ഉൽപ്പത്തി 48, 49, 50
Mp3 Audio of the talk (Will update soon)
Click here to Subscribe YouTube Channel
അദ്ധ്യായം 48
എഫ്രായിമിനെയും മനാസ്സെയെയും അനുഗ്രഹിക്കുന്നു
1 : പിതാവിനു സുഖമില്ലെന്നു കേട്ട് ജോസഫ് മക്കളായ മനാസ്സെയെയും എഫ്രായിമിനെയും കൂട്ടിക്കൊണ്ട് അവന്റെ അടുത്തേയ്ക്കുപോയി.
2 : മകനായ ജോസഫ് വരുന്നുണ്ട് എന്നു യാക്കോബു കേട്ടു. അവന് ശക്തി സംഭരിച്ചു കിടക്കയില്‍ എഴുന്നേറ്റിരുന്നു.
3 : യാക്കോബ് ജോസഫിനോടു പറഞ്ഞു: സര്‍വശക്തനായ ദൈവം കാനാന്‍ദേശത്തുള്ള ലൂസില്‍വച്ച് എനിക്കു പ്രത്യക്ഷപ്പെട്ട് എന്നെ അനുഗ്രഹിച്ചു. അവിടുന്ന് അരുളിച്ചെയ്തു:
4 : ഞാന്‍ നിന്നെ സന്താന സമൃദ്ധിയുള്ളവനാക്കി നിന്റെ സംഖ്യ വര്‍ധിപ്പിക്കും. നിന്നില്‍നിന്നു ഞാന്‍ ജനതതികളെ പുറപ്പെടുവിക്കും. നിനക്കുശേഷം ഈ നാടു നിന്റെ സന്തതികള്‍ക്കു ഞാന്‍ നിത്യാവകാശമായി നല്‍കും.
5 : ഞാന്‍ ഈജിപ്തില്‍ നിന്റെ അടുത്ത് എത്തുന്നതിനുമുന്പ് ഈജിപ്തില്‍വച്ചു നിനക്കുണ്ടായ പുത്രന്മാരിരുവരും, എഫ്രായിമും മനാസ്സെയും എന്റേതാണ്. റൂബനും ശിമയോനും എന്നപോലെ അവരെന്റേതായിരിക്കും.
6 : അവര്‍ക്കുശേഷം നിനക്കുണ്ടാകുന്ന സന്തതികള്‍ നിന്റേതായിരിക്കും. അവര്‍ക്കു ലഭിക്കുന്ന അവകാശം അവരുടെ സഹോദരങ്ങളുടെ പേരിലായിരിക്കും അറിയപ്പെടുക.
7 : ഞാന്‍ പാദാനില്‍നിന്നു പോയപ്പോള്‍, വഴിക്കു കാനാന്‍ ദേശത്തുവച്ച് എന്നെ ദുഃഖത്തിലാഴ്ത്തിക്കൊണ്ടു റാഹേല്‍ മരിച്ചു. എഫ്രാത്തായിലെത്താന്‍ കുറച്ചുദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. ബേത്ലെഹെം എന്നറിയപ്പെടുന്ന എഫ്രാത്തായിലേക്കുള്ള വഴിയില്‍ ഞാന്‍ അവളെ അടക്കി.
8 : ജോസഫിന്റെ പുത്രന്മാരെക്കണ്ടപ്പോള് ഇസ്രായേല്‍, ഇവരാരാണ്? എന്നുചോദിച്ചു.
9 : ജോസഫ് പറഞ്ഞു: ഇവര്‍ എന്റെ മക്കളാണ്, ഇവിടെവച്ചു ദൈവം എനിക്കു തന്നവര്‍. അവന് പറഞ്ഞു: അവരെ എന്റെ അടുക്കല്‍ കൊണ്ടുവരുക, ഞാന്‍ അവരെ അനുഗ്രഹിക്കട്ടെ.
10 : ഇസ്രായേലിനു പ്രായം കൊണ്ടു കണ്ണുകള്‍ മങ്ങി, കാഴ്ച നഷ്ടപ്പെട്ടിരുന്നു. ജോസഫ് അവരെ അവന്റെ അടുത്തു കൊണ്ടുചെന്നു. അവന് അവരെ കെട്ടിപ്പിടിച്ചു ചുംബിച്ചു.
11 : ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു: നിന്റെ മുഖം കാണുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല. എന്നാല്‍ ഇതാ, നിന്റെ മക്കളെക്കൂടി കാണാന്‍ ദൈവം എന്നെ അനുവദിച്ചിരിക്കുന്നു!
12 : അപ്പോള്‍ ജോസഫ് കുട്ടികളെ അവന്റെ അടുത്തുനിന്നു മാറ്റിയിട്ടു നിലംപറ്റെ കുനിഞ്ഞു നമസ്കരിച്ചു.
13 : ജോസഫ് എഫ്രായിമിനെ തന്റെ വലത്തു കൈകൊണ്ടു പിടിച്ച് ഇസ്രായേലിന്റെ ഇടത്തു കൈക്കു നേരെയും, മനാസ്സെയെ ഇടത്തു കൈകൊണ്ടു പിടിച്ച് ഇസ്രായേലിന്റെ വലത്തു കൈക്കു നേരെയും നിര്‍ത്തി അവന്റെയടുത്തേക്കു കൊണ്ടുചെന്നു.
14 : എന്നാല്‍, ഇസ്രായേല്‍ കൈകള്‍പിണച്ച് വലംകൈ ഇളയവനായ എഫ്രായിമിന്റെ തലയിലും ഇടംകൈ മനാസ്സെയുടെ തലയിലും ആണു വച്ചത്. മനാസ്സെയായിരുന്നുവല്ലോ കടിഞ്ഞൂല്പുത്രന്.
15 : അവന് ജോസഫിനെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: എന്റെ പിതാക്കന്മാരായ അബ്രാഹവും ഇസഹാക്കും ആരാധിച്ചിരുന്ന ദൈവം, ഇന്നുവരെ എന്റെ ജീവിതകാലം മുഴുവന്‍ എന്റെ ഇടയനായിരുന്ന ദൈവം,
16 : എല്ലാ തിന്മകളിലും നിന്ന് എന്നെ കാത്തുപോന്ന ദൂതന് ഈ ബാലന്മാരെ അനുഗ്രഹിക്കട്ടെ! എന്റെയും എന്റെ പിതാക്കന്മാരായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും നാമം അവരില്‍ നിലനില്ക്കട്ടെ. അവര്‍ ഭൂമിയുടെ മധ്യത്തില്‍ ശക്തമായ ഒരു സമൂഹമായി വളര്‍ന്നുവരട്ടെ!
17 : തന്റെ പിതാവു വലംകൈ എഫ്രായിമിന്റെ തലയില്‍ വച്ചതു ജോസഫിന് ഇഷ്ടപ്പെട്ടില്ല. എഫ്രായിമിന്റെ തലയില്‍നിന്നു മനാസ്സെയുടെ തലയിലേക്കു മാറ്റാന്‍ അവന് പിതാവിന്റെ കൈയ്ക്കു പിടിച്ചു.
18 : ജോസഫ് പിതാവിനോടു പറഞ്ഞു: പിതാവേ, അങ്ങനെയല്ല, ഇവനാണു മൂത്ത മകന് . വലംകൈ ഇവന്റെ തലയില്‍ വയ്ക്കുക. അവന് വഴങ്ങിയില്ല.
19 : അവന് പറഞ്ഞു: എനിക്കറിയാം, മകനേ, എനിക്കറിയാം. അവനില്‍ നിന്നും ഒരു ജനതയുണ്ടാകും; അവനും വലിയവനാകും. എന്നാല്‍ അവന്റെ അനുജന് അവനെക്കാള്‍ വലിയവനാകും; അവന്റെ സന്തതികളോ അനവധി ജനതകളും.
20 : അവരെ അനുഗ്രഹിച്ചുകൊണ്ട് അവന് പറഞ്ഞു: നിങ്ങളുടെ നാമം ഉച്ചരിച്ച്, ദൈവം നിങ്ങളെ എഫ്രായിമിനെയും മനാസ്സെയും പോലെ ആക്കട്ടെ, എന്നു പറഞ്ഞു കൊണ്ടായിരിക്കും ഇസ്രായേലില്‍ അനുഗ്ര ഹങ്ങള്‍ ആശംസിക്കപ്പെടുക. അവന് എഫ്രായിമിനെ മനാസ്സെക്കു മുന്‍പനാക്കി.
21 : അതു കഴിഞ്ഞ്, ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു: ഞാന്‍ ഇതാ, മരിക്കാറായി. ദൈവം നിന്റെ കൂടെയുണ്ടാവും. നിന്റെ പിതാക്കന്മാരുടെ നാട്ടിലേക്കു നിന്നെ തിരിയേ കൊണ്ടുപോവുകയും ചെയ്യും.
22 : നിന്റെ സഹോദരന്മാര്ക്കു നല്കിയ ഓഹരിയെക്കാള് കൂടുതലായി വാളും വില്ലും കൊണ്ട് അമോര്യരുടെ കൈയില്‍നിന്നു ഞാന്‍ പിടിച്ചടക്കിയ ഷെക്കെം നിനക്കു തന്നിരിക്കുന്നു.
അദ്ധ്യായം 49
യാക്കോബിന്റെ അനുഗ്രഹം
1 : യാക്കോബ് തന്റെ മക്കളെ വിളിച്ചു പറഞ്ഞു: എല്ലാവരും ഒന്നിച്ചു കൂടുവിന്‍. ഭാവിയില്‍ നിങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്നു ഞാന്‍ പറയാം:
2 : യാക്കോബിന്റെ പുത്രന്മാരേ, ഒന്നിച്ചുകൂടി കേള്‍ക്കുവിന്‍. നിങ്ങളുടെ പിതാവായ ഇസ്രായേലിന്റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍.
3 : റൂബന്‍, നീ എന്റെ കടിഞ്ഞൂല്‍പുത്രനാണ്; എന്റെ ശക്തിയും എന്റെ പൗരുഷത്തിന്റെ ആദ്യഫലവും.
4 : അഹങ്കാരത്തിലും ശക്തിയിലും നീ മുന്‍പന്‍തന്നെ. വെള്ളംപോലെ അസ്ഥിരനായ നീ മുന്പനായി വാഴില്ല. എന്തെന്നാല്‍, നീ പിതാവിന്റെ കിടക്കയില്‍ കയറി അത് അശുദ്ധമാക്കി. എന്റെ ശയ്യയില്‍ കയറി, നീ എന്നെ ദ്രോഹിച്ചുവല്ലോ!
5 : ശിമയോനും ലേവിയും കൂടെപ്പിറപ്പുകളാണ്. അവരുടെ വാളുകള്‍ അക്രമത്തിന്റെ ആയുധങ്ങളാണ്.
6 : അവരുടെ ഗൂഢാലോചനകളില്‍ എന്റെ മനസ്സു പങ്കുകൊള്ളാതിരിക്കട്ടെ! അവരുടെ സമ്മേളനത്തില്‍ എന്റെ ആത്മാവു പങ്കുചേരാതിരിക്കട്ടെ! എന്തെന്നാല്‍, തങ്ങളുടെ കോപത്തില്‍ അവര്‍ മനുഷ്യരെ കൊന്നു. ക്രൂരതയില്‍ അവര്‍ കാളകളുടെ കുതിഞരമ്പു വെട്ടി.
7 : അവരുടെ ഉഗ്രമായ കോപവും ക്രൂരമായ ക്രോധവും ശപിക്കപ്പെടട്ടെ! ഞാന്‍ അവരെ യാക്കോബില്‍ വിഭജിക്കും; ഇസ്രായേലില്‍ ചിതറിക്കുകയും ചെയ്യും.
8 : യൂദാ, നിന്റെ സഹോദരന്മാര് നിന്നെ പുകഴ്ത്തും, നിന്റെ കൈ ശത്രുക്കളുടെ കഴുത്തില്‍ പതിക്കും. നിന്റെ പിതാവിന്റെ പുത്രന്മാര് നിന്റെ മുന്പില് കുമ്പിടും.
9 : യൂദാ ഒരു സിംഹക്കുട്ടിയാണ്. എന്റെ മകനേ, നീ ഇരയില്‍നിന്നു മടങ്ങിയിരിക്കുന്നു. അവന് ഒരു സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും പതുങ്ങിക്കിടന്നു വിശ്രമിക്കുന്നു. അവനെ ഉണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും?
10 : ചെങ്കോല്‍ യൂദായെ വിട്ടു പോകയില്ല; അതിന്റെ അവകാശി വന്നുചേരുംവരെ അധികാരദണ്ഡ് അവന്റെ സന്തതികളില്‍നിന്നു നീങ്ങിപ്പോകയില്ല. ജനതകള്‍ അവനെ അനുസരിക്കും.
11 : അവന് തന്റെ കഴുതയെ മുന്തിരിവള്ളിയിലും കഴുതക്കുട്ടിയെ വിശിഷ്ടമായ മുന്തിരിച്ചെടിയിലും കെട്ടിയിടും; തന്റെ ഉടുപ്പു വീഞ്ഞിലും മേലങ്കി മുന്തിരിച്ചാറിലും കഴുകും.
12 : അവന്റെ കണ്ണുകള്‍ വീഞ്ഞിനെക്കാള്‍ചെമന്നും പല്ലുകള്‍ പാലിനെക്കാള്‍ വെളുത്തുമിരിക്കും.
13 : സെബുലൂണാകട്ടെ കടല്‍തീരത്തു വസിക്കും. അവന് കപ്പലുകള്‍ക്ക് അഭയകേന്ദ്രമായിരിക്കും. സീദോനായിരിക്കും അവന്റെ അതിര്‍ത്തി.
14 : ഇസ്സാക്കര്‍ ഒരു കരുത്തുറ്റ കഴുതയാണ്. അവന് ചുമടുകള്‍ക്കിടയില്‍ കിടക്കുന്നു.
15 : വിശ്രമസ്ഥലം നല്ലതെന്നും ദേശം മനോഹരമെന്നും അവന് കണ്ടു. അതുകൊണ്ട് അവന് ചുമടു കയറ്റാന്‍ ചുമല് കുനിച്ചുകൊടുത്തു; കൂലിവേലചെയ്യുന്ന ഒരു ദാസനായിത്തീര്‍ന്നു.
16 : ഇസ്രായേലിലെ മറ്റു ഗോത്രങ്ങളെപ്പോലെ ദാന്‍ സ്വന്തം ജനങ്ങള്‍ക്കുന്യായം നടത്തിക്കൊടുക്കും.
17 : ദാന്‍ വഴിവക്കിലെ സര്‍പ്പവും പാതയിലെ അണലിയുമായിരിക്കും. അവന് കുതിരയുടെ കുതികാലില്‍ കടിക്കും. കുതിരക്കാരന് മലര്‍ന്നുവീഴുകയും ചെയ്യും.
18 : കര്‍ത്താവേ, ഞാന്‍ അങ്ങയുടെ രക്ഷ കാത്തിരിക്കുന്നു.
19 : ഗാദിനെ കവര്‍ച്ചക്കാര്‍ ആക്രമിക്കും. എന്നാല്‍, അവന് അവരെ തോല്പിച്ചോടിക്കും.
20 : ആഷേറിന്റെ ആഹാരം സമ്പന്നമായിരിക്കും. അവന് രാജകീയ വിഭവങ്ങള്‍ പ്രദാനം ചെയ്യും.
21 : സ്വച്ഛന്ദം ചരിക്കുന്ന ഒരു പേടമാനാണു നഫ്താലി. അവന് മൃദുലവാക്കുകള്‍ പൊഴിക്കുന്നു.
22 : നീരുറവയ്ക്കരികേ നില്ക്കുന്ന ഫലസമൃദ്ധമായ വൃക്ഷമാണു ജോസഫ്. അതിന്റെ ശാഖകള്‍ മതിലിനു മീതേ പടര്‍ന്നു നില്ക്കുന്നു.
23 : വില്ലാളികള്‍ അവനെ കഠിനമായി വേദനിപ്പിച്ചു. അവര്‍ അവനു നേരേ അമ്പെയ്യുകയും അവനെ ഞെരുക്കുകയും ചെയ്തു.
24 : എന്നാല്‍, അവന്റെ വില്ല് ഉറച്ചുനിന്നു. യാക്കോബിന്റെ ശക്തനായ ദൈവം - ഇസ്രായേലിന്റെ പാറയായ ഇടയന് - തന്റെ കൈകള്‍കൊണ്ട് അവന്റെ കൈകളെ ശക്തിപ്പെടുത്തി.
25 : നിന്റെ പിതാവിന്റെ ദൈവം നിനക്കു തുണയായിരിക്കും. സര്‍വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കും. മുകളിലുള്ള ആകാശത്തിന്റെയും കീഴിലുള്ള ആഴത്തിന്റെയും ഉദരത്തിന്റെയും മാറിടത്തിന്റെയും അനുഗ്രഹങ്ങള്‍ നിനക്കുണ്ടാവട്ടെ!
26 : നിന്റെ പിതാവിന്റെ അനുഗ്രഹങ്ങള്‍ നിത്യപര്‍വതങ്ങളുടെ ഔദാര്യത്തെക്കാളും ശാശ്വത ഗിരികളുടെ അനുഗ്രഹങ്ങളെക്കാളും ശക്തങ്ങളാണ്. അവ ജോസഫിന്റെ ശിരസ്സില്‍, തന്റെ സഹോദരരില്‍നിന്നു വേര്‍പെട്ടിരുന്നവന്റെ മൂര്‍ധാവില്‍ വര്‍ഷിക്കപ്പെടട്ടെ.
27 : ആര്‍ത്തിയുള്ള ഒരു ചെന്നായാണു ബഞ്ചമിന്. അവന് രാവിലെ ഇരവിഴുങ്ങുകയും വൈകുന്നേരം കവര്‍ച്ചമുതല്‍ പങ്കിടുകയും ചെയ്യും.
28 : ഇവരാണ് ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങള്‍. അവരുടെ പിതാവ് അവരോടു പറഞ്ഞതാണിത്. അവന് എല്ലാവരെയും അനുഗ്രഹിച്ചു. ഓരോരുത്തര്‍ക്കും ചേര്‍ന്നവിധത്തിലാണ് അവരെ അനുഗ്രഹിച്ചത്.
യാക്കോബിന്റെ മരണം
29 : യാക്കോബ് അവരോടാവശ്യപ്പെട്ടു: ഞാന്‍ എന്റെ ആളുകളോടു ചേരുകയായി. ഹിത്യനായ എഫ്രോണിന്റെ വയലിലുള്ള ഗുഹയില്‍ എന്റെ പിതാക്കന്മാരുടെയടുത്ത് എന്നെയും അടക്കുക.
30 : മാമ്രേക്കു കിഴക്ക് കാനാന്‍ദേശത്തുള്ള മക്പെലായിലെ വയലിലാണ് ആ ഗുഹ. ശ്മശാനഭൂമിക്കുവേണ്ടി ഹിത്യനായ എഫ്രോണില്‍നിന്ന് അബ്രാഹം അവകാശമായി വാങ്ങിയതാണ് ആ വയലും ഗുഹയും.
31 : അബ്രാഹത്തെയും ഭാര്യ സാറായെയും അവിടെയാണ് അവര്‍ അടക്കം ചെയ്തത്. അവിടെത്തന്നെയാണ് ഇസഹാക്കിനെയും ഭാര്യ റബേക്കയെയും സംസ്കരിച്ചത്. ഞാന്‍ ലെയായെ സംസ്കരിച്ചതും അവിടെത്തന്നെ.
32 : വയലും അതിലുള്ള ഗുഹയും ഹിത്യരുടെ കൈയില്‍ നിന്നാണു വാങ്ങിയത്.
33 : തനിക്കു പറയാനുണ്ടായിരുന്നതു പറഞ്ഞു തീര്‍ന്നപ്പോള്‍ യാക്കോബ് കിടക്കയിലേക്കു ചാഞ്ഞു. അവന് അന്ത്യശ്വാസം വലിച്ച് തന്റെ ജനത്തോടുചേര്‍ന്നു.
അദ്ധ്യായം 50
യക്കോബിനെ സംസ്കരിക്കുന്നു
1 : ജോസഫ് തന്റെ പിതാവിന്റെ മുഖത്തേയ്ക്കു കമിഴ്ന്നു വീണു കരഞ്ഞുകൊണ്ട് അവനെ ചുംബിച്ചു.
2 : അവന് തന്റെ ദാസന്മാരായ വൈദ്യന്മാരോടു പിതാവിന്റെ ശരീരത്തില്‍ പരിമളദ്രവ്യങ്ങള് പൂശാന്‍ ആജ്ഞാപിച്ചു. അവര്‍ അങ്ങനെ ചെയ്തു.
3 : അതിനു നാല്പതു ദിവസമെടുത്തു. കാരണം, പരിമളദ്രവ്യം പൂശിത്തീരാന്‍ അത്രയും ദിവസം വേണം. ഈജിപ്തുകാര്‍ എഴുപതു ദിവസം അവനെയോര്‍ത്തു വിലപിച്ചു.
4 : അവനു വേണ്ടിയുള്ള വിലാപകാലം കഴിഞ്ഞപ്പോള്‍, ജോസഫ് ഫറവോയുടെ വീട്ടുകാരോടു പറഞ്ഞു: നിങ്ങള്‍ എന്നില്‍ സംപ്രീതരാണെങ്കില്‍ ദയ ചെയ്ത് ഫറവോയോട് ഇങ്ങനെ ഉണര്‍ത്തിക്കുക:
5 : എന്റെ പിതാവ് എന്നെക്കൊണ്ട് ഒരു പ്രതിജ്ഞ ചെയ്യിച്ചു. അവന് പറഞ്ഞു: ഞാന്‍ മരിക്കാറായി; കാനാന്‍ദേശത്ത് എനിക്കുവേണ്ടി ഞാന്‍ തയ്യാറാക്കിയിരിക്കുന്ന കല്ലറയില്‍ത്തന്നെ നീ എന്നെ സംസ്കരിക്കണം. അതുകൊണ്ട്, ഞാന്‍ പോയി എന്റെ പിതാവിനെ സംസ്കരിക്കട്ടെ; അതുകഴിഞ്ഞു ഞാന്‍ തിരിച്ചുവരും.
6 : ഫറവോ പറഞ്ഞു: നീ പോയി അവന് പ്രതിജ്ഞ ചെയ്യിച്ചതനുസരിച്ച് അവനെ സംസ്കരിക്കുക.
7 : ജോസഫ് പിതാവിനെ സംസ്കരിക്കാന്‍ പോയി. ഫറവോയുടെ വേലക്കാരും കൊട്ടാരത്തിലെ പ്രമാണികളും ഈജിപ്തിലെ തലവന്മാരും അവനോടൊപ്പംപോയി.
8 : ജോസഫിന്റെ വീട്ടുകാരും സഹോദരന്മാരും പിതാവിന്റെ കുടുംബവും അവന്റെ കൂടെ ഉണ്ടായിരുന്നു. കുട്ടികളും ആടുമാടുകളും മാത്രമേ ഗോഷെന്‍ദേശത്തു ശേഷിച്ചുള്ളൂ.
9 : രഥങ്ങളും കുതിരക്കാരും അവനെ അനുഗമിച്ചു. അതു വലിയൊരു സംഘമായിരുന്നു.
10 : ജോര്‍ദാന്‍ അക്കരെയുള്ള അത്താദിലെ മെതിസ്ഥലത്തെത്തിയപ്പോള്‍ അവര്‍ ഉച്ചത്തില്‍ വിലപിച്ചു. അവന് ഏഴുദിവസം പിതാവിനെയോര്‍ത്തു വിലപിച്ചു.
11 : അന്നാട്ടുകാരായ കാനാന്യര്‍ അത്താദിന്റെ മെതിക്കളത്തില്‍ നടന്ന ഈ വിലാപം കേട്ടപ്പോള്‍, ഈജിപ്തുകാര്‍ക്കു വളരെ ഗൗരവമുള്ള ഒരു വിലാപമാണിത് എന്നുപറഞ്ഞു. അതുകൊണ്ട്, ആ സ്ഥലത്തിന് ആബേല്‍ മിസ്രയിം എന്നു പേരുണ്ടായി. അതു ജോര്‍ദാന്‍ അക്കരെയാണ്.
12 : അങ്ങനെ, യാക്കോബ് ആവശ്യപ്പെട്ടതുപോലെ അവന്റെ മക്കള്‍ പ്രവര്‍ത്തിച്ചു.
13 : അവര്‍ അവനെ കാനാന്‍ദേശത്തു കൊണ്ടുപോയി. മാമ്രേക്കു കിഴക്ക് മക്പെലായിലുള്ള വയലിലെ ഗുഹയില്‍ സംസ്കരിച്ചു. അബ്രാഹം ഹിത്യനായ എഫ്രോണില്‍നിന്നു ശ്മശാനഭൂമിക്കുവേണ്ടി വയലുള്‍പ്പെടെ അവകാശമായി വാങ്ങിയതാണ് ആ ഗുഹ. പിതാവിനെ സംസ്കരിച്ചതിനുശേഷം,
14 : ജോസഫ് സഹോദരന്മാരും കൂടെപ്പോയ എല്ലാവരുമൊത്ത്, ഈജിപ്തിലേക്കു മടങ്ങി.
15 : തങ്ങളുടെ പിതാവു മരിച്ചപ്പോള്‍ ജോസഫിന്റെ സഹോദരന്മാര് പറഞ്ഞു: ഒരു പക്ഷേ, ജോസഫ് നമ്മെ വെറുക്കുകയും നാം ചെയ്ത ദ്രോഹത്തിനെല്ലാം പകരം വീട്ടുകയും ചെയ്യും.
16 : പിതാവു മരിക്കുന്നതിനുമുമ്പ് ഇങ്ങനെ കല്പിച്ചിരുന്നു, എന്നുപറയാന്‍ അവര്‍ ഒരു ദൂതനെ അവന്റെ അടുത്തേക്കയച്ചു.
17 : ജോസഫിനോടു പറയുക: അങ്ങയുടെ സഹോദരന്മാരുടെ തെറ്റുകളും കുറ്റങ്ങളും ദയവായി അവരോടു ക്ഷമിക്കുക. അവര്‍ അങ്ങയെ ദ്രോഹിച്ചു. അങ്ങയുടെ പിതാവിന്റെ ദൈവത്തിന്റെ ദാസന്മാരുടെ തെറ്റുകള്‍ പൊറുക്കണമെന്നു ഞങ്ങള്‍ അപേക്ഷിക്കുന്നു. അവര്‍ ഇതു പറഞ്ഞപ്പോള്‍ ജോസഫ് കരഞ്ഞുപോയി.
18 : സഹോദരന്മാര്വന്ന് അവന്റെ മുന്പില് വീണുപറഞ്ഞു: ഞങ്ങള്‍ അങ്ങയുടെ ദാസന്മാരാണ്.
19 : ജോസഫ് പറഞ്ഞു: നിങ്ങള്‍ പേടിക്കേണ്ടാ, ഞാന്‍ ദൈവത്തിന്റെ സ്ഥാനത്താണോ?
20 : നിങ്ങള്‍ എനിക്കു തിന്മചെയ്തു. പക്ഷേ, ദൈവം അതു നന്മയാക്കി മാറ്റി. ഇന്നു കാണുന്നതുപോലെ അനേകംപേരുടെ ജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് അവിടുന്ന് അതു ചെയ്തത്.
21 : അതുകൊണ്ടു ഭയപ്പെടേണ്ട, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഞാന്‍ പോറ്റിക്കൊള്ളാം. അങ്ങനെ, അവന് അവരെ ധൈര്യപ്പെടുത്തുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു.
ജോസഫിന്റെ മരണം
22 : ജോസഫും അവന്റെ പിതാവിന്റെ കുടുംബവും ഈജിപ്തില്‍ പാര്‍ത്തു. ജോസഫ് നൂറ്റിപ്പത്തു കൊല്ലം ജീവിച്ചു.
23 : എഫ്രായിമിന്റെ മൂന്നാം തലമുറയിലെ മക്കളെ അവന് കണ്ടു. മനാസ്സെയുടെ മകനായ മാക്കീറിന്റെ കുഞ്ഞുങ്ങളും ജോസഫിന്റെ മടിയില്‍ കിടന്നിട്ടുണ്ട്.
24 : ജോസഫ് സഹോദരന്മാരോടു പറഞ്ഞു: ഞാന്‍ മരിക്കാറായി; എന്നാല്‍, ദൈവം നിങ്ങളെ സന്ദര്‍ശിക്കും. അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്ത നാട്ടിലേക്ക് അവിടുന്നു നിങ്ങളെ കൊണ്ടുപോകും.
25 : ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍, നിങ്ങള്‍ എന്റെ അവശിഷ്ടങ്ങള്‍ ഇവിടെനിന്നുകൊണ്ടു പോകണം, എന്നു തന്റെ സഹോദരന്മാരോടു പറഞ്ഞ് ജോസഫ് അവരെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചു.
26 : നൂറ്റിപ്പത്തു വയസ്സായപ്പോള്‍ ജോസഫ് മരിച്ചു. അവര്‍ അവനെ പരിമളദ്രവ്യം പൂശി ഈജിപ്തില്‍ ഒരു ശവപ്പെട്ടിയില്‍ സൂക്ഷിച്ചു.
0 comments:
Post a Comment