ബൈബിൾ പഠനം - Exodus 1,2
ഉൽപ്പത്തി 1,2,3
Mp3 Audio of the talk (Will update soon)
Click here to Subscribe YouTube Channel
അദ്ധ്യായം 1
ഈജിപ്തിലെ അടിമത്തം
1 : യാക്കോബിനോടുകൂടെ കുടുംബസമേതം ഈജിപ്തില്‍ വന്നുചേര്‍ന്ന ഇസ്രായേല്‍ മക്കള്‍ ഇവരാണ്:
2 : റൂബന്‍, ശിമയോന്, ലേവി, യൂദാ,
3 : ഇസാക്കര്‍, സെബുലൂണ്‍, ബഞ്ചമിന്,
4 : ദാന്‍, നഫ്താലി, ഗാദ്, ആഷേര്‍.
5 : യാക്കോബിന്റെ സന്താനങ്ങള്‍ ആകെ എഴുപതു പേരായിരുന്നു. ജോസഫ് നേരത്തെ തന്നെ ഈജിപ്തില്‍ എത്തിയിരുന്നു.
6 : ജോസഫും സഹോദരന്മാരും ആ തലമുറ മുഴുവനും മരിച്ചു.
7 : എന്നാല്‍ ഇസ്രായേലിന്റെ സന്താനപരമ്പര വര്‍ധിച്ചു വളരെയധികം ശക്തി പ്രാപിക്കുകയും രാജ്യം മുഴുവന്‍ വ്യാപിക്കുകയും ചെയ്തു.
8 : അങ്ങനെയിരിക്കേ, ഒരു പുതിയരാജാവ് ഈജിപ്തില്‍ ഭരണാധികാരിയായി. അവനു ജോസഫിനെപ്പറ്റി അറിവില്ലായിരുന്നു.
9 : അവന് തന്റെ ജനത്തോടു പറഞ്ഞു: നോക്കുവിന്‍! ഇസ്രായേല്‍ ജനത്തിന്റെ എണ്ണവും ശക്തിയും നമ്മുടേതിനെക്കാള്‍ അധികമായി വരുന്നു.
10 : ഒരുയുദ്ധമുണ്ടായാല്‍ ഇവര്‍ ശത്രുപക്ഷം ചേര്‍ന്നു നമുക്കെതിരായി പൊരുതുകയും അങ്ങനെ രാജ്യം വിട്ടുപോവുകയും ചെയ്തേക്കാം. അതിനാല്‍, അവര്‍ സംഖ്യയില്‍ വര്‍ധിക്കാതിരിക്കാന്‍ നമുക്ക് അവരോടു തന്ത്രപൂര്‍വം പെരുമാറാം.
11 : അനന്തരം അവരെ കഠിനാധ്വാനം കൊണ്ടു ഞെരുക്കാന്‍ ക്രൂരന്മാരായ മേല്‍നോട്ടക്കാരെ നിയമിച്ചു. അങ്ങനെ ഇസ്രായേല്‍ക്കാര്‍ ഫറവോയ്ക്കുവേണ്ടി പിത്തോം, റമ്സേസ് എന്നീ സംഭരണ നഗരങ്ങള്‍ നിര്‍മിച്ചു.
12 : എന്നാല്‍, പീഡിപ്പിക്കുന്തോറും അവര്‍ വര്‍ധിക്കുകയും വ്യാപിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈജിപ്തുകാര്‍ ഇസ്രായേല്‍മക്കളെ ഭയപ്പെട്ടു തുടങ്ങി.
13 : അവരെക്കൊണ്ടു നിര്‍ദയം അടിമവേല ചെയ്യിച്ചു.
14 : കുമ്മായവും ഇഷ്ടികയും കൊണ്ടുള്ള പണികളും വയലിലെ വേലകളും കഠിനാധ്വാനവും കൊണ്ട് അവരുടെ ജീവിതം ക്ലേശപൂര്‍ണമാക്കി. മര്‍ദനത്തിന് കീഴില്‍ അടിമവേല ചെയ്യാന്‍ ഇസ്രായേല്യര്‍ നിര്‍ബന്ധിതരായി.
15 : ഈജിപ്തു രാജാവ്, ഷിഫ്റാ, പൂവാ എന്നു പേരായരണ്ടു ഹെബ്രായ സൂതികര്‍മിണികളോടു പറഞ്ഞു:
16 : നിങ്ങള്‍ ഹെബ്രായ സ്ത്രീകള്‍ക്കു പ്രസവശുശ്രൂഷ നല്കുമ്പോള് ശ്രദ്ധിക്കുവിന്‍: പിറക്കുന്നത് ആണ്‍കുട്ടിയെങ്കില്‍ അവനെ വധിക്കണം. പെണ്‍കുട്ടിയെങ്കില്‍ ജീവിച്ചുകൊള്ളട്ടെ.
17 : എന്നാല്‍ ആ സൂതികര്‍മിണികള്‍ ദൈവഭയമുള്ളവരായിരുന്നതിനാല്‍ രാജാവു പറഞ്ഞതുപോലെ ചെയ്തില്ല.
18 : അവര്‍ ആണ്‍കുട്ടികളെ ജീവിക്കാനനുവദിച്ചു. ആകയാല്‍, രാജാവു സൂതികര്‍മിണികളെ വിളിച്ചു ചോദിച്ചു: നിങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു? ആണ്‍കുട്ടികളെ കൊല്ലാതെ വിട്ടതെന്തുകൊണ്ട്?
19 : സൂതികര്‍മിണികള്‍ ഫറവോയോടു പറഞ്ഞു: ഹെബ്രായ സ്ത്രീകള്‍ ഈജിപ്തുകാരികളെപ്പോലെയല്ല; അവര്‍ പ്രസരിപ്പുള്ളവരാകയാല്‍, സൂതികര്‍മിണി ചെന്നെത്തും മുന്‍പേ പ്രസവിച്ചുകഴിയും.
20 : ദൈവം സൂതികര്‍മിണികളോടു കൃപ കാണിച്ചു. ജനം വര്‍ധിച്ചു പ്രബലരായിത്തീര്‍ന്നു.
21 : സൂതികര്‍മിണികള്‍ ദൈവഭയമുള്ളവരായിരുന്നതുകൊണ്ട് അവിടുന്ന് അവര്‍ക്കു സന്താനപരമ്പരകളെ പ്രദാനംചെയ്തു.
22 : അപ്പോള്‍ ഫറവോ പ്രജകളോടു കല്പിച്ചു: ഹെബ്രായര്‍ക്കു ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം നൈല്‍ നദിയില്‍ എറിഞ്ഞുകളയുവിന്‍. പെണ്‍കുട്ടികള്‍ ജീവിച്ചുകൊള്ളട്ടെ.
അദ്ധ്യായം 2
മോശ ജനിക്കുന്നു
1 : അക്കാലത്ത് ലേവി ഗോത്രത്തില്‍പെട്ട ഒരാള്‍ തന്റെ തന്നെ ഗോത്രത്തില്‍പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്തു.
2 : അവള് ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ശിശു കോമളനായിരുന്നതിനാല്‍ അവള് അവനെ മൂന്നുമാസം രഹസ്യമായി വളര്‍ത്തി.
3 : അവനെ തുടര്‍ന്നും രഹസ്യത്തില്‍ വളര്‍ത്തുക ദുഷ്കരമായിത്തീര്‍ന്നപ്പോള്‍ അവള് ഞാങ്ങണകൊണ്ടു നെയ്ത് കളിമണ്ണും താറും പൂശിയ ഒരു പേടകത്തില്‍ അവനെ കിടത്തി. നദീതീരത്തുള്ള ഞാങ്ങണച്ചെടികളുടെയിടയില്‍ പേടകം കൊണ്ടുചെന്നുവച്ചു.
4 : അവന് എന്തു സംഭവിക്കുമെന്ന് ഉറ്റുനോക്കിക്കൊണ്ട് അവന്റെ സഹോദരി കുറെയകലെ കാത്തുനിന്നിരുന്നു.
5 : അപ്പോള്‍ ഫറവോയുടെ പുത്രിവന്ന് കുളിക്കാന്‍ നദിയിലേക്കിറങ്ങി. അവളുടെ തോഴിമാര് നദീതീരത്തിലൂടെ നടക്കുകയായിരുന്നു. രാജകുമാരി ഞാങ്ങണച്ചെടികളുടെയിടയില്‍ ആ പേടകം കണ്ടു. ഒരു ദാസിയെ അയച്ച് അവള് അതെടുപ്പിച്ചു.
6 : തുറന്നുനോക്കിയപ്പോള്‍ അവള് ശിശുവിനെകണ്ടു. അവന് കരയുകയായിരുന്നു. അവള്‍ക്ക് അവനോട് അനുകമ്പ തോന്നി. ഇത് ഒരു ഹെബ്രായ ശിശുവാണ് എന്ന് അവള് പറഞ്ഞു.
7 : അപ്പോള്‍ അവന്റെ സഹോദരി ഫറവോയുടെ പുത്രിയോടു ചോദിച്ചു: നിനക്കുവേണ്ടി ഈ കുട്ടിയെ മുലയൂട്ടി വളര്‍ത്തുന്നതിന് ഒരു ഹെബ്രായ സ്ത്രീയെ ഞാന്‍ വിളിച്ചുകൊണ്ടുവരട്ടെയോ?
8 : ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: അങ്ങനെയാവട്ടെ. അവള് പോയി ശിശുവിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.
9 : ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: ഈ ശിശുവിനെ കൊണ്ടുപോയി എനിക്കുവേണ്ടി മുലയൂട്ടി വളര്‍ത്തുക. ഞാന്‍ നിനക്കു ശമ്പളം തന്നുകൊള്ളാം. അവള് ശിശുവിനെ കൊണ്ടുപോയി വളര്‍ത്തി.
10 : ശിശു വളര്‍ന്നപ്പോള്‍ അവള് അവനെ ഫറവോയുടെ പുത്രിയുടെയടുക്കല്‍ കൊണ്ടുചെന്നു. അവള് അവനെ പുത്രനായി സ്വീകരിച്ചു. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നെടുത്തു എന്നുപറഞ്ഞുകൊണ്ട് അവള് അവനു മോശ എന്നു പേരിട്ടു.
മോശ ഒളിച്ചോടുന്നു
11 : പ്രായപൂര്‍ത്തിയായതിനുശേഷം മോശ ഒരിക്കല്‍ തന്റെ സഹോദരരെ സന്ദര്‍ശിക്കാന്‍ പോയി. അവന് അവരുടെ കഠിനാധ്വാനം നേരില്‍ക്കണ്ടു. തത്സമയം സ്വജനത്തില്‍പെട്ട ഒരു ഹെബ്രായനെ ഒരു ഈജിപ്തുകാരന് പ്രഹരിക്കുന്നതു കണ്ടു.
12 : അവന് ചുറ്റുംനോക്കി. ആരുമില്ലെന്നു കണ്ടപ്പോള്‍ ആ ഈജിപ്തുകാരനെ കൊന്ന് മണലില്‍ മറവുചെയ്തു.
13 : അടുത്ത ദിവസം അവന് ചുറ്റിസഞ്ചരിക്കുമ്പോള്‍ രണ്ടു ഹെബ്രായര്‍ തമ്മില്‍ ശണ്ഠകൂടുന്നതു കണ്ടു, തെറ്റുചെയ്തവനോട് അവന് ചോദിച്ചു: നീ എന്തിനാണ് കൂട്ടുകാരനെ അടിക്കുന്നത്?
14 : അപ്പോള്‍ അവന് ചോദിച്ചു: ആരാണ് നിന്നെ ഞങ്ങളുടെ മേലധികാരിയും ന്യായാധിപനുമായി നിയമിച്ചത്? ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നീ ഉദ്ദേശിക്കുന്നത്? മോശ ഭയപ്പെട്ടു; ആ സംഭവം പരസ്യമായെന്ന് അവന് വിചാരിച്ചു.
15 : ഫറവോ ഈ കാര്യം കേട്ടപ്പോള്‍ മോശയെ വധിക്കാനുദ്യമിച്ചു. പക്ഷേ, മോശ ഫറവോയുടെ പിടിയില്‍പെടാതെ ഒളിച്ചോടി മിദിയാന്‍ നാട്ടിലെത്തി, അവിടെ ഒരു കിണറിനു സമീപം ഇരുന്നു.
16 : മിദിയാനിലെ പുരോഹിതന് ഏഴു പെണ്‍മക്കളുണ്ടായിരുന്നു. അവര്‍ പിതാവിന്റെ ആടുകള്‍ക്കു കുടിക്കാന്‍ തൊട്ടികളില്‍ വെള്ളം കോരി നിറച്ചു.
17 : അപ്പോള്‍ ചില ആട്ടിടയന്മാര് വന്ന് അവരെ ഓടിച്ചു. എന്നാല്‍, മോശ ആ പെണ്‍കുട്ടികളുടെ സഹായത്തിനെത്തുകയും അവരുടെ ആടുകള്‍ക്കു വെള്ളം കൊടുക്കുകയും ചെയ്തു.
18 : അവര്‍ പിതാവായ റവുവേലിന്റെയടുക്കല്‍ മടങ്ങിച്ചെന്നപ്പോള്‍ അവന് ചോദിച്ചു: നിങ്ങള്‍ ഇന്നു നേരത്തേ തിരിച്ചെത്തിയതെങ്ങനെ?
19 : അവര്‍ പറഞ്ഞു: ഈജിപ്തുകാരനായ ഒരാള്‍ ഞങ്ങളെ ഇടയന്മാരില് നിന്നു രക്ഷിച്ചു, അവന് ഞങ്ങള്‍ക്കു വേണ്ടി വെള്ളം കോരി ആടുകള്‍ക്കു കുടിക്കാന്‍ കൊടുക്കുകപോലും ചെയ്തു.
20 : റവുവേല്‍ ചോദിച്ചു: അവന് എവിടെ? നിങ്ങള്‍ എന്തുകൊണ്ട് ആ മനുഷ്യനെ വിട്ടിട്ടുപോന്നു? അവനെ ഭക്ഷണത്തിനു ക്ഷണിക്കുവിന്‍.
21 : അങ്ങനെ മോശ അവനോടൊപ്പം താമസിക്കാന്‍ തീരുമാനിച്ചു. അവന് തന്റെ മകള്‍ സിപ്പോറയെ മോശയ്ക്ക് ഭാര്യയായി കൊടുത്തു.
22 : അവള് ഒരു പുത്രനെ പ്രസവിച്ചു. ഞാന്‍ പ്രവാസിയായിക്കഴിയുന്നു എന്നുപറഞ്ഞ് മോശ അവനു ഗര്‍ഷോം എന്നു പേരിട്ടു.
23 : കുറേക്കാലം കഴിഞ്ഞ് ഈജിപ്തിലെ രാജാവു മരിച്ചു. അടിമകളായിക്കഴിഞ്ഞിരുന്ന ഇസ്രായേല്‍ മക്കള്‍ നെടുവീര്‍പ്പിട്ടു നിലവിളിച്ചു. അവരുടെ നിലവിളി ദൈവസന്നിധിയിലെത്തി.
24 : ദൈവം അവരുടെ ദീനരോദനം ശ്രവിക്കുകയും അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടി ഓര്‍മിക്കുകയും ചെയ്തു. അവിടുന്ന് അവരെ കടാക്ഷിച്ചു.
25 : അവരുടെ ദയനീയാവസ്ഥ ഗ്രഹിച്ചു.
0 comments:
Post a Comment