക്കുള്ള മൃഗത്തിന്റെ മേദസ്സുപോലെ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന് അവന്റെ പാപത്തിനു പരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും.
27 : ജനങ്ങളിലാരെങ്കിലും കര്‍ത്താവു വിലക്കിയിട്ടുള്ളതില്‍ ഏതെങ്കിലുമൊന്ന് അറിവില്ലായ്മകൊണ്ടു ചെയ്തു കുറ്റക്കാരനായെന്നിരിക്കട്ടെ.
28 : അവന് തന്റെ തെറ്റു മനസ്സിലാക്കുമ്പോള്‍ ഊനമറ്റ ഒരു പെണ്‍കോലാടിനെ പാപപരിഹാരത്തിനായി സമര്‍പ്പിക്കണം.
29 : അവന് ബലിമൃഗത്തിന്റെ തലയില്‍ കൈവയ്ക്കുകയും ദഹനബലിക്കുള്ള സ്ഥലത്തുവച്ച് അതിനെ കൊല്ലുകയും വേണം.
30 : പുരോഹിതന് കുറച്ചു രക്തമെടുത്ത് അതില്‍ വിരല്‍ മുക്കി ദഹനബലിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടുകയും ശേഷിച്ചത് ബലിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കുകയും വേണം.
31 : സമാധാനബലിക്കുള്ള മൃഗത്തില്‍നിന്നു മേദസ്സു മാറ്റിയെടുക്കുന്നതുപോലെ അതിന്റെ മേദസ്സു മുഴുവന്‍ എടുത്തു പുരോഹിതന് കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന് അവനുവേണ്ടി പരിഹാരം ചെയ്യണം. അപ്പോള്‍ തെറ്റു ക്ഷമിക്കപ്പെടും.
32 : പാപപരിഹാരബലിക്കായി ചെമ്മരിയാടിനെയാണു കൊണ്ടുവരുന്നതെങ്കില്‍ അത് ഊനമറ്റ പെണ്ണാടായിരിക്കണം.
33 : അതിന്റെ തലയില്‍ കൈവച്ചതിനുശേഷം ദഹനബലിമൃഗത്തെ കൊല്ലുന്ന സ്ഥലത്തുവച്ച് അതിനെ പാപപരിഹാരബലിക്കായി കൊല്ലണം.
34 : പുരോഹിതന് അതിന്റെ കുറച്ചു രക്തമെടുത്ത് അതില്‍ വിരല്‍ മുക്കി ദഹനബലിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിച്ചത് ബലിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം.
35 : സമാധാനബലിക്കുള്ള ആട്ടിന്‍കുട്ടിയില്‍നിന്ന് എന്നപോലെ അതിന്റെ മേദസ്സു മുഴുവനും എടുക്കണം. പുരോഹിതന് അതു കര്‍ത്താവിനു ദഹനബലിയായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന് അവന്റെ പാപങ്ങള്‍ക്കു പരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും.
അദ്ധ്യായം 5
1 : സാക്ഷ്യം നല്കാന് ശപഥപൂര്‍വം ആവശ്യപ്പെട്ടിട്ടും താന്‍ കാണുകയോ മനസ്സിലാക്കുകയോ ചെയ്ത കാര്യം ഏറ്റുപറയായ്കമൂലം പാപംചെയ്യുന്നവന്‍ അതിന്റെ കുറ്റം ഏല്ക്കണം.
2 : ആരെങ്കിലും അശുദ്ധമായ വസ്തുവിനെ - അശുദ്ധമായ വന്യമൃഗം, കന്നുകാലി, ഇഴജന്തു ഇവയില്‍ ഏതിന്റെയെങ്കിലും ശവത്തെ - സ്പര്‍ശിക്കുകയും അവന് അത് അറിയാതിരിക്കുകയും ചെയ്താല്‍, അറിയുമ്പോള്‍ അവന് അശുദ്ധനും കുറ്റക്കാരനുമായിരിക്കും.
3 : ഒരുവന് തന്നെ അശുദ്ധനാക്കുന്ന ഏതെങ്കിലും തരത്തിലുള്ള മാനുഷിക മാലിന്യത്തെ സ്പര്‍ശിക്കുകയും അത് അറിയാതിരിക്കുകയും ചെയ്താല്‍, അറിയുമ്പോള്‍ അവന് കുറ്റക്കാരനായിരിക്കും.
4 : നന്മയാകട്ടെ, തിന്മയാകട്ടെ, താന്‍ അതു ചെയ്യുമെന്ന് ഒരുവന് അവിവേകമായി ആണയിട്ടു പറയുകയും അക്കാര്യം വിസ്മരിക്കുകയും ചെയ്താല്‍, ഓര്‍മിക്കുമ്പോള്‍ അവന് കുറ്റക്കാരനായിരിക്കും.
5 : ഇവയില്‍ ഏതെങ്കിലും കാര്യത്തില്‍ ഒരുവന് കുറ്റക്കാരനാണെങ്കില്‍ അവന് തന്റെ പാപം ഏറ്റുപറയണം.
6 : അവന് ഒരു പെണ്‍ചെമ്മരിയാടിനെയോ പെണ്‍കോലാടിനെയോ കര്‍ത്താവിനു പാപപരിഹാരബലിയായി അര്‍പ്പിക്കണം. പുരോഹിതന് അവനുവേണ്ടി പാപപരിഹാരം ചെയ്യുകയും വേണം.
7 : ആട്ടിന്‍കുട്ടിയെ നല്കാന് കഴിവില്ലെങ്കില്‍ അവന്റെ പാപത്തിനു പരിഹാരമായി രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കര്‍ത്താവിന്റെ മുന്പില് കൊണ്ടുവരണം; ഒന്നു പാപപരിഹാര ബലിക്കും മറ്റേതു ദഹനബലിക്കും.
8 : അവയെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം. പുരോഹിതന് ആദ്യം പാപപരിഹാരബലിക്കുള്ളതിനെ അര്‍പ്പിക്കണം; അതിന്റെ കഴുത്തു പിരിച്ചൊടിക്കണം; തല വേര്‍പെടുത്തരുത്.
9 : ബലിയര്‍പ്പിച്ച പക്ഷിയുടെ കുറെരക്തമെടുത്ത് പുരോഹിതന് ബലിപീഠത്തിന്റെ പാര്‍ശ്വത്തില്‍ തളിക്കണം. ശേഷിച്ച രക്തം ബലിപീഠത്തിന്റെ ചുവട്ടില്‍ ഒഴുക്കിക്കളയണം. ഇതു പാപപരിഹാരബലിയാണ്.
10 : രണ്ടാമത്തേതിനെ വിധിപ്രകാരം ദഹന ബലിയായി സമര്‍പ്പിക്കണം. പുരോഹിതന് അവനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും.
11 : രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ നല്കാന് കഴിവില്ലെങ്കില്‍ താന്‍ ചെയ്ത പാപങ്ങള്‍ക്കു പരിഹാരമായി ഒരു ഏഫായുടെ പത്തിലൊന്നു നേരിയമാവ് അവന് പാപപരിഹാര ബലിക്കായി നല്‍കണം. പാപപരിഹാര ബലിക്കുവേണ്ടിയുള്ളതാകയാല് അതില്‍ എണ്ണയൊഴിക്കുകയോ കുന്തുരുക്കമിടുകയോ അരുത്.
12 : അത് പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം. പുരോഹിതന് അതില്‍നിന്ന് സ്മരണാംശമായി ഒരുകൈ മാവ് എടുത്തു കര്‍ത്താവിനുള്ള ദഹനബലിയായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു പാപപരിഹാര ബലിയാണ്.
13 : മേല്പറഞ്ഞവയില് ഒരുവന് ചെയ്ത പാപത്തിന് പുരോഹിതന് അവനുവേണ്ടി പരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും. ശേഷിച്ച മാവ് ധാന്യബലിയിലെന്നതുപോലെ പുരോഹിതനുള്ളതാണ്.
പ്രായശ്ചിത്തബലി
14 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
15 : കര്‍ത്താവിനു നല്‍കേണ്ട കാണിക്കകളുടെ കാര്യത്തില്‍ ആരെങ്കിലും അറിയാതെ തെറ്റുചെയ്താല്‍ വിശുദ്ധമന്ദിരത്തിലെ നിരക്കനുസരിച്ച് നീ നിശ്ചയിക്കുന്നത്ര ഷെക്കല്‍ വെള്ളി വിലയുള്ള ഊനമറ്റ ഒരു മുട്ടാടിനെ ആട്ടിന്പറ്റത്തില് നിന്നു പ്രായശ്ചിത്ത ബലിയായി അര്‍പ്പിക്കണം.
16 : വിശുദ്ധ വസ്തുക്കള്‍ക്കു നഷ്ടം വരുത്തുന്നവന് പരിഹാരത്തുകയും അതിന്റെ അഞ്ചിലൊന്നും കൂടി പുരോഹിതനെ ഏല്പിക്കണം. പുരോഹിതന് പ്രായശ്ചിത്തബലിക്കുള്ള മുട്ടാടിനെ അര്‍പ്പിച്ച് അവനുവേണ്ടി പാപപരിഹാരം ചെയ്യട്ടെ. അപ്പോള്‍ അവന്റെ കുറ്റം ക്ഷമിക്കപ്പെടും.
17 : കര്‍ത്താവു വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്നു പ്രവര്‍ത്തിച്ച് പാപംചെയ്യുന്നവന്‍, അറിയാതെയാണ് അതു ചെയ്തതെങ്കില്‍ത്തന്നെയും, കുറ്റക്കാരനാണ്. അവന് തന്റെ തെറ്റിന് ഉത്തരവാദിയായിരിക്കും.
18 : പ്രായശ്ചിത്തബലിയുടെ ചെലവനുസരിച്ച് നീ നിശ്ചയിക്കുന്ന വിലയ്ക്കുള്ളതും ഊനമറ്റതുമായ ഒരു മുട്ടാടിനെ അവന് ആട്ടിന്‍പറ്റത്തില്‍നിന്നു പുരോഹിതന്റെയടുക്കല്‍ കൊണ്ടുവരണം. അറിയാതെചെയ്ത പാപത്തിന് പുരോഹിതന് അവനുവേണ്ടി പരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും.
19 : ഇതു പ്രായശ്ചിത്തബലിയാണ്. അവന് കര്‍ത്താവിന്റെ മുന്പില് കുറ്റക്കാരനാണല്ലോ.
0 comments:
Post a Comment