ബൈബിൾ പഠനം - Exodus 5 - 12
പുറപ്പാട് 05 - 12
അദ്ധ്യായം 5
ഫറവോയുടെ പ്രതികരണം
1 : മോശയും അഹറോനും ഫറവോയുടെ മുന്‍പില്‍ച്ചെന്നു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു കല്പിക്കുന്നു: മരുഭൂമിയില്വന്ന് എന്റെ ബഹുമാനാര്‍ഥം പൂജാമഹോത്സവം ആഘോഷിക്കാന്‍ എന്റെ ജനത്തെ വിട്ടയയ്ക്കുക.
2 : അപ്പോള്‍, ഫറവോ ചോദിച്ചു: ആരാണീ കര്‍ത്താവ്? അവന്റെ വാക്കുകേട്ടു ഞാന്‍ എന്തിന് ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കണം? ഞാന്‍ കര്‍ത്താവിനെ അറിയുന്നില്ല, ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കുകയുമില്ല.
3 : അപ്പോള്‍, അവര്‍ പറഞ്ഞു: ഹെബ്രായരുടെ ദൈവം ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു. ആകയാല്‍, മൂന്നു ദിവസത്തെയാത്രചെയ്ത് മരുഭൂമിയില്‍ച്ചെന്നു ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ഞങ്ങളെ അനുവദിക്കുക. അല്ലാത്തപക്ഷം, അവിടുന്നു മഹാമാരികൊണ്ടോ വാള്‍കൊണ്ടോ ഞങ്ങളെ ശിക്ഷിക്കും.
4 : അപ്പോള്‍ ഈജിപ്തുരാജാവ് അവരോടു പറഞ്ഞു: മോശേ, അഹറോനേ, നിങ്ങള്‍ ജനത്തിന്റെ ജോലിക്കു മുടക്കം വരുത്തുന്നതെന്തിന്? പോയി നിങ്ങളുടെ കാര്യം നോക്കുവിന്‍.
5 : അവന് തുടര്‍ന്നു: നാട്ടില്‍ നിങ്ങളുടെ ജനം ഏറെയുണ്ട്. അവരുടെ ജോലിക്കു നിങ്ങള്‍ മുടക്കം വരുത്തുകയോ?
6 : ഫറവോ അന്നുതന്നെ ജനത്തിന്റെ മേല്‍നോട്ടക്കാരോടും അവരുടെ മേലധികാരികളോടും കല്പിച്ചു:
7 : ഇഷ്ടികയുണ്ടാക്കാന്‍ വേണ്ട വയ്ക്കോല് മുന്‍പെന്നപോലെ ഇനി ജനത്തിന് എത്തിച്ചുകൊടുക്കേണ്ടാ; അവര്‍തന്നെ പോയി ആവശ്യമുള്ള വയ്ക്കോല് ശേഖരിക്കട്ടെ.
8 : എന്നാല്‍ ഇതുവരെ ഉണ്ടാക്കിയിരുന്നത്ര ഇഷ്ടികയുണ്ടാക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും വേണം. അതില്‍ കുറവുവരരുത്. അവര്‍ അലസരാണ്. അതുകൊണ്ടാണ്, ഞങ്ങളുടെ ദൈവത്തിന് ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ പോകട്ടെ എന്ന് അവര്‍ മുറവിളി കൂട്ടുന്നത്.
9 : അവരെക്കൊണ്ട് കൂടുതല്‍ ജോലി ചെയ്യിക്കുക. അങ്ങനെ അവര്‍ അധ്വാനിക്കുകയും വ്യാജ വാക്കുകളില്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യട്ടെ.
10 : മേല്‍നോട്ടക്കാരും മേസ്തിരികളും ചെന്ന് ജനത്തോടു പറഞ്ഞു: ഇനി നിങ്ങള്‍ക്കു വയ്ക്കോല് തരുകയില്ല എന്നു ഫറവോ പറയുന്നു.
11 : നിങ്ങള്‍തന്നെ പോയി കിട്ടാവുന്നിടത്തുനിന്നെല്ലാം വയ്ക്കോല് ശേഖരിക്കുവിന്‍. എന്നാല്‍, പണിയില്‍യാതൊരു കുറവും വരരുത്.
12 : ജനം വയ്ക്കോല്‍ശേഖരിക്കുന്നതിന് ഈജിപ്തിന്റെ നാനാഭാഗങ്ങളിലേക്കും പോയി.
13 : മേല്‍നോട്ടക്കാര്‍ കര്‍ശനമായി നിര്‍ദേശിച്ചു: ദിവസംതോറുമുള്ള വേല, വയ്ക്കോല് തന്നിരുന്നപ്പോള്‍ എന്നപോലെ ചെയ്തു തീര്‍ക്കുവിന്‍.
14 : ഫറവോയുടെ ഉദ്യോഗസ്ഥന്മാര് ജോലിയുടെമേല്‍നോട്ടത്തിനു നിയമിച്ചിരുന്ന ഇസ്രായേല്‍ക്കാരെ പ്രഹരിച്ചുകൊണ്ടു ചോദിച്ചു: നിങ്ങള്‍ ഇതുവരെ ഉണ്ടാക്കിക്കൊണ്ടിരുന്നത്ര ഇഷ്ടികകള്‍ ഇന്നലെയും ഇന്നും ഉണ്ടാക്കാഞ്ഞതെന്ത്?
15 : ഇസ്രായേല്‍ക്കാരായ മേല്‍നോട്ടക്കാര്‍ ഫറവോയെ സമീപിച്ച് ഇങ്ങനെ പരാതിപ്പെട്ടു: അങ്ങയുടെ ദാസന്മാരോട് എന്താണ് ഇപ്രകാരം പെരുമാറുന്നത്?
16 : അങ്ങയുടെ ദാസന്മാര്ക്ക് അവര്‍ വയ്ക്കോല് തരുന്നില്ല; എങ്കിലും ഇഷ്ടികയുണ്ടാക്കുവിന്‍ എന്ന് അവര്‍ കല്പിക്കുന്നു; അങ്ങയുടെ ദാസന്മാരെ പ്രഹരിക്കുന്നു. എന്നാല്‍, കുറ്റം അങ്ങയുടെ ജനത്തിന്റേതാണ്.
17 : ഫറവോ മറുപടി പറഞ്ഞു: നിങ്ങള്‍ അലസരാണ്. അതുകൊണ്ടാണു കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ പോകട്ടെ എന്നു നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
18 : പോയി ജോലി ചെയ്യുവിന്‍, നിങ്ങള്‍ക്കു വയ്ക്കോല് തരുകയില്ല. എന്നാല്‍, ഇഷ്ടികയുടെ എണ്ണം കുറയുകയുമരുത്.
19 : അനുദിനം ഉണ്ടാക്കുന്ന ഇഷ്ടികയുടെ എണ്ണത്തില്‍ കുറവു വരാന്‍ പാടില്ലെന്നു കേട്ടപ്പോള്‍ ഇസ്രായേല്‍ക്കാരായ മേലാളന്മാര് ധര്‍മസങ്കടത്തിലായി.
20 : ഫറവോയുടെ അടുക്കല്‍നിന്നു മടങ്ങിയെത്തുമ്പോള്‍ മോശയും അഹറോനും തങ്ങളെ കാത്തുനില്‍ക്കുന്നത് അവര്‍ കണ്ടു.
21 : അവര്‍ മോശയോടും അഹറോനോടും പറഞ്ഞു: കര്‍ത്താവു നിങ്ങളുടെ പ്രവൃത്തി കണ്ടു നിങ്ങളെ വിധിക്കട്ടെ. ഫറവോയുടെയും അവന്റെ സേവകരുടെയും മുന്പില് നിങ്ങള്‍ ഞങ്ങളെ അവജ്ഞാപാത്രങ്ങളാക്കി. ഞങ്ങളെ വധിക്കാന്‍ നിങ്ങള്‍ അവരുടെ കൈയില്‍ വാള് കൊടുത്തിരിക്കുന്നു.
22 : അപ്പോള്‍ മോശ കര്‍ത്താവിനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങ് എന്തിനാണ് ഈ ജനത്തോട് ഇത്ര ക്രൂരമായി പെരുമാറുന്നത്? എന്തിനാണ് അങ്ങ് എന്നെ ഇങ്ങോട്ടയച്ചത്?
23 : ഞാന്‍ അങ്ങയുടെ നാമത്തില്‍ ഫറവോയോടു സംസാരിക്കാന്‍ വന്നതുമുതല്‍ അവന് ഈ ജനത്തെ കഷ്ടപ്പെടുത്തുകയാണ്; അങ്ങ് അങ്ങയുടെ ജനത്തെ മോചിപ്പിക്കുന്നുമില്ല.
അദ്ധ്യായം 6
മോശയെ ധൈര്യപ്പെടുത്തുന്നു
1 : കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ ഫറവോയോട് എന്തുചെയ്യുമെന്നു നീ ഉടനെ കാണും. ശക്തമായ കരത്താല്‍ നിര്‍ബന്ധിതനായി അവന് അവരെ വിട്ടയയ്ക്കും. അവരെ പുറന്തള്ളാതിരിക്കാന്‍ വയ്യാത്തനില അവനു വന്നുകൂടും.
2 : അവിടുന്നു തുടര്‍ന്നു: ഞാന്‍ കര്‍ത്താവാണ്.
3 : അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും സര്‍വശക്തനായ ദൈവമായി ഞാന്‍ പ്രത്യക്ഷപ്പെട്ടു; എന്നാല്‍ കര്‍ത്താവ് എന്ന നാമത്താല്‍ ഞാന്‍ എന്നെ അവര്‍ക്കു വെളിപ്പെടുത്തിയില്ല.
4 : എങ്കിലും അവര്‍ പരദേശികളായിപ്പാര്‍ത്തിരുന്ന കാനാന്‍ദേശം അവര്‍ക്കു നല്‍കുമെന്ന് അവരുമായി ഞാന്‍ ഉടമ്പടി ചെയ്തിരുന്നു.
5 : ഈജിപ്തുകാര്‍ അടിമകളാക്കിയിരിക്കുന്ന ഇസ്രായേല്‍ മക്കളുടെ ദീനരോദനം ഞാന്‍ കേട്ടു. എന്റെ ഉടമ്പടി ഞാന്‍ ഓര്‍മിക്കുകയുംചെയ്തു.
6 : ആകയാല്‍, ഇസ്രായേല്‍മക്കളോടു പറയുക: ഞാന്‍ കര്‍ത്താവാണ്. ഈജിപ്തുകാര്‍ ചുമത്തിയ ഭാരം നീക്കി നിങ്ങളെ ഞാന്‍ മോചിപ്പിക്കും. നിങ്ങളുടെ അടിമത്തത്തില്‍ നിന്നു നിങ്ങളെ സ്വതന്ത്രരാക്കും. കൈയുയര്‍ത്തി അവരെ കഠിനമായി ശിക്ഷിച്ച്, നിങ്ങളെ വീണ്ടെടുക്കും.
7 : ഞാന്‍ നിങ്ങളെ എന്റെ ജനമായി സ്വീകരിക്കും; നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യും. ഈജിപ്തുകാരുടെ ദാസ്യത്തില്‍നിന്ന് നിങ്ങളെ മോചിപ്പിച്ച ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും.
8 : അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്ത ദേശത്തേക്കു നിങ്ങളെ ഞാന്‍ നയിക്കും; അതു നിങ്ങള്‍ക്ക് അവകാശമായിത്തരുകയും ചെയ്യും.
9 : ഞാന്‍ കര്‍ത്താവാണ്. ഇസ്രായേല്‍മക്കളോടു മോശ ഇപ്രകാരം പറഞ്ഞെങ്കിലും അവരുടെ മനോവ്യഥയും ക്രൂരമായ അടിമത്തവും നിമിത്തം അവര്‍ അവന്റെ വാക്കുകള്‍ ശ്രദ്ധിച്ചില്ല.
10 : കര്‍ത്താവു മോശയോടു കല്പിച്ചു:
11 : നീ പോയി ഈജിപ്തിലെ രാജാവായ ഫറവോയോട് ഇസ്രായേല്‍മക്കളെ വിട്ടയയ്ക്കാന് പറയുക.
12 : മോശ കര്‍ത്താവിനോടു പറഞ്ഞു: ഇസ്രായേല്‍ മക്കള്‍ പോലും ഞാന്‍ പറയുന്നതു കേള്‍ക്കുന്നില്ല. പിന്നെ ഫറവോ കേള്‍ക്കുമോ? പോരെങ്കില്‍ ഞാന്‍ സംസാരിക്കാന്‍ കഴിവില്ലാത്തവനുമാണ്.
13 : കര്‍ത്താവു മോശയോടും അഹറോനോടും കല്പിച്ചു: ഇസ്രായേല്‍ക്കാരെ ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നുവെന്ന് ഇസ്രായേല്‍ മക്കളോടും ഈജിപ്തുരാജാവായ ഫറവോയോടും പറയുക.
വംശാവലി
14 : മോശയുടെയും അഹറോന്റെയും പിതൃഗോത്രങ്ങളുടെ തലവന്മാര് ഇവരാകുന്നു: ഇസ്രായേലിന്റെ ആദ്യജാതനായ റൂബന്റെ പുത്രന്മാര്: ഹനോക്ക്, പല്ലു, ഹെസ്രോന്, കര്‍മി ഇവരാകുന്നു റൂബന്‍ ഗോത്രത്തിലെ തലവന്മാര്.
15 : ശിമയോന്റെ പുത്രന്മാര്: യെമുവേല്‍, യാമീന്, ഓഹദ്, യാക്കീന്‍, സോഹാര്‍, കാനാന്‍കാരിയില്‍നിന്നുള്ള ഷാവൂല്‍. ഇവരാകുന്നു ശിമയോന്റെ ഗോത്രത്തിലെ കുലത്തലവന്മാര്.
16 : കുലങ്ങളനുസരിച്ചു ലേവിയുടെ പുത്രന്മാരുടെ പേരുകള്‍: ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി. ലേവിയുടെ ജീവിതകാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു.
17 : ഗര്‍ഷോന്റെ പുത്രന്മാര്: ലിബ്നി, ഷിമെയി എന്നിവരും അവരുടെ കുടുംബങ്ങളും. കൊഹാത്തിന്റെ പുത്രന്മാര്: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസ്സിയേല്‍.
18 : കൊഹാത്തിന്റെ ജീവിതകാലം നൂറ്റിമുപ്പത്തിമൂന്നു വര്‍ഷമായിരുന്നു.
19 : മെറാറിയുടെ പുത്രന്മാര്: മഹ്ലി, മൂഷി. തലമുറയനുസരിച്ചു ലേവിയുടെ കുടുംബങ്ങള്‍ ഇവയാണ്.
20 : അമ്രാം തന്റെ പിതൃസഹോദരിയായ യോക്കെബെദിനെ ഭാര്യയായി സ്വീകരിക്കുകയും അവളില്‍ അവനു അഹറോന്, മോശ എന്നിവര്‍ ജനിക്കുകയും ചെയ്തു. അമ്രാമിന്റെ ജീവിതകാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു. ഇസ്ഹാറിന്റെ പുത്രന്മാര്: കോറഹ്, നെഫെഗ്, സിക്രി.
21 : ഉസ്സിയേലിന്റെ പുത്രന്മാര്:
22 : മിഷായേല്‍, എല്‍സാഫാന്‍, സിത്രി.
23 : അഹറോന്, അമ്മീനാദാബിന്റെ മകളും നഹ്ഷോന്റെ സഹോദരിയുമായ എലിഷേബായെ ഭാര്യയായി സ്വീകരിക്കുകയും അവളില്‍ അവന് നാദാബ്, അബീഹു, എലെയാസര്‍, ഇത്താമാര്‍ എന്നീ പുത്രന്മാര് ജനിക്കുകയുംചെയ്തു.
24 : കോറഹിന്റെ പുത്രന്മാര്: അസ്സീര്‍, എല്ക്കാനാ, അബിയാസാഫ്. ഇവരാണു കോറഹ് വംശജര്‍.
25 : അഹറോന്റെ പുത്രനായ എലെയാസര്‍ പുത്തിയേലിന്റെ പുത്രിയെ ഭാര്യയായി സ്വീകരിക്കുകയും അവളില്‍ അവന് ഫിനെഹാസ് എന്ന പുത്രന് ജനിക്കുകയും ചെയ്തു. ഇവരാണ് ലേവി ഗോത്രത്തിലെ കുലത്തലവന്മാര്.
26 : ഈജിപ്തു രാജ്യത്തുനിന്ന് ഇസ്രായേല്‍ക്കാരെ സംഘം സംഘമായി പുറത്തുകൊണ്ടുവരുകയെന്ന് കര്‍ത്താവു കല്പിച്ചത് ഈ അഹറോനോടും മോശയോടുമാണ്.
27 : ഇസ്രായേല്‍ക്കാരെ ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍വേണ്ടി ഈജിപ്തിലെ രാജാവായ ഫറവോയോടു സംസാരിച്ചത് ഇവരാണ്.
28 : ഈജിപ്തില്‍വച്ചു കര്‍ത്താവ് മോശയോടു സംസാരിച്ച ദിവസം
29 : അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: ഞാന്‍ കര്‍ത്താവാണ്. ഞാന്‍ നിന്നോടു കല്പിക്കുന്നതെല്ലാം ഈജിപ്തിലെ രാജാവായ ഫറവോയോടു നീ പറയുക.
30 : മോശ കര്‍ത്താവിനോടു പറഞ്ഞു: സംസാരിക്കാന്‍ കഴിവില്ലാത്തവനാണു ഞാന്‍. ഫറവോ എന്റെ വാക്കുകള്‍ ശ്രദ്ധിക്കുമോ?
അദ്ധ്യായം 7
ഫറവോയുടെ മുന്പില്
1 : കര്‍ത്താവു മോശയോടു പറഞ്ഞു: ഇതാ ഞാന്‍ ഫറവോയ്ക്കു നിന്നെ ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു. നിന്റെ സഹോദരനായ അഹറോന്, നിന്റെ പ്രവാചകനായിരിക്കും.
2 : ഞാന്‍ നിന്നോടു കല്പിക്കുന്നതെല്ലാം നീ അഹറോനോടു പറയണം. ഫറവോ തന്റെ രാജ്യത്തുനിന്ന് ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കാന്‍വേണ്ടി നിന്റെ സഹോദരന് അഹറോന് അവനോടു സംസാരിക്കട്ടെ.
3 : ഞാന്‍ ഫറവോയുടെ ഹൃദയം കഠിനമാക്കും; ഈജിപ്തു രാജ്യത്തു വളരെയേറെ അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കും.
4 : എങ്കിലും ഫറവോ നിങ്ങളുടെ വാക്കു കേള്‍ക്കുകയില്ല. എന്നാല്‍, ഞാന്‍ ഈജിപ്തിനെ കഠിനമായി ശിക്ഷിച്ച്, എന്റെ സൈന്യവും ജനവുമായ ഇസ്രായേലിനെ ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവരും.
5 : ഞാന്‍ ഈജിപ്തിനെതിരേ കൈനീട്ടി ഇസ്രായേല്‍മക്കളെ അവരുടെയിടയില്‍ നിന്ന് മോചിപ്പിച്ചു കഴിയുമ്പോള്‍ ഞാനാണു കര്‍ത്താവെന്ന് ഈജിപ്തുകാര്‍ മനസ്സിലാക്കും.
6 : മോശയും അഹറോനും കര്‍ത്താവു കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു.
7 : അവര്‍ ഫറവോയോടു സംസാരിക്കുമ്പോള്‍ മോശയ്ക്ക് എണ്‍പതും അഹറോന് എണ്‍പത്തിമൂന്നും വയസ്സായിരുന്നു.
വടി സര്‍പ്പമായി മാറുന്നു
8 : കര്‍ത്താവ് മോശയോടും അഹറോനോടും പറഞ്ഞു:
9 : ഫറവോ നിങ്ങളോട് ഒരടയാളം ആവശ്യപ്പെടുന്നപക്ഷം നീ അഹറോനോടു നിന്റെ വടിയെടുത്തു ഫറവോയുടെ മുന്‍പിലിടുക എന്നു പറയണം.
10 : അത് സര്‍പ്പമായി മാറും. മോശയും അഹറോനും ഫറവോയുടെ അടുക്കല്‍ച്ചെന്ന് കര്‍ത്താവു കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു. അഹറോന് വടി ഫറവോയുടെയും സേവകരുടെയും മുന്പില് ഇട്ടു.
11 : അതു സര്‍പ്പമായി, അപ്പോള്‍ ഫറവോ വിജ്ഞന്മാരെയും മന്ത്രവാദികളെയും വിളിച്ചുവരുത്തി. തങ്ങളുടെ മാന്ത്രികവിദ്യയാല്‍ ഈജിപ്തിലെ മന്ത്രവാദികളും അപ്രകാരം ചെയ്തു.
12 : അവര്‍ ഓരോരുത്തരും തങ്ങളുടെ വടികള്‍ നിലത്തിട്ടപ്പോള്‍ അവ സര്‍പ്പങ്ങളായി മാറി. എന്നാല്‍, അഹറോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
13 : കര്‍ത്താവു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി; അവന് അവരുടെ വാക്കുകേട്ടില്ല.
ജലം രക്തമായി മാറുന്നു
14 : കര്‍ത്താവു മോശയോടു പറഞ്ഞു: ഫറവോ കഠിനഹൃദയനായിത്തീര്‍ന്നിരിക്കുന്നു. അവന് ജനത്തെ വിട്ടയയ്ക്കാന് വിസമ്മതിക്കുന്നു.
15 : രാവിലെ നീ ഫറവോയുടെ അടുത്തേക്കുപോകുക. അവന് നദിയിലേക്കിറങ്ങിവരുമ്പോള്‍ നീ നദീതീരത്ത് അവനെ കാത്തു നില്‍ക്കണം; സര്‍പ്പമായി മാറിയ വടിയും കൈയിലെടുത്തുകൊള്ളുക.
16 : നീ അവനോടു പറയണം: ഹെബ്രായരുടെ ദൈവമായ കര്‍ത്താവ് എന്നെ നിന്റെയടുത്തേക്കയച്ചത്, മരുഭൂമിയില്‍ എന്നെ ആരാധിക്കാന്‍ എന്റെ ജനത്തെ അയയ്ക്കുക എന്ന് ആവശ്യപ്പെടാനാണ്. എന്നാല്‍, നീ ഇതുവരെ അത് അനുസരിച്ചില്ല.
17 : കര്‍ത്താവു പറയുന്നു: ഞാനാണു കര്‍ത്താവെന്ന് ഇതിനാല്‍ നീ മനസ്സിലാക്കും. ഇതാ എന്റെ കൈയിലുള്ള വടികൊണ്ടു ഞാന്‍ നൈലിലെ ജലത്തിന്മേല് അടിക്കും.
18 : ജലം രക്തമയമായി മാറും. നദിയിലെ മത്സ്യങ്ങള്‍ ചത്തുപോകും; നദി ദുര്‍ഗന്ധം വമിക്കും. നദിയില്‍ നിന്നു വെള്ളം കുടിക്കാന്‍ ഈജിപ്തുകാര്‍ക്കു കഴിയാതെവരും.
19 : കര്‍ത്താവു മോശയോട് ആജ്ഞാപിച്ചു: അഹറോനോടു പറയുക, നീ വടി കൈയിലെടുത്ത് നിന്റെ കൈ ഈജിപ്തിലെ ജലത്തിന്മേല്, അവിടത്തെ നദികളുടെയും അരുവികളുടെയും, കയങ്ങളുടെയും കുളങ്ങളുടെയും മേല്‍നീട്ടുക. ജലം രക്തമായി മാറും. ഈജിപ്തിലെങ്ങും, മരപ്പാത്രങ്ങളിലും, കല്‍പ്പാത്രങ്ങളില്‍പോലും രക്തം കാണപ്പെടും.
20 : കര്‍ത്താവു കല്പിച്ചതുപോലെ മോശയും അഹറോനും പ്രവര്‍ത്തിച്ചു. ഫറവോയുടെയും അവന്റെ സേവകരുടെയും മുന്പില്വച്ച് അവന് വടിയുയര്‍ത്തി, നദീജലത്തിന്മേല് അടിച്ചു. നദിയിലുണ്ടായിരുന്ന ജലമെല്ലാം രക്തമായി മാറി.
21 : നദിയിലെ മത്സ്യമെല്ലാം ചത്തൊടുങ്ങി. നദി ദുര്‍ഗന്ധം വമിച്ചു; ഈജിപ്തുകാര്‍ക്ക് നദിയില്‍ നിന്നു വെള്ളം കുടിക്കാന്‍ കഴിഞ്ഞില്ല; ഈജിപ്തിലെങ്ങും രക്തം കാണപ്പെട്ടു.
22 : ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ അപ്രകാരം ചെയ്തു. കര്‍ത്താവു പറഞ്ഞതുപോലെ, ഫറവോ കൂടുതല്‍ കഠിനഹൃദയനായി; അവന് അവരുടെ വാക്കു കേട്ടുമില്ല.
23 : ഫറവോ തന്റെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി. ഇക്കാര്യം അവന് ഗൗനിച്ചില്ല.
24 : നദീജലം കുടിക്കുക അസാധ്യമായിത്തീര്‍ന്നപ്പോള്‍ ഈജിപ്തുകാര്‍ കുടിക്കാന്‍ വെള്ളത്തിനുവേണ്ടി നദീതീരത്തു കുഴികളുണ്ടാക്കി.
25 : കര്‍ത്താവു നദിയെ പ്രഹരിച്ചിട്ട് ഏഴുദിവസം കഴിഞ്ഞു.
അദ്ധ്യായം 8
തവളകള്‍ വ്യാപിക്കുന്നു
1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഫറവോയുടെ അടുക്കല്‍ച്ചെന്നു പറയുക: കര്‍ത്താവു കല്പിക്കുന്നു: എന്നെ ആരാധിക്കാനായി എന്റെ ജനത്തെ വിട്ടയയ്ക്കുക.
2 : അവരെ വിട്ടയയ്ക്കാന് നീ വിസമ്മതിച്ചാല്‍ തവളകളെ അയച്ച് ഞാന്‍ നിന്റെ രാജ്യത്തെ പീഡിപ്പിക്കും.
3 : നദിയില്‍ തവളകള്‍ പെരുകും. നിന്റെ മന്ദിരത്തിലും ശയനമുറിയിലും കിടക്കയിലും നിന്റെ സേവകരുടെയും ജനങ്ങളുടെയും ഭവനങ്ങളിലും അടുപ്പുകളിലും മാവുകുഴയ്ക്കുന്ന പാത്രങ്ങളിലും അവ കയറിപ്പറ്റും.
4 : നിന്റെയും ജനത്തിന്റെയും സേവകരുടെയുംമേല്‍ അവ പറന്നുകയറും.
5 : കര്‍ത്താവു മോശയോടു കല്പിച്ചു: അഹറോനോടു പറയുക, നിന്റെ വടി കൈയിലെടുത്ത് നദികളുടെയും തോടുകളുടെയും കുളങ്ങളുടെയും മേല്‍ നീട്ടി, ഈജിപ്തു മുഴുവന്‍ തവളകളെക്കൊണ്ടു നിറയ്ക്കുക.
6 : അഹറോന് ഈജിപ്തിലെ ജലാശയങ്ങളുടെമേല്‍ കൈനീട്ടി; തവളകളെക്കൊണ്ട് ഈജിപ്തുദേശം മുഴുവന്‍ നിറഞ്ഞു.
7 : മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ ഈജിപ്തിലേക്കു തവളകളെ വരുത്തി.
8 : അനന്തരം, ഫറവോ മോശയെയും അഹറോനെയും വിളിച്ചുവരുത്തി പറഞ്ഞു: എന്നില്‍നിന്നും എന്റെ ജനത്തില്‍നിന്നും തവളകളെ അകറ്റിക്കളയുന്നതിനു കര്‍ത്താവിനോടു നിങ്ങള്‍ അപേക്ഷിക്കുവിന്‍; കര്‍ത്താവിനു ബലിയര്‍പ്പിക്കാനായി ജനത്തെ ഞാന്‍ വിട്ടയയ്ക്കാം.
9 : മോശ ഫറവോയോടു പറഞ്ഞു: തവളകളെ നിന്നില്‍നിന്നും നിങ്ങളുടെ ഭവനങ്ങളില്‍നിന്നും അകറ്റി നദിയില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നതിനായി നിനക്കും സേവകര്‍ക്കും ജനത്തിനും വേണ്ടി ഞാന്‍ എപ്പോഴാണ് പ്രാര്‍ഥിക്കേണ്ടതെന്ന് അറിയിക്കുക.
10 : ഫറവോ പറഞ്ഞു: നാളെ. മോശ തുടര്‍ന്നു: അങ്ങനെയാകട്ടെ. ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു തുല്യനായി മറ്റാരുമില്ലെന്ന് അങ്ങനെ നീ ഗ്രഹിക്കും.
11 : തവളകള്‍ നിന്നില്‍നിന്നും വീടുകളില്‍ നിന്നും സേവകരില്‍നിന്നും ജനത്തില്‍ നിന്നും അകന്നു നദിയില്‍ മാത്രം ഒതുങ്ങി നില്ക്കും.
12 : മോശയും അഹറോനും ഫറവോയുടെ അടുത്തുനിന്നു പോയി. തവളകളെക്കുറിച്ചു താന്‍ ഫറവോയോടു പറഞ്ഞതുപോലെ മോശ കര്‍ത്താവിനോട് അപേക്ഷിച്ചു.
13 : മോശ അപേക്ഷിച്ചതുപോലെ കര്‍ത്താവു പ്രവര്‍ത്തിച്ചു. വീടുകളിലും അങ്കണങ്ങളിലും വയലുകളിലുമുണ്ടായിരുന്ന തവളകള്‍ ചത്തൊടുങ്ങി.
14 : അവര്‍ അവയെ വലിയ കൂനകളായി കൂട്ടി. നാട്ടില്‍ ദുര്‍ഗന്ധം വ്യാപിച്ചു.
15 : സ്വൈരം ലഭിച്ചെന്നു കണ്ടപ്പോള്‍ കര്‍ത്താവു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി. അവന് അവരുടെ വാക്കു ശ്രദ്ധിച്ചില്ല.
പേന്‍ പെരുകുന്നു
16 : കര്‍ത്താവു മോശയോടു പറഞ്ഞു: നീ അഹറോനോടു പറയുക: നിന്റെ വടികൊണ്ടു നിലത്തെ പൂഴിയില്‍ അടിക്കുക. അപ്പോള്‍ അതു പേനായിത്തീര്‍ന്ന് ഈജിപ്തു മുഴുവന്‍ വ്യാപിക്കും.
17 : അവന് അപ്രകാരം ചെയ്തു; അഹറോന് വടിയെടുത്ത് കൈനീട്ടി നിലത്തെ പൂഴിയില്‍ അടിച്ചു. ഉടനെ മനുഷ്യരുടെയും മൃഗങ്ങളുടെയും മേല്‍ പേന്‍ നിറഞ്ഞു. ഈജിപ്തിലെ പൂഴി മുഴുവന്‍ പേനായിത്തീര്‍ന്നു.
18 : മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ പേന്‍ പുറപ്പെടുവിക്കാന്‍ ശ്രമിച്ചു. എന്നാല്‍, സാധിച്ചില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ പേന്‍ നിറഞ്ഞുനിന്നു.
19 : അപ്പോള്‍ മന്ത്രവാദികള്‍ ഫറവോയോടു പറഞ്ഞു: ഇവിടെ ദൈവകരം പ്രവര്‍ത്തിക്കുന്നു. എങ്കിലും കര്‍ത്താവു മുന്‍കൂട്ടി അറിയിച്ചതുപോലെ ഫറവോ കഠിനഹൃദയനായി നിലകൊണ്ടു. അവന് അവരുടെ വാക്കു ശ്രദ്ധിച്ചില്ല.
ഈച്ചകള്‍ വര്‍ധിക്കുന്നു
20 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നീ അതിരാവിലെ എഴുന്നേറ്റ്, ഫറവോ നദിയിലേക്കു വരുമ്പോള്‍ അവന്റെ വഴിയില്‍ കാത്തുനിന്ന് അവനോടു പറയണം: കര്‍ത്താവ് ഇപ്രകാരം പറയുന്നു: എന്നെ ആരാധിക്കാനായി എന്റെ ജനത്തെ വിട്ടയയ്ക്കുക.
21 : എന്റെ ജനത്തെ വിട്ടയയ്ക്കാത്തപക്ഷം, നിന്റെയും സേവകരുടെയും ജനത്തിന്റെയും മേല്‍ ഞാന്‍ ഈച്ചകളെ അയയ്ക്കും. അങ്ങനെ ഈജിപ്തുകാരുടെ ഭവനങ്ങള്‍ ഈച്ചകളെക്കൊണ്ടു നിറയും. അവര്‍ നില്ക്കുന്ന സ്ഥലംപോലും ഈച്ചക്കൂട്ടങ്ങള്‍ പൊതിയും.
22 : എന്നാല്‍, എന്റെ ജനം വസിക്കുന്ന ഗോഷെന്‍ പ്രദേശത്തെ ഞാന്‍ ഒഴിച്ചുനിര്ത്തും; അവിടെ ഈച്ചകള്‍ ഉണ്ടായിരിക്കയില്ല. അങ്ങനെ ഭൂമിയില്‍ ഞാനാണ് കര്‍ത്താവ് എന്നു നീ ഗ്രഹിക്കും.
23 : എന്റെ ജനത്തെനിന്റെ ജനത്തില്‍നിന്നു ഞാന്‍ വേര്‍തിരിക്കും. ഈ അടയാളം നാളെത്തന്നെ കാണപ്പെടും.
24 : കര്‍ത്താവ് അപ്രകാരം പ്രവര്‍ത്തിച്ചു. ഫറവോയുടെയും സേവകരുടെയും ഭവനങ്ങള്‍ മാത്രമല്ല ഈജിപ്തുരാജ്യം മുഴുവന്‍ ഈച്ചകളുടെ കൂട്ടംകൊണ്ടു നിറഞ്ഞു. ഈച്ചകള്‍മൂലം നാടു നശിച്ചുതുടങ്ങി.
25 : അപ്പോള്‍ ഫറവോ മോശയെയും അഹറോനെയും വിളിച്ചു പറഞ്ഞു: നിങ്ങള്‍പോയി ഈ രാജ്യത്തിനുള്ളില്‍ എവിടെയെങ്കിലും നിങ്ങളുടെ ദൈവത്തിനു ബലിയര്‍പ്പിച്ചുകൊള്ളുവിന്‍.
26 : മോശ പറഞ്ഞു: അങ്ങനെ ചെയ്യുന്നതു ശരിയല്ല. കാരണം, ഈജിപ്തുകാര്‍ക്ക് അരോചകമായ വസ്തുക്കളാണു ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങള്‍ ബലിയര്‍പ്പിക്കുന്നത്. തങ്ങള്‍ക്ക് അരോചകമായ വസ്തുക്കള്‍ അവര്‍ കാണ്‍കെ ബലിയര്‍പ്പിക്കുകയാണെങ്കില്‍ അവര്‍ ഞങ്ങളെ കല്ലെറിയുകയില്ലേ?
27 : കര്‍ത്താവിന്റെ കല്പനയനുസരിച്ച് ഞങ്ങള്‍ മൂന്നുദിവസത്തെയാത്ര ചെയ്ത് മരുഭൂമിയില്‍വച്ചു ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കട്ടെ.
28 : അപ്പോള്‍ ഫറവോ പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിനു മരുഭൂമിയില്‍ ബലിയര്‍പ്പിക്കാന്‍ ഞാന്‍ നിങ്ങളെ വിട്ടയയ്ക്കാം. എന്നാല്‍, നിങ്ങള്‍ വളരെ അകലെ പോകരുത്. എനിക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുകയും വേണം.
29 : മോശ ഫറവോയോടു പറഞ്ഞു: ഞാന്‍ ഉടനെ നിന്നെ വിട്ടു പോകയാണ്. ഫറവോയില്‍നിന്നും സേവകരില്‍നിന്നും ജനത്തില്‍നിന്നും ഈച്ചകള്‍ നാളെത്തന്നെ അകന്നു പോകണമെന്നു ഞാന്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കും. കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍വേണ്ടി ജനങ്ങളെ വിട്ടയയ്ക്കാതെ വീണ്ടും വഞ്ചനാപരമായി പെരുമാറാതിരുന്നാല്‍ മതി.
30 : മോശ ഫറവോയുടെ അടുക്കല്‍നിന്നു പോയി, കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.
31 : കര്‍ത്താവു മോശയുടെ അപേക്ഷയനുസരിച്ചു പ്രവര്‍ത്തിച്ചു. ഫറവോയില്‍നിന്നും സേവകരില്‍നിന്നും ജനത്തില്‍ നിന്നും ഈച്ചകളെ അകറ്റി; ഒന്നുപോലും അവശേഷിച്ചില്ല.
32 : എന്നാല്‍, ഫറവോ ഇപ്രാവശ്യവും ഹൃദയം കഠിനമാക്കി; അവന് ജനത്തെ വിട്ടയച്ചില്ല.
അദ്ധ്യായം 9
മൃഗങ്ങള്‍ ചത്തൊടുങ്ങുന്നു
1 : കര്‍ത്താവു മോശയോടു വീണ്ടും അരുളിച്ചെയ്തു: ഫറവോയുടെ അടുക്കല്‍ച്ചെന്നു പറയുക, ഹെബ്രായരുടെ ദൈവമായ കര്‍ത്താവു കല്പിക്കുന്നു, എന്നെ ആരാധിക്കാന്‍വേണ്ടി എന്റെ ജനത്തെ വിട്ടയയ്ക്കുക.
2 : നീ ഇനിയും അവരെ വിട്ടയയ്ക്കാന് വിസമ്മതിച്ച് തടഞ്ഞുനിര്‍ത്തിയാല്‍
3 : കര്‍ത്താവിന്റെ കരം വയലിലുള്ള നിന്റെ മൃഗങ്ങളുടെ മേല്‍ - കുതിര, കഴുത, ഒട്ടകം, കാള, ആട് എന്നിവയുടെമേല്‍ - നിപതിക്കും; അവയെ മഹാമാരി ബാധിക്കും.
4 : ഇസ്രായേല്‍ക്കാരുടെയും ഈജിപ്തുകാരുടെയും മൃഗങ്ങള്‍ക്കു തമ്മില്‍ കര്‍ത്താവു ഭേദം കല്പിക്കും. ഇസ്രായേല്‍ക്കാരുടേതില്‍ ഒന്നുപോലും നശിക്കയില്ല.
5 : കര്‍ത്താവു നാളെ ഈ രാജ്യത്ത് ഇതു ചെയ്യുമെന്നു പറഞ്ഞുകൊണ്ടു സമയവും നിശ്ചയിച്ചിരിക്കുന്നു.
6 : അടുത്ത ദിവസംതന്നെ കര്‍ത്താവ് അപ്രകാരം പ്രവര്‍ത്തിച്ചു. ഈജിപ്തുകാരുടെ മൃഗങ്ങളെല്ലാം ചത്തൊടുങ്ങി. എന്നാല്‍, ഇസ്രായേല്‍ക്കാരുടെ മൃഗങ്ങളില്‍ ഒന്നുപോലും ചത്തില്ല.
7 : ഫറവോ ആളയച്ചന്വേഷിച്ചപ്പോള്‍ ഇസ്രായേല്‍ക്കാരുടെ കന്നുകാലികളില്‍ ഒന്നുപോലും ചത്തില്ല എന്നറിഞ്ഞു. അതിനാല്‍ അവന്റെ ഹൃദയം കഠിനമായി; അവന് ജനത്തെ വിട്ടയച്ചില്ല.
വ്രണങ്ങള്‍ ബാധിക്കുന്നു
8 : കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു: ചൂളയില്‍നിന്നു കൈ നിറയെ ചാരം വാരുക. ഫറവോ കാണ്‍കെ മോശ അത് ആകാശത്തിലേക്കു വിതറട്ടെ.
9 : അത് ഈജിപ്തുരാജ്യം മുഴുവന്‍ ധൂളിയായി വ്യാപിക്കും. അത് രാജ്യമാസകലമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും ദേഹത്തു പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍ ഉണ്ടാക്കും.
10 : അതനുസരിച്ച് അവര്‍ ചൂളയില്‍ നിന്നു ചാരമെടുത്തുകൊണ്ട് ഫറവോയുടെ മുന്‍പിലെത്തി; മോശ ചാരം അന്തരീക്ഷത്തിലേക്കെറിഞ്ഞപ്പോള്‍, അതു മനുഷ്യരിലും മൃഗങ്ങളിലും പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാക്കി.
11 : എല്ലാ ഈജിപ്തുകാരോടുമൊപ്പം മന്ത്രവാദികളെയും വ്രണങ്ങള്‍ ബാധിച്ചതിനാല്‍ മന്ത്രവാദികള്‍ക്കു മോശയുടെ മുന്പില് നില്ക്കാന് കഴിഞ്ഞില്ല.
12 : കര്‍ത്താവു മോശയോടു പറഞ്ഞതുപോലെ അവിടുന്നു ഫറവോയുടെ ഹൃദയം കഠിനമാക്കി; അവന് അവരുടെ വാക്കു ശ്രദ്ധിച്ചില്ല.
കന്മഴ വര്‍ഷിക്കുന്നു
13 : അനന്തരം, കര്‍ത്താവു മോശയോടു കല്പിച്ചു: അതിരാവിലെ എഴുന്നേറ്റ് ഫറവോയുടെ മുന്‍പില്‍ച്ചെന്നു പറയുക, ഹെബ്രായരുടെ ദൈവമായ കര്‍ത്താവ് ഇപ്രകാരം പറയുന്നു, എന്നെ ആരാധിക്കുന്നതിനുവേണ്ടി എന്റെ ജനത്തെ വിട്ടയയ്ക്കുക.
14 : ലോകം മുഴുവനിലും എനിക്കു തുല്യനായി മറ്റൊരാള്‍ ഇല്ലെന്നു നീ മനസ്സിലാക്കാന്‍ വേണ്ടി ഈ പ്രാവശ്യം എന്റെ മഹാമാരികളെല്ലാം നിന്റെയും സേവകരുടെയും ജനത്തിന്റെയും മേല്‍ ഞാന്‍ അയയ്ക്കും.
15 : ഞാന്‍ കരം നീട്ടി നിന്നെയും ജനത്തെയും മഹാമാരിയാല്‍ പ്രഹരിച്ചിരുന്നെങ്കില്‍ നീ ഇതിനകം ഭൂമിയില്‍ നിന്നു തുടച്ചു നീക്കപ്പെടുമായിരുന്നു.
16 : എന്റെ ശക്തി നിനക്കു കാണിച്ചുതരാനും അങ്ങനെ എന്റെ നാമം ലോകംമുഴുവന്‍ പ്രഘോഷിക്കപ്പെടാനുംവേണ്ടിയാണു ഞാന്‍ നിന്നെ ജീവിക്കാനനുവദിച്ചത്.
17 : എന്റെ ജനത്തെ വിട്ടയയ്ക്കാതിരിക്കത്തക്കവിധം നീ ഇനിയും അവരുടെ നേരേ അഹങ്കാരം പ്രകടിപ്പിക്കുമോ?
18 : ഈജിപ്തിന്റെ ആരംഭം മുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തവിധം കഠിനമായ കന്മഴ നാളെ ഈ സമയത്തു ഞാന്‍ വര്‍ഷിക്കും.
19 : ആകയാല്‍, ഉടനെ ആളയച്ചു കന്നുകാലികളടക്കം വയലിലുള്ളവയെ എല്ലാം സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുക. എന്തെന്നാല്‍, വീട്ടിലെത്തിക്കാതെ വയലില്‍ നില്ക്കുന്ന സകല മനുഷ്യരുടെയും മൃഗങ്ങളുടെയും മേല്‍ കന്മഴ പെയ്യുകയും അവയെല്ലാം ചത്തുപോവുകയും ചെയ്യും.
20 : ഫറവോയുടെ സേവകരില്‍ കര്‍ത്താവിന്റെ വാക്കിനെ ഭയപ്പെട്ടവര്‍ തങ്ങളുടെ ദാസരെയും മൃഗങ്ങളെയും വേഗം വീടുകളിലെത്തിച്ചു.
21 : എന്നാല്‍ കര്‍ത്താവിന്റെ വാക്കിനെ ഗൗനിക്കാതിരുന്നവര്‍ തങ്ങളുടെ ദാസരെയും മൃഗങ്ങളെയും വയലില്‍ത്തന്നെ നിര്‍ത്തി.
22 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നിന്റെ കൈ ആകാശത്തിലേക്കു നീട്ടുക. ഈജിപ്തു രാജ്യത്തെങ്ങുമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും വയലിലെ ചെടികളുടെയും മേല്‍ കന്മഴ പെയ്യട്ടെ.
23 : മോശ തന്റെ വടി ആകാശത്തേക്കു നീട്ടി. കര്‍ത്താവ് ഇടിയും കന്മഴയും അയച്ചു. മിന്നല്‍പ്പിണരുകള്‍ ഭൂമിയിലേക്കു പാഞ്ഞിറങ്ങി. കര്‍ത്താവ് ഈജിപ്തില്‍ കന്മഴ പെയ്യിച്ചു.
24 : ഈജിപ്തുകാര്‍ ഒരു ജനമായി രൂപംകൊണ്ടശേഷം ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധം മിന്നല്‍പ്പിണരുകള്‍ ഇടകലര്‍ന്ന ശക്തമായ കന്മഴ വര്‍ഷിച്ചു.
25 : അത് ഈജിപ്തിലെ വയലുകളിലുണ്ടായിരുന്ന മനുഷ്യരെയും മൃഗങ്ങളെയുമെല്ലാം നശിപ്പിച്ചു. അവിടെ ഉണ്ടായിരുന്ന ചെടികളെയും വന്മരങ്ങളെയും നിശ്ശേഷം തകര്‍ത്തുകളഞ്ഞു.
26 : ഇസ്രായേല്‍ക്കാര്‍ വസിച്ചിരുന്ന ഗോഷെനില്‍ മാത്രം കന്മഴ പെയ്തില്ല.
27 : ഫറവോ മോശയെയും അഹറോനെയും ആളയച്ചു വരുത്തി പറഞ്ഞു: ഇപ്രാവശ്യം ഞാന്‍ തെറ്റു ചെയ്തിരിക്കുന്നു. കര്‍ത്താവു നീതിമാനാണ്. ഞാനും എന്റെ ജനവും തെറ്റുകാരാണ്.
28 : ഇടിമുഴക്കത്തിനും കന്മഴയ്ക്കും അറുതിവരാന്‍വേണ്ടി നിങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കുവിന്‍. ഞാന്‍ നിങ്ങളെ വിട്ടയയ്ക്കാം. ഇനി നിങ്ങള്‍ അല്പംപോലും വൈകേണ്ടാ.
29 : മോശ അവനോടു പറഞ്ഞു: ഞാന്‍ പട്ടണത്തില്‍നിന്നു പുറത്തു കടന്നാലുടന്‍ കര്‍ത്താവിന്റെ നേര്‍ക്കു കൈകള്‍ വിരിച്ചു പ്രാര്‍ഥിക്കാം. അപ്പോള്‍ ഇടിമുഴക്കം അവസാനിക്കുകയും കന്മഴ നിലയ്ക്കുകയും ചെയ്യും. അങ്ങനെ, ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ താണെന്നു നീ ഗ്രഹിക്കും.
30 : എന്നാല്‍, നീയും സേവകരും ദൈവമായ കര്‍ത്താവിനെ ഇപ്പോഴും ഭയപ്പെടുന്നില്ലെന്ന് എനിക്കറിയാം.
31 : കതിരിട്ട ബാര്‍ലിയും പുഷ്പിച്ച ചണവും നശിപ്പിക്കപ്പെട്ടു.
32 : എന്നാല്‍, ഗോതമ്പിനങ്ങളിലൊന്നും നശിപ്പിച്ചില്ല; കാരണം, അവ വളര്‍ച്ച പ്രാപിച്ചിരുന്നില്ല.
33 : മോശ ഫറവോയുടെ അടുക്കല്‍ നിന്നു പുറപ്പെട്ട് പട്ടണത്തിനു വെളിയിലേക്കു പോയി, കര്‍ത്താവിന്റെ നേര്‍ക്കു കൈകള്‍ വിരിച്ചു പ്രാര്‍ഥിച്ചു.
34 : ഉടനെ ഇടിമുഴക്കവും കന്മഴയും നിലച്ചു. അതിനുശേഷം മഴ പെയ്തില്ല. മഴയും കന്മഴയും ഇടിമുഴക്കവും പൂര്‍ണമായി നിലച്ചെന്നു ഫറവോ കണ്ടപ്പോള്‍, അവനും സേവകരും വീണ്ടും പാപം ചെയ്യുകയും കഠിനഹൃദയരാവുകയും ചെയ്തു.
35 : കര്‍ത്താവു മോശയോടു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി. അവന് ഇസ്രായേല്‍ക്കാരെ വിട്ടയച്ചില്ല.
അദ്ധ്യായം 10
വെട്ടുകിളികള്‍ നിറയുന്നു
1 : കര്‍ത്താവു മോശയോടു പറഞ്ഞു: നീ ഫറവോയുടെ അടുക്കലേക്കു പോവുക. ഞാന്‍ ഫറവോയുടെയും സേവകരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു.
2 : അവരുടെ ഇടയില്‍ എന്റെ ഈ അടയാളങ്ങള്‍ കാണിക്കാനും ഈജിപ്തുകാരെ ഞാന്‍ എങ്ങനെ വിഡ്ഢികളാക്കിയെന്നും അവരുടെ ഇടയില്‍ ഞാന്‍ എന്തെല്ലാം അടയാളങ്ങള്‍ കാണിച്ചെന്നും നീ നിന്റെ പുത്രന്‍മാരെയുംപൗത്രന്‍മാരെയും വര്‍ണിച്ചു കേള്‍പ്പിക്കാനും ഞാനാണ് കര്‍ത്താവ് എന്നു നിങ്ങള്‍ ഗ്രഹിക്കാനും വേണ്ടിയാണ് അത്.
3 : മോശയും അഹറോനും ഫറവോയുടെ അടുത്തുചെന്നു പറഞ്ഞു: ഹെബ്രായരുടെ ദൈവമായ കര്‍ത്താവ് ഇങ്ങനെ പറയുന്നു, എത്രനാള്‍ നീ എനിക്കു കീഴ്വഴങ്ങാതെ നില്ക്കും? എന്നെ ആരാധിക്കാനായി എന്റെ ജനത്തെ വിട്ടയയ്ക്കുക.
4 : അവരെ വിട്ടയ്ക്കാന്‍ വിസമ്മതിച്ചാല്‍ ഞാന്‍ നാളെ നിന്റെ രാജ്യത്തേക്കു വെട്ടുകിളികളെ അയയ്ക്കും,
5 : അവ ദേശത്തെ കാഴ്ചയില്‍ നിന്നു മറച്ചുകളയും; കന്മഴയില്നിന്നു രക്ഷപ്പെട്ടവയെ എല്ലാം തിന്നുകളയും. അവനിങ്ങളുടെ വയലില്‍ വളരുന്ന എല്ലാ മരങ്ങളും തിന്നുനശിപ്പിക്കും.
6 : നിന്റെയും നിന്റെ സേവകരുടെയും ഈജിപ്തുകാരെല്ലാവരുടെയും വീടുകളില്‍ അവ വന്നു നിറയും. നിന്റെ പിതാക്കന്മാരോ അവരുടെ പിതാക്കന്മാരോ ഈ നാട്ടില്‍ താമസമാക്കിയ നാള്‍മുതല്‍ ഇന്നോളം ഇങ്ങനെയൊന്നും കണ്ടിട്ടുണ്ടാവുകയില്ല. അതിനുശേഷം, അവന് ഫറവോയുടെ അടുത്തു നിന്നു മടങ്ങിപ്പോയി.
7 : അപ്പോള്‍ ഫറവോയുടെ സേവകര്‍ അവനോടു പറഞ്ഞു: ഇനി എത്രനാള്‍കൂടി നമ്മള് ഈ മനുഷ്യന്റെ ഉപദ്രവം സഹിക്കണം? തങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കാന്‍ ഈ ജനത്തെ വിട്ടയച്ചാലും. ഈജിപ്തു നശിച്ചുകൊണ്ടിരിക്കയാണെന്ന് ഇത്രയുമായിട്ടും അങ്ങ് അറിയുന്നില്ലേ?
8 : ആകയാല്‍, അവര്‍ മോശയെയും അഹറോനെയും ഫറവോയുടെ അടുക്കലേക്കു തിരികേ കൊണ്ടുവന്നു. അവന് അവരോടു പറഞ്ഞു: നിങ്ങള്‍ പോയി നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുവിന്‍. എന്നാല്‍, ആരെല്ലാമാണ് പോകുന്നത്?
9 : മോശ പറഞ്ഞു: ഞങ്ങളുടെ യുവജനങ്ങളും വൃദ്ധരും പുത്രീപുത്രന്മാരും ഒരുമിച്ചാണ് പോകേണ്ടത്. ഞങ്ങളുടെ ആടുമാടുകളെയും കൊണ്ടുപോകണം. കാരണം, ഞങ്ങള്‍ പോകുന്നത് കര്‍ത്താവിന്റെ പൂജാമഹോത്സവം ആഘോഷിക്കാനാണ്.
10 : അപ്പോള്‍ അവന് പറഞ്ഞു: ഞാന്‍ നിങ്ങളോടൊപ്പം നിങ്ങളുടെ കുഞ്ഞുങ്ങളെയും വിട്ടയയ്ക്കുകയോ? കര്‍ത്താവു നിങ്ങളെ കാക്കട്ടെ! നിങ്ങളുടെ ഉള്ളില്‍ എന്തോ ദുരുദ്ദേശ്യമുണ്ട്.
11 : നിങ്ങളില്‍ പുരുഷന്മാര് മാത്രം പോയി കര്‍ത്താവിനെ ആരാധിച്ചാല്‍ മതി. അതാണല്ലോ നിങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. ഉടന്‍തന്നെ അവര്‍ ഫറവോയുടെ സന്നിധിയില്‍ നിന്നു ബഹിഷ്കൃതരായി.
12 : പിന്നീട്, കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നീ ഈജിപ്തിന്റെ മേല്‍ കൈ നീട്ടുക. കന്മഴയെ അതിജീവിച്ച എല്ലാ ചെടികളും തിന്നു നശിപ്പിക്കുന്നതിനു വെട്ടുകിളികള്‍ വരട്ടെ.
13 : മോശ തന്റെ വടി ഈജിപ്തിന്റെ മേല്‍ നീട്ടി. അന്നു പകലും രാത്രിയും മുഴുവന്‍ ആ നാടിന്റെ മേല്‍ കര്‍ത്താവ് കിഴക്കന്‍ കാററു വീശിച്ചു. പ്രഭാതമായപ്പോള്‍ കിഴക്കന്‍കാറ്റ് വെട്ടുകിളികളെ കൊണ്ടുവന്നു.
14 : വെട്ടുകിളികള്‍ ഈജിപ്തിനെയാകെ ആക്രമിച്ചു. അവ രാജ്യം മുഴുവന്‍ വ്യാപിച്ചു. ഇത്ര വിപുലമായ വെട്ടുകിളിക്കൂട്ടങ്ങള്‍ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല.
15 : അവ ദേശമാകെ മൂടിക്കളഞ്ഞതിനാല്‍ നിലം ഇരുണ്ടുപോയി. നാട്ടില്‍ കന്മഴയെ അതിജീവിച്ച ചെടികളും മരങ്ങളില്‍ ബാക്കി നിന്ന പഴങ്ങളും അവ തിന്നു തീര്‍ത്തു. ഈജിപ്തില്‍ മരങ്ങളിലും വയലിലെ ചെടികളിലും പച്ചയായി ഒന്നുംതന്നെ അവശേഷിച്ചില്ല.
16 : ഫറവോ തിടുക്കത്തില്‍ മോശയെയും അഹറോനെയും വിളിപ്പിച്ചു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിനും നിങ്ങള്‍ക്കുമെതിരായി ഞാന്‍ തെററു ചെയ്തുപോയി.
17 : ആകയാല്‍, ഇപ്രാവശ്യംകൂടി എന്നോടു ക്ഷമിക്കണം. മാരകമായ ഈ ബാധ എന്നില്‍നിന്ന് അകററുന്നതിനു നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ഥിക്കുവിന്‍.
18 : മോശ ഫറവോയുടെ അടുക്കല്‍ നിന്നു പോയി കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.
19 : കര്‍ത്താവു വളരെ ശക്തമായ പടിഞ്ഞാറന്‍ കാററു വീശിച്ചു. അതു വെട്ടുകിളികളെ തൂത്തുവാരി ചെങ്കടലിലെറിഞ്ഞു. അവയിലൊന്നുപോലും ഈജിപ്തിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ അവശേഷിച്ചില്ല.
20 : എങ്കിലും കര്‍ത്താവു ഫറവോയെ കഠിനചിത്തനാക്കുക മൂലം അവന് ഇസ്രായേല്‍ക്കാരെ വിട്ടയച്ചില്ല.
അന്ധകാരം വ്യാപിക്കുന്നു
21 : കര്‍ത്താവ് മോശയോടു പറഞ്ഞു: നിന്റെ കൈ ആകാശത്തേക്കു നീട്ടുക. ഈജിപ്തില്‍ ഇരുട്ടുണ്ടാകട്ടെ; തൊട്ടറിയാവുന്ന ഇരുട്ട്.
22 : മോശ ആകാശത്തിലേക്കു കൈ നീട്ടി. ഈജിപ്തു മുഴുവന്‍മൂന്നു ദിവസത്തേക്കു കൂരിരുട്ടു വ്യാപിച്ചു.
23 : അവര്‍ക്കു പരസ്പരം കാണാനോയഥേഷ്ടം നീങ്ങാനോ സാധിച്ചില്ല. എന്നാല്‍, ഇസ്രായേല്‍ക്കാരുടെ വാസസ്ഥലങ്ങളില്‍ വെളിച്ചമുണ്ടായിരുന്നു.
24 : അപ്പോള്‍ ഫറവോ മോശയെ വിളിച്ചു പറഞ്ഞു: പോയി നിങ്ങളുടെ കര്‍ത്താവിനെ ആരാധിച്ചുകൊള്ളുവിന്‍. ആടുമാടുകള്‍ മാത്രം ഇവിടെ നില്ക്കട്ടെ.
25 : കുട്ടികളും നിങ്ങളോടു കൂടെ പോരട്ടെ. അപ്പോള്‍ മോശ പറഞ്ഞു: ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു സമര്‍പ്പിക്കാനുള്ള ബലിവസ്തുക്കളും ഹോമദ്രവ്യങ്ങളും കൂടി നീ ഞങ്ങള്‍ക്കു തരണം.
26 : ഞങ്ങളുടെ കന്നുകാലികളും ഞങ്ങളോടുകൂടെ പോരണം. ഒന്നുപോലും ഇവിടെ ശേഷിക്കാന്‍ പാടില്ല. ഞങ്ങളുടെ ദൈവമായ കര്ത്താവിന് അവയില്‍നിന്ന് ബലിയര്‍പ്പിക്കേണ്ടിവന്നേക്കാം. കര്ത്താവിന് എന്താണു സമര്‍പ്പിക്കേണ്ടതെന്ന്, അവിടെ ചെന്നെത്തും വരെ ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ.
27 : കര്‍ത്താവ് ഫറവോയെ കഠിന ചിത്തനാക്കുകയാല്‍, അവന് അവരെ വിട്ടയച്ചില്ല.
28 : ഫറവോ മോശയോടു പറഞ്ഞു: എന്റെ കണ്മുന്പില് നിന്നു പോവുക. ഇനി എന്നെ കാണാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.
29 : എന്നെ കാണുന്ന ദിവസം നീ മരിക്കും. മോശ പറഞ്ഞു: നീ പറഞ്ഞതുപോലെയാകട്ടെ. ഞാന്‍ ഇനി നിന്നെ കാണുകയില്ല.
അദ്ധ്യായം 11
അവസാനത്തെ മഹാമാരി
1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഫറവോയുടെയും ഈജിപ്തിന്റെയുംമേല്‍ ഒരു മഹാമാരികൂടി അയയ്ക്കും. അപ്പോള്‍ അവന് നിങ്ങളെ പോകാന്‍ അനുവദിക്കും; അല്ല, നിങ്ങളെ ബഹിഷ്കരിക്കുകതന്നെചെയ്യും.
2 : ഓരോ പുരുഷനും തന്റെ അയല്‍ക്കാരനോടും ഓരോ സ്ത്രീയും തന്റെ അയല്‍ക്കാരിയോടും സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങള്‍ ചോദിച്ചു വാങ്ങണമെന്ന് നീ ജനത്തോടു പറയണം.
3 : ഈജിപ്തുകാര്‍ ഇസ്രായേല്‍ക്കാരെ ബഹുമാനിക്കാന്‍ കര്‍ത്താവ് ഇടയാക്കി. ഫറവോയുടെ സേവകരും ജനങ്ങളും മോശയെ ഈജിപ്തിലെ ഒരു മഹാപുരുഷനായി കരുതി.
4 : മോശ പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ അര്‍ധരാത്രിയില്‍ ഈജിപ്തിലൂടെ കടന്നുപോകും.
5 : സിംഹാസനത്തിലിരിക്കുന്ന ഫറവോ മുതല്‍ തിരികല്ലില്‍ ജോലിചെയ്യുന്ന ദാസിവരെയുള്ള എല്ലാ ഈജിപ്തുകാരുടെയും ആദ്യജാതന്‍മരിക്കും. കന്നുകാലികളുടെ കടിഞ്ഞൂലുകളും ചാകും.
6 : ഇതുവരെ കേട്ടിട്ടില്ലാത്തതും ഇനി കേള്‍ക്കാനിടയില്ലാത്തതുമായ ഒരു വലിയ നിലവിളി ഈജിപ്തില്‍ നിന്നുയരും.
7 : എന്നാല്‍, ഇസ്രായേല്‍ക്കാര്‍ക്കോ അവരുടെ മൃഗങ്ങള്‍ക്കോ എതിരേ ഒരു പട്ടിപോലും ശബ്ദിക്കയില്ല. ഈജിപ്തുകാര്‍ക്കും ഇസ്രായേല്‍ക്കാര്‍ക്കും തമ്മില്‍ കര്‍ത്താവു ഭേദം കല്പിക്കുന്നുവെന്ന് അങ്ങനെ നിങ്ങള്‍ മനസ്സിലാക്കും.
8 : അപ്പോള്‍ നിന്റെ ഈ സേവകരെല്ലാം എന്റെ മുന്പില് സാഷ്ടാംഗം പ്രണമിച്ച്, നീയും കൂടെയുള്ള ജനങ്ങളും പൊയ്ക്കൊള്ളുക എന്നുപറയും. അപ്പോള്‍ ഞാന്‍ പുറപ്പെടും. മോശ ഉഗ്രകോപത്തോടെ ഫറവോയുടെ മുന്‍പില്‍നിന്ന് ഇറങ്ങിപ്പോയി.
9 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഈജിപ്തില്‍ എന്റെ അദ്ഭുതങ്ങള്‍ വര്‍ധിക്കാനിടയാവും വിധം ഫറവോ നിങ്ങളുടെ വാക്ക് അവഗണിക്കും.
10 : മോശയും അഹറോനും ഫറവോയുടെ സന്നിധിയില്‍ ഈ അദ്ഭുതങ്ങളെല്ലാം പ്രവര്‍ത്തിച്ചു. എന്നാല്‍, കര്‍ത്താവു ഫറവോയുടെ ഹൃദയം കഠിനമാക്കിയതിനാല്‍ അവന് ഇസ്രായേല്‍ക്കാരെ തന്റെ രാജ്യത്തുനിന്നു വിട്ടയച്ചില്ല.
അദ്ധ്യായം 12
പെസഹാ ആചരിക്കുക
1 : കര്‍ത്താവ് ഈജിപ്തില്‍ വച്ചു മോശയോടും അഹറോനോടും അരുളിച്ചെയ്തു:
2 : ഈ മാസം നിങ്ങള്‍ക്കു വര്‍ഷത്തിന്റെ ആദ്യമാസമായിരിക്കണം.
3 : ഇസ്രായേല്‍ സമൂഹത്തോടു മുഴുവന്‍ പറയുവിന്‍: ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ കരുതിവയ്ക്കണം; ഒരു വീടിന് ഒരാട്ടിന്‍കുട്ടി വീതം.
4 : ഏതെങ്കിലും കുടുംബം ഒരാട്ടിന്‍കുട്ടിയെ മുഴുവന്‍ ഭക്ഷിക്കാന്‍മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണം നോക്കി അയല്‍ക്കുടുംബത്തെയും പങ്കുചേര്‍ക്കട്ടെ. ഭക്ഷിക്കാനുള്ള കഴിവു പരിഗണിച്ചുവേണം ഒരാടിനു വേണ്ട ആളുകളുടെ എണ്ണം നിശ്ചയിക്കാന്‍.
5 : കോലാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍നിന്നോ ആട്ടിന്‍കുട്ടിയെ തിരഞ്ഞെടുത്തുകൊള്ളുക: എന്നാല്‍, അത് ഒരു വയസ്സുള്ളതും ഊനമററതുമായ മുട്ടാട് ആയിരിക്കണം.
6 : ഈ മാസം പതിന്നാലാം ദിവസംവരെ അതിനെ സൂക്ഷിക്കണം. ഇസ്രായേല്‍ സമൂഹം മുഴുവന്‍ തങ്ങളുടെ ആട്ടിന്‍കുട്ടികളെ അന്നു സന്ധ്യയ്ക്കു കൊല്ലണം.
7 : അതിന്റെ രക്തത്തില്‍ നിന്നു കുറച്ചെടുത്ത് ആടിനെ ഭക്ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്റെ രണ്ടു കട്ടിളക്കാലുകളിലും മേല്പടിയിലും പുരട്ടണം.
8 : അവര്‍ അതിന്റെ മാംസം തീയില്‍ ചുട്ട് പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലകളും കൂട്ടി അന്നു രാത്രി ഭക്ഷിക്കണം.
9 : ചുട്ടല്ലാതെ പച്ചയായോ വെള്ളത്തില്‍ വേവിച്ചോ ഭക്ഷിക്കരുത്. അതിനെ മുഴുവനും, തലയും കാലും ഉള്‍ഭാഗവുമടക്കം ചുട്ട് ഭക്ഷിക്കണം.
10 : പ്രഭാതമാകുമ്പോള്‍ അതില്‍യാതൊന്നും അവശേഷിക്കരുത്. എന്തെങ്കിലും മിച്ചം വന്നാല്‍ തീയില്‍ ദഹിപ്പിക്കണം.
11 : ഇപ്രകാരമാണ് അതു ഭക്ഷിക്കേണ്ടത്: അരമുറുക്കി ചെരുപ്പുകളണിഞ്ഞ് വടികൈയിലേന്തി തിടുക്കത്തില്‍ ഭക്ഷിക്കണം. കാരണം, അതു കര്‍ത്താവിന്റെ പെസഹായാണ്.
12 : ആ രാത്രി ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാന്‍ സംഹരിക്കും. ഈജിപ്തിലെ ദേവന്മാര്ക്കെല്ലാം എതിരായി ഞാന്‍ ശിക്ഷാവിധി നടത്തും. ഞാനാണ് കര്‍ത്താവ്.
13 : കട്ടിളയിലുള്ള രക്തം നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്റെ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ ഈജിപ്തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്ഷ നിങ്ങളെ ബാധിക്കുകയില്ല.
14 : ഈ ദിവസം നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും കര്‍ത്താവിന്റെ തിരുനാളായി നിങ്ങള്‍ ആചരിക്കണം. ഇതു നിങ്ങള്‍ക്ക് എന്നേക്കും ഒരു കല്പനയായിരിക്കും.
പുളിപ്പില്ലാത്ത അപ്പം
15 : നിങ്ങള്‍ ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസംതന്നെ നിങ്ങളുടെ വീടുകളില്‍ നിന്ന് പുളിമാവു നീക്കം ചെയ്യണം. ഒന്നുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ ആരെങ്കിലും പുളിച്ച അപ്പം ഭക്ഷിച്ചാല്‍ അവന് ഇസ്രായേലില്‍ നിന്നു വിച്ഛേദിക്കപ്പെടണം.
16 : ഒന്നാം ദിവസവും ഏഴാംദിവസവും നിങ്ങള്‍ വിശുദ്ധ സമ്മേളനം വിളിച്ചുകൂട്ടണം. ആദിവസങ്ങളില്‍ വേല ചെയ്യരുത്. എന്നാല്‍, ഭക്ഷിക്കാനുള്ളതു പാകം ചെയ്യാം.
17 : പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ നിങ്ങള്‍ ആചരിക്കണം. കാരണം, ഈ ദിവസമാണ് ഞാന്‍ നിങ്ങളുടെ വ്യൂഹങ്ങളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നത്. നിങ്ങള്‍ തലമുറതോറും ഈ ദിവസം ആചരിക്കണം. ഇത് എന്നേക്കുമുള്ള കല്പനയാണ്.
18 : ആദ്യ മാസത്തിലെ പതിനാലാം ദിവസം സന്ധ്യ മുതല്‍ ഇരുപത്തൊന്നാം ദിവസം സന്ധ്യവരെ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
19 : നിങ്ങളുടെ വീടുകളില്‍ ഏഴു ദിവസത്തേക്കു പുളിമാവു കാണരുത്. ആരെങ്കിലും പുളിപ്പുള്ള അപ്പം ഭക്ഷിച്ചാല്‍ അവന് , വിദേശിയോ സ്വദേശിയോ ആകട്ടെ, ഇസ്രായേല്‍ സമൂഹത്തില്‍ നിന്നു വിച്ഛേദിക്കപ്പെടണം.
20 : പുളിപ്പിച്ചയാതൊന്നും നിങ്ങള്‍ ഭക്ഷിക്കരുത്. നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം പുളിപ്പില്ലാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ.
ആദ്യത്തെ പെസഹാ
21 : മോശ ഇസ്രായേല്‍ ശ്രേഷ്ഠന്മാരെ വിളിച്ചു പറഞ്ഞു: കുടുംബങ്ങളുടെ കണക്കനുസരിച്ച് നിങ്ങള്‍ പെസഹാ - ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്തു കൊല്ലുവിന്‍.
22 : പാത്രത്തിലുള്ള രക്തത്തില്‍ ഹിസ്സോപ്പുകമ്പു മുക്കി രണ്ടു കട്ടിളക്കാലുകളിലും മേല്പടിയിലും തളിക്കുവിന്‍. പ്രഭാതമാകുന്നതുവരെ ആരും വീട്ടിനു പുറത്തു പോകരുത്.
23 : എന്തെന്നാല്‍, ഈജിപ്തുകാരെ സംഹരിക്കുന്നതിനുവേണ്ടി കര്‍ത്താവു കടന്നുപോകും. എന്നാല്‍, നിങ്ങളുടെ മേല്പടിയിലും രണ്ടു കട്ടിളക്കാലുകളിലും രക്തം കാണുമ്പോള്‍ കര്‍ത്താവു നിങ്ങളുടെ വാതില്‍ പിന്നിട്ടു കടന്നുപോകും; സംഹാരദൂതന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിച്ചു നിങ്ങളെ വധിക്കാന്‍ അവിടുന്ന് അനുവദിക്കുകയില്ല.
24 : ഇതു നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്പനയായി ആചരിക്കണം.
25 : കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന സ്ഥലത്ത് ചെന്നു ചേര്‍ന്നതിനു ശേഷവും ഈ കര്‍മം ആചരിക്കണം.
26 : ഇതിന്റെ അര്‍ഥമെന്താണെന്നു നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം:
27 : ഇത് കര്‍ത്താവിനര്‍പ്പിക്കുന്ന പെസഹാബലിയാണ്. അവിടുന്ന് ഈജിപ്തിലുണ്ടായിരുന്ന ഇസ്രായേല്‍ക്കാരുടെ ഭവനങ്ങള്‍ കടന്നുപോയി, ഈജിപ്തുകാരെ സംഹരിച്ചപ്പോള്‍ അവിടുന്ന് ഇസ്രായേല്‍ക്കാരെ രക്ഷിച്ചു. അപ്പോള്‍ ജനം കുമ്പിട്ട് ദൈവത്തെ ആരാധിച്ചു.
28 : അനന്തരം ഇസ്രായേല്‍ക്കാര്‍ അവിടം വിട്ടുപോയി. കര്‍ത്താവു മോശയോടും അഹറോനോടും കല്പിച്ചതു പോലെ ജനം പ്രവര്‍ത്തിച്ചു.
ആദ്യജാതര്‍ വധിക്കപ്പെടുന്നു
29 : സിംഹാസനത്തിലിരുന്ന ഫറവോമുതല്‍ കാരാഗൃഹത്തില്‍ കഴിഞ്ഞിരുന്ന തടവുകാരന് വരെ ഈജിപ്തിലുണ്ടായിരുന്ന എല്ലാവരുടെയും ആദ്യജാതരെ അര്‍ധരാത്രിയില്‍ കര്‍ത്താവു സംഹരിച്ചു. കന്നുകാലികളുടെ കടിഞ്ഞൂലുകളും കൊല്ലപ്പെട്ടു.
30 : ഫറവോയും അവന്റെ സേവകരും ഈജിപ്തുകാര്‍ മുഴുവനും രാത്രിയില്‍ ഉണര്‍ന്നു; ഈജിപ്തില്‍ നിന്നു വലിയ നിലവിളി ഉയര്‍ന്നു. കാരണം, ഒരാളെങ്കിലും മരിക്കാത്തതായി ഒരു വീടും അവിടെ ഉണ്ടായിരുന്നില്ല.
31 : ഫറവോ രാത്രിയില്‍തന്നെ മോശയെയും അഹറോനെയും വിളിച്ചുപറഞ്ഞു: നിങ്ങള്‍ എന്റെ ജനത്തിന്റെ ഇടയില്‍ നിന്നു പോകുവിന്‍. നിങ്ങളും ഇസ്രായേല്‍ക്കാര്‍ മുഴുവനും നിങ്ങള്‍ പറഞ്ഞതുപോലെ പോയി കര്‍ത്താവിനെ ആരാധിക്കുവിന്‍.
32 : നിങ്ങള്‍ ആവശ്യപ്പെട്ടതുപോലെ നിങ്ങളുടെ ആടുമാടുകളെയും കൊണ്ടുപോകുവിന്‍; എന്നെ അനുഗ്രഹിക്കുകയും ചെയ്യുവിന്‍.
33 : കഴിവതും വേഗം രാജ്യത്തിനു പുറത്തു കടക്കാന്‍ ഈജിപ്തുകാര്‍ ജനത്തെനിര്‍ബന്ധിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്.
34 : കുഴച്ചമാവു പുളിപ്പിക്കുന്നതിനു മുന്‍പുതന്നെ പാത്രത്തോടെ എടുത്തു ജനം തങ്ങളുടെ തോള്‍മുണ്ടില്‍ പൊതിഞ്ഞു.
35 : മോശ പറഞ്ഞതുപോലെ ഇസ്രായേല്‍ക്കാര്‍ പ്രവര്‍ത്തിച്ചു. അവര്‍ ഈജിപ്തുകാരോടു പൊന്നും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.
36 : കര്‍ത്താവ് ഈജിപ്തുകാര്‍ക്ക് ഇസ്രായേല്‍ക്കാരോട് ആദരം തോന്നിച്ചതിനാല്‍ അവര്‍ ചോദിച്ചതൊക്കെ ഈജിപ്തുകാര്‍ കൊടുത്തു. അങ്ങനെ അവര്‍ ഈജിപ്തുകാരെ കൊള്ളയടിച്ചു.
ഇസ്രായേല്‍ക്കാര്‍ പുറപ്പെടുന്നു
37 : ഇസ്രായേല്‍ക്കാര്‍ റമ്സേസില്‍ നിന്നു സുക്കോത്തിലേക്കു കാല്‍നടയായിയാത്ര തിരിച്ചു. അവര്‍ സ്ത്രീകളെയും കുട്ടികളെയും കൂടാതെ ഏകദേശം ആറു ലക്ഷം പുരുഷന്മാരുണ്ടായിരുന്നു.
38 : ഇതരവിഭാഗത്തില്‍പ്പെട്ട വലിയൊരു ജനസമൂഹവും അവരോടൊപ്പം പുറപ്പെട്ടു. വളരെ ആടുകളും കന്നുകാലികളും അവരോടുകൂടെ ഉണ്ടായിരുന്നു.
39 : ഈജിപ്തില്‍നിന്നു കൊണ്ടുപോന്ന മാവു പുളിപ്പിക്കാത്തതായിരുന്നതിനാല്‍ , അവര്‍ പുളിപ്പില്ലാത്ത അപ്പം ചുട്ടു. തിടുക്കത്തില്‍ പുറത്താക്കപ്പെട്ടതിനാല്‍ യാത്രയ്ക്കായി ആഹാരമൊരുക്കാന്‍ അവര്‍ക്കു സമയം ലഭിച്ചില്ല.
40 : ഇസ്രായേല്‍ക്കാരുടെ ഈജിപ്തിലെ വാസകാലം നാനൂററിമുപ്പതു വര്‍ഷമായിരുന്നു.
41 : നാനൂററിമുപ്പതു വത്സരം പൂര്‍ത്തിയായ അന്നുതന്നെ കര്‍ത്താവിന്റെ ജനസമൂഹം മുഴുവന്‍ ഈജിപ്തില്‍ നിന്നു പുറപ്പെട്ടു.
42 : അവരെ ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ വേണ്ടി കര്‍ത്താവു ജാഗ്രത്തായി വര്‍ത്തിച്ച രാത്രിയാണത്. അക്കാരണത്താല്‍, തലമുറതോറും ഇസ്രായേല്‍ക്കാര്‍ ഉറക്കമിളച്ചിരുന്ന്, ആ രാത്രി കര്‍ത്താവിന്റെ ബഹുമാനാര്‍ഥം ആചരിക്കണം.
പെസഹാ ആചരിക്കേണ്ട വിധം
43 : കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു: പെസഹാ ആചരിക്കേണ്ട ചട്ടം ഇതാണ് പരദേശിയായ ഒരുവനും പെസഹാ ഭക്ഷിക്കരുത്.
44 : എന്നാല്‍, വിലയ്ക്കു വാങ്ങപ്പെട്ട അടിമ പരിച്ഛേദിതനെങ്കില്‍ അവന് ഭക്ഷിക്കാം.
45 : പരദേശിയും കൂലിക്കാരനും അതു ഭക്ഷിക്കരുത്.
46 : പാകം ചെയ്ത വീട്ടില്‍ വച്ചുതന്നെ പെസഹാ ഭക്ഷിക്കണം. മാംസത്തില്‍ നിന്ന് അല്പം പോലും പുറത്തുകൊണ്ടു പോകരുത്. ആടിന്റെ അസ്ഥിയൊന്നും ഒടിക്കുകയുമരുത്.
47 : ഇസ്രായേല്‍ സമൂഹം മുഴുവന്‍ ഇത് ആചരിക്കണം.
48 : നിങ്ങളുടെയിടയില്‍ പാര്‍ക്കുന്ന പരദേശി കര്‍ത്താവിന്റെ പെസഹാ ആചരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്റെ വീട്ടിലുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദനം സ്വീകരിക്കണം. അതിനുശേഷം പെസഹാ ആചരിക്കാം; അപ്പോള്‍ അവന് സ്വദേശിയെപ്പോലെയാണ്. അപരിച്ഛേദിതരാരും പെസഹാ ഭക്ഷിക്കരുത്.
49 : സ്വദേശിക്കും നിങ്ങളുടെയിടയില്‍ പാര്‍ക്കുന്ന പരദേശിക്കും ഒരു നിയമമേ ഉണ്ടാകാവൂ.
50 : ഇസ്രായേല്‍ക്കാര്‍ എല്ലാവരും അപ്രകാരം പ്രവര്‍ത്തിച്ചു. കര്‍ത്താവു മോശയോടും അഹറോനോടും പറഞ്ഞതുപോലെ അവര്‍ ചെയ്തു.
51 : ആദിവസംതന്നെ കര്‍ത്താവ് ഇസ്രായേല്‍ ജനത്തെ നിരനിരയായി ഈജിപ്തില്‍ നിന്നു പുറത്തേക്കു കൊണ്ടുവന്നു.
0 comments:
Post a Comment