ബൈബിൾ പഠനം - Exodus 3,4
പുറപ്പാട് 03, 04
അദ്ധ്യായം 3
മോശയെ വിളിക്കുന്നു
1 : മോശ തന്റെ അമ്മായിയപ്പനും മിദിയാനിലെ പുരോഹിതനുമായ ജത്രോയുടെ ആടുകളെ മേയിച്ചു കഴിയുകയായിരുന്നു. അവന് മരുഭൂമിയുടെ മറുഭാഗത്തേക്ക് ആടുകളെ നയിക്കവേ ദൈവത്തിന്റെ മലയായ ഹോറെബില്‍ എത്തിച്ചേര്‍ന്നു.
2 : അവിടെ ഒരു മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍ നിന്നു ജ്വലിച്ചുയര്‍ന്ന അഗ്നിയില്‍ കര്‍ത്താവിന്റെ ദൂതന് അവനു പ്രത്യക്ഷപ്പെട്ടു. അവന് ഉറ്റുനോക്കി. മുള്‍പ്പടര്‍പ്പു കത്തിജ്വലിക്കുകയായിരുന്നു, എങ്കിലും അത് എരിഞ്ഞു ചാമ്പലായില്ല.
3 : അപ്പോള്‍ മോശ പറഞ്ഞു: ഈ മഹാദൃശ്യം ഞാന്‍ അടുത്തുചെന്ന് ഒന്നു കാണട്ടെ. മുള്‍പ്പടര്‍പ്പ് എരിഞ്ഞു ചാമ്പലാകുന്നില്ലല്ലോ.
4 : അവന് അതു കാണുന്നതിന് അടുത്തു ചെല്ലുന്നതു കര്‍ത്താവു കണ്ടു. മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍നിന്ന് ദൈവം അവനെ വിളിച്ചു: മോശേ, മോശേ, അവന് വിളികേട്ടു: ഇതാ ഞാന്‍ !
5 : അവിടുന്ന് അരുളിച്ചെയ്തു: അടുത്തു വരരുത്. നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാല്‍, നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്.
6 : അവിടുന്നു തുടര്‍ന്നു: ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. മോശ മുഖം മറച്ചു. ദൈവത്തിന്റെ നേരേ നോക്കുവാന്‍ അവനു ഭയമായിരുന്നു.
7 : കര്‍ത്താവു വീണ്ടും അരുളിച്ചെയ്തു: ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. മേല്നോട്ടക്കാരുടെ ക്രൂരത കാരണം അവരില്‍നിന്ന് ഉയര്‍ന്നുവരുന്ന രോദനം ഞാന്‍ കേട്ടു. അവരുടെ യാതനകള്‍ ഞാന്‍ അറിയുന്നു.
8 : ഈജിപ്തുകാരുടെ കൈയില്‍നിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്നു ക്ഷേമകരവും വിസ്തൃതവും, തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേക്ക് - കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവര്‍ അധിവസിക്കുന്ന സ്ഥലത്തേക്ക് - അവരെ നയിക്കാനുമാണ് ഞാന്‍ ഇറങ്ങിവന്നിരിക്കുന്നത്.
9 : ഇതാ, ഇസ്രായേല്‍മക്കളുടെ നിലവിളി എന്റെയടുത്ത് എത്തിയിരിക്കുന്നു. ഈജിപ്തുകാര്‍ അവരെ എപ്രകാരം മര്‍ദിക്കുന്നുവെന്നു ഞാന്‍ കണ്ടു.
10 : ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ അടുക്കലേക്ക് അയയ്ക്കാം. നീ എന്റെ ജനമായ ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരണം.
11 : മോശ ദൈവത്തോടു പറഞ്ഞു: ഫറവോയുടെ അടുക്കല്‍ പോകാനും ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരാനും ഞാന്‍ ആരാണ്?
12 : അവിടുന്ന് അരുളിച്ചെയ്തു: ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഞാനാണു നിന്നെ അയയ്ക്കുന്നത് എന്നതിന് ഇതായിരിക്കും അടയാളം: നീ ജനത്തെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നു കഴിയുമ്പോള്‍ ഈ മലയില്‍ നിങ്ങള്‍ ദൈവത്തെ ആരാധിക്കും.
13 : മോശ ദൈവത്തോടു പറഞ്ഞു: ഇതാ, ഞാന്‍ ഇസ്രായേല്‍ മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം?
14 : ദൈവം മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഞാന്‍ തന്നെ. ഇസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു.
15 : അവിടുന്നു വീണ്ടും അരുളിച്ചെയ്തു: ഇസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം.
16 : നീ പോയി ഇസ്രായേല്‍ ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, പ്രത്യക്ഷപ്പെട്ട് എന്നോട് അരുളിച്ചെയ്തു: ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുകയും ഈജിപ്തുകാര്‍ നിങ്ങളോടു പ്രവര്‍ത്തിക്കുന്നതു കാണുകയും ചെയ്തിരിക്കുന്നു.
17 : നിങ്ങളെ ഈജിപ്തിലെ കഷ്ടത കളില്‍നിന്നു മോചിപ്പിച്ച്, കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ നാട്ടിലേക്ക്, തേനും പാലും ഒഴുകുന്ന ദേശത്തേക്ക്, കൊണ്ടുപോകാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. നീ പറയുന്നത് അവര്‍ അനുസരിക്കും.
18 : ഇസ്രായേല്‍ ശ്രേഷ്ഠന്മാരോടൊന്നിച്ച് നീ ഈജിപ്തിലെ രാജാവിന്റെയടുക്കല്‍ച്ചെന്നു പറയണം: ഹെബ്രായരുടെ ദൈവമായ കര്‍ത്താവു ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു. മൂന്നുദിവസത്തെ യാത്രചെയ്ത്, മരുഭൂമിയില്‍ ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കുവാന്‍ ഞങ്ങളെ അനുവദിക്കണം.
19 : കരുത്തുറ്റകരം കൊണ്ട് നിര്‍ബന്ധിച്ചാലല്ലാതെ ഈജിപ്തിലെ രാജാവു നിങ്ങളെ വിട്ടയയ്ക്കില്ലെന്ന് എനിക്കറിയാം.
20 : ഞാന്‍ കൈനീട്ടി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് ഈജിപ്തിനെ പ്രഹരിക്കും. അപ്പോള്‍ അവന് നിങ്ങളെ വിട്ടയയ്ക്കും.
21 : ഈജിപ്തുകാരുടെ ദൃഷ്ടിയില് ഈ ജനത്തോടു ഞാന്‍ ബഹുമാനം ഉളവാക്കും. അങ്ങനെ നിങ്ങള്‍ പുറപ്പെടുമ്പോള്‍ ഒന്നുമില്ലാത്തവരായി പോകേണ്ടിവരില്ല.
22 : ഓരോ സ്ത്രീയും തന്റെ അയല്‍ക്കാരിയോടും തന്റെ വീട്ടില്‍ അതിഥിയായി പാര്‍ക്കുന്നവളോടും സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു വാങ്ങണം. അവ നിങ്ങളുടെ പുത്രീപുത്രന്മാരെ അണിയിക്കണം. അങ്ങനെ നിങ്ങള്‍ ഈജിപ്തുകാരെ കൊള്ളയടിക്കണം.
അദ്ധ്യായം 4
മോശയെ ശക്തിപ്പെടുത്തുന്നു
1 : മോശ പറഞ്ഞു: അവര്‍ എന്നെ വിശ്വസിക്കുകയില്ല. എന്റെ വാക്കു കേള്‍ക്കുകയുമില്ല. കര്‍ത്താവു നിനക്കു പ്രത്യക്ഷപ്പെട്ടില്ല എന്ന് അവര്‍ പറയും.
2 : കര്‍ത്താവ് അവനോടു ചോദിച്ചു: നിന്റെ കൈയിലിരിക്കുന്നത് എന്താണ്? അവന് പറഞ്ഞു: ഒരു വടി.
3 : അവിടുന്നു കല്പിച്ചു: അതു നിലത്തിടുക. അവന് വടി നിലത്തിട്ടപ്പോള്‍ അതു സര്‍പ്പമായിത്തീര്‍ന്നു.
4 : മോശ അതുകണ്ട് അകന്നുമാറി. കര്‍ത്താവ് അരുളിച്ചെയ്തു: കൈനീട്ടി അതിന്റെ വാലില്‍പിടിക്കുക. അവന് കൈനീട്ടി അതിനെ പിടിച്ചപ്പോള്‍ അതു വീണ്ടും വടിയായിത്തീര്‍ന്നു.
5 : ഇത് തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നിനക്കു പ്രത്യക്ഷപ്പെട്ടുവെന്ന് അവര്‍ വിശ്വസിക്കാന്‍ വേണ്ടിയാണ്.
6 : കര്‍ത്താവ് വീണ്ടും അരുളിച്ചെയ്തു: നിന്റെ കൈ മാറിടത്തില്‍ വയ്ക്കുക. അവന് അപ്രകാരം ചെയ്തു. കൈ തിരിച്ചെടുത്തപ്പോള്‍ അതു മഞ്ഞുപോലെ വെളുത്തു കുഷ്ഠമുള്ളതായി കാണപ്പെട്ടു.
7 : അവിടുന്നു കല്പിച്ചു: കൈ വീണ്ടും മാറിടത്തില്‍ വയ്ക്കുക. അവന് അപ്രകാരം ചെയ്തു. മാറിടത്തില്‍നിന്ന് കൈ തിരിച്ചെടുത്തപ്പോള്‍ അതു പൂര്‍വസ്ഥിതിയിലായി. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍പോലെ കാണപ്പെട്ടു.
8 : അവര്‍ നിന്നെ വിശ്വസിക്കാതിരിക്കുകയും നിന്റെ ആദ്യത്തെ അടയാളത്തിന്റെ സാക്ഷ്യം സ്വീകരിക്കാതിരിക്കുകയും ചെയ്താല്‍, രണ്ടാമത്തേതിന്റെ സാക്ഷ്യം സ്വീകരിച്ചേക്കും.
9 : ഈ രണ്ട് അടയാളങ്ങളും അവര്‍ വിശ്വസിക്കാതിരിക്കുകയും നിന്റെ സാക്ഷ്യം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം, നീ നദിയില്‍നിന്നു കുറെവെള്ളമെടുത്തു കരയില്‍ ഒഴിക്കുക; നദിയില്‍നിന്നു നീയെടുക്കുന്ന ജലം കരയില്‍ രക്തമായി മാറും.
അഹറോന്റെ നിയമനം
10 : മോശ കര്‍ത്താവിനോടു പറഞ്ഞു: കര്‍ത്താവേ, ഞാന്‍ ഒരിക്കലും വാക്ചാതുരിയുള്ളവനായിരുന്നില്ല. അങ്ങു ദാസനോടു സംസാരിച്ചതിനുശേഷവും അങ്ങനെ തന്നെ. സംസാരിക്കുമ്പോള്‍ നാവിനു തടസ്സമുള്ളവനാണു ഞാന്‍.
11 : കര്‍ത്താവ് അവനോടു ചോദിച്ചു: ആരാണു മനുഷ്യനു സംസാരശക്തി നല്‍കിയത്? ആരാണ് അവനെ മൂകനോ ബധിരനോ കാഴ്ചയുള്ളവനോ കുരുടനോ ആക്കുന്നത്? കര്‍ത്താവായ ഞാനല്ലേ?
12 : ആകയാല്‍ നീ പുറപ്പെടുക. സംസാരിക്കാന്‍ ഞാന്‍ നിന്നെ സഹായിക്കും. നീ പറയേണ്ടതെന്തെന്നു ഞാന്‍ പഠിപ്പിച്ചു തരും.
13 : എന്നാല്‍ അവന് അപേക്ഷിച്ചു: കര്‍ത്താവേ, ദയ ചെയ്ത് മറ്റാരെയെങ്കിലും അയയ്ക്കേണമേ!
14 : അപ്പോള്‍ കര്‍ത്താവുമോശയോടു കോപിച്ചു പറഞ്ഞു: നിനക്കു ലേവ്യനായ അഹറോന് എന്നൊരു സഹോദരനുണ്ടല്ലോ. അവന് നന്നായി സംസാരിക്കുമെന്ന് എനിക്കറിയാം. ഇതാ, അവന് നിന്നെ കാണാന്‍ വരുന്നു.
15 : നിന്നെ കാണുമ്പോള്‍ അവന് സന്തോഷിക്കും. പറയേണ്ട വാക്കുകള്‍ നീ അവനു പറഞ്ഞുകൊടുക്കുക. ഞാന്‍ നിന്റെയും അവന്റെയും നാവിനെ ശക്തിപ്പെടുത്തും. നിങ്ങള്‍ ചെയ്യേണ്ടതു നിങ്ങള്‍ക്കു ഞാന്‍ പഠിപ്പിച്ചു തരുകയുംചെയ്യും.
16 : അവന് നിനക്കു പകരം ജനത്തോടു സംസാരിക്കും; അവന് നിന്റെ വക്താവായിരിക്കും; നീ അവനു ദൈവത്തെപ്പോലെയും.
17 : ഈ വടി കൈയിലെടുത്തുകൊള്ളുക. നീ അതുകൊണ്ട് അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കും.
മോശ ഈജിപ്തിലേക്ക്
18 : മോശ അമ്മായിയപ്പനായ ജത്രോയുടെ അടുക്കല്‍ തിരികെച്ചെന്നു പറഞ്ഞു: ഈജിപ്തിലുള്ള എന്റെ സഹോദരര്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയുന്നതിന് അങ്ങോട്ടു മടങ്ങിപ്പോകാന്‍ എന്നെ അനുവദിക്കണം. ജത്രോ പറഞ്ഞു: നീ സമാധാനത്തോടെ പോവുക.
19 : മിദിയാനില്‍വച്ചു കര്‍ത്താവു മോശയോടു പറഞ്ഞു: നീ ഈജിപ്തിലേക്കു മടങ്ങിപ്പോവുക, നിന്നെ കൊല്ലാന്‍ കാത്തിരുന്നവര്‍ മരിച്ചുകഴിഞ്ഞു.
20 : മോശ ഭാര്യയെയും പുത്രന്മാരെയും കഴുതപ്പുറത്ത് കയറ്റി ഈജിപ്തിലേക്കു തിരിച്ചു. അവന് ദൈവത്തിന്റെ വടിയും കൈയിലെടുത്തു.
21 : കര്‍ത്താവു മോശയോടു പറഞ്ഞു: നീ ഈജിപ്തിലേക്കു മടങ്ങുകയാണ്. അവിടെയെത്തുമ്പോള്‍ ഞാന്‍ നിനക്കു വശമാക്കിത്തന്നിരിക്കുന്ന അദ്ഭുതങ്ങള്‍ ഫറവോയുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിക്കണം. എന്നാല്‍ ഞാന്‍ അവനെ കഠിനചിത്തനാക്കും; അവന് ജനത്തെ വിട്ടയയ്ക്കുകയില്ല.
22 : നീ ഫറവോയോടു പറയണം. കര്‍ത്താവു പറയുന്നു, ഇസ്രായേല്‍ എന്റെ പുത്രനാണ്, എന്റെ ആദ്യജാതന്.
23 : ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു, എന്നെ ആരാധിക്കാന്‍വേണ്ടി എന്റെ പുത്രനെ വിട്ടയയ്ക്കുക. നീ അവനെ വിട്ടയയ്ക്കുന്നില്ലെങ്കില്‍ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെത്തന്നെ ഞാന്‍ വധിക്കും.
24 : യാത്രാമധ്യേ അവര്‍ താമസിച്ചിരുന്ന സ്ഥലത്ത് കര്‍ത്താവു പ്രത്യക്ഷനായി മോശയെ വധിക്കാനൊരുങ്ങി.
25 : ഉടനെ സിപ്പോറാ ഒരു കല്ക്കത്തിയെടുത്ത് തന്റെ പുത്രന്റെ അഗ്രചര്‍മം ഛേദിച്ചു. അതുകൊണ്ട് മോശയുടെ പാദങ്ങളില്‍ സ്പര്ശിച്ചിട്ട് അവള് പറഞ്ഞു: നീ എനിക്കു രക്തഭര്‍ത്താവാകുന്നു.
26 : അപ്പോള്‍ അവിടുന്നു അവനെ വിട്ടുപോയി. അവള് പറഞ്ഞു: പരിച്ഛേദനം നിമിത്തം നീ എനിക്കും രക്തഭര്‍ത്താവാകുന്നു.
27 : കര്‍ത്താവ് അഹറോനോടു പറഞ്ഞു: നീ മരുഭൂമിയിലേക്കു പോയി മോശയെ കാണുക. അതനുസരിച്ച് അഹറോന് പോയി. ദൈവത്തിന്റെ മലയില്‍വച്ച് അവനെ കണ്ടുമുട്ടി ചുംബിച്ചു.
28 : തന്നെ അയച്ച കര്‍ത്താവു കല്പിച്ച എല്ലാക്കാര്യങ്ങളും താന്‍ പ്രവര്‍ത്തിക്കണമെന്ന് അവിടുന്നു ഭരമേല്പിച്ച അടയാളങ്ങളും മോശ അഹറോനോടു വിവരിച്ചുപറഞ്ഞു.
29 : അനന്തരം, മോശയും അഹറോനും ചെന്ന് ഇസ്രായേല്‍ ശ്രേഷ്ഠന്മാരെയെല്ലാം വിളിച്ചുകൂട്ടി.
30 : കര്‍ത്താവു മോശയോടു പറഞ്ഞകാര്യങ്ങളെല്ലാം അഹറോന് ജനത്തോടു വിവരിക്കുകയും അവരുടെ മുന്പില് അടയാളങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ജനം വിശ്വസിച്ചു.
31 : കര്‍ത്താവ് ഇസ്രായേല്‍മക്കളെ സന്ദര്‍ശിക്കുന്നുവെന്നും അവരുടെ കഷ്ടതകള്‍ കണ്ടിരിക്കുന്നുവെന്നും കേട്ടപ്പോള്‍, അവര്‍ തലകുനിച്ച് അവിടുത്തെ ആരാധിച്ചു.
0 comments:
Post a Comment