അദ്ധ്യായം 16
പാപപരിഹാരദിനം
1 : അഹറോന്റെ രണ്ടു പുത്രന്മാര് കര്‍ത്താവിന്റെ സന്നിധിയില്‍വച്ചു മരിച്ചതിനുശേഷം
2 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നിന്റെ സഹോദരനായ അഹറോനോട് അവന് മരിക്കാതിരിക്കേണ്ടതിന് തിരശ്ശീലയ്ക്കുള്ളിലെ ശ്രീകോവിലില്‍ പെട്ട കത്തിനു മുകളിലെ കൃപാസനത്തിനു മുന്പില് ഏതു സമയത്തും പ്രവേശിക്കരുതെന്ന് നീ പറയണം. കാരണം, കൃപാസനത്തിനു മുകളില്‍ ഒരു മേഘത്തില്‍ ഞാന്‍ പ്രത്യക്ഷപ്പെടും.
3 : അഹറോന് ശ്രീകോവിലില്‍ പ്രവേശിക്കേണ്ടത് ഇങ്ങനെയാണ്: പാപപരിഹാരബലിക്ക് ഒരു കാളക്കുട്ടിയെയും ദഹനബലിക്ക് ഒരു മുട്ടാടിനെയും കൊണ്ടുവരണം.
4 : വിശുദ്ധമായ ചണക്കുപ്പായവും ചണംകൊണ്ടുള്ള കാല്‍ച്ചട്ടയും അരപ്പട്ടയും തൊപ്പിയും ധരിച്ചുവേണം വരാന്‍. ഇവ വിശുദ്ധവസ്ത്രങ്ങളാണ്. ശരീരം വെള്ളംകൊണ്ടു കഴുകിയതിനുശേഷം വേണം അവ ധരിക്കാന്‍.
5 : ഇസ്രായേല്‍ സമൂഹത്തില്‍നിന്ന് അവന് പാപപരിഹാരബലിക്കായി രണ്ട് ആണ് കോലാടുകളെയും ദഹനബലിക്കായി ഒരു മുട്ടാടിനെയും എടുക്കണം.
6 : അഹറോന് തനിക്കുവേണ്ടി പാപപരിഹാരബലിയായി കാളക്കുട്ടിയെ അര്‍പ്പിക്കണം; അങ്ങനെ തനിക്കും കുടുംബത്തിനുംവേണ്ടി പാപപരിഹാരം ചെയ്യണം.
7 : അനന്തരം, രണ്ടു കോലാടുകളെയും സമാഗമകൂടാരത്തിന്റെ വാതില്ക്കല് കര്‍ത്താവിന്റെ സന്നിധിയില്‍ കൊണ്ടുവരണം.
8 : അഹറോന് കുറിയിട്ട് ആടുകളിലൊന്നിനെ കര്‍ത്താവിനും മറ്റേതിനെ അസസേലിനുമായി നിശ്ചയിക്കണം.
9 : കര്‍ത്താവിനായി കുറിവീണ ആടിനെ കൊണ്ടുവന്ന് പാപപരിഹാരബലിയായി അര്‍പ്പിക്കണം.
10 : എന്നാല്‍, അസസേലിനായി കുറിവീണ ആടിനെ പാപപരിഹാരം ചെയ്യുന്നതിനും അസസേലിനായി മരുഭൂമിയിലേക്കു വിട്ടയയ്ക്കുന്നതിനും വേണ്ടി ജീവനോടെ കര്‍ത്താവിന്റെ മുന്പില് നിര്‍ത്തണം.
11 : അഹറോന് തനിക്കും കുടുംബത്തിനുംവേണ്ടി പാപപരിഹാരബലിയായി കാളക്കുട്ടിയെ സമര്‍പ്പിക്കണം. അവന് അതിനെകൊല്ലണം.
12 : അനന്തരം, കര്‍ത്താവിന്റെ സന്നിധിയിലെ ബലിപീഠത്തിന്മേലുള്ള തീക്കനല്‍ നിറച്ച ധൂപകലശമേന്തി, സുരഭിലമായ കുന്തുരുക്കപ്പൊടി കൈകളില്‍ നിറച്ച് തിരശ്ശീലയ്ക്കകത്തു വരണം.
13 : താന്‍ മരിക്കാതിരിക്കാന്‍വേണ്ടി സാക്ഷ്യപേടകത്തിന്മേലുള്ള കൃപാസനത്തെ ധൂപപടലംകൊണ്ടു മറയ്ക്കുന്നതിനു കര്‍ത്താവിന്റെ സന്നിധിയില്‍വച്ച് അവന് കുന്തുരുക്കം തീയിലിടണം.
14 : അനന്തരം, കാളക്കുട്ടിയുടെ കുറെരക്തമെടുത്ത് കൈവിരല്‍കൊണ്ടു കൃപാസനത്തിന്മേല് മുന്‍ഭാഗത്തു തളിക്കണം. അതുപോലെ കൃപാസനത്തിന്റെ മുന്‍പിലും ഏഴുപ്രാവശ്യം തളിക്കണം.
15 : ജനങ്ങളുടെ പാപപരിഹാരബലിക്കുള്ള കോലാടിനെ കൊന്ന് അതിന്റെ രക്തം തിരശ്ശീലയ്ക്കകത്തു കൊണ്ടുവന്ന്, കാളക്കുട്ടിയുടെ രക്തംകൊണ്ടു ചെയ്തതുപോലെ, കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുന്‍പിലും തളിക്കണം.
16 : അങ്ങനെ ഇസ്രായേല്‍ ജനത്തിന്റെ അശുദ്ധിയും തിന്മകളും പാപങ്ങളും നിമിത്തം അഹറോന് വിശുദ്ധ സ്ഥലത്തിനു വേണ്ടി പാപപരിഹാരം ചെയ്യണം. അവരുടെ ഇടയില്‍, അവരുടെ അശുദ്ധിയുടെ മധ്യേ, സ്ഥിതിചെയ്യുന്ന സമാഗമകൂടാരത്തിനു വേണ്ടിയും ഇപ്രകാരംതന്നെ ചെയ്യണം.
17 : പുരോഹിതന് തനിക്കും കുടുംബത്തിനും ഇസ്രായേല്‍ജനത്തിനു മുഴുവനുംവേണ്ടി പാപപരിഹാരം ചെയ്യുന്നതിനായി ശ്രീകോവിലില്‍ പ്രവേശിച്ചിട്ടു തിരിച്ചുവരുന്നതുവരെ ആരും സമാഗമകൂടാരത്തിലുണ്ടായിരിക്കരുത്.
18 : അനന്തരം, അവന് കര്‍ത്താവിന്റെ സന്നിധിയിലുള്ള ബലിപീഠത്തിലേക്കു ചെന്ന് അതിനുവേണ്ടിയും പാപപരിഹാരം ചെയ്യണം. കാളക്കുട്ടിയുടെയും കോലാടിന്റെയും കുറച്ചു രക്തമെടുത്ത് ബലിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം.
19 : കുറെരക്തമെടുത്ത് വിരല്‍കൊണ്ട് ഏഴുപ്രാവശ്യം അതിന്മേല് തളിച്ച് അതിനെ ശുദ്ധീകരിക്കുകയും ഇസ്രായേല്‍ ജനത്തിന്റെ അശുദ്ധിയില്‍നിന്നു പവിത്രീകരിക്കുകയും ചെയ്യണം.
20 : ശ്രീകോവിലിനും സമാഗമകൂടാരത്തിനും ബലിപീഠത്തിനുംവേണ്ടി പാപപരിഹാരം ചെയ്തതിനുശേഷം ജീവനുള്ള കോലാടിനെ കൊണ്ടുവരണം.
21 : അതിന്റെ തലയില്‍ കൈകള്‍വച്ച് അഹറോന് ഇസ്രായേല്‍ജനങ്ങളുടെ എല്ലാ അകൃത്യങ്ങളും അക്രമങ്ങളും പാപങ്ങളും ഏറ്റുപറയണം. അവയെല്ലാം അതിന്റെ ശിരസ്സില്‍ ചുമത്തി, ഒരുങ്ങിനില്ക്കുന്ന ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു വിടണം.
22 : കോലാട് അവരുടെ കുറ്റങ്ങള്‍ വഹിച്ചുകൊണ്ട് വിജനപ്രദേശത്തേക്കു പോകട്ടെ. ആടിനെ നയിക്കുന്ന ആള് അതിനെ മരുഭൂമിയില്‍ ഉപേക്ഷിക്കണം.
23 : അനന്തരം, അഹറോന് സമാഗമകൂടാരത്തില്‍ ചെന്ന് ശ്രീകോവിലില്‍ പ്രവേശിച്ചപ്പോള്‍ ധരിച്ചിരുന്ന ചണവസ്ത്രങ്ങള്‍ ഊരിവയ്ക്കണം.
24 : അവന് വിശുദ്ധസ്ഥലത്തുവച്ച് ദേഹം വെള്ളംകൊണ്ടു കഴുകി സ്വന്തം വസ്ത്രംധരിച്ചുവന്ന് തനിക്കും ജനത്തിനുംവേണ്ടി ദഹനബലിയര്‍പ്പിച്ചു പാപപരിഹാരം ചെയ്യണം.
25 : ബലിമൃഗത്തിന്റെ മേദസ്സ് ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം.
26 : കോലാടിനെ അസസേലിനുവേണ്ടി കൊണ്ടുപോയവന് തന്റെ വസ്ത്രങ്ങളും ദേഹവും വെള്ളത്തില്‍ കഴുകിയതിനുശേഷമേ പാളയത്തിലേക്കു വരാവൂ.
27 : ശ്രീകോവിലില്‍ പാപപരിഹാരബലിക്കുള്ള രക്തത്തിനായിക്കൊന്ന കാളക്കുട്ടിയെയും കോലാടിനെയും പാളയത്തിനു വെളിയില്‍ കൊണ്ടുപോകണം. അവയുടെ തോലും മാംസവും ചാണകവും തീയില്‍ ദഹിപ്പിച്ചുകളയണം.
28 : അതു ദഹിപ്പിക്കുന്നവന്‍ തന്റെ വസ്ത്രവും ശരീരവും വെള്ളത്തില്‍ കഴുകിയതിനു ശേഷമേ പാളയത്തില്‍ പ്രവേശിക്കാവൂ.
29 : ഇതു നിങ്ങള്‍ക്ക് എന്നേക്കുമുള്ള നിയമമാണ്. ഏഴാംമാസം പത്താം ദിവസം നിങ്ങള്‍ ഉപവസിക്കണം. നിങ്ങളോ നിങ്ങളുടെ ഇടയിലുള്ള വിദേശീയരോ അന്നു ജോലി ചെയ്യരുത്.
30 : പാപങ്ങളില്‍നിന്നെല്ലാം ശുദ്ധീകരിക്കപ്പെടാനായി നിങ്ങള്‍ക്കുവേണ്ടി പരിഹാരം ചെയ്യുന്ന ദിവസമാണത്.
31 : നിങ്ങള്‍ക്കിത് വിശ്രമം നല്കുന്ന വിശുദ്ധ സാബത്തു ദിവസമാണ്. നിങ്ങള്‍ ഉപവാസം അനുഷ്ഠിക്കണം.
32 : ഇത് എന്നേക്കുമുള്ള നിയമമാണ്. സ്വപിതാവിന്റെ സ്ഥാനത്ത് അഭിഷിക്തനായി പ്രതിഷ്ഠിക്കപ്പെട്ട പുരോഹിതന് പരിശുദ്ധമായ ചണ വസ്ത്രങ്ങളണിഞ്ഞ് പാപപരിഹാരം ചെയ്യണം.
33 : ശ്രീകോവിലിനും സമാഗമകൂടാരത്തിനും ബലിപീഠത്തിനും പുരോഹിതന്മാര്ക്കും ജനസമൂഹത്തിനും വേണ്ടി അവന് പാപപരിഹാരം ചെയ്യണം.
34 : ഇസ്രായേല്‍ ജനത്തിന്റെ പാപങ്ങള്‍ നിമിത്തം അവര്‍ക്കുവേണ്ടി വര്‍ഷത്തിലൊരിക്കല്‍ പാപ പരിഹാരം ചെയ്യണമെന്നത് നിങ്ങള്‍ക്ക് എന്നേക്കുമുള്ള ഒരു നിയമമാണ്. കര്‍ത്താവു കല്പിച്ചതു പോലെ മോശ പ്രവര്‍ത്തിച്ചു.
അദ്ധ്യായം 23
തിരുനാളുകള്‍
1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
2 : ഇസ്രായേല്‍ ജനത്തോടു പറയുക, വിശുദ്ധ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടേണ്ട കര്‍ത്താവിന്റെ തിരുനാളുകള്‍ ഇവയാണ്.
സാബത്ത്
3 : ആറുദിവസം നിങ്ങള്‍ ജോലി ചെയ്യണം; ഏഴാംദിവസം സമ്പൂര്‍ണവിശ്രമത്തിനും വിശുദ്ധ സമ്മേളനത്തിനുമുള്ള സാബത്താണ്. അന്നു നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും കര്‍ത്താവിന്റെ സാബത്താണ്.
4 : നിശ്ചിത കാലത്ത് നിങ്ങള്‍ പ്രഖ്യാപിക്കേണ്ട കര്‍ത്താവിന്റെ തിരുനാളുകള്‍, വിശുദ്ധസമ്മേളനങ്ങള്‍ ഇവയാണ്.
പെസഹാ, പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍
5 : ഒന്നാം മാസം പതിന്നാലാം ദിവസം വൈകുന്നേരം കര്‍ത്താവിന്റെ പെസഹായാണ്.
6 : ആ മാസം പതിനഞ്ചാം ദിവസം കര്‍ത്താവിനുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍. ഏഴു ദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
7 : ഒന്നാംദിവസം നിങ്ങള്‍ക്കു വിശുദ്ധസമ്മേളനത്തിനുള്ളതായിരിക്കണം. അന്നു നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്.
8 : ഏഴു ദിവസവും നിങ്ങള്‍ കര്‍ത്താവിനു ദഹനബലി അര്‍പ്പിക്കണം. ഏഴാം ദിവസം വിശുദ്ധ സമ്മേളനമുണ്ടായിരിക്കണം. നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്.
ആദ്യഫലങ്ങളുടെ തിരുനാള്‍
9 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
10 : ഇസ്രായേല്‍ ജനത്തോടു പറയുക, ഞാന്‍ നിങ്ങള്‍ക്കു തരാന്‍ പോകുന്ന ദേശത്ത് എത്തിച്ചേരുകയും അവിടെ നിങ്ങള്‍ വിളവെടുക്കുകയും ചെയ്യുമ്പോള്‍ കൊയ്ത്തിലെ ആദ്യഫലമായ കറ്റ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം.
11 : നിങ്ങള്‍ കര്‍ത്താവിനു സ്വീകാര്യരാകാന്‍ വേണ്ടി ആ കറ്റ പുരോഹിതന് അവിടുത്തെ മുന്പില് നീരാജനം ചെയ്യണം; സാബത്തിന്റെ പിറ്റേദിവസം അവന് അതു ചെയ്യട്ടെ.
12 : കറ്റ കര്‍ത്താവിനു നീരാജനമായി അര്‍പ്പിക്കുന്ന ദിവസംതന്നെ ഒരു വയസ്സുള്ള ഊനമറ്റ ഒരു മുട്ടാടിനെ നിങ്ങള്‍ അവിടുത്തേക്കു ദഹനബലിയായി സമര്‍പ്പിക്കണം.
13 : അതോടൊപ്പമുള്ള ധാന്യബലി എണ്ണ ചേര്‍ത്ത പത്തില്‍ രണ്ട് ഏഫാ നേരിയ മാവായിരിക്കണം. അതു സൗരഭ്യമുള്ള ദഹനബലിയായി കര്ത്താവിന് അര്‍പ്പിക്കണം. പാനീയബലിയായി നാലിലൊന്നു ഹിന് വീഞ്ഞും അര്‍പ്പിക്കണം.
14 : നിങ്ങള്‍ ദൈവത്തിന് ഈ കാഴ്ച സമര്‍പ്പിക്കുന്ന ദിവസംവരെ അപ്പമോ മലരോ കതിരോ ഭക്ഷിക്കരുത്. നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും എന്നേക്കും തലമുറതോറുമുള്ള ഒരു നിയമമാണിത്.
ആഴ്ചകളുടെ തിരുനാള്‍
15 : സാബത്തിന്റെ പിറ്റേദിവസം മുതല്‍, അതായത്, നീരാജനത്തിനായി കറ്റ കൊണ്ടുവന്ന ദിവസം മുതല്‍ ഏഴു പൂര്‍ണമായ ആഴ്ച കള്‍ നിങ്ങള്‍ കണക്കാക്കണം.
16 : ഏഴാമത്തെ സാബത്തിന്റെ പിറ്റേ ദിവസം, അതായത് അന്‍പതാം ദിവസം കര്‍ത്താവിനു പുതിയ ധാന്യങ്ങള്‍കൊണ്ടു നിങ്ങള്‍ ധാന്യബലി അര്‍പ്പിക്കണം.
17 : നീരാജനത്തിനായി നിങ്ങളുടെ വസതികളില്‍ നിന്നു പത്തില്‍ രണ്ട് ഏഫാ മാവുകൊണ്ടുണ്ടാക്കിയ രണ്ട് അപ്പം കൊണ്ടുവരണം. കര്ത്താവിന് ആദ്യഫലമായി സമര്‍പ്പിക്കുന്ന അതു നേരിയ മാവുകൊണ്ടുണ്ടാക്കിയതും പുളിപ്പിച്ചതുമായിരിക്കണം.
18 : അപ്പത്തോടുകൂടെ ഒരു വയസ്സുള്ള ഊനമറ്റ ഏഴു ചെമ്മരിയാട്ടിന്‍ കുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടുകളെയും കര്‍ത്താവിനു ദഹനബലിയായി അര്‍പ്പിക്കണം. ധാന്യബലിയോടും പാനീയബലിയോടും കൂടിയ അത് കര്‍ത്താവിനു സൗരഭ്യദായകമായ ദഹനബലിയായിരിക്കും.
19 : തുടര്‍ന്ന് ഒരു കോലാട്ടിന്‍മുട്ടനെ പാപപരിഹാരബലിക്കായും ഒരു വയസ്സുള്ള രണ്ട് ആട്ടിന്‍കുട്ടികളെ സമാധാനബലിക്കായും കാഴ്ച വയ്ക്കണം.
20 : പുരോഹിതന് അത് ആദ്യഫലങ്ങളുടെ അപ്പത്തോടും രണ്ട് ആട്ടിന്‍കുട്ടികളോടുംകൂടെ നീരാജനമായി കര്‍ത്താവിന്റെ സന്നിധിയില്‍ കാഴ്ചവയ്ക്കണം. അവ കര്‍ത്താവിനു വിശുദ്ധമായിരിക്കും; അവ പുരോഹിതനുള്ളതുമാണ്.
21 : അന്നുതന്നെ നിങ്ങള്‍ ഒരു വിശുദ്ധസമ്മേളനം പ്രഖ്യാപിക്കണം. അന്നു കഠിനാധ്വാനം ചെയ്യരുത്. നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും തലമുറതോറും എന്നേക്കുമുള്ള ഒരു നിയമമാണിത്.
22 : നിങ്ങള്‍ വയലില്‍ കൊയ്യുമ്പോള്‍ അരികു തീര്‍ത്തു കൊയ്യരുത്. വിളവെടുപ്പിനുശേഷം കാലാ പെറുക്കരുത്. അതു പാവങ്ങള്‍ക്കും പരദേശികള്‍ക്കുമായി വിട്ടുകൊടുക്കണം. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
പുതുവത്സരദിനം
23 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
24 : ഇസ്രായേല്‍ജനത്തോടു പറയുക, ഏഴാംമാസം ആദ്യദിവസം നിങ്ങള്‍ക്കു സാബത്തായിരിക്കണം; കാഹളംമുഴക്കി പ്രഖ്യാപിക്കേണ്ട അനുസ്മരണദിനവും വിശുദ്ധസമ്മേളനദിനവും.
25 : അന്നു നിങ്ങള്‍ കഠിനമായ ജോലിയൊന്നും ചെയ്യരുത്; കര്ത്താവിന് ഒരു ദഹനബലിയര്‍പ്പിക്കുകയും വേണം.
പാപപരിഹാരദിനം
26 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
27 : ഏഴാം മാസം പത്താംദിവസം പാപപരിഹാര ദിനമായിരിക്കണം. അതു വിശുദ്ധ സമ്മേളനത്തിനുള്ള ദിവസവുമാണ്. അന്ന് ഉപവസിക്കുകയും കര്ത്താവിന് ദഹനബലി അര്‍പ്പിക്കുകയും വേണം.
28 : ആ ദിവസം നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മുന്പില് പാപത്തിനു പരിഹാരം ചെയ്യുന്ന ദിനമാണ് അത്.
29 : അന്ന് ഉപവസിക്കാത്തവന്‍ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
30 : അന്ന് എന്തെങ്കിലും ജോലി ചെയ്യുന്നവനെ ഞാന്‍ ജനത്തില്‍ നിന്ന് ഉന്മൂലനംചെയ്യും.
31 : നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ വാസസ്ഥലങ്ങളില്‍ തലമുറതോറും എന്നേക്കുമുള്ള നിയമമാണിത്.
32 : ആദിവസം നിങ്ങള്‍ക്കു പൂര്‍ണവിശ്രമത്തിന്റെ സാബത്തായിരിക്കണം. അന്നു നിങ്ങള്‍ ഉപവസിക്കണം. മാസത്തിന്റെ ഒന്‍പതാം ദിവസം വൈകുന്നേരം മുതല്‍ പിറ്റേന്ന് വൈകുന്നേരം വരെ സാബത്ത് ആചരിക്കണം.
കൂടാരത്തിരുനാള്‍
33 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
34 : ഇസ്രായേല്‍ ജനത്തോടു പറയുക, ഏഴാംമാസം പതിനഞ്ചാം ദിവസം മുതല്‍ ഏഴു ദിവസത്തേക്ക് കര്‍ത്താവിന്റെ കൂടാരത്തിരുനാളാണ്.
35 : ആദ്യദിവസം ഒരു വിശുദ്ധസമ്മേളനം കൂടണം. അന്നു നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്.
36 : ഏഴുദിവസവും നിങ്ങള്‍ കര്‍ത്താവിനു ദഹനബലി അര്‍പ്പിക്കണം. എട്ടാംദിവസം വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം; കര്‍ത്താവിനു ദഹനബലിയും അര്‍പ്പിക്കണം. ഇത് ആഘോഷത്തോടുകൂടിയ സമ്മേളനമാണ്. അന്നു നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്.
37 : കര്‍ത്താവിനു ദഹനബലിയും ധാന്യബലിയും പാനീയബലിയും മറ്റു ബലികളും അര്‍പ്പിക്കേണ്ടതും വിശുദ്ധസമ്മേളനമായി നിങ്ങള്‍ പ്രഖ്യാപിക്കേണ്ടതും ആയ കര്‍ത്താവിന്റെ നിര്‍ദിഷ്ട തിരുനാളുകളാണ് ഇവ.
38 : കര്‍ത്താവിന്റെ സാബത്തിനും കര്‍ത്താവിനു നല്കുന്ന വഴിപാടുകള്‍ക്കും കാഴ്ചകള്‍ക്കും സ്വാഭീഷ്ടബലികള്‍ക്കും പുറമേയാണ് ഇവ.
39 : ഏഴാംമാസം പതിനഞ്ചാം ദിവസം വയലിലെ വിളവുശേഖരിച്ചതിനുശേഷം ഏഴുദിവസം നിങ്ങള്‍ കര്ത്താവിന് ഒരു തിരുനാള്‍ ആചരിക്കണം. ആദ്യദിവസവും എട്ടാം ദിവസവും സാബത്തായിരിക്കണം.
40 : ഒന്നാം ദിവസം ഭംഗിയുള്ള പഴങ്ങളും ഈന്തപ്പനയോലയും ഇലതൂര്‍ന്ന ചില്ലകളും ആറ്റരളിക്കൊമ്പുകളും എടുക്കണം. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സന്നിധിയില്‍ ഏഴുദിവസം സന്തോഷിച്ചാഹ്ളാദിക്കണം.
41 : വര്‍ഷംതോറും ഏഴുദിവസം കര്‍ത്താവിന്റെ തിരുനാളായി ആഘോഷിക്കണം. നിങ്ങളുടെ സന്തതികള്‍ക്കുള്ള ശാശ്വത നിയമമാണിത്. ഏഴാംമാസത്തില്‍ ഈ തിരുനാള്‍ നിങ്ങള്‍ ആഘോഷിക്കണം.
42 : ഏഴു ദിവസത്തേക്ക് നിങ്ങള്‍ കൂടാരങ്ങളില്‍ വസിക്കണം.
43 : ഈജിപ്തുദേശത്തു നിന്നു ഞാന്‍ ഇസ്രായേല്‍ ജനത്തെ കൊണ്ടുവന്നപ്പോള്‍ അവര്‍ കൂടാരങ്ങളിലാണു വസിച്ചത് എന്നു നിങ്ങളുടെ സന്തതിപരമ്പര അറിയാന്‍ ഇസ്രായേല്‍ക്കാരെല്ലാവരും കൂടാരങ്ങളില്‍ വസിക്കണം. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
44 : ഇപ്രകാരം മോശ ഇസ്രായേല്‍ ജനത്തോട് കര്‍ത്താവിന്റെ നിര്ദിഷ്ടതിരുനാളുകള് പ്രഖ്യാപിച്ചു.
0 comments:
Post a Comment