ബൈബിൾ പഠനം - Leviticus 4 to 10
അദ്ധ്യായം 11
ശുദ്ധവും അശുദ്ധവുമായ ജീവികള്‍
1 : കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:
2 : ഇസ്രായേല്‍ ജനത്തോടു പറയുക, ഭൂമുഖത്തെ മൃഗങ്ങളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണ്:
3 : പാദം വിഭജിച്ചിരിക്കുന്നതും ഇരട്ടക്കുളമ്പുള്ളതും അയവിറക്കുന്നതുമായ മൃഗങ്ങളെ നിങ്ങള്‍ക്കു ഭക്ഷിക്കാം.
4 : എന്നാല്‍, അയവിറക്കുന്നതോ ഇരട്ടക്കുളമ്പുള്ളതോ ആയ മൃഗങ്ങളില്‍ ഇവയെ നിങ്ങള്‍ ഭക്ഷിക്കരുത്: ഒട്ടകം അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്.
5 : കുഴിമുയല്‍ അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്.
6 : മുയല് അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്.
7 : പന്നി ഇരട്ടക്കുളമ്പുള്ളതെങ്കിലും അത് അയവിറക്കുന്നതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്.
8 : ഇവയുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. പിണം തൊടുകയുമരുത്. ഇവനിങ്ങള്‍ക്ക് അശുദ്ധമാണ്.
9 : ജലജീവികളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണ്. കടലിലും നദിയിലും ജീവിക്കുന്ന, ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങള്‍ക്കു ഭക്ഷിക്കാം.
10 : എന്നാല്‍ കടലിലും നദികളിലും പറ്റം ചേര്‍ന്നു ചരിക്കുന്നവയും അല്ലാത്തവയുമായ ജലജീവികളില്‍ ചിറകും ചെതുമ്പലുമില്ലാത്തവ നിങ്ങള്‍ക്കു നിന്ദ്യമായിരിക്കട്ടെ.
11 : അവ നിങ്ങള്‍ക്കു നിന്ദ്യമായിരിക്കണം. അവയുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. അവയുടെ പിണം നിങ്ങള്‍ക്കു നിന്ദ്യമായിരിക്കട്ടെ.
12 : ചിറകും ചെതുമ്പലുമില്ലാത്ത ജലജീവികളെല്ലാം നിങ്ങള്‍ക്കു നിന്ദ്യമായിരിക്കണം.
13 : പക്ഷികളില്‍ നിങ്ങള്‍ക്കു നിന്ദ്യമായിരിക്കേണ്ടവ ഇവയാണ്. ഇവ നിങ്ങള്‍ ഭക്ഷിക്കരുത്. ഇവയെല്ലാം നിന്ദ്യമാണ്. എല്ലാത്തരത്തിലും പെട്ട കഴുകന്, ചെമ്പരുന്ത്, കരിംപരുന്ത്,
14 : പരുന്ത്, പ്രാപ്പിടിയന്‍,
15 : കാക്ക,
16 : ഒട്ടകപ്പക്ഷി, രാനത്ത്, കടല്‍പ്പാത്ത, ചെങ്ങാലിപ്പരുന്ത്,
17 : മൂങ്ങ, നീര്‍കാക്ക, കൂമന്,
18 : അരയന്നം, ഞാറപ്പക്ഷി, കരിങ്കഴുകന്‍,
19 : കൊക്ക്, എരണ്ട, കാട്ടുകോഴി, നരിച്ചീര്‍.
20 : ചിറകുള്ള കീടങ്ങളില്‍ നാലുകാലില്‍ ചരിക്കുന്നവയെല്ലാം നിന്ദ്യമാണ്.
21 : എന്നാല്‍, ചിറകും നാലുകാലുമുള്ള കീടങ്ങളില്‍ നിലത്തു കുതിച്ചുചാടുന്നവയെ ഭക്ഷിക്കാം.
22 : അവയില്‍ വെട്ടുകിളി, പച്ചക്കുതിര, വണ്ട്, വിട്ടില്‍ ഇവയുടെ എല്ലാ വര്‍ഗങ്ങളും നിങ്ങള്‍ക്കു ഭക്ഷിക്കാം.
23 : എന്നാല്‍, നാലു കാലും ചിറകുമുള്ള മറ്റെല്ലാ കീടങ്ങളും നിങ്ങള്‍ക്കു നിന്ദ്യമാണ്. ഇവനിങ്ങളെ അശുദ്ധരാക്കും.
24 : ഇവയുടെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും.
25 : ഇവയുടെ പിണം വഹിക്കുന്നവന് തന്റെ വസ്ത്രം കഴുകട്ടെ. അവന് വൈകുന്നേരം വരെ അശുദ്ധനായിരിക്കും.
26 : പാദം വിഭക്തമെങ്കിലും ഇരട്ടക്കുളമ്പില്ലാത്തതും അയവിറക്കാത്തതുമായ സകല മൃഗങ്ങളും നിങ്ങള്‍ക്ക് അശുദ്ധമാണ്. അവയെ സ്പര്‍ശിക്കുന്നവരും അശുദ്ധരായിരിക്കും.
27 : നാല്ക്കാലികളില് നഖമുള്ള പാദങ്ങളോടുകൂടിയവ നിങ്ങള്‍ക്ക് അശുദ്ധമാണ്. അവയുടെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും.
28 : അവയുടെ പിണം വഹിക്കുന്നവന് തന്റെ വസ്ത്രം കഴുകണം. വൈകുന്നേരം വരെ അവന് അശുദ്ധനായിരിക്കും. അവനിങ്ങള്‍ക്ക് അശുദ്ധമാണ്.
29 : ഭൂമിയിലെ ഇഴജന്തുക്കളില്‍ നിങ്ങള്‍ക്ക് അശുദ്ധമായവ കീരി, എലി, വിവിധതരം ഉടുമ്പുകള്‍,
30 : പല്ലി, ചുമര്‍പ്പല്ലി, മണല്‍പ്പല്ലി, അരണ, ഓന്ത് എന്നിവയാണ്.
31 : ഇഴജന്തുക്കളില്‍ അശുദ്ധമായ ഇവയുടെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരം വരെ അശുദ്ധ നായിരിക്കും.
32 : ഇവയുടെ പിണം ഏതെങ്കിലും വസ്തുവിന്മേല് വീണാല്‍ അതും അശുദ്ധമാകും. അതു മരംകൊണ്ടുണ്ടാക്കിയ ഉപകരണമോ വസ്ത്രമോ തോലോ ചാക്കോ ഉപയോഗയോഗ്യമായ ഏതെങ്കിലും പാത്രമോ ആകട്ടെ, അതു വെള്ളത്തിലിടണം. വൈകുന്നേരം വരെ അത് അശുദ്ധമായിരിക്കും. അനന്തരം ശുദ്ധമാകും.
33 : പിണം മണ്‍പാത്രത്തില്‍ വീണാല്‍ അതിലുള്ളവയും അശുദ്ധമായിത്തീരും. അത് ഉടച്ചുകളയണം.
34 : അതിലെ വെള്ളം ഏതെങ്കിലും ഭക്ഷണ പദാര്‍ത്ഥത്തില്‍ വീണാല്‍ അത് അശുദ്ധമാകും. അതിലുള്ള ഏതു പാനീയവും അശുദ്ധമായിരിക്കും.
35 : പിണത്തിന്റെ അംശം എന്തിലെങ്കിലും വീണാല്‍ അത് അശുദ്ധമാകും. അടുപ്പോ അഗ്നികലശമോ ആകട്ടെ അത് ഉടച്ചുകളയണം. അത് അശുദ്ധമാണ്; അശുദ്ധമായി നിങ്ങള്‍ കരുതുകയും വേണം.
36 : പിണം സ്പര്‍ശിക്കുന്ന എന്തും അശുദ്ധമാകുമെങ്കിലും ജലസമൃദ്ധമായ അരുവികള്‍ക്കും ഉറവകള്‍ക്കും അതു ബാധകമല്ല.
37 : വിതയ്ക്കാനുള്ള വിത്തില്‍ പിണത്തിന്റെ അംശം വീണാലും അത് ശുദ്ധമായിരിക്കും.
38 : എന്നാല്‍ നനച്ച വിത്തില്‍ പിണത്തിന്റെ അംശം വീണാല്‍ അതു നിങ്ങള്‍ക്ക് അശുദ്ധമായിരിക്കും.
39 : മൃഗം നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നതാണെങ്കിലും ചത്തു പോയാല്‍ അതിന്റെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും.
40 : അതിന്റെ മാംസം ഭക്ഷിക്കുന്നവന് തന്റെ വസ്ത്രം കഴുകണം. അവന് വൈകുന്നേരം വരെ അശുദ്ധനായിരിക്കും. അതു വഹിക്കുന്നവനും തന്റെ വസ്ത്രം കഴുകണം. അവനും വൈകുന്നേരം വരെ അശുദ്ധനായിരിക്കും.
41 : ഇഴജന്തുക്കളെല്ലാം നിന്ദ്യമാണ്. അവയെ ഭക്ഷിക്കരുത്.
42 : ഉരസ്സുകൊണ്ടോ നാലോ അതില്‍ക്കൂടുതലോ കാലുകള്‍ കൊണ്ടോ ഇഴയുന്ന ജന്തുക്കളെ നിങ്ങള്‍ ഭക്ഷിക്കരുത്; അവനിന്ദ്യമാണ്.
43 : ഇഴജന്തുക്കള്‍ നിമിത്തം നിങ്ങള്‍ അശുദ്ധരാകരുത്. അശുദ്ധരാകാതിരിക്കാന്‍ അവകൊണ്ടുള്ള മാലിന്യത്തില്‍നിന്ന് അകലുവിന്‍.
44 : ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാകുന്നു. നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും പരിശുദ്ധരായിരിക്കുകയും ചെയ്യുവിന്‍. കാരണം, ഞാന്‍ പരിശുദ്ധനാകുന്നു. ഭൂമിയിലെ ഇഴജന്തുക്കള്‍ നിമിത്തം നിങ്ങള്‍ മലിനരാകരുത്.
45 : നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന് ഈജിപ്തില്‍നിന്നു നിങ്ങളെ ആനയിച്ച കര്‍ത്താവു ഞാനാകുന്നു. നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍, ഞാന്‍ പരിശുദ്ധനാണ്.
46 : പക്ഷികള്‍, മൃഗങ്ങള്‍, ജലജീവികള്‍, ഭൂമിയിലെ ഇഴജന്തുക്കള്‍ എന്നിവയെ സംബന്ധിച്ചുള്ള നിയമമാണിത്.
47 : ജീവികളെ ശുദ്ധിയുള്ളവയും ശുദ്ധിയില്ലാത്തവയും ഭക്ഷിക്കാവുന്നവയും ഭക്ഷിക്കരുതാത്തവയും തമ്മില്‍ വേര്‍തിരിക്കാനാണിത്.
അദ്ധ്യായം 12
മാതാക്കളുടെ ശുദ്ധീകരണം
1 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
2 : ഇസ്രായേല്‍ജനത്തോടു പറയുക, ഗര്‍ഭംധരിച്ച് ആണ്‍കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ ഋതു കാലത്തെന്ന പോലെ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും.
3 : എട്ടാംദിവസം കുട്ടിയെ പരിച്ഛേദനം ചെയ്യണം.
4 : പിന്നെ, രക്തത്തില്‍നിന്നുള്ള ശുദ്ധീകരണത്തിനായി അവള് മുപ്പത്തിമൂന്നു ദിവസം കാത്തിരിക്കണം. ശുദ്ധീകരണ ദിവസങ്ങള്‍ കഴിയുന്നതുവരെ വിശുദ്ധവസ്തുക്കള്‍ സ്പര്‍ശിക്കുകയോ വിശുദ്ധസ്ഥലത്തു പ്രവേശിക്കുകയോ അരുത്.
5 : എന്നാല്‍, പെണ്‍കുഞ്ഞിനെയാണു പ്രസവിക്കുന്നതെങ്കില്‍ ഋതുകാലത്തെന്ന പോലെ രണ്ടാഴ്ചത്തേക്ക് അവള് അശുദ്ധയായിരിക്കും; രക്തത്തില്‍ നിന്നുള്ള ശുദ്ധീകരണത്തിനായി അറുപത്തിയാറു ദിവസം കാത്തിരിക്കണം.
6 : കുഞ്ഞ് ആണോ പെണ്ണോ ആകട്ടെ, ശുദ്ധീകരണത്തിന്റെ ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, അവള് കുഞ്ഞിനുവേണ്ടി ഒരു വയസ്സുള്ള ഒരു ആട്ടിന്‍കുട്ടിയെ ദഹന ബലിക്കായും ഒരു ചെങ്ങാലിയെയോ പ്രാവിന്‍കുഞ്ഞിനെയോ പാപപരിഹാരബലിക്കായും സമാഗമകൂടാരത്തിന്റെ വാതില്ക്കല് പുരോഹിതന്റെ മുന്പില് കൊണ്ടുവരണം.
7 : അവന് അവയെ കര്‍ത്താവിന്റെ സന്നിധിയില്‍ അര്‍പ്പിച്ച്, അവള്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ രക്തസ്രാവത്തില്‍നിന്ന് അവള് ശുദ്ധയാകും. ഇതാണ് ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ പ്രസവിക്കുന്ന സ്ത്രീക്കുള്ള നിയമം.
8 : ആട്ടിന്‍കുട്ടിയെ സമര്‍പ്പിക്കാന്‍ അവള്‍ക്കു കഴിവില്ലെങ്കില്‍, രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിന് കുഞ്ഞുങ്ങളെയോ കൊണ്ടുവരട്ടെ. ഒന്നു ദഹനബലിക്കും, മറ്റേതു പാപപരിഹാരബലിക്കും. പുരോഹിതന് അവള്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവള് ശുദ്ധയാകും.
അദ്ധ്യായം 13
ത്വഗ്രോഗങ്ങള്‍
1 : കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:
2 : ഒരാളുടെ ശരീരത്തില്‍ തടിപ്പോ പരുവോ പാണ്ടോ ഉണ്ടാവുകയും അതു കുഷ്ഠമായിത്തോന്നുകയും ചെയ്താല്‍, പുരോഹിതനായ അഹറോന്റെയോ അവന്റെ പുത്രന്മാരായ പുരോഹിതന്മാരില് ഒരുവന്റെയോ അടുക്കല്‍ അവനെ കൊണ്ടുപോകണം.
3 : പുരോഹിതന് രോഗബാധിതമായ ശരീരഭാഗം പരിശോധിക്കണം. അവിടെയുള്ള രോമം വെളുത്തതും അവിടം ചുറ്റുമുള്ള ഭാഗത്തെക്കാള്‍ കുഴിഞ്ഞതുമാണെങ്കില്‍ അത് കുഷ്ഠമാണ്. പരിശോധനയ്ക്കുശേഷം, അവന് അശുദ്ധനാണെന്നു പുരോഹിതന് പ്രഖ്യാപിക്കണം.
4 : എന്നാല്‍, ശരീരത്തിലെ പാണ്ട് വെളുത്തതെങ്കിലും ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞതോ അതിലുള്ള രോമം വെളുത്തതോ അല്ലെങ്കില്‍ അവനെ ഏഴുദിവസത്തേക്ക് പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കണം.
5 : ഏഴാംദിവസം പുരോഹിതന് അവനെ പരിശോധിക്കണം. രോഗം ത്വക്കില്‍ വ്യാപിക്കാതെ പൂര്‍വസ്ഥിതിയില്‍തന്നെ നില്ക്കുന്നെങ്കില് ഏഴു ദിവസത്തേക്കുകൂടി മാറ്റിത്താമസിപ്പിക്കണം.
6 : ഏഴാംദിവസം പുരോഹിതന് അവനെ വീണ്ടും പരിശോധിക്കണം. പാണ്ട് മങ്ങിയും ത്വക്കില്‍ വ്യാപിക്കാതെയും കണ്ടാല്‍, അവന് ശുദ്ധിയുള്ളവനെന്ന് പ്രഖ്യാപിക്കണം. അത് വെറുമൊരു പരുവാണ്; അവന് തന്റെ വസ്ത്രങ്ങള്‍ കഴുകണം. അപ്പോള്‍ ശുദ്ധിയുള്ളവനാകും.
7 : പുരോഹിത സാക്ഷ്യത്തിനുശേഷം പരു ശരീരത്തില്‍ വ്യാപിക്കുന്നെങ്കില്‍ അവന് പുരോഹിതന്റെ അടുക്കല്‍ വീണ്ടും പോകണം.
8 : പരിശോധനയില്‍ പരു ശരീരത്തില്‍ വ്യാപിച്ചതായിക്കണ്ടാല്‍ അവന് അശുദ്ധനെന്നു പ്രഖ്യാപിക്കണം; അതു കുഷ്ഠമാണ്.
9 : കുഷ്ഠം ബാധിക്കുന്നവനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുപോകണം.
10 : പുരോഹിതന് അവനെ പരിശോധിക്കണം. ശരീരത്തിലെ തടിപ്പും ആ ഭാഗത്തെ രോമവും വെളുത്തിരിക്കുകയും അതില്‍ ചലം നിറഞ്ഞിരിക്കുകയും ചെയ്താല്‍,
11 : അത് പഴകിയ കുഷ്ഠമാണ്. അവന് അശുദ്ധനെന്നു പ്രഖ്യാപിക്കണം. അവനെ പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കേണ്ടതില്ല.
12 : തലമുതല്‍ കാലുവരെ കാണാവുന്ന ഭാഗത്തെല്ലാം കുഷ്ഠം വ്യാപിച്ചിട്ടുണ്ടെങ്കില്
13 : പുരോഹിതന് അവനെ പരിശോധിക്കട്ടെ. കുഷ്ഠം അവന്റെ ശരീരത്തിലെല്ലായിടവും വ്യാപിച്ചിരിക്കുന്നെങ്കില്‍ അവന് ശുദ്ധിയുള്ളവനെന്ന് പ്രഖ്യാപിക്കണം. ദേഹമാസകലം വെളുത്തിരിക്കുന്നതിനാല്‍ അവന് ശുദ്ധിയുള്ളവനാണ്.
14 : എന്നാല്‍ പരു പൊട്ടിയൊലിക്കാന്‍ തുടങ്ങുമ്പോള്‍ അവന് അശുദ്ധനായിരിക്കും.
15 : പുരോഹിതന് അവനെ വീണ്ടും പരിശോധിക്കണം; വ്രണം കാണപ്പെടുന്നെങ്കില്‍ അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം. പഴുത്തുപൊട്ടിയ വ്രണം കുഷ്ഠരോഗത്തിനു തെളിവാണ്; അവന് അശുദ്ധന്‍തന്നെ.
16 : വ്രണം ഉണങ്ങുകയും അവിടത്തെ തൊലി വെളുത്തനിറമുള്ളതാകുകയും ചെയ്താല്‍ അവന് വീണ്ടും പുരോഹിതനെ സമീപിക്കണം.
17 : പരിശോധനയില്‍ വ്രണം ഉണങ്ങി, തൊലി വെളുത്തനിറം പ്രാപിച്ചിട്ടുണ്ടെങ്കില്‍ അവനെ ശുദ്ധനെന്നു പ്രഖ്യാപിക്കണം; അവന് ശുദ്ധിയുള്ളവനാണ്.
18 : ?
19 : വ്രണം ഉണങ്ങിയതിനുശേഷം, തല്‍സ്ഥാനത്ത് വെളുത്ത തടിപ്പോ ചെമപ്പുംവെളുപ്പും ചേര്‍ന്ന പാണ്ടോ ഉണ്ടായാല്‍, അതു പുരോഹിതനെ കാണിക്കണം.
20 : പരിശോധനയില്‍ അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞും ആ ഭാഗത്തെ രോമം വെളുത്തുമിരുന്നാല്‍, പുരോഹിതന് അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം. അത് ആ വ്രണത്തില്‍ നിന്നുണ്ടായ കുഷ്ഠരോഗമാണ്.
21 : എന്നാല്‍, രോമം വെളുക്കുകയോ ആ ഭാഗം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിയുകയോ ചെയ്യാതെ, നിറം മങ്ങിയിരുന്നാല്‍ അവനെ പരീക്ഷണാര്‍ഥം ഏഴുദിവസത്തേക്ക് മാറ്റിത്താമസിപ്പിക്കണം.
22 : പാണ്ട് ശരീരത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില് പുരോഹിതന് അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം; അവന് രോഗബാധിതനാണ്.
23 : എന്നാല്‍, ശരീരത്തില്‍ വ്യാപിക്കാതെ പൂര്‍വസ്ഥിതിയില്‍ തുടരുന്നെങ്കില്‍ അതു വ്രണത്തിന്റെ പാടുമാത്രമാണ്; പുരോഹിതന് അവനെ ശുദ്ധനെന്നു പ്രഖ്യാപിക്കണം.
24 : ശരീരത്തില്‍ പൊള്ളല്‍ ഏല്ക്കുകയും ആ ഭാഗത്തെ മാംസം വെളുത്തോ അരണ്ടുചെമന്നോ ഇരിക്കുകയും ചെയ്താല്‍, പുരോഹിതന് അതു പരിശോധിക്കണം.
25 : ആ ഭാഗത്തെ രോമം വെളുത്തും അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞുമാണെങ്കില്‍ അതു പൊള്ളലില്‍ നിന്നുണ്ടായ കുഷ്ഠമാണ്. അവനെ അശുദ്ധനായി പ്രഖ്യാപിക്കണം; അതു കുഷ്ഠം തന്നെ.
26 : എന്നാല്‍, രോമം വെളുക്കുകയോ അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിയുകയോ ചെയ്യാതെ നിറം മങ്ങിയിരുന്നാല്‍ പുരോഹിതന് അവനെ ഏഴുദിവസത്തേക്ക് പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കണം.
27 : ഏഴാംദിവസം അവനെ പരിശോധിക്കണം. അതു ശരീരത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില് അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠരോഗമാണ്.
28 : എന്നാല്‍, പാണ്ട് ശരീരത്തില്‍ വ്യാപിക്കാതെ അതേ സ്ഥാനത്തുമാത്രം മങ്ങിയിരുന്നാല്‍ അതു പൊള്ളലില്‍ നിന്നുണ്ടായ തടിപ്പാണ്. പുരോഹിതന് അവനെ ശുദ്ധനായി പ്രഖ്യാപിക്കണം.
29 : ഒരു പുരുഷന്റെയോ സ്ത്രീയുടെയോ തലയിലോ താടിയിലോ വ്രണമുണ്ടായാല്‍, പുരോഹിതന് അതു പരിശോധിക്കണം.
30 : അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞതും അതിലെ രോമം നേര്‍ത്തു മഞ്ഞ നിറത്തിലുള്ളതുമാണെങ്കില്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു ചിരങ്ങാണ്, തലയിലെയോ താടിയിലെയോ കുഷ്ഠം.
31 : പുരോഹിതന് ചിരങ്ങുള്ളിടം പരിശോധിക്കുമ്പോള്‍ അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിയാതെയും അതില്‍ കറുത്ത രോമം ഇല്ലാതെയും കണ്ടാല്‍ അവനെ ഏഴു ദിവസത്തേക്കു പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കണം.
32 : ഏഴാംദിവസം വീണ്ടും പരിശോധിക്കട്ടെ. ചിരങ്ങു വ്യാപിക്കുകയും ത്വക്ക് കുഴിയുകയും രോമം മഞ്ഞയ്ക്കുകയും ചെയ്തിട്ടില്ലെങ്കില്‍
33 : അവനെ ക്ഷൗരം ചെയ്യണം; ചിരങ്ങുള്ള ഭാഗം ക്ഷൗരം ചെയ്യരുത്. അവനെ ഏഴുദിവസത്തേക്കുകൂടി പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കണം.
34 : ഏഴാംദിവസം പരിശോധിക്കുമ്പോള്‍ ചിരങ്ങു ത്വക്കില്‍ വ്യാപിക്കുകയോ അവിടം കുഴിയുകയോ ചെയ്തിട്ടില്ലെങ്കില്‍ അവനെ ശുദ്ധനായി പ്രഖ്യാപിക്കണം. അവന് തന്റെ വസ്ത്രങ്ങള്‍ കഴുകി ശുദ്ധനാകട്ടെ.
35 : എന്നാല്‍, ശുദ്ധീകരണത്തിനുശേഷം ചിരങ്ങു പടരുകയാണെങ്കില്‍
36 : പുരോഹിതന് അവനെ പരിശോധിക്കണം. ചിരങ്ങു പടര്‍ന്നിട്ടുണ്ടെങ്കില്‍ മഞ്ഞരോമമുണ്ടോ എന്നു നോക്കേണ്ടതില്ല. അവന് അശുദ്ധനാണ്.
37 : പരിശോധനയില്‍ ചിരങ്ങു വ്യാപിക്കാതെ അതില്‍ കറുത്തരോമം വളര്‍ന്നിട്ടുണ്ടെങ്കില്‍ അവന് രോഗവിമുക്തനായിരിക്കുന്നു. അവന് ശുദ്ധനാണ്; അവനെ ശുദ്ധനായി പ്രഖ്യാപിക്കണം.
38 : ഒരു പുരുഷനോ സ്ത്രീക്കോ ശരീരത്തില്‍ എവിടെയെങ്കിലും വെളുത്ത പാണ്ടുണ്ടായാല്‍
39 : പുരോഹിതന് അതു പരിശോധിക്കണം. പാണ്ടിനു മങ്ങിയ വെള്ളനിറമാണെങ്കില്‍ അതു ത്വക്കിലുണ്ടാകുന്ന ചുണങ്ങാണ്; അവന് ശുദ്ധിയുള്ളവനാണ്.
40 : തലയില്‍നിന്നു മുടി കൊഴിഞ്ഞു പോയിട്ടുള്ളവന് കഷണ്ടിയാണ്; പക്ഷേ, അവന് ശുദ്ധനാണ്.
41 : തലയുടെ മുന്‍ഭാഗത്തുനിന്നു മുടി കൊഴിഞ്ഞു പോയിട്ടുള്ളവന് നെറ്റിക്കഷണ്ടിയാണ്; അവന് ശുദ്ധനാണ്.
42 : എന്നാല്‍ തലയില്‍ കഷണ്ടിയുള്ള ഭാഗത്ത് ചെമപ്പുകലര്‍ന്ന വെളുത്ത പാണ്ടുണ്ടെങ്കില്‍ അതു കഷണ്ടിത്തലയിലുണ്ടാകുന്ന കുഷ്ഠമാണ്.
43 : പുരോഹിതന് അവനെ പരിശോധിക്കണം.
44 : തടിപ്പു ശരീരത്തില്‍ കാണുന്നതുപോലെ ചെമപ്പുകലര്‍ന്ന വെള്ളനിറമുള്ളതാണെങ്കില്‍ അവന് കുഷ്ഠരോഗിയും അശുദ്ധനുമാണ്; അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം.
45 : കുഷ്ഠമുള്ളവന്‍ കീറിയ വസ്ത്രം ധരിക്കുകയും, മുടി ചീകാതിരിക്കുകയും മേല്‍ ച്ചുണ്ട് തുണികൊണ്ടു മറയ്ക്കുകയും അശുദ്ധന് അശുദ്ധന് എന്നുവിളിച്ചുപറയുകയും വേണം.
46 : രോഗമുള്ള കാലമെല്ലാം അവന് അശുദ്ധനാണ്. അവന് പാളയത്തിനു വെളിയില്‍ ഒരു പാര്‍പ്പിടത്തില്‍ ഏകനായി വസിക്കണം.
വസ്ത്രശുദ്ധി
47 : കമ്പിളിവസ്ത്രത്തിലോ ചണവസ്ത്രത്തിലോ
48 : അവയുടെ ഊടിലോ പാവിലോ തുകലിലോ തുകല്‍വസ്തുക്കളിലോ
49 : പച്ചയോ ചെമപ്പോ ആയ കരിമ്പനുണ്ടെങ്കില്‍ അതു വ്യാപിക്കുന്നതരമാണ്. അതു പുരോഹിതനെ കാണിക്കണം.
50 : അവന് അതു പരിശോധിച്ചതിനുശേഷം ഏഴു ദിവസത്തേക്ക് പരീക്ഷണാര്‍ഥം അടച്ചുസൂക്ഷിക്കണം.
51 : ഏഴാംദിവസം അതു വീണ്ടും പരിശോധിക്കണം. കരിമ്പന്‍ വസ്ത്രത്തില്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍ - ഊടിലോ പാവിലോ തുകലിലോ തുകല്‍കൊണ്ടുണ്ടാക്കിയ വസ്തുക്കളിലോ ആകട്ടെ - അത് അശുദ്ധമാണ്; അതു കത്തിച്ചുകളയണം.
52 : അതു കമ്പിളിയുടെയോ ചണത്തിന്റെയോ ഊടിലോ പാവിലോ തുകല്‍ കൊണ്ടുണ്ടാക്കിയ ഏതെങ്കിലും വസ്തുവിലോ ആകട്ടെ, അതു പടരുന്ന കരിമ്പനാണ്; അത് അഗ്നിയില്‍ ദഹിപ്പിക്കണം.
53 : പുരോഹിതന് പരിശോധിക്കുമ്പോള്‍ വസ്ത്രത്തിന്റെ ഊടിലോ പാവിലോ തുകല്‍കൊണ്ടുണ്ടാക്കിയവയിലോ കരിമ്പന്‍ വ്യാപിച്ചിട്ടില്ലെങ്കില്‍,
54 : അതു കഴുകിയെടുക്കാന്‍ കല്പിക്കണം. അതു പരീക്ഷണാര്‍ഥം ഏഴു ദിവസത്തേക്ക് അടച്ചുസൂക്ഷിക്കണം.
55 : കഴുകിയതിനുശേഷം പുരോഹിതന് അതു പരിശോധിക്കണം. പാടു കണ്ടിടത്തു നിറഭേദം സംഭവിച്ചിട്ടില്ലെങ്കില്‍, കരിമ്പന്‍ വ്യാപിച്ചിട്ടില്ലെങ്കില്‍പോലും അത് അശുദ്ധമാണ്. കരിമ്പന്‍ വസ്ത്രത്തിന്റെ അകത്തോ പുറത്തോ ആകട്ടെ, അത് അഗ്നിയില്‍ ദഹിപ്പിക്കണം.
56 : എന്നാല്‍, കഴുകിയതിനു ശേഷമുള്ള പരിശോധനയില്‍ നിറം മങ്ങിയിരിക്കുന്നതായിക്കണ്ടാല്‍ തുകലിന്റെയോ വസ്ത്രത്തിന്റെ ഊടിന്റെയോ പാവിന്റെയോ പ്രസ്തുതഭാഗം കീറിക്കളയണം.
57 : വസ്ത്രത്തിന്റെ ഊടിലോ പാവിലോ തുകല്‍ വസ്തുക്കളിലോ അതു പിന്നെയും കാണുന്നെങ്കില്‍ പാടു പടരുകയാണ്.
58 : ആ വസ്തു ദഹിപ്പിച്ചുകളയണം. എന്നാല്‍, കഴുകിയതിനുശേഷം വസ്ത്രത്തിന്റെ ഊടില്‍നിന്നോ പാവില്‍നിന്നോ തുകല്‍കൊണ്ടുണ്ടാക്കിയ വസ്തുവില്‍ നിന്നോ അടയാളം അപ്രത്യക്ഷമാകുന്നെങ്കില്‍ വീണ്ടും കഴുകണം; അപ്പോള്‍ അതു ശുദ്ധമാകും.
59 : ഇതാണ് കമ്പിളിവസ്ത്രത്തിന്റെയോ ചണവസ്ത്രത്തിന്റെയോ ഊടിലോ പാവിലോ തുകല്‍ വസ്തുക്കളിലോ കരിമ്പന്‍ ഉണ്ടായാല്‍, അതു ശുദ്ധമോ അശുദ്ധമോ എന്നു നിര്‍ണയിക്കുന്നതിനുള്ള നിയമം.
അദ്ധ്യായം 14
ത്വഗ്രോഗ ശുദ്ധീകരണം
1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
2 : കുഷ്ഠരോഗിയുടെ ശുദ്ധീകരണ ദിനത്തില്‍ അനുഷ്ഠിക്കേണ്ട നിയമം ഇതാണ്; അവനെ പുരോഹിതന്റെ അടുക്കല്‍കൊണ്ടുവരണം.
3 : പുരോഹിതന് പാളയത്തിനു പുറത്തുപോയി അവനെ പരിശോധിക്കണം.
4 : രോഗി സുഖംപ്രാപിച്ചെന്നു കണ്ടാല്‍ ശുദ്ധിയുള്ള രണ്ടു പക്ഷികള്‍, ദേവദാരു, ചെമന്ന നൂല്, ഈസ്സോപ്പു ചെടി എന്നിവ കൊണ്ടുവരാന്‍ നിര്‍ദേശിക്കണം.
5 : ഒരു മണ്‍പാത്രത്തില്‍ ശുദ്ധമായ ഉറവ വെള്ളമെടുത്ത് പക്ഷികളിലൊന്നിനെ അതിനുമീതേ വച്ചു കൊല്ലാന്‍ പുരോഹിതന് കല്പിക്കണം.
6 : ദേവദാരു, ചെമന്ന നൂല്, ഇസ്സോപ്പുചെടി എന്നിവ ജീവനുള്ള പക്ഷിയോടൊപ്പം ഉറവ വെള്ളത്തിനു മീതേവച്ചു കൊന്ന പക്ഷിയുടെ രക്തത്തില്‍ മുക്കണം.
7 : പിന്നെ പുരോഹിതന് ആ രക്തം കുഷ്ഠരോഗത്തില്‍നിന്നു ശുദ്ധീകരിക്കപ്പെടേണ്ടവന്റെ മേല്‍ ഏഴുപ്രാവശ്യം തളിക്കണം. അതിനുശേഷം അവനെ ശുദ്ധിയുള്ളവനായി പ്രഖ്യാപിക്കുകയും ജീവനുള്ള പക്ഷിയെ തുറസ്സായ സ്ഥലത്തേക്കു പറപ്പിച്ചുവിടുകയും വേണം.
8 : അനന്തരം, ശുദ്ധീകരിക്കപ്പെടേണ്ടവന്‍ തന്റെ വസ്ത്രങ്ങള്‍ കഴുകി, ശിരസ്സു മുണ്ഡനം ചെയ്ത്, വെള്ളത്തില്‍ കുളിക്കണം. അപ്പോള്‍ അവന് ശുദ്ധിയുള്ളവനാകും. അതിനുശേഷം അവന് പാളയത്തില്‍ വരട്ടെ. എന്നാല്‍, ഏഴു ദിവസത്തേക്ക് അവന് കൂടാരത്തിനു വെളിയില്‍ താമസിക്കണം.
9 : ഏഴാം ദിവസം അവന് തലയും താടിയും പുരികവും ക്ഷൗരം ചെയ്യണം. വസ്ത്രങ്ങള്‍ കഴുകി വെള്ളത്തില്‍ കുളിക്കണം. അപ്പോള്‍ അവന് ശുദ്ധിയുള്ളവനാകും.
10 : എട്ടാംദിവസം അവന് ഊനമറ്റ രണ്ട് ആണ്‍കുഞ്ഞാടുകളെയും ഒരു വയസ്സുള്ള ഊനമറ്റ ഒരു പെണ്ണാട്ടിന്‍കുട്ടിയെയും അതോടൊപ്പം ധാന്യബലിക്കായി എണ്ണചേര്‍ത്ത പത്തില്‍മൂന്ന് ഏഫാ നേരിയ മാവും ഒരു ലോഗ് എണ്ണയും കൊണ്ടുവരണം.
11 : പുരോഹിതന് ശുദ്ധീകരിക്കേണ്ടവനോടൊപ്പം ഇവയെല്ലാം കര്‍ത്താവിന്റെ സന്നിധിയില്‍ സമാഗമകൂടാരത്തിന്റെ വാതില്ക്കല് കൊണ്ടുവരട്ടെ.
12 : മുട്ടാടുകളില്‍ ഒന്നിനെ ഒരു ലോഗ് എണ്ണയോടുകൂടി പ്രായശ്ചിത്തബലിയായി അര്‍പ്പിച്ച് കര്‍ത്താവിന്റെ മുന്പില് നീരാജനം ചെയ്യണം.
13 : പാപപരിഹാരബലിക്കും ദഹനബലിക്കുമുള്ള മൃഗങ്ങളെ കൊല്ലുന്ന വിശുദ്ധസ്ഥലത്തു വച്ചുതന്നെ ആട്ടിന്‍കുട്ടിയെ കൊല്ലണം. പാപപരിഹാരബലിക്കുള്ള മൃഗത്തെപ്പോലെ പ്രായശ്ചിത്തബലിക്കുള്ള മൃഗവും പുരോഹിതനുള്ളതാണ്. ഇത് അതിവിശുദ്ധമാണ്.
14 : പുരോഹിതന് പ്രായശ്ചിത്തബലിക്കുള്ള മൃഗത്തിന്റെ കുറച്ചു രക്തമെടുത്ത് ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിന്റെ പെരുവിരലിലും പുരട്ടണം.
15 : അനന്തരം, അവന് എണ്ണയില്‍ കുറച്ചെടുത്ത് തന്റെ ഇടത്തെ ഉള്ളംകൈയില്‍ ഒഴിക്കണം.
16 : അതില്‍ വലത്തുകൈയുടെ വിരല്‍മുക്കി ഏഴു പ്രാവശ്യം കര്‍ത്താവിന്റെ സന്നിധിയില്‍ തളിക്കണം.
17 : കൈയില്‍ ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തു കൈയുടെ തള്ളവിരലിലും വലത്തുകാലിന്റെ പെരുവിരലിലും പ്രായശ്ചിത്തബലി മൃഗത്തിന്റെ രക്തം പുരട്ടിയിരുന്നതിനു മീതേ പുരട്ടണം.
18 : കൈയില്‍ ബാക്കിവരുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടവന്റെ ശിരസ്സില്‍ ഒഴിക്കണം. അങ്ങനെ പുരോഹിതന് കര്‍ത്താവിന്റെ സന്നിധിയില്‍ അവനുവേണ്ടി പാപപരിഹാരം ചെയ്യണം;
19 : പാപപരിഹാരബലിയര്‍പ്പിച്ച് ശുദ്ധീകരിക്കപ്പെടേണ്ടവനു വേണ്ടി പാപപരിഹാരം ചെയ്യണം. അതിനുശേഷം ദഹനബലിക്കുള്ള മൃഗത്തെ കൊല്ലണം.
20 : പുരോഹിതന് ബലിപീഠത്തില്‍ ദഹനബലിയും ധാന്യബലിയും അര്‍പ്പിച്ച് അവനുവേണ്ടി പാപപരിഹാരം ചെയ്യുമ്പോള്‍ അവന് ശുദ്ധനാകും.
21 : എന്നാല്‍, അവന് ദരിദ്രനും അത്രയും കൊടുക്കാന്‍ കഴിവില്ലാത്തവനുമാണെങ്കില്‍ തന്റെ പാപപരിഹാരത്തിനുവേണ്ടി പ്രായ ശ്ചിത്തബലിയായി നീരാജനം ചെയ്യാന്‍ ഒരു മുട്ടാടിനെയും ധാന്യബലിക്ക് എണ്ണചേര്‍ത്ത പത്തിലൊന്ന് ഏഫാ നേരിയ മാവും ഒരുലോഗ് എണ്ണയും കൊണ്ടുവരണം.
22 : കൂടാതെ അവന് കഴിവനുസരിച്ച് പാപപരിഹാര ബലിക്കും ദഹനബലിക്കും ഒന്നുവീതം രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കൊണ്ടുവരട്ടെ.
23 : അവന് തന്റെ ശുദ്ധീകരണത്തിനായി ഇവയെല്ലാം എട്ടാംദിവസം കര്‍ത്താവിന്റെ സന്നിധിയില്‍, സമാഗമകൂടാരത്തിന്റെ വാതില്ക്കല് പുരോഹിതന്റെ മുന്പില് കൊണ്ടുവരണം.
24 : പുരോഹിതന് പ്രായശ്ചിത്തബലിക്കുള്ള കുഞ്ഞാടിനെയും അതോടൊപ്പം ഒരു ലോഗ് എണ്ണയും കര്‍ത്താവിന്റെ മുന്പില് നീരാജനം ചെയ്യണം.
25 : പിന്നെ അവന് പ്രായശ്ചിത്തബലിക്കുള്ള കുഞ്ഞാടിനെ കൊല്ലണം. അതിന്റെ കുറച്ചു രക്തമെടുത്ത് ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിന്റെ പെരുവിരലിലും പുരട്ടണം.
26 : അതിനുശേഷം പുരോഹിതന് കുറച്ച് എണ്ണ തന്റെ ഇടത്തെ ഉള്ളംകൈയില്‍ എടുക്കണം.
27 : അതില്‍ വലത്തുകൈയുടെ വിരല്‍ മുക്കി ഏഴുപ്രാവശ്യം കര്‍ത്താവിന്റെ സന്നിധിയില്‍ തളിക്കണം.
28 : കൈയില്‍ ബാക്കിയുള്ള എണ്ണയില്‍ കുറച്ചെടുത്ത് ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിന്റെ പെരുവിരലിലും, പ്രായശ്ചിത്ത ബലിയുടെ രക്തം പുരട്ടിയ ഭാഗത്ത് പുരട്ടണം.
29 : ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടവന്റെ പാപങ്ങളുടെ പരിഹാരത്തിനായി കര്‍ത്താവിന്റെ സന്നിധിയില്‍വച്ച് അവന്റെ തലയില്‍ ഒഴിക്കണം.
30 : പിന്നെ ശുദ്ധീകരിക്കപ്പെടേണ്ടവന്റെ കഴിവനുസരിച്ചു കൊണ്ടുവന്ന ചെങ്ങാലികളെയോ പ്രാവിന്‍കുഞ്ഞുങ്ങളെയോ ഒന്നു പാപപരിഹാരബലിക്കും മറ്റേതു ദഹനബലിക്കുമായി ധാന്യബലിയോടു കൂടി കാഴ്ചവയ്ക്കണം.
31 : അങ്ങനെ ശുദ്ധീകരിക്കപ്പെടേണ്ടവനു വേണ്ടി കര്‍ത്താവിന്റെ മുന്പില് പുരോഹിതന് പാപപരിഹാരം ചെയ്യണം.
32 : ഇതു ശുദ്ധീകരണത്തിനാവശ്യമായ കാഴ്ചകള്‍ നല്കാന് കഴിവില്ലാത്ത കുഷ്ഠരോഗികള്‍ക്കു വേണ്ടിയുള്ള നിയമമാണ്.
ഭവന ശുദ്ധീകരണം
33 : കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു:
34 : ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി നല്കുന്ന കാനാന്‍ദേശത്തു നിങ്ങള്‍ പ്രവേശിക്കുമ്പോള്‍ അവിടെ നിങ്ങളുടെ ഒരു വീടിനു ഞാന്‍ പൂപ്പല്‍ വരുത്തിയാല്‍
35 : വീട്ടുടമസ്ഥന്‍വന്നു പുരോഹിതനോടു തന്റെ വീടിന് ഏതോ രോഗബാധയുള്ളതായി തോന്നുന്നു എന്നുപറയണം.
36 : വീട്ടിലെ വസ്തുക്കളെല്ലാം അശുദ്ധമെന്നു പ്രഖ്യാപിക്കാതിരിക്കാന്‍ പരിശോധനയ്ക്കു ചെല്ലുന്നതിനുമുന്‍പ് അവയെല്ലാം വീട്ടില്‍നിന്നു മാറ്റാന്‍ പുരോഹിതന് കല്പിക്കണം; അതിനുശേഷം പരിശോധനയ്ക്കു ചെല്ലണം.
37 : അവന് വീടു പരിശോധിക്കണം. വീടിന്റെ ഭിത്തിയില്‍ മറ്റു ഭാഗങ്ങളേക്കാള്‍ കുഴിഞ്ഞ് പച്ചയോ ചുവപ്പോ നിറമുള്ള പാടുകള്‍ പ്രത്യക്ഷപ്പെട്ടാല്‍,
38 : വീട്ടില്‍നിന്നു പുറത്തിറങ്ങി അത് ഏഴു ദിവസത്തേക്കു പൂട്ടിയിടണം.
39 : ഏഴാംദിവസം തിരിച്ചെത്തി പരിശോധിക്കുമ്പോള്‍ വീടിന്റെ ഭിത്തികളില്‍ പൂപ്പല്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍,
40 : അതു ബാധിച്ചിട്ടുള്ള കല്ലുകള്‍ ഭിത്തിയില്‍നിന്നെടുത്ത് പട്ടണത്തിനു പുറത്തുള്ള അശുദ്ധമായ സ്ഥലത്തേക്ക് എറിഞ്ഞുകളയാന്‍ പുരോഹിതന് കല്പിക്കണം.
41 : അനന്തരം, വീടിന്റെ അകം മുഴുവന്‍ ചുരണ്ടി, പൊടി പട്ടണത്തിന്റെ വെളിയില്‍ അശുദ്ധമായ സ്ഥലത്തുകളയാന്‍ നിര്‍ദേശിക്കണം.
42 : ഇളക്കിയെടുത്ത കല്ലുകളുടെ സ്ഥാനത്ത് വേറെകല്ലുകള്‍ വയ്ക്കുകയും വീടു പുതുതായി തേയ്ക്കുകയും വേണം.
43 : കല്ലുകള്‍ മാറ്റി, വീടു ചുരണ്ടി, പുതുതായി തേച്ചതിനുശേഷവും പൂപ്പല്‍ പ്രത്യക്ഷപ്പെട്ടാല്‍, പുരോഹിതന് ചെന്നു പരിശോധിക്കണം.
44 : അതു വീട്ടിലെല്ലാം പടര്‍ന്നിട്ടുണ്ടെങ്കില്‍ അത് അപരിഹാര്യമാണ്. ആ വീട് അശുദ്ധമാണ്.
45 : ആ വീട് ഇടിച്ചുപൊളിച്ച് അതിന്റെ കല്ലും തടിയും കുമ്മായവും പട്ടണത്തിനു വെളിയില്‍ അശുദ്ധമായ സ്ഥലത്തു കൊണ്ടുപോയി കളയണം.
46 : വീട് അടച്ചിട്ടിരിക്കുന്ന സമയത്ത് അതില്‍ പ്രവേശിക്കുന്നവന് വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
47 : ആ ഭവനത്തില്‍ കിടന്നുറങ്ങുന്നവനും അവിടെവച്ചു ഭക്ഷിക്കുന്നവനും തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകണം.
48 : എന്നാല്‍, പുരോഹിതന്റെ പരിശോധനയില്‍ പുതുതായി തേച്ചതിനുശേഷം പൂപ്പല്‍ പടര്‍ന്നിട്ടില്ലെന്നു കണ്ടാല്‍ ആ വീട് ശുദ്ധമാണെന്നു പ്രഖ്യാപിക്കണം. എന്തെന്നാല്‍, പൂപ്പല്‍ അപ്രത്യക്ഷമായിരിക്കുന്നു.
49 : ആ വീടിന്റെ ശുദ്ധീകരണത്തിനായി അവന് രണ്ടു പക്ഷികള്‍, ദേവദാരു, ചെമന്ന നൂല്, ഈസ്സോപ്പു ചെടി എന്നിവ എടുക്കണം.
50 : ഒരു പക്ഷിയെ മണ്‍പാത്രത്തില്‍ ഉറവവെള്ളമെടുത്ത് അതിനുമീതേവച്ചു കൊല്ലണം.
51 : അനന്തരം, ജീവനുള്ള പക്ഷിയെ എടുത്ത് ദേവദാരു, ഈസ്സോപ്പുചെടി, ചെമന്ന നൂല് എന്നിവയോടൊപ്പം ഉറവ വെള്ളത്തിനു മീതേവച്ചു കൊന്ന പക്ഷിയുടെ രക്തത്തിലും ഉറവ വെള്ളത്തിലും മുക്കി വീടിന്മേല് ഏഴുപ്രാവശ്യം തളിക്കണം.
52 : അങ്ങനെ അവന് പക്ഷിയുടെ രക്തം, ഉറവവെള്ളം, ജീവനുള്ള പക്ഷി, ദേവദാരു, ഈസ്സോപ്പുചെടി, ചെമന്നനൂല്‍ എന്നിവകൊണ്ട് വീടു ശുദ്ധീകരിക്കണം.
53 : അനന്തരം, ജീവനുള്ള പക്ഷിയെ പട്ടണത്തിനു പുറത്ത് തുറസ്സായ സ്ഥലത്തേക്കു പറപ്പിച്ചുവിടണം. അങ്ങനെ, ആ വീടിനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അതു ശുദ്ധമാകും.
54 : ചിരങ്ങ്, തടിപ്പ്, പരു, പാണ്ട് എന്നീരോഗങ്ങളെയും
55 : വസ്ത്രത്തിലുണ്ടാകുന്ന കരിമ്പന്‍,
56 : വീടിനെ ബാധിക്കുന്ന പൂപ്പല്‍ തുടങ്ങി പലതരം അശുദ്ധികളെയും സംബന്ധിക്കുന്ന നിയമമാണിത്.
57 : ഇവ എപ്പോഴെല്ലാം അശുദ്ധമെന്നും എപ്പോഴെല്ലാം ശുദ്ധമെന്നും ഈ നിയമങ്ങള്‍ നിര്‍ണയിക്കുന്നു.
അദ്ധ്യായം 15
സ്രാവം മൂലമുള്ള അശുദ്ധി
1 : കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:
2 : ഇസ്രായേല്‍ജനത്തോടു പറയുക: ആര്‍ക്കെങ്കിലും ശുക്ലസ്രാവമുണ്ടായാല്‍ അവന് അതിനാല്‍ അശുദ്ധനായിരിക്കും.
3 : ശുക്ലസ്രാവത്താലുള്ള അശുദ്ധിയെ സംബന്ധിക്കുന്ന നിയമം ഇതാണ്: അവന്റെ ശരീരത്തില്‍നിന്ന് ശുക്ലം ഒഴുകുകയോ ഒഴുക്കു നിലച്ചുപോകുകയോ ചെയ്താലും അവനില്‍ അത് അശുദ്ധിയാണ്.
4 : അവന് കിടക്കുന്ന കിടക്കയും ഇരിക്കുന്ന ഇടങ്ങളുമെല്ലാം അശുദ്ധമായിരിക്കും.
5 : അവന്റെ കിടക്ക തൊടുന്നവന് വസ്ത്രം അലക്കുകയും കുളിക്കുകയും വേണം. അവന് വൈകുന്നേരം വരെ അശുദ്ധനായിരിക്കും.
6 : അവന് ഇരുന്ന സ്ഥലത്ത് ആരെങ്കിലും ഇരുന്നാല്‍ അവനും വസ്ത്രങ്ങള്‍ അലക്കി കുളിക്കണം; വൈകുന്നേരം വരെ അവന് അശുദ്ധനായിരിക്കും.
7 : അവന്റെ ശരീരത്തില്‍ തൊടുന്നവനും വസ്ത്രം അലക്കി കുളിക്കണം: വൈകുന്നേരം വരെ അവന് അശുദ്ധനായിരിക്കും.
8 : അവന് ശുദ്ധിയുള്ള ആരുടെയെങ്കിലുംമേല്‍ തുപ്പിയാല്‍ അവനും വസ്ത്രം അലക്കി കുളിക്കണം.
9 : അവന് വൈകുന്നേരം വരെ അശുദ്ധനായിരിക്കും. അവന് ഇരുന്നുയാത്രചെയ്യുന്ന ജീനിയും അശുദ്ധമായിരിക്കും.
10 : അവന്റെ കിടക്കയ്ക്കു കീഴേയുള്ള എന്തിനെയെങ്കിലും സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
11 : അവന് കൈകഴുകാതെ ആരെയെങ്കിലും സ്പര്‍ശിച്ചാല്‍ അവനും വസ്ത്രം അലക്കി കുളിക്കണം. വൈകുന്നേരം വരെ അവന് അശുദ്ധനായിരിക്കും.
12 : അവന് സ്പര്‍ശിക്കുന്ന മണ്‍പാത്രം ഉടച്ചുകളയണം; മരപ്പാത്രമെങ്കില്‍, അതു കഴുകണം.
13 : അവന് സ്രാവം മാറി ശുദ്ധിയുള്ളവനാകുമ്പോള്‍, ശുദ്ധീകരണത്തിനായി ഏഴു ദിവസം നിശ്ചയിച്ച് തന്റെ വസ്ത്രങ്ങള്‍ അലക്കുകയും ഒഴുക്കുള്ള വെള്ളത്തില്‍ കുളിക്കുകയും വേണം. അപ്പോള്‍ അവന് ശുദ്ധിയുള്ളവനാകും.
14 : എട്ടാംദിവസം അവന് രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കര്‍ത്താവിന്റെ സന്നിധിയില്‍ സമാഗമകൂടാരത്തിന്റെ വാതില്ക്കല് കൊണ്ടുവന്ന് പുരോഹിതനെ ഏല്പിക്കണം.
15 : പുരോഹിതന് അവയിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും അര്‍പ്പിക്കണം. അങ്ങനെ അവന്റെ ശുക്ലസ്രാവത്തിനു പുരോഹിതന് അവനുവേണ്ടി കര്‍ത്താവിന്റെ മുന്പില് പരിഹാരംചെയ്യണം.
16 : ഒരുവനു ബീജസ്രവണമുണ്ടായാല്‍ അവന് വെള്ളത്തില്‍ കുളിക്കണം. അവന് വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
17 : ബീജം വീണ വസ്ത്രങ്ങളും തുകലുമെല്ലാം വെള്ളംകൊണ്ടു കഴുകണം. അവ വൈകുന്നേരംവരെ അശുദ്ധമായിരിക്കും.
18 : ഒരാള്‍ സ്ത്രീയോടുകൂടി ശയിക്കുകയും ബീജസ്രവണമുണ്ടാകുകയും ചെയ്താല്‍, ഇരുവരും കുളിക്കണം; വൈകുന്നേരം വരെ അവര്‍ അശുദ്ധരായിരിക്കും.
19 : സ്ത്രീക്കു മാസമുറയനുസരിച്ചു രക്തസ്രാവമുണ്ടായാല്‍ ഏഴു ദിവസത്തേക്ക് അവള് അശുദ്ധയായിരിക്കും. അവളെ സ്പര്‍ശിക്കുന്നവരെല്ലാം വൈകുന്നേരം വരെ അശുദ്ധരായിരിക്കും.
20 : അശുദ്ധിയുടെ ദിനങ്ങളില്‍ കിടക്കാനോ ഇരിക്കാനോ അവള് ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം അശുദ്ധമായിരിക്കും.
21 : ആരെങ്കിലും അവളുടെ കിടക്കയെ സ്പര്‍ശിച്ചാല്‍ അവന് തന്റെ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം. വൈകുന്നേരം വരെ അവന് അശുദ്ധനായിരിക്കും.
22 : അവള് ഇരുന്ന എന്തിലെങ്കിലും സ്പര്‍ശിക്കുന്നവന്‍ തന്റെ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം. അവന് വൈകുന്നേരം വരെ അശുദ്ധനായിരിക്കും.
23 : അവളുടെ കിടക്കയിലോ ഇരിപ്പിടങ്ങളിലോ തൊടുന്നവന് വൈകുന്നേരം വരെ അശുദ്ധനായിരിക്കും.
24 : ആരെങ്കിലും അവളോടുകൂടെ ശയിച്ചാല്‍ അവളുടെ അശുദ്ധി അവനിലും ഉണ്ടാവുകയും അവന് ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കുകയും ചെയ്യും. അവന് കിടക്കുന്ന ഏതു കിടക്കയും അശുദ്ധമാകും.
25 : സ്ത്രീക്ക് ഋതുകാലത്തല്ലാതെ വളരെ ദിവസത്തേക്ക് രക്തസ്രാവമുണ്ടാകുകയോ അശുദ്ധിയുടെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്തസ്രാവം നീണ്ടുനില്‍ക്കുകയോ ചെയ്താല്‍ ഋതുകാലത്തെന്ന പോലെ ഈ ദിവസങ്ങളിലെല്ലാം അവള് അശുദ്ധയായിരിക്കും.
26 : രക്തസ്രാവമുള്ള ദിവസങ്ങളില്‍ അവള് കിടക്കുന്ന കിടക്കയെല്ലാം ഋതുകാലത്തിലെന്ന പോലെ അശുദ്ധമായിരിക്കും. അവള് ഇരിക്കുന്നിടമെല്ലാം ഋതുകാലത്തെന്ന പോലെ അശുദ്ധമായിരിക്കും.
27 : ഇവ സ്പര്‍ശിക്കുന്നവന്‍ അശുദ്ധനായിരിക്കും. അവന് തന്റെ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം.
28 : വൈകുന്നേരം വരെ അവന് അശുദ്ധനായിരിക്കും. രക്തസ്രാവം മാറിയാല്‍ ഏഴുദിവസത്തേക്കു കൂടി അവള് കാത്തിരിക്കണം. അതിനുശേഷം അവള് ശുദ്ധിയുള്ളവളായിരിക്കും.
29 : എട്ടാംദിവസം അവള് രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ സമാഗമകൂടാരത്തിന്റെ വാതില്ക്കല് കൊണ്ടുവന്ന് പുരോഹിതനെ ഏല്പിക്കണം.
30 : പുരോഹിതന് അതിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും അര്‍പ്പിക്കണം. അവളുടെ രക്തസ്രാവം മൂലമുള്ള അശുദ്ധിക്ക് പുരോഹിതന് അവള്‍ക്കുവേണ്ടി കര്‍ത്താവിന്റെ മുന്പില് പാപപരിഹാരം ചെയ്യണം.
31 : ഇങ്ങനെ, ഇസ്രായേല്‍ ജനങ്ങളുടെ ഇടയിലുള്ള എന്റെ കൂടാരം അശുദ്ധമാക്കി, തങ്ങളുടെ അശുദ്ധിയില്‍ അവര്‍ മരിക്കാതിരിക്കേണ്ടതിന് നീ അവരെ അശുദ്ധിയില്‍ നിന്ന് അകറ്റണം.
32 : ശുക്ലസ്രാവമോ ബീജസ്രാവമോ മൂലം അശുദ്ധരാകുന്നവര്‍ക്കുള്ള നിയമമാണിത്.
33 : മാസമുറമൂലം അശുദ്ധയായവള്‍ക്കും സ്രാവമുള്ള പുരുഷനും സ്ത്രീക്കും അശുദ്ധയായ സ്ത്രീയോടു കൂടെ ശയിക്കുന്നവനും ഉള്ളതാണ് ഈ നിയമം.
0 comments:
Post a Comment